വൈക്കം തീസിസ്
ഗാന്ധിയെ സംബന്ധിച്ചിടത്തോളം ധര്‍മം, സത്യം, സഹനം തുടങ്ങിയവ ‘ദൈവഹിത’വും ‘പ്രകൃതിനിയമ’വുമാണ്. ആധുനികത, സിവിലൈസേഷന്‍, സയന്‍സ്, ഡെമോക്രസി, സെക്കുലറിസം എന്നിങ്ങനെയുള്ള ‘അസുരശക്തികള്‍’ മനുഷ്യനെ ദൈവത്തില്‍നിന്ന് അടര്‍ത്തിമാറ്റിയെന്ന് ഗാന്ധി വിശ്വസിച്ചു. ഈ അസുരശക്തികളെ നിഗ്രഹിക്കാന്‍വേണ്ടിയാണ് ഗാന്ധി ‘സത്യഗ്രഹ’വും ‘അഹിംസ’യും ആവിഷ്‌കരിച്ചത്. ഫലത്തില്‍, ഗാന്ധിയന്‍ സത്യഗ്രഹം ആധുനിക മാനവികതയ്‌ക്കെതിരായ വെല്ലുവിളിയാണ്.
രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കുന്ന മനുഷ്യന്‍ എന്നാല്‍, ‘സഞ്ചരിക്കുന്ന മനുഷ്യന്‍’ (Walking Animal) എന്നാണര്‍ത്ഥം. മൃഗങ്ങളുടേത് സഞ്ചാരമല്ല, ചലനം മാത്രമാണ്. സഞ്ചാരം അതിനാല്‍ ‘ being human ‘ ആകുന്നു. ഇന്ത്യയിലെ മഹാഭൂരിപക്ഷം അവര്‍ണമനുഷ്യര്‍ക്ക് പൊതുവഴികളിലും പൊതുവിടങ്ങളിലും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച നിസ്സാര ന്യൂനപക്ഷമായ സവര്‍ണര്‍ ഈ ഭൂരിപക്ഷത്തിന്റെ ‘മാനുഷികത’യെയാണ് നിഷേധിച്ചത്. പൊതുവഴികളില്‍ നടക്കാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്ന പ്രഖ്യാപനം ‘മനുഷ്യാവകാശപ്രഖ്യാപന’മാണ്. ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ നടന്ന സഞ്ചാരസ്വാതന്ത്ര്യപ്പോരാട്ടങ്ങളെ അവര്‍ണരുടെ ഉജ്ജ്വലമായ മനുഷ്യാവകാശ-സ്വാതന്ത്ര്യപ്പോരാട്ടങ്ങളായിട്ടുവേണം വിശേഷിപ്പിക്കേണ്ടത്.
1924-ല്‍ വൈക്കത്താരംഭിച്ച സഞ്ചാരസ്വാതന്ത്ര്യസമരം കേരളത്തിലെ അവര്‍ണ ഭൂരിപക്ഷം നടത്തിയ വിടുതലൈ പോരാട്ടമാണ്. ‘പോരാടുക’, ‘സമരം ചെയ്യുക’ എന്നതിനര്‍ത്ഥം മനുഷ്യന്റെ ചുണ, നിര്‍ഭയത്വം, പോരാട്ടസന്നദ്ധത തുടങ്ങിയ ‘സജീവശക്തി’കളുടെ (Active forces) വിപ്ലവകരമായ വിന്യാസമാണ്. എന്നാല്‍, സജീവശക്തികളെ ഗാന്ധി വിശേഷിപ്പിച്ചത് ‘മൃഗീയശക്തി’ (Brute force), ദുഷ്ടശക്തി (Evil force), കായികശക്തി (Physical force) എന്നൊക്കെയാണ്. Active forceന്റെ എല്ലാത്തരം പ്രയോഗങ്ങളെയും എതിര്‍ത്ത ഗാന്ധിയുടെ ആയുധം ‘നിഷ്‌ക്രിയ-നിര്‍ജീവ-സഹനശക്തി’ (Passive force) ആയിരുന്നു. കാരണം, അത് ആത്മശക്തി (Spiritual force/Soul force) യത്രേ! മനുഷ്യന്റെ കായിക-മനോബലങ്ങളേക്കാള്‍ ‘ശ്രേഷ്ഠം’ ആത്മബലമാണ്. ഈ ആത്മശക്തിയുടെ വിന്യാസമാണ് ഗാന്ധിക്ക് സത്യഗ്രഹം. ഗാന്ധിയന്‍ സത്യഗ്രഹത്തിന്റെ ലക്ഷ്യം, മനുഷ്യരുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരികാവശ്യങ്ങളല്ല. ആത്മശുദ്ധീകരണത്തിലൂടെ ദൈവത്തോട് അടുക്കുകയാണ് സത്യഗ്രഹത്തിന്റെ ലക്ഷ്യം.
