തുല്യതയുടെ നൊബേൽ വഴി
2023 ലെ നൊബേൽ പുരസ്കാരനിർണ്ണയം ചില കാരണങ്ങളാൽ ശ്രദ്ധേയമാകുന്നു. ഇക്കൊല്ലം നോബൽ ബഹുമതി ലഭിച്ച 11 പേരിൽ നാല് (36.4%) വനിതകളുണ്ടെന്നതാണ് ഒരു കാര്യം. മറ്റൊന്ന് തൊഴിലിടങ്ങളിലെ കടുത്ത സ്ത്രീ-പുരുഷ അസമത്വങ്ങളെക്കുറിച്ചുള്ള പുതിയ അറിവുകൾ കണ്ടെത്തിയതിനാണ് ക്ലോഡിയ ഗോൾഡിനെന്ന സാമ്പത്തിക ശാസ്ത്രജ്ഞയ്ക്ക് ഈ വർഷത്തെ നൊബേൽ സമ്മാനം നൽകിയിരിക്കുന്നത്.
സമ്മാനങ്ങൾ പലതുണ്ടെങ്കിലും അവയിൽ ഏറ്റവും വലിയ ബഹുമതിയായി ലോകം കാണുന്ന നൊബേൽ പുരസ്കാരങ്ങളെക്കുറിച്ച് ഉയർന്നു വന്നിട്ടുള്ള വലിയൊരാക്ഷേപം, അവയിലെ പുരുഷപക്ഷപാതത്തെക്കുറിച്ചാണ്.1901 മുതൽ ഇന്നേവരെ നൊബേൽ ആദരവ് ലഭിച്ചവരിൽ ഏകദേശം 93 ശതമാനം പേരും ആൺ വർഗ്ഗത്തിൽ പെട്ടവരാണ്.
ലിംഗപരമായ ഈ അന്തരത്തിന്റെ പശ്ചാത്തലത്തിൽ, 2023 ലെ നൊബേൽ പുരസ്കാരനിർണ്ണയം ചില കാരണങ്ങളാൽ ശ്രദ്ധേയമാകുന്നു. ഇക്കൊല്ലം നോബൽ ബഹുമതി ലഭിച്ച 11 പേരിൽ 4(36.4%) വനിതകളുണ്ടെന്നതാണ് ഒരു കാര്യം. മറ്റൊന്ന്തൊഴിലിടങ്ങളിലെ കടുത്ത സ്ത്രീ-പുരുഷ അസമത്വങ്ങളെക്കുറിച്ചുള്ള പുതിയ അറിവുകൾ കണ്ടെത്തിയതിനാണ്
ക്ലോഡിയ ഗോൾഡിനെന്ന സാമ്പത്തിക ശാസ്ത്രജ്ഞയ്ക്ക് ഈ വർഷത്തെ നൊബേൽ സമ്മാനം നൽകിയിരിക്കുന്നത്. ഇതിനു മുൻപ് സാമ്പത്തിക നൊബേൽ നേടാൻ രണ്ടു വനിതകൾക്ക് കഴിഞ്ഞെങ്കിലും അവർക്ക് സമ്മാനം പുരുഷന്മാരുമായി പങ്കിടേണ്ടി വന്നിരുന്നു. എന്നാൽ, ഹാർവാഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ സ്ഥിരം നിയമനം നേടാൻ കഴിഞ്ഞ ആദ്യ വനിതയായ ക്ലാഡിയോഗോൾഡിന് ഒറ്റയ്ക്കുള്ള സമ്മാനം കരസ്ഥമാക്കാൻ കഴിഞ്ഞു.
സ്ത്രീ-പുരുഷ വിഭാഗങ്ങൾക്കിടയിലെ തൊഴിൽ സാന്നിധ്യത്തിൽ വലിയ വ്യത്യാസം നിലനിൽക്കുന്ന ലോകമാണ് നമ്മുടേത്. ആഗോളതലത്തിൽ പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 80% ആകുമ്പോൾ സ്ത്രീകളുടേത് 50% മാത്രമാണ്. ഇന്ത്യയിലെത്തുമ്പോൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 28.7%ഉം, കേരളത്തി ന്റേത് 27.1% ഉം ആകുന്നു. വലിയൊരു വിഭാഗത്തിന്റെ ബൗദ്ധിക സിദ്ധികളും നൈപുണ്യങ്ങളും പാഴായിപ്പോകുന്ന ഇത്തരം ദുരവസ്ഥകളുടെ വെളിച്ചത്തിൽ വായിക്കുമ്പോഴാണ് ഇപ്പോഴത്തെ നൊബേൽ ജേതാവിന്റെ പഠനങ്ങളുടെ മഹിമ തെളിഞ്ഞു വരുന്നത്.
അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ 200 വർഷ ചരിത്രത്തിലെ പരിണാമഘട്ടങ്ങളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ സംഭവിച്ച ഗതിവിഗതികളുടെ സൂക്ഷ്മ പരിശോധനയാണ് ക്ലോഡിയ ഗോൾഡിന്റെ മുഖ്യസംഭാവന. വിവാഹിതരായ സ്ത്രീകളുടെ തൊഴിൽ കമ്പോള പ്രവേശനത്തെ കുറിച്ചുള്ള പഠനത്തിൽ ഗോൾഡിൻ കണ്ടെത്തിയ നിഗമനങ്ങൾ ഇക്കാര്യത്തിലുള്ള പരമ്പരാഗത ധാരണകളെ തിരുത്തുന്നവയാണ്. ഒരു ദേശത്തിൻറെ സാമ്പത്തിക അഭിവൃദ്ധിക്കൊപ്പം സ്ത്രീകളുടെ തൊഴിൽ പ്രവേശനവും ഉയരുമെന്ന ധാരണ എപ്പോഴും ശരിയാകണമെന്നില്ലെന്നാണ് ഗോൾഡിന്റെ ഗവേഷണത്തിൽ തെളിയുന്നത്. സാമ്പത്തിക വളർച്ചയും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും തമ്മിലുള്ള ബന്ധം ഇംഗ്ലീഷിലെ ‘U’എന്ന അക്ഷരത്തിന്റെ ആകൃതിയിലുള്ളതാണെന്ന് അവർ നിരീക്ഷിച്ചു. സാമ്പത്തിക വളർച്ചയുടെ ആദ്യഘട്ടത്തിൽ സ്ത്രീ പങ്കാളിത്തം താഴുമെന്നും എന്നാൽ സാമ്പത്തിക വളർച്ച വൻതോതിലെത്തുമ്പോൾ പങ്കാളിത്തം ഉയരുമെന്നാണ് അവരുടെ പഠനത്തിലുള്ളത് .
സമ്പദ് വ്യവസ്ഥയുടെ ഘടനാപരമായ മാറ്റങ്ങളും സാമൂഹിക മാനദണ്ഡങ്ങളിലെ മാറ്റങ്ങളും ഏറെ സ്വാധീനം ചെലുത്തും.1880-കളിൽ സമ്പദ് വ്യവസ്ഥ കാർഷിക മേധാവിത്വത്തിൽ നിന്നും വ്യവസായിക ആധിപത്യത്തിലേക്ക് പരിണമിച്ചപ്പോൾ, കാര്യമായ സാമ്പത്തിക വളർച്ച ഉണ്ടായെങ്കിലും ഈ മാറ്റം യഥാർത്ഥത്തിൽ സ്ത്രീകളുടെ പ്രവേശനത്തെ തടസ്സപ്പെടുത്തുകയാണുണ്ടായത്. അത്, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തെ കുറയ്ക്കുകയും ചെയ്തു. കാർഷിക മേഖല പ്രബലമായിരുന്ന സമയത്ത് വിവാഹിതരായ സ്ത്രീകൾക്ക് വീട്ടുജോലിയും പാടത്തെ പണികളും ഒരുമിച്ച് കൊണ്ടുപോകാനുള്ള സൗകര്യമുണ്ടായിരുന്നു.(വർക്ക് ഫ്രം ഹോം എന്ന് ഇപ്പോൾ നാം വിളിക്കുന്നതിനു സമാനമായ സമ്പ്രദായം). എന്നാൽ വ്യവസായ മേഖലയ്ക്ക് പ്രാമുഖ്യം വന്നുചേർന്നപ്പോൾ ഫാക്ടറി ജോലിയും ഗൃഹജോലികളും ഒത്തൊരുമിച്ച് കൊണ്ടുപോകാനുള്ള സാഹചര്യം ഇല്ലാതായി. വലിയൊരു വിഭാഗം സ്ത്രീകൾക്ക് വീട്ടിൽ ഒതുങ്ങേണ്ടി വന്നു. 