അനര്‍ത്ഥകരമായ ജാതിവഴക്ക്

ഇന്നത്തെ ജനാധിപത്യസംവിധാനത്തില്‍ തന്നെ, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന അധഃകൃതപിന്നോക്കവിഭാഗങ്ങളുടെ ന്യായമായഅവകാശങ്ങള്‍ പോലും രാഷ്ട്രീയപാര്‍ട്ടികളിലെയും ബ്യൂറോക്രസിയിലെയും സവര്‍ണ്ണവിഭാഗങ്ങള്‍ പരസ്പരംകൈകോര്‍ത്തുനിന്ന് അട്ടിമറിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് കാണാം. അതിനെതിരെയുള്ള പ്രതിഷേധശബ്ദങ്ങള്‍ അവഗണിതരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നാലും മിക്കപ്പോഴും ഫലപ്രാപ്തിയിലെത്താറില്ല. വരേണ്യബാധിര്യം ബാധിച്ച മാധ്യമങ്ങളും അധികാരകേന്ദ്രങ്ങളും അതിനെ പാടെ തിരസ്‌കരിക്കുകയാണ് പതിവ്. രാജഭരണകാലത്ത് ഇന്ത്യയിലെ അധഃകൃതജനത അനുഭവിച്ച ഭ്രഷ്ടിന്റെയും ദുരിതങ്ങളുടെയും തുടര്‍ച്ച ഈ നിരാകരണങ്ങളില്‍ ദര്‍ശിക്കാം.

