തിരുവിതാംകൂറിന് തിരിച്ചു കിട്ടിയ കായല്‍ തുരുത്തുകള്‍

ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ജോണ്‍ മണ്‍ട്രോ, തിരുവിതാംകൂറില്‍ ഇംഗ്ലീഷ് പ്രൊട്ടസ്റ്റന്റ് സഭയ്ക്കുവേണ്ടി ചെയ്ത സേവനങ്ങളെ മാനിച്ച് ‘ഡിക്ടേറ്റര്‍ ‘ എന്ന ബഹുമതിക്ക് അര്‍ഹനായി.അദ്ദേഹം തിരുവിതാംകൂറില്‍ ചെയ്ത സേവനങ്ങള്‍ അക്കമിട്ട് നിരത്തിയ ബഹുമതി പത്രത്തില്‍ ക്രിസ്തുമതം സ്വീകരിക്കുന്ന സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുവാദം നല്‍കിയതും എല്ലാ ക്രിസ്ത്യാനികളെയും ഭൂനികുതിയില്‍ നിന്ന് ഒഴിവാക്കിയതും മദ്യത്തിന്റേയും പുകയിലയുടേയും നികുതി ഇരട്ടിപ്പിച്ചതും ഒക്കെ എടുത്ത് പറഞ്ഞിട്ടുണ്ട്.

കൊല്ലം ആശ്രാമം റസിഡൻസി ബംഗ്ളാവ് -മൺട്രോ നിർമ്മിച്ചത്.

രണ്ടായിരം ഏക്കറോളം വരുന്ന നീറ്റംതുരുത്ത് 1818-ല്‍ റാണി പര്‍വതീഭായി കേണല്‍ മണ്‍ട്രോയ്ക്ക് ദാനം ചെയ്തു. കോട്ടയം സി.എം .എസ് കോളേജിന്റെ സാമ്പത്തിക ഞെരുക്കങ്ങള്‍ അറിയിച്ചപ്പോഴായിരുന്നു , ഇത്.അന്നുമുതല്‍ ഒരു നൂറ്റാണ്ടിലേറെക്കാലം അവിടെ നിന്നുള്ള കൃഷിപ്പാട്ടം ഉപയോഗിച്ചാണ് കോളേജ് നടത്തിപ്പോന്നത്.

തിരുവിതാംകൂറിലെയും കൊച്ചിയിലെയും ലക്ഷക്ക ണക്കിന് ഏക്കര്‍ സ്ഥലങ്ങള്‍ ഇങ്ങനെ, എല്‍.എം.എസ് ,സി.എം.എസ് സഭകള്‍ക്ക് ഈ കാലത്ത് എഴുതി നല്‍കി.അവിടെയെല്ലാം പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ ശാലകളും , മാത്രമല്ല മിഷനറിമാര്‍ക്കും വൈദികര്‍ക്കും താമസിക്കാനുള്ള വീടുകളും അരമനകളും മറ്റും നിര്‍മ്മിക്കപ്പെട്ടു.’ദേവസ്വം പൊതു ഉടമസ്ഥതയില്‍ ആക്കിയ കേണല്‍ ജോണ്‍ മണ്‍ട്രോയുടെ മുഖ്യലക്ഷ്യം ഇംഗ്ലീഷ് ചര്‍ച്ചിന് ആവശ്യാനുസരണം നല്ല കണ്ണായ ഭൂമി ക്ലേശം ഇല്ലാതെ ലഭിക്കാന്‍ വേണ്ടിയായിരുന്നു എന്ന് ഭരണാധികാരികള്‍ തിരിച്ചറിഞ്ഞില്ല. അറിഞ്ഞിട്ടും ഫലമില്ല. ഈസ്റ്റ് ഇന്ത്യ കമ്പനിയോട് അത്രത്തോളം ഭയവും ഭക്തിയും ഇരുരാജ്യങ്ങള്‍ക്കും ഉണ്ടായിരുന്നു”.

