കടല്‍ കടക്കുന്നയുവാക്കളും, പ്രേതഭവനങ്ങളും

കേരളം ഒരു സാംസ്‌കാരികമായ രൂപാന്തരത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഉപയോഗിക്കാതെ അടഞ്ഞുകിടക്കുന്ന വീടുകള്‍ കേരളത്തില്‍ ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത കേരളത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കണക്കുപ്രകാരം കേരളത്തില്‍ ഏതാണ്ട് 1.19 മില്യണ്‍ വീടുകള്‍ (11%) അനാഥമായി കിടക്കുകയാണ്. ദേശീയശരാശരി 7.45% മാത്രമാണെന്ന കാര്യം അറിയുമ്പോഴാണ് കേരളത്തിന്റെ അവസ്ഥ എത്രമാത്രം ഭീകരമാണ് എന്ന് വ്യക്തമാകുന്നത്.
കേരളത്തിലെ വീടുകളില്‍ യുവാക്കളെ കാണാനില്ല. പഠിക്കാനായോ തൊഴിലിനായോ വിദേശത്തേക്ക് പോകുന്ന യുവാക്കളില്‍ ഏറെയും അവിടെത്തന്നെ സ്ഥിരതാമസമാക്കുമ്പോള്‍ അച്ഛനും അമ്മയ്ക്കുമായി നാട്ടില്‍ കൊട്ടാരസമാനമായ വീടുകള്‍ പണിതുയര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ അവയില്‍ പലതും ഇന്ന് ഒഴിഞ്ഞുകിടക്കുന്നതായി പഠനങ്ങള്‍ വരുമ്പോള്‍ മലയാളിയുടെ മാറുന്ന സാമൂഹിക സംസ്‌കാരത്തിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല, കുറുവാസംഘം കേരളത്തില്‍ വിലസുമ്പോള്‍, എന്തുകൊണ്ടാണ് അത്തരം സംഘങ്ങള്‍ക്ക് കേരളം പ്രിയപ്പെട്ട ഇടമായിമാറുന്നത്? അവരുടെ ജോലി ആയാസരഹിതമായി നടപ്പാക്കാന്‍ കേരളം ആണ് നല്ലതെന്ന് കരുതുന്നത് എന്തുകൊണ്ടാണ്?

കേരളത്തിന്റെ മുഖം സാമൂഹികമായും, സാംസ്‌കാരികമായും മാറികൊണ്ടിരിക്കുമ്പോള്‍ അതിനുപിന്നിലെ കാരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യേണ്ടതുണ്ട്. മുമ്പെങ്ങും ഇത്തരം കൊള്ളസംഘങ്ങള്‍ക്ക് പ്രിയമായ ഇടമായിരുന്നില്ല കേരളം. കാരണം കൂട്ടുകുടുംബങ്ങളായി താമസിച്ചിരുന്ന, നാട്ടില്‍പരസ്പരം എന്നും ബന്ധപ്പെട്ടുകൊണ്ട്, മതിലുകളില്ലാത്ത ഇടങ്ങളില്‍ താമസിച്ചിരുന്നവരുടെ ഇടയിലേക്ക് ഒരു കവര്‍ച്ചാസംഘത്തിന് എത്തിച്ചേരുക എന്നത് അത്ര സുഗമമായ കാര്യമായിരുന്നില്ല. ഉയരുന്ന മതിലുകള്‍ കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങള്‍ ആവുകയും, മതിലുകള്‍ ഉയരുകയും ചെയ്തതോടെ മനുഷ്യര്‍ ഓരോരോ തുരുത്തുകളിലായിത്തീര്‍ന്നു. അങ്ങനെ അത്തരം മനുഷ്യരെകൊള്ളയടിക്കാനും വകവരുത്താനും കൊള്ളസംഘങ്ങള്‍ വരാനും തുടങ്ങി. ഇന്ന് കേരളത്തില്‍ യുവാക്കളുടെ എണ്ണം വല്ലാതെ കുറഞ്ഞിരിക്കുന്നു. വീടുകളിലാവട്ടെ മുതിര്‍ന്നവര്‍ മാത്രമായി മാറിയിരിക്കുന്നു.
