ആർ.ശങ്കറിനെ താഴെ ഇറക്കിയവർ ഇന്നും സജീവം
ആരുടെ മുന്നിലും സ്വന്തം കാര്യത്തിനായി യാചിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല ആർ.ശങ്കർ. ശങ്കറിനു ശേഷം കേരളത്തിൽ പലതവണ ഭരണം കൈയ്യാളിയ കോൺഗ്രസിന്റെ പിന്നാക്ക വിരുദ്ധതയ്ക്ക് ഇന്നും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കോൺഗ്രസ് നേതാക്കളായി ഈഴവ സമുദായത്തിൽ നിന്ന് നിരവധി നേതാക്കൾ ഉയർന്നുവന്നെങ്കിലും അവരെയൊക്കെ ഒരു ലക്ഷ്മണ രേഖയ്ക്കപ്പുറം നിർത്താൻ പാർട്ടിയിലെ സവർണ,പിന്നാക്ക വിരുദ്ധ ലോബികൾ ശ്രദ്ധിച്ചു. കേരളത്തിലെ ജനസംഖ്യയിൽ 28 ശതമാനത്തോളം ഈഴവരുണ്ടെങ്കിലും കോൺഗ്രസിൽ നിന്ന് രണ്ടാമതൊരു ഈഴവ മുഖ്യമന്ത്രി ഇന്നുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്ന് കരുതാനുമാകില്ല.
ലോകം ദർശിച്ച ഏറ്റവും വലിയ ആദ്ധ്യാത്മിക തേജസും സാമൂഹികപരിഷ്ക്കർത്താവുമായ ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ നെഞ്ചേറ്റി ആധുനിക കേരളത്തിന്റെ ഗതിവിഗതികളെ രൂപപ്പെടുത്തുകയും സാമൂഹിക വ്യവസ്ഥിതിയിൽ പിന്നാക്കവിഭാഗങ്ങൾക്ക് മാന്യമായ ഇടം നേടിയെടുക്കാൻ യത്നിക്കുകയും ചെയ്ത മഹാനായിരുന്നു ആർ. ശങ്കർ. പ്രതിഭാധനനായ രാഷ്ട്രീയ നേതാവ്, കഴിവുറ്റ സംഘാടകൻ, ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതിക്കും മുന്നേറ്റത്തിനും നേതൃത്വം വഹിച്ച സമുന്നത വ്യക്തിത്വം,സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് സ്വതന്ത്രരാകാനും അരുളിച്ചെയ്ത ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ദർശനങ്ങൾ പ്രായോഗിക തലത്തിലെത്തിച്ച ദീർഘദർശി, എസ്.എൻ.ഡി.പി യോഗത്തിന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും അഭൂതപൂർവമായ വളർച്ചയ്ക്ക് അനുപമമായ സംഭാവനകൾ നൽകിയ കർമ്മയോഗി. ആർ.ശങ്കറിനെക്കുറിച്ച് എങ്ങനെ വിശേഷിപ്പിച്ചാലും അതധികമാകില്ല.
