ബൃഹദാഖ്യാനങ്ങള്‍ കൊണ്ട് (ആര്‍ക്ക്) എന്തു പ്രയോജനം ?
മലയാളത്തിലെ ചിലർ ആധികാരികതയുടെ അതിധീരന്മാർ എന്ന മട്ടിലാണ് എഴുത്തിൽ വ്യാപരിക്കുന്നത്. ബുദ്ധിപരമായ ഇത്തരം ബഫൂണറിയെ ചില എഴുത്തുകാർ പ്രൊഫൈൽ കൊണ്ട്തോൽപ്പിച്ചുകളയും. ജാതകപ്രകാരം ബൃഹദാഖ്യാനങ്ങളിൽ വ്യാപരിക്കുന്ന അത്തരം എഴുത്തുകാർ
ഉച്ചസ്ഥാനത്തു നിൽക്കുന്നതിനെ എതിർക്കാനും ഈ പ്രൊഫൈൽ മതിയാകും. ടി. പത്മനാഭന്റെ ‘സഖാവ് ‘ എന്ന കഥാപുസ്തകം മീറ്റർ കുറഞ്ഞ കഥകളുടേതാണ്.
The purpose of literature
is to turn blood into ink.
T. S . Eliot
എല്ലാ സാഹിത്യനിര്‍മ്മിതികളും ചരിത്രനിശ്ചയങ്ങളാണ്. പക്ഷെ നിത്യചരിത്രത്തിന്റെ ഭാഗമാകണമെങ്കില്‍ അബോധത്തിന്റെ ചുറ്റിക്കളികളില്‍ നിന്ന് ഒരു കൃതിയെ മോചിപ്പിച്ചു നിര്‍ത്തേണ്ടതുണ്ട്. വായനക്കാരന്റെ ധമനികളിലേക്ക് വിനിമയം ചെയ്യപ്പെടുന്ന കലാരൂപമായി ഒരു കൃതി മാറാന്‍ അത് ബൃഹദാകണമെന്നില്ല. സര്‍ഗ്ഗശക്തിയുടെ ക്രോധം നിറച്ചുവെച്ചിട്ടുള്ള ചില മൈക്രോ കൃതികള്‍ വായനയുടെ കലയെ പരിപോഷിപ്പിച്ചിട്ടുണ്ട്. പല കൃതികളേയും ഇന്നേവരെ ചതിച്ചിട്ടുള്ളത് അതിന്റെ ബൃഹദ് സമീപനങ്ങളാണ്. വായനക്കാരനെ കാണുമ്പോള്‍ ബൗദ്ധികമായി ഇളകാന്‍ മടിക്കുന്ന അത്തരം കൃതികള്‍ മുമ്പുണ്ടായിട്ടുണ്ട് (ഇപ്പോഴുമുണ്ടാകുന്നു). അത്തരം കൃതികള്‍ക്ക് പ്രാകൃതമായ വ്യാഖ്യാനമെഴുതുന്ന നിരൂപകരുമുണ്ടിവിടെ. വായനക്കാരന്റെ ബോധത്തെ ശല്യപ്പെടുത്തുന്ന അത്തരം ചില ഗദ്യശ്രമങ്ങള്‍ ഡോ. എം. ലീലാവതി നടത്താറുണ്ട്. എഴുത്തുകാരന്‍ സൃഷ്ടിച്ച സര്‍ഗാത്മക വിഭവത്തേക്കാള്‍ ബൃഹത്തായ ചില നിരൂപണ ഗ്രന്ഥങ്ങള്‍ എം. ലീലാവതിയുടേതായിട്ടുണ്ട്. അത്തരം ബൃഹദാഖ്യാനങ്ങളില്‍ അക്ഷരങ്ങള്‍ ഉത്കണ്ഠകളുടെ നൃത്തച്ചുവടുകളുമായി വരുന്നതു കാണാം. രോമശൂന്യമായ ശരീരങ്ങള്‍ക്കുള്ള അതേ അസൗന്ദര്യമാണ് ലീലാവതിയുടെ ബൃഹദാഖ്യാനങ്ങള്‍ക്കും. മലയാളത്തിലുണ്ടായിട്ടുള്ള പ്രശസ്തമായ നോവലുകളാണ് അവകാശികളും കയറുമൊക്കെ. ഈ നോവലുകളൊക്ക എഡിറ്റ് ചെയ്യേണ്ടിയിരുന്നുവെന്ന് സക്കറിയ അഭിപ്രായപ്പെടുന്നുണ്ട്. ചില കൃതികളെ തൊടുമ്പോള്‍ വായനക്കാരന്റെ മനസ് പ്രവര്‍ത്തിക്കില്ല. മനസ്സിനെ ബലാല്‍ക്കാരമായി കൈയടക്കുന്ന തടിയന്‍ പുസ്തകങ്ങളുടെ പ്രകൃതം വായനക്കാരെ പേടിപ്പിക്കുന്നു. ഇന്ന് ചെറുകഥകള്‍ നോവലെറ്റുകള്‍ പോലെയും നോവലുകള്‍ വലിയ ചരിത്രാഖ്യാനങ്ങള്‍ പോലെയുമാണ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരം കള്ളനിര്‍മ്മിതികളെയാണ് റൂത്ത് ഡ്രാപര്‍ രചനയുടെ വരണ്ട ക്യാന്‍വാസ് എന്നു വിളിച്ചത്. അവയില്‍ ഭാവന ഒഴികെ മറ്റെല്ലാമുണ്ട്.
