പ്രാണവായുവില്ലാത്ത നാളെകള്‍ അരികേ

ദില്ലിയിലെപ്പോലെ അവസ്ഥ എപ്പോള്‍ വേണമെങ്കിലും നമ്മുടെ കേരളത്തിലും ഉണ്ടാവാം. കൊച്ചിയിലെ മലിനീകരണ സൂചികയും അത്ര ആശാവഹമല്ല. ഇവിടെ കൂടുതലും വണ്ടികളില്‍ നിന്നുള്ള പുക കാരണമാണ് മലിനീകരണം ഉണ്ടാകുന്നതെങ്കിലും ദില്ലിയിലെപ്പോലെ അത് നിയന്ത്രിക്കാനുള്ള തീരുമാനം ഒന്നും ഇവിടെ എടുത്തിട്ടില്ല.

കഴിഞ്ഞകുറെ ദിവസങ്ങളില്‍ ദില്ലിയില്‍ ഉണ്ടായ വായു മലിനീകരണം നമ്മുടെ നാട്ടിലും പ്രാണവായുവില്ലാത്ത നാളെകള്‍ അരികേയാണെന്ന ആശങ്കയുണ്ടാക്കുന്നു. പ്രശ്നത്തെ ഗൗരവമായിത്തന്നെ സമീപിക്കണമെന്ന സൂചനയാണ് ദില്ലിനല്‍കുന്നത്.

പ്രതികൂലമായ കാലാവസ്ഥ, വാഹനങ്ങളില്‍ നിന്ന് വമിക്കുന്ന പുക, വയലുകളില്‍ വൈക്കോല്‍ തീയിടുന്നത്, കരിമരുന്ന് ഉപയോഗം എന്നിവയാണ് ദില്ലിയെ മലിനീകരണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍. കൂടാതെ ശൈത്യകാലത്തു നിരന്തരമായി ദില്ലിയില്‍ മലിനീകരണതോത് ഉയരുന്നത് ‘TEMPERATURE INVERSION’ എന്ന പ്രതിഭാസം മൂലമാണെന്നും കണക്കാക്കപ്പെടുന്നു. ശൈത്യകാലത്തു അന്തരീക്ഷത്തിലെ വായുവിന് ചലനം കുറവാകുന്നതുമൂലം വാഹനങ്ങളിലെ പുകയും മറ്റു മലിനീകരണത്തിന് കാരണമാകുന്ന വാതകങ്ങളും അന്തരീക്ഷത്തില്‍ തന്നെ തങ്ങിനില്‍ക്കുന്നതാണ് മലിനീകരണത്തിലേക്ക് നയിക്കുന്നത്.

വായൂ മലിനീകരണം പലവിധ കാരണങ്ങളാല്‍ സംഭവിക്കുന്നുണ്ടെങ്കിലും പടക്കങ്ങളും മറ്റും അമിതമായി ഉപയോഗിക്കുന്നതുമൂലമുള്ള മലിനീകരണം പൂര്‍ണ്ണമായും മനുഷ്യന്റെ പ്രവൃത്തിമൂലം തന്നെ ഉണ്ടാവുന്നതാണ്.
പാരിസ്ഥിതികമായ അത്രയേറെ മലിനമല്ലാത്ത അവസരത്തിലും, വേണ്ടവിധം ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യത്തിന് മരങ്ങള്‍ ഉള്ള സന്ദര്‍ഭത്തിലും പടക്കങ്ങള്‍ അത്രയധികം പരിസ്ഥിതികപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലായെങ്കിലും ദില്ലി പോലെ ലോകത്തുതന്നെ ഏറ്റവുമധികം മലിനമായ ഒരു നഗരത്തില്‍ ആഘോഷങ്ങളുടെ ഭാഗമായി അനിയന്ത്രിതമായി പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ ഉണ്ടാവുന്ന ദോഷകരമായ മാറ്റങ്ങള്‍ അതീവഗൗരവമുള്ളതാണ്. അന്തരീക്ഷത്തിലെ വായുവിന്റെ ഗുണനിലവാരത്തിന് ചില അളവുകള്‍ നിലവിലുണ്ട്. അതനുസരിച്ചാണ് അത് നല്ലതോ, ചീത്തയോ എന്ന് തിരിച്ചറിയുന്നത്. അതിനെ വായു നിലവാരസൂചിക (AIR QUALITY INDEX) എന്നാണ് പറയുന്നത്.