1972 നവംബർ 7 നാണ് അതിധന്യമായ ആ കർമ്മകാണ്ഡത്തിന് തിരശ്ശീല വീണത്. താൻ വഹിക്കുന്ന സ്ഥാനങ്ങളൊന്നും തന്നെക്കാൾ വലുതല്ലെന്ന് കരുതിയിരുന്ന ശങ്കർ അത് തുറന്നു പറയാനും മടിച്ചിരുന്നില്ല. പ്രവർത്തനങ്ങളിലും പെരുമാറ്റത്തിലും ഉടനീളം ആത്മവിശ്വാസം തുടിച്ചു നിന്നിരുന്ന അദ്ദേഹത്തെ പലരും ഒരഹങ്കാരിയെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ഈ സവിശേഷ ഗുണങ്ങളാണ് മറ്റുള്ളവരുടെ ദൃഷ്ടിയിൽ അഹങ്കാരിയാക്കിയത്. കേരളപ്പിറവിയ്ക്ക് ശേഷമുള്ള നവോത്ഥാന കേരളത്തിന് ശ്രീനാരായണ സമൂഹം സംഭാവന ചെയ്ത ആദ്യമുഖ്യമന്ത്രിയാണ് ആർ. ശങ്കർ. 1962 സെപ്തംബർ 26 ന് മുഖ്യമന്ത്രിയായ അദ്ദേഹത്തെ കോൺഗ്രസിലെയും സഖ്യകക്ഷികളിലെയും സവർണലോബികളും മതലോബികളും നടത്തിയ ഗൂഢാലോചനയിലൂടെ താഴെയിറക്കിയ നടപടി കേരള ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. 1964 സെപ്തംബർ 10 വരെ മാത്രമേ അദ്ദേഹത്തെ ആ സ്ഥാനത്ത് തുടരാൻ അനുവദിച്ചുള്ളു. ശങ്കറിന്റെ മന്ത്രിസഭയ്ക്ക് ആദ്യകാലത്ത് കോൺഗ്രസ് ഹൈക്കമാൻഡിന്റെ പിന്തുണയുണ്ടായിരുന്നതിനാൽ കോൺഗ്രസിലെ ഗ്രൂപ്പുകളിൽ നിന്ന് കാര്യമായ എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ അധികകാലം അത് നീണ്ടുനിന്നില്ല. 1963 ജൂണിൽ ചേർന്ന കെ.പി.സി.സി എക്സിക്യൂട്ടീവിന്റെയും നിയമസഭാ കക്ഷിയുടെയും സംയുക്ത സമ്മേളനത്തിലാണ് ആദ്യമായി ചേരിപ്പോരും ഗ്രൂപ്പ്വഴക്കും പ്രത്യക്ഷപ്പെട്ടത്. അന്നും ശക്തമായ ഗ്രൂപ്പ് പോര് നിലനിന്ന കോൺഗ്രസിൽ കെ.പി.സി.സി പ്രസിഡന്റായിരുന്ന സി.കെ ഗോവിന്ദൻ നായരുടെ നേതൃത്വത്തിലുള്ള വിഭാഗം ശങ്കർ മന്ത്രിസഭയുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ശങ്കർ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കോയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ശങ്കറിന് പിന്തുണ നൽകുന്നുവെന്നതാണ് ഇതിന് കാരണമായി പറഞ്ഞത്. ശങ്കറിനെതിരെ അടിസ്ഥാനമില്ലാത്ത അഴിമതിയാരോപണങ്ങളും ഉന്നയിച്ചു. സി.കെ ഈ ആരോപണങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിനു മുന്നിലും ഉന്നയിച്ച് ശങ്കറിന്റെ പേരിൽ അന്വേഷണം ആവശ്യപ്പെട്ടു. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കാൻ പ്രധാനമന്ത്രിനെഹ്റുവിനെത്തന്നെയാണ് ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയത്. ശങ്കറിനെതിരായ ആരോപണങ്ങൾ വായിച്ച നെഹ്റുപോലും അന്തംവിട്ടുപോയി. ആരോപണകർത്താക്കളുടെ ആരോപണങ്ങളെ വെറും ബാലിശമായാണ് നെഹ്റു വിലയിരുത്തിയത്. ആരോപണങ്ങൾക്കൊന്നും വ്യക്തമായ യാതൊരടിസ്ഥാനവുമില്ലെന്നും നെഹ്റുവിന്റെ റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ കെ.പി.സി.സിയിലെ കുഴപ്പങ്ങൾക്ക് കുറവുണ്ടായില്ല.
