വഖഫ് അധിനിവേശം ഭരണഘടനാ വിരുദ്ധം

വഖഫ് പ്രശ്നത്തിൽ സജീവമായി ഇടപെട്ട് എസ്.എൻ.ഡി.പി യോഗം രംഗത്തെത്തുകയും കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്തെ 614 കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മനുഷ്യചങ്ങല തീർക്കുകയും ചെയ്തു. ചെറായി ബീച്ച് മുതൽ മുനമ്പം വരെ 4 കിലോമീറ്റർ നീണ്ട മനുഷ്യ ചങ്ങലയിൽ ആയിരങ്ങളാണ് ആവേശപൂർവം അണിചേർന്നത്.

രാജ്യത്തും പ്രത്യേകിച്ച് കേരളത്തിലും ഇപ്പോൾ വിവാദ വിഷയമായ വഖഫ് ബോർഡുമായി ബന്ധപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതാൻ കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടു വരാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. ഇസ്ലാമിക നിയമപ്രകാരം ജീവകാരുണ്യ, മത പുണ്യ പ്രവൃത്തികൾക്കായി സ്വത്ത് സ്ഥിരമായി സമർപ്പിക്കുന്നതിനാണ് വഖഫ് ചെയ്യുകയെന്ന് പറയുന്നത്. ഒരിയ്ക്കൽ ഒരു വസ്തു വഖഫ് ചെയ്താൽ അത് ഒരിയ്ക്കലും തിരിച്ചെടുക്കാനാകില്ലെന്നതാണ് വഖഫ് നിയമത്തിന്റെ പ്രത്യേകത. ഒരുതരത്തിലുള്ള അധിനിവേശം എന്നു തന്നെ വിശേഷിപ്പിക്കാം.
രാജ്യത്തെ ഏതൊരാളുടെ സ്വത്തും വഖഫ് ചെയ്യാമെന്ന ഏറ്റവും അപ്രായോഗികവും പ്രതിലോമകരവുമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന നിയമത്തെച്ചൊല്ലി മുമ്പും പല ചർച്ചകളും ആശങ്കകളും പല കോണുകളിൽ നിന്നും ഉയർന്നെങ്കിലും കേന്ദ്രം ഭരിച്ച മുൻ സർക്കാരുകൾ സൃഷ്ടിച്ച നിയമഭേദഗതികൾ മൂലം ജനാധിപത്യ രാജ്യമായ ഭാരതത്തിൽ നിലനിൽക്കുന്ന ഒരു നിയമത്തിനും, എന്തിനേറെ കോടതികൾക്ക് പോലും ഇടപെടാനാകാത്ത അത്യപൂർവ സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. ഭാരതത്തിൽ ഇസ്ലാമിക (മുഗൾ) ഭരണത്തിന്റെ വരവോടെയാണ് വഖഫ് എന്നത് നിലവിൽ വന്നത്. ഇസ്ലാമിക ഭരണം അഭിവൃദ്ധി പ്രാപിച്ചതോടെ വഖഫ് സ്വത്തുക്കളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചു. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആ പ്രാകൃത നിയമത്തെ ഭാരതത്തിൽ നിലനിൽക്കുന്ന നിയമവ്യവസ്ഥയുടെ പരിധിയിലേക്ക് കൊണ്ടു വരികയെന്ന വിപ്ളവകരമായ മാറ്റത്തിനാണ് വഖഫ് ഭേദഗതി ബില്ലിലൂടെ മോദി സർക്കാർ ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ആഗസ്തിൽ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികളും രാജ്യത്തെ മുസ്ലിം സംഘടനകളും ശക്തമായ എതിർപ്പും വിയോജിപ്പും രേഖപ്പെടുത്തിയതോടെ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനക്ക് വിടുകയായിരുന്നു. കമ്മിറ്റി ഇതിനിടെ നടത്തിയ സിറ്റിംഗുകളിലൂടെയും ചർച്ചകളിലൂടെയും ഉരുത്തിരിഞ്ഞ ഭേദഗതികൾ കൂടി ഉൾപ്പെടുത്തി ബില്ല് പാർലമെന്റ് വൈകാതെ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭേദഗതികൾ
1995 ൽ അന്നത്തെ കേന്ദ്ര സർക്കാർ കൊണ്ടു വന്ന ഭേദഗതിയാണ് വഖഫ് പ്രശ്നത്തെ ഇത്രയേറെ സങ്കീർണമാക്കി മാറ്റിയത്. ഒരു ഇസ്ലാം മതവിശ്വാസിക്ക് പൂർണമായ അവകാശം ഉള്ളതോ ഇല്ലാത്തതോ ആയവ വഖഫ് ചെയ്താൽ ആ സ്വത്ത് നോട്ടീസ് പോലും നൽകാതെ വഖഫ് ബോർഡിന് സ്വന്തമാക്കാം. ഇതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനാകില്ല. മുസ്ലിം അംഗങ്ങൾ മാത്രം അടങ്ങിയ വഖഫ് കൗൺസിലിന് പരാതി നൽകിയിട്ടും പ്രയോജനമില്ല. കൗൺസിൽ തീരുമാനം അന്തിമമാണ്. വഖഫ് ആക്ടിൽ ഭേദഗതികൾ വരുത്തുക എന്നതാണ് വഖഫ് അമന്റ്മെന്റ് ആക്ട് 2024 ലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കാനായി 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്ത് ഭാരതത്തിലെ വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് സുഗമമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര വഖഫ് കൗൺസിലിന്റെയും ബോർഡുകളുടെയും ഘടനയിൽ മാറ്റം വരുത്തി അമുസ്ലിങ്ങളെക്കൂടി അംഗങ്ങളായി ഉൾപ്പെടുത്തുക, വഖഫ് സ്വത്തുക്കളുടെ സർവെ നടത്താനുള്ള അധികാരം സർവെ കമ്മിഷണറിൽ നിന്ന് മാറ്റി കളക്ടർക്ക് നൽകുക, വഖഫിന്റെ കൈവശമോ അധീനതയിലോ ഉള്ള സർക്കാർ സ്വത്തുക്കൾ സർക്കാരിലേക്ക് തിരിച്ചെടുക്കുക, അത്തരം വസ്തുവകകളുടെ ഉടമസ്ഥാവകാശം തീരുമാനിക്കാൻ കളക്ടറെ അധികാരപ്പെടുത്തുക, ട്രിബ്യൂണലിന്റെ അന്തിമ തീരുമാനങ്ങൾ റദ്ദാക്കി പകരം ഹൈക്കോടതിയിൽ നേരിട്ട് അപ്പീൽ നൽകാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുകയെന്ന നിയമഭേദഗതിയെ ആണ് പ്രതിപക്ഷവും ഇസ്ലാമിക സംഘടനകളും ശക്തമായി എതിർക്കുന്നത്. ക്രൈസ്തവ സഭകളുടെ ബോർഡുകളിൽ ക്രൈസ്തവരല്ലാത്തവരെ ഉൾപ്പെടുത്തുമോ, ദേവസ്വം ബോർഡിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തുമോ തുടങ്ങിയ ചോദ്യങ്ങളാണ് എതിർക്കുന്നവർ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാൽ വഖഫ് ബോർഡ് പോലെ ആരുടെ ഏത് സ്വത്തും വഖഫ് ചെയ്യാമെന്നതു പോലെ ക്രൈസ്തവ ബോർഡുകളും ദേവസ്വം ബോർഡും മറ്റുള്ളവരുടെ സ്വത്തു വകകൾ അന്യായമായി പിടിച്ചെടുക്കാറില്ലെന്നത് ഇക്കൂട്ടർ സൗകര്യപൂർവം വിസ്മരിക്കുകയാണ്.
