വൈക്കം സത്യാഗ്രഹത്തില്‍ നിന്നും കൂടല്‍മാണിക്യത്തിലെത്തുമ്പോള്‍

ഈഴവരും മറ്റു അവര്‍ണ വിഭാഗക്കാരുമെല്ലാം ബ്രാഹ്മണരില്‍നിന്നും ദൈവത്തില്‍നിന്നും നാല്പത്തെട്ടടി അകലം പാലിച്ചു മാറി നില്ക്കണമെന്ന ശാങ്കരസ്മൃതി നിയമം അണുവിട തെറ്റാതെ പാലിക്കാന്‍ പഴുതുനോക്കുന്നവരാണ് കൂടല്‍മാണിക്യത്തിലെ തന്ത്രിമാരെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു. മാത്രമല്ല കേരളനിയമസഭ പാസാക്കിയ നിയമം അനുസരിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നും പകരം തങ്ങളുടെ താംബൂല പ്രശ്‌നവിധിയെ നിയമമായി എല്ലാവരും അംഗീകരിക്കണമെന്നുമാണ് ബ്രാഹ്മണതന്ത്രിമാരുടെ പക്ഷം. കൂടല്‍മാണിക്യം ഒരു ക്ഷേത്രസങ്കേതവും ഇരിങ്ങാലക്കുട ഒരു സ്വതന്ത്ര ബ്രാഹ്മണഭരണ പ്രദേശവുമാണെന്ന തോന്നലാണ് ഇപ്പോഴും തന്ത്രി കുടുംബങ്ങള്‍ക്കുള്ളത്.

മഹാത്മാഗാന്ധിയെ മനക്കകത്തേക്കു പ്രവേശിപ്പിക്കാതെ അയിത്തമാചരിച്ച ഇണ്ടന്തുരുത്തി നമ്പ്യാതിരിയുടെ വൈക്കത്തെ മന

കൊല്ലവര്‍ഷം 1099 മീനം പതിനേഴിനാണ് (1924 മാര്‍ച്ച് 30) വൈക്കം സത്യാഗ്രഹം ആരംഭിക്കുന്നത്. ‘മീനം പതിനേഴ് ഓര്‍ക്കണേ’ എന്ന ടി. കെ മാധവന്റെ അഭ്യര്‍ത്ഥന ഇപ്പോഴും കേരളത്തിന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. നൂറു വര്‍ഷത്തിനിപ്പുറവും വൈക്കം ചര്‍ച്ച ചെയ്യപ്പെടുന്നു. മഹാത്മാഗാന്ധിയുടെ രണ്ടാം കേരള സന്ദര്‍ശനത്തിന്റെ ശതാബ്ദി എന്ന നിലയിലും ഗുരുദേവനും ഗാന്ധിജിയുമായി നടന്ന അഭിമുഖത്തിന്റെ ഓര്‍മ്മ പുതുക്കല്‍ എന്ന നിലയിലും മലയാളികള്‍ ചരിത്രം വീണ്ടും വായിക്കുകയാണ്. സവര്‍ണതയുടെ സംരക്ഷകനും ബ്രാഹ്മണ്യത്തിന്റെ വക്താവുമായ ഇണ്ടന്തുരുത്തി നമ്പ്യാതിരി ഗാന്ധിജിയോട് പോലും അയിത്തമാചരിച്ച കഥയും ഇവിടെ ഓര്‍ക്കപ്പെടുകയാണ്. കാരണം, അന്ന് ഗാന്ധിജിയെ പുറത്തിരുത്തിയ ബ്രാഹ്മണ്യം നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായ ബി എ ബാലു എന്ന ഈഴവ യുവാവിനെ അയിത്തം കല്പിച്ച് അകറ്റി നിര്‍ത്തിയിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഗുരുദേവന്‍ – ഗാന്ധി കൂടിക്കാഴ്ച്ചയുടെ അകം പൊരുള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

അയിത്തവും ഗാന്ധിയും