മണ്‍ട്രോയും കുടുംബവും ദ്വീപിലെത്തുമ്പോള്‍ താമസിക്കുന്ന തുരുത്തിലെ ബംഗ്ലാവ് തൂത്ത് തുടച്ചു വൃത്തിയാക്കാന്‍ എത്തിയ സമീപവാസിയായ തെങ്ങ്കയറ്റക്കാരന്‍ രാഘവന്റെ സുന്ദരിയായ ഭാര്യ ജാനകി ,അവര്‍ക്ക് ജാന്‍ ആയി.മൂന്നാറിലെ തേയിലത്തോട്ടത്തില്‍ രാഘവനെ നിര്‍ബന്ധിച്ച് ജോലിക്കയച്ച ശേഷം അയാള്‍ ജാനുവിനെ സ്വന്തമാക്കി.ഓലക്കുടിലില്‍ അവള്‍ പ്രസവിച്ച ആണ്‍കുഞ്ഞിന് അര്‍ബന്‍ വേരസ് മണ്‍ട്രോ എന്നാണ് പേരിട്ടത്.പില്‍ക്കാലത്ത് നീറ്റംതുരുത്തിലെ വീട് ജാനകിയുടെ കുഞ്ഞിന് മണ്‍ട്രോ എഴുതിക്കൊടുത്തു. ചുറ്റുമുള്ള പറമ്പും നല്‍കി. മണ്‍ട്രോ നാട്ടിലേക്ക് മടങ്ങിയശേഷം ഒരു മതപ്രചാരകന്‍ ഇവരുടെ സംരക്ഷണം ഏറ്റെടുത്തു. ആ കുട്ടി യുവാവായപ്പോള്‍ അവര്‍ മൂന്നാറിലേക്ക് താമസം മാറ്റി. അവിടെ ആദ്യമായി ഏലത്തോട്ടം സ്ഥാപിച്ചത് അര്‍ബന്‍ വേരസ് ആണെന്നും രേഖകള്‍ ഉദ്ധരിച്ച് പി.സുജാതന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ജര്‍മന്‍ മിഷണറിയുടെ മകളെയാണ് അദ്ദേഹം വിവാഹം ചെയ്തത്. അവരുടെ മകന്‍ ജോണ്‍ ഡാനിയല്‍ മണ്‍ട്രോ പീരുമേടിലെ തോട്ടം ഉടമസ്ഥനായി .1877ല്‍ പൂഞ്ഞാര്‍ രാജാവുമായി പാട്ടക്കരാറില്‍ ഏര്‍പ്പെട്ടത് അദ്ദേഹമാണെന്നും രേഖകളില്‍ നിന്ന് ഗ്രന്ഥകാരന്‍ അനുമാനിക്കുന്നുണ്ട്. ബെഞ്ചമിന്‍ ബെയ് ലിയുടെ ചെറുമകളെയാണ് ജോണ്‍ ഡാനിയല്‍ വിവാഹം കഴിച്ചത്.. ‘ ദി ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ 1816-1916′ ,’പൂഞ്ഞാര്‍ ലീസ്’ എന്നീ പുസ്തകങ്ങളെ ആധാരമാക്കിയാണ് ഈ നിഗമനങ്ങള്‍..

ചരിത്രം ഒരു ആഖ്യായികയായി രൂപം പ്രാപിക്കേണ്ട സന്ദര്‍ഭമാണ് മണ്‍ട്രോയും ജാനകിയുമായുള്ള ബന്ധം .പക്ഷേ, കഥാപാത്രങ്ങളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാതെ ചരിത്രവസ്തുതകള്‍ യുക്തിസഹമായി അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍ ഇവിടെ ചെയ്തിട്ടുള്ളത്. മണ്‍ട്രോ – ജാനകി ബന്ധത്തിന്റെ ഉള്ളറകളിലേക്ക് പോകാനുള്ള സാധ്യത ഉപയോഗപ്പെടുത്തിയിട്ടില്ല, ഇവിടെ. വിവാഹബന്ധത്തിനു പുറത്തെ ഈ ബാന്ധവം തീര്‍ച്ചയായും സംഘര്‍ഷനിര്‍ഭരമായിരിക്കണം. മണ്‍ട്രോ, ഭാര്യ ഷാര്‍ലറ്റ്, ജാനകി, അവളുടെ ഭര്‍ത്താവ് രാഘവന്‍ , വേരസ്,പില്‍ക്കാലത്ത് ജാനകിയുടേയും മകന്റേയും സംരക്ഷകനായെത്തിയയാള്‍ എന്നിവരുടെ ഉള്‍ത്താപങ്ങളിലൂടെ സഞ്ചരിച്ചിരുന്നുവെങ്കില്‍ വൈകാരിക മുഹൂര്‍ത്തങ്ങളുടെ ലാവാപ്രവാഹങ്ങള്‍ക്ക് ഏറെ സാദ്ധ്യതകളുണ്ടാകുമായിരുന്നു.ചരിത്ര വസ്തുതകളുടെ വ്യാഖ്യാനത്തിനും വിശകലനത്തിനും ഇടയില്‍, പൊടുന്നനെ, ‘മണ്‍ട്രോയുടെ കൈകളില്‍ കഴിഞ്ഞ രാത്രി ജാനകി ഒരു തൃണം പോലെ ഞെരിഞ്ഞു’ എന്ന ഹ്രസ്വാഖ്യാനമാണ് വരുന്നത്. ഇത് നോവലിന്റെ യുക്തിഭദ്രമായ രൂപഘടനയ്ക്ക് നിരക്കുന്നതല്ല. ഇത്തരം ബന്ധങ്ങളുണ്ടാക്കുന്ന ആത്മസംഘര്‍ഷങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നുവെങ്കില്‍ മനോഹരമായ ഒരു നോവലായി ഇതിനെ വികസിപ്പിക്കാമായിരുന്നു.

തിരുവിതാംകൂറിലെ മതപ്രചാരണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുവദിച്ച ഒരു ലക്ഷം രൂപയുടെ പകുതിയും മണ്‍ട്രോതുരുത്തിലെ മതപരിവര്‍ത്തനത്തിന് വിനിയോഗിക്കാന്‍ മാറ്റിവെച്ചെങ്കിലും അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഒന്നും വിജയിച്ചില്ല.

1819ലാണ്‌കേണല്‍ മണ്‍ട്രോ ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഷാര്‍ലെറ്റിനുണ്ടായ വിട്ടുമാറാത്ത വയറുവേദനയും നിലക്കാത്ത രക്തസ്രാവവുമാണ് നാട്ടിലേക്ക് മടങ്ങാന്‍ പ്രേരണയായത് എന്ന് വിശ്വസിക്കപ്പെടുന്നു. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ മുളച്ചന്ത്ര ക്ഷേത്രത്തില്‍ മണ്‍ട്രോയും കുടുംബവും പൂജയും പ്രാര്‍ത്ഥനയും നടത്തിയത്രേ.ഇരയിമ്മൻ തമ്പിയുടെ നിര്‍ദ്ദേശപ്രകാരം കൊച്ചിയില്‍ നിന്ന് പൂജാരികളെ വരുത്തിയായിരുന്നു പൂജകള്‍ ചെയ്തത്.

റസിഡന്റ് പദവി ഒഴിഞ്ഞപ്പോള്‍ഈ കായല്‍ തുരുത്തുകളുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും അവകാശം കേണല്‍ മണ്‍ട്രോ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ ഭാരവാഹികള്‍ക്ക് രേഖാമൂലം കൈമാറി. സി.എം.എസ് കോളേജിന്റേയും സുറിയാനി കുട്ടികളുടെയും വിദ്യാഭ്യാസ ചെലവുകള്‍ക്ക് ഇതില്‍നിന്നുള്ള കൃഷിപ്പാട്ടത്തുക വിനിയോഗിക്കണമെന്നായിരുന്നു വ്യവസ്ഥ.രാജകീയമായ യാത്രയപ്പാണ് തിരുവതാംകൂര്‍ കേണല്‍ മണ്‍ട്രോയ്ക്ക് നല്‍കിയത്. പാരിതോഷികമായി നല്‍കിയ അമ്പതിനായിരം രൂപ പക്ഷേ, അദ്ദേഹം സ്വീകരിച്ചില്ല.

