ദൈവത്തിൽ വിശ്വസിക്കാത്തവർ ചെകുത്താനെ ആരാധിക്കുന്നു
ഒടിയന്‍മാരെ ഉപയോഗിച്ച് ശത്രുക്കളെ ഒടിച്ച് കൊല്ലുകയെന്ന വിശ്വാസം മലബാറിലുണ്ട്. യഥാര്‍ത്ഥത്തിൽ ഒടിയന്മാര്‍ പാവങ്ങളാണ്. അവർക്ക് അതിമാനുഷ ശക്തിയൊന്നുമില്ല. എന്നാലും അത് ഒരു വിശ്വാസമായി
ആളുകളുടെ മനസ്സില്‍ കിടക്കുന്നു.
തീരെ വിദ്യാഭ്യാസമില്ലാത്തവരുടെ ഇടയില്‍ മാത്രമല്ല ബ്ളാക്ക് മാജിക് അഥവാ ദുര്‍മന്ത്രവാദമുള്ളത്. പരിഷ്‌കൃതരെന്ന് നമ്മൾ ധരിക്കുന്ന ആളുകളും വിദ്യാസമ്പന്നരും ഇത്തരം ആഭിചാര ക്രിയകളില്‍ വിശ്വസിക്കുന്നു.
നമ്മുടെ നാട്ടില്‍ മൃഗബലി വ്യാപകമായി നടന്ന ഒരു കാലമുണ്ടായിരുന്നു. പ്രത്യേകിച്ച് 18,19 നൂറ്റാണ്ടുകളില്‍. ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗമായി ക്ഷേത്രങ്ങളില്‍ പോലും കോഴിവെട്ടും ആടുവെട്ടും നടന്നു. മൃഗബലി മനുഷ്യ ബലിക്ക് പകരമാണെന്നായിരുന്നു സങ്കല്പം. . പില്‍ക്കാലത്ത് മൃഗബലി സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചു. എന്നാല്‍ ഇപ്പോഴും മലബാറിലെ ചില മേഖലകളില്‍ ആചാരം എന്ന നിലയില്‍ മൃഗബലി നിലനില്‍ക്കുന്നുണ്ട്.
മൃഗബലിക്കു പകരമായി കുമ്പളങ്ങ വെട്ടുന്ന ചടങ്ങ് പിന്നീടുണ്ടായി. കുമ്പളങ്ങ വെട്ടുന്നത് ക്രിമിനല്‍ കുറ്റമല്ലല്ലോ. നരബലിയുടെ ഓര്‍മ്മ പുതുക്കുന്ന സങ്കല്‍പമായിരുന്നു പില്‍ക്കാലത്ത് സര്‍ക്കാര്‍ നിരോധിച്ച എളവൂര്‍ തൂക്കം. മനുഷ്യനെയോ, മൃഗങ്ങളെയോ പക്ഷികളേയോ ബലി കഴിക്കുന്നത് ദേവതകളെ പ്രസാദിപ്പിക്കുമെന്നായിരുന്നു വിശ്വാസം.
ആര്യാവര്‍ത്തത്തിന് പുറത്ത് ബംഗാളിലും ഒറീസയിലും തെക്കേ ഇന്ത്യയിലും നേരത്തേ കാളി പൂജയുണ്ടായിരുന്നു. ആര്യന്മാരുടെ ആവാസമേഖലയ്ക്ക് പുറത്തുള്ള പ്രദേശമാണ് ആര്യാവര്‍ത്തം. ആര്യാവര്‍ത്തം എന്നാല്‍ ആര്യന്‍ വന്ന പ്രദേശങ്ങള്‍. കേരളത്തിലും കാളി പൂജയുണ്ടായിരുന്നു.
