വിദ്യാഭ്യാസ മൂല്യങ്ങൾ തകർന്നടിയുമ്പോൾ
പാഠപുസ്തകങ്ങളുടെ
ശിരഛേദവും വ്യാജബിരുദവും
ശ്രീനാരായണ ഗുരു കാലാതീതമായ ഒരു പാഠപുസ്തകമാണ്. അത് തിരിച്ചറിയാന്‍ കഴിയാതെ പോകുമ്പോഴാണ് ഗുരുവിനെ പാഠ്യപദ്ധതിയില്‍ നിന്ന് തന്നെ അടര്‍ത്തിമാറ്റുന്നത്. വിദ്യാഭ്യാസത്തിന്റെ ചരിത്രപരമായ റോള്‍ പ്രബുദ്ധതയിലേയ്ക്കും വിമോചനത്തിലേയ്ക്കും നയിക്കുക എന്നതാണ്. ആ മഹത്തായ ലക്ഷ്യത്തെ തകര്‍ക്കുന്നതാണ് പഠിക്കാതെ പരീക്ഷ പാസാകുകയും ഇഷ്ടമില്ലാത്തതിനെ ഒഴിച്ചു നിര്‍ത്താന്‍ സിലബസ് വികൃതമാക്കുന്നതും.
കേരളം ആവര്‍ത്തിച്ച് പറഞ്ഞുറപ്പിച്ച ഒരു വാചകമാണ് കേരളം ഇന്ത്യയുടെ മാതൃക സംസ്ഥാനമാണെന്നത്. പല കാര്യങ്ങളിലും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് ശരിയുമാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ കേരളത്തിന്റെ സഞ്ചാരം മടക്കയാത്രപോലെയാണ്. ആചാര കേരളം പിന്നാക്ക ദളിത് ജനവിഭാഗങ്ങളുടെ സാമൂഹ്യ ജീവിതത്തിന് ഇരുണ്ട ലോകം നിര്‍മ്മിച്ചപ്പോള്‍ അത് പൊളിച്ച് നവ കേരളം നിര്‍മ്മിച്ചത് ശ്രീനാരായണ ഗുരുവായിരുന്നു. ശ്രീനാരായണഗുരു തുറന്ന ലോകത്താണ് സഹോദരനയ്യപ്പന് സ്വതന്ത്ര റിപ്പബ്ളിക്ക് സ്വപ്നം കണ്ടത്.
ഈഴവന് പ്രതിഷ്ഠ നടത്താന്‍ കഴിയുന്നതെങ്ങിനെ എന്ന് ലോകത്തിനു മുന്നില്‍ പ്രയോഗവത്കരിച്ചപ്പോള് ഗുരു കേരളത്തിന് പുതിയ ചിന്ത നല്‍കുകയായിരുന്നു. അതുവഴി പുതിയ ആകാശവും പുതിയ ഭൂമിയും പുതിയ മനുഷ്യനുവേണ്ടി നിര്‍മ്മിക്കപ്പെട്ടു. ഈ കാലത്തെയാണ് പിന്നീട് കേരള നവോത്ഥാനം എന്ന് ചരിത്രം രേഖപ്പെടുത്തിയത്. അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും മറ്റ് നിരവധി വിപ്ലവകാരികളായ മനുഷ്യരും അതിന്റെ പ്രവാഹദിശയിലുണ്ടായിരുന്നു. നവോത്ഥാനം അതുവരെ ഉണ്ടായിരുന്ന എല്ലാ നാട്ടുനടപ്പുകളെയും ചോദ്യം ചെയ്തു. പില്ക്കാലത്ത് പ്രൊഫസര്‍ എം. എന്‍. വിജയന് പറഞ്ഞത് നവോത്ഥാനം നിലവിലുള്ള എല്ലാത്തിനെയും ചോദ്യം ചെയ്തെന്നായിരുന്നു. ആ വിചാരണയില്‍ ഇളകാതെ നിന്നത് ഗുണനപ്പട്ടിക മാത്രമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. അതിന്റെ അര്‍ത്ഥം നവോത്ഥാനം അത്രമാത്രം മൗലികമായ മാറ്റമായിരുന്നു എന്നാണ്. വിമര്‍ശനത്തിന്റെ അഗ്നിവര്‍ഷിച്ച നവോത്ഥാന മനസ്സ് യുവാക്കളിലും വിദ്യാലയങ്ങളിലും മാറ്റൊലി സൃഷ്ടിച്ച് മതേതര മനുഷ്യനും മനുഷ്യസ്നേഹിയായ മനുഷ്യനും നിര്‍മ്മിക്കപ്പെട്ടു. അവിടെനിന്ന് കേരളം പടിയിറങ്ങിയപ്പോള്‍ കേരളം ഇന്ത്യയ്ക്ക് മാതൃകയല്ലാതെയായി.
