വിവേകോദയവും വിവേകാനന്ദനും ആശാനും
ശ്രീനാരായണഗുരുവാണ് ‘വിവേകോദയം’ എന്ന പേര്‍ നിര്‍ദ്ദേശിച്ചതെന്നു കെ.പി. കയ്യാലക്കല്‍ പറഞ്ഞതായി ജി. പ്രിയദര്‍ശനന്‍ രേഖപ്പെടുത്തുന്നു. സമുദായത്തിന് ഇപ്പോള്‍ വേണ്ടതു വിവേകമാണെന്നു ഗുരു പറഞ്ഞത്രെ.
കുമാരനാശാന്റെ ജീവിതത്തെ ഗാഢമായി സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്ത ‘പരദൈവ’മായിരുന്നു ശ്രീനാരായണഗുരു. ആശാന്റെ ആരാധ്യപുരുഷരില്‍ പ്രഥമസ്ഥാനീയനും ഗുരു തന്നെ. ‘രാജയോഗസമര്‍പ്പണം’ എന്ന സംസ്‌കൃതപദ്യത്തില്‍, അര്‍ത്ഥശങ്കക്കിടയില്ലാത്തവണ്ണം അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
രാജയോഗ വിവര്‍ത്തനഗ്രന്ഥം ഗുരുവിനു സമര്‍പ്പിച്ചുകൊണ്ടുള്ള ആ പദ്യത്തില്‍ നിന്നു മറ്റൊന്നുകൂടി വ്യക്തമാകും. രണ്ടാമത് ഒരാള്‍ ആരാധ്യനായി ആശാനുണ്ടായിരുന്നെങ്കില്‍ അതു സ്വാമി വിവേകാന്ദനായിരുന്നുവെന്ന സത്യം. പ്രസക്ത ശ്ലോകാര്‍ത്ഥം കാണുക: ”ജ്ഞാനതപസ്സുകളാല്‍ പരിശുദ്ധനായ അദ്ദേഹം (നാരായണഗുരു) മനുഷ്യലക്ഷണമുള്ള ശിവനാണോ, സാക്ഷാല്‍ നാരായണന്റെ നവീനാവതാരമാണോ എന്നു നിര്‍മ്മത്സരര്‍ക്കിടയില്‍ തര്‍ക്കവിഷയമായിരിക്കുന്നു. അദ്ദേഹത്തിന്റെ കാലിലെ പൊടി നെറുകയില്‍ ധരിച്ച് എന്റെ ഹൃദ്ദര്‍പ്പണത്തിലെ അഴുക്കു കളഞ്ഞിരിക്കുന്നു. അതിനാല്‍ പൂജ്യരായി അന്യരെ വിഭാവനം ചെയ്യാനൊക്കുമോ? ആ മഹാഗുരു തന്നെ എനിക്കു ഏറ്റവും മഹാന്‍” രണ്ടാമതൊരു സ്ഥാനമുണ്ടെങ്കില്‍ അത് രാജയോഗകര്‍ത്താവിനാണെന്നു ധ്വനിപ്പിക്കുകയാണു കവി. ഇവിടെ ആശാന് വിവേകാനന്ദ ദര്‍ശനങ്ങളോടും കര്‍മ്മമാര്‍ഗ്ഗത്തോടും ഉണ്ടായിരുന്ന ആത്മബന്ധം പലരൂപത്തിലും വെളിപ്പെടുത്തുന്നുണ്ട്. രാജയോഗത്തിനു മുമ്പ് ഭക്തിയോഗവും കര്‍മ്മയോഗവും വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്നു രാജയോഗത്തിന്റെ ‘മുഖവുര’യില്‍ നിന്നു ഗ്രഹിക്കാനാവും. എന്നാല്‍ അതു പൂര്‍ത്തീകരിച്ചോ പ്രസിദ്ധീകരിച്ചോ കണ്ടില്ല.
ആശാന്‍ ആകെ രണ്ടു ജീവചരിത്രക്കുറിപ്പുകളേ എഴുതിയിട്ടുള്ളു. ഒന്ന് നാരായണഗുരുവിന്റേയും മറ്റൊന്ന് വിവേകാനന്ദന്റെയുമായിരുന്നു.