ഈഴവരോട് അനുകമ്പയും ആഭിമുഖ്യവും പ്രദര്‍ശിപ്പിച്ചിരുന്ന ബ്രാഹ്മണര്‍ ഉണ്ടായിരുന്നുവെന്ന് ആശാന്റെ സൗഹൃദവലയത്തില്‍പ്പെട്ടവരെ മുന്‍നിര്‍ത്തി പറയാനാവും. ‘മിതവാദി’യില്‍ പ്രസിദ്ധീകരിച്ച ‘വീണപൂവി’നെ ഒരു ആമുഖക്കുറിപ്പോടെ ‘ഭാഷാപോഷിണി’യില്‍ പുനഃപ്രസിദ്ധീകരിച്ച് അതിന് പ്രചാരവും പ്രസിദ്ധിയും നല്‍കിയത് സുബ്രഹ്മണ്യന്‍പോറ്റി ആയിരുന്നല്ലോ. കൊച്ചിയിലും തിരുവിതാംകൂറിലും ഈഴവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗം, സ്‌കൂള്‍ പ്രവേശനം മുതലായ വിഷയങ്ങളില്‍ ഉണ്ടായിരുന്ന തടസ്സങ്ങളെ നീക്കി സമുദായസ്ഥിതിയെ നന്നാക്കുന്നതില്‍ അനുകമ്പയോടെ പ്രവര്‍ത്തിച്ചത് ബ്രാഹ്മണനായ ദിവാന്‍ പി. രാജഗോപാലാചാരി ആയിരുന്നു. യാഥാസ്ഥിതികത്വത്തിന്റെ അവതാരമൂര്‍ത്തികളായിരുന്ന ബ്രാഹ്മണരില്‍ നിന്നും കാരുണ്യത്തിന്റെയോ സഹജീവിസ്‌നേഹത്തിന്റെയോ കരസ്പര്‍ശം താഴെത്തട്ടിലുള്ളവരുടെ മേല്‍ പതിക്കുകയെന്നത് അക്കാലത്ത് അപൂര്‍വ്വമായിരുന്നു. അതുകൊണ്ടാകണം ‘മലബാര്‍ മെയില്‍’ എന്ന ഇംഗ്ലീഷ് പത്രത്തില്‍ ‘ഉദാരഹൃദയനായ ഒരു ബ്രാഹ്മണന്‍’ എന്ന അജ്ഞാതകര്‍തൃത്വത്തില്‍, ഈഴവസമുദായത്തെ അഭിസംബോധനചെയ്ത് എഴുതിയ ‘പരസ്യകത്തി’നെ ആസ്പദമാക്കി ഒരു കുറിപ്പെഴുതാന്‍ ആശാന്‍ പ്രേരിതനായത്. അതിങ്ങനെയാണ്: ‘അതില്‍ ഇക്കഴിഞ്ഞ നമ്മുടെ പ്രദര്‍ശനത്തിന്റെ (1905ല്‍ കൊല്ലത്തുനടന്ന വ്യാവസായികപ്രദര്‍ശനം) വിജയത്തെ അനുമോദിച്ചും നമ്മുടെ സ്വഭാവഗുണത്തെ ശ്ലാഘിച്ചും വിദ്യാഭ്യാസവിഷയമായും ഗവണ്‍മെന്റ് ഉദ്യോഗവിഷയമായും നമുക്കിതുവരെ തീര്‍ന്നിട്ടില്ലാത്ത തടസ്ഥങ്ങളെ അനുശോചിച്ചും അവയുടെ നിവൃത്തി അടുത്തഭാവിയില്‍ എത്തിയിട്ടുണ്ടെന്ന് ആശംസിച്ചും, ബ്രാഹ്മണര്‍ക്ക് നമ്മോടുള്ള പൂര്‍വ്വാധികമായ മമതയെയും സ്‌നേഹത്തെയും പ്രദര്‍ശിപ്പിച്ചും ഇരിക്കുന്നതായി കാണുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. സാംബന്റെ മുസലം പോലെ അനര്‍ത്ഥകരമായ ജാതിവഴക്കുകൊണ്ട് നമ്മുടെ ഉല്‍കൃഷ്ടമായ മതവും രാജ്യവും സ്വയം നശിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ആ കത്ത് ഏതാനും നല്ല വിചാരങ്ങളുടെ ഫലമായും അര്‍ത്ഥവത്തായും തന്നെ ഇരിക്കാമെന്ന് വിചാരിക്കുന്നു’46. കത്തിലെ ഉള്ളടക്കത്തില്‍ പ്രതിഫലിക്കുന്ന ആത്മാര്‍ത്ഥതയില്‍ പൂര്‍ണ്ണവിശ്വാസമില്ലെങ്കിലും, അഭിനന്ദിക്കപ്പെടേണ്ട ഒന്നായി അതിനെ ആശാന്‍ കണ്ടു.