ഇന്‍ഫര്‍മേഷന്‍ യുഗം
ശ്രീനാരായണ ഗുരു സൃഷ്ടിച്ച മൂല്യ വിദ്യാഭ്യാസത്തില്‍ നിന്ന് കേരളം അകന്നുപോവുകയാണ്. അതിനൊരു പ്രധാന കാരണം ജ്ഞാന സമൂഹത്തിന്റെ മാറ്റമാണ്. സമൂഹം ശ്രീനാരായണഗുരു വിപ്ലവകരമായി ഉടച്ചുവാര്‍ത്ത കാലത്തില്‍ നിന്ന് ബഹുദൂരം മുന്നോട്ട് സഞ്ചരിച്ചു കഴിഞ്ഞു. ഈ സഞ്ചാരത്തില്‍ സാമൂഹ്യ ക്രമത്തിലും മനുഷ്യ സ്വഭാവത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ഈ മാറ്റത്തെക്കുറിച്ച് ഫ്യൂക്കുയാമ പറഞ്ഞത് സമൂഹം ഇന്‍ഫര്‍മേഷന്‍ സൊസൈറ്റിയായി രൂപാന്തരപ്പെട്ടതിന്റെ ഫലങ്ങളാണ് അവയെന്നാണ്. താരതമ്യേന ചിലവ് കുറഞ്ഞ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എല്ലാ ദേശീയ അതിര്‍ത്തികളെയും വകഞ്ഞുമാറ്റി വിവരങ്ങളെ കൊണ്ടുപോവുകയാണ് ചെയ്തത്. നിലവിലുള്ള സാംസ്കാരിക അതിര്‍ത്തികളെ അത് മാച്ച് കളഞ്ഞു. അങ്ങിനെ ഉണ്ടായ എല്ലാ മാറ്റങ്ങളും ഗുണകരമായി കാണാന്‍ പാടില്ല എന്ന അഭിപ്രായമാണ് ഫ്യൂക്യുയാമയ്ക്കുള്ളത്. പലതും മോശമായ മാറ്റങ്ങളായിരുന്നു. വ്യവസായ ലോകത്തിന്റെ ജീര്‍ണ്ണിച്ചുപോയ മനുഷ്യബന്ധങ്ങളെ ഇന്‍ഫര്‍മേഷന്‍ യുഗം തുറന്നുകാട്ടി. ഒരു സാമൂഹ്യ സ്ഥാപനമെന്ന നിലയില്‍ ഉറ്റവര്‍ തമ്മിലുള്ള ബന്ധത്തെ അത് പൊളിച്ചടുക്കി. കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകി, അച്ഛനില്ലാത്ത കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു, എച്ച്.ഐ.വി./എയ്ഡ്സ് പെരുകി, ഡ്രഗ് ആഡിക്റ്റിസിന്റെ എണ്ണവും ആല്‍ക്കഹോളിക്ക് ആഡ്ക്റ്റിസ്ന്റെ എണ്ണവും വര്‍ദ്ധിച്ചു.