ഗുരുദേവനോടുള്ള മഹാത്മാ ഗാന്ധിയുടെ ആദ്യത്തെ ചോദ്യം തന്നെ ‘ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്ക് അറിവുണ്ടോ?’ എന്നായിരുന്നു. ‘ഇല്ല’ എന്ന് ഒറ്റ വാക്കില്‍ ഗുരു മറുപടി നല്‍കി. ഇണ്ടന്തുരുത്തി നമ്പ്യാതിരിയാകട്ടെ തങ്ങള്‍ ആ ചരിക്കുന്ന അയിത്തം ഹിന്ദു മതത്തിലെ പ്രമാണഗ്രന്ഥങ്ങളില്‍ വിധിച്ചിട്ടുള്ളതാണ് എന്ന് ഗാന്ധിജിയോട് വാദിക്കുകയും അതിനു തെളിവായി ‘ഞങ്ങള്‍ ആധികാരിക രേഖ നല്‍കാം ‘ എന്ന് പറയുകയുമുണ്ടായി. ‘ശങ്കരാചാര്യര്‍ എഴുതിയത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതും പരമ്പരയായി കൈമാറിക്കിട്ടിയതുമായ പാഠങ്ങള്‍ നിങ്ങളെ കാണിക്കും’ എന്നു കൂട്ടി ചേര്‍ത്തു കൊണ്ട് ശാങ്കരസ്മൃതി ഹാജരാക്കുകയും ചെയ്തു. ആ പുസ്തകത്തിന്റെ ആധികാരികത പരിശോധിക്കാന്‍ പിന്നീട് ഗാന്ധി ശ്രമിക്കുന്നതും കാണാം. ശങ്കരാചാര്യര്‍ അയിത്താചരണത്തെ പിന്തുണക്കും എന്ന് വിശ്വസിക്കാന്‍ പോലും ഗാന്ധിക്കാകുമായിരുന്നില്ല. വസ്തുതാപരമായി പരിശോധിച്ചാല്‍ ബ്രഹ്മസൂത്രഭാഷ്യം ഉള്‍പ്പെടെയുള്ള ശങ്കരാചാര്യ കൃതികളില്‍ പോലും ജാതിയെയും വര്‍ണാശ്രമ വ്യവസ്ഥയെയും കണ്ണില്‍ ചോരയില്ലാത്ത വിധം ഉയര്‍ത്തിപ്പിടിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നു കാണാം.

ടി.കെ. മാധവൻ

ബ്രഹ്മസൂത്രശാങ്കരഭാഷ്യം ഒന്നാമധ്യായത്തിലെ അപശൂദ്രാധികരണത്തില്‍ ഈ വിഷയം പ്രതിപാദിച്ചിരിക്കുന്നത് നോക്കൂ. ‘ശ്രവണാധ്യയനാര്‍ത്ഥപ്രതിഷേധാത് സ്മൃതേശ്ച’ ( (വേദം)കേള്‍ക്കുന്നതും പഠിക്കുന്നതും വേദാര്‍ത്ഥം (അനുഷ്ഠിക്കുന്നതും) സ്മൃതി നിഷേധിച്ചിട്ടുള്ളതിനാലും (ശൂദ്രന്)അധികാരമില്ല) -എന്ന സൂത്രത്തിന് ശങ്കരാചാര്യര്‍ എഴുതിയ ഭാഷ്യം ഇങ്ങനെയാണ് : ‘ഇതശ്ച ന ശൂദ്രസ്യാധികാര: യദസ്യ സ്മൃതേ: ശ്രവണാധ്യയനാര്‍ത്ഥപ്രതിഷേധോ ഭവതി. വേദശ്രവണപ്രതിഷേധോ വേദാധ്യയന പ്രതിഷേധസ്തദര്‍ത്ഥജ്ഞാനാനുഷ്ഠാനയോശ്ച പ്രതിഷേധ: ശൂദ്രസ്യ സ്മര്യതേ . ശ്രവണപ്രതിഷേധ സ്താവത് ‘അഥാസ്യ വേദമുപശൃണ്വതസ്ത്രപൂജതു ഭ്യാം ശ്രോത്രപ്രതി പൂരണം’ ഇതി. ‘പദ്യു ഹ വാ ഏതത് ശ്മശാനം യച്ഛൂദ്ര സ്തസ്മാത്ച്ഛൂദ്രസമീപേ നാധ്യേതവ്യം’ ഇതി ച. അത ഏവാധ്യയനപ്രതിഷേധ: യസ്യ ഹി സമീപേ?