1903-ല്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ നിയമാവലിക്കെഴുതിയ ‘മുഖവുര’ തന്നെ വിവേകാനന്ദന്റെ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. നോക്കുക: ”ഇന്ത്യയെ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യണമെങ്കില്‍ മതമാകുന്ന അതിന്റെ കൈപിടിയില്‍ തൂക്കിയിട്ടുവേണം” ആശാന്റെ ഹൃദയരഹസ്യം കൂടി ഈ വാക്കുകളില്‍ പ്രതിഫലിച്ചുകാണാം. തൊട്ടടുത്ത വാക്യം അതിനെ കൂടുതല്‍ ദര്‍ശനീയമാക്കുന്നു. അതിങ്ങനെയാണ്: ”അതിനേക്കാള്‍ ഉല്‍കൃഷ്ടമായ ഒരു ഉപദേശം ഇന്ത്യയിലെ പരിഷ്‌കാരകന്മാര്‍ക്കോ, പരിഷ്‌കരണ സമാജങ്ങള്‍ക്കോ പ്രതീക്ഷിപ്പാന്‍ പാടില്ലാത്തതാകുന്നു” ആശാന്റെ സാമുദായിക പ്രവര്‍ത്തനങ്ങള്‍ക്കു മതപരമായ ഒരടിത്തറയുണ്ടായിരുന്നുവെന്നതു നിഷേധിക്കാവുന്നതല്ല.
ഇതരമതദര്‍ശനങ്ങളെ ആദരിച്ചു കൊണ്ടുതന്നെ, ഹിന്ദുമതപരിഷ്‌കരണം സാമുദായിക പ്രവര്‍ത്തനത്തിന്റെ ഒരു ഭാഗമായി അദ്ദേഹം കണ്ടു.
‘വിവേകോദയ’ത്തിന്റെ ലക്കങ്ങള്‍ മിക്കവാറും വിവേകാനന്ദസൂക്തികളാല്‍ അലംകൃതമായിരുന്നു. ആദ്യലക്കത്തിന്റെ ‘പ്രസ്താവന’യില്‍ ഇത്തരമൊരു ദൗത്യനിര്‍വഹണത്തെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ”വിശ്വവിശ്രുതനും വന്ദ്യനും നമ്മുടെ പ്രത്യേക കൃതജ്ഞതയ്ക്കും ബഹുമാനത്തിനും പാത്രീഭൂതനും ആയ വിവേകാനന്ദസ്വാമി അവര്‍കളുടെ സാരവത്തുക്കളായ ഉപന്യാസങ്ങളെയും ഉപദേശവാക്യങ്ങളെയും കൊണ്ടും പലപ്പോഴും ഇതിന്റെ പംക്തികള്‍ പ്രശോഭിതങ്ങളായിരിക്കുന്നതാകുന്നു” ആശാന്‍ ഉദ്ധരിച്ച വിവേകാനന്ദന്റെ ഉപദേശവാക്യങ്ങളില്‍ ഏറെയും ആത്മീയവും അപരവും ധാര്‍മ്മികവുമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു. സമകാലിക ജീവിതത്തെ നരകതുല്യമാക്കിയ ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയേയോ, സാമാന്യജനതയുടെ നിത്യജീവിതത്തിലെ ഭൗതിക പ്രശ്‌നങ്ങളേയോ, അന്ധവിശ്വാസജഡിലമായ അനാവരണങ്ങളോടെയോ വിമര്‍ശിക്കുന്ന നിരീക്ഷണങ്ങള്‍ അധികം കടന്നുവരാറില്ല. ”ഇന്ത്യയെ ഉദ്ധരിക്കേണ്ടതു ആസുരശക്തികൊണ്ടല്ല ദൈവിക ശക്തികൊണ്ടാകുന്നു. നാശകരങ്ങളായ യുദ്ധക്കൊടികളെക്കൊണ്ടല്ല സമാധാനത്തേയും സ്‌നേഹത്തേയും സൂചിപ്പിക്കുന്ന സന്യാസിയുടെ കാവിവസ്ത്രമായ കൊടി കൊണ്ടാകുന്നു. ധനത്തിന്റെ ശക്തികൊണ്ടല്ല ഭിക്ഷുവിന്റെ ഇരപ്പോടിന്റെ ശക്തികൊണ്ടത്രെ”, ”ആദ്യം ആദ്ധ്യാത്മികമായ അഭിപ്രായം നാട്ടില്‍ പ്രവഹിക്കട്ടെ. അനന്തരം സാമുദായികമായും രാജ്യനീതിസംബന്ധമായുമുള്ള അഭിപ്രായങ്ങള്‍ പിന്തുടരും. സര്‍വോത്തമമായ സമ്പത്തു ഈശ്വരഭക്തിയും ആദ്ധ്യാത്മജ്ഞാനവുമാണ്. എന്തുകൊണ്ടെന്നാല്‍ അതു ആത്മാവിനെ അനവധി ജന്മങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു. അടുത്തതു ശാസ്ത്രീയജ്ഞാനമാകുന്നു. എന്തുകൊണ്ടെന്നാല്‍ അതു മനുഷ്യരുടെ ബോധത്തെ വികസിപ്പിച്ചു ആദ്ധ്യാത്മജ്ഞാനത്തിലേക്കു നയിക്കുന്നു. ജീവിതത്തെ രക്ഷിക്കുക എന്നതു അതിലും താഴ്ന്നതും ഭോഗാര്‍ത്ഥമായ സമ്പത്തു നാലാമത്തേതുമാകുന്നു”. ”രാജ്യതന്ത്രമോ സൈന്യബലമോ കച്ചവടത്തിന്റെ ഉല്‍ക്കര്‍ഷമോ കരകൗശല സാമര്‍ത്ഥ്യമോ അല്ല ഇന്ത്യയുടെ ശക്തിക്കു ആധാരമായി നില്‍ക്കുന്നത്. മതമാകുന്ന ഒന്നേ ഒന്നാകുന്നു. അതാണു നമുക്കുള്ളത്. ഉണ്ടാകാന്‍ നാം വിചാരിക്കേണ്ടതും അതാണ്”. ആശാന്‍ ഉദ്ധരിച്ച വിവേകാനന്ദ ആദര്‍ശങ്ങളുടെ പൊതുസ്വഭാവം ഇതായിരുന്നു.
ആശാന്റെ ലേഖനങ്ങളിലും മുഖപ്രസംഗങ്ങളിലും സാന്ദര്‍ഭികമായി പരാമര്‍ശിക്കാറുള്ള ഉദ്ധരണികളില്‍ പലതും വിവേകാനന്ദന്റേതായിരുന്നു. ‘താഴ്ന്ന ജാതിക്കാരും അവരുടെ ഉയര്‍ച്ചയും’, ‘നമ്മുടെ ഭയങ്കരമായ ശാപം അല്ലെങ്കില്‍ കേരളത്തിലെ ഭ്രാന്ത്’, ‘നമ്മുടെ മതസംബന്ധമായ ചുമതല’, ‘മതപ്രസംഗം’ തുടങ്ങിയ ലേഖനങ്ങള്‍ ഉദാഹരണങ്ങളാണ്. ”നിങ്ങളുടെ ഇടയില്‍ സംസ്‌കൃത ഭാഷാജ്ഞാനമുള്ളവര്‍ അധികമുണ്ടെന്നു കേള്‍ക്കുന്നതില്‍ സന്തോഷിക്കുന്നു. ഇനി മതശാസ്ത്രങ്ങളേയും കഴിയുമെങ്കില്‍ വേദങ്ങളേയും പഠിക്കുന്നവര്‍ വളരെ ഉണ്ടാകട്ടെ. അതിനു ശ്രമിക്കണം. ശുചിത്വത്തിലും സദാചാരത്തിലും നിഷ്ഠയും മതവിശ്വാസവും വര്‍ദ്ധിപ്പിക്കുകയും ആചാരനടപടികളെ പരിഷ്‌കരിക്കുകയും ചെയ്യണം. പിന്നെ നിങ്ങളെ താണജാതിക്കാര്‍ എന്നു പറയുവാന്‍ ആര്‍ക്കും ധൈര്യമുണ്ടാകുന്നതല്ല” എന്നു