വിശ്വാസത്തകര്‍ച്ച
ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി സൃഷ്ടിച്ച രണ്ട് തരം ദുരന്തങ്ങളാണ് നമ്മുടെ വിദ്യാഭ്യാസത്തെ ജീര്‍ണ്ണിപ്പിക്കുന്നത്. അതിലൊന്ന് പഠിക്കാതെ, പരീക്ഷ എഴുതാതെ ബിരുദം നേടുന്ന പ്രവണത ശക്തിപ്പെടുന്നതാണ്. ക്ലാസ്സ് മുറികള്‍ സംസ്കാര നിര്‍മ്മിതിയുടെ ഫാക്ടറികളാണ്. പിയറി ബോര്‍ദിയോ (Pierre Bourdiew) എന്ന വിദ്യാഭ്യാസ വിചക്ഷകന്‍ പറഞ്ഞത് ഓരോ കുട്ടിയും ക്ലാസ്സ് മുറിയുടെ പടി കയറിവരുന്നത് വിഭിന്നമായ സാംസ്കാരിക മൂലധനവുമായാണ് (cultural capital) . ഇതിനെ പരിഷ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്യലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. നമ്മുടേത് ജ്ഞാന സമൂഹമാണ്. ഇവിടെ അദ്ധ്യാപകരുടെ പങ്കും സൃഷ്ടിപരമായ പ്രൊഫഷണലിസത്തിന്റെ കഴിവും വളരെ പ്രധാനപ്പെട്ടതാണ്. അത് മനസ്സിലാക്കിയ ചിന്തകന്‍ ഡേവിസ് ഹാര്‍ഗ്രീവ്സ് ഇന്നത്തെ പ്രധാന ആവശ്യം അറിവ് ഉല്പാദിപ്പിക്കുന്ന സ്കൂളുകളാണ് എന്ന് (Knowledge creating schools) പറഞ്ഞു. മനുഷ്യരാശിയുടെ നിരന്തരപുരോഗതിക്ക് ആവശ്യങ്ങളും പ്രതിബദ്ധതയും പരസ്പരം ഉരുകിച്ചേര്‍ന്ന ഒരു സംസ്കാരം അനിവാര്യമാണ്. സൗഹാര്‍ദ്ദപരമായ ടാസ്ക്-റിലവന്റ് ബന്ധങ്ങള്‍ ഉണ്ടാവുന്നതും ഈ സ്കൂളുകളിലാണ്. പുതിയ ആശയങ്ങളുമായി പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രാപ്തമാക്കുന്ന സംവിധാനമായി സ്കൂള്‍ സിസ്റ്റം മാറണം. പക്ഷെ, വ്യാജനിര്മ്മിതികളിലാണ് പലരും കുടുങ്ങുന്നത്. ഇന്‍ഫര്‍മേഷന്‍ സൊസൈറ്റിയിലേക്കുള്ള സംക്രമണത്തിന്റെ മറ്റ് നെഗറ്റീവ്സ് ഇതിനേക്കാള്‍ മാരകമാണ്. അതില്‍ പ്രധാനപ്പെട്ടതാണ് വിശ്വാസത്തകര്‍ച്ച. സ്ഥാപനങ്ങളിലും രാഷ്ട്രീയ നേതാക്കളിലും വിശ്വാസമില്ലായ്മ, മനുഷ്യ സ്വഭാവത്തെക്കുറിച്ച് നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ ദുര്‍ബലപ്പെട്ടത്, വ്യക്തിസ്വാതന്ത്ര്യം പാരമ്യത്തിലെത്തിയത്, വ്യക്തികളെ പരസ്പരം ഇഴചേര്‍ക്കുന്ന സാമൂഹ്യ പ്രതിബദ്ധതയുടെ മസൃണമായ ചരടുകള്‍ മുറിഞ്ഞുപോയത് – ഇതെല്ലാം സ്കൂളുകളുടെ സോഷ്യല്‍ ഫംങ്ഷനെ പ്രതികൂലമായി ബാധിച്ചു. കുട്ടികള്‍ അദ്ധ്യാപകരെ ബഹുമാനിക്കാതെയായി. അദ്ധ്യാപകര്‍ക്ക് ബഹുമാനം നല്കാന് കുട്ടികളെ പ്രാപ്തരാക്കുന്നതില് അച്ഛനമ്മമാര്‍ പരാജയപ്പെട്ടു. ഇതിന്റെ ആകെയുള്ള ഫലം അന്തസുള്ള യോഗ്യരായ അദ്ധ്യാപകര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇല്ലാതായതാണ്.
ഗുഢാലോചനയുടെ ഇരുണ്ട ഭൂമി
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കേരളം എസ്.എഫ്.ഐ. രാഷ്ട്രീയം ചര്‍ച്ച ചെയ്തത് നേതാക്കളുടെ മദ്യപാനവും തുടര്‍ന്ന് നടന്ന ചടുല നൃത്തത്തിന്റെയും പേരിലായിരുന്നു. എസ്.എഫ്.ഐ. യുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു ആ മദിരോത്സവത്തിന് നേതൃത്വം നല്‍കിയത്. ഗതികെട്ട് പാര്‍ട്ടി ഇരുവരെയും പുറത്താക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സഹപ്രവര്‍ത്തകനെ കുത്താന്‍ ഓണ്‍ലൈനില്‍ കത്തി വരുത്തിയ പ്രവര്ത്തകന് ഉണ്ടായിരുന്നു. അവിടെത്തന്നെയാണ് എസ്.എഫ്.ഐ. നേതാക്കളുടെ അക്രമം സഹിക്കാന്‍ പറ്റാതെ, മാനസിക പീഡനത്തിന്റെ തീവ്രതയില്‍ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുണ്ടകളുടെ മാനസിക പീഡനത്തില്‍ നിന്ന് രക്ഷനേടാന്‍ ആ കുട്ടി അവസാനം ടി.സി. വാങ്ങി. ഇതേ കോളേജില്‍ തന്നെയാണ് പി.എസ്.സി. പരീക്ഷാ തട്ടിപ്പിന് എസ്.എഫ്.ഐ. നേതാക്കള്‍ പിടിയിലായത്.
