സില്‍ക്യാരയില്‍ നിന്നും നാം പഠിച്ചതെന്ത് ?
സുസ്ഥിരവികസനത്തെപ്പറ്റി വാതോരാതെ സംസാരിക്കുകയാണ് ഇന്ന് ലോകം. അടുത്ത തലമുറയെക്കൂടി പരിഗണിച്ചുകൊണ്ട്, അവര്‍ക്കുകൂടി അവകാശപ്പെട്ട പ്രകൃതിസ്രോതസ്സുകള്‍ സംരക്ഷിക്കുകയെന്ന വിശാലമായ അര്‍ത്ഥമാണ് സുസ്ഥിരവികസനം എന്ന വാക്ക് പേറുന്നത്. എന്നാല്‍, അടുത്ത തലമുറയ്ക്ക് ഇവിടെ ജീവിതം സാധ്യമാക്കില്ല എന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകുന്നത്. ഇനിയെങ്കിലും പ്രകൃതിയെ പരിഗണിച്ചുകൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്മാത്രം നാം ഊന്നല്‍ നല്‍കണം.
ഉത്തരാഖണ്ഡിലെ സില്‍ക്യാറ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുവാനുള്ള ആഴ്ചകള്‍ നീണ്ടുനിന്ന ശ്രമങ്ങള്‍ ശുഭമായി പര്യവസാനിച്ചു. എല്ലാ തൊഴിലാളികളെയും ഒരു പോറല്‍പോലും ഏല്‍ക്കാതെ നമുക്ക് രക്ഷിച്ചെടുക്കുവാനും കഴിഞ്ഞു.
ഭക്ഷണത്തിനുള്ള പൈപ്പുവഴി തുരങ്കത്തിനകത്തേക്കിട്ട ക്യാമറയില്‍ നിന്നും ചില ദൃശ്യങ്ങള്‍ ലഭിച്ചുതുടങ്ങിയ സമയം മുതല്‍ തന്നെ പ്രതീക്ഷയോടെയും അതേസമയം ആശങ്കയോടെയുമാണ് ആ ഓപ്പറേഷനെ രാജ്യം ഉറ്റുനോക്കിയത്. ഏവരും രക്ഷപെട്ടെങ്കിലും കുറെയേറെ ചോദ്യങ്ങള്‍ ബാക്കിവച്ചിട്ടാണ് സില്‍ക്യാറ സംഭവത്തിന് തിരശ്ശീല വീണത്. പരിസ്ഥിതിലോലമായ പ്രദേശങ്ങളില്‍ വന്‍കിട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് നൂറ്റൊന്നാവര്‍ത്തിക്കുമ്പോഴും, വിദഗ്ദ്ധര്‍ പലവുരു മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ നാം വീണ്ടും വീണ്ടും ദുരന്തങ്ങളിലേക്ക് അറിഞ്ഞുകൊണ്ട് നടന്നടുക്കുകയും, പിന്നീട് അതില്‍ നിന്നും വിടുതല്‍ നേടാന്‍ കഷ്ടപ്പെടുകയും ചെയ്യുന്നു. സില്‍ക്യാരയില്‍ ആളപായമില്ലാതെ നമുക്ക് രക്ഷപെടാനായി എന്നത് വാസ്തവമാണ്. എന്നാല്‍ ഇനിയും പ്രകൃതിയെ മറന്നുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി നാം എത്രനാള്‍ മുന്നോട്ടുപോകും എന്നതാണ് കാതലായ ചോദ്യം.
പ്രതീക്ഷ കൈവിട്ട
നിമിഷങ്ങള്‍
ഒരര്‍ഥത്തില്‍ രാജ്യം കണ്ട ഏറ്റവും ദുഷ്‌കരവും, സാഹസികവുമായ രക്ഷാദൗത്യമാണ് ഉത്തരാഖണ്ഡില്‍ നടന്നത്. കുടുങ്ങികിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും വായുവുമൊക്കെ നല്‍കാന്‍ കഴിഞ്ഞെങ്കിലും ദിവസങ്ങളോളം അവരെ ആരെയും പുറത്തെത്തിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഓരോ ദിവസം കഴിയുന്തോറും അവിടെക്കഴിയുന്നവരുടെ ആത്മവിശ്വാസം എത്രമാത്രം ചോര്‍ന്നുപോകുന്നു എന്നത് ഈയവസരത്തില്‍ നാം വിലയിരുത്തേണ്ടതായിട്ടുണ്ട്. ദുരന്തനിവാരണസേന, ദേശീയപാതാ വികസന കോര്‍പ്പറേഷന്‍ എന്നിവയിലെ മുന്നൂറോളം വിദഗ്ദ്ധര്‍ തുടക്കത്തിലും, പിന്നീട് കൂടുതല്‍ ഫോഴ്സും രാപ്പകല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നിട്ടും ദിവസങ്ങളോളം കാത്തിരുന്നതിനുശേഷമാണ് എല്ലാവരെയും നമുക്ക് രക്ഷിക്കാനായത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ പ്രദേശം ഹിമാലയന്‍ മേഖലയിലെ അതീവ പരിസ്ഥിതിലോല പ്രദേശമാണ്.തുരങ്കം ഇടിഞ്ഞുവീഴുവാനുള്ള സാധ്യത കൂടുതല്‍ .