പടക്കം പ്രശ്നമാണ്
പടക്കങ്ങള്‍ പൊട്ടിക്കുന്നതുമൂലം ലെഡ്, മഗ്നീഷ്യം, സിങ്ക്, മാംഗനീസ്, സോഡിയം, പൊട്ടാഷ്യം, കോപ്പര്‍, കാഡ് മിയം, ഫോസ്ഫറസ്, സള്‍ഫര്‍, നൈട്രൈറ്റ്‌സ് തുടങ്ങിയ മൂലകങ്ങളാണ് പ്രധാനമായും അന്തരീക്ഷത്തെ മലീമസമാക്കുന്നത്. ലെഡ് ചൂടാകുമ്പോള്‍ പുറപ്പെടുവിക്കുന്ന വിഷമയമായ പുക തലച്ചോറിനെയും, ഞരമ്പുകളെയും ബാധിക്കുന്നു. കുട്ടികള്‍ക്ക് വളര്‍ച്ചാമുരടിപ്പും, ലേണിംഗ് ഡിസെബിലിറ്റികള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. മഗ്നീഷ്യം കലര്‍ന്ന വായു ശ്വസിക്കുന്നതുമൂലം പേശീവേദന ലക്ഷണമായ മെറ്റല്‍ ഫ്യൂം പനി (METAL FUME FEVER) ഉണ്ടാകാന്‍ സാധ്യതയുണ്ട്. സിങ്ക് സ്വതന്ത്രമായി നില്‍ക്കുമ്പോള്‍ മാരകമല്ലായെങ്കിലും കത്തിക്കുമ്പോള്‍ അത് വിഷമയമായ പുകയാണ് പുറത്തുവിടുന്നത്. അതും മേല്‍സൂചിപ്പിച്ച മെറ്റല്‍ ഫ്യൂം പനിക്ക് കാരണമാകുന്നു.

മാംഗനീസ് പൊടി ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും, സോഡിയം, പൊട്ടാഷ്യം എന്നിവ ആസ്തമയ്ക്കും കാരണമാകുന്നു. അതുപോലെതന്നെ കാഡ്മിയം, ഫോസ്ഫറസ്, സള്‍ഫര്‍, നൈട്രൈറ്റ്‌സ് എന്നിവയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ സൂക്ഷ്മമായ പൊടികള്‍ പുകയുമായി ചേരുമ്പോള്‍ ഉണ്ടാവുന്ന സ്മോഗ് (SMOG) ഡല്‍ഹിയെ മഞ്ഞുമൂടിയ താഴ്‌വരയെപ്പോലെ ആക്കി മാറ്റിയിരിക്കുന്നു. തണുത്ത മഞ്ഞിനുപകരം, വിഷമയമായ പുക ആണെന്നുമാത്രം.

മാംഗനീസ് പൊടി ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും, സോഡിയം, പൊട്ടാഷ്യം എന്നിവ ആസ്തമയ്ക്കും കാരണമാകുന്നു. അതുപോലെതന്നെ കാഡ്മിയം, ഫോസ്ഫറസ്, സള്‍ഫര്‍, നൈട്രൈറ്റ്‌സ് എന്നിവയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ സൂക്ഷ്മമായ പൊടികള്‍ പുകയുമായി ചേരുമ്പോള്‍ ഉണ്ടാവുന്ന സ്മോഗ് (SMOG) ഡല്‍ഹിയെ മഞ്ഞുമൂടിയ താഴ്‌വരയെപ്പോലെ ആക്കി മാറ്റിയിരിക്കുന്നു. തണുത്ത മഞ്ഞിനുപകരം, വിഷമയമായ പുക ആണെന്നുമാത്രം.