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ എസ്.എഫ്.ഐ. നേതാവ് നടത്തിയ ആള്‍മാറാട്ടം അമ്പരിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്. എസ്.എഫ്.ഐ.യുടെ യൂണിയന് കൗണ്‍സിലറായി ജയിച്ചത് അനഘയായിരുന്നു. അനഘയ്ക്ക് പകരം എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി വിശാഖിന്റെ പേരെഴുതി സര്‍വ്വകലാശാലയ്ക്ക് അയച്ച പ്രിന്‍സിപ്പലും അതിന് ഒത്താശ ചെയ്ത രാഷ്ട്രീയ നേതൃത്വവും ആരെയും ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്. പ്രിന്‍സിപ്പാളിന്റെ രാഷ്ട്രീയം എതിര്‍പക്ഷത്താണ് എന്നത് വീണ്ടും ഭയപ്പാടാണ് നിര്‍മ്മിക്കുന്നത്. കാരണം, കേരളം രാഷ്ട്രീയ ഭേദമന്യേ ജനവിരുദ്ധ ഗുഢാലോചനയുടെ ഇരുണ്ട ഭൂമിയായി മാറുകയാണ് എന്ന് അത് വിളിച്ചു പറയുന്നു. ജനാധിപത്യം ക്യാമ്പസിന്റെ ഇടനാഴികളില്‍ ശ്വാസംമുട്ടിമരിക്കുന്നു.
സര്‍വ്വകലാശാലകളെ
ശവക്കച്ച പുതപ്പിക്കുമ്പോൾ
മറ്റൊരു കഥ ‘വിദ്യ’യുടേതാണ്. മഹാരാജാസ് കോളേജ് എസ്.എഫ്.ഐ. പി.ജി. റെപ്രസന്റേറ്റീവും കാലടി സര്‍വ്വകലാശാലയുടെ യൂണിയന് ജനറല്‍ സെക്രട്ടറിയുമായിരുന്ന വിദ്യ വ്യാജരേഖ നിര്‍മ്മിച്ച് ജോലി സമ്പാദിക്കാന്‍ ശ്രമിച്ചതിന് പിടിക്കപ്പെടുകയായിരുന്നു. രണ്ട് കോളേജുകളില്‍ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് വിദ്യ ഹാജരാക്കിയത്. വേറൊരു ഗുരുതരമായ കേസില്‍ക്കൂടി വിദ്യ പ്രതിയാണ്. നിലവിലുള്ള സംവരണ തത്വം അട്ടിമറിച്ചാണ് വിദ്യ പി.എച്ച്.ഡി. പ്രവേശനം നേടിയതെന്നാണ്. ഇതെല്ലാം വിദ്യ ഒറ്റക്കാണ് ചെയ്തതെന്ന് ആരും കരുതുന്നില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അതീവ ഗുരുതരമായ കുറ്റവാസനയുടെ ഇരിപ്പിടമായി മാറിയ ഒരു കൂട്ടം മനുഷ്യരുടെ സാന്നിദ്ധ്യമുണ്ട്. അവര്‍കൂടി ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ വന്ന് വിദ്യയ്ക്കെതിരെ പോസ്റ്റിട്ടുകൊണ്ടിരിക്കയാണ്. ഗവേഷണ പ്രബന്ധത്തില്‍ ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിള്ളിയുടെ പിടലിയില്‍ എഴുതിച്ചേര്‍ത്ത ചിന്താ ജെറോമും വ്യാജ നിര്‍മ്മിതിയിലെ നാണക്കേടാണ്. ചുരുക്കത്തില്‍ എസ്.എഫ്.ഐ. നേതാക്കളുടെ ഒരു നിര അത്യദ്ധ്വാനം ചെയ്യുന്നത് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്വതന്ത്ര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്ക് നിര്‍മ്മിക്കാനല്ല, മറിച്ച് ജ്ഞാനപ്രസരണ കേന്ദ്രമായ സര്വ്വകലാശാലകളെത്തന്നെ ശവക്കച്ച പുതപ്പിക്കാനാണ്.