ഇതിനിടെ എറണാകുളത്ത് ചേർന്ന ഗ്രൂപ്പ് യോഗം ഇരുവിഭാഗങ്ങളും തമ്മിലുള്ള പോർവിളിക്കും തമ്മിലടിക്കും ഇടയാക്കി. കെ.പി.സി.സി സെക്രട്ടറിയായിരുന്ന സി.എം സ്റ്റീഫനും സി.കെ ഗോവിന്ദൻ നായരും ചേർന്ന് സർക്കാരിനെതിരെ തിരിഞ്ഞു. ഈ സർക്കാരിനെ തകർക്കുമെന്ന് അവർ പരസ്യമായി പ്രസ്താവിച്ചു. ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കോ ഉൾപ്പെട്ട ഒരു കാറപകടവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ അപവാദങ്ങൾ പ്രചരിച്ചു. ശങ്കർ ചാക്കോയെ പിന്തുണച്ചെങ്കിലും ചാക്കോ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന എതിർ ഗ്രൂപ്പുകാരുടെ ആവശ്യം ശക്തമായി. ശങ്കർ മന്ത്രിസഭ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.എം സ്റ്റീഫൻ സത്യാഗ്രഹം ആരംഭിച്ചത് കാര്യങ്ങൾ വഷളാക്കി. ചാക്കോ രാജിവച്ചെങ്കിലും അതിനെതിരായ ഗൂഢാലോചനയിൽ ശങ്കറും പങ്ക് ചേർന്നതായി ആരോപിച്ച ചാക്കോ വിഭാഗവും ശങ്കറിനെതിരായി.
ഉദ്യോഗ സംവരണം, വിദ്യാഭ്യാസ നയം തുടങ്ങിയ കാര്യങ്ങളിൽ അസംതൃപ്തനായിരുന്ന മന്നത്ത് പദ് മനാഭൻ ചാക്കോ ഗ്രൂപ്പിനെ പിന്തുണച്ച് രംഗത്തെത്തി. ആർ.ബാലകൃഷ്ണപിള്ളയെപ്പോലുള്ളവരും ഇവർക്കൊപ്പം ചേർന്നു. ശങ്കർ ഈഴവർക്ക് കൂടുതൽ സ്കൂളുകളും കോളേജുകളും അനുവദിച്ചു നൽകുന്നുവെന്നായിരുന്നു മന്നത്തിന്റെ പരാതി. സംവരണകാര്യത്തിൽ നേരത്തെ അദ്ദേഹം അസ്വസ്ഥനായിരുന്നു. ശങ്കർ മുഖ്യമന്ത്രിയായിരിക്കുന്നത് മന്നത്തിന് ഉൾക്കൊള്ളാവുന്നതായിരുന്നില്ല. പട്ടം താണുപിള്ളയെ പഞ്ചാബ് ഗവർണറാക്കിയതും ശങ്കർ മുഖ്യമന്ത്രിയായതും മന്നം അശേഷം ഇഷ്ടപ്പെട്ടില്ല. മന്നവും ചാക്കോ ഗ്രൂപ്പും ഒന്നിച്ച് ശങ്കർ രാജിവയ്ക്കണമെന്നും അല്ലെങ്കിൽ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്നും ഭീഷണി മുഴക്കി. വിമതനീക്കം ശക്തിപ്രാപിക്കുന്നതിനിടെ ഉണ്ടായ ചാക്കോയുടെ മരണവും ശങ്കറെ പ്രഹരിക്കാനുള്ള ആയുധമാക്കി ചാക്കോയുടെ അനുയായികൾ മാറ്റി.
