പൂജിക്കപ്പെടേണ്ടവര്‍, ആക്രമിക്കപ്പെടുമ്പോള്‍…

കൊൽക്കത്ത ആര്‍.ജി.കര്‍ ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടര്‍ ട്രെയിനിയായ പെണ്‍കുട്ടിയുടെ അതിക്രൂരമായ ബലാത്സംഗവും കൊലപാതകവും രാജ്യത്തെ ഞെട്ടിച്ചു.കേസിലെ പ്രതി പിടിക്കപ്പെട്ടപ്പോള്‍ പറഞ്ഞത് നിങ്ങള്‍ എന്നെ തൂക്കിക്കൊന്നോളൂ എന്നാണ്. അവനറിയാം ഇതിന്റെ വിചാരണ വര്‍ഷങ്ങള്‍ നീളുമെന്നും, തനിക്ക് ജയിലില്‍ സമയാസമയം നല്ല ഭക്ഷണം ലഭിക്കുമെന്നും.ഭരണകൂടവും, നിയമസംഹിതയും, കുടുംബവും, സമൂഹവും എല്ലാം ഒറ്റക്കെട്ടായി ശക്തമായ നിലപാടുകള്‍ എടുക്കേണ്ട സമയമാണ് ഇത്.

സ്‌ത്രീ യെ ബഹുമാനിക്കുന്ന പൈതൃകമാണ് നമ്മുടെ സംസ്‌കാരം എന്നും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. സ്ത്രീയെ അമ്മയായും, സഹോദരിയായും, മകളായുമൊക്കെ സങ്കല്‍പ്പിക്കപ്പെടുമ്പോള്‍ സൃഷ്ടിയുടെ പര്യായമായാണ് ഒരു സ്ത്രീ സമൂഹത്തില്‍ വാഴ്ത്തപ്പെടുന്നത്.

ഒരു പുരുഷന്‍ വിദ്യാഭ്യാസം നേടുമ്പോള്‍ ഒരു കുടുംബം രക്ഷപ്പെടുന്നെന്നും, ഒരു സ്ത്രീ വിദ്യാഭ്യാസം നേടുമ്പോള്‍ ഒരു രാജ്യം പുരോഗതി കൈവരിക്കുന്നെന്നും പറഞ്ഞത് ഭരണഘടനാ ശില്പി ബി.ആർ.അംബേദ്കറാണ്.

കേരളത്തിലെ സിനിമാരംഗത്തു അത്തരം വാര്‍ത്തകള്‍ അരങ്ങുതകര്‍ക്കുമ്പോള്‍, അങ്ങകലെ കൊൽക്കത്തയില്‍ ഒരു ഡോക്ടറും, മഹാരാഷ്ട്രയില്‍ ഒരു നഴ്സും കൂട്ട ബലാത്സംഗത്തിന് ഇരയായി. മാത്രമല്ല ഇത്തരം സംഭവങ്ങളില്‍ ഏറെയും ആരുമറിയാതെ പോകുകയും ചെയ്യുന്നുണ്ട്. ഈ സാമൂഹികപ്രശ്നം എല്ലാക്കാലത്തും ഉയര്‍ന്നുവന്നിട്ടുണ്ട്. അവ മാധ്യമങ്ങളിലൂടെ പൊതുജനത്തിന് അറിയാനുള്ള അവസരം ഇന്ന് കൈവന്നപ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും, കേസെടുക്കുകയും ചെയ്യുന്നതിനാലാണ് ഇത്രയധികം കൂടുതല്‍ ഉള്ളതായി നാം അറിയുന്നതെന്ന വാദം പൊതുവെ നിലവിലുണ്ട്. എന്നാല്‍ അതല്ല, സംഭവങ്ങള്‍ തന്നെ കൂടുതലായി നടക്കുന്നുണ്ട് എന്ന വാദവും പ്രധാനമാണ്. ലഹരി ഉപയോഗം, ഇന്റര്‍നെറ്റിന്റെ ഇടപെടലുകള്‍ എന്നിവയൊക്കെ സ്ത്രീപീഡന സംഭവങ്ങള്‍ കൂടുവാന്‍ കാരണമായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സുരക്ഷിതമല്ലാത്ത
ഇടങ്ങള്‍

