ട്രംപിൻ്റെ അമേരിക്ക പ്രതീക്ഷകൾ, വെല്ലുവിളികൾ

ട്രംപിന്റെ രണ്ടാം വരവ് ഇന്ത്യക്ക്ഗുണദോഷ സമ്മിശ്രമായിരിക്കാനാണ് സാധ്യത. ഗുണഫലങ്ങള്‍ ഉയര്‍ത്താനും ദോഷങ്ങള്‍ ലഘൂകരിക്കാനും മോദീ മാജിക്കിന് എത്രമാത്രം കഴിയും എന്നുള്ളതാണ് കാത്തിരുന്നു കാണാനുള്ളത്.

അമേരിക്ക തുമ്മിയാല്‍ ലോകത്തിന് ജ്വരം പിടിക്കുമെന്നാണ് പൊതുവില്‍ പറയാറുള്ളത്. വന്‍ ഉടച്ചുവാര്‍ക്കല്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഉജ്ജ്വല വിജയത്തിലേക്ക് നടന്നു കയറിയ ട്രംപ്, അധികാരത്തിന്റെ ആശ്ചര്യ സ്തംഭമായ വൈറ്റ് ഹൗസിലെത്തുമ്പോള്‍ ഉണ്ടാകുന്ന നടപടികളെ കുറിച്ച് ലോകം ആകാംക്ഷയോടെയും, ഒപ്പം ഉത്കണ്ഠയോടെയും ഉറ്റു നോക്കുന്ന അവസരമാണിത്. ഇന്ത്യയിലും അത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
നമ്മുടെ നാടിന് ഒരേസമയം പുതിയ അവസരങ്ങളും അതിനൊപ്പം വെല്ലുവിളികളും പ്രദാനം ചെയ്യുന്ന ഒരു ഭരണ മാറ്റമാണ് ട്രംപിന്റെ രണ്ടാം വരവില്‍ സംഭവിക്കാന്‍ പോകുന്നത്. ചൈനയോട് പുതിയ ഭരണകൂടം എടുക്കാന്‍ സാധ്യതയുള്ള കടുത്ത നിലപാടുകള്‍, ഇന്ത്യക്ക് ഗുണകരമായേക്കാം.

അമേരിക്കന്‍ കമ്പനികളുടെ ചൈനയിലെ നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് ഗതിമാറി ഒഴുകാന്‍ അവസരം ഒരുക്കിയേക്കാം. ഉല്‍പാദന പ്രക്രിയയുടെ ശൃംഖലകള്‍ (Supply Chains) ഇപ്പോള്‍തന്നെ ആ രാജ്യത്തുനിന്ന് ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുന്നതിന് ആക്കം കൂട്ടാനും സാധ്യതയുണ്ട്. ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയില്‍ ചൈനയ്ക്ക് പകരക്കാരനായി വരാന്‍ കഴിയാവുന്ന രാജ്യമാണ് ഇന്ത്യ. നമ്മുടെ തൊഴില്‍ ശക്തി എണ്ണത്തിന്റെ കാര്യത്തിലും വേതന കാര്യങ്ങളിലും ചൈനയുടേതിന് സാമ്യമുള്ളതാണ്. വിദേശനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണമുള്ള നാടായി ഇന്ത്യ മാറാനും സാധ്യതയുണ്ട്.

തുരുമ്പ് ബെല്‍റ്റുകള്‍

കഴിഞ്ഞ 50 വര്‍ഷത്തിനിടെ അമേരിക്കയില്‍ രൂപപ്പെട്ടുവന്ന സാമ്പത്തിക വികസനഗാഥയെന്നത് ഒരേസമയം കണ്ണഞ്ചിപ്പിക്കുന്നതും അതേ അവസരത്തില്‍ നല്ലൊരു വിഭാഗത്തിന് അസ്വസ്ഥജനകമായ രീതിയിലുമായിരുന്നു. രാജ്യം ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തിക അഭിവൃദ്ധിയുള്ള ഇടമായി മാറിയെങ്കിലും അമേരിക്കന്‍ സ്വപ്‌നങ്ങളെ ജ്വലിപ്പിച്ചു നിര്‍ത്തിയിരുന്ന വ്യവസായ മേഖലയിലെ ഉത്പന്ന നിര്‍മ്മാണ രംഗം പതുക്കെപ്പതുക്കെ ശിഥിലമായി. അവയൊക്കെ അന്യ രാജ്യങ്ങളിലേക്ക് ഒഴുകിപ്പോയി അതോടെ ധാരാളം തൊഴിലവസരങ്ങള്‍ പ്രത്യേകിച്ച് കോളേജ് വിദ്യാഭ്യാസമില്ലാത്തവര്‍ ചെയ്തുവന്നിരുന്ന ജോലികള്‍ അപ്രത്യക്ഷമായി ഫാക്ടറികളുടെ ഹബ്ബുകളും ഉല്‍പന്ന നിര്‍മ്മാണ മേഖലകളുടെ ഹൃദയത്തുടിപ്പുകളും ആയിരുന്ന വിസ്‌ക്കോസിന്‍, മെഷിഗണ്‍, പെന്‍സില്‍വാനിയ തുടങ്ങിയ സ്‌റ്റേറ്റുകള്‍ തുരുമ്പു ബെൽറ്റകൾ എന്ന് അറിയപ്പെടാന്‍ തുടങ്ങി. തങ്ങളുടെ തൊഴില്‍രാഹിത്യത്തിനും മറ്റ് ജീവിത പ്രയാസങ്ങള്‍ക്കുമുള്ള പ്രധാനകാരണം അന്യരാജ്യക്കാരുടെ വന്‍തോതിലുള്ള കുടിയേറ്റവും വിദേശങ്ങളില്‍ നിന്നുള്ള ഇറക്കുമതിയുടെ സ്വതന്ത്ര പ്രവാഹവും ആണെന്ന ചിന്ത അവിടെത്തുകാരില്‍, പ്രത്യേകിച്ച് സാധാരണക്കാരില്‍ദൃഢമായി.

ക്രൂഡോയില്‍ ഉത്പാദനം വന്‍തോതില്‍ ഉയര്‍ത്തുമെന്ന ട്രംപിന്റെ നിലപാട് എണ്ണവില താഴ്ത്താനും അതുവഴി ഇന്ത്യയുടെ ഇറക്കുമതി ബില്‍ കുറയ്ക്കാനും കാരണമാകും. അതുപോലെതന്നെ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ട്രംപിന്റെ ഭരണകാലത്ത് ഇന്ത്യയുടെ സ്ഥിതി താരതമ്യേന മെച്ചപ്പെട്ടതായിരിക്കാനാണ് സാധ്യതയെന്നും കരുതുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന്റെ ഒന്നാം ഭരണകാലത്ത് പങ്കുവെച്ചിരുന്ന അടുത്ത ബന്ധം ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ടതാകാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവിലുള്ള വിശ്വാസം. ഇന്ത്യയുടെ ചില മോശം പ്രവണതകളെകുറിച്ച് പ്രതിപാദിക്കുമ്പോഴും,ഇപ്പോഴത്തെ തിരഞ്ഞെടുപ്പിനിടയില്‍ മോദിയെ ക്കുറിച്ച് വലിയ വാക്കുകളാണ് ട്രംപ് പറഞ്ഞത്.

എന്നാല്‍ അമേരിക്കന്‍ സ്വാര്‍ത്ഥതയില്‍ ഊന്നിയുള്ള ട്രംപിന്റെ നടപടികളുടെ ആഘാതം ഇന്ത്യയുടെമേലും വന്നുപതിക്കും. അന്യരാജ്യ ഇറക്കുമതികളില്‍ വലിയ തീരുവ ചുമത്തുമെന്ന നയത്തില്‍ ആദ്യം നോട്ടപ്പുള്ളികളാകുന്നത് , അമേരിക്കക്ക് വ്യാപാര നഷ്ടക്കണക്ക് (ഇറക്കുമതി, കയറ്റുമതിയെക്കാള്‍ ഉയര്‍ന്നിരിക്കുന്ന അവസ്ഥ)ഉള്ള പ്രദേശങ്ങളിലായിരിക്കും. ഇത്തരം ഒരു പ്രദേശമാണ് ഇന്ത്യ .നമ്മുടെ ചരക്ക് കയറ്റുമതി ഏറ്റവും വലിയ പ്രാപ്യസ്ഥാനമാണ് അമേരിക്ക.