പിന്നാക്ക സമുദായങ്ങള്‍ക്കിടയിലും പട്ടികവിഭാഗത്തില്‍പ്പെടുന്ന ആളുകള്‍ക്കിടയിലുമാണ് ആദ്യകാലത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഏറെ നടമാടിയിരുന്നത്. സാമൂഹ്യപരിഷ്‌കര്‍ത്താക്കളും ആദ്ധ്യാത്മിക ആചാര്യന്‍മാരും ഇതിനെ അപലപിക്കുകയും വിലക്കുകയും ചെയ്തതോടെയാണ് അനാചാരങ്ങള്‍ക്ക് ഏറെക്കുറെ അറുതിയായത്. ഈയൊരു ശുദ്ധീകരണത്തിലൂടെയാണ് മാടന്‍, മറുത, യക്ഷി തുടങ്ങിയ പ്രാകൃത ദേവതകളെ ഒഴിവാക്കിയത്. മൃഗങ്ങളുടെ മാംസവും മദ്യവും നേദിക്കുന്ന ക്ഷേത്രങ്ങള്‍ ഉണ്ട്. വടക്കന്‍ മലബാറിലെ പ്രസിദ്ധമായ മുത്തപ്പന്‍ പൂജ ഇതിന്റെ തുടര്‍ച്ചയാണ്. കര്‍ക്കിടക വാവിന് കാര്‍ന്നോന്‍മാര്‍ക്ക് ചാരായവും കോഴിയിറച്ചിയും നിവേദിക്കുന്ന ചടങ്ങും ഇതിന്റെ ഭാഗമാണ്.
ശ്രീനാരായണഗുരുദേവന്‍ ശിവനേയും സുബ്രഹ്മണ്യനേയും പ്രതിഷ്ഠിച്ചത് ദുര്‍ദേവതകളെ മാറ്റിയിട്ടാണ്. അനാചാരങ്ങളും ആ കൂട്ടത്തില്‍ ഒഴിവാക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും ഇത്തരം ആചാരങ്ങള്‍ മിക്കവാറും ഇല്ലാതായി.
ചില ക്ഷേത്രങ്ങളിലും അപൂര്‍വം ചില ക്രിസ്ത്യന്‍ പള്ളികളിലും ഇങ്ങനെയുള്ള നേര്‍ച്ചകളുണ്ട്. ദുര്‍ദേവതകളിലും ദുര്‍മന്ത്രവാദത്തിലുമുള്ള വിശ്വാസം മനുഷ്യരുടെ മനസില്‍ നിന്നും പൂര്‍ണമായും ഒഴിഞ്ഞു പോയിട്ടില്ല.
ഒടിയന്‍മാരെ ഉപയോഗിച്ച് ശത്രുക്കളെ ഒടിച്ച് കൊല്ലുകയെന്ന വിശ്വാസം മലബാറിലുണ്ട്. യഥാര്‍ത്ഥത്തിൽ ഒടിയന്മാര്‍ പാവങ്ങളാണ്. അവർക്ക് അതിമാനുഷ ശക്തിയൊന്നുമില്ല. എന്നാലും അത് ഒരു വിശ്വാസമായി ആളുകളുടെ മനസ്സില്‍ കിടക്കുന്നു.
ക്ഷുദ്രം, മാരണം, കൂടോത്രം ഇതൊക്കെ ദുര്‍മന്ത്രവാദത്തിന്റെ അറിയപ്പെടുന്ന ഉദാഹരണങ്ങളാണ്. തീരെ വിദ്യാഭ്യാസമില്ലാത്തവരുടെ ഇടയില്‍ മാത്രമല്ല ബ്ളാക്ക് മാജിക് അഥവാ ദുര്‍മന്ത്രവാദമുള്ളത്. പരിഷ്‌കൃതരെന്ന് നമ്മൾ ധരിക്കുന്ന ആളുകളും വിദ്യാസമ്പന്നരും ഇത്തരം ആഭിചാര ക്രിയകളില്‍ വിശ്വസിക്കുന്നു. ഒരു പക്ഷേ വിദ്യാഭ്യാസമില്ലാത്ത ആളുകളേക്കാളും ദുര്‍മന്ത്രവാദത്തില്‍ കൂടുതല്‍ വിശ്വസിക്കുന്നത് അഭ്യസ്തവിദ്യരായ ആളുകളാണ്
.സേതുലക്ഷ്മി ബായി തിരുവിതാംകൂര്‍ റീജന്റ് റാണിയായിരുന്ന കാലത്ത് അവരെ അപായപ്പെടുത്താന്‍ മാതൃസഹോദരിയുടെ മകളായ സേതുപാര്‍വതി ബായി ദുര്‍മന്ത്രവാദം നടത്തിയതായി ചരിത്രരേഖകളിലുണ്ട്.