വിദേശത്തുനിന്നും മക്കള്‍ അയച്ചുനല്‍കുന്ന ഭീമമായ തുക ഉപയോഗിച്ച് അവര്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുകയുമാണ് ചെയ്യുന്നത്. അവര്‍ക്കവിടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ബന്ധങ്ങളുടെ നനുത്ത ഇഴയടുപ്പങ്ങള്‍ ആണ്. ആ വിഷയത്തെ അഭിസംബോധന ചെയ്യുന്നതിനുമുമ്പ് കേരളത്തില്‍ അടുത്തിടെ ഏറെ പ്രകടമായിക്കൊണ്ടിരിക്കുന്ന അനാഥമായികിടക്കുന്ന വീടുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കേരളം ഒരു സാംസ്‌കാരികമായ രൂപാന്തരത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകമായ ഒരു പ്രായപരിധിയിലുള്ള ആള്‍ക്കാരില്‍ മാത്രമായി അത് ഒതുങ്ങുന്നില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ ഇതിന്റെ മാറ്റങ്ങള്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. ഇത് ആഗോളപരമായ ഒരു പ്രതിഭാസമാണെങ്കിലും കേരളത്തെ എടുത്തുപറയാന്‍ കാരണം കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായ പ്രകടമായ ചില മാറ്റങ്ങളാണ്. ഉപയോഗിക്കാതെ അടഞ്ഞുകിടക്കുന്ന വീടുകള്‍ കേരളത്തില്‍ ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത കേരളത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്

അടഞ്ഞുകിടക്കുന്ന
വീടുകള്‍
2020 ല്‍ പതിനഞ്ചുലക്ഷത്തോളം അടഞ്ഞുകിടക്കുന്ന വീടുകള്‍ ഉണ്ടെന്നും അതിനുശേഷം ഓരോ വര്‍ഷങ്ങള്‍ കഴിയുന്തോറും ഒരു ലക്ഷത്തിലധികം വീടുകള്‍ ആ ജനുസ്സിലേക്ക് ചേര്‍ത്തുവെക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവയിലധികം വലിയ വീടുകള്‍ ആണെന്നതാണ് രസകരമായ കാര്യം. തിരുവനന്തപുരം തീരദേശപ്രദേശങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ അവിടെയായി നിരനിരയായി വലിയ വീടുകള്‍ കാണാം അവയില്‍ പലതിലും താമസക്കാരില്ല. അതുകൊണ്ടുതന്നെ അവ അടഞ്ഞുകിടക്കുകയും പരിസരങ്ങള്‍ വൃത്തികേടായി ഒരു പ്രേതഭവനത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ചില വീടുകള്‍ ആവട്ടെ ചില ജോലിക്കാരെ വച്ചുകൊണ്ട് ദിവസത്തിലോ ആഴ്ചയിലോ പരിസരം വൃത്തിയാക്കിക്കൊണ്ട് വീടുകള്‍ സംരക്ഷിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്നും, ജീവിക്കുവാന്‍ ഏറ്റവും നല്ല സ്ഥലമെന്നുമൊക്കെ കേരളത്തെ വിശേഷിക്കുമ്പോള്‍ ഇങ്ങനെ ഒരു വിരോധാഭാസം എന്തുകൊണ്ടാണ്?

കടലുകടക്കുന്ന
യുവത്വം
അതിന്റെ കാര്യകാരണത്തിലേക്കു കടക്കുമ്പോള്‍ ഒന്നിലേറെ കാരണങ്ങള്‍ അതിനെ സ്വാധീനിക്കുന്നുണ്ട് എന്ന് മനസിലാക്കുവാന്‍ കഴിയും. അതിലൊന്ന് നാട്ടിലെ യുവാക്കള്‍ പഠനത്തിനായും തൊഴിലിനായും കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോള്‍ നാട്ടില്‍ ഒറ്റയ്ക്കാകുന്ന രക്ഷകര്‍ത്താക്കള്‍, വലിയവീടുകളില്‍ താമസിക്കാന്‍ വിമുഖത കാട്ടുമ്പോള്‍ വലിയ വീടുകള്‍ അന്യമാവുന്നു. മറ്റൊരു കാരണം വിദേശത്തുനിന്ന് സമ്പാദിക്കുന്ന പണം ഉപയോഗിച്ച് നാട്ടില്‍ വീട് നിര്‍മ്മിക്കുകയും വല്ലപ്പോഴും മാത്രം നാട്ടില്‍ ലീവിന് വരുമ്പോള്‍ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. ഇതിനൊപ്പമാണ് പഴയ വീടുകള്‍ കാലക്രമേണയുള്ള പഴക്കം മൂലം അറ്റകുറ്റപ്പണികള്‍ നടത്താതെ അവര്‍തന്നെ മറ്റുവീടുകള്‍ വാങ്ങുകയോ, വാടകയ്ക്കോ താമസിക്കുകയോ ചെയ്യുന്ന രീതി. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ കാല്‍പ്പനികമായി പ്രേതഭവനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു.