കോൺഗ്രസിലെ ചേരിപ്പോര് മുതലാക്കാൻ തീരുമാനിച്ച പ്രതിപക്ഷം ശങ്കർ മന്ത്രിസഭയ്ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. 1964 സെപ്തംബർ 7, 8 തീയതികളിൽ അവിശ്വാസ പ്രമേയ ചർച്ച നടന്നു. കെ.എം ജോർജിന്റെ നേതൃത്വത്തിൽ ആർ.ബാലകൃഷ്ണപിള്ള, കെ.നാരായണകുറുപ്പ്, എൻ.ഭാസ്ക്കരൻ നായർ, കെ.ആർ സരസ്വതി അമ്മ തുടങ്ങിയവരാണ് അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പു വച്ചത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം ശങ്കർ നിയമസഭയിൽ കൃത്യമായ മറുപടി നൽകി. ‘ഓലപ്പാമ്പ് കാട്ടി എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട. ചിലരുടെ നട്ടെല്ല് സ്വതേ നിവർന്നതാണ്. അതെന്തുകൊണ്ടെന്ന് എന്നെ സൃഷ്ടിച്ച ബ്രഹ്മാവിനോട് ചോദിക്കണം. എന്റെ അനാട്ടമി അങ്ങനെ ആയതിന് ഞാൻ കുറ്റവാളിയല്ല. ഞാൻ ഞെളിഞ്ഞ് നിവർന്ന് നടക്കുന്നതുകൊണ്ട് ധിക്കാരിയെന്ന് ആരെങ്കിലും പറഞ്ഞാൽ ഞാനെന്ത് ചെയ്യും ‘? ഇതായിരുന്നു ശങ്കറുടെ ധീരമായ മറുപടി. തുടർന്ന് നടന്ന വോട്ടിംഗിൽ അവിശ്വാസപ്രമേയം പാസായി. കുതിരക്കച്ചവടത്തിനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും ശങ്കർ അതിനു തയ്യാറാകാതെ മന്ത്രിസഭയുടെ രാജി സമർപ്പിച്ചു. സഹജമായ തലയെടുപ്പോടെയും മന്ദഹാസത്തോടെയും നടത്തിയ അവസാന പ്രസംഗം വികാരനിർഭരമായിരുന്നെങ്കിലും ആ മനസ്സ് അചഞ്ചലമായിരുന്നു, ‘ഇതാ കിടക്കുന്നു മുഖ്യമന്ത്രി സ്ഥാനം’ എന്ന മട്ടിൽ തലയിലെ ഭാരം ഇറക്കിവച്ച് നിയമസഭയോട് യാത്ര പറഞ്ഞ ആ രംഗം തങ്ങൾ മറക്കില്ലെന്നാണ് പിന്നീട് ശങ്കറെ വീട്ടിലെത്തി കണ്ട രണ്ട് പ്രമുഖ കമ്മ്യൂണിസ്റ്റ് എം.എൽ.എ മാർ പറഞ്ഞത്.
ആരുടെ മുന്നിലും സ്വന്തം കാര്യത്തിനായി യാചിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല ശങ്കർ. ശങ്കറിനു ശേഷം കേരളത്തിൽ പലതവണ ഭരണം കൈയ്യാളിയ കോൺഗ്രസിന്റെ പിന്നാക്ക വിരുദ്ധതയ്ക്ക് ഇന്നും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കോൺഗ്രസ് നേതാക്കളായി ഈഴവ സമുദായത്തിൽ നിന്ന് നിരവധി നേതാക്കൾ ഉയർന്നുവന്നെങ്കിലും അവരെയൊക്കെ ഒരു ലക്ഷ്മണ രേഖയ്ക്കപ്പുറം നിർത്താൻ പാർട്ടിയിലെ സവർണ,പിന്നാക്ക വിരുദ്ധ ലോബികൾ ശ്രദ്ധിച്ചു. കേരളത്തിലെ ജനസംഖ്യയിൽ 28 ശതമാനത്തോളം ഈഴവരുണ്ടെങ്കിലും കോൺഗ്രസിൽ നിന്ന് രണ്ടാമതൊരു ഈഴവ മുഖ്യമന്ത്രി ഇന്നുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്ന് കരുതാനുമാകില്ല. കേരളനിയമസഭയിലെ 40 അംഗങ്ങളുള്ള യു.ഡി.എഫിൽ ഏകാംഗമായി ഒതുങ്ങാനാണ് സമുദായത്തിന് ഇന്നും തലവിധി. അധികാര കുത്തക സവർണ്ണന്റേതെന്ന സങ്കൽപ്പത്തെ ധിഷണാപരമായ നേതൃപാടവവും ചടുലമായ പ്രവർത്തന ശൈലിയും സ്വപ്രയത്നവും കൊണ്ട് നേരിട്ട് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെയെത്തിയ ശങ്കറിന് പകരക്കാരനില്ല. മുഖ്യമന്ത്രിപദം ഒഴിഞ്ഞതോടെ രാഷ്ട്രീയത്തിലെ കുതികാൽവെട്ടും അധാർമ്മികതയിലും മനസ്സ് വേദനിച്ച അദ്ദേഹം രാഷ്ട്രീയത്തിൽ നിന്നു തന്നെ ഒഴിഞ്ഞുമാറി. പിന്നീടുള്ള അദ്ദേഹത്തിന്റെ കർമ്മപഥം എസ്. എൻ. ഡി. പി യോഗത്തിന്റെയും എസ്. എൻ ട്രസ്റ്റിന്റെയും പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനായിരുന്നു തീരുമാനം. മുഖ്യമന്ത്രിയായിരിക്കെ തന്നെ തന്റെ സമുദായത്തിന് ആവശ്യമുള്ളത് എഴുതിയെടുക്കാൻ അദ്ദേഹം കാട്ടിയ ധീരതയാണ് കേരളത്തിലങ്ങോളമിങ്ങോളം ശ്രീനാരായണ കോളേജുകളുടെ പിറവിക്ക് അടിത്തറ പാകിയത്.