കുമാരനാശാന്‍

തെക്കന്‍ തിരുവിതാംകൂറിലെ ഒരു പ്രബലവിഭാഗമായിരുന്നു, പില്‍ക്കാലത്ത് നാടാര്‍ എന്നുവിളിക്കപ്പെട്ട പഴയ ചാന്നാര്‍സമുദായം. ചാന്നാര്‍ലഹളയെയും അവരുടെ ഗോത്രത്തെയും പറ്റിയുള്ള അവകാശവാദങ്ങളെ കുറിച്ച് എഴുതിയിട്ടുള്ള ആശാന്‍, മറ്റൊരു സന്ദര്‍ഭത്തില്‍ ഈഴവരുമായി അവര്‍ക്കുണ്ടെന്ന് ചിലര്‍ ധരിക്കുന്ന ബന്ധത്തിന്റെ സ്വഭാവം വെളിവാക്കുന്നുണ്ട്. ഈഴവരിലെ ചാന്നാര്‍മാരും, തെക്കന്‍ തിരുവിതാംകൂറിലും തിരുനെല്‍വേലി മുതലായ തമിഴ്‌നാടിന്റെ മറ്റുചില ഭാഗങ്ങളിലും താമസിക്കുന്ന ചാന്നാര്‍മാരും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന അഭിപ്രായക്കാരനാണ് ആശാന്‍. ‘ശാണാര്‍’ എന്നാണ് അവരെ ആശാന്‍ വിളിക്കുന്നത്. ‘ചരിത്രത്തിന്റെ ദൃഷ്ടി എത്താത്ത കാലം മുതല്‍ ശാണാര്‍മാരും ഈഴവ- തീയവിഭാഗങ്ങളും ഭിന്നജാതിക്കാരായി വര്‍ത്തിക്കുകയായിരുന്നു. മദ്യവ്യാപാരം എന്ന തൊഴിലിന്റെ സാമാന്യത്തിന് അനുരൂപമായ മറ്റ് സാമ്യമൊന്നും അവരുടെ ഇടയിലില്ല’ എന്ന് ആശാന്‍ വിശദമാക്കുന്നു47. ഈഴവര്‍ കഴിഞ്ഞാല്‍ തിരുവിതാംകൂറില്‍ അധികജനസംഖ്യയുള്ള പിന്നോക്കംനില്‍ക്കുന്ന അടുത്തജാതി ചാന്നാന്മാരാണ്. ഇക്കൂട്ടര്‍ ഒട്ടുമുക്കാലും ക്രിസ്തുമതം ആശ്ലേഷിച്ചുകഴിഞ്ഞിരിക്കുന്നു. 1911 – ലെ സെന്‍സസ് പ്രകാരം അവര്‍ ഒന്നരലക്ഷമായി ചുരുങ്ങികഴിഞ്ഞുവെന്ന് വേറൊരു ലേഖനത്തില്‍ ആശാന്‍ പ്രസ്താവിക്കുന്നുണ്ട്48. മതത്തെയും മതപരിവര്‍ത്തനത്തെയും അതിന്റെ ഗുണദോഷങ്ങളെയും സംബന്ധിക്കുന്ന ആശാന്റെ വീക്ഷണവും നിലപാടും മറ്റൊരു അധ്യായത്തില്‍ പ്രതിപാദിക്കുന്നതിനാല്‍ ഇവിടെ വിസ്തരിക്കുന്നില്ല.

ഹിന്ദുമതത്തിലെ പ്രശ്‌നസങ്കീര്‍ണ്ണമായൊരു വിഷയമാണ് ഉപജാതികളുടേത്. അതിനെപ്പറ്റി ആശാന്‍ അധികം പറഞ്ഞിട്ടില്ലെങ്കിലും, കാതലായ ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയുണ്ടായി. അതിങ്ങനെയാണ്: ‘ശൂദ്രരുടെ ഇടയിലാണ് ഉപജാതികളുടെ സംഖ്യ ഇത്ര ആശ്ചര്യകരമാംവണ്ണം അധികമായിരിക്കുന്നത്. ജാതിമത്സരത്തിന് ശക്തിയും അവരുടെ ഇടയില്‍ തന്നെയാണ് അധികം. പരസ്പരം തൊടുകയോ തൊട്ടുണ്ണുകയോ ചെയ്യാത്ത എത്രയോ വര്‍ഗ്ഗക്കാര്‍ പലപ്പോഴും അവരിലുണ്ട്. അവരില്‍ ബലവാന്മാര്‍ ദുര്‍ബ്ബലന്മാരെ ചവിട്ടി താഴെയാക്കി അവരുടെ ശിരസ്സുപൊന്താതെ ഒരുവക ‘കാളിയമര്‍ദ്ദനം’ ചെയ്തു രസിക്കാറുണ്ട്. ഈ മത്സരത്തില്‍ ഇവരുടെ സഹോദരന്മാരില്‍ ചിലര്‍ പഞ്ചമന്മാരാവാന്‍ നിര്‍ബന്ധിക്കപ്പെടുകയും അത് അവര്‍ക്ക് രസപ്രദമായിരിക്കുകയും ചെയ്യുന്നു എന്നുള്ള വസ്തുത വ്യസനകരമായിട്ടുള്ളതത്രെ. താഴ്ന്നജാതിക്കാരില്‍ ത്രാണിയുള്ളവര്‍ ഈ മര്‍ദ്ദനത്തില്‍ നിന്നൊഴിവാകാന്‍ പല ഉപായങ്ങളും നോക്കാറുണ്ട്’49. കേരളത്തിലെ വിളക്കിത്തലനായരും ചക്കാലനായരും വെളുത്തേടത്ത് നായരുമൊക്കെ ഇങ്ങനെ പഞ്ചമരായവരാണെന്നുതോന്നുന്നു. 1901 – ലെ തിരുവിതാംകൂര്‍ സെന്‍സസ് പ്രകാരം 116 വും കൊച്ചി സെന്‍സസില്‍ 55 വും മലബാറില്‍ 20 വും ഉപവിഭാഗങ്ങള്‍ നായര്‍ സമുദായത്തില്‍ ഉണ്ടായിരുന്നതായി പരാമര്‍ശിച്ചുകാണുന്നു. നമ്പൂതിരി മുതല്‍ നായാടി വരെയുള്ള സമുദായങ്ങളില്‍ അനേകം അവാന്തരജാതികള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളത്തിലെ ശൂദ്രനായന്മാരുടെ ഇടയിലായിരുന്നു അവ അധികരിച്ചുനിന്നത്. സെന്‍സസ് റിപ്പോര്‍ട്ടുകള്‍ അതിസൂക്ഷ്മമായി വായിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സാമുദായിക പ്രശ്‌നങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ആശാന്‍, സെന്‍സസില്‍ കടന്നുകൂടിയ പ്രമാദങ്ങളെ മുഖപ്രസംഗങ്ങളിലൂടെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും ശ്രമിച്ചിരുന്നു.