പുലി പ്രഭാകരന്റെ കുടുംബ വേരുകള്‍

അമ്പരപ്പിക്കുന്ന മറ്റൊരു ചരിത്രവാതായനം കൂടി തുറക്കുന്നുണ്ട് , ഈ ഗ്രന്ഥം.ദ്വീപിലെ പ്രമാണികളായ കൊന്നേല്‍ വീട്ടില്‍ മാധവന്‍, നെടുമ്പ്രത്തെ ശേഖരപിള്ള എന്നിവര്‍ മുഖേന തുരുത്തുകാരെ മതംമാറ്റാനുള്ള ശ്രമം നടത്തി. കൊല്ലത്തെ റസിഡന്‍സി ബംഗ്ലാവില്‍ വിളിച്ചു വരുത്തി, പുരോഹിതര്‍ അവര്‍ക്ക് വലിയൊരു തുക മുന്‍കൂറായി നല്‍കി.തൊട്ടടുത്ത ബന്ധുവായ കേശവനോട് മാധവന്‍ മതംമാറ്റ കാര്യം പറഞ്ഞപ്പോള്‍ തന്നെ അയാള്‍ പുലഭ്യം പറഞ്ഞ് ആട്ടി .ആരും മതം മാറില്ലെന്ന് ഉറപ്പായതോടെ രണ്ടാളും കൂടി കൊല്ലത്തേക്ക് പുറപ്പെട്ടു.ആരെയും അറിയിക്കാതെ തുരുത്ത് വിട്ടതിനാല്‍ നാട്ടുകാര്‍ പലതും സംശയിച്ചു.മാധവനെ കൊന്നു കായലില്‍ താഴ്ത്തി; ശേഖരനെ ഒളിപ്പിച്ചു എന്ന് വാര്‍ത്തകള്‍ പരന്നു. അമ്പതോളം മിഷണറിമാര്‍ തുരുത്തില്‍ അപ്പോള്‍ ഉണ്ടായിരുന്നു. അവര്‍ക്കെതിരെ രോഷം ഉയര്‍ന്നപ്പോള്‍, അവര്‍ സ്‌കൂളുകളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും അടച്ച് നാടുവിട്ടു. രാമേശ്വരത്ത് ക്ഷേത്ര ദര്‍ശനം നടത്തി ,അവിടെ ചുറ്റിത്തിരിഞ്ഞ മാധവനും ശേഖരയും കപ്പല്‍ കയറി ശ്രീലങ്കയിലെ കൊളമ്പോയില്‍ എത്തി. രണ്ടു പേരും ഇംഗ്ലീഷുകാരുടെ തോട്ടങ്ങളില്‍ തൊഴിലാളികളായി. പിടിക്കപ്പെടാതിരിക്കാനായി ശേഖരപിള്ള അറുമുഖം പിള്ളയായി ; മാധവന്‍ രാമസ്വാമിയായി. ആസ്തമയ്ക്ക് ചികിത്സ തേടി ഒരു ബുദ്ധഭിക്ഷുവിനെ സമീപിച്ച മാധവന്‍ അയാളില്‍ ആകൃഷ്ടനായി സ്ഥലം വിട്ടുപോയി. ശേഖര പിള്ള ഒരു തമിഴ് യുവതിയെ വിവാഹം ചെയ്തു.
‘ശേഖര പിള്ള എന്ന അറുമുഖം ഉത്തര സിലോണില്‍ സ്ഥാപിച്ച കുടുംബത്തിലെ അവസാന കണ്ണിയാണ് തമിഴ് വിമോചന പുലികളുടെ നേതാവ് വി.പ്രഭാകരന്‍ എന്ന് അനുമാനിക്കപ്പെടുന്നു’, പി.സുജാതന്‍ എഴുതുന്നു.’പ്രഭാകരന്റെ വേരുകള്‍ തേടുന്നവര്‍ അറുമുഖം പിള്ള വരെ എത്തി മുന്നോട്ടു നീങ്ങാറില്ല. ദക്ഷിണേന്ത്യന്‍ ബന്ധം സ്ഥാപിച്ചെടുത്ത് സംശയങ്ങളും അഭ്യൂഹങ്ങളും നിറഞ്ഞ പാതയിലൂടെ കല്ലടയില്‍ എത്താനാകാത്ത വിധം ഗവേഷകര്‍ ചുറ്റിപ്പോകുന്നു. പേരുമാറ്റത്തിലൂടെ ശേഖരപിള്ള ആ ബന്ധം എന്നെന്നേക്കുമായി മുറിച്ചുകളഞ്ഞു’
ഇരുള്‍ മൂടിക്കിക്കുന്ന ഈ ചരിത്രവഴികള്‍ വെട്ടിത്തെളിച്ച്, വേലുപിള്ള പ്രഭാകരന്റെ കുടുംബ വേരുകള്‍ നാളെ ആരെങ്കിലും കണ്ടെത്താതിരിക്കില്ല.