വിവേകാനന്ദന്‍ ഡോ. പി. പല്പുവിനെ ഉപദേശിച്ചത് ‘താഴ്ന്ന ജാതിക്കാരും അവരുടെ ഉയര്‍ച്ചയും’ എന്ന മുഖപ്രസംഗത്തിലാണ് ആശാന്‍ ഉദ്ധരിക്കുന്നത്. ‘വിവേകാനന്ദന്റെ കത്തുകളും കവിതകളും യാത്രാവിവരണങ്ങളും, വിവര്‍ത്തനം ചെയ്തു വിവേകോദയത്തില്‍ ആശാന്‍ ചേര്‍ത്തിരിക്കുന്നു. വ്യക്തികള്‍ക്കോ സമൂഹത്തിനോ ഭരണകൂടങ്ങള്‍ക്കോ ദേശരാഷ്ട്രങ്ങള്‍ക്കോ ഗുണപാഠമായോ മാര്‍ഗ്ഗദര്‍ശകമായോ മാതൃകയായോ തീരാവുന്നവയാകും അവ. സുഹൃത്തിനെഴുതിയ ഒരു കത്തു കാണുക: ”ഇത്ര വേഗത്തില്‍ നിങ്ങള്‍ സന്യസിച്ചു കളവാന്‍ തീര്‍ച്ചയാക്കിയതായറിയുന്നതില്‍ ഞാന്‍ വളരെ വ്യസനിക്കുന്നു. വൃക്ഷത്തിന്റെ ഫലം പാകമാകുമ്പോള്‍ അതില്‍ നിന്നു വീഴുന്നു. അതുകൊണ്ടു സമയം വരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കണം. ധൃതിപ്പെടരുത്. തന്നെയല്ല അവിവേകം പ്രവര്‍ത്തിച്ചിട്ടു മറ്റുള്ളവരെ കഷ്ടത്തിലാക്കുന്നത് ആര്‍ക്കും ന്യായമല്ലാത്തതുമാണ്. കാത്തിരിക്കുക, ക്ഷമയോടുകൂടിയിരിക്കുക, സമയത്തു എല്ലാം ശരിയായി വരും”. ഈ വിവര്‍ത്തനത്തിന്റെ ലക്ഷ്യവും പ്രസക്തിയും മൂല്യവും സുവ്യക്തമാണല്ലോ. നാരായണഗുരുവിന്റെ ശിഷ്യനായും ചിന്നസ്വാമിയായും അവിവാഹിതനായും ജീവിച്ച കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ പോന്ന ഒരു ഔഷധമായി ഈ കത്തു ഒരുപക്ഷെ ആശാന് ഉപകരിച്ചിട്ടുണ്ടാവും. ”സ്വാമി വിവേകാനന്ദന്‍ ഒരു സ്‌നേഹിതനയച്ച കത്തിന്റെ തര്‍ജ്ജമ” എന്നു അടിക്കുറിപ്പായി രേഖപ്പെടുത്താതിരിക്കുന്നെങ്കില്‍, ആശാന്റേതെന്നു നിശ്ചയമായും വായനക്കാര്‍ തെറ്റിദ്ധരിക്കാവുന്ന വിധം അദ്ദേഹത്തിന്റെ ജീവിതദര്‍ശനവും കാവ്യകലാവീക്ഷണവുമായി അധികം സാദ്ധ്യത പുലര്‍ത്തുന്ന ഒന്നാണ് 1903-ല്‍ പദ്യരൂപേണ പ്രസിദ്ധീകരിച്ച ‘ഒരു എഴുത്ത്’ എന്ന കൃതി. ഇഹപരലോകങ്ങളെക്കുറിച്ചും ഈശ്വരനെക്കുറിച്ചും സുഖദുഃഖസമ്മിശ്രമായ മനുഷ്യജീവിതത്തെക്കുറിച്ചും സ്‌നേഹത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചുമൊക്കെയുള്ള ആശാന്റെ കാഴ്ചപ്പാടുകള്‍ ദൃഡീകരിക്കുന്നതില്‍ വിവേകാനന്ദന്റെ ഇത്തരം രചനകള്‍ സ്വാധീനം ചെലുത്തിയിരിക്കാം.