കഥ എന്ന കെട്ടുവളളവും
കുറേ രാഷ്ട്രീയ വിവക്ഷകളും
ഒരു കഥകളും ദിവ്യോല്പത്തികളല്ല. അതു നിര്‍മ്മിത ഭാവനയുടെ സങ്കലനമാണ്. ചിലത് ഞടുക്കങ്ങള്‍ തീര്‍ക്കാത്ത ബൃഹദാഖ്യാനങ്ങളായി നില്‍ക്കും. മറ്റു ചിലത് നാം ജീവിക്കുന്ന തിളയ്ക്കുന്ന കാലത്തെ അടയാളപ്പെടുത്തും. പക്ഷെ അവയ്ക്ക് ഭവിഷ്യല്‍പര്‍വ്വത്തിന്റെ ശരീരമൊന്നുമുണ്ടായിരിക്കില്ല. രക്തത്താല്‍ കഴുകപ്പെട്ട ഭാവനകള്‍ ചിലപ്പോള്‍ വിളമ്പുന്നത് ശുദ്ധ അസംബന്ധങ്ങളായിരിക്കും. കഥയില്‍ ഭാഷയുടെ ഋതുക്കളെ വിപരീതമാക്കുക വഴി വിചിത്ര അര്‍ത്ഥങ്ങള്‍ പൊഴിക്കുന്ന ചില കഥകള്‍ പെണ്‍മാസമായ മാര്‍ച്ചില്‍ സംഭവിക്കാറുണ്ട്. മനോരാജ്യം കണ്ട് സുഖിക്കുന്നവരെ കുറിച്ച് കഥയെഴുതാന്‍ എളുപ്പമാണ്. കാരണം അവര്‍ക്കുള്ളത് റോബോട്ടിന്റെ ശരീരമാണ്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് വായനയെ കുറിച്ചും ജീവിതത്തെ കുറിച്ചും പറയാന്‍ ഭോഗത്തിന്റെ ഭാഷ ഉപയോഗിക്കുന്നത്. വായനയുടെ സൗന്ദര്യശാസ്ത്രത്തെ കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെ കുറിച്ചും പറയാന്‍ വി. കെ. ദീപ എന്ന കഥാകാരി ‘ ഭവിഷ്യതി’ ( ഭാഷാപോഷിണി 2023 മാര്‍ച്ച് ) എന്ന കഥയില്‍ വായനയുടെ കലയെ ഭോഗത്തോടടുത്ത തൃഷ്ണയായി ചിത്രീകരിക്കുന്നുണ്ട്. അതില്‍ വി. കെ. ദീപ ഇങ്ങനെ എഴുതുന്നു – ‘ നവവധുക്കാലത്ത് സ്മിജയെ തരം കിട്ടുമ്പോഴൊക്കെ ആര്‍ത്തിയില്‍ ധൃതിവച്ച് ഭോഗിച്ചിരുന്ന പോലെ കയ്യില്‍ കിട്ടിയ പുസ്തകങ്ങളത്രയും ഞാന്‍ ധൃതിയില്‍ ആര്‍ത്തി പിടിച്ചു വായിച്ചു. ‘വായനയെന്ന ബൗദ്ധിക കലയെ സുരതപ്രയോഗം പോലൊക്കെ അവതരിപ്പിച്ചിരിക്കുന്നത് ഒരു ബൃഹദ് ക്യാന്‍വാസിലാണ്. ഇത് കഥയുടെ ഹീനമായ നില പ്രാപിക്കലാണ്. സറ്റയറിലും രൂപകഭാഷ ഉപയോഗിക്കുന്ന കഥാകാരനാണ് അജിത് വി. എസ്. പ്രത്യുല്പാദനത്തെ കുറിച്ച് അവ്യക്തമുദ്രകള്‍ കൈമാറുന്ന രക്ഷിതാക്കളുടെ കാലം അസ്തമിച്ചിട്ടില്ലെന്ന് സ്ഥാപിക്കുന്ന കഥയാണ് അജിത്തിന്റെ ‘ചൈല്‍ഡ്ഹുഡ് അപ്ബ്രിങ്ങിങ് ‘ (കലാകൗമുദി 2023 മാര്‍ച്ച് 05 – 12).