അന്ധവിശ്വാസങ്ങള്‍ കൂടിയും കുറഞ്ഞും പല രീതിയിലും വരും. ന്യൂമറോളജി പ്രകാരം മാതാപിതാക്കള്‍ ഇട്ട പേരിന്റെ സ്‌പെല്ലിംഗ് മാറ്റുന്നവരുണ്ട്. ജെ. ജയലളിത, ബി.എസ്. യെദിയൂരപ്പ എന്നിപ്രശസ്തർ ഇങ്ങനെ പേരിന്റെ അക്ഷരമാലാക്രമം മാറ്റിയിരുന്നു. യെദിയൂരപ്പ എന്ന് പേര് യെദ്യൂരപ്പ എന്ന് ചുരുങ്ങി. ജയലളിത തന്റെ പേരില്‍ ഒരു എ കൂടി കൂട്ടിച്ചേര്‍ത്ത് ജയലളിതാ എന്ന് മാറ്റി. പ്രത്യേകിച്ച് ഫലസിദ്ധി ഉണ്ടാകുമെന്ന് ഉറപ്പിക്കാനാകില്ലെങ്കിലും ഇത്തരം വിശ്വാസം ആളുകൾക്കിടയില്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെയൊക്കെ കൂടിയ അവസ്ഥയാണ് നരബലിയില്‍ നമ്മള്‍ കാണുന്നത്.
ദുര്‍മന്ത്രവാദത്തിലേക്കുള്ള തിരിച്ചു പോക്കിന് പല കാരണങ്ങളുണ്ട്. ആധുനിക ജീവിതത്തില്‍ സംഘര്‍ഷങ്ങള്‍ വളരെ കൂടുതലാണ്. ഇക്കാലത്ത് കുടുംബജീവിതം ശിഥിലമാകുന്നു. പരസ്പരധാരണ, പൊരുത്തം, സ്‌നേഹം ഇവയൊക്കെ നമ്മുടെ സാമൂഹ്യജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ആത്മഹത്യകള്‍ പെരുകുന്നു. വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമായി. വലിയ സാമൂഹ്യവിപത്താണ് നമ്മൾ അഭിമുഖീകരിക്കുന്നത്.
സാമൂഹ്യശാസ്ത്രപരമായും മനശാസ്ത്രപരവുമായ ഒരുപാട് സമസ്യകള്‍ പൂരിപ്പിക്കപ്പെടേണ്ടതായുണ്ട്. അതിന്റെ ആകത്തുകയില്‍ നിന്ന് മാത്രമേ ദുര്‍മന്ത്രവാദത്തിന്റെയും ദുരാചാരങ്ങളുടെയും തിരിച്ചുവരവിനെ ശരിക്കും അഭിസംബോധന ചെയ്യാനാകൂ.
നവോത്ഥാനമൂല്യങ്ങളെ കുറിച്ചൊക്കെ എല്ലാവരും ഉറക്കെപ്പറയുമെങ്കിലും അതിന്റെയൊക്കെ കെട്ടുപാട് വിട്ടുകെടുക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയും മത, സാമുദായിക സംഘടനകളുടെയും സ്വാധീനം ക്ഷയിച്ചു വരികയാണ്.