ഇടതും വലതും ഒന്നിച്ച
കേരള നിയമസഭ
മോദിസർക്കാർ കൊണ്ടുവന്ന വഖഫ് അമന്റ്മെന്റ് ആക്ട് 2024 നെതിരെ കേരള നിയമസഭയിലെ 140 അംഗങ്ങളും ഒന്നിച്ച് പ്രമേയം പാസ്സാക്കിയെന്നത് കേരളത്തിലെ ഇടത്, വലത് മുന്നണിയിലെ രാഷ്ട്രീയ കക്ഷികളുടെ അന്ധമായ ന്യൂനപക്ഷ പ്രീണനവും ഇരട്ടത്താപ്പും അടിവരയിട്ടുറപ്പിക്കുന്നതാണ്. മുമ്പും ഇതുപോലെ കേന്ദ്രസക്കാർ കൊണ്ടുവന്ന പല ബില്ലുകളെയും ഒറ്റക്കെട്ടായി നിന്ന് എതിർത്ത കേരള നിയമസഭ സംയുക്ത പ്രമേയം പാസ്സാക്കിയിട്ടുണ്ട്. വഖഫ് ബില്ലിന്റെ കാര്യത്തിലും നിയമസഭയിൽ ഇടത്, വലത് മുന്നണികൾ ഒറ്റക്കെട്ടായി തങ്ങൾ ന്യൂനപക്ഷങ്ങളുടെ മാത്രം സംരക്ഷകരാണെന്ന് തെളിയിച്ചു. ഭാരതത്തിന്റെ ഭരണഘടനയിൽ വഖഫ് നിയമത്തിന് സ്ഥാനം ഉണ്ടായിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

മുനമ്പവും
തിരുച്ചെന്തുറൈയും
എറണാകുളം ജില്ലയിലെ തീരമേഖലയായ മുനമ്പം, ചെറായി, പള്ളിക്കൽ ദ്വീപ് മേഖലകളിലെ 104 ഏക്കറോളം ഭൂമിയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന 614 കുടുംബങ്ങൾ വഖഫ് ഭീഷണിയുടെ പേരിൽ നേരിടുന്ന കുടിയിറക്ക് ഭീഷണിയാണിപ്പോൾ വഖഫ് വിഷയം കേരളത്തിൽ സജീവ ചർച്ചയാക്കി മാറ്റിയിരിക്കുന്നത്. പ്രശ്നത്തിൽ ആദ്യമൊന്നും ഇടപെടാൻ സർക്കാർ തയ്യാറായില്ലെങ്കിലും ബി.ജെ.പി, ബി.ഡി.ജെ.എസ് പോലെയുള്ള രാഷ്ട്രീയ കക്ഷികൾ പ്രശ്നം ഏറ്റെടുക്കുകയും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് വിഷയത്തിന്റെ ഗൗരവം മറ്റു രാഷ്ട്രീയ കക്ഷികൾക്കും ബോദ്ധ്യമായത്. പ്രശ്നത്തിൽ സജീവമായി ഇടപെട്ട് എസ്.എൻ.ഡി.പി യോഗം രംഗത്തെത്തുകയും കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്തെ 614 കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മനുഷ്യചങ്ങല തീർക്കുകയും ചെയ്തു. ചെറായി ബീച്ച് മുതൽ മുനമ്പം വരെ 4 കിലോമീറ്റർ നീണ്ട മനുഷ്യ ചങ്ങലയിൽ ആയിരങ്ങളാണ് ആവേശപൂർവം അണിചേർന്നത്. യോഗം വൈസ് പ്രസിഡന്റെന്ന നിലയിൽ തുടർന്നു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാനും കഴിഞ്ഞു. കന്യാസ്ത്രീകളടക്കം ജാതി, മത ഭേദമെന്യെയാണ് പ്രദേശവാസികൾ ചങ്ങലയിൽ അണിചേർന്ന് ഒരുമണിക്കൂറോളം പ്രതിഷേധിച്ചത്. യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ, സെക്രട്ടറി ടി.