പി നാധ്യേതവ്യം ഭവതി സ കഥമ ശ്രുതമധീയതി? ഭവതി ച വേദോച്ചാരണ ജിഹ്വാച്ഛേദോ ധാരണേ ശരീരഭേദ ഇതി. അത ഏവ ചാര്‍ത്ഥാദര്‍ത്ഥജ്ഞാനാനുഷ്ഠാനയോ: പ്രതിഷേധോ ഭവതി . ‘നശൂദ്രായ മതിം ദദ്യാത്’ ഇതി ‘ദ്വിജാതീനാമധ്യയനമിജ്യാദാനം’ ഇതി ച. (ശൂദ്രന് അധികാരമില്ലെന്നുളളതിന് ഇതും കാരണമാണ്. (ശൂദ്രന്‍ വേദം ) കേള്‍ക്കരുതെന്നും, പഠിക്കരുതെന്നും, വേദാര്‍ത്ഥമനുഷ്ഠിക്കരുതെന്നും സ്മൃതിയില്‍ നിഷേധമുണ്ട്. ശൂദ്രനു വേദ-ശ്രവണമരുതെന്നും വേദാദ്ധ്യായനമരുതെന്നും വേദാര്‍ത്ഥമറിയുകയും അനുഷ്ഠിക്കുകയുമരുതെന്നും സ്മൃതിയിലുണ്ട്. വേദ-ശ്രവണ നിഷേധമിങ്ങനെയാണ്: ‘വേദം കേള്‍ക്കുന്ന (ശൂദ്രന്റെ) ചെവിയില്‍ ഈയവും അരക്കും ഉരുക്കി ഒഴിച്ചു നിറക്കണം ‘. നടക്കുന്ന ഒരു പട്ടടയാണ് ശൂദ്രന്‍; അതിനാല്‍ അവന്റെ സമീപത്തില്‍വെച്ചു വേദാദ്ധ്യയനം പാടില്ല’. ഇതില്‍ നിന്നു വേദപഠനവും നിഷിദ്ധമെന്നു കിട്ടുന്നു. ആരുടെ സമീപത്തിലാണോ അദ്ധ്യയനംപോലും നിഷിദ്ധം അയാള്‍ കേള്‍ക്കാത്തതു പഠിക്കുന്നതെങ്ങനെ? വേദമുച്ചരിക്കുന്ന (ശൂദ്രന്റെ ) നാവറുക്കാമെന്നും, ധരിച്ചവന്റെ ശരീരം പിളര്‍ക്കാമെന്നും ഉണ്ട് . ഇതില്‍നിന്നു തന്നെ വേദാര്‍ത്ഥം അറിയരുതെന്നും അനുഷ്ഠിക്കരുതെന്നുമുള്ള നിഷേധവും കിട്ടുന്നു. ‘ശൂദ്രനു ജ്ഞാനം നല്‍കരുത് ‘ എന്നും ‘വേദപഠനവും യാഗവും ദാനവും രണ്ടു ജനനം ഉള്ളവര്‍ക്ക് ‘ എന്നുമുണ്ട് (വിവര്‍ത്തനം : എ.ജി കൃഷ്ണവാരിയര്‍)
കൊളോണിയല്‍ഭരണാധികാരികള്‍ ഏര്‍പ്പെടുത്തിയ നീതിന്യായസംവിധാനം നിലവില്‍ വരുന്നതിനുമുമ്പ് കേരളത്തിന്റെ ഭരണഘടനയും പീനല്‍ കോഡുമെല്ലാം വ്യവഹാരമാലയും ശാങ്കരസ്മൃതിയുമൊക്കെയായിരുന്നു. ‘തിരുവിതാംകൂര്‍, കൊച്ചി, ഈ സംസ്ഥാനങ്ങളില്‍ പുതിയ മാതിരിയുള്ള കോടതിയും ചട്ടങ്ങളും നടപ്പായത് ഏകദേശമായി കേണൽ മണ്‍റോ സായ്പിന്റെ കാലത്താണല്ലോ . അതിനു മുന്‍പു കേരളമൊട്ടുക്കു വ്യവഹാര വിഷയത്തില്‍ ഒരു പ്രമാണ ഗ്രന്ഥമായി വളരെക്കാലത്തേക്കു നിലനിന്നു പോന്നതു’ വ്യവഹാരമാല’യായിരുന്നുവെന്ന് 1925-ല്‍ ഗവണ്‍മെന്റ് പ്രസ് തിരുവനന്തപുരത്തുനിന്നും പ്രസിദ്ധപ്പെടുത്തിയ വ്യവഹാരമാലയുടെ അവതാരികയില്‍ ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യവഹാരമാലയിലും ബ്രഹ്മസൂത്രശാങ്കരഭാഷ്യത്തിലേതിനു സമാനമായ നിരവധി പരാമര്‍ശങ്ങള്‍ കാണാം.