ഇന്ത്യ
ചുങ്കരാജാവോ?

2023-24-ല്‍ അവിടേയ്ക്ക് കയറ്റി അയച്ചത് 77. 52 ശതകോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ്. അവിടെനിന്നും ഇറക്കുമതി ചെയ്തത് 42. 20 ശതകോടി ഡോളറിന്റേതും. ട്രംപ് ഇന്ത്യയെ വിശേഷിപ്പിച്ചത് ചുങ്ക രാജാവ് എന്നും വ്യാപാരത്തെ ദുരുപയോഗം ചെയ്യുന്ന രാജ്യവും എന്നാണ്. കൊത്തി മിനുസപ്പെടുത്തിയ രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍ ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കൽസ് തുടങ്ങിയവയാണ് അമേരിക്കയിലെക്കുള്ള പ്രധാന കയറ്റുമതി വസ്തുക്കള്‍. ഇതില്‍ ആദ്യം പറഞ്ഞ മൂന്ന് ഉല്‍പ്പന്നങ്ങളും ഏറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന രംഗങ്ങളാണ്. ഔഷധ ഉത്പന്നങ്ങളില്‍ മേല്‍ ഇപ്പോള്‍ നാമമാത്രമായ തീരുവയാണ് ഉള്ളത്.
കോവിഡിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ ഒരു പ്രധാന സാരഥിയായി വര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കയറ്റുമതിരംഗത്തെ ഉയര്‍ന്ന തീരുവകള്‍ക്ക് പാത്രമാകുന്നത് പ്രതികൂലഫലങ്ങള്‍ സൃഷ്ടിക്കും. ലോകത്തെ പ്രധാന സേവന കയറ്റുമതി രാജ്യമായ ഇന്ത്യ , വന്‍തോതില്‍ അമേരിക്കയിലേക്ക് സാങ്കേതികവിദ്യാ സേവനങ്ങളും മറ്റു പ്രൊഫഷണല്‍ സേവനങ്ങളും പ്രദാനം ചെയ്യുന്നുണ്ട്. ഈ രംഗങ്ങളിന്‍മേലുള്ള തീരുവ ഉയരുന്നതും നമ്മുടെ രാജ്യത്തെ കുഴപ്പത്തിലാക്കും . ഇന്ത്യയുടെ തീരുവകള്‍ വെട്ടിക്കുറക്കാനും സമ്മര്‍ദ്ദമുണ്ടാകും. ട്രംപിന്റെ നയങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരയുദ്ധത്തിലേക്ക് നയിക്കുമെങ്കില്‍ അതിന്റെ പ്രയാസം ഇന്ത്യയ്ക്കുമുണ്ടാകും.

ട്രംപിന്റെ
പ്രഖ്യാപനങ്ങൾ

1 പുറം രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങളിന്മേല്‍ 10% മുതല്‍ 20% വരെ ഇറക്കുമതി ചുങ്കം ചുമത്തും
1 ചൈനയുടെ ഉത്പന്നങ്ങളിന്മേല്‍ 60%മായിരിക്കും ചുങ്കം .ചൈനയുടെ വിവിധ മേഖലകളിലുള്ള വേലിയേറ്റങ്ങളെ ചെറുക്കുന്നതിന് ഊന്നല്‍ നല്‍കും.
1 ഡോളറിന്റെ ലോക കറന്‍സി പട്ടത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ മേല്‍ ചുങ്കം 100% ആക്കും
1 200 ലക്ഷം വരുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരില്‍ 10 മുതല്‍ 20 ലക്ഷം പേരെ വര്‍ഷം പ്രതി പുറത്താക്കും.
1 എല്ലാത്തരം നികുതികളും വെട്ടിക്കുറച്ച് രാജ്യത്തെ ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരും.