ബി ജോഷി തുടങ്ങി യോഗം, യൂണിയൻ, ശാഖാ ഭാരവാഹികളും യോഗം കൗൺസിലർമാരും പ്രവർത്തകരും പങ്കെടുത്തു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വിഷയത്തിൽ സജീവമായി ഇടപെട്ട് കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മുനമ്പത്ത് വഖഫ് ബോർഡ് കാട്ടുന്നത് ധാർഷ്ട്യമാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്കായി നിൽക്കുന്നവർ ഭീകര സംഘടനകളായാൽ പോലും അവരെ തള്ളിപ്പറയാൻ കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കൾ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ ബിഷപ്പുമാരും സ്ഥലത്തെത്തി സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചത് വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ്. ലത്തീൻ കത്തോലിക്ക വിഭാഗത്തിലെ 400 ഓളം കുടുംബങ്ങളും 200 ഓളം ഈഴവ കുടുംബങ്ങളും ധീവര, കുടുംബി, പട്ടികജാതി കുടുംബങ്ങളുമാണ് ആഴ്ചകളായി ഇവിടെ സമരരംഗത്തുള്ളത്. രേഖാപരമായി വഖഫ് സ്വന്തമാക്കിയ ഇവിടത്തെ ഭൂമിയിലെ താമസക്കാർക്ക് 2022 മുതൽ വസ്തുകരം അടയ്ക്കാനാകില്ല. അതിനാൽ ബാങ്കിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പയെടുക്കാനുമാകില്ല. ചികിത്സക്കോ വിവാഹ, പഠന ആവശ്യങ്ങൾക്കോ വായ്പ എടുക്കാനാകാതെ കണ്ണീരിൽ കഴിയുന്ന ഇവർ വിലകൊടുത്തു വാങ്ങിയ ഭൂമിയും കിടപ്പാടവും വഖഫ് ബോർഡിന് വിട്ടുകൊടുത്ത് വെറും കൈയ്യോടെ ഇറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ്.
കേന്ദ്ര സർക്കാർ കൊണ്ടു വരുന്ന വഖഫ് ഭേദഗതി ആക്ടിനെതിരെ നിയമസഭയിൽ ഏകകണ്ഠമായി പ്രമേയം പാസാക്കിയ ഭരണ, പ്രതിപക്ഷ കക്ഷികളിൽ നിന്ന് നീതി ലഭിക്കുമെന്ന ചിന്ത തന്നെ ഇവിടത്തെ താമസക്കാർക്ക് നഷ്ടമായി. സമരം ശക്തമായതിനെ തുടർന്ന് സർക്കാർ ഇടപെട്ട് മുനമ്പത്തെ താമസക്കാരുടെ പ്രശ്ന പരിഹാരത്തിനായി ഒരു ജുഡിഷ്യൽ കമ്മിഷനെ നിയമിക്കാൻ തീരുമാനിച്ചെന്നതല്ലാതെ കാതലായ ഒരു തീരുമാനവും എടുക്കാനായില്ല. ആരെയും ഇറക്കിവിടില്ലെന്നും കരം ഒടുക്കാൻ അവസരം നൽകുമെന്നും ഒക്കെ പറയുന്നുവെന്നതല്ലാതെ നിയമപരമായി ഇവിടത്തെ താമസക്കാർക്ക് വഖഫ് ഏറ്റെടുക്കൽ ഭീതി ഒഴിവാക്കാനുള്ള ക്രിയാത്മകമായ നടപടികളൊന്നും സർക്കാരിന്റെ പക്കലുമില്ല. കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമഭേദഗതിയെ എതിർക്കുമ്പോഴും പാർലമെന്റിൽ ഭേദഗതി ബില്ല് പാസ്സാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് മുനമ്പം നിവാസികളുടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യയായി മാത്രമേ സർക്കാരിന്റെ നീക്കത്തെ വിശേഷിപ്പിക്കാൻ കഴിയുകയുള്ളു.