നാരായണഗുരുവിനെ പോലെ യോഗസിദ്ധിയും അദ്വൈതബുദ്ധിയും മനുഷ്യസേവനത്തിനായി ഉഴിഞ്ഞുവച്ച ത്യാഗസമ്പന്നനായ ഒരു പ്രായോഗികവേദാന്തിയായിരുന്നു വിവേകാനന്ദസ്വാമികള്‍. പട്ടിണിപ്പാവങ്ങള്‍ക്കു വേണ്ടതു ഭക്ഷണവും വിദ്യാഭ്യാസവുമാണെന്നു പറഞ്ഞ വിവേകാനന്ദന്റെ വചനങ്ങള്‍ക്കു, വിദ്യയും വ്യവസായവും കൊണ്ട് അഭിവൃദ്ധി പ്രാപിക്കാന്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയോട് ആഹ്വാനം ചെയ്ത ഗുരുവിന്റെ വചനങ്ങളോട് സാദൃശ്യമുണ്ട്. ഇരുവരും ഹിന്ദുമതത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ പൊരുതി. മറ്റുമതങ്ങളും മനുഷ്യന്റെ നന്മയ്ക്കും മോക്ഷത്തിനും ഉപകരിക്കുമെന്നു കണ്ട് ആദരിച്ചു. ഗുരുവിലും വിവേകാനന്ദനിലും കണ്ട സമാനതകള്‍, ആശാനു വിവേകാനന്ദനിലേക്കുള്ള ആകര്‍ഷണത്തിന്റെ പ്രഥമപ്രലോഭനമായിരുന്നു.
പാശ്ചാത്യ-പൗരസ്ത്യ വിജ്ഞാനങ്ങളിലുള്ള സ്വാമികളുടെ അപാരമായ അറിവും സമന്വയചിന്താഗതിയും ഹിന്ദുമതാഭിമാനവും പതിതരോടുള്ള കാരുണ്യവും ആശാന്റെ സവിശേഷമായ ആരാധനയ്ക്കു വിഷയീഭവിച്ചിട്ടുണ്ടാവും. നൂറ്റാണ്ടുകള്‍ക്കു ശേഷം, വേദാന്തമാര്‍ഗത്തിലൂടെ സംഫുല്ലമായ ഹൃദയത്തോടുകൂടിയ ഒരു തേജോമൂര്‍ത്തിയെ ഉത്തരഭാരതത്തില്‍ ആശാന്‍ കാണുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തിയും ചൈതന്യവും ഭാരതത്തിലും പുറംരാജ്യങ്ങളിലും പരക്കുന്നത് അത്ഭുതാനന്ദങ്ങളോടെ ആശാന്‍ ദര്‍ശിച്ചു. നിദ്രാണമായിരുന്ന ഭാരതത്തിന്റെ സനാതന മൂല്യങ്ങളെ ജ്വലിപ്പിച്ചുയര്‍ത്തി ലോകത്തിനു നവജീവന്‍ പകരാന്‍ പോന്ന ശക്തിസ്രോതസ്സായി വിവേകാനന്ദനെ ആശാന്‍ നിരീക്ഷിച്ചു.
നരാകൃതിപൂണ്ട വേദാന്തപ്പൊരുളായും കരുണതന്‍ കടലായും സ്‌നേഹത്തിന്‍ദീപമായും സ്വന്തം ഗുരുവിനെപ്പോലെ വിവേകാനന്ദനെയും വീക്ഷിച്ചപ്പോള്‍, ആ വ്യക്തിത്വത്തിനു മുമ്പില്‍ ആശാന്‍ നമ്രശിരസ്‌കനായിത്തീര്‍ന്നു.
വിവേകാനന്ദനെപ്പോലെ ആര്‍ഷസംസ്‌കാരത്തില്‍ അഭിമാനിച്ച വ്യക്തിയായിരുന്നു ആശാന്‍, ‘മതപരിവര്‍ത്തനരസവാദം’ എന്ന ലേഖനത്തില്‍ അതു സ്പഷ്ടമാകുന്നുണ്ട്. ‘നമ്മുടെ മതസംബന്ധമായ ചുമതല’ എന്ന ലേഖനത്തില്‍ ആശാന്‍ എഴുതുന്നു. ”വിദ്വാന്‍മാര്‍ക്കും അവിദ്വാന്‍മാര്‍ക്കും ധനവാന്മാര്‍ക്കും ദരിദ്രന്‍മാര്‍ക്കും സുഖികള്‍ക്കും ദുഃഖികള്‍ക്കും ഒരുപോലെ ആശ്വാസത്തേയും ആശയേയും ജനിപ്പിക്കത്തക്കവണ്ണം സര്‍വതോമുഖമായ വ്യാപ്തിയും മാഹാത്മ്യവും ഉള്ള മതം ഹിന്ദുമതത്തെപ്പോലെ മറ്റൊന്നു ലോകത്തിലില്ലെന്നുള്ളത് അറിഞ്ഞവരെല്ലാം സമ്മതിച്ചിട്ടുള്ളതാകുന്നു. എല്ലാ മതങ്ങളുടെയും മാതൃസ്ഥാനമായി ഹിന്ദുമതത്തെ സങ്കല്പിച്ച വിവേകാനന്ദന്റെ നാഡീസ്പന്ദനം മേലുദ്ധരിച്ച വാക്യത്തില്‍ സ്പര്‍ശിച്ചറിയാനാവും. ”ക്രിസ്ത്യന്‍ ഒരു ഹിന്ദുവോ ബൗദ്ധനോ ആകേണ്ട, ഹിന്ദുവോ ബൗദ്ധനും ക്രിസ്ത്യനും ആകേണ്ട. പക്ഷേ ഓരോരുത്തരും മറ്റുള്ളവരുടെ തത്ത്വസാരം ഗ്രഹിക്കണം. അവനവന്റെ വ്യക്തിത്വം വിടാതെ സ്വസ്വഭാവമനുസരിച്ചു വളരുകയും വേണം” എന്ന വിവേകാനന്ദന്റെ വീക്ഷണത്തോട് ആശാനു യോജിപ്പാണുള്ളത്.