അദ്ദേഹത്തോടുള്ള നന്ദിസൂചകമായി ഈ തുരുത്തിന് സി.എം .എസ് സഭ മണ്‍ട്രോ ഐലന്‍ഡ് അഥവാ മണ്‍ട്രോത്തുരുത്ത് എന്ന പേരിട്ടു. ഇവയുടെ നടത്തിപ്പിനായി കുറേ കുടുംബങ്ങളെ കൊണ്ടുവന്ന് അവിടെ സ്ഥിരമായി പാര്‍പ്പിച്ചു. വില്ലിമംഗലം കേന്ദ്രീകരിച്ചാണ് അവര്‍ തുരുത്തിലെ ഭരണം നടത്തിയത്.ക്രമേണ തുരുത്തിലെ പരമ്പരാഗത കൃഷി ക്ഷയിച്ചു. പാട്ടവരുമാനം കുറഞ്ഞു.തെങ്ങ് വെട്ടി മാറ്റി, ഗ്രാമ്പൂ കൃഷി ചെയ്‌തെങ്കിലും അതും പരാജയപ്പെട്ടു.തെങ്ങിനും ഗ്രാമ്പൂവിനും ഇടയില്‍ മതപരമായ ചേരിതിരിവ് ഉയര്‍ന്നുവന്നു.’തുരുത്തിലെ ഈഴവര്‍ സംഘടിതമായി മതം മാറ്റാനുള്ള നീക്കങ്ങളെ ചെറുത്തു’.ഗ്രാമത്തിലെ കാവുകള്‍ പലതും ചെറു ക്ഷേത്രങ്ങളായി പുനര്‍നിര്‍മ്മിച്ചു.കളരി അഭ്യാസവും രാമായണ, ഭാഗവത പാരായണവും ഈ ചെറുത്തുനില്‍പ്പിന് ആയുധങ്ങളായി എന്നും പി.സുജാതന്‍ രേഖപ്പെടുത്തുന്നുണ്ട്.പക്ഷേ, ഒരു ഘട്ടത്തിലും സംഘര്‍ഷങ്ങളോ വര്‍ഗീയ ലഹളകളോ ഇവിടെ ഉണ്ടായില്ല.

പത്താം വയസ്സില്‍ വിട്ടുപോയ മകന്‍ അര്‍ബനേയും അവന്റെ അമ്മ ജാനുവിനേയും കാണാന്‍ തിരുവിതാംകൂറിലേക്ക് മടങ്ങിവരാന്‍ കേണല്‍ മണ്‍ട്രോ തീവ്രമായി ആഗ്രഹിച്ചിരുന്നു.രണ്ടാമത്തെ മകനായ ജൂനിയര്‍ ജോണ്‍ മണ്‍ട്രോ അന്ന് തിരുവിതാംകൂറില്‍ സൈനിക സേവനം ചെയ്തിരുന്നു. മണ്‍ട്രോത്തുരുത്തില്‍ സ്ഥിരതാമസമാക്കാനും അവിടെ അന്ത്യവിശ്രമം കൊള്ളാനും അദ്ദേഹം കൊതിച്ചിരുന്നുവെങ്കിലും ഭാര്യ ഷാര്‍ലറ്റ് അതിന് സമ്മതിച്ചില്ല. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ 1830ല്‍ കേണല്‍ മണ്‍ട്രോ വീണ്ടും മദ്രാസില്‍ എത്തി. ഭാര്യ അദ്ദേഹത്തെ അനുഗമിച്ചില്ല. അവിടെ നിന്ന് തിരുവിതാംകൂറിലേക്ക് വരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ, മലബാര്‍ തീരത്ത് പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചതറിഞ്ഞ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി. ‘പിന്നീട് ഒരിക്കലും അദ്ദേഹം ഇന്ത്യയില്‍ എത്തിയില്ല. മകനെ കണ്ടിട്ടില്ല. ജാന്‍ ഒരു വിഷാദരാഗം പോലെ ജോണിന്റെ മനസ്സില്‍ ജീവിച്ചു’.