വേദധ്വനിം ച ശൂദ്രസ്യ ശൃണ്വതശ്ശാസനം ശൃണു
ത്രപുണാ ജതുസീസാഭ്യാം ശ്രോത്രേ സന്തപ്യ പൂരയേല്‍
ബ്രാഹ്മണന്‍ വേദാധ്യയനം ചെയ്തുവരുമ്പോള്‍ അടുക്കല്‍ നിന്നു കേട്ടുവരുന്ന ശൂദ്രന്റെ ചെവിയില്‍ തുത്തനാകവും അരക്കും ഈയവും ഒരുക്കിയൊഴിക്കണം
ഖണ്ഡശശ്ച്‌ഛേദയേജ്ജിഹ്വാമൃചം വൈ യദ്യുദാഹരേല്‍
വേദവാക്യത്തെ ഉച്ചരിക്കുന്ന ശൂദ്രന്റെ ജിഹ്വയെ ഖണ്ഡം ഖണ്ഡമായിട്ടു ഛേദിക്കണം.

ധര്‍മ്മോപദേശം ദര്‍പ്പേണ ദ്വിജാനമസ്യ കുര്‍വത:
തപ്തമാസേവയേത്തൈലം വക്ത്രേ ശ്രോത്രേ ച പാര്‍ത്ഥിവ:
ബ്രാഹ്മണ ക്ഷത്രിയ വൈശ്യന്മാര്‍ക്കു ശൂദ്രനായിട്ടുള്ളവന്‍ അഹങ്കാരംകൊണ്ടു ധര്‍മ്മോപദേശം ചെയ്തുവെങ്കില്‍ ആ ശൂദ്രന്റെ വായിലും ചെവിയിലും എണ്ണ തിളപ്പിച്ച് ഒഴിക്കണം.(വിവ: ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍)
വര്‍ണ്ണാശ്രമ ധര്‍മ്മം ഇത്തരത്തില്‍ ക്രൂരമായി പ്രവര്‍ത്തിക്കുകയും അതിന് ആധാരമായി ശ്രുതി സ്മൃതി പുരാണങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന കാലത്താണ് ഗാന്ധിയുടെ ചോദ്യത്തില്‍ നിന്നും ഗുരു അകലം പാലിക്കുന്നത്. അയിത്തം വിധിച്ചിരിക്കുന്നതായി അറിയുമോ എന്നതിന് ഇല്ല (അറിയില്ല) എന്നാണ് ഗുരുവിന്റെ ഉത്തരം. ഹിന്ദുമതഗ്രന്ഥങ്ങളില്‍ ഉണ്ടാകാം ഇല്ലാതിരിക്കാം രണ്ടായാലും ഗുരുവിനെ സംബന്ധിച്ചിടത്തോളം അത് പ്രസക്തമല്ല. കാരണം ഗുരു ഒരു പ്രമാണവാദിയായിരുന്നില്ല. ബ്രഹ്മസൂത്രത്തിലെ പരാമര്‍ശത്തെ മുന്‍നിര്‍ത്തി ‘അവിടെ ശങ്കരനു തെറ്റിപ്പോയി ‘ എന്ന് ഗുരു പ്രഖ്യാപിച്ചിട്ടുള്ളതും ‘ ശങ്കരാചാര്യര്‍ വലിയ ആളായിരുന്നിരിക്കാം; ജാതിയുടെ കാര്യത്തില്‍ ചെറിയ ആളായിരുന്നു ‘ എന്നു ചൂണ്ടിക്കാണിച്ചിട്ടുള്ളതും ഇവിടെ ഓര്‍ക്കാം. മത ഗ്രന്ഥത്തില്‍ പ്രമാണമുണ്ടെങ്കില്‍ ഏതു തെറ്റിനെയും ന്യായീകരിക്കുകയും അതിനപ്പുറം ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവരില്‍ നിന്നും വ്യത്യസ്തമായ വഴിയാണ് ഗുരു സ്വീകരിച്ചത്. ഇത്തരം തര്‍ക്കവിതര്‍ക്കങ്ങളിലേക്ക് ഗുരു പ്രവേശിച്ചതേയില്ല. പകരം സ്വകീയ സിദ്ധാന്തംകൊണ്ട് അന്നോളമുള്ള യാഥാസ്ഥിതികത്വത്തെ ഗുരു തച്ചുതകര്‍ത്തു. ഗുരുവിന്റെ ജാതി നിര്‍ണയവും ജാതി ലക്ഷണവും അതിന്റെ പ്രഖ്യാപനമായിരുന്നു. ഒരു നൂറ്റാണ്ടിനിപ്പുറവും ‘മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ഗോത്വം ഗവാം യഥാ ‘ എന്ന ഗുരുവിന്റെ ദര്‍ശനം ബ്രാഹ്മണ്യത്തിനു മനസ്സിലായിട്ടില്ല. അതിന്റെ തെളിവാണ് കൂടല്‍മാണിക്യത്തിലെ തന്ത്രി സമരം.