ഗാന്ധിയെ സംബന്ധിച്ചിടത്തോളം ധര്‍മം, സത്യം, സഹനം തുടങ്ങിയവ ‘ദൈവഹിത’വും ‘പ്രകൃ തിനിയമ’വുമാണ്. ആധുനികത, സിവിലൈസേഷന്‍, സയന്‍സ്, ഡെമോക്രസി, സെക്കുലറിസം എന്നിങ്ങനെയുള്ള ‘അസുരശക്തികള്‍’ മനുഷ്യനെ ദൈവത്തില്‍നിന്ന് അടര്‍ത്തിമാറ്റിയെന്ന് ഗാന്ധി വിശ്വസിച്ചു. ഈ അസുരശക്തികളെ നിഗ്രഹിക്കാന്‍വേണ്ടിയാണ് ഗാന്ധി ‘സത്യഗ്രഹ’വും ‘അഹിംസ’യും ആവിഷ്‌കരിച്ചത്. ഫലത്തില്‍, ഗാന്ധിയന്‍ സത്യഗ്രഹം ആധുനിക മാനവികതയ്‌ക്കെതിരായ വെല്ലുവിളിയാണ്. ഗാന്ധിയന്‍ ‘മതാധിഷ്ഠിത-രാഷ്ട്രീയ-മനുസംഹിത’യുടെ അടിത്തൂണുകളാണ് സത്യഗ്രഹവും അഹിംസയും. ഗാന്ധിയുടെ സത്യഗ്രഹി ഒരു പോരാളിയോ വിപ്ലവകാരിയോ അല്ല. ഒരാള്‍ സ്വയം നടത്തുന്ന ആത്മീയപരീക്ഷണവും ആത്മശുദ്ധീകരണവുമാണ് സത്യഗ്രഹം. മനുഷ്യനിര്‍മിതമായ സ്വാതന്ത്ര്യസങ്കല്പങ്ങള്‍ക്കോ മൂല്യങ്ങള്‍ക്കോ സത്യഗ്രഹിയെ പ്രചോദിപ്പിക്കാനാവില്ല. ദുര്‍ജ്ഞേയമായ ഏതോ ഉള്‍വിളിയാണ് സത്യഗ്രഹിയുടെ പ്രേരണ. തന്റെ സമരങ്ങളെ ഗാന്ധി ഒരിക്കലും ‘രാഷ്ട്രീയസമരങ്ങള്‍’ എന്നു നിര്‍വചിച്ചിട്ടില്ല. അവ ‘ധര്‍മസമര’ങ്ങളാണ്. ഗാന്ധി വെറുപ്പോടെയും ഭയത്തോടെയും രാഷ്ട്രീയത്തെ അധിക്ഷേപിച്ചത്, ‘തന്റെ കഴുത്തില്‍ ചുറ്റിയ പാമ്പ്’ എന്നാണ്. ഗാന്ധിയുടെ ‘രാഷ്ട്രീയം’, ‘തിയോളജിക്കല്‍’ (Theological) ആണെന്നും അത് യഥാര്‍ത്ഥ രാഷ്ട്രീയത്തെ റദ്ദാക്കുന്ന ‘anti-politics’ ആണെന്നും ഷാജ് മോഹനും ദിവ്യ ദ്വിവേദിയും പറയുന്നു.1
ന്ത്യന്‍ പശ്ചാത്തലത്തില്‍ ദൈവത്തോടും പ്രകൃതിയോടും അടുക്കുക എന്നതിനര്‍ത്ഥം ഓരോരുത്തരും അവരവരുടെ ജാതിയെ സ്വാഭാവികമെന്നോണം സ്വീകരിക്കുക എന്നാണ്. ഗാന്ധിയുടെ പ്രിയ ഗ്രന്ഥമായ ‘ഭഗവദ്ഗീത’യില്‍ കൃഷ്ണന്‍ പറയുന്നു:
”ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മവിഭാഗശഃ
തസ്യകര്‍ത്താരമപിമാം വിധികര്‍ത്താരമവ്യയം”
(ഗീത, 4/13)
”ഭഗവദ്ഗീതയുടെ മുഖ്യപ്രമേയ” ത്തിനു വിരുദ്ധമായതിനെ ഞാന്‍ അഹൈന്ദവമെന്നു വിശേഷിപ്പിക്കു’മെന്നാണ് ഗാന്ധി പ്രഖ്യാപിച്ചത്.2
ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ സംരക്ഷണം അഥവാ അവര്‍ണരെ ‘അപമാനവീകരിക്കല്‍’ ആണ് ഭഗവത്ഗീതയുടെ മുഖ്യപ്രമേയം. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി വൈക്കത്തു നടന്ന ഗംഭീരപോരാട്ടം ”ഭഗവദ്ഗീതയുടെ മുഖ്യപ്രമേയ”ത്തെ കുഴിച്ചുമൂടുന്നതും അതിനാല്‍ ‘അഹൈന്ദവ’വുമായിരുന്നു എന്ന വസ്തുത അനിഷേധ്യവുമാണ്. വൈക്കം പോരാട്ടത്തെ ‘വൈക്കം സത്യഗ്രഹ’മെന്നു വിശേഷിപ്പിക്കുന്നത് കേരളത്തിലെ ഈഴവ-പുലയ ജനതയെ അപമാനിക്കലാണ്. ഈ ജനത തങ്ങള്‍ ജാതി അടിമകളായിത്തന്നെ ജീവിച്ചുകൊള്ളാമെന്ന് സവര്‍ണര്‍ക്കുമുമ്പില്‍ സത്യപ്രതിജ്ഞ ചെയ്തു എന്നു പറയുന്നതിനു തുല്യമാണ് വൈക്കം സത്യഗ്രഹമെന്ന നാമകരണം.
വൈക്കം പോരാട്ടനാളുകളില്‍ ശിവഗിരിയില്‍ വെച്ച് നാരായണഗുരുവും ഒരു അന്തേവാസിയും തമ്മിലുണ്ടായ സംഭാഷണം നോക്കുക:
സ്വാമി: തപസ്സുകൊണ്ട് എല്ലാം ജയിക്കാമെന്നല്ലേ ഗാന്ധി പറയുന്നതിന്റെ സാരം?
അന്തേവാസി: അതെ.
സ്വാമി: എന്നാല്‍ എന്താണ് സത്യാഗ്രഹം ജയിക്കാത്തത്?
അന്തേവാസി: സത്യാഗ്രഹികളുടെ തപോബലം കുറഞ്ഞതുകൊണ്ടാണെന്നാണു ഗാന്ധി പറയുന്നത്. യഥാര്‍ത്ഥ സത്യാഗ്രഹമാണെങ്കില്‍ തീര്‍ച്ചയായും ജയിക്കും.
സ്വാമി: അങ്ങിനെ എല്ലാവരും എങ്ങിനെ യഥാര്‍ത്ഥ സത്യാഗ്രഹികളാകും?
അന്തേവാസി: ഇല്ല. അതു കുറേ പ്രയാസമാണെന്നാണു പറയുന്നത്.
സ്വാമി: എന്നാല്‍ ഒരാള്‍ യഥാര്‍ത്ഥ സത്യാഗ്രഹിയായാല്‍ ജയിക്കണമല്ലോ. വെയിലും കൊണ്ടു പട്ടിണിയും കിടന്നു കഷ്ടപ്പെടുന്ന പാവങ്ങളെ കുറ്റം പറയേണ്ട ആവശ്യം അങ്ങനെയായാല്‍ ഉണ്ടാകയില്ലായിരുന്നു.3 ഗാന്ധിയുടെ സത്യാഗ്രഹത്തോടുള്ള പുച്ഛവും പരിഹാസവുമാണ് നാരായണഗുരുവിന്റെ വാക്കുകളില്‍ മുഴങ്ങുന്നത്. മറ്റൊരു സന്ദര്‍ഭത്തില്‍, ‘സത്യാഗ്രഹികളുടെ കണ്ണില്‍ ചുണ്ണാമ്പു തേച്ചതായി പത്രത്തില്‍ കണ്ടു’വെന്ന് നാരായണഗുരുവിനോട് പറഞ്ഞപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു: ”വെടിവെയ്ക്കും, പറന്നുപോകരുത്.”4 ജാതിക്കെതിരായ വൈക്കം പോരാട്ടത്തെ തകര്‍ക്കാന്‍ പോരാളികള്‍ക്കുനേരെ വെടിവെയ്ക്കാനും സവര്‍ണര്‍ മടിക്കില്ല. പക്ഷേ, വെടിയുണ്ടകള്‍ക്കു മുമ്പില്‍ പതറാതെ, മരണത്തെ ഭയപ്പെടാതെ പോരാട്ടം തുടരണം എന്നാണ് നാരായണഗുരു സൂചിപ്പിച്ചത്. ഒരു വിപ്ലവകാരിക്കു മാത്രമേ ഇങ്ങനെ പറയാനാകൂ.
വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് നാരായണഗുരുവിനു ഭിന്നാഭിപ്രായമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു കുറിപ്പ് 1924 ജൂണ്‍ 19 ലെ ‘Young India’ യില്‍ ഗാന്ധി എഴുതിയിരുന്നു.5 Young India യിലെ കുറിപ്പ്; ”തിയൻമാരുടെ ആദ്ധ്യാത്മികനേതാവായ ശ്രീനാരായണഗുരു, വൈക്കത്തെ സത്യാഗ്രഹസമ്പ്രദായങ്ങളോടു തനിക്ക് അനുകൂല്യമില്ലെന്നു വെളിപ്പെടുത്തിയതായി കേള്‍ക്കുന്നു. സന്നദ്ധ ഭടൻമാർ വഴിക്കോട്ടകള്‍ (barricades) സ്ഥാപിച്ചിട്ടുള്ള റോഡുകളില്‍ക്കൂടി മുമ്പോട്ടുപോയി ആ വഴിക്കോട്ടകള്‍ ചാടിക്കടക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. അവര്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുകയും ഭക്ഷണം കഴിക്കുന്നതിനു മറ്റുള്ളവരോടൊപ്പം ഇരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന ഇവിടെ സംഗ്രഹിച്ചിട്ടുണ്ടെങ്കിലും മിക്കവാറും അതേ വാക്കുകള്‍ തന്നെയാണ് ഞാന്‍ ഇവിടെ ഉദ്ധരിക്കുന്നത്.
നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പ്രവൃത്തി സത്യാഗ്രഹമല്ല. വഴിക്കോട്ടകള്‍ ചാടിക്കടക്കുന്നതു തുറന്ന അക്രമമാണ്. വഴിക്കോട്ടകള്‍ ചാടിക്കടക്കാമെങ്കില്‍ എന്തുകൊണ്ടു ക്ഷേത്രകവാടങ്ങള്‍ പൊളിച്ചുകൂടാ? എന്തു കൊണ്ട് ക്ഷേത്രഭിത്തികള്‍ തകര്‍ത്തുകൂടാ? ശാരീരികശക്തി പ്രയോഗിക്കാതെ സന്നദ്ധ ഭടൻമാർക്ക് പോലീസ് നിര ഭേദിക്കുന്നതിന് എങ്ങനെയാണ് കഴിയുക? ഈ മാര്‍ഗം ഉപയോഗിച്ച് തീയ്യൻമാർക്ക് അവരുടെ കാര്യം നേടിയെടുക്കാന്‍ സാധിക്കുകയില്ലെന്നു ഞാന്‍ പറയുകയില്ല. ഒരു കാര്യം മാത്രം – അവര്‍ക്ക് ശക്തി ഉണ്ടായിരിക്കണം. വേണ്ടുവോളം ആളുകള്‍ ചാകാന്‍ സന്നദ്ധരുമായിരിക്കണം. അവര്‍ അങ്ങനെ കാര്യം സാധിച്ചാല്‍ അതു സത്യാഗ്രഹത്തിനു ഘടകവിരുദ്ധമായ മാര്‍ഗം ഉപയോഗിച്ചിട്ടായിരിക്കും എന്നേ എനിക്കു അഭിപ്രായമുള്ളൂ. എന്നാല്‍പ്പോലും ഇവര്‍ക്കു യാഥാസ്ഥിതികരുടെ മനസ്സു മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടാവുകയില്ല. ശക്തി ഉപയോഗിച്ച് അവര്‍ അത് അടിച്ചേല്‍പ്പിക്കും എന്നുമാത്രം. നാരായണഗുരുവിന്റെ അഭിപ്രായങ്ങളുള്ള പത്രം എനിക്കു അയച്ചുതന്ന