പടിയിറങ്ങില്ല,ഓച്ചിറ പരബ്രഹ്മഭൂമിയിൽ നിന്നും

ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ആൽമരക്കൊമ്പിൽ ജ്വലിച്ച് നിന്ന അസ്തമയ സൂര്യനെ സാക്ഷിനിർത്തി ആയിരക്കണക്കിന് വരുന്ന ശ്രീനാരായണീയർ ഒറ്റ സ്വരത്തിൽ പറഞ്ഞു- ‘പ്രാണനുള്ള കാലത്തോളം ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ നിന്നും ഈഴവൻ പടിയിറങ്ങില്ല

അനാദികാലമായി അനേക തലമുറകളുടെ പാദമുദ്രകൾ കൊണ്ട് പവിത്രീകരിക്കപ്പെട്ട ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പടനിലം അയിത്ത ഭൂമിയാക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. നൂറ്റാണ്ടുകളായി കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര പ്രദേശങ്ങൾ ഉൾപ്പെട്ട ഓണാട്ടുകരയിലെ അധ:സ്ഥിത വിഭാഗത്തിന്റെ ജീവിത സംസ്‌കാരവുമായി അസാധാരണമായി ഇഴചേർന്നു കിടക്കുന്ന പരബ്രഹ്മ ക്ഷേത്രത്തിൽ അതി ജാതീയതയെ പുനരവതരിപ്പിച്ച് പിന്നോക്ക വിഭാഗത്തെ പടിക്ക് പുറത്താക്കാനുള്ള ഇപ്പോഴത്തേ പുതിയ നീക്കം പെട്ടെന്നൊരു ദിവസം കൊണ്ടുണ്ടായ തീരുമാനമല്ലെന്നത് വസ്തുനിഷ്ഠാപരമായ യാഥാർത്ഥ്യമാണ്.

അബ്രാഹ്മണ്യ ശീലങ്ങൾ
തകർക്കുക ലക്ഷ്യം

പ്രതിദിനം പതിനായിരക്കണക്കിന് ഭക്തജനങ്ങൾ അഭയം തേടിയെത്തുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രം ക്ഷേത്രമില്ലാതെ തന്നെ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ മഹാക്ഷേത്രമാണ്. താന്ത്രിക വിധി പ്രകാരം നിർമ്മിച്ച ക്ഷേത്രങ്ങളോ, തന്ത്രിയോ, ശാന്തിക്കാരനോ, മന്ത്രോച്ചാരണങ്ങളോ ഇല്ലാതിരുന്നിട്ടും ഓച്ചിറയിലേക്കുള്ള ഭക്തജനപ്രവാഹത്തെ, ആത്മീയ മേഖലയിൽ നിലവിലുള്ള ബ്രാഹ്മണ്യാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയായാണ് സവർണ്ണ സമൂഹം പതിറ്റാണ്ടുകളായി കാണുന്നത്. പ്രപഞ്ച സ്വരൂപനും പ്രപഞ്ചവ്യാപിയുമായ പരബ്രഹ്മത്തെ അരൂപിയായി തന്നെ സങ്കൽപ്പിച്ച് മഹാവൃക്ഷച്ചുവട്ടിൽ പ്രകൃതി ആരാധന നടത്തുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ നിലവിലുള്ള സർവ്വ സ്വീകാര്യമായ രീതി ഇത്തരത്തിൽ തന്നെ നിലനിൽക്കുന്നതും ഏതെങ്കിലും തരത്തിൽ പ്രചരിക്കുന്നതും ബ്രാഹ്മണ്യ ക്ഷേത്ര സമ്പ്രദായങ്ങളുടെ നിലനിൽപ്പിന് ശക്തമായ ഭീഷണിയാണ്. ഇവിടെ നിലനിൽക്കുന്ന അബ്രാഹ്മണ്യവും അനുകരണീയവും, അത്ര തന്നെ ശുദ്ധവുമായ ശീലങ്ങളിൽ മേൽക്കോയ്മയുടെ വിഷം ചേർക്കുവാൻ ഇവിടുത്തെ അധികാര സ്ഥാനങ്ങളിൽ നിന്നും താൽക്കാലികമായെങ്കിലും കീഴ് ജാതിക്കാരെ പുറത്ത് നിർത്തേണ്ടി വരുമെന്ന കൃത്യമായ കണക്കുകൂട്ടലിൽ ഉണ്ടാക്കിയ തിരക്കഥയാണ് ഓച്ചിറയിൽ ഇപ്പോൾ പ്രാവർത്തികമാക്കി തുടങ്ങിയിരിക്കുന്നത്.