ഇന്ന് ചെറുകഥകള്‍ നോവലെറ്റുകള്‍ പോലെയും നോവലുകള്‍ വലിയ ചരിത്രാഖ്യാനങ്ങള്‍ പോലെയുമാണ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരം കള്ളനിര്‍മ്മിതികളെയാണ് റൂത്ത് ഡ്രാപര്‍ രചനയുടെ വരണ്ട ക്യാന്‍വാസ് എന്നു വിളിച്ചത്. അവയില്‍ ഭാവന ഒഴികെ മറ്റെല്ലാമുണ്ട്.
ഇവിടെ അനാട്ടമിയുടെ അതിര്‍ത്തി വിപുലീകരണം ശരീരത്തിനപ്പുറത്തേക്കു കടക്കുക അനിവാര്യമാണ്. വായനക്കാരന്റെ ആത്മസുഖത്തിനു വേണ്ടി സ്വന്തം യാഥാര്‍ത്ഥ്യങ്ങളെ സൃഷ്ടിക്കാനാണ് അജിത് ശ്രമിക്കുന്നത്. അജിത്തിന് കഥ ഒരു കെട്ടുവള്ളമല്ല. അത് സറ്റയറിന്റെ ഭാഷയില്‍ ശരീരത്തിന്റെ രാഷ്ട്രീയത്തെ മുന്തിയ വീഞ്ഞായി പകര്‍ന്നുവെയ്ക്കുന്നു.
കവിതയുടെ കെട്ട കാലവും
കംപാര്‍ട്ടുമെന്റലിസവും
അമിതമായി ജനാധിപത്യവല്‍ക്കരിക്കപ്പെട്ട മീഡിയമാണ് കവിത. അതിന്റെ കംപാര്‍ട്ടുമെന്റലിസം തിരഞ്ഞു പോയാല്‍ പിന്നെയും നാം കുരുങ്ങിവീഴും. ഫ്രഞ്ചു കവി പോള്‍ വലേറിയുടെ കാവ്യതത്വചിന്ത ഇങ്ങനെയാണ് – ‘മനുഷ്യവ്യക്തി അഭാവത്തിലായിരിക്കുമ്പോള്‍ ഉണ്ടാകുന്ന ശുദ്ധമായ നിമിഷങ്ങളുടെ ശകലങ്ങളാണ് കവിതയായി ഇറ്റിവരുന്നത്. അതില്‍ ഭൂതവും ഭാവിയും ഒക്കെ നാം ഇന്‍വെസ്റ്റ് ചെയ്യും. പക്ഷെ ശുദ്ധമായ നിമിഷങ്ങളുടെ ശകലങ്ങളെ പിടിച്ചെടുക്കാന്‍ പരാജയപ്പെടും. ‘ കാലം എന്ന വലിയ ക്യാന്‍വാസിനെ ഒഴിച്ചു നിര്‍ത്തിയ കവികളെയാണ് നാം ഇപ്പോള്‍ എവിടെയും കണ്ടുമുട്ടുന്നത്. സ്വയം അസ്വസ്ഥനാകാന്‍ വിസമ്മതിക്കുന്ന കവിയെ കൊണ്ട് എന്തു പ്രയോജനമാണുള്ളത്. അതു കെട്ടകാലത്തിന്റെ ഋതുക്കളെ നിര്‍ബന്ധിത സ്വപ്‌നങ്ങള്‍ക്ക് തീറെഴുതി കൊടുക്കുന്നതിന്റെ സാക്ഷ്യമാണ്. ദളിത് കംപാര്‍ട്ടുമെന്റലിസത്തിന്റെ സര്‍വ്വവിധ ആനുകൂല്യവും കൈപ്പറ്റുന്ന കവിയാണ് എസ്. ജോസഫ് . ഇപ്പോള്‍ കാവ്യപരിചരണത്തെ ഈ കവി ഒരു ശ്രമദാന പ്രവൃത്തി പോലെയാണ് കാണുന്നത്. കവി എന്നതിപ്പോള്‍ ബോധനവിദ്യയുടെ അലങ്കാരക്കുടയായി ചുമക്കാനേ ജോസഫിനാകുന്നുള്ളു. ജീവിതം ബോറടിക്കുമ്പോള്‍ കവിതയെഴുതുന്ന കവികളുടെ ഗണത്തിലേക്ക് ജോസഫിനെ കൊണ്ടെത്തിക്കുന്ന ഒരു കവിത ഈയടുത്ത് എഴുതിയിട്ടുണ്ട്.
കടല്‍ക്കരയില്‍ സൂര്യന്‍ മുങ്ങിത്താഴുന്നു
സൂര്യനെ നോക്കി നില്‍ക്കുന്ന
മനുഷ്യരായി ഞാനോ നീയോ
മറ്റുള്ളവരോ ഇല്ല.
ലൈറ്റ് ഹൗസ് / എസ്. ജോസഫ്
(ഭാഷാപോഷിണി 2023 മാര്‍ച്ച് )
സ്വാനുകരണത്തിന്റെ കവിയാണ് ജോസഫ്. പണ്ടെഴുതിയതിനെ മറിച്ചിട്ടെഴുതി ഈ കവിക്ക് എത്രനാള്‍ വായനക്കാരെ കബളിപ്പിക്കാനാവും? മലയാളകവിതയില്‍ സ്വതന്ത്ര പരീക്ഷണങ്ങള്‍ നടത്തുന്ന കവിയാണ് എല്‍. തോമസ് കുട്ടി . ‘ഉ’ എന്ന ലിപിയില്‍ ചാരിവെച്ചിരിക്കുന്ന ഒരു കവിത തോമസ് കുട്ടി എഴുതിയിട്ടുണ്ട്. വിമര്‍ശകനായ ദൈവം പോലും തോമസിന്റെ കവിതയെ വിമര്‍ശിക്കില്ല. രക്തത്തില്‍ നിന്നു കവിത വാറ്റിയെടുക്കുന്ന ഒരാള്‍ക്കേ ‘ഉ’ (ഭാഷാപോഷിണി ) പോലെ ഒരു കവിതയെ സൃഷ്ടിക്കാനാവൂ. ദാര്‍ശനികനായ കവിക്ക് മാത്രം ലഭിക്കുന്ന സ്‌പേസാണ് എല്‍. തോമസ് കുട്ടിയുടെ ‘ഉ’ന് ഉള്ളത്. അതില്‍ കവിതയുടെ ഉയിരുണ്ട്. എല്ലാ കംപാര്‍ട്ടുമെന്റുകള്‍ക്കും പുറത്താണ് ഈ കവിത സ്ഥലപ്പെടുന്നത്.