മുനമ്പത്തെ പാട്ട ഭൂമി
എങ്ങനെ വഖഫായി ?
ഗുജറാത്തുകാരനായ അബ്ദുൽ സത്താർ മൂസ ഹാജി സേട്ടിന് തിരുവിതാംകൂർ മഹാരാജാവ് പാട്ടകൃഷിക്കായി മുനമ്പത്ത് നൽകിയ 464 ഏക്കർ ഭൂമിയിൽ കടലെടുത്തതിന്റെ ബാക്കിയായ 104 ഏക്കർ കരഭൂമിയും 60 ഏക്കർ വെള്ളക്കെട്ടുമാണ് ഇപ്പോൾ അവശേഷിക്കുന്നത്. 1948 ൽ ഭൂമി സേട്ടിന്റെ പിൻഗാമിയായ സിദ്ദിക് സേട്ടിന്റെ പേരിലായി. 1950 ൽ അദ്ദേഹം കോഴിക്കോട് ഫാറൂക്ക് കോളേജിന്റെ ആവശ്യത്തിനായി ക്രയവിക്രയാധികാരങ്ങളോടെ ദാനം നൽകി. കോളേജിന് വേണ്ടെങ്കിൽ കുടുംബത്തിന് മടക്കി നൽകണമെന്നതായിരുന്നു വ്യവസ്ഥ. ഭൂമിയിലെ കുടുകിടപ്പുകാരായ താമസക്കാർ 34 വർഷം നീണ്ട നിയമയുദ്ധത്തിനു ശേഷം ഫാറൂക്ക് കോളേജ് മാനേജ്മെന്റിൽ നിന്ന് ഭൂമി വിലകൊടുത്തു വാങ്ങി. 1989 മുതൽ 1993 വരെ കോളേജിന്റെ മാനേജിംഗ് കൗൺസിൽ സെക്രട്ടറി ഹസൻകുട്ടി സാഹിബ് ഒപ്പിട്ട 280 ഓളം ആധാരങ്ങൾ ഇവിടത്തെ ഭൂമിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനു ശേഷവും ഭൂമി വിറ്റതും അനന്തരാവകാശികൾക്ക് കൈമാറിയതുമായ ആയിരത്തോളം രജിസ്ട്രേഷനുകൾ നടന്നിട്ടുണ്ട്. ആധാരങ്ങളിൽ വഖഫ് എന്ന വാക്ക് ഉണ്ടെന്നതിന്റെ പേരിൽ ഭൂമിയിൽ വഖഫ് ബോർഡ് അവകാശം ഉന്നയിക്കുന്നത് 2019 ലാണ്. ബോർഡ് റവന്യു വകുപ്പിന് കത്ത് നൽകിയതിനെ തുടർന്ന് 2022 മുതൽ ഉടമകൾക്ക് കരം ഒടുക്കാനാകുന്നില്ല. മുനമ്പത്തെ 404 ഏക്കർ സ്ഥലം പാട്ടത്തിന് നൽകിയത് പാട്ടവ്യവസ്ഥകൾ ലംഘിച്ചാണെന്നതാണ് യാഥാർത്ഥ്യം. അബ്ദുൽ സത്താർ മൂസ ഹാജി സേട്ടിന്റെ അനന്തരാവകാശിയായ സിദ്ദിക് സേട്ട് ഫാറൂക്ക് കോളേജിന് ഭൂമി കൈമാറിയത് തന്നെ പാട്ട വ്യവസ്ഥ ലംഘിച്ചാണ്. ഉടമസ്ഥന് പാട്ടക്കരാർ മാത്രമുള്ളതിനാൽ ഇഷ്ടദാനമായോ വഖഫായോ കൊടുക്കാൻ പാടില്ലാത്ത ഭൂമിയാണിത്. ഉടമസ്ഥൻ കൈവശക്കാരൻ മാത്രമാണ്. പാട്ട വ്യവസ്ഥ ലംഘിച്ചതോടെ തന്നെ മുനമ്പത്തെ ഭൂമി സർക്കാർ ഭൂമിയായി മാറി. വഖഫായാണ് ഇത് നൽകിയതെങ്കിൽ ക്രയവിക്രയം ചെയ്യാനാകില്ല. എന്നാൽ പൂർണമായ ക്രയവിക്രയ സ്വാതന്ത്ര്യത്തോടെയാണ് ഫാറൂക്ക് കോളേജിന് നൽകിയത്. ഫാറൂക്ക് കോളേജ് ഏതെങ്കിലും കാരണവശാൽ പൂട്ടി പോയാൽ വസ്തു തിരികെ സേട്ടിന്റെ അനന്തരാവകാശികൾക്ക് കൂടി ലഭിക്കണമെന്നും പറഞ്ഞിട്ടുണ്ടെന്നതിനാൽ തന്നെ ഇത് വഖഫ് ഭൂമി അല്ലെന്നാണർത്ഥം.