കാണിക്കപ്പണം
കൊള്ളയടിക്കാൻ എത്തിയവർ

ദൈവിക ആരാധനാ കേന്ദ്രങ്ങളിൽ തന്റെ ശേഷിക്ക് അനുസരിച്ച് കാണിക്ക സമർപ്പിക്കുക എന്ന ഈഴവന്റെ നൈസർഗ്ഗിക ബലഹീനത തന്നെയാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ മേലാളന്മാരെ ക്ഷണിച്ചു വരുത്തിയത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എതാണ്ട് 1935 കാലഘട്ടത്തിൽ അന്ന് മുഖ്യ ആരാധനാ സ്ഥലങ്ങളായിരുന്ന കിഴക്ക് പടിഞ്ഞാറ് ആൽത്തറകളിലെ വരുമാനം ലക്ഷ്യമിട്ട് മുന്നോക്കവിഭാഗക്കാരുടെരണ്ട് കമ്മിറ്റികൾ നിലവിൽ വരികയും അവർ കാണിക്കവരുമാനം കൊള്ളയടിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു. വരവും ,അതിന് വേണ്ടിയുള്ള മത്സരങ്ങളും നാൾക്ക് നാൾ വർദ്ധിച്ച് വന്നതോടെ 1945ൽ പ്രയാർ സ്വദേശി കേശവന്റെ നേതൃത്വത്തിൽ പടിഞ്ഞാറേ ആൽത്തറയ്ക്ക് വടക്ക് വശം മണ്ണ് ഉയരത്തിൽ വെട്ടിക്കൂട്ടി ഈഴവർക്കായി ഒണ്ടിക്കാവെന്ന പേരിൽ പ്രത്യേക ആരാധനാകേന്ദ്രം സ്ഥാപിച്ചതോടെ ക്ഷേത്ര വരുമാനത്തിന്റെ തൊണ്ണൂറ് ശതമാനവും അക്കാലത്ത് ഒണ്ടിക്കാവിലേക്ക് ഒഴുകുകയായിരുന്നു. പ്രധാന ആൽത്തറകളിൽ നിന്നും പിന്നോക്കക്കാർ വഴിപിരിഞ്ഞ് നടക്കുവാൻ തുടങ്ങിയതോടെ 50 കാലഘട്ടത്തിൽ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ നേതൃത്വത്തിൽ ഈഴവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്ഷേത്ര ഭരണസമിതിക്ക് രൂപം നൽകുവാൻ തയ്യാറാകുകയായിരുന്നു. നാൽപ്പത് ശതമാനം ഈഴവ ,നൽപ്പത് ശതമാനം നായർ പത്ത് ശതമാനം ധീവര പത്ത് ശതമാനം മറ്റ് ന്യൂനപക്ഷ ഹിന്ദു സമുദായങ്ങൾ എന്ന നിലയിൽ വ്യക്തമായ സമുദായ പ്രതിനിധ്യം ഉറപ്പ് വരുത്തിക്കൊണ്ടുള്ള ബൈലോയ്ക്കും രൂപം നൽകുകയും ചെയ്തു.

ഓച്ചിറയിൽ എസ്. എൻ. ഡി. പി യോഗം യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം യോഗം കൗൺസിലർ പി.ടി. മന്മഥൻ ഉദ്ഘാടനം ചെയ്യുന്നു
ഓച്ചിറയിൽ എസ്. എൻ. ഡി. പി യോഗം യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധജാഥ

കിഴക്ക് പടിഞ്ഞാറ് ആൽത്തറകളിൽ ഭരണം നടത്തിവന്നിരുന്ന രണ്ട് മുന്നോക്ക കുടുംബാംഗങ്ങൾ അതാത് ആൽത്തറകളിലെ വരുമാനത്തിന്റെ അൻപത് ശതമാനം തുക വേണമെന്ന അതിക്രൂരമായ ഉപാധിയുടെ പേരിൽ ജനകീയ സമിതിയോട് സഹകരിക്കുവാൻ തയ്യാറായപ്പോൾ കര പ്രദേശത്ത് അറുപത്തി അഞ്ച് ശതമാനത്തിലധികം പ്രാധിനിദ്ധ്യമുള്ള ഈഴവൻ നാൽപ്പത് ശതമാനമായി സ്വയം ചുരുങ്ങിക്കൊടുത്താണ് ജനകീയ സമിതിക്ക് രൂപം നൽകിയത്. ഒരു പക്ഷെ ഈ ഒരു പ്രബുദ്ധതയെ ഈഴവന്റെ ബലഹീനതയായി ദുർവ്യാഖ്യാനം ചെയ്തതാകാം ഇപ്പോഴത്തെ ദുരന്തത്തിന് വഴിവെച്ചത്. കിഴക്ക്, പടിഞ്ഞാറ് ആൽത്തറകളുടെ അവകാശികളായി സ്വയം പ്രഖ്യാപിച്ച കുടുംബങ്ങൾ സ്ഥാനികൾ എന്ന പേര് സ്വയം സ്വീകരിക്കുകയും സ്ഥാനി അവകാശമെന്ന പേരിൽ കാണിക്കയുടെ അൻപത് ശതമാനം വാങ്ങുകയും ചെയ്തത് പല കാലഘട്ടങ്ങളിൽ വിമർശന വിധേയമായി, ഒടുവിൽ കോടതി കയറുകയും ചെയ്തു.

നിയമാനുസൃതം ബൈലോയിൽ നാൽപ്പത് ശതമാനവും, കരപ്രദേശത്ത് അറുപത്തി അഞ്ച് ശതമാനത്തിലധികവും പ്രതിനിദ്ധ്യമുള്ള ഈഴവ വിഭാഗത്തിൽ നിന്ന് ഒരാളെ പോലും ക്ഷേത്ര ഭരണം കൈയാളുന്നസമിതിയിൽ ഉൾപ്പെടുത്താതിരുന്നതിനെ യാദൃശ്ചികം എന്ന് വിശേഷിപ്പിക്കുവാൻ സാമാന്യ ബോധമുള്ളവർക്ക് കഴിയില്ല.

ഓണാട്ടുകരയിൽ ഈഴവന് അർഹമായ പ്രാതിനിദ്ധ്യം ലഭിച്ചിരുന്ന ഏക ക്ഷേത്രമായ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്നും ഈഴവൻ പടിയിറങ്ങുന്നത് അവന്റെ സാംസ്‌കാരികമായ വളർച്ചയ്ക്കും ,സമൂഹികമായ അന്തസിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് മാർച്ച് 18 ന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി ,കായംകുളം, ചാരുംമൂട്, ചേപ്പാട് യൂണിയനുകളുടെ നേതൃത്വത്തിൽ പരബ്രഹ്മ ക്ഷേത്രത്തിലെ ജാതിവിവേചനത്തിൽ പ്രതിഷേധിച്ച് നാമജപയജ്ഞവും, ഭക്തജന സംഗമവും സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിയിൽ അച്ചടക്കത്തോടെ അണിനിരന്ന ആയിരങ്ങളെക്കണ്ട് വിളറി പിടിച്ചു പോയ ചിലർ ദുഷ്‌പ്രചാരണങ്ങളിലൂടെ പൊതു ശ്രദ്ധ തിരിച്ചുവിടുവാനുള്ള തീവ്രശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രചാരണം എന്തായാലും ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ആൽമരക്കൊമ്പിൽ ജ്വലിച്ച് നിന്ന അസ്തമയ സൂര്യനെ സാക്ഷിനിർത്തി ആയിരക്കണക്കിന് വരുന്ന ശ്രീനാരായണീയർ ഒറ്റ സ്വരത്തിൽ പറഞ്ഞതു തന്നെയാണ് ഇക്കാര്യത്തിൽ ഇനിയും പറയുവാനുള്ളത് ‘പ്രാണനുള്ള കാലത്തോളം ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ നിന്നും ഈഴവൻ പടിയിറങ്ങില്ല