1900 ങ്ങളിൽ സേവനമേഖല മുന്നിൽ വരാൻ തുടങ്ങിയത് സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനിടയാക്കി. ഇക്കാലത്ത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ വന്ന വലിയ പുരോഗതി അവരെ കൂടുതൽ തൊഴിൽ ലഭ്യതയ്ക്ക് പ്രാപ്തരാക്കി. സാമൂഹിക കാഴ്ചപ്പാടിൽ വന്ന മാറ്റവും അവർക്ക് സഹായകരമായി. എന്നാൽ വിദ്യാഭ്യാസവും സ്ത്രീകളുടെ തൊഴിൽ പ്രവേശനവും തമ്മിലുള്ള ബന്ധവും ‘U’ ആകൃതിയിലാണെന്നും അവർ നിരീക്ഷിച്ചു. ആദ്യഘട്ടത്തിൽ വിദ്യാഭ്യാസം കൂടുന്നതനുസരിച്ച് തൊഴിൽലഭ്യത കുറയുന്നതായും, അടുത്തഘട്ടത്തിൽ കൂടുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ സ്ത്രീകളുടെ തൊഴിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതായും ഗോൾഡിൻ നിരീക്ഷിച്ചു.
വിവാഹവും തുടർന്നുള്ള കുടുംബജീവിതവും സ്ത്രീകളുടെ തൊഴിൽ പ്രവേശനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഗോൾഡിൻ കണ്ടെത്തി. വിവാഹിതകളെ കഴിവതും ഒഴിവാക്കാനുള്ള പ്രവണതയാണ് തൊഴിൽദായകർ പലപ്പോഴും പ്രകടിപ്പിക്കുന്നത്. എന്നാൽ പല സ്ത്രീകളും വിവാഹം വൈകിപ്പിക്കാൻ തയ്യാറായതും, ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യത എളുപ്പമായതിനാലും പലർക്കും കുടുംബം കെട്ടിപ്പടുക്കുന്നത് നീട്ടിവെക്കാനായെന്നും അതുവഴി തൊഴിൽ സാന്നിധ്യം ഉയർത്താനുമായി.
ഒരേ ജോലി ചെയ്യുന്ന പുരുഷനും സ്ത്രീയും തമ്മിൽ പ്രതിഫലത്തിലുള്ള അന്തരവും ഗോൾഡിൻ ചൂണ്ടിക്കാണിക്കുന്നു. ഈ വിവേചനം കാലക്രമേണ സാവകാശം കുറഞ്ഞുവന്നുവെങ്കിലും അടുത്തകാലത്തായി വേതനങ്ങൾ തമ്മിലുള്ള അന്തരം മാറ്റമില്ലാതെ നിലനിൽക്കുന്നതായും അവർ കണ്ടെത്തി. വർത്തമാനകാല അമേരിക്കയിൽ പുരുഷന്മാർക്ക് ശരാശരി ഒരു ഡോളർ പ്രതിഫലം ലഭിക്കുമ്പോൾ സ്ത്രീകൾക്ക് ലഭിക്കുന്നത് 80 സെന്റ് മാത്രമാണെന്ന് ഗോൾഡിൻ നിരീക്ഷിച്ചു .
സ്ത്രീകളെ തന്റെ ഗവേഷണങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവായി പ്രതിഷ്ഠിച്ചു കൊണ്ട് മുന്നേറിയ ക്ലോഡിയ ഗോൾഡിൻ ,നോബൽ പ്രഖ്യാപനം അറിഞ്ഞശേഷം നടത്തിയ ഒരു നിരീക്ഷണവും ശ്രദ്ധേയമാകുന്നു: ദമ്പതികൾ തമ്മിലുള്ള തുല്യത ഉറപ്പാക്കാതെ ഒരുകാലത്തും നമുക്ക് സമൂഹത്തിലെ സ്ത്രീ-പുരുഷ തുല്യത കൈവരിക്കാനാകില്ല. അതുകൊണ്ടുതന്നെയാണ്, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ നേട്ടങ്ങളുണ്ടായെങ്കിലും , അവരുടെ ജോലികൾ കൂടുതലും വീട്ടിനകത്ത് ഒതുങ്ങിപ്പോകുന്നതും.
9447253600