എവിടെയാണ് നമ്മുടെ പെണ്‍മക്കള്‍ സുരക്ഷിതരായിട്ടുള്ളത്? വര്‍ഷങ്ങള്‍ കഴിയുന്തോറും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ കണക്കുകള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. വാതോരാതെ സമത്വം പ്രസംഗിക്കുന്നതിനപ്പുറം സമൂഹത്തില്‍ ഒരിടത്തും സ്ത്രീകള്‍, അവര്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്ന് മാത്രമല്ല, ദിനം പ്രതി ചൂഷണം ചെയ്യപ്പെട്ടുകൊണ്ടുമിരിക്കുന്നു.

ഇവിടെ സാങ്കേതികമായ ഒരു വിശകലനത്തിനേക്കാള്‍ വൈകാരികമായ ഒരു പ്രതികരണമാണ് ഉചിതമെന്നതുകൊണ്ടുതന്നെ കണക്കുകളിലേക്ക് കടക്കുന്നില്ല. കാരണം ഒരു കണക്കും നമ്മുടെ കണ്ണുതുറപ്പിക്കുന്നില്ല എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കൊൽക്കത്തയിലെ ആര്‍.ജി.കര്‍ ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടര്‍ ട്രെയിനിയായ പെണ്‍കുട്ടിയുടെ അതിക്രൂരമായ ബലാല്‍സംഗവും കൊലപാതകവും. ഓരോ തവണ ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍, ഇനിയൊരിക്കലും അവര്‍ത്തിക്കരുതെന്ന ആഗ്രഹത്തോടെ ഓരോ കുറിപ്പുകള്‍ കുറിക്കുമ്പോളും പിന്നീടും ഉണ്ടായിക്കൊണ്ടിരിക്കുന്ന നീചമായ കുറ്റകൃത്യങ്ങള്‍ക്ക് എന്നാണ് ഇനിയൊരു പരിഹാരം? ഒരു ആയുസ്സിന്റെ നേടലുകള്‍ മുഴുവന്‍ ഉപയോഗിച്ച്, സ്‌നേഹം കൊടുത്തു വളര്‍ത്തി വലുതാക്കി ഡോക്ടര്‍ വരെ ആക്കിയ മകള്‍ ഇത്തരത്തില്‍ മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത അച്ഛനമ്മമാരെ എങ്ങിനെയാണ് ബാധിക്കുന്നതെന്ന് അറിയാന്‍ മക്കള്‍ ഉള്ള എല്ലാ അച്ഛനമ്മമാര്‍ക്കും സാധിക്കുകയില്ല. അതിന് അത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകുകതന്നെ വേണം. സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ ജീവിക്കുന്ന ഡോക്ടര്‍ തസ്തികയില്‍ തൊഴിലെടുക്കുന്ന ഒരു പെണ്‍കുട്ടിയ്ക്കാണ് ഇത്തരമൊരു ആക്രമണം നേരിടേണ്ടി വന്നിരിക്കുന്നത്.. അവര്‍ പോലും സുരക്ഷിതരല്ലെങ്കില്‍ സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചു നമുക്ക് ചിന്തിക്കുവാന്‍ പോലും കഴിയുമോ?
ആശുപത്രിയില്‍ മുപ്പത്താറ് മണിക്കൂറോളം കഷ്ടപ്പെട്ട് ജോലിയെടുത്ത കുട്ടിയാണ് അല്‍പ്പമൊന്ന് വിശ്രമിക്കാന്‍ സെമിനാര്‍ ഹാളില്‍ പോകുന്നതും, അവിടെവച്ചു അവിടെത്തന്നെ തൊഴിലെടുക്കുന്ന ഒരു സിവിക് വോളന്റിയര്‍ ആ കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതും. അക്രമം നടന്നയുടനെ അവിടുത്തെ പ്രിന്‍സിപ്പല്‍ അത് ആത്മഹത്യാ ആണെന്നാണ് പോലീസിനോട് പറഞ്ഞത്. മാത്രമല്ല, ഉത്തരവാദിത്തപ്പെട്ട മറ്റു പലരുടെയും ഭാഗത്തുനിന്നും വന്ന പ്രതികരണങ്ങള്‍ നിരാശാജനകമായിരുന്നു. ആ സമയത്തു ആ കുട്ടി എന്തിനായിരുന്നു ഒറ്റയ്ക്ക് അവിടെ പോയത് എന്നായിരുന്നു അവരുടെ ചോദ്യം. അതിനുപിന്നാലെ അസം മെഡിക്കല്‍ കോളേജ് സംഭവുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് പെണ്‍കുട്ടികള്‍ രാത്രിയില്‍ പുറത്തിറങ്ങരുത് എന്നാണ്. നമ്മുടെ രാജ്യം എഴുപത്തി എട്ടാമത്തെ സ്വാതന്ത്ര്യദിനം ആചരിക്കുന്ന വേളയില്‍, ശാസ്ത്രസാങ്കേതിക രംഗങ്ങളിലടെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ട് അഭിമാനപുളകിതരാകുന്ന വേളയില്‍ തന്നെയാണ് ഇത്തരം വൃത്തികെട്ട ഉത്തരവുകളും, അഭിപ്രായങ്ങളും ഉയര്‍ന്നുവരുന്നത് എന്നതാണ് ഏറെ നിരാശാജനകം.