വൈക്കത്തു നിന്നും
കൂടല്‍മാണിക്യത്തിലെത്തുമ്പോള്‍
മഹാത്മാഗാന്ധിയെ മനക്കകത്തേക്കു പ്രവേശിപ്പിക്കാതെ അയിത്തമാചരിച്ച ഇണ്ടന്തുരുത്തി നമ്പ്യാതിരിക്ക് ഒരു നൂറ്റാണ്ടിനിപ്പുറവും കേരളത്തില്‍ പിന്‍ഗാമികളുണ്ടെന്ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാര്‍ തെളിയിച്ചിരിക്കുകയാണ്. കേരളദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് കൂടല്‍മാണിക്യം ദേവസ്വത്തിലെ കഴകം തസ്തികയിലേക്ക് ചട്ടപ്രകാരം അപേക്ഷ ക്ഷണിക്കുകയും ( കാറ്റഗറി നമ്പര്‍ 17/2023) പരീക്ഷ ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ശ നല്‍കുകയുമുണ്ടായി. ഇപ്രകാരം നിയമിതനായ ബാലു ബി.എ. എന്ന വ്യക്തി ഈഴവ സമുദായാംഗമായതിനാല്‍ അദ്ദേഹത്തെ കഴകപ്രവൃത്തി ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ക്ഷേത്രം തന്ത്രിമാരുടെ തീരുമാനം. തങ്ങളുടെ ആവശ്യം നടപ്പിലാകുന്നതുവരെ ചടങ്ങുകള്‍ ബഹിഷ്‌ക്കരിക്കുമെന്നറിയിച്ചു കൊണ്ട് തന്ത്രിമാര്‍ കത്തു നല്‍കിയിരുന്നതായും വാര്‍ത്തയുണ്ട്. ഈ ഭീഷണിക്ക് ഭാഗികമായി വഴങ്ങിക്കൊണ്ട് ബാലുവിനെ ഓഫീസ് ജോലിയിലേക്കും പിഷാരടി സമുദായാംഗമായ ഒരു ജീവനക്കാരനെ കഴകക്കാരനായും താല്ക്കാലികമായി ചുമതല മാറ്റി നല്‍കി പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ് .