റീജൻറ് റാണി ഗൗരി
പാർവതി ഭായി
ജോൺ മൺട്രോ -1857ലെ
അന്ത്യ നാളുകളിൽ

ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ജോണ്‍ മണ്‍ട്രോ, തിരുവിതാംകൂറില്‍ ഇംഗ്ലീഷ് പ്രൊട്ടസ്റ്റന്റ് സഭയ്ക്കുവേണ്ടി ചെയ്ത സേവനങ്ങളെ മാനിച്ച് ‘ഡിക്ടേറ്റര്‍ ‘ എന്ന ബഹുമതിക്ക് അര്‍ഹനായി.അദ്ദേഹം തിരുവിതാംകൂറില്‍ ചെയ്ത സേവനങ്ങള്‍ അക്കമിട്ട് നിരത്തിയ ബഹുമതി പത്രത്തില്‍ ക്രിസ്തുമതം സ്വീകരിക്കുന്ന സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുവാദം നല്‍കിയതും എല്ലാ ക്രിസ്ത്യാനികളെയും ഭൂനികുതിയില്‍ നിന്ന് ഒഴിവാക്കിയതും മദ്യത്തിന്റേയും പുകയിലയുടേയും നികുതി ഇരട്ടിപ്പിച്ചതും ഒക്കെ എടുത്ത് പറഞ്ഞിട്ടുണ്ട്.
1857 ലാണ് ജോണ്‍ മണ്‍ട്രോ മരിക്കുന്നത്.അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം സി.എം.എസ് കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്,ആലുവ യു.സി കോളേജ് എന്നിവിടങ്ങളില്‍ ഉപരി പഠനത്തിന് ചേരുന്ന സുറിയാനി ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. അത് മണ്‍ട്രോ സ്‌കോളര്‍ഷിപ്പ് എന്നാണ് പില്‍ക്കാലത്ത് അറിയപ്പെട്ടത്.മണ്‍ട്രോത്തുരുത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് അതിന്റെ ഫണ്ട് കണ്ടെത്തിയിരുന്നത്.

100 കൊല്ലം ഈ വരുമാനം കൊണ്ട് തന്നെയായിരുന്നു സി.എം.എസ് കോളേജ് പ്രവര്‍ത്തിച്ചത്. സുറിയാനി ക്രിസ്ത്യാനികളുടെ വിദ്യാഭ്യാസത്തിനും ഈ വരുമാനം പ്രയോജനപ്പെട്ടു. എന്നാല്‍, വില്യം സാന്‍ഡേഴ്‌സ് ഹണ്ട് വരെയുള്ളവര്‍ ദ്വീപുകാരെ ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ നടത്തിയ സര്‍വ്വ അടവുകളും തന്ത്രങ്ങളും പൂര്‍ണമായി പരാജയപ്പെട്ടു. പിന്നീട് പാട്ടപ്പിരിവ് മാത്രമായി മിഷനറിമാരുടെ ജോലി പരിമിതപ്പെട്ടതായി അദ്ദേഹം എഴുതുന്നുണ്ട്.