യോഗത്തിന്റെയും ട്രസ്റ്റിന്റെയും അഭൂതപൂർവമായ വളർച്ചയ്ക്ക് നാന്ദികുറിച്ച ശങ്കർ, ശ്രീനാരായണ ട്രസ്റ്റ് സ്ഥാപിച്ച് അതുവരെ എടുത്തുകാട്ടാൻ പോന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇല്ലാതിരുന്ന സമുദായത്തെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ഭൂപടത്തിൽ അതിപ്രധാനമായ സ്ഥാനത്തെത്തിച്ചു. സാക്ഷരതയിലും സാമൂഹികമായും ഏറെ പിന്നിൽ നിന്ന ഈഴവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിയ്ക്കാനായിരുന്നു അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം. യോഗം ജനറൽ സെക്രട്ടറിയായി സ്ഥാനമേൽക്കുമ്പോൾ ഇതരസമുദായങ്ങൾക്ക് ഹൈസ്കൂളുകളും കോളേജുകളും അടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നു. ഈഴവ സമുദായത്തിന് ഏതാനും മിഡിൽ സ്കൂളുകൾ മാത്രമാണുണ്ടായിരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ഉത്തമ ശിഷ്യനായ ശങ്കർ, ഗുരുവിന്റെ പേരിൽ കൊല്ലത്താണ് ആദ്യ ശ്രീനാരായണ കോളേജ് സ്ഥാപിച്ചത്. തുടർന്ന് ആ നാമത്തിൽ നിരവധി കോളേജുകൾ. കൊല്ലത്ത് ആദ്യ എസ്. എൻ കോളേജ് യാഥാർത്ഥ്യമാക്കിയതിനു പിന്നാലെ വനിതാ കോളേജും സ്ഥാപിച്ചു. ഒന്നുമില്ലാതിരുന്ന സമുദായത്തിന് 12 കോളേജുകൾ ലഭിച്ചതോടെ വിമർശനങ്ങൾ പല കോണുകളിൽ നിന്നുയർന്നു.
‘മറ്റു സമുദായക്കാർക്ക് അർഹമായത് നൽകിയതിനൊപ്പം എന്റെ സമുദായത്തിന് അർഹതപ്പെട്ടത് ഞാൻ എഴുതിയെടുത്തു’ എന്നായിരുന്നു വിമർശകർക്കുള്ള അദ്ദേഹത്തിന്റെ മറുപടി. ശങ്കറിനു മുമ്പും ശേഷവും സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് ഏറെക്കാലം കൈകാര്യം ചെയ്തിട്ടുള്ളത് ന്യൂനപക്ഷ, മുന്നാക്ക വിഭാഗക്കാരാണ്. സ്വന്തം വിഭാഗങ്ങൾക്ക് അവർ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആനുകൂല്യങ്ങളും വാരിക്കോരി നൽകി. ഡസൻ കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇങ്ങനെ നൽകിയത്. ന്യൂനപക്ഷ, സവർണ്ണ വിഭാഗങ്ങൾ സമ്പത്തിലും വിദ്യാഭ്യാസത്തിലും ബഹുദൂരം മുന്നേറിയപ്പോൾ ഈഴവ സമുദായത്തെ മാറിമാറി വന്ന ഭരണക്കാർ തഴയുന്ന രീതി ഇന്നും മാറ്റമില്ലാതെ തുടരുന്നു.