ഇന്ത്യയില്‍ വ്യാപകമായി വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകളും വില്പന നടത്തുന്ന സംഘടിത മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അലങ്കാരമായി ആഘോഷിക്കുന്ന സമൂഹത്തിന്റെ ദുരന്തമാണത്. വിദ്യാഭ്യാസം എന്നത് മനുഷ്യനിര്‍മ്മാണമാണ് എന്ന അടിസ്ഥാന തത്വം അട്ടിമറിക്കപ്പെട്ടിടത്താണ് വ്യാജന്മാരുടെ വിളയാട്ടം ആരംഭിക്കുന്നത്. ആളുകള്‍ ‘പ്രാഞ്ചിയേട്ടന്മാര്’ ആകാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ വെളിച്ചപ്പെടുമ്പോള്‍ എല്ലാവരും അവര്‍ക്കെതിരെ അണിനിരക്കും. കാരണം വ്യാജന്മാരെ പൊതുസമൂഹത്തില്‍ പിന്തുണയ്ക്കുന്നത് ആത്മഹത്യയാണ്. സ്വന്തം ഇമേജുകള്‍ പോളിഷ് ചെയ്തു ജീവിക്കുന്ന മലയാളിക്ക് വ്യാജന്മാരുടെ പൊയ്മുഖം അടര്‍ന്നു വീഴുമ്പോള്‍ അതിനെ കല്ലെറിഞ്ഞ് വികൃതമാക്കാനാണ് ആവേശം. അതിനാല്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും വ്യാജന്മാരെ തുരത്തും.
പാഠപുസ്തകങ്ങളുടെ
ശിരഛേദം
ഇതില്‍ നിന്ന് വേറിട്ട സ്ഥിതിയാണ് പഠന സിലബസ്സ് അപ്പാടെ രാഷ്ട്രീയവത്കരിക്കുന്ന പ്രക്രിയ. സിലബസ്സില്‍ നിന്ന് പഠന വിഷയങ്ങള്‍ ശിരഛേദം ചെയ്യപ്പെടുന്നതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തെറ്റുകാണില്ല. അതിനെ അവര്‍ ന്യായീകരിക്കും. എതിര് രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനെ എതിര്‍ക്കും. കാരണം, വിദ്യാഭ്യാസം ഭരണവര്‍ഗത്തിന് ഒരു ആയുധമാണ് എന്നതാണ്. കുട്ടികളെ ചെറുപ്പത്തിലേ പിടികൂടി തങ്ങളുടെ പ്രത്യയശാസ്ത്ര പ്രചാരകരാക്കാന്‍ ഭരണാധികാരി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അധികാരം ക്ലാസ്സ് മുറികളിലേയ്ക്ക് കയറിച്ചെല്ലുന്നത്.
വിദ്യാഭ്യാസരംഗം ഇന്ന് നേരിടുന്ന മറ്റൊരു ഗുരുതരമായ പ്രതിസന്ധി ഭരണകൂടത്തിന്റെ ആഗ്രഹത്തിനനുസരിച്ച് വിദ്യാര്‍ത്ഥി എന്ത് പഠിക്കണം എന്ന് നിശ്ചയിക്കലാണ്. അത് നടപ്പിലാക്കാന്‍ പലപ്പോഴും ഭരണകൂടം തെരഞ്ഞെടുക്കുന്ന വഴി പാഠ്യപദ്ധതി പരിഷ്കരണം എന്ന ഉപകരണമാണ്. യഥാര്‍ത്ഥത്തില്‍ പാഠ്യപദ്ധതി പരിഷ്കരണം വിദ്യാഭ്യാസത്തിന്റെ സ്വാഭാവിക വികസനത്തിന് ആവശ്യമാണ്. അതൊരു നിരന്തര പ്രക്രിയയാണ്. പുതിയ അറിവുകള്‍ വികസിക്കുന്നതിന്റെ ഫലമായി പൊതുസമീപനം, പഠനബോധന പ്രവര്‍ത്തനം, വിലയിരുത്തല്‍ സമീപനം, വിവിധ വിഷയങ്ങളിലെ ആശയപരമായ ഉള്ളടക്കം എന്നിവ നവീകരിക്കേണ്ടിവരും. അപ്പോള്‍ പാഠ്യപദ്ധതി പരിഷ്കരണം അനിവാര്യതയാണ്. എന്നാല്‍ ഇതിനെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിവാദം ക്ഷണിച്ചുവരുത്തും.