ആത്മാര്‍ത്ഥതയും ആത്മവിശ്വാസവുമുള്ള ആളുകളാണ് ഇന്നു നാടിന് ആവശ്യമുള്ളതെ”ന്ന വിവേകാനന്ദസന്ദേശം ഉള്‍ക്കൊണ്ടു സ്വജീവിതം ക്രമപ്പെടുത്തിയ വ്യക്തിയായിരുന്നു ആശാന്‍. ‘ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്‍ നിബോധത’ എന്ന കഠോപനിഷത്തിലെ മന്ത്രവാക്യം ആവര്‍ത്തിച്ചുരുവിട്ടു ഭാരതീയ ജനതയെ ഉണര്‍ത്താന്‍ ശ്രമിച്ച വിവേകാന്ദനെ അനുകരിച്ച്, സ്വസമുദായത്തെ ലക്ഷ്യമാക്കി ‘വിവേകോദയ’ത്തിന്റെ പ്രഥമലക്കം മുതല്‍ അതിന്റെ മുദ്രാവാക്യമായി ഒന്നാം പേജില്‍ ആശാന്‍ ഉദ്ധരിച്ചു പോന്നു. കഷ്ടപ്പാടു നിറഞ്ഞ ലോകത്തിലേക്കു ബുദ്ധനെപ്പോലെ ഇറങ്ങിച്ചെന്നു അവ ലഘൂകരിക്കാന്‍ ശ്രമിക്കണമെന്നു പറയുകയും ജീവിതം കൊണ്ടു സാക്ഷാത്കരിക്കുകയും ചെയ്ത വിവേകാനന്ദന്റെ പാത ഒരു പരിധിവരെ പിന്തുടരാന്‍ ആശാനും സാധിച്ചുവെന്നത് ഒരു അനിഷേധ്യ സത്യമാണ്.
ആശാന്‍ വിവര്‍ത്തനം ചെയ്ത വിവേകോദയത്തില്‍ പ്രസിദ്ധീകരിച്ച വിവേകാനന്ദന്റെ ഒരു കത്തിലെ ഇന്നും പ്രസക്തമായ ഒരു ഭാഗം കാണുക: ”നമ്മുടെ താണജാതിക്കാര്‍ക്കുവേണ്ടി നമ്മള്‍ ചെയ്യപ്പെടേണ്ട പ്രധാനമായൊരു കൃത്യമെന്തെന്നാല്‍ അവരുടെ ഇടയില്‍ വിദ്യാഭ്യാസത്തെ പ്രചാരപ്പെടുത്തി അവരുടെ നഷ്ടമായിപ്പോയ ഐക്യത്തെ വര്‍ദ്ധിപ്പിച്ചു കൊടുക്കണമെന്നുള്ളതാണ്. ഇതാണു നമ്മുടെ രാജാക്കന്മാരുടെയും ജനങ്ങളുടെയും മേലുള്ള മുഖ്യമായ ചുമതല… പര്‍വതം മുഹമ്മദിന്റെ അടുത്തു വരുന്നില്ലെങ്കില്‍ മുഹമ്മദ് പര്‍വ്വതത്തിന്റെ അടുത്തു ചെല്ലണം. സാധുബാലനു വിദ്യ തേടുന്നതിനു പ്രയാസമാണെന്നു വരികില്‍ വിദ്യ അവന്റെ അടുത്തു ചെല്ലണം” നമ്മുടെ ജനാധിപത്യ രാജ്യത്തു ഇന്നും പൂര്‍ണ്ണമായി സഫലമാകാത്ത ഈയൊരു നിര്‍ദ്ദേശത്തെ എസ്.എന്‍.ഡി.പി യോഗം സെക്രട്ടറി എന്ന നിലയിലും പൗരപ്രമുഖന്‍, പ്രജാസഭ മെമ്പര്‍, പത്രാധിപര്‍, കവി തുടങ്ങിയ നിലകളിലും സ്വന്തം കര്‍മ്മഭൂമിയില്‍ നടപ്പിലാക്കാന്‍ ആദ്യന്തം ഉദ്യമിച്ച വ്യക്തിയായിരുന്നു ആശാന്‍.