കുടുംബസ്വത്തുക്കള്‍ ഭാഗിക്കുമ്പോള്‍
കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്കുള്ള മാറ്റവും ഇതിന് കാരണമായിട്ടുണ്ടെന്ന് പറഞ്ഞല്ലോ. ഓരോ വീടുകളിലും ഉള്ള കുട്ടികള്‍ മുതിര്‍ന്ന് ജോലിനേടി കല്യാണം കഴിക്കുമ്പോള്‍ അവര്‍ താമസിച്ചിരുന്ന ഭൂമിതന്നെ പലതായി മുറിച്ചു ഓരോരുത്തര്‍ക്കും ഓരോ വീട് എന്നനിലയില്‍ പണിയുകയാണ് ഇന്നത്തെ രീതി. എന്നാല്‍ അവരുടെ തൊഴിലിടം ആ നാട്ടില്‍ തന്നെ ആവണമെന്നില്ല. തൊഴിലെടുക്കുന്ന ഇടങ്ങളിലേക്ക് അവര്‍ കുടുംബമായി മാറുകയും, അവിടെ വാടകവീടുകളിലോ അല്ലെങ്കില്‍ സ്ഥലം വാങ്ങി അവിടെയും വീടുവെക്കുകയും ചെയ്യുന്നു. കുടുംബത്തിലുള്ള ആ വീടാകട്ടെ ആരും താമസിക്കാതെ രക്ഷകര്‍ത്താക്കളുടെ മേല്‍നോട്ടത്തില്‍ അവിടെ ഉപയോഗിക്കാതെ അവശേഷിക്കുകയും ചെയ്യുന്നു. സ്വന്തമായ ഒരു വീട് എന്നത് സമൂഹത്തില്‍ ഓരോരുത്തരുടെയും സ്റ്റാറ്റസിന്റെ അടയാളമായി മാറുമ്പോള്‍ അത് അങ്ങേയറ്റം ആര്‍ഭാടമായി തരത്തില്‍ നിര്‍മ്മിക്കുക എന്നതും അവരുടെ ലക്ഷ്യമായി മാറുന്നു.
മൂന്നോ നാലോ ആള്‍ക്കാര്‍ ഉള്ള കുടുംബമാണെങ്കില്‍ തന്നെയും അതിനേക്കാളേറെ എണ്ണം മുറികളുമായി നിര്‍മ്മിക്കപ്പെടുന്ന വീട് അവര്‍ നാട്ടില്‍ നിന്നും പോകുന്നതോടെ അനാഥമാകുന്നു. പിന്നീട് അവരുടെ വിരമിക്കല്‍ കഴിഞ്ഞോ, വര്‍ധക്യത്തിലേക്കു കടക്കുമ്പോഴോ മാത്രമാവും അവര്‍ തിരികെ അവിടങ്ങളില്‍ താമസിക്കാനായി തിരികെ എത്തുന്നത്. അതുവരെ ഭാര്‍ഗ്ഗവീനിലയം പോലെ ആ വീടുകള്‍ അവശേഷിക്കുന്നു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കണക്കുപ്രകാരം കേരളത്തില്‍ ഏതാണ്ട് 1.19 മില്യണ്‍ വീടുകള്‍ (11%) അനാഥമായി കിടക്കുകയാണ്.
ദേശീയശരാശരി 7.45% മാത്രമാണെന്ന കാര്യം അറിയുമ്പോഴാണ് കേരളത്തിന്റെ അവസ്ഥ എത്രമാത്രം ഭീകരമാണ് എന്ന് വ്യക്തമാകുന്നത്.