കേന്ദ്ര ഗവണ്മെന്റ് മോദി പ്രധാനമന്ത്രിയായ ശേഷം എന്‍.സി.ഇ.ആര്.ടി. പുസ്തകങ്ങള്‍ മൂന്ന് വട്ടം പരിഷ്കരിച്ചു കഴിഞ്ഞു. 2017-ലായിരുന്നു. ആദ്യ പരിഷ്കരണം. നിലവിലുള്ള പഠന സംവിധാനത്തിന്റെ അവലോകനം എന്ന നിലയില്‍ പാഠ്യപദ്ധതിയെ സമീപിക്കുകയും അതിനെ പരിഷ്കരിക്കുകയുമാണ് അന്ന് ചെയ്തത്. സമീപകാല സംഭവങ്ങളെകൂടി ഉള്‍പ്പെടുത്തി പാഠപുസ്തകങ്ങളെ കാലികമാക്കലായിരുന്നു പ്രധാന ലക്ഷ്യം. അവലോകനത്തിന്റെ ഫലം എന്ന നിലയില്‍ 182 പാഠപുസ്തകങ്ങള്‍ തിരുത്തി. ഈ തിരുത്തല്‍ പക്ഷെ, അത്ര നിഷ്കളങ്കമായിരുന്നില്ല. ദേശീയതാവാദ രാഷ്ട്രീയത്തിന് പെയിന്റടിച്ച് പുതുക്കാനാണ് പരിഷ്കരണത്തിന് ഇറങ്ങിയവര്‍ക്ക് ആഗ്രഹം. വിദ്യാഭ്യാസ മന്ത്രാലയം അത് സ്ഥിരീകിച്ചു. ദേശീയതാഭിമാന ചിഹ്നങ്ങളിലും ധീരനായകരിലും ഊന്നല്‍ നല്കിയ പരിഷ്കരണമായിരുന്നു നടന്നത്. ഭാരതീയമായ പുരാതന വൈജ്ഞാനിയത്തിനും അനുബന്ധ സമ്പ്രദായങ്ങള്‍ക്കും സിലബസ്സില്‍ കൂടുതല്‍ ഇടംകിട്ടി. മൊത്തം പാഠപുസ്തകങ്ങളില്‍ 20% വെട്ടിക്കുറവ് വരുത്തി.
2018-ല്‍ രണ്ടാം പരിഷ്കരണം സാക്ഷാത്കരിച്ചു. അതിന് നേതൃത്വം കൊടുത്തത് വിദ്യാഭ്യാസമന്ത്രി പ്രകാശ് ജാവദേക്കറായിരുന്നു. പ്രധാന ലക്ഷ്യം വിദ്യാര്‍ത്ഥികളുടെ സിലബസ് ഭാരം കുറയ്ക്കലായിരുന്നു. എന്നാല്‍ സംഭവിച്ചത് അയുക്തികമായ ദേശീയതാ അജണ്ടയ്ക്കനുസരിച്ച് പാഠപുസ്തകങ്ങളെ പരിഷ്ക്കരിക്കുകയായിരുന്നു. ചെരിപ്പിനനുസരിച്ച് കാല് മുറിക്കുന്ന പ്രക്രിയയായി അത് മാറി. സിലബസ്സിന്റെ അമ്പത് ശതമാനം വെട്ടിക്കുറച്ചു. അന്ന് ശസ്ത്രക്രിയക്ക് വിധേയമായത് ചരിത്ര സാമൂഹ്യ പുസ്തകങ്ങളായിരുന്നു. നമ്മുടെ ഭാഷയിലും വേഷത്തിലും സാമൂഹ്യ പ്രസ്ഥാനങ്ങള്‍ വരുത്തിയ മാറ്റത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ മുറിച്ചുമാറ്റി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തെയും എടുത്തുമാറ്റി. ക്രിക്കറ്റ് കളി ഭാരതീയ സാംസ്കാരിക പൈതൃകത്തെ തകര്‍ക്കും എന്ന അന്ധവിശ്വാസം കയറിക്കൂടിയ ചില വര്‍ഗീയ മനസ്സുകളായിരുന്നു ക്രിക്കറ്റ് കളിയുടെ ചരിത്രത്തെ പാഠ്യപദ്ധതിയില്‍നിന്ന് ഇറക്കിവിട്ടത്.