പൊട്ടിച്ചുകഴിഞ്ഞു ഉപേക്ഷിച്ച പടക്കങ്ങളുടെ മാലിന്യമാണ് മറ്റൊരു വെല്ലുവിളി. ദില്ലിയില്‍ ദീപാവലി കഴിയുന്ന ദിനത്തില്‍ തെരുവുകളിലൂടെ ഒന്ന് നടന്നാല്‍ ആ മാലിന്യങ്ങളുടെ ബാഹുല്യം നമുക്ക് നേരില്‍ കാണുവാന്‍ കഴിയും. അതായത്, പടക്കങ്ങള്‍ പൊട്ടിക്കുന്നത് വായുവിനെ മാത്രമല്ല, ഭൂമിയെയും മലീമസമാക്കുന്നു എന്നര്‍ത്ഥം. ഇതില്‍ ഏറ്റവും പ്രധാനകാര്യം എന്തെന്നാല്‍, ഗര്‍ഭിണികളില്‍ പടക്കത്തിന്റെ ഉയര്‍ന്ന ശബ്ദം ദോഷകരമായി ബാധിക്കാറുണ്ട്. ഗര്‍ഭിണികളില്‍ സമ്മര്‍ദ്ദവും, ഗര്‍ഭസ്ഥശിശുക്കളില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പഠനങ്ങള്‍ ഉണ്ട്.

വായുവിന്റെ
ഗുണമേന്മ

വായു മലിനീകരണം എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (AQI) എന്ന അളവിലാണ് പറയാറുള്ളത്. വായുവിന്റെ ഗുണമേന്മ എന്നോ, മലിനീകരണത്തിന്റെ അളവെന്നോ ഇതിനെ സൂചിപ്പിക്കാം. വായു മലിനീകരണത്തിന് കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ച് വാതകങ്ങളുടെ സാന്നിധ്യം എത്ര മാത്രമാണ് എന്നത് അടിസ്ഥാനമാക്കിയാണ് AQI നിര്‍ണ്ണയിക്കുന്നത്.
എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 0-50 വരെയുള്ള ആദ്യത്തെ സ്‌കെയില്‍, ശേഷം 51-100, 101-150, 151-200, 201-300, 301-500 എന്നിങ്ങനെയുള്ള ആറ് സ്‌കെയിലിലാണ് അളക്കുന്നത്. അന്‍പതുവരെയുള്ള സ്‌കെയിലിലാണ് ഉള്‍പ്പെടുന്നതെങ്കില്‍ നല്ലത് (Good) എന്നും, 50-100 വരെ ആണെങ്കില്‍ മോഡറേറ്റ് എന്നും, 101-150 ആണെങ്കില്‍ സെന്‍സിറ്റിവ് ഗ്രൂപ്പുകള്‍ക്ക് അനാരോഗ്യപരവും, 151-200, 201-300, 301-500 യഥാക്രമം അനാരോഗ്യകരം, കൂടുതല്‍ അനാരോഗ്യകരം, അപകടകരം എന്നിങ്ങനെ അടയാളപ്പെടുത്തുന്നു. ഇന്നലെ ദില്ലിയിലെ എ.ക്യൂ.ഐ 420 ആയിരുന്നു. ഓരോ സ്‌കെയിലും ഓരോ നിറങ്ങളിലും രേഖപ്പെടുത്താറുണ്ട്. 0-50 വരെയുള്ളത് പച്ച നിറത്തിലും, പിന്നീടുള്ള അഞ്ചെണ്ണം യഥാക്രമം മഞ്ഞ, ഓറഞ്ച്, ചുവപ്പ്, പര്‍പ്പിള്‍, മെറൂണ്‍ എന്ന നിറങ്ങളിലും അടയാളപ്പെടുത്തുന്നു.
എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് കണ്ടുപിടിക്കാന്‍ പ്രധാനമായും അഞ്ച് ഘടകങ്ങളെയാണ് അളക്കുന്നത്. ഭൂനിരപ്പിലുള്ള ഓസോണ്‍, പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (ഇത് രണ്ടു തരമുണ്ട് – വ്യാസം 2.5 മൈക്രോ മീറ്ററിന് താഴെയുള്ളതും, 10 മൈക്രോമീറ്ററിന് താഴെയുള്ളതും), കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, നൈട്രജന്‍ ഡയോക്‌സൈഡ് എന്നിവ. എന്നാല്‍ അതിനൊപ്പം ലെഡ്, അമോണിയ, ബെന്‍സോപൈറിന്‍, ബെന്‍സീന്‍, ആഴ്സനിക്, നിക്കല്‍ എന്നിവയും അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്.