സ്‌നേഹിതന്‍ നിര്‍ദ്ദേശിക്കുന്നത്, ഗുരു ഹിംസ അനുഷ്ഠിക്കണമെന്നു ഉപദേശിച്ചിരിക്കുന്നതുകൊണ്ട് സത്യഗ്രഹം പിന്‍വലിക്കുന്നതിനു ഞാന്‍ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റിയോട് ആവശ്യപ്പെടണമെന്നാണ്. പക്ഷേ, ഞാന്‍ അങ്ങനെ ചെയ്യുന്നത് എന്റെ മാര്‍ഗങ്ങളില്‍ എനിക്കുതന്നെ വിശ്വാസം ഇല്ലാത്തതിനു സമമായിരിക്കും. അത് അക്രമത്തിനു കീഴടങ്ങുകയുമാവും. ലക്ഷ്യം നേടുന്നതിനു കാലതാമസം ഉണ്ടായാലും ശരി, ഇല്ലെങ്കിലും ശരി, അതിനുള്ള മാര്‍ഗം ആത്മപീഡനം കൊണ്ടും ആത്മശുദ്ധീകരണം കൊണ്ടും സമാധാനപരമായ രീതിയില്‍ യാഥാസ്ഥിതികരുടെ മനസ്സു മാറ്റുക എന്നതാണ്, അതല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല.”6
സവര്‍ണരുടെ മനസ്സു മാറ്റാനും അവരുടെ ഔദാര്യം പിടിച്ചുപറ്റാനും കേരളത്തിലെ അവര്‍ണജനത സ്വയം ആത്മപീഡനവും ആത്മശുദ്ധീകരണവും നടത്തണമത്രേ! മനസ്സുമാറുന്ന സവര്‍ണര്‍ വെച്ചുനീട്ടുന്ന ‘ഔദാര്യങ്ങള്‍’ സ്വീകരിക്കാനുള്ള അര്‍ഹത നിലവില്‍ തീയ്യര്‍ക്കില്ലെന്നാണ് ഗാന്ധിയുടെ കണ്ടെത്തല്‍! ആത്മപീഡനത്തിലൂടെ സ്വയം ശുദ്ധീകരിച്ചാലേ ആ ‘അര്‍ഹത’ ലഭിക്കൂ. കേരളത്തിലെ 20 ലക്ഷം ഈഴവരെ ഇതില്‍പ്പരം അപമാനിക്കാനുണ്ടോ? തരംകിട്ടുമ്പോഴൊക്കെ അവര്‍ണജാതിമനുഷ്യരെ താറടിക്കുകയും മണ്ടൻമാരെന്നു പരിഹസിക്കുകയും ചെയ്യുന്നത് ഇദ്ദേഹത്തിന്റെ പതിവായിരുന്നു. ഹൈന്ദവാടിമത്തത്തില്‍നിന്നുള്ള രക്ഷാമാര്‍ഗമായി ഇസ്ലാം, ക്രിസ്ത്യന്‍, സിഖുമതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്ത ദലിതരെക്കുറിച്ച്, ജീസസ്, മുഹമ്മദ്, നാനാക്ക് എന്നിവരെ മനസ്സിലാക്കാനോ അവര്‍തമ്മിലുള്ള അന്തരങ്ങള്‍ തിരിച്ചറിയാനോ ഉള്ള ബുദ്ധി അവര്‍ക്കില്ല എന്നാണ് ഗാന്ധി പറഞ്ഞത്.”7
(തുടരും)
കുറിപ്പുകൾ
- Shaj Mohan and Divya Dwivedi, Gandhi and philosophy. On Theological Anti-politics, p. 4
- Gandhi, CWMG, Vol. LIII, p.396
- ശ്രീനാരായണ വൈഖരി, സമ്പാദകന്‍, ഡോ. ടി. ഭാസ്‌കരന്‍, p.264
- ശ്രീനാരായണ വൈഖരി, p.264
- കെ. രാമചന്ദ്രന്‍ നായര്‍ സമ്പാദനം ചെയ്ത ‘ഗാന്ധിയും കേരളവും’, 1979
- ശ്രീനാരായണ വൈഖരി, PP.264-266
- Gandhi, CWMG, Vol.64, p.35