ഈയാഴ്ചയിലെ
പുസ്തകം
സഖാവ് / ടി. പത്മനാഭന്‍
(മാതൃഭൂമി ബുക്‌സ് )
മലയാളത്തിലെ ചിലര്‍ ആധികാരികതയുടെ അതിധീരന്മാര്‍ എന്ന മട്ടിലാണ് എഴുത്തില്‍ വ്യാപരിക്കുന്നത്. ബുദ്ധിപരമായ ഇത്തരം ബഫൂണറിയെ ചില എഴുത്തുകാര്‍ പ്രൊഫൈല്‍ കൊണ്ട് തോല്‍പ്പിച്ചുകളയും. ജാതകപ്രകാരം ബൃഹദാഖ്യാനങ്ങളില്‍ വ്യാപരിക്കുന്ന അത്തരം എഴുത്തുകാര്‍ ഉച്ചസ്ഥാനത്തു നില്‍ക്കുന്നതിനെ എതിര്‍ക്കാനും ഈ പ്രൊഫൈല്‍ മതിയാകും. ടി. പത്മനാഭന്റെ ‘സഖാവ് ‘ എന്ന കഥാപുസ്തകം മീറ്റര്‍ കുറഞ്ഞ കഥകളുടേതാണ്. അതിലുള്ള പ്രൊഫൈലും സവിശേഷമായ ഒന്നാണ് – യൂറോപ്പിലും ഇംഗ്ലണ്ടിലും അമേരിക്കയിലും കാനഡയിലും സഞ്ചരിച്ചു. സൗദി അറേബ്യയും സന്ദര്‍ശിച്ചു. പക്ഷെ യാത്രാ വിവരണം എഴുതിയിട്ടില്ല. നോവലും എഴുതിയിട്ടില്ല. എഴുത്തിന്റെ കലയെ കുറിച്ച് സുഭഗമായ സൗന്ദര്യബോധവും ജ്ഞാനരൂപശിക്ഷണവും ഒക്കെ സൂക്ഷിക്കുന്ന ഒരാള്‍ക്കേ പൊയറ്റിക് ഡിക്ഷനിലും ചെറിയ മീറ്ററുകളിലും കഥയുടെ ലോകത്തെ പണിതെടുക്കാനാവൂ. ഒരു കഥാകാരന്‍ , അതയാളുടെ പ്രകൃതിയാല്‍ സ്ഥാപിച്ചെടുക്കുന്ന അര്‍ത്ഥ വിജ്ഞാനപരമായ സ്വരസൃഷ്ടിയാക്കി കഥയുടെ രൂപത്തെ മാറ്റിയെടുക്കുന്നുണ്ടെങ്കില്‍ അതിനെ എഴുത്തിന്റെ ഊറ്റമായ സമ്മര്‍ദ്ദശക്തിയായി കണ്ടേ മതിയാകൂ. ഇതിലെ പത്തുകഥകള്‍ക്കും സ്വന്തമായൊരു ശബ്ദകോശം പത്മനാഭന്‍ തീര്‍ത്തിട്ടുണ്ട്. ആത്മകഥാംശം അമിതമായി കോരിയൊഴിക്കപ്പെട്ടു എന്നു തോന്നുമ്പോഴും അതിനുള്ളില്‍ ‘the other എന്ന കണ്‍സപ്റ്റിനെ സ്ഥാനപ്പെടുത്തുന്നുണ്ട്. ഒറ്റക്കാലന്‍ കാക്കയുടെയും അവന്റെ മകന്റെയും കഥയില്‍ ഒരു ഞാന്‍ ഉണ്ട്. സ്‌നേഹത്തിന്റെ വിലയിലും, ഇത് കമല എന്റെ മകളിലും , നോ പ്രോബ്ലം – ഒരു ബഹ്‌റൈന്‍
എപ്പിസോഡിലും ഒക്കെ ഓരോ തരം ‘ ഞാന്‍ ‘ കളെയാണ് നാം കണ്ടുമുട്ടുന്നത്. ഇവിടെ ആത്മകഥാഭാരങ്ങള്‍ വെറും വിനിമയ മാര്‍ഗ്ഗങ്ങളല്ല. അത് വിമര്‍ശനത്തിന്റെ സൗന്ദര്യപരമായ ഉപകരണങ്ങള്‍ കൂടിയാണ്. വിഷയരഹിതമല്ലാത്തൊരു ബോധത്തെ സൃഷ്ടിക്കാന്‍ ആത്മകഥാംശങ്ങള്‍ ആവശ്യമാണെന്നും , എന്നാലതിന് ബൃഹദാഖ്യാനങ്ങളുടെ ആടയാഭരണങ്ങള്‍ ആവശ്യമില്ലെന്നു സ്ഥാപിക്കാന്‍ ‘സഖാവ്’ എന്ന പുസ്തകത്തിനാവുന്നു.