ഇന്നത്തെ ജനാധിപത്യസംവിധാനത്തില്‍ തന്നെ, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന അധഃകൃതപിന്നോക്കവിഭാഗങ്ങളുടെ ന്യായമായഅവകാശങ്ങള്‍ പോലും രാഷ്ട്രീയപാര്‍ട്ടികളിലെയും ബ്യൂറോക്രസിയിലെയും സവര്‍ണ്ണവിഭാഗങ്ങള്‍ പരസ്പരംകൈകോര്‍ത്തുനിന്ന് അട്ടിമറിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് കാണാം. അതിനെതിരെയുള്ള പ്രതിഷേധശബ്ദങ്ങള്‍ അവഗണിതരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നാലും മിക്കപ്പോഴും ഫലപ്രാപ്തിയിലെത്താറില്ല. വരേണ്യബാധിര്യം ബാധിച്ച മാധ്യമങ്ങളും അധികാരകേന്ദ്രങ്ങളും അതിനെ പാടെ തിരസ്‌കരിക്കുകയാണ് പതിവ്. രാജഭരണകാലത്ത് ഇന്ത്യയിലെ അധഃകൃതജനത അനുഭവിച്ച ഭ്രഷ്ടിന്റെയും ദുരിതങ്ങളുടെയും തുടര്‍ച്ച ഈ നിരാകരണങ്ങളില്‍ ദര്‍ശിക്കാം. വാസ്തവത്തില്‍, ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യം അയിത്തജാതികളെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമായിരുന്നു. എന്നാല്‍ ‘ബ്രിട്ടീഷ് നീതിസൂര്യന്റെ കിരണങ്ങള്‍’ പതിച്ചപ്രദേശങ്ങളില്‍പോലും ചിലകാര്യങ്ങളില്‍ ഹിന്ദുവര്‍ഗ്ഗീയതയുടെ ഇരകളായി ഇവര്‍ തീരാറുണ്ട്. ‘തീയരുടെ ശ്മശാനവഴക്ക്’ അത്തരത്തിലൊന്നാണ്.