ഈഴവരും മറ്റു അവര്‍ണ വിഭാഗക്കാരുമെല്ലാം ബ്രാഹ്മണരില്‍നിന്നും ദൈവത്തില്‍നിന്നും നാല്പത്തെട്ടടി അകലം പാലിച്ചു മാറി നില്ക്കണമെന്ന ശാങ്കരസ്മൃതി നിയമം അണുവിട തെറ്റാതെ പാലിക്കാന്‍ പഴുതുനോക്കുന്നവരാണ് കൂടല്‍മാണിക്യത്തിലെ തന്ത്രിമാരെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു. മാത്രമല്ല കേരളനിയമസഭ പാസാക്കിയ നിയമം അനുസരിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നും പകരം തങ്ങളുടെ താംബൂല പ്രശ്‌നവിധിയെ നിയമമായി എല്ലാവരും അംഗീകരിക്കണമെന്നുമാണ് ബ്രാഹ്മണതന്ത്രിമാരുടെ പക്ഷം. കൂടല്‍മാണിക്യം ഒരു ക്ഷേത്രസങ്കേതവും ഇരിങ്ങാലക്കുട ഒരു സ്വതന്ത്ര ബ്രാഹ്മണഭരണ പ്രദേശവുമാണെന്ന തോന്നലാണ് ഇപ്പോഴും തന്ത്രി കുടുംബങ്ങള്‍ക്കുള്ളത്. തച്ചുടയകൈമളെ അധികാരത്തിന്റെ കേന്ദ്രത്തില്‍ നിര്‍ത്തികൊണ്ട് ക്ഷേത്രസങ്കേതത്തെ ഒരു സ്വതന്ത്രനാട്ടുരാജ്യം പോലെ കൊണ്ടു നടന്നിരുന്നവരാണ് ഇരിങ്ങാലക്കുടയിലെ പുരോഹിതവര്‍ഗ്ഗം. ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിച്ചു കൊടുക്കാന്‍ പറ്റുന്ന വാദഗതികളല്ല ഇവയെന്നു വ്യക്തം.കൂടല്‍മാണിക്യം തന്ത്രിമാരുടെ ധാര്‍ഷ്ട്യം ഇന്നുമിന്നലെയും തുടങ്ങിയതല്ലെന്നു ചുരുക്കം.

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായ ബി എ ബാലു

1932 നവംബര്‍ 25 ന് തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ക്ഷേത്ര പ്രവേശന അന്വേഷണ കമ്മിറ്റി (The Temple Entry Enquiry Committee) പ്രഖ്യാപിച്ചപ്പോള്‍ അതിലെ ഏഴാമത് അംഗത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നില്ല. പകരം തരണനല്ലൂര്‍ നമ്പൂതിരിപ്പാടിനാല്‍ തിരഞ്ഞെടുത്തു നിശ്ചയിക്കപ്പെടുന്ന ഒരു മഹാന്‍ ( One gentleman nominated by the Tarananallur Namputiripad ) എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അന്നത്തെ തിരുവിതാംകൂറിലെ സനാതന ധര്‍മ്മകാര്യങ്ങളില്‍ തരണനല്ലൂര്‍ നമ്പൂതിരിമാര്‍ക്കുണ്ടായിരുന്ന സ്വാധീനത്തിന്റെയും അപ്രമാദിത്വത്തിന്റെയും സൂചനയായി ഇതിനെ കണക്കാക്കാം. അന്ന് അന്വേഷണ കമ്മറ്റിയിലേക്ക് തരണനല്ലൂരിന്റെ നോമിനിയായി കടന്നുവന്നത് പുന്നശ്ശേരി നീലകണ്ഠശര്‍മ്മയായിരുന്നു. അദ്ദേഹമാകട്ടെ ഈ വിഷയത്തില്‍ ‘യാഥാസ്ഥിതികരുടെ പ്രതിനിധിയായ ‘ ‘എന്റെ അഭിപ്രായങ്ങളെ വിശദപ്പെടുത്തി മലയാളത്തില്‍ എഴുതിയ ഒരു റിപ്പോര്‍ട്ട് ‘ സമര്‍പ്പിക്കുന്നതായി അറിയിക്കുന്നുണ്ട്. തരണനല്ലൂര്‍ നേതൃത്വം നല്‍കിയ ജാതിബ്രാഹ്മണ്യം അവര്‍ണരോടും ദളിതരോടുമൊക്കെ വച്ചുപുലര്‍ത്തുന്ന ‘ധാര്‍മ്മിക സമീപനം’ വ്യക്തമാക്കുന്ന രേഖയായി പുന്നശ്ശേരിയുടെ പന്ത്രണ്ട് അധ്യായങ്ങളുള്ള വിയോജനക്കുറിപ്പ് ചരിത്രത്തിലുണ്ട്. വര്‍ത്തമാനകാലത്തും ആ നിലപാടില്‍ തന്നെയാണ് ജാതിബ്രാഹ്മണ്യത്തിന്റെ നില്പെന്ന് ഇപ്പോള്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിയമിതനായ ഈഴവ സമുദായാംഗമായ കഴകക്കാരനോട് തരണനല്ലൂര്‍ പുലര്‍ത്തുന്ന ജാതി അയിത്തത്തില്‍ നിന്നും തെളിയുകയാണ്.