മാറേണ്ടത് മനഃസ്ഥിതി

ഇവിടെ നിയമത്തിനെ മാത്രം പഴിച്ചുകൊണ്ട് കാര്യമില്ല. മനുഷ്യന്റെ മനഃസ്ഥിതിയ്ക്കാണ് മാറ്റം വരേണ്ടത്. ആണും പെണ്ണും ഒരുപോലെ ആണെന്നും സ്ത്രീകള്‍ക്ക് മാത്രമായി സമൂഹത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടെന്നുമുള്ള ചിന്തയാണ് ആദ്യം മാറേണ്ടത്. അതിനായി സ്ത്രീകളെ മാനസികമായി കൂടുതല്‍ ശക്തരാക്കേണ്ടതുണ്ട്. അതിനായി ഏറ്റവുമധികം പങ്കു വഹിക്കേണ്ടത് രക്ഷകര്‍ത്താക്കള്‍ തന്നെയാണ്. ആണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ഏതു സ്വാതന്ത്ര്യവും പെണ്‍കുട്ടികളും അര്‍ഹിക്കുന്നുണ്ട്.
പെണ്‍കുട്ടികള്‍ പുലര്‍ത്തേണ്ട ഏതു നിയന്ത്രണങ്ങളും ആണ്‍കുട്ടികള്‍ക്കും ബാധകമാണ്. അതിന് നമ്മുടെ സമൂഹം ആവശ്യമായ പക്വത കൈവരിക്കണം. കുട്ടിക്കാലം മുതല്‍ക്കെത്തന്നെ സ്ത്രീകളെ ബഹുമാനിക്കാന്‍ ഓരോ കുട്ടിയേയും രക്ഷകര്‍ത്താക്കള്‍ പഠിപ്പിക്കണം. ഇന്ന് കുട്ടികളുടെ മേല്‍ രക്ഷാകര്‍ത്താക്കള്‍ക്കോ അധ്യാപകര്‍ക്കോ നിയന്ത്രണങ്ങള്‍ ഇല്ല. ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ വിരല്‍ത്തുമ്പില്‍ പേറുന്ന കുട്ടികള്‍ കുട്ടിക്കാലത്തുതന്നെ പോണ്‍ വീഡിയോകളും, അശ്ളീല സൈറ്റുകളും കണ്ട് സ്ത്രീകളെ വെറും ഉപഭോഗവസ്തുക്കളായി കാണുമ്പോള്‍ എങ്ങിനെയാണ് അവരില്‍ നിന്നും നാം മാന്യത പ്രതീക്ഷിക്കേണ്ടത്? മദ്യവും മയക്കുമരുന്നും വ്യാപകമാകുന്ന സമൂഹത്തിൽ എങ്ങിനെയാണ് മാന്യത പ്രതീക്ഷിക്കേണ്ടത്? തുടങ്ങേണ്ടത് ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള നമ്മുടെ മാനസിക നിലകളില്‍ നിന്നുതന്നെയാണ്.