നിയന്ത്രണങ്ങള്‍
പേരിനുമാത്രം

ദീപാവലി, ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങള്‍ മാത്രമേ ആഘോഷങ്ങളില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ്. മാത്രമല്ല ഇതിനൊപ്പം പടക്കം പൊട്ടിക്കുന്ന സമയത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ടുമണിമുതല്‍ പത്തുമണി വരെയും, ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി രാത്രി 11.55 മുതല്‍ 12.30 വരെയും മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കുവാന്‍ പാടുള്ളൂ.

ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു നിയന്ത്രണം എന്ന് ഏവര്‍ക്കും സംശയം തോന്നിയേക്കാം. ഇനി ഇത്തരം പടക്കങ്ങള്‍ മൂലമുള്ള അന്തരീക്ഷമലിനീകരണം നിയന്ത്രിച്ചില്ലെങ്കില്‍ നാളെ ഇവിടെ ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥ സംജാതമാകും എന്നകാര്യത്തില്‍ സംശയമില്ല. ഈ ദീപാവലിയും, അടുത്തമാസത്തെ ക്രിസ്മസും ന്യൂ ഇയറുമൊക്കെ പടക്കങ്ങള്‍ കൊണ്ടുള്ള ആഘോഷങ്ങള്‍ കയ്യടക്കുമെന്ന് ഉറപ്പാണ്. അടുത്തിടെ ദില്ലിയില്‍ ഉണ്ടായ അനിയന്ത്രിതമായ അന്തരീക്ഷമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയും അത്തരം നിയന്ത്രണമില്ലാതെയുള്ള പടക്കങ്ങളുടെ ഉപയോഗം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് ഉറപ്പാണല്ലോ.

പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍
അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്ന തീരെ വലിപ്പം കുറഞ്ഞ ഖര-ദ്രാവക മലിനീകരണ കണികകള്‍ ചേര്‍ന്നാണ് ഇവ ഉണ്ടാകുന്നത്. ഇവ 2.5, 10 എന്നിങ്ങനെ രണ്ടുതരത്തില്‍ ഉണ്ട്. ആദ്യത്തേതിന്റെ വ്യാസം 2.5 മൈക്രോമീറ്ററില്‍ താഴെയും, രണ്ടാമത്തേതിന്റെ വ്യാസം 10 മൈക്രോ മീറ്ററില്‍ താഴെയും ആയിരിക്കും. നമ്മുടെ മുടിയിഴയുടെ വ്യാസം ഏകദേശം 75 മൈക്രോമീറ്റര്‍ ആണ്. അപ്പോള്‍ പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ എത്ര ചെറിയ കണികകള്‍ അടങ്ങിയിരിക്കുന്നവയാണെന്ന് ഊഹിക്കാമല്ലോ. ഇവ അന്തരീക്ഷത്തില്‍ നിന്നും ശ്വാസകോശത്തില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരുകയും, ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