മൺട്രോ ഭവനത്തിൽ ഗ്രന്ഥകാരൻ പി.സുജാതൻ

സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ സമരവും ശക്തിപ്പെട്ടതോടെ മണ്‍ട്രോത്തുരുത്തിന്‍മേലുള്ള മിഷന്‍ സൊസൈറ്റിയുടെ നിയന്ത്രണം ദുര്‍ബലമായി. പാട്ടക്കുടിയാന്‍മാര്‍ നിസ്സഹരിച്ചു തുടങ്ങി .പാട്ടം പിരിക്കാനുള്ള ചെലവ് വരുമാനത്തേക്കാള്‍ അധികമായി. ദിവാനായി വന്ന പി. രാജഗോപാലാചാരിയില്‍ നിന്ന് സഭയ്ക്ക് സഹായമാന്നും കിട്ടാതെയായി. അങ്ങനെ,ഉടമസ്ഥാവകാശം ഒഴിയാന്‍ അവര്‍ തീരുമാനിച്ചു. ന്യായവില നല്‍കി തുരുത്ത് തിരിച്ചെടുക്കണമെന്ന് വില്യം സാന്‍ഡേഴ്‌സ് ഹണ്ട് സര്‍ക്കാരിന് കത്തയച്ചു.50000 ബ്രിട്ടീഷ് രൂപ ഓരോ വര്‍ഷവും നാല് തുല്യ ഗുഡുക്കളായി നല്‍കി തുരുത്ത് തിരിച്ചെടുക്കാന്‍ തീരുമാനമായി. 1930 മാര്‍ച്ച് 30ന് കരാര്‍ രജിസ്റ്റര്‍ ചെയ്തു. ‘മണ്‍ട്രോത്തുരുത്ത് വിളംബരം ‘ എന്ന പേരില്‍ റീജന്റ് റാണി സേതു ലക്ഷ്മീഭായിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേക്കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നത് ഇങ്ങനെ ‘ പ്രായവും പക്വതയും എത്താത്ത ഒരു റീജന്റ് റാണി 111 വര്‍ഷം മുമ്പ് ചെയ്ത അപരാധം തിരുവിതാംകൂറിലെ അവസാനത്തെ റീജന്റ് റാണിയിലൂടെ കാലം തിരുത്തിക്കുറിച്ചു”.തിരുവിതാംകൂറിന് തിരിച്ചു കിട്ടിയ ഈ മനോഹരമായ കായല്‍ തുരത്തുകള്‍ നേരില്‍ കാണാന്‍ പിന്നീട് റാണി സേതു ലക്ഷ്മീഭായി അവിടെ എത്തിയതും ചരിത്രം .

മണ്‍ട്രോത്തുരത്തിന് തൊട്ടടുത്ത തേവലക്കര ഗ്രാമത്തില്‍ നിന്നുള്ള കണ്ടോളില്‍ കൃഷ്ണപിള്ള ബാരിസ്റ്റര്‍ എ.കെ.പിള്ള എന്ന ദേശീയ സ്വാതന്ത്ര്യ സമര നേതാവായി ഉയര്‍ന്ന ചരിത്രവും ‘ ‘ദ്വൈപായന’ത്തില്‍ വിവരിച്ചിട്ടുണ്ട്. കായല്‍ നീന്തിക്കടന് ദ്വീപിലെത്തി, ചെറുപ്പക്കാര്‍ക്ക് പുതിയ വെളിച്ചം പകര്‍ന്നു നല്‍കിയ കൗമാരമായിരുന്നു അദ്ദേഹത്തിന്റേത്. മണ്‍ട്രോത്തുരുത്തുമായുള്ള ബന്ധംഅങ്ങനെയാണു ആരംഭിച്ചത്.സി.പി രാമസ്വാമി അയ്യര്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വാദമുയര്‍ത്തിയപ്പോള്‍, അതില്‍ ചേരാതെ സ്വതന്ത്രമായി ,ഒരു കേന്ദ്രഭരണപ്രദേശമായി നിലനിര്‍ത്താന്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയ കഥയും ഈ ഗ്രന്ഥത്തിലുണ്ട് .സി.പി ക്ക് വെട്ടേറ്റ്, അദേഹം നാടുവിട്ടതോടെ,ആ അദ്ധ്യായം അവസാനിച്ചു.

മണ്‍ട്രോത്തുരത്തിന് തൊട്ടടുത്ത തേവലക്കര ഗ്രാമത്തില്‍ നിന്നുള്ള കണ്ടോളില്‍ കൃഷ്ണപിള്ള ബാരിസ്റ്റര്‍ എ.കെ.പിള്ള എന്ന ദേശീയ സ്വാതന്ത്ര്യ സമര നേതാവായി ഉയര്‍ന്ന ചരിത്രവും ‘ ‘ദ്വൈപായന’ത്തില്‍ വിവരിച്ചിട്ടുണ്ട്. കായല്‍ നീന്തിക്കടന് ദ്വീപിലെത്തി, ചെറുപ്പക്കാര്‍ക്ക് പുതിയ വെളിച്ചം പകര്‍ന്നു നല്‍കിയ കൗമാരമായിരുന്നു അദ്ദേഹത്തിന്റേത്.