നാട്ടില്‍ ഇന്ന് യുവാക്കളെ കാണാനില്ല. നമ്മുടെ അടുത്തുള്ള ഓരോ വീടുകളും എടുത്തുനോക്കുക. മൂന്നോ നാലോ വീടുകള്‍ എടുത്താല്‍ അതില്‍ ഒരു വീട്ടില്‍ നിന്നെങ്കിലും ഏതെങ്കിലുമൊരു ആള്‍ വിദേശത്തോ, മറ്റു സംസ്ഥാനങ്ങളിലോ ആവും പഠനമോ ജോലിയോ ചെയ്യുന്നത്. കഴിഞ്ഞ അഞ്ചോ പത്തോ വര്‍ഷത്തില്‍ ഉണ്ടായ വലിയ മാറ്റമായി ഇതിനെ കാണാം. നമ്മുടെ നാട്ടില്‍ തൊഴില്‍സാധ്യത കുറഞ്ഞതോ, പഠനസൗകര്യത്തിനൊപ്പം പാര്‍ട്ട്‌ടൈം ജോലികള്‍ കൂടി വിദേശസര്‍വ്വകലാശാലയില്‍ ചെയ്യാനുള്ള അവസരവുമൊക്കെ കുട്ടികളെ അവിടേയ്ക്ക് കൂടുതലായി ആകര്‍ഷിച്ചു. വിദേശത്തേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളുടെ എണ്ണം കുത്തനെ കൂടിയത് ഇതിനുള്ള തെളിവാണ്. കൂടാതെ നമ്മുടെ നാട്ടിലെ കോളേജുകളില്‍ ബിരുദത്തിനും, ബിരുദാനന്തരബിരുദത്തിനുമായി പഠിക്കാനെത്തുന്ന കുട്ടികളുടെ കുറവും, ഐ.ഇ.എല്‍.ടി.എസ് പോലെയുള്ള പരീക്ഷകളും കോച്ചിങ്ങും നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണം കൂടിയതുമൊക്കെ ഇതിന്റ തെളിവാണ്. മക്കള്‍ വിദേശത്തു പഠിക്കുന്നുവെന്നും, തൊഴിലെടുക്കുന്നുവെന്നും പറയുന്നത് രക്ഷകര്‍ത്താക്കളുടെ പുതിയ സ്റ്റാറ്റസ് ലെവല്‍ ആയി മാറുമ്പോള്‍ മറുവശത്തു വീടുകളില്‍ വൃദ്ധര്‍ മാത്രമായി മാറുകയാണ്.

സാമൂഹിക
മാനങ്ങള്‍
ഈ വിഷയത്തിന് ചില സാമൂഹിക മാനങ്ങളുമുണ്ട്. വിദേശങ്ങളിലേക്ക് പറക്കുകയും, ജോലിചെയ്തു ഉണ്ടാക്കുന്ന വലിയൊരുശതമാനം വീടുണ്ടാക്കുവാന്‍ ഉപയോഗിക്കുകയും നാടുമായും ബന്ധുക്കളുമായും യാതൊരു ആത്മബന്ധം ഉണ്ടാവാതെ വരികയും വഴി പിന്നീട് നാട്ടില്‍ ജീവിക്കേണ്ടിവരുന്ന കുട്ടികളില്‍ മാനസികസമ്മര്‍ദ്ദം മൂലം ആത്മഹത്യാ പ്രവണത ഇരുന്നതായി പഠനങ്ങള്‍ ഉണ്ട്. ദേശീയ ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയുടെ 2021 ലെ കണക്കുപ്രകാരം ദേശീയ ആത്മഹത്യാ റേറ്റ് ഒരുലക്ഷം ആളുകളില്‍ 6.2 ആണെങ്കില്‍ കേരളത്തില്‍ അത് ഒരുലക്ഷം ആള്‍ക്കാരില്‍ 26.9 പേരാണ്. ഭാര്യയുടെ പ്രസവസമയത്തെ പരിചരണത്തിനും, കുഞ്ഞുമക്കളെ വീട്ടില്‍ നോക്കുവാനുമായി രക്ഷകര്‍ത്താക്കളെ വിദേശത്തേക്ക് കൊണ്ടുപോകുന്ന രീതിയും ഇവിടെയുണ്ട്. ഈ അവസരത്തില്‍ മറ്റേതെങ്കിലും ബന്ധുക്കളെയോ ജോലികരെയോ വീട് നോക്കാന്‍ ഏല്‍പ്പിച്ചിട്ടാണ് അവര്‍ വിദേശത്തേക്ക് പോകുന്നത്. കേരളത്തിലെ പുതിയ ഭൂമിയമം അനുസരിച്ചു അത്തരത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന വീടുകള്‍ക്കും നികുതി നല്‍കണമെന്നത് ഇതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയേക്കാം.
9946199199