നീതിദേവതയുടെ കണ്ണുകള്‍ മൂടിക്കെട്ടിയിരിക്കുന്നത് എന്തിനെന്ന് കുട്ടിക്കാലത്തു തോന്നിയിട്ടുണ്ട്. കണ്ണുകള്‍ മൂടിക്കെട്ടുന്നത് ആരുടെയും പക്ഷം പിടിക്കാതെ അര്‍ഹിക്കുന്നവര്‍ക്ക് നീതി നല്‍കാനെന്ന് അറിവുള്ളവര്‍ പറഞ്ഞുതരുമ്പോഴും നാം ചിന്തിച്ചത് മറ്റൊന്നാണ്. ഇപ്പോള്‍ സംഭവിച്ചതുപോലെയുള്ള സംഭവങ്ങളില്‍ നീതിദേവത ഒരിക്കലെങ്കിലും കണ്ണുകള്‍ ഒന്ന് തുറന്നുപിടിച്ചിരുന്നെങ്കില്‍, ആ പെണ്‍കുട്ടിയുടെ അവസ്ഥ ഒന്ന് നേരില്‍ കണ്ടിരുന്നെങ്കില്‍, ഇനിയൊരിക്കലും ഇങ്ങനെ ഒരു പെണ്‍കുട്ടിയ്ക്കും സംഭവിക്കാതെയിരിക്കുവാനുള്ള ശക്തമായ ഒരു നിയമം നമ്മുടെ രാജ്യത്തു നിലവില്‍ വന്നേനേ. ആയിരം കുറ്റവാളികള്‍ക്കിപ്പുറം ഒരു നിരപരാധി നില്‍ക്കുമ്പോള്‍, ആ നിരപരാധിയെ സംരക്ഷിക്കുന്ന നിയമമാണ് നമ്മുടെ രാജ്യത്തെന്ന് പലതവണ അഭിമാനം കൊണ്ടിട്ടുമുണ്ട്, ഇപ്പോള്‍ അഭിമാനിക്കുന്നുമുണ്ട്. പക്ഷേ, ഇത്തരം സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന കേസുകളില്‍ നമ്മുടെ നിയമം അത്രകണ്ട് ശക്തമല്ലാത്തത് സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമാകുന്നുവെന്ന് നിരീക്ഷണങ്ങള്‍ ഉണ്ട്.
കേസുകള്‍ ലക്ഷക്കണക്കിന് കെട്ടികിടക്കുന്ന നമ്മുടെ നാട്ടില്‍ ഇത്തരമൊരു കേസ് വരുമ്പോള്‍ സ്വാഭാവികമായും അതിന് തീര്‍പ്പുകല്‍പ്പിക്കുന്നതിന് കാലതാമസമെടുക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ നമ്മുടെ കോടതികളുടെ സമീപനം മാറേണ്ടതുണ്ട്. 2022 ല്‍ നടന്ന ഒരു പഠനത്തില്‍ നമ്മുടെ രാജ്യത്തു ഓരോ ദിവസവും ശരാശരി 90 സ്ത്രീപീഡനങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് പറയുന്നത്. അതായത് നാമിത് വായിക്കുമ്പോളും രാജ്യത്തു എത്രയോ പെണ്‍കുട്ടികള്‍ ഇത്തരം ക്രൂരതയ്ക്ക് പാത്രമാകുന്നുണ്ടാവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.!