ഭൂമിയിലെ ഓസോണ്‍
നാം കേട്ടിരിക്കുന്നത് ഓസോണ്‍ ആകാശത്ത് ഒരു കുടപോലെ ആണെന്നും, അവയാണ് നമ്മെ സൂര്യന്റെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നതും എന്നാണല്ലോ. മൂന്ന് ഓക്സിജന്‍ കണങ്ങള്‍ ചേര്‍ന്നാണ് ഓസോണ്‍ ഉണ്ടാകുന്നത്. ചിലപ്പോള്‍ വാഹനങ്ങളില്‍ നിന്നും, വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള വാതകങ്ങള്‍ സൂശ്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചും ഓസോണ്‍ ഉണ്ടാകാറുണ്ട്. ഇവയെയാണ് ഭൂനിരപ്പിലുള്ള ഓസോണ്‍ (Ground level Ozone) എന്ന് പറയുന്നത്. ഇവ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത് മലിനീകരണത്തിന് ഇടയാക്കുന്നു.

ഹരിത
പടക്കങ്ങള്‍

ഇനി ഹരിത പടക്കങ്ങളെക്കുറിച്ചു പറയാം. ഹരിത പടക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഗവേഷണസ്ഥാപനമായ സി.എസ്.ഐ.ആര്‍ – എന്‍.ഇ.ഇ.ഇ.ആര്‍.ഐ ആണ് പുറത്തിറക്കിയിരിക്കുന്നത്. അതേ സാങ്കേതികവിദ്യയില്‍ മാത്രമേ ഇനി പടക്കനിര്‍മ്മാതാക്കള്‍ക്കും പടക്കങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയു. സാധാരണ പടക്കങ്ങളില്‍ ഉപയോഗിക്കുന്ന ലെഡ്, ബേരിയം നൈട്രേറ്റ്, ആഴ്‌സനിക്, ലിഥിയം എന്നീ മൂലകങ്ങള്‍ അടങ്ങിയിട്ടില്ല എന്ന് മാത്രമല്ല അവ നീരാവിയും ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ പൊടിപടലങ്ങള്‍ ഉയരുന്നത് തടയുവാനും കഴിയുന്നു. എന്നുവെച്ചു ഹരിത പടക്കങ്ങള്‍ മലിനീകരണം ഉണ്ടാക്കുന്നില്ല എന്ന് പറയാനാവില്ല. പരമ്പരാഗത പടക്കങ്ങളെക്കാള്‍ 30% കുറവ് മലിനീകരണമേ ഹരിത പടക്കങ്ങള്‍ ഉണ്ടാകുന്നുള്ളൂ എന്നുമാത്രം. കൂടാതെ ഹരിത പടക്കങ്ങള്‍ വളരെ കുറച്ചു ശബ്ദം മാത്രമേ ഉണ്ടാകുന്നുള്ളൂ. അതുകൊണ്ടുതന്നെ ശബ്ദമലിനീകരണത്തിന്റെ കാര്യത്തിലും ഹരിത പടക്കങ്ങള്‍ മറ്റുപടക്കങ്ങളെ അപേക്ഷിച്ചു കൂടുതല്‍ പ്രകൃതിസൗഹൃദമാകുന്നു.
ഹരിത പടക്കങ്ങള്‍ മൂന്നുവിധത്തില്‍ ഉണ്ട്. safe water releaser എന്ന സ്വാസ്, safe thermite cracker എന്ന സ്റ്റാര്‍, safe minimal aluminium എന്ന സഫല്‍ എന്നിവയാണ് ഇവ. ആദ്യത്തെ സ്വാസ് വിധത്തിലുള്ളവ പൊട്ടുമ്പോള്‍ നീരാവി ഉല്‍പ്പാദിപ്പിക്കുകയും, അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. അതുവഴി ഏറെ അപകടകാരികളായ തീരെ ചെറിയ പൊടിപടലങ്ങളായ പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 30% കുറയുന്നു. മറ്റു രണ്ടുതരത്തിലുള്ളവയിലും പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ കുറവും, ശബ്ദം തീരെ കുറവും ആയിരിക്കും. എന്നിരുന്നാലും എത്രയൊക്കെ ഹരിത പടക്കങ്ങള്‍ നമ്മള്‍ വികസിപ്പിച്ചെടുത്താലും മലിനീകരണം പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ നമുക്കു കഴിയില്ല. ശബ്ദ മലിനീകരണവും, വായു മലിനീകരണവും ഉണ്ടാക്കുന്ന പടക്കങ്ങള്‍ ഒഴിവാക്കുക എന്നതുതന്നെയാണ് ഉത്തമ