ശങ്കർ ജീവിച്ചിരുന്നപ്പോൾ സവർണ്ണ വിഭാഗങ്ങൾ കൂടാതെ സ്വസമുദായത്തിലുള്ളവരും വേട്ടയാടിയതാണ് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നത്. കൊല്ലം എസ്.എൻ കോളേജ് സ്ഥാപിക്കാൻ കന്റോൺമെന്റ് മൈതാനത്തോട് ചേർന്ന ഭൂമി പാട്ടത്തിന് ലഭിക്കാൻ ദിവാനായിരുന്ന സർ സി. പി യെ സമീപിച്ചതിനെതിരെ സി.പിയുടെ ചെരുപ്പ് നക്കിയെന്ന് വിളിച്ചാണ് ചിലർ ആക്ഷേപിച്ചത്. കുപ്രചാരണത്തിലൊന്നും കുലുങ്ങുന്ന ആളായിരുന്നില്ല അദ്ദേഹം. എസ്.എൻ ട്രസ്റ്റിനു കീഴിൽ കൊല്ലത്ത് ശങ്കേഴ്സ് ആശുപത്രി ആരംഭിച്ചതോടെ ജനമനസ്സുകളിലും അദ്ദേഹം സ്ഥാനം നേടി. കോളേജ് നിർമ്മാണത്തിനായി നടത്തിയ ഉല്പന്ന പിരിവിനെതിരായ വിമർശന ശരങ്ങളെയും ആക്ഷേപ വർഷങ്ങളെയും സധൈര്യം നേരിട്ടു.
വിദ്യാഭ്യാസ മേഖലയിൽ വിപ്ളവകരമായ മാറ്റം
ആർ.ശങ്കർ തുടങ്ങിവച്ച വിദ്യാഭ്യാസ വിപ്ളവത്തിന്റെ തുടർച്ചയെന്നോണം നിരവധിവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം വളർന്ന് പന്തലിച്ച് വിദ്യാസുഗന്ധം പരത്തുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ സമാനതകളില്ലാത്ത ക്ഷേമ, വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. ശങ്കറിന്റെ കർമ്മമേഖലയും യോഗത്തിന്റെയും ട്രസ്റ്റിന്റെയും ആസ്ഥാനവുമായ കൊല്ലത്തെ വിദ്യാഭ്യാസ സമുച്ചയം സമുദായത്തിന് അഭിമാനിക്കാവുന്നതാണ്. നഗരത്തിലെ കർബല ജംഗ്ഷൻ മുതൽ ദേശീയപാത വരെയുള്ള ഒരുകിലോമീറ്ററോളം ദൂരത്തിലെ 28.5 ഏക്കർ സ്ഥലത്തെ വിദ്യാഭ്യാസ സമുച്ചയം, ഒരു കുട്ടി എൽ.കെ.ജിയിൽ ചേർന്നാൽ പി.എച്ച്.ഡി വരെ പഠിച്ചിറങ്ങാവുന്ന വിദ്യാഭ്യാസ ഹബ്ബാണ്. എസ്.എൻ കോളേജിനും വനിതാ കോളേജിനും പുറമെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശ്രീനാരായണ ഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്, വി.എൻ.എസ്.എസ് കോളേജ് ഓഫ് നഴ്സിംഗ്, എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ എന്നിവയുണ്ട്, കൊല്ലം ശാരദാമഠം മികവുറ്റ രീതിയിൽ നവീകരിച്ചു. എസ്.എൻ കോളേജിലും വനിതാ കോളേജിലും വിവിധ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്ളാറ്റിനം ജുബിലിയുടെ നിറവിലെത്തിയ എസ്.എൻ കോളേജ് ദേശീയ അടൽ റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ്. അടുത്തിടെയാണ് ‘നാക് എ പ്ളസ്’ അക്രഡിറ്റേഷൻ ലഭിച്ചത്. വിവിധ ജില്ലകളിൽ നിരവധി സ്വാശ്രയകോളേജുകളടക്കം 108 ഓളം സ്ഥാപനങ്ങൾ ഇന്ന് സമുദായത്തിനുണ്ട്.