മഹാത്മാ ഗാന്ധിക്കു മുന്‍പില്‍ശാങ്കരസ്മൃതി ഉയര്‍ത്തിക്കാട്ടിയ ഇണ്ടന്തുരുത്തിയെപ്പോലെ ഹിന്ദുമതത്തിലെ വിവിധ പ്രാമാണിക ഗ്രന്ഥങ്ങളില്‍ നിന്നും ഉദ്ധരണികള്‍ എടുത്തുകാണിക്കുകയാണ് പുന്നശ്ശേരിയിവിടെ. രാഷ്ട്രീയമായ കാരണങ്ങളാല്‍ പുന്നശേരിയുടെ റിപ്പോര്‍ട്ടിനെ മറികടന്ന് വിളംബരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇതേ തന്ത്രി കുടുംബങ്ങള്‍ തങ്ങളുടെ നിലപാടില്‍ തിരുവിതാംകൂര്‍ രാജാവിനോട് വിട്ടുവീഴ്ച്ച ചെയ്യുകയുണ്ടായി. തിരുവിതാംകൂറിലെ വിളംബരത്തിനു ശേഷവും കൊച്ചിയില്‍ അവര്‍ണരെ ക്ഷേത്രത്തില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് നാട്ടുരാജ്യമായ കൊച്ചിക്കുണ്ടായിരുന്നത്. ഇരു രാജ്യങ്ങളിലെയും ധാരാളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശം കൈവശം വച്ചിരുന്ന തരണനല്ലൂര്‍ ഈ ഘട്ടത്തില്‍ വലിയ പ്രതിസന്ധിയിലകപ്പെട്ടതായും കാണാം. 1971 ലെ ഏഴാമത് നിയമമായി കൂടല്‍മാണിക്യം ദേവസ്വം ആക്ട് പാസാക്കിയതോടെയാണ് കൂടല്‍മാണിക്യത്തിലെ ബ്രാഹ്മണാധിപത്യത്തിന് ശമനം വന്നത്. അതോടെ അല്പകാലത്തേക്ക് അടങ്ങിയ ബ്രാഹ്മണ്യഹുങ്ക് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്.
നിലവില്‍ജോലി ചെയ്യുന്ന പാരമ്പര്യ കഴക്കാരനെ മാറ്റി, പകരം തെറ്റായ വിധത്തില്‍ ഈഴവ സമുദായക്കാരനെ തിരുകികയറ്റിയെന്ന സവര്‍ണ യാഥാസ്ഥിതികരുടെ പ്രചരണത്തിലും യാതൊരു കഴമ്പുമില്ല. താന്‍ കാരാണ്മാവകാശിയല്ലെന്ന് ബോധ്യമുള്ള വടക്കേവാര്യത്തെ മുന്‍ താല്കാലിക ജീവനക്കാരന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് വിജ്ഞാപനപ്രകാരം ഉദ്യോഗത്തിന് അപേക്ഷിക്കുകയും പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. തന്റെ കാരാണ്മാ അവകാശത്തെപ്പറ്റി അദ്ദേഹത്തിനുപോലുമില്ലാത്ത അവകാശവാദങ്ങളാണ് ഇതു ജാതിവിവേചനമല്ലെന്നു വാദിക്കുന്നവര്‍ക്കുള്ളത്.
കാരാണ്മാ അവകാശം ഏതെങ്കിലും ജാതിക്കോ സമുദായത്തിനോ ഉള്ളതല്ലെന്നും പാരമ്പര്യ കുടുംബങ്ങള്‍ക്കുള്ളതാണെന്നും ആ സമ്പ്രദായത്തെ പിന്തുണക്കുന്നവര്‍ പറയുന്നുണ്ട്. നിലവിലെ ദേവസ്വം ചട്ടങ്ങളും അതു ശരിവയ്ക്കുന്നു. കാരാണ്മാ അവകാശികള്‍ അത് ഉപേക്ഷിക്കുയോ നിര്‍വഹിക്കാതിരിക്കുയോ ചെയ്താല്‍ പ്രസ്തുത തസ്തിക പൊതു ഒഴിവായി മാറുകയും ഹിന്ദുമതവിശ്വാസിയായ ഏതൊരാള്‍ക്കും അതിലേക്ക് മാനദണ്ഡങ്ങളനുസരിച്ച് മത്സരിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. ഈ അവസരം ഒരുപോലെ പ്രയോജനപ്പെടുത്തിയ രണ്ടു വ്യക്തികളാണ് ഈഴവ സമുദായക്കാരനായ ബാലുവും മുന്‍ താല്കാലിക ജീവനക്കാരനായ വാര്യര്‍ സമുദായാംഗവും. വിജയിച്ചതും ജോലിനേടിയതും അവര്‍ണ്ണനായതിനാലാണ് തന്ത്രിമാര്‍ എതിര്‍ത്തതും ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചതുമെന്ന് വ്യക്തമാണ്.