ജനസംഖ്യാകണക്കില്‍, കോഴിക്കോട് മുന്‍സിപ്പാലിറ്റി പ്രദേശത്തെ ഭൂരിപക്ഷസമുദായം തീയരുടേതാണ്. എന്നാല്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലില്‍ അവരുടെ എണ്ണം, രണ്ടിലോ മൂന്നിലോ ഒതുങ്ങിയിരുന്നു. ഒരിക്കല്‍ അവര്‍ ഹാജരില്ലാത്ത കൗണ്‍സില്‍ മീറ്റിംഗില്‍, കരുതിക്കൂട്ടി തീയരുടെ ശ്മശാനം അവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാഗത്തുനിന്നും നാലഞ്ചുമൈല്‍ അകലെ അനുവദിച്ചുകൊണ്ടുള്ള ഒരു തീരുമാനം എടുക്കുകയുണ്ടായി. അതും കടപ്പുറത്തുള്ള ഒരു പഴയ കഴുമരത്തിന്റെ ചുവട്ടില്‍ തുറന്നുകിടന്നിരുന്ന വെളിമ്പ്രദേശത്ത്. അതില്‍ ക്ഷുഭിതരായ തീയര്‍ രാരിച്ചന്‍മൂപ്പരുടെ അദ്ധ്യക്ഷതയില്‍, നാലായിരത്തോളം അംഗങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു പ്രതിഷേധമഹായോഗം സംഘടിപ്പിച്ചു. അതിനു ഫലമുണ്ടായി. തീയര്‍ക്ക് അവര്‍ ആഗ്രഹിച്ചവിധം സൗകര്യപ്രദമായ സ്ഥലം നല്‍കാന്‍ കൗണ്‍സില്‍ തയ്യാറായി. തീയര്‍ക്ക് പ്രതികൂലമായ തീരുമാനമെടുക്കാന്‍ കൗണ്‍സിലിനെ പ്രേരിപ്പിച്ചത് ജാത്യസൂയയാണെന്ന് സ്പഷ്ടമായി ആശാന്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മുഖപ്രസംഗം ആരംഭിക്കുന്നത് അക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ്: ‘സമയം കിട്ടുമ്പോളൊക്കെയും ജാത്യസൂയാവിത്തുകളെ വിതപ്പാനുള്ള വാസന ഹിന്ദുക്കളില്‍ വലിയ ആളുകളെന്ന് പറയുന്നവരുടെ ഇടയില്‍ക്കൂടി ധാരാളമാണ്’. അവര്‍ണ്ണഹിന്ദുക്കള്‍ മാത്രമല്ല, മുഹമ്മദീയരും ക്രിസ്ത്യാനികളും ഈ ദുഷ്‌കര്‍മ്മത്തില്‍ പങ്കാളികളായി എന്നതും സ്മരണീയമാണ്50. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുതയുണ്ട്. അത് രാജഭരണകാലത്ത് അവകാശങ്ങള്‍ പിടിച്ചുപറ്റുവാന്‍വേണ്ടി ഈഴവര്‍ നടത്തിയ പോരാട്ടവീര്യമാണ്. എന്നാല്‍ ജനാധിപത്യകാലത്ത് ആ സമരവീര്യം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവര്‍ അടിയറവെച്ചു. അതോടെ ആ സമുദായത്തിന്റെ വളര്‍ച്ച മുരടിക്കുകയും അധഃപതനം ആരംഭിക്കുകയും ചെയ്തു. ഫ്യൂഡല്‍ നാടുവാഴികാലത്തെ സാമൂഹികാടിമകള്‍ ജനാധിപത്യമുതലാളിത്തസമൂഹത്തില്‍ രാഷ്ട്രീയാടിമകളായി മാറി. അതുകൊണ്ടുതന്നെ കേരളത്തിലെ സംഘടിതരായ മതസാമുദായികശക്തികളോടൊപ്പം മുന്നേറുവാന്‍ അവര്‍ക്കു ത്രാണിയില്ലാതെവന്നു.
9442185111

Author

Scroll to top
Close
Browse Categories