പഴയ
ബുദ്ധ പഗോഡ

ഓണാട്ടുകരയിൽ തുടങ്ങി ഇന്ന് കേരളത്തിലെ തന്നെ ക്ഷേത്ര വിശ്വാസികളുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ഒരു അബ്രാഹ്മണ്യ പ്രകൃതി ആരാധന കേന്ദ്രമാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് നിരവധി ഐതീഹ്യങ്ങളാണ് നിലവിൽ പ്രചരിക്കുന്നത്. തങ്ങൾക്കാണ് ഉടമസ്ഥതാവകാശമെന്ന് ഐതീഹ്യങ്ങളിലൂടെ തലമുറകളെ പഠിപ്പിക്കാനുള്ള മുന്നോക്ക സമുദായ ബുദ്ധിജീവികളുടെ വൃത്തികെട്ട ശ്രമങ്ങളാണ് പ്രചാരത്തിലുള്ള ഭൂരിഭാഗം കഥകളിലും നിറഞ്ഞു നിൽക്കുന്നത്. ഏതായാലും ചരിത്രം പരിശോധിക്കുകയാണെങ്കിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് തിരുവിതാംകൂറിൽ ബ്രിട്ടീഷ് അധികാരികളായ വാർഡും, കോർണറും നടത്തിയ ലാൻഡ് സർവ്വെയിൽ പ്രത്യേക ഉടമസ്ഥത അവകാശമില്ലാത്ത നിലയിൽ ഓച്ചിറ പരബ്രഹ്മക്ഷേത്രം ഇന്ന് നിലനിൽക്കുന്നതുൾപ്പടെ അൻപത്തി ആറ് ഏക്കർ സ്ഥലം കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ അൻപത്തി ആറ് ഏക്കർ സ്ഥലത്തിന്റെ മദ്ധ്യത്തായി പഴകിയതും തല്ലിത്തകർത്ത നിലയിലുള്ളതുമായ ഒരു പഗോഡ കണ്ടെത്തിയതായും ബ്രിട്ടീഷ് അധികാരികൾ രേഖപ്പെടുത്തിയിരുന്നു.
നേപ്പാൾ, ചൈന, ജപ്പാൻ, കൊറിയ, വിയറ്റ്‌നാം, മ്യാൻമാർ തുടങ്ങി രാജ്യങ്ങളിൽ ഇന്നും സംരക്ഷിച്ചു പോരുന്ന പഗോഡ ബുദ്ധക്ഷേത്രങ്ങളായാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. ആര്യൻമാരുടെ വരവിന് മുൻപ് ഓച്ചിറ പരബ്രഹ്മക്ഷേത്രം ബുദ്ധമത വിഹാരകേന്ദ്രമായിരുന്നു എന്നതിന് ഇത് കൂടാതെ ചരിത്രത്തിൽ ധാരാളം തെളിവുകളുണ്ട്. ഏതായാലും ബുദ്ധമതത്തിന്റെ തകർച്ചയ്ക്ക് ശേഷം ഓച്ചിറയെ ആരാധന കേന്ദ്രമായി അംഗീകരിക്കുവാൻ പോലും പിന്നീട് ബ്രാഹ്മണർ ഉൾപ്പടെയുള്ള മുന്നോക്ക വിഭാഗങ്ങൾ പിന്നീട് തയ്യാറായിരുന്നില്ലെന്നതാണ് ചരിത്ര യാഥാർത്ഥ്യം. എന്നാൽ ബുദ്ധന്റെ അനുയായികളായി നിലകൊണ്ടിരുന്ന ഈഴവരും കൂടാതെ മറ്റ് പിന്നോക്ക വിഭാഗങ്ങളും അന്നും ഓച്ചിറയെ അഭയസ്ഥാനമായി അംഗീകരിച്ചു പോരുകയായിരുന്നു. പിന്നീട് ഉണ്ടായി വന്ന ജാതീയതയുടെ ഇരുണ്ട കാലഘട്ടത്തിൽ പോലും ക്ഷേത്രപ്രവേശനാനുമതി ഇല്ലാതിരുന്ന ഈഴവരാദി പിന്നോക്ക വിഭാഗങ്ങൾക്ക് ഈശ്വാരാരാധന നടത്താൻ കഴിയുമായിരുന്ന ഇടമെന്ന നിലയിൽ ഓച്ചിറ പരബ്രഹ്മ സന്നിധി ഇന്ന് അംഗീകാരത്തിന്റെ സുവർണ്ണ സിംഹാസനത്തിലേറിയത് ചരിത്രപരമായ ഇക്കാരണം കൊണ്ടു തന്നെയാണ്. എന്നാൽ ഇന്ന് ഓച്ചിറയിൽ വിഭാഗീയതയ്ക്ക് വളക്കൂറാകത്തക്ക തരത്തിൽ ശക്തി പ്രാപിച്ച് നിൽക്കുന്ന മുന്നോക്ക ആധിപത്യത്തിന് വെറും പതിറ്റാണ്ടുകളുടെ പഴക്കം മാത്രമാണുള്ളത്.

Author

Scroll to top
Close
Browse Categories