കുടിയേറ്റങ്ങള്‍ക്ക് കടുത്ത നിയന്ത്രണം
അന്യരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ഇന്ത്യയെ സാരമായി ബാധിക്കും. കുടിയേറ്റങ്ങള്‍ രണ്ടു തരമുണ്ട്: നിയമപരവും, അനധികൃതവും. രണ്ടിലും ഇന്ത്യ മോശവുമല്ല. പ്യൂ ഗവേഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍ . 2002-ല്‍ ഇവരുടെ എണ്ണം 7,25,000 ആയി . അമേരിക്കയിലെ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിഭാഗത്തിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് അമേരിക്കയില്‍ അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, 2024 സാമ്പത്തിക വര്‍ഷത്തില്‍, അറസ്റ്റിലായത് ഒരു മണിക്കൂറില്‍ ശരാശരി 10 ഇന്ത്യക്കാരാണ്.
അനധികൃത കുടിയേറ്റക്കാരെ വന്‍തോതില്‍ കടല്‍കടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം നടപ്പിലാക്കുമെങ്കില്‍ അത് ഇന്ത്യയ്ക്ക് വന്‍ ഭാരം വരുത്തിവെക്കും. നിയമപരമായി ജോലിക്കും വിദ്യാഭ്യാസങ്ങള്‍ക്കുമായി നടത്തുന്ന കുടിയേറ്റവും സുഗമമാവില്ല. .ട്രംപിന്റെ ആദ്യ ഭരണത്തിന്‍ കീഴില്‍ തന്നെH-1B വിഭാഗത്തിലുള്ള വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അവ കൂടുതല്‍ കര്‍ക്കശമാകാനാണ് സാധ്യത.