‘വിവേകോദയം’ എന്ന പേര്‍ മാസികക്കു നല്‍കിയത് വിവേകാനന്ദനോടുള്ള ആദരസൂചക മായിട്ടാണെന്നൊരു വാദം പരക്കെയുണ്ട്. അതുശരിയല്ല. വിവേകോദയത്തിന്റെ പ്രഥമലക്കത്തിലെ ആശാന്റെ ‘പ്രസ്താവന’ യില്‍ നിന്നു അക്കാര്യം വ്യക്തമല്ല. ”വിവേകോദയം എന്ന നിര്‍ദ്ദോഷമായ നാമത്തില്‍ ഇപ്രകാരം യോഗം വകയായി പുറപ്പെടുന്ന ഈ ദ്വൈമാസിക” എന്നതില്‍ നിന്നും വിവേകാനന്ദനുമായി മാസികയുടെ പേരിനു യാതൊരു ബന്ധവുമില്ലെന്നു സ്പഷ്ടമല്ലേ? വിവേകാനന്ദനെ സ്മരിക്കുന്നതിനോ ആദരിക്കുന്നതിനോ വേണ്ടിയായിരുന്നെങ്കില്‍ ‘നിര്‍ദ്ദോഷമായ നാമം’ എന്നു ആശാന്‍ എഴുതുമായിരുന്നില്ല. യോഗാദ്ധ്യക്ഷനായും പരദൈവമായും നാരായണഗുരു മുന്നിലുള്ളപ്പോള്‍, വിവേകാനന്ദന്റെ പേരിനോടു ബന്ധപ്പെടുത്തി മാസികയ്ക്കു പേരു നല്‍കുന്നതിന് ആശാനുള്‍പ്പെടുന്ന യോഗനേതാക്കള്‍ തയ്യാറാവുമോ? എന്തായാലും ആശാന്‍ അവകാശപ്പെടുംപോലെ ‘വിവേകോദയം’ എന്നതു നിര്‍ദ്ദോഷമായ ഒരു നാമമല്ല. സ്വന്തം സമുദായത്തിന്റെയും സമൂഹത്തിന്റെയും ദേശത്തിന്റെയും സ്ഥിതിഗതികളെക്കുറിച്ചു ശരിയായ ധാരണയോ വിവേകമോ ഇല്ലാതിരുന്ന ജനതതിയുടെ ഉണര്‍വിനേയും ബോധോദയത്തെയും പറ്റിയുള്ള ചിന്ത ഈ നാമധേയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവും. ശ്രീനാരായണഗുരുവാണു ‘വിവേകോദയം’ എന്ന പേര്‍ നിര്‍ദ്ദേശിച്ചതെന്നു കെ.പി. കയ്യാലക്കല്‍ പറഞ്ഞതായി ജി. പ്രിയദര്‍ശനന്‍ രേഖപ്പെടുത്തുന്നു. സമുദായത്തിന് ഇപ്പോള്‍ വേണ്ടതു വിവേകമാണെന്നു ഗുരു പറഞ്ഞത്രെ. എങ്കില്‍ അക്കാര്യം എന്തുകൊണ്ടു ആശാന്‍ പരാമര്‍ശിക്കാതെ പോയി എന്നൊരു ചോദ്യമുയരാം.