ചാര്‍ധാംറോഡ് പദ്ധതിയുടെ ഭാഗമായി ദേശീയപാതയിലെ ബ്രഹ്മഘല്‍, യമുനോത്രി ഭാഗത്തു സില്‍ക്യാരയ്ക്കും ടണ്ടന്‍ഗാവിനും ഇടയിലാണ് നാലരകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം നിര്‍മ്മിക്കുന്നത്. കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി, എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന 889 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡിലൂടെയുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി മുന്നോട്ടുവച്ച പദ്ധതിയാണ് ഇത്. എന്നാല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തു ഡ്രില്ലിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടത്തുന്നത് പദ്ധതിയുടെ തുടക്കം മുതല്‍ ഇതിനെ ഒരു വിവാദപദ്ധതിയായി മാറ്റുകയാണുണ്ടായത്.
കാറ്റില്‍ പറന്ന നിയമങ്ങള്‍
2018 ല്‍ 12,500 കോടിയുടെ പദ്ധതിക്കെതിരെ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് ധാരാളം ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടു. ആവാസവ്യവസ്ഥയെ തകര്‍ത്തുകൊണ്ട് അടിസ്ഥാനഗതാഗതാവശ്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ശരിയല്ല എന്നതായിരുന്നു അതിലെ ഉള്ളടക്കം. കൂടാതെ ഇത് ഭാവിയില്‍ മണ്ണിടിച്ചിലിനും, മറ്റു പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമാകും എന്നും പരാമര്‍ശമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി 2019 ല്‍ സുപ്രീം കോടതി ഉന്നതാധികാരസമിതി രൂപീകരിച്ചു. എന്നാല്‍ റോഡിന്റെ ഘടനയിലും വീതിയിലും ഈ സമിതിയില്‍ തന്നെ തര്‍ക്കങ്ങള്‍ ഉണ്ടായി. റോഡിന്റെ വീതി അഞ്ചുമീറ്ററില്‍ കൂടരുതെന്ന് സുപ്രീം കോടതി ശഠിച്ചപ്പോള്‍, അത് പത്തുമീറ്ററില്‍ കൂടാമെന്നു ആണ് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടത്.
സില്‍ക്യാര തുരങ്കത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതലുകള്‍ പോലും എടുത്തില്ല എന്ന ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനത്തിലും പാളിച്ചകള്‍ പ്രകടമായിരുന്നു. അപ്പോഴും മനോബലം കൈവിടാതെ 41 തൊഴിലാളികളും കാത്തിരിക്കുന്നത് പ്രതീക്ഷയായിരുന്നു. ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ രക്ഷപ്പെടുത്തും എന്ന ദൗത്യസേനയുടെ വാക്കില്‍ ആണ് അവര്‍ പ്രതീക്ഷയര്‍പ്പിച്ചത്. ആകെ 60 മീറ്റര്‍ നീളത്തിലുള്ള അവശിഷ്ടങ്ങള്‍ തുരന്നാണ് കുഴലുകള്‍ക്ക് മുന്നോട്ട് നീങ്ങേണ്ടത്. ആദ്യം 90 സെന്റിമീറ്റര്‍ വ്യാസമുള്ള കുഴലുകള്‍ ഒന്നിനുപിറകെ ഒന്നായി വെല്‍ഡ് ചെയ്തു 24 മീറ്റര്‍ വരെ എത്തിയപ്പോളാണ് ചില യന്ത്രഭാഗങ്ങളിലും പാറകളിലും തട്ടിയതും, തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചതും. എന്നാല്‍ പിന്നീട് 80 സെന്റിമീറ്റര്‍ വ്യാസമുള്ള പുതിയ കുഴലുകള്‍ ഇതിനുള്ളിലൂടെ കടത്തിവിട്ടു. ഇവ 24 മീറ്റര്‍ വരെ സുഗമമായി മുന്നോട്ടുപോയി. ഡ്രില്ലിങ് ഉപയോഗിച്ച് തുടര്‍ന്നുള്ള ഭാഗത്തെ അവശിഷ്ടങ്ങള്‍ മാറ്റി കുഴലുകള്‍ മുന്നോട്ടു നീക്കിയാണ് മുന്നോട്ടുപോയത്.