കമലയുടെ
നിലപാടുകൾ

കഴിഞ്ഞ 4 വര്‍ഷത്തെ ബൈഡന്‍ ഭരണത്തിന്‍ കീഴില്‍ ജീവിതാവസ്ഥകള്‍ കുറേക്കൂടെ മോശമാക്കുന്ന സ്ഥിതി വന്നു. നാലു വര്‍ഷം മുന്‍പ് പലചരക്ക്, ഗൃഹോപകരണങ്ങള്‍, വൈദ്യുതി പോലുള്ള സൗകര്യങ്ങള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയുള്ള സേവനങ്ങള്‍ എന്നിവയുടെ ചെലവ് 10 ശതമാനം മുതല്‍ 40 ശതമാനം വരെ ഉയര്‍ന്നു. പെട്രോളിയം വിലവര്‍ധനവ് ഇതിലും ഉയരത്തില്‍ ആയിരുന്നു. ബൈഡന്‍ ഭരണത്തിന്റെ ആദ്യ മൂന്നു വര്‍ഷം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായി.കമല മുഖ്യമായും ഊന്നല്‍ നല്‍കിയത് ഈ തെരഞ്ഞെടുപ്പിനെ ട്രംപിനെതിരായുള്ള ഒരു റഫറണ്ടമാക്കി മാറ്റാനാണ് .ജീവസന്ധാരണ പ്രശ്‌നങ്ങളില്‍ അവര്‍ ഉപരിപ്‌ളവും സ്ഥിരതയില്ലാത്തതുമായ നിലപാടുകളാണ് സ്വീകരിച്ചത്. നേരെമറിച്ച് ട്രംപിന്റെ ഇലക്ഷന്‍ പ്രചരണത്തില്‍ ഒരിക്കലും ചാഞ്ചാട്ടം ഉണ്ടായില്ല. പ്രശ്‌നങ്ങള്‍ കൃത്യമായി അവതരിപ്പിച്ചു കൊണ്ടേയിരുന്നു. ഒന്നാമതായി അദ്ദേഹത്തിന്റെ ക്യാമ്പ് ഊന്നിപ്പറഞ്ഞ വസ്തുത അമേരിക്കന്‍ സമ്പദ് വ്യവസ്ഥ താറുമാറായിരിക്കുന്നു എന്നതാണ് അതിന്റെ പ്രധാന കാരണം; ഉത്പന്ന നിര്‍മാണ മേഖലയുടെ തകര്‍ച്ചയാണ്. ഇതിനുള്ള കാരണം രാജ്യത്തിനകത്തെ ഉയര്‍ന്ന നികുതികളും പുറത്തുനിന്നുള്ള ഉല്‍പ്പന്നങ്ങളില്‍ന്മേലുള്ള താഴ്ന്ന തീരുവുകളുമാകുന്നു . രണ്ടാമത്തെ കാര്യം രാജ്യത്തിനകത്തേക്കുള്ള കുടിയേറ്റം പ്രത്യേകിച്ച് അനധികൃത കടന്നു കയറ്റം രാജ്യത്തുള്ളവരുടെ തൊഴിലവസരങ്ങള്‍ക്കും സാമൂഹ്യ ചട്ടക്കൂടിനും ഭീഷണിയാകുന്നു എന്നതാണ്. മൂന്നാമതായി പറഞ്ഞത് അന്യ രാജ്യങ്ങളിന്മേലുള്ള ചെലവേറിയ സാഹസങ്ങളില്‍ നിന്ന് (യുക്രെയിനുള്ള സഹായം പോലുള്ളവ) അമേരിക്കയ്ക്ക് വന്‍നഷ്ടം വരുത്തിതീര്‍ക്കുന്നതിനാല്‍ അവയില്‍ നിന്ന് പിന്മാറേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ കമ്പനികളില്‍ ജോലിയുള്ളവര്‍ അമേരിക്കയിലെ അതേ കമ്പനികളിലേക്ക് മാറിപ്പോകുമ്പോഴുള്ള അനുവാദമായ L-1 വിസകള്‍ക്കും കൂടുതല്‍ നിബന്ധനകള്‍ പാലിക്കേണ്ടിവരും .വിദ്യാര്‍ത്ഥികള്‍ക്കുള്ള F-1 വിസകളും കടുത്ത പരിശോധനകള്‍ക്ക് വിധേയമായിരിക്കും പഠനശേഷം മൂന്നുവര്‍ഷം അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യാനുള്ള അനുവാദവും റദ്ദ് ചെയ്‌തേക്കാം. ഇവിടെ ജോലിയുള്ള ഇന്ത്യക്കാര്‍ക്ക് സ്ഥിര താമസം അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡിനും നിയന്ത്രണങ്ങള്‍ വന്നേക്കും.
ഡോളറിന്റെ മൂല്യമുയര്‍ത്താനും ട്രംപ് പ്രതിജ്ഞ എടുത്തിട്ടുണ്ട്. അത് ഇന്ത്യന്‍ രൂപയുടെ ശക്തി ചോര്‍ത്തിയേക്കാം. തീരുവ തുടങ്ങിയുള്ള ആഭ്യന്തര നയങ്ങള്‍ മൂലം അമേരിക്കയില്‍ ഉണ്ടാകാനിടയുള്ള വിലക്കയറ്റം പല മാര്‍ഗങ്ങളിലൂടെയും ഇന്ത്യയിലേക്കും പടര്‍ന്നുകയറാം.

ഇപ്രകാരം ട്രംപിന്റെ രണ്ടാം വരവ് ഇന്ത്യക്ക്ഗുണദോഷ സമ്മിശ്രമായിരിക്കാനാണ് സാധ്യത. ഗുണഫലങ്ങള്‍ ഉയര്‍ത്താനും ദോഷങ്ങള്‍ ലഘൂകരിക്കാനും മോദീ മാജിക്കിന് എത്രമാത്രം കഴിയും എന്നുള്ളതാണ് കാത്തിരുന്നു കാണാനുള്ളത്.

Author

Scroll to top
Close
Browse Categories