മുസ്ലിം സംഘടനകളുടെ
ഇരട്ടത്താപ്പ്
മുനമ്പത്തെ സമരം ശക്തിപ്രാപിച്ചതോടെയാണ് മുസ്ലിം സംഘടനകൾ യോഗം ചേർന്ന് ഭൂമി വഖഫല്ലെന്ന് പ്രഖ്യാപിച്ചത്. വഖഫ് ഭൂമി സംരക്ഷിക്കണമെന്ന് അതുവരെ പറഞ്ഞിരുന്നവർ ഇത് വഖഫല്ലെന്നും ആരെയും ഒഴിപ്പിക്കരുതെന്നും പറഞ്ഞു. എന്നാൽ തങ്ങളുടെ സ്ഥലമല്ലെന്ന് വഖഫ് ബോർഡ് ഇതുവരെ പറഞ്ഞിട്ടില്ല. ഇനി പറയുമെന്ന് കരുതാനുമാകില്ല. മുസ്ലിം സംഘടനകൾ കോടതിയിൽ നൽകിയ കേസുകൾ പിൻവലിക്കുകയും വഖഫ് ബോർഡ് കോടതിയിൽ ഇത് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നൽകുകയും ചെയ്താൽ മാത്രമേ എന്തെങ്കിലും പ്രയോജനം ഉണ്ടാകുകയുള്ളു. സർക്കാരും രാഷ്ട്രീയ കക്ഷികളും എങ്ങും തൊടാത്ത നിലപാടിലുമാണ്. അതിനിടെ ഹൈക്കോടതിയിൽ നിന്നുണ്ടായ ഒരുത്തരവ് ഭൂഉടമകൾക്ക് ആശ്വാസം പകരുന്നതാണ്. വഖഫ് ബോർഡിന്റെ അനുമതി ഇല്ലാതെ ഭൂമി കൈവശം വച്ചാൽ കൈയ്യേറ്റക്കാരായി കാണുമെന്നും രണ്ട് വർഷം വരെ തടവിന് ശിക്ഷിക്കുകയും ചെയ്യുമെന്ന 2013 ലെ 52 എ വകുപ്പ് ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന സിംഗിൾ ബഞ്ചിന്റെ വിധിയാണ് ഭൂഉടമകൾക്ക് പിടിവള്ളിയാകുന്നത്. മുനമ്പം പ്രശ്ന പരിഹാരത്തിനായി ജുഡിഷ്യൽ കമ്മിഷനെ നിയമിച്ച് കാഴ്ചക്കാരായി മാറി നിൽക്കുന്ന കേരള സർക്കാരിൽ നിന്ന് ഇനി കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കരുതുന്ന വഖഫ് ഭേദഗതി നിയമത്തിലാണ് ഇനി ഏക പ്രതീക്ഷ