പ്രതീക്ഷ തിരികെയെത്തിയ നിമിഷങ്ങള്‍
ഇതിനിടെ തുരങ്കത്തില്‍ കുടുങ്ങിയ ചിലരുമായി ആശയവിനിമയം നടത്തുവാന്‍ കഴിഞ്ഞത് ആശ്വാസമായി. കുടുങ്ങിയവര്‍ ഭയചകിതര്‍ അല്ലെങ്കിലും അവര്‍ ആശങ്ക അറിയിക്കുകയും ചെയ്തു. എപ്പോള്‍ പുറത്തുകടക്കാനാവും എന്നതായിരുന്നു പലരുടെയും ചോദ്യം. മനസികാരോഗ്യവിദഗ്ദ്ധര്‍ തൊഴിലാളികള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഒരേസ്ഥലത്തുതന്നെ ഇരിക്കാതെ നടക്കുകയും, വ്യായാമം ചെയ്യുവാനും പറഞ്ഞു. പരമാവധി നേരം പരസ്പരം സംസാരിക്കാനും, പാട്ടുപാടുവാനും, ആരെയും ഒറ്റപ്പെടുത്താതെ ഇരിക്കുവാനും നിഷ്‌കർഷിക്കുകയും ചെയ്തു.
ഏറെ പ്രാധാന്യമുള്ള, പലവട്ടം നാം ചര്‍ച്ചചെയ്തിട്ടുള്ള ചില വിഷയങ്ങളിലേക്കാണ് ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത്. വികസനവും, വെട്ടിപ്പിടിക്കലുമൊക്കെ അതിരുവിടുമ്പോള്‍ എന്നും പ്രകൃതി നമുക്ക് ചില മുന്നറിയിപ്പുകളും, അതിനുപിന്നാലെ പ്രഹരങ്ങളും നല്‍കാറുണ്ട്. പ്രകൃതിയെ അറിയണമെന്നും, അവയെ സംരക്ഷിക്കാതെ മനുഷ്യന് നിലനില്‍പ്പ് ഇല്ലെന്നുമൊക്കെ നൂറ്റൊന്നാവര്‍ത്തി പറയുമ്പോളും, ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുമ്പോളും നാം ഒന്നും പഠിക്കുന്നില്ല. എന്ത് ചെയ്യരുതെന്ന് പറയുമ്പോഴും, ഇന്ന് ഏതായാലും ചെയ്തുകളയാം, അതിനിപ്പോള്‍ എന്ത് സംഭവിക്കാനാണ് എന്ന നിസ്സാരമായ ഭാവം.
സുസ്ഥിരവികസനം പറച്ചിലില്‍ മാത്രം
ഇതൊക്കെ ഇനിയൊരാവൃത്തി ഒരിടത്തും അവര്‍ത്തിക്കാതെയിരിക്കുവാനുള്ള, ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നാം കൊണ്ടുവരേണ്ടത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പ്രകൃതിയെ അറിയാതെയുള്ള വികസനമാണ് നമ്മുടെ ഭാഗത്തുനിന്നും എന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സുസ്ഥിരവികസനത്തെപ്പറ്റി വാതോരാതെ സംസാരിക്കുകയാണ് ഇന്ന് ലോകം. അടുത്ത തലമുറയെക്കൂടി പരിഗണിച്ചുകൊണ്ട്, അവര്‍ക്കുകൂടി അവകാശപ്പെട്ട പ്രകൃതിസ്രോതസ്സുകള്‍ സംരക്ഷിക്കുകയെന്ന വിശാലമായ അര്‍ത്ഥമാണ് സുസ്ഥിരവികസനം എന്ന വാക്ക് പേറുന്നത്. എന്നാല്‍, അടുത്ത തലമുറയ്ക്ക് ഇവിടെ ജീവിതം സാധ്യമാക്കില്ല എന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ തലമുറയുടെ പ്രതിനിധികളില്‍ നിന്നും ഉണ്ടാകുന്നത്. ഇനിയെങ്കിലും പ്രകൃതിയെ പരിഗണിച്ചുകൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്മാത്രം നാം ഊന്നല്‍ നല്‍കണം. ഉറക്കെയുള്ള ഈ പറച്ചിലിനപ്പുറം നമ്മുടെ പ്രവൃത്തി ഒരടിപോലും മുന്നോട്ടുപോകുന്നില്ല എന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം.
9946199199