എസ്.എൻ.ഡി.പി യോഗം ആസ്ഥാനം നവീകരിച്ച് അവിടെ സ്ഥാപിച്ച ഗുരുദേവന്റെ വെണ്ണക്കൽ പ്രതിമ, സിംസ് ആശുപത്രിയിൽ ആധുനികസൗകര്യങ്ങളോയെയുള്ള മന്ദിരം, എസ്.എൻ കോളേജിനുള്ളിൽ സ്ഥാപിച്ച മഹാനായ ആർ.ശങ്കറിന്റെ പൂർണകായ പ്രതിമ, നിർമ്മാണം പൂർത്തിയായ ഗുരുദേവ മണ്ഡപം, എസ്.എൻ കോളേജിലെയും വനിതാ കോളേജിലെയും നവീകരണം, യോഗം കാര്യാലയത്തിൽ പുതുതായി സ്ഥാപിച്ച ധ്യാനമന്ദിരം, കോർപ്പറേഷൻ ഓഫീസിന് സമീപത്തെ ഷോപ്പിംഗ് കോംപ്ളക്സ്, ചാത്തന്നൂർ എസ്.എൻ കോളേജിൽ പുതുതായി നിർമ്മിച്ച മൂന്നുനില മന്ദിരം, വിവിധ എസ്.എൻ ട്രസ്റ്റ് സ്കൂളുകളിലെ പുത്തൻ കെട്ടിടങ്ങൾ തുടങ്ങിയവയടക്കം വികസനത്തിന്റെ നാഴികക്കല്ലുകളാണ്. കൂടാതെ വിവിധ യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിൽ നടക്കുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. യോഗത്തിന്റെയും ട്രസ്റ്റിന്റെയും സുദീർഘമായ ചരിത്രം പരിശോധിച്ചാൽ സംഘടനയെയും യോഗത്തിന്റെ പ്രവർത്തനത്തെയും കുറിച്ച് ആക്ഷേപം ഉന്നയിച്ചവർ എക്കാലവും ഉണ്ടായിരുന്നെന്ന് കാണാം. അത്തരക്കാർ ഇന്നും അവരുടെ ശ്രമം തുടരുന്നു. ആർ. ശങ്കറിന്റെ കാലഘട്ടം മുതലേ കോടതിയിൽ കേസ് കൊടുത്തും അപവാദങ്ങൾ പ്രചരിപ്പിച്ചും പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിച്ചവർ ഇപ്പോഴും അത് തുടരുന്നു. എതിർപ്പുകളെയും ആക്ഷേപങ്ങളെയും മഹാനായ ആർ. ശങ്കർ എങ്ങനെ നേരിട്ടോ, അതേ മാതൃകയിൽ കർമ്മനിരതമാകാൻ ഇന്നത്തെ യോഗ നേതൃത്വം പ്രതിജ്ഞാബദ്ധമാണ്.
ഗുരു സന്ദേശങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കാൻ പ്രതിബന്ധങ്ങളോട് പടവെട്ടിയ സഹോദരൻ അയ്യപ്പനും ക്ഷേത്രപ്രവേശനത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും നിലകൊണ്ട ടി.കെ മാധവനും നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സി.കേശവനും വമ്പിച്ച എതിർപ്പുകൾ നേരിട്ടിരുന്നുവെന്ന കാര്യം വിസ്മരിക്കരുത്. യോഗത്തിനും ട്രസ്റ്റിനുമെതിരെ ഇന്നും കോടതികളിൽ കേസുകൾ നൽകി അതിന്റെ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കാൻ ചില ശക്തികൾ ശ്രമിക്കുകയാണ്. സമാനമായ ശക്തികൾ ശങ്കറിനെയും വിടാതെ പിന്തുടർന്നപ്പോൾ അതിന്റെ നഷ്ടം സംഭവിച്ചത് സമുദായത്തിനാണെന്ന കാര്യം വിസ്മരിക്കരുത്.