ആളുകള്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നുണ്ടാകും. ജാഥയ്ക്ക് പോകുന്നുണ്ടാകും. സമ്മേളനങ്ങളില്‍ പങ്കെടുത്ത് കൈയ്യടിക്കുന്നുണ്ടാകും. പക്ഷേ അടിസ്ഥാനപരമായ മൂല്യങ്ങളിലുള്ള വിശ്വാസം നഷ്ടമാകുന്നുവെന്നതാണ് പ്രശ്‌നം. അത് വലിയ പ്രതിസന്ധി സാമൂഹ്യ ജീവിതത്തിലുണ്ടാക്കുന്നു. രാഷ്ട്രീയത്തിലും അതിന്റെ തുടര്‍ച്ച കാണാം.എങ്ങനെയും പണമുണ്ടാക്കണം, എങ്ങനെയും സുഖിക്കണം എന്ന ആഗ്രഹത്തില്‍ നിന്നാണ് ഇതുപോലുള്ള ക്രൂരകൃത്യങ്ങള്‍ സംഭവിക്കുന്നത്.
ദൈവത്തില്‍ വിശ്വാസമില്ലാത്ത ആളുകളുണ്ട്. എന്നാല്‍ അവര്‍ ചെകുത്താനെ വിശ്വസിക്കുന്നു. അതാണ് വൈരുദ്ധ്യം.
ഭഗവൽസിംഗും ലൈലയും ഒരു വകതിരിവും ഇല്ലാത്ത ആളുകളല്ല. അവര്‍ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാണ്. പാരമ്പര്യവൈദ്യനാണെന്ന് അയാള്‍ അവകാശപ്പെടുന്നു. ഇങ്ങനെയുള്ള ആള്‍ തട്ടിപ്പുകാരന്റെ കൈയില്‍ പെടുന്നു. തട്ടിപ്പുകാരന്‍ എന്തൊക്കെ ചാതുര്യമുള്ളവനാണെന്നെങ്കിലും കൊടുംക്രൂരകൃത്യത്തിന് പ്രേരിപ്പിക്കാനും വശംവദരാക്കാനും അയാളെ കൊണ്ട് കുറ്റകൃത്യം ചെയ്യിക്കാനും കഴിഞ്ഞത് അപകടകരമായ സാഹചര്യമാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല കുറ്റകൃത്യം ചെയ്ത ശേഷം അവര്‍ക്ക് യാതൊരു ചാഞ്ചല്യവുമില്ല. കുറ്റബോധമില്ല. സാധാരണ മനുഷ്യരായിട്ടും പശ്ചാത്താപവുമില്ല.
ഇസ്ലാംമതപ്രകാരം ജാതകം, ജ്യോതിഷം, പൂജ, മന്ത്രവാദം, ക്ഷുദ്രം തുടങ്ങി ഒന്നും അനുവദനീയമല്ല. അവര്‍ ഉദ്‌ഘോഷിക്കുന്ന ഏകദൈവ വിശ്വാസത്തിന്റെ പൂര്‍ണമായ ലംഘനമാണ് ഇതൊക്കെ. പക്ഷേ നമ്മുടെ നാട്ടില്‍ മുസ്ലീങ്ങളുടെ മന്ത്രവാദത്തെപ്പറ്റിയും അവര്‍ ചെയ്യുന്ന ആഭിചാരത്തെക്കുറിച്ചും ഭയവും ആശങ്കയും മറ്റു സമുദായക്കാര്‍ക്കിടയില്‍ വ്യാപകമാണ്. ഷാഫിക്ക് മന്ത്രവാദം ഒന്നുമറിയില്ല. പക്ഷേ മുസ്ലീങ്ങള്‍ വലിയ ആഭിചാരക്കാരാണെന്ന വിശ്വാസം കൊണ്ടാകാം ഭഗവൽസിംഗും ലൈലയും ഷാഫിയെ വിശ്വസിച്ചതും നരബലി ചെയ്താണെങ്കിലും കാര്യം നേടിയെടുക്കാന്‍ തീരുമാനിച്ചതും. ഷാഫിയുടെ സ്ഥാനത്ത് ക്രിസ്ത്യാനിയായിരുന്നെങ്കില്‍ ഒരു പക്ഷേ പണം കൊടുക്കില്ലായിരുന്നു.ഒടിയന്മാരെക്കുറിച്ചുള്ള വിശ്വാസം പോലെയാണ് ഇത്.ഒടിയന്മാര്‍ മലബാറിലെ പറയസമുദായക്കാരാണ്. പറയനല്ലാത്ത ഒരാള്‍ ഒടി വിദ്യനടത്തിയാല്‍ അതിന് സ്വീകാര്യത ഉണ്ടാകില്ല.