മൂന്നാംഘട്ട പാഠപുസ്തക പരിഷ്കരണം പ്രഖ്യാപിച്ചത് 2021-ലായിരുന്നു. കോവിഡ്-19 നെത്തുടര്‍ന്ന് നഷ്ടപ്പെട്ട അദ്ധ്യയന സമയം നികത്തുന്നതിന് പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങള്‍ വെട്ടിക്കുറക്കണം. ഈ പ്രക്രിയ തുടങ്ങിവച്ച ഘട്ടത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി അന്നപൂര്‍ണദേവി അത് വ്യക്തമാക്കിയിരുന്നു. ഉള്ളടക്ക ലഘൂകരണവും ക്രിയേറ്റിവിറ്റിക്ക് പ്രാധാന്യം നല്‍കലും സിലബസ് പരിഷ്കരണത്തിന്റെ ലക്ഷ്യമായിരുന്നു. പക്ഷെ, ഈ പ്രക്രിയ 2022 ജൂണില്‍ പൂര്‍ത്തീകരിച്ചെന്ന് എന്‍.സി.ഇ.ആര്.ടി. ഡയറക്ടര്‍ ദിനേഷ് സക്ലാനി അറിയിച്ചപ്പോള്‍ വിദ്യാഭ്യാസ വിചക്ഷണന്മാര് പുതിയ സിലബസ്സ് തിരിച്ചറിഞ്ഞു. വ്യാപകമായ പ്രതിഷേധമാണ് അപ്പോള്‍ അക്കാദമിക് സര്‍ക്കിളില്‍ ഉയര്‍ന്നത്. 2023-24 വര്‍ഷത്തില്‍ ഇത് നടപ്പാക്കുമെന്ന് എന്‍.സി.ഇ.ആര്.ടി. അറിയിക്കുകയും ചെയ്തു.
ജനാധിപത്യത്തെ
പുറത്തെറിയുമ്പോള്‍
കത്രികയുടെ പ്രവര്‍ത്തനം പൂര്‍ത്തിയായപ്പോള്‍ വിദ്യാഭ്യാസ രംഗത്തുള്ള വിദഗ്ദര്‍ ഞെട്ടി. ചരിത്രപുസ്തകത്തില്‍ നിന്ന് മുഗള്‍ ചരിത്രം എടുത്തുമാറ്റി. ഹിന്ദി പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെ പ്രകീര്‍ത്തിക്കുന്ന കവിതകള്‍ നീക്കം ചെയ്തു. പന്ത്രണ്ടാം ക്ലാസിലെ സിവിക്സ് പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തത് ‘അമേരിക്കന്‍ ആധിപത്യം ലോകരാഷ്ട്രീയത്തില്‍’ എന്ന അദ്ധ്യായവും ‘ശീതയുദ്ധ കാലഘട്ടം’ എന്ന പാഠഭാഗവുമാണ്. രാഷ്ട്രമീമാംസയുടെ പാഠഭാഗങ്ങളില്‍ നിന്ന് ‘ജനാധിപത്യവും വൈവിദ്ധ്യവും’, ‘ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും’, ‘ജനാധിപത്യത്തിന്റെ വെല്ലുവിളികള്‍’ എന്ന പാഠവും മുറിച്ചുമാറ്റി. ചുരുക്കത്തില്‍ രാഷ്ട്രമീമാംസ പഠിക്കുന്ന കുട്ടികള്‍ രാഷ്ട്രീയത്തിന്റെ അടിത്തറ മനസ്സിലാക്കേണ്ടതില്ല എന്നാണ് പാഠ്യപദ്ധതി പരിഷ്കരിക്കുന്നവര്‍ തീരുമാനിച്ചത്. കുട്ടികളുടെ പഠന പദ്ധതിയില്‍ നിന്ന് ജനാധിപത്യത്തെ പുറത്തെറിയുമ്പോള്‍ അത് നല്കുന്ന സന്ദേശം ഏകാധിപത്യ പ്രവണതകള്‍ക്ക് മനസ്സില്‍ ഇടം നിര്‍മ്മിക്കലാണ്.
ശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ത്ഥിയ്ക്ക് ശാസ്ത്രബോധം വേണ്ട എന്നതാണ് സിലബസ്സ് കമ്മറ്റിയുടെ തീരുമാനം. പഠന പദ്ധതിയില്‍ നിന്ന് ആവര്‍ത്തന പട്ടിക എടുത്തു മാറ്റിയപ്പോള്‍ യുക്തിസഹമായി രസതന്ത്രം പഠിക്കാനുള്ള വഴി അടയ്ക്കുകയാണ് ചെയ്തത്. ഓരോ മൂലകങ്ങളെക്കുറിച്ചും അവയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചും പഠിച്ചുകൊണ്ടാണ് രസതന്ത്ര വിദ്യാര്‍ത്ഥി പഠനപുരോഗതി നേടുന്നത്. അത് വേണ്ടെന്ന് തീരുമാനിക്കുമ്പോള്‍ ക്രിയേറ്റീവ് ലേണിംഗിന്റെ വഴിയടക്കുകയാണ്. കുട്ടികള്‍ ശാസ്ത്രവും മനഃപാഠമാക്കട്ടെ എന്ന് സിലബസ്സ് പരിഷ്കര്‍ത്താക്കള്‍ വിചാരിച്ചുകാണും. അല്ലെങ്കിലും ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ സയന്റഫിക് ടെമ്പറുള്ളവരായി എന്നത് അപ്രസക്തമായ കാഴ്ചപ്പാടാണ്. ശാസ്ത്രം പഠിച്ചതുകൊണ്ട് ഇവിടെ ആരും സയന്റിഫിക് ടെംമ്പറുള്ളവരായി മാറുന്നില്ല. റോക്കറ്റ് വിക്ഷേപത്തിനു മുമ്പ് തേങ്ങ ഉടക്കുന്ന ചടങ്ങ് മാറ്റാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്ക്ക് കഴിയില്ല. അവര്‍ ശാസ്ത്രജ്ഞരാണെങ്കിലും അത്രമാത്രം അന്ധവിശ്വാസമുള്ളവര്‍ കൂടിയാണ്.
സിലബസ്സില്‍നിന്ന് ഭരണ കര്‍ത്താക്കള്‍ക്ക് ഇഷ്ടമില്ലാത്ത വിഷയങ്ങളും ഇഷ്ടമില്ലാത്ത വ്യക്തികളും എടുത്തുമാറ്റപ്പെടാറുണ്ട്. ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി വീറോടെ വാദിച്ച അബ്ദുള്‍ കലാം ആസാദിനെ പാഠപുസ്തകത്തില്‍നിന്ന് നീക്കം ചെയ്തതും ഗാന്ധിവധത്തെയും ആര്.എസ്.എസ്. നിരോധനത്തെയും പറ്റിയുള്ള വസ്തുനിഷ്ഠ വിവരണവും വെട്ടിമാറ്റിയതും രാഷ്ട്രീയ പക്ഷപാതം കൊണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം കന്നഡ പാഠപുസ്തകങ്ങളില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെയും പെരിയോര്‍ രാമസ്വാമി നായ്ക്കരേയും ഒഴിവാക്കി. പകരം ആര്.എസ്.എസ്. സ്ഥാപകന്‍ ഹെഡ്ഗെവാറിനെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. വിഷയം വിവാദമായപ്പോള്‍ ശ്രീനാരായണ ഗുരുവിനെയും പെരിയോര്‍ രാമസ്വാമി നായ്ക്കരെയും മറ്റൊരു ക്ലാസ്സിലെ പാഠപുസ്തകത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവന്നു. വൈവിധ്യങ്ങളെ സംരക്ഷിച്ചു കൊണ്ടു മാത്രമേ ആവാസവ്യവസ്ഥ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ എന്ന തത്വം ജീവിതത്തില്‍ പ്രയോഗവത്കരിച്ച ശ്രീനാരായണ ഗുരു കാലാതീതമായ ഒരു പാഠപുസ്തകമാണ്. അത് തിരിച്ചറിയാന്‍ കഴിയാതെ പോകുമ്പോഴാണ് ഗുരുവിനെ പാഠ്യപദ്ധതിയില്‍ നിന്ന് തന്നെ അടര്‍ത്തിമാറ്റുന്നത്.
പാഠ്യപദ്ധതികളെ കാവിവത്കരിക്കുന്നതും ചുവന്ന പട്ട് ഉടുപ്പിക്കുന്നതും ജനാധിപത്യ വിരുദ്ധമാണ്. വിദ്യാഭ്യാസത്തിന്റെ ചരിത്രപരമായ റോള്‍ പ്രബുദ്ധതയിലേയ്ക്കും വിമോചനത്തിലേയ്ക്കും നയിക്കുക എന്നതാണ്. ആ മഹത്തായ ലക്ഷ്യത്തെ തകര്‍ക്കുന്നതാണ് പഠിക്കാതെ പരീക്ഷ പാസാകുകയും ഇഷ്ടമില്ലാത്തതിനെ ഒഴിച്ചു നിര്‍ത്താന്‍ സിലബസ് വികൃതമാക്കുന്നതും. ജീവിതത്തിന്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത് അടിസ്ഥാനപരമായി വിദ്യാഭ്യാസമാണ്. അത് മറന്നുപോകാതെ പ്രാവര്‍ത്തികമാക്കാന്‍ സമൂഹത്തിനു കഴിഞ്ഞാല്‍ മാത്രമേ വിദ്യാഭ്യാസം ഗുണകരമാകൂ.