ദേശീയ വായു മോണിറ്ററിംഗ് പദ്ധതി
വായുവിന്റെ നിലവാരം കൃത്യമായി രേഖപ്പെടുത്തുവാനായി ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ദേശീയ വായു മോണിറ്ററിംഗ് പദ്ധതി (NATIONAL AIR MONITORING PROGRAMME) എന്നാണ് അത് അറിയപ്പെടുന്നത്. അതിന്റെ ഭാഗമായി 29 സംസ്ഥാനങ്ങളിലും, ആറ് കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടുന്ന 344 നഗരങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന 793 ഓപ്പറേഷന്‍ സ്റ്റേഷനുകളിലൂടെ നമുക്ക് വായുനിലവാരം ഇന്നറിയുവാനുള്ള സംവിധാനമുണ്ട്. പദ്ധതിയുടെ ഭാഗമായി പ്രധാനമായും സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രജന്‍ ഡയോക്സൈഡ്, പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (2.5 മൈക്രോണിന് താഴെ), റസ്പിറബിള്‍ സസ്പെന്‍ഡഡ് പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (10 മൈക്രോണിന് താഴെ) എന്നീ നാല് രാസവസ്തുക്കളായാണ് പരിശോധിക്കപ്പെടുന്നത്. ആഴ്ചയില്‍ രണ്ടുതവണ പരിശോധിച്ചാണ് നിലവാരസൂചിക തയ്യാറാക്കുന്നത്. ഇവയെല്ലാം നിയന്ത്രിക്കുന്നത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ്. ഇത്തവണ ദില്ലിയില്‍ അത് അഞ്ഞൂറിലധികം ഉയര്‍ന്നതുകൊണ്ടാണ് അവിടെ സ്‌കൂളുകള്‍ക്ക് അവധിയും, ഒറ്റ-ഇരട്ട നമ്പറുകളുടെ നിയന്ത്രണത്തിനും, ലോക് ഡൗണ്‍ വരെ ഏര്‍പ്പെടുത്തുവാനും തീരുമാനിച്ചത്.

ദില്ലിയുടെ അയല്‍സംസ്ഥാനങ്ങളായ ഹരിയാനയിലും, പഞ്ചാബിലും പാടങ്ങളിലെ കൃഷിയുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും പരിസ്ഥിതിമലിനീകരണത്തിന് കാരണമായി പറയുന്നുണ്ട്. സുപ്രീം കോടതി അത് വെറും നാലുശതമാനം മാത്രമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അവശിഷ്ടങ്ങള്‍ കത്തിക്കുമ്പോള്‍ അവയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍, നൈട്രജന്‍, സള്‍ഫര്‍ തുടങ്ങിയ മൂലകങ്ങള്‍ കത്തുകയും അവ അന്തരീക്ഷത്തില്‍ എത്തുകയും ചെയ്യുന്നു. ആ പുക അന്തരീക്ഷത്തിലെ മീതൈന്‍, നൈട്രജന്‍ ഓക്സൈഡ്, അമോണിയ എന്നിവയുമായി ചേര്‍ന്നുകൊണ്ട് വായുമലിനീകരണം ഉണ്ടാക്കുന്നു.