കുറ്റവാളികള്‍ ബുദ്ധിശൂന്യരായ ആളുകളെ കണ്ടെന്നതിൽ മിടുക്കരാണ്.. കാസര്‍കോട് ജില്ലയില്‍ മന്ത്രവാദം ചെയ്ത് നിധിയെടുത്ത് തരാമെന്ന് പറഞ്ഞ് ഗൃഹനാഥനെ കുടുക്കി കൊലപ്പെടുത്തിയ സംഭവം കുറച്ച് നാള്‍ മുമ്പ് ഉണ്ടായി. ഗൃഹനാഥനെ കൊണ്ടുതന്നെ കുഴിയെടുപ്പിച്ച് മന്ത്രവാദി അയാളെ വെട്ടിക്കൊന്ന് കുഴിയില്‍ താഴ്തുത്തുകയായിരുന്നു.
സമീപകാലത്ത് മൈസൂരിലുള്ള ഒരു സിദ്ധന് അമാനുഷിക ശക്തിയുണ്ടെന്ന് ധരിച്ച് തട്ടിക്കൊണ്ടു പോകുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത് മലയാളികളാണ്. സിദ്ധനെ മന്ത്രവാദം ചെയ്യിച്ച് നിധിയെടുക്കാന്‍ ശ്രമിച്ച് പീഡിപ്പിച്ച് കൊന്നു. സത്യത്തില്‍ അയാള്‍ക്കൊരു സിദ്ധിയുമില്ല. വെറും വയറ്റിപ്പിഴപ്പ്. ചെപ്പടിവിദ്യ കാട്ടി ജീവിച്ചു പോകുകയായിരുന്നു.
ഇലന്തൂരില്‍ നടന്നത് ചെറിയ പ്രശ്‌നമല്ല. അറിയപ്പെടുന്ന വ്യക്തി. സാമൂഹ്യപ്രതിബദ്ധതയുണ്ടെന്ന് നമ്മള്‍ വിചാരിക്കുന്ന ഇടതുപക്ഷ പാര്‍ട്ടിപ്രവര്‍ത്തകൻ. അയാളാണ് ഇതുപോലുള്ള ആളുകളുടെ ദുഷ്‌പ്രേരണയ്ക്ക് വശംവദരായി വലിയ ക്രിമിനല്‍ കുറ്റം ചെയ്തത്. ഇപ്പോഴെങ്കിലും പിടികൂടിയില്ലാരുന്നെങ്കില്‍ ഇനിയും ആളുകളെ കൊല്ലുമായിരുന്നു. മാത്രമല്ല മുഹമ്മദ്ഷാഫി എന്ന ക്രിമിനല്‍ ഇയാളല്ലെങ്കില്‍ വേറൊരാളെ കണ്ടുപിടിച്ച് ഇതേ പ്രവൃത്തി ചെയ്യിക്കുമായിരുന്നു. ഭയാനകമായ ഒരുസാഹചര്യമാണ് ഇത്.