മാനസിക വൈകല്യം
സ്ത്രീപീഡനങ്ങളില്‍ അധികവും സംഭവിക്കാറുള്ളത് ചിലരുടെ മാനസിക വൈകല്യവുമായി ബന്ധപ്പെട്ടാണ്. സ്വബോധത്തോടെയല്ലാതെ, അവരുടെ മാനസിക രോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണ് അതിലേറെയും. അത്തരക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ബലാത്സംഗം ഒരു കുറ്റമല്ല എന്നതാണ് ആശ്ചര്യകരം. അവരുടെ രതിസ്വപ്‌നങ്ങള്‍ പലതും വൈകൃതത്തിന്റെ മേലാപ്പ് ധരിക്കുമ്പോള്‍ സമൂഹത്തിന്റെ ശരികള്‍ അവര്‍ മറക്കുന്നു. അതിനൊപ്പം നമ്മുടെ രാജ്യത്തു ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷകള്‍ ജയിലറകള്‍ മാത്രമാകുന്നതും, അതിനപ്പുറം ശക്തമായ ശിക്ഷകള്‍ ലഭിക്കില്ലെന്ന വാസ്തവവും ഇത്തരക്കാരെ തെറ്റുകളിലേക്ക് നയിക്കുന്നു. കൊൽക്കത്തയിലെ പ്രതിയും പിടിക്കപ്പെട്ടപ്പോള്‍ പറഞ്ഞത് നിങ്ങള്‍ എന്നെ തൂക്കിക്കൊന്നോളൂ എന്നാണ്. അവനറിയാം ഇതിന്റെ വിചാരണ വര്‍ഷങ്ങള്‍ നീളുമെന്നും, തനിക്ക് ജയിലില്‍ സമയാസമയം നല്ല ഭക്ഷണം ലഭിക്കുമെന്നും. പാരതന്ത്ര്യം ആണ് ഇവര്‍ക്കുള്ള ശിക്ഷയെന്ന് പറയുമ്പോഴും ജീവിക്കാനുള്ള ആഗ്രഹമോ, ജീവിതം അര്‍പ്പിക്കുവാനായി ബന്ധങ്ങളോ, ഭാര്യയോ, മകളോ ഒന്നുമില്ലാത്ത ഇത്തരക്കാര്‍ക്ക് ജയില്‍ എന്നത് ഒരു ശിക്ഷാകേന്ദ്രം ആവുന്നില്ല. മറ്റേതൊരു താമസസ്ഥലം പോലെയേ ആകുന്നുമുള്ളൂ.

ആശിക്കാം, ഇനിയും സംഭവിക്കില്ലെന്ന് നിരന്തരം പറയാറുള്ള പതിവുപല്ലവി ഇവിടെയും ആവര്‍ത്തിക്കേണ്ടിവരുന്നു. ഇനിയൊരിക്കലും ഒരു മകള്‍ക്ക് ഇങ്ങനെ ഒരു ദുര്യോഗം സംഭവിക്കരുത്. പെൺ മക്കള്‍ ഉള്ള ഒരു രക്ഷാകര്‍ത്താവും ഇനി ഇതുപോലെ വേദനിക്കേണ്ടി വരരുത്. പരിഹാരമില്ലാത്ത പ്രശ്‌നങ്ങൾ ഒന്നുംതന്നെ നമുക്ക് ചുറ്റിനുമില്ല. മാത്രമല്ല, ഇത് അത്രയധികം പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്നവുമാണ്. ഇവിടെ ഭരണകൂടവും, നിയമസംഹിതയും, കുടുംബവും, സമൂഹവും എല്ലാം ഒറ്റക്കെട്ടായി ശക്തമായ നിലപാടുകള്‍ എടുക്കേണ്ട സമയമാണ്. കാലതാമസം വരുത്താതെ തന്നെ ഇത്തരം കേസുകളില്‍ ശക്തമായ ശിക്ഷകള്‍ ഉറപ്പാക്കണം. കുട്ടികള്‍ക്ക് ബന്ധങ്ങളിലെ മൂല്യബോധം ഉണ്ടാക്കിയെടുക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം. ലഹരി ഉപയോഗത്തെ പൂര്‍ണ്ണമായും സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തണം. ഇനി ഒരു പെണ്‍കുട്ടിയുടെയും കണ്ണുനീര്‍ മണ്ണില്‍ വീഴാതിരിക്കട്ടെ.
9946199199

Author

Scroll to top
Close
Browse Categories