തെക്കേവാര്യത്തിന്റെ കഴകാവകാശം ദേവസ്വം അനധികൃതമായി തിരിച്ചെടുത്തുവെന്ന വാദവും ശരിയല്ല. അവരുടെ അഭ്യര്‍ത്ഥനപ്രകാരം രണ്ടുമാസത്തെ കഴകാവകാശം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് പുതിയ നിയമനം നടന്നിട്ടുള്ളത്. ഇക്കാര്യം നോട്ടിഫിക്കേഷനിലും നിയമസഭയിലുമടക്കം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. പിഷാരടി കുടുംബങ്ങള്‍ക്കുണ്ടായിരുന്ന പത്തുമാസത്തെ കാരാണ്മാവകാശം കൂടി തങ്ങള്‍ക്ക് കൈമാറണമെന്ന് തെക്കേവാര്യം കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത് നിയമപരമായി നിലനില്‍ക്കില്ല.
ഹിന്ദുഐക്യം തര്‍ക്കാനുള്ള ഗൂഢലോചനയാണ് ഈ വിവാദമെന്ന തുറുപ്പുചീട്ടുമായി ചിലര്‍ രംഗത്തുണ്ട്. നഷ്ടപ്പെട്ട സവര്‍ണ ജാത്യാധികാരങ്ങളും ഫ്യൂഡല്‍ അവകാശങ്ങളും ഏതുവിധേനയും തിരിച്ചുപിടിക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന ചില തീവ്ര ബ്രാഹ്മണ്യവാദികളാണ് വിവാദത്തിനു പിന്നിലെന്ന് പകല്‍പോലെ വ്യക്തമായിരിക്കെ ഈ വാദം പരിഹാസ്യമാണ്. അവരുടെ പരീക്ഷണശാലയാണ് കൂടല്‍മാണിക്യം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍. ക്ഷേത്രാങ്കണങ്ങളില്‍ നിന്നാരംഭിച്ചിട്ടുള്ള ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളിയില്ലെങ്കില്‍ നവോത്ഥാന കേരളം ദുഃഖിക്കേണ്ടിവരും.
ഇനിയെങ്കിലും സവര്‍ണ യാഥാസ്ഥിതികര്‍ തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിച്ച് ബാലുവിന് അര്‍ഹതപ്പെട്ട ജോലി ചെയ്യാനുള്ള അവസരമൊരുക്കണം. അതിനു പകരം ഇണ്ടന്തുരുത്തി നമ്പ്യാതിരി ഗാന്ധിജിയുടെ മുന്‍പില്‍ ചെയ്തതുപോലെ നിങ്ങളുടെ ചിതലരിച്ച പനയോലക്കെട്ടുകള്‍ കൊണ്ടുവന്ന് അയിത്താചാരത്തിനായി വാദിക്കരുത്. ഇനിയും തന്ത്രിമാര്‍ സ്മൃതി നോക്കിയാല്‍ സര്‍ക്കാര്‍ ഭരണഘടന നോക്കണം. തന്ത്രിമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ ഗാന്ധിജി – ശ്രീനാരായണ ഗുരു കൂടിക്കാഴ്ച്ചയുടെ ശതാബ്ദി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണമാകൂ.

(ഗവേഷകനും പ്രഭാഷകനുമായ ലേഖകന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ആയി പ്രവര്‍ത്തിക്കുന്നു.ഫോണ്‍: 9446722699)

Author

Scroll to top
Close
Browse Categories