മുഹമ്മദ് ഷാഫി നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ആളാണ്. 75 വയസ്സുള്ള വയോധികയെ പൈശാചികമായ രീതിയില്‍ പീഡിപ്പിച്ച കേസിലെ പ്രതിയായിട്ടും ഷാഫി ജാമ്യം കിട്ടി പുറത്തുവന്നു. നീതിന്യായ വ്യവസ്ഥയുടെ പാളിച്ച കൂടി ഇതിലുണ്ട്. നീതിന്യായ വ്യവസ്ഥയോട് യാതൊരു മതിപ്പും ബഹുമാനവുമില്ലാത്ത സ്ഥിരം കുറ്റവാളികള്‍ക്ക് പോലും ജാമ്യം കിട്ടുന്നു. മാധ്യമ വാര്‍ത്തകളുടെ ചൂടാറുമ്പോള്‍, എല്ലാവരും ഇത് മറന്നു തുടങ്ങുമ്പോള്‍ ഈ കുറ്റവാളികള്‍ക്ക് ഇനിയും ജാമ്യം കിട്ടും.
ജാമ്യത്തിലിറങ്ങുമ്പോള്‍ ഒരുപാട് വ്യവസ്ഥകളുണ്ടാകും. പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ കയറരുത്, സാക്ഷികളെ ഭീഷണിപ്പെടുത്തരുത്, ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണത്തില്‍ ഇടപെടരുത് തുടങ്ങി പലതും. ജാമ്യത്തിലിറങ്ങിക്കഴിഞ്ഞാല്‍ ഇത് നടപ്പാകുന്നുണ്ടോയെന്ന് നോക്കാനുള്ള ഉത്തരവാദിത്വം പൊലീസുകാര്‍ക്കുമില്ല, കോടതിക്കുമില്ല. ഇത്തരം ആളുകള്‍ പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങള്‍ നടത്തുന്നു.
ഒറ്റപ്പെട്ട സംഭവമല്ല ഇത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച പ്രതികള്‍ക്ക് പിന്നേയും ജാമ്യം കൊടുക്കും. ഞെട്ടിപ്പിക്കുന്ന ഒരു ഉദാഹരണംപറയാം. കുപ്രസിദ്ധമായ സൂര്യനെല്ലിക്കേസിലെ ഒന്നാംപ്രതി ധര്‍മ്മരാജന്‍ എന്ന വക്കീലായിരുന്നു. ധര്‍മ്മരാജനെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ധര്‍മ്മരാജന്‍ ഒളിവില്‍ പോയി. മറ്റു പ്രതികളെ വിചാരണ ചെയ്യുന്ന സമയത്ത് ധര്‍മ്മരാജനെ കിട്ടിയില്ല. ബാക്കിയുള്ളവരെ ശിക്ഷിച്ച ശേഷമാണ് ധര്‍മ്മരാജനെ പിടിച്ചത്. രണ്ടാമത് വിചാരണ ചെയ്ത് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചു. പിന്നേയും അയാള്‍ക്ക് ജാമ്യം കൊടുത്തു. ധര്‍മ്മരാജന്‍ ഒളിവില്‍ പോയി.
നിയമവ്യവസ്ഥയില്‍ വലിയ പാളിച്ചയുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ അലംഭാവവും കോടതികളുടെ അമിതമായ സഹാനുഭൂതിയും കുറ്റവാളികള്‍ക്ക് വളമായി മാറുന്നു.
കുമ്പളത്ത് കുറച്ചുനാള്‍ മുമ്പ് ഒരു സ്ത്രീയെ കൊലപ്പെടുത്തി വീപ്പയുടെ അകത്ത് വെച്ച് കോണ്‍ക്രീറ്റ് ചെയ്ത് കായലില്‍ തള്ളി. ഒരിക്കലും കണ്ടുപിടിക്കില്ലെന്നാണ് കൊലപാതകികള്‍ വിചാരിച്ചത്. സംഗതിവശാല്‍ വീപ്പ കരയ്ക്കടിഞ്ഞു. പൊലീസ് അന്വേഷണത്തില്‍ ഇതൊരു സ്ത്രീയുടെ മൃതദേഹമാണെന്ന് ബോധ്യമായി. ബന്ധപ്പെട്ട ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. വിളിപ്പിച്ച ദിവസം അയാള്‍ മരിച്ചു. തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ അയാളുടെ വസ്ത്രപരിശോധനയില്‍ പോക്കറ്റിൽ നിന്ന് സയനൈഡ് കണ്ടെടുത്തു. ആത്മഹത്യ ചെയ്തതാകാനാണ് സാദ്ധ്യത . പക്ഷേ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ‘ഹൃദയസ്തംഭനം’.