ഈയാഴ്ചയിലെ
ഇല്ലസ്‌ട്രേഷന്‍
ചിത്രകാരനെ ചിത്രീകരിക്കുന്ന കോളങ്ങള്‍ കമ്മിയാണ്. ആനുകാലികങ്ങളിലെ പല രചനകള്‍ക്കും ശ്വാസം പകരുന്നത് രചനയോടൊപ്പം വരുന്ന ചിത്രീകരണങ്ങളാണ്. എഡിറ്ററുടെ ഡെസ്‌കിലെ സ്റ്റോക്ക് പിക്ച്ചര്‍ ശേഖരത്തിന് പ്രസക്തി നഷ്ടപ്പെട്ട ഒരു കാലത്തിലാണിപ്പോള്‍ നാമുള്ളത്. ഒരുപക്ഷെ സാഹിത്യാധിഷ്ഠിത ചിത്രീകരണങ്ങള്‍ വിന്യെറ്റുകളില്‍ നിന്നും ഇതിനകം സ്വതന്ത്രമായി കഴിഞ്ഞു. ദൃശ്യ- വാഗ് രൂപങ്ങളുടെ പരസ്പര സംവേദനത്തെ എളുപ്പമാക്കാനും വലിയ ശ്രമങ്ങള്‍ ഇന്നു നടക്കുന്നുണ്ട്. യന്ത്രാധിഷ്ഠിത പുനരുല്‍പ്പാദന വ്യവസ്ഥയെ വലിയ തോതില്‍ തടയുകയും ഒരു സര്‍ഗാത്മക രചനയുടെ മര്‍മ്മമറിഞ്ഞ് അതിനെ നിറങ്ങളില്‍ ആവിഷ്‌കരിക്കാനും നടത്തുന്ന ശ്രമങ്ങളെ ഗൗരവമായി കണ്ടേ മതിയാകൂ. സാഹിത്യ നിര്‍മ്മിതിയിലെ ഈ പുതിയ മാനറിസത്തെ കോറിയിടുന്ന രേഖകളോ ഉരച്ചിടുന്ന ഷെയ്ഡുകളോ ആയി മാത്രം കണ്ടുകൂടാ. അത് കഥയില്‍ നിന്നോ കവിതയില്‍ നിന്നോ ഒക്കെ ഇറ്റുന്ന രക്തത്തിന്റെ നീര്‍ത്തുള്ളിയായി വേണം കണക്കാക്കാന്‍ . കലാപരതയുടെ ദൃഢചിഹ്നങ്ങള്‍ കൊണ്ട് രചനയുടെ ഹൃദയം തൊടുന്ന വരകളാണ് പി. വി. നന്ദന്‍ ആവിഷ്‌കരിക്കുന്നത്. അസ്തിത്വസംബന്ധമായ ചില വൈകാരിക ഭാവങ്ങളാണ് വിഷാദം, ഭ്രാന്ത്, ഉന്മാദം, ആസക്തി , സംത്രാസം തുടങ്ങിയ എല്ലാത്തരം ഇരുണ്ട മനുഷ്യാവസ്ഥകളും . ഇതിനെ പല രൂപങ്ങളില്‍ പി.വി. നന്ദന്‍ ചിത്രീകരിക്കുന്നുണ്ട്. കെ. വി. സുമിത്രയുടെ ‘ഒരു പരല്‍ മീന്‍ അപാരത ‘ ഹേന പ്രസാദിന്റെ ‘ചൂഷകന്‍ ‘ , നിധിന്‍കുമാറിന്റെ ‘ ഈ പകലില്‍ വെന്ത ഹൃദയവുമായി ‘ എന്നീ രചനകള്‍ക്ക് (യോഗനാദം, 2023 മാര്‍ച്ച് 1-15) നന്ദന്‍ നടത്തിയ ചിത്രീകരണങ്ങളെ ശൂന്യസ്ഥല നികത്തല്‍ എന്നതിനേക്കാള്‍ നെടുങ്കന്‍ ടെക്സ്റ്റുകള്‍ക്കുള്ള വിശദീകരണമായി വേണം വായിക്കാന്‍ .
ഈയാഴ്ചത്തെ
അഫോറിസം
എല്ലാ വിവാദങ്ങളും
തണുത്ത രക്തത്തെ
ചൂടാക്കലാണ്.