കൃഷിയുടെ ബാക്കിപത്രം
ദില്ലിയുടെ അയല്‍സംസ്ഥാനങ്ങളായ ഹരിയാനയിലും, പഞ്ചാബിലും പാദങ്ങളിലെ കൃഷിയുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും പരിസ്ഥിതിമലിനീകരണത്തിന് കാരണമായി പറയുന്നുണ്ട്. സുപ്രീം കോടതി അത് വെറും നാലുശതമാനം മാത്രമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അവശിഷ്ടങ്ങള്‍ കത്തിക്കുമ്പോള്‍ അവയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍, നൈട്രജന്‍, സള്‍ഫര്‍ തുടങ്ങിയ മൂലകങ്ങള്‍ കത്തുകയും അവ അന്തരീക്ഷത്തില്‍ എത്തുകയും ചെയ്യുന്നു. ആ പുക അന്തരീക്ഷത്തിലെ മീതൈന്‍, നൈട്രജന്‍ ഓക്സൈഡ്, അമോണിയ എന്നിവയുമായി ചേര്‍ന്നുകൊണ്ട് വായുമലിനീകരണം ഉണ്ടാക്കുന്നു. ഇത് പരോക്ഷമായി ഓസോണ്‍ മലിനീകരണത്തിനും കാരണമാകുന്നുണ്ട്. മാത്രമല്ല, ഇവ കത്തിക്കുന്നതുമൂലം താഴെ മണ്ണിലുള്ള ധാതുക്കള്‍ നഷ്ടമാകാനും, അതുവഴി അടുത്ത കൃഷിയെക്കൂടി അത് പ്രതികൂലമായി ബാധിക്കാനും കാരണമാകുന്നു. അതുവഴിയുണ്ടാകുന്ന കട്ടിയുള്ള കറുത്തപുകമൂലം റോഡുകളില്‍ കാഴ്ച മറയുന്നതും, അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാറുണ്ട്.
ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുവാനായി പഞ്ചാബ് കാര്‍ഷിക സര്‍വ്വകലാശാലയും, പഞ്ചാബ് കര്‍ഷക കമ്മീഷനും പല പദ്ധതികളും നടപ്പിലാക്കിവരുന്നുണ്ട്. കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങള്‍ യൂറിയയുമായി ചേര്‍ത്ത് കാലിത്തീറ്റ നിര്‍മ്മിക്കുവാനും, പേപ്പര്‍ ഉണ്ടാക്കുവാനും, കൂണ്‍കൃഷി ചെയ്യുവാനും ഒക്കെ അത് ഉപയോഗിക്കുന്നുണ്ട്.

‘ദില്ലി’ ഇവിടെയും സംഭവിക്കാം
ദില്ലിയിലെപ്പോലെ അവസ്ഥ എപ്പോള്‍ വേണമെങ്കിലും നമ്മുടെ കേരളത്തിലും ഉണ്ടാവാം. കൊച്ചിയിലെ മലിനീകരണ സൂചികയും അത്ര ആശാവഹമല്ല. ഇവിടെ കൂടുതലും വണ്ടികളില്‍ നിന്നുള്ള പുക കാരണമാണ് മലിനീകരണം ഉണ്ടാകുന്നതെങ്കിലും ദില്ലിയിലെപ്പോലെ അത് നിയന്ത്രിക്കാനുള്ള തീരുമാനം ഒന്നും ഇവിടെ എടുത്തിട്ടില്ല. അന്തരീക്ഷമലിനീകരണം കുറയ്ക്കാനുള്ള നീക്കം ഇനിയെങ്കിലും നടത്തിയില്ലെങ്കില്‍ ഭാവിയില്‍ നാം ഏറെ ബുദ്ധിമുട്ടേണ്ടതായിവരും എന്നകാര്യത്തില്‍ സംശയമില്ല.
99461 99199

Author

Scroll to top
Close
Browse Categories