ഉപ്പുവെള്ളത്തില്‍ മുങ്ങി മണ്‍ട്രോത്തുരുത്ത് നശിക്കുന്നതിന് കാരണം സുനാമി അല്ല , അശാസ്ത്രീയമായി നിര്‍മ്മിച്ച കുളത്തൂപ്പുഴയിലെ അണക്കെട്ട് ആണെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. മണ്‍ട്രോത്തുരുത്തിന്റെ വിനാശമാണ് അത് . വേലിയേറ്റസമയത്ത് തുരുത്തിലെ 500ഓളം വീടുകളില്‍ കടല്‍ജലം ഒഴുകി കയറുന്നുവെന്ന് അദ്ദേഹം പറയുന്നു. ജനങ്ങള്‍ കൂട്ടത്തോടെ കൂടിയൊഴിഞ്ഞു പോവുകയാണ്. ഇപ്പോള്‍ തുരുത്തിലെ പകുതിയോളം പ്രദേശങ്ങളില്‍ താമസിക്കാനോ കൃഷി ചെയ്യാനോ കഴിയുന്നില്ല
മണ്‍ട്രോത്തുരുത്തിലേക്ക് ഗ്രന്ഥകാരന്റെ കൊച്ചുമക്കള്‍ നടത്തുന്ന ആദ്യ യാത്രയോടെയാണ് ഈ പുസ്തകം അവസാനിക്കുന്നത്.
അവസാനം ഒരു ചോദ്യം അവശേഷിക്കുന്നുണ്ട് ; മണ്‍ട്രോ എന്ന ആംഗലേയ പദവും തുരുത്ത് എന്ന തനി ദ്രാവിഡ പദവും കൂട്ടിച്ചേര്‍ത്ത് ഒരു നാടിനെ വിളിക്കുന്നത് ഉചിതമാണോ?

മൂന്നര പതിറ്റാണ്ടുകാലം മാധ്യമപ്രവര്‍ത്തകനായിരുന്നു.,പി. സുജാതന്‍. അതില്‍കൂടുതല്‍ കാലവും സ്റ്റാഫ് റിപ്പോര്‍ട്ടര്‍. ജാഗരൂകനായ ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകനേയും സാമൂഹിക,രാഷ്ട്രീയ നിരീക്ഷകനേയുമാണു’ദ്വൈപായന’ത്തിന്റെ അധ്യായങ്ങളില്‍ നമ്മള്‍ കാണുന്നത്. വളച്ചുകെട്ടില്ലാത്ത ലളിത സുന്ദരമായ ഭാഷ.നല്ല ഒഴുക്കുള്ള ശൈലി.
അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത ചരിത്ര സംഭവങ്ങളെ ആഴത്തില്‍ അപഗ്രഥിക്കുകയും പുനര്‍വായിക്കുകയും ചെയ്യുകയാണ് , പി.സുജാതന്‍.സമകാലിക രാഷ്ട്രീയ ,സാമൂഹിക പരിതസ്ഥിതിയില്‍ ഏറെ പ്രാധാന്യമുള്ള അതിജീവന കഥയാണ് മണ്‍ട്രോത്തുരുത്തിലെ ജനങ്ങളുടേത്. ഇത് കേട്ടറിഞ്ഞ് ശ്രീനാരായണ ഗുരുവും അയ്യന്‍ കാളിയും ദ്വീപ് സന്ദര്‍ശിച്ചിട്ടുണ്ട്. തലമുറകളായി മതംമാറ്റത്തെ ചെറുത്തുനിന്ന ഇവിടുത്തെ ഗ്രാമീണരെ വിസ്മയത്തോടെയാണ്അന്ന് അവര്‍ കണ്ടത്.

സമാനതകളില്ലാത്ത മണ്‍ട്രോത്തുരുത്തിന്റെ ഈ അനന്യചരിത്രം സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കട്ടെ

Author

Scroll to top
Close
Browse Categories