പണമോ, സ്വാധീനമോ ,രാഷ്ട്രീയ പാര്‍ട്ടികളുടെയോ സമുദായ സംഘടനകളുടെയോ പിന്തുണയോ ഇല്ലാത്ത ആളുകളേയാണ് കാണാതാവുന്നതെങ്കില്‍ ആരും ശ്രദ്ധിക്കില്ല. സാധാരണക്കാരെങ്കില്‍ കുടുംബക്കാരെങ്കിലും അന്വേഷിക്കും. ഇലന്തൂരില്‍ കൊലചെയ്യപ്പെട്ട പത്മത്തെപ്പോലെ പരമ ദരിദ്രാവസ്ഥയില്‍ ജീവിക്കുന്ന ആളുകള്‍, ലോട്ടറി വിറ്റ് നടക്കുന്നവര്‍ എന്നിവരെ കാണാതായാല്‍ എവിടെ പോയെന്ന് കണ്ടെത്താന്‍ ചിലപ്പോൾ വീട്ടുകാരും താല്പര്യപ്പെട്ടിരിക്കില്ല. സ്ഥിരം കുറ്റവാളികളും അവര്‍ക്ക് വേണ്ടിയുള്ള സ്ഥിരം അഭിഭാഷകരും ചേർന്ന് നിയമവ്യവസ്ഥയെ പരിഹാസ്യമാക്കി മാറ്റുന്ന ദൂഷിത വലയമുണ്ട്. ന്യായാധിപന്മാരുടെ അസ്ഥാനത്തുള്ള സഹാനുഭൂതി കുറ്റവാളികള്‍ക്ക് സഹായമാകാറുണ്ട്. യഥാര്‍ത്ഥത്തില്‍ സഹാനുഭൂതി വേണ്ട കേസില്‍ അത് ഉണ്ടാകാറുമില്ല.
നവോത്ഥാന കേരളം നമ്പര്‍ വണ്‍ എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഏതൊരു ഭരണകൂടത്തിന്റെയും പ്രാഥമികമായ ഉത്തരവാദിത്വം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം കൊടുക്കലാണ്. അതില്ലാതെ ഏത് ക്ഷേമപദ്ധതി നടപ്പാക്കിയിട്ടും ഫലമില്ല.
ദുര്‍മന്ത്രവാദങ്ങളും അന്ധവിശ്വാസങ്ങളും തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നാണ് പറയുന്നത്. ഇതിനേക്കാള്‍ വലിയ ഫലിതം അടുത്ത കാലത്ത് കേട്ടിട്ടില്ല. ഓര്‍ഡിനന്‍സ്‌കൊണ്ടോ, നിയമനിര്‍മ്മാണം കൊണ്ടോ തടയാന്‍ പറ്റുന്ന ഒന്നാണോ ആഭിചാരം. ദൈനംദിന അടിസ്ഥാനത്തില്‍ സംഗതികള്‍ വഷളാകുകയാണ്. സാമ്പത്തികമോ, മനശാസ്ത്രപരമോ ആയ അരക്ഷിതാവസ്ഥയാണ് ഇതിന് പിന്നില്‍. ഭരണകൂടത്തിന്റെയും നിയമസംവിധാനത്തിന്റെയും പരാധീനതകളും പോരായ്മകളും കൂടിച്ചേര്‍ന്ന ദുരവസ്ഥ.
ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമാണ് ഇതിന്റെ വിന കൂടുതല്‍ അനുഭവിക്കുന്നത്. സമൂഹത്തെ ഗ്രസിക്കുന്ന വലിയ വിപത്തായി ഇത് മാറുകയാണ്.