തിരുവിഴ ജയശങ്കര്‍: നാഗസ്വരത്തിലെ ഇതിഹാസം
അടൂര്‍ ഭാസി മുന്‍പ് കുറച്ചുകാലം വാര്‍ത്താവിഭാഗത്തില്‍ ജോലിചെയ്തിരുന്നു. ഒരിക്കല്‍ തിരുവനന്തപുരത്ത് തിരുവിഴയുടെ നാഗസ്വരക്കച്ചേരി കേള്‍ക്കാന്‍ അടൂര്‍ ഭാസി എത്തി.സദസില്‍ തൊട്ടടുത്തിരുന്നത്,സംഗീതപരിപാടികളുടെ ചുമതല വഹിച്ചിരുന്ന പ്രോഗ്രാം എക്‌സിക്യൂട്ടീവ്.അദ്ദേഹം ഭാസിയോട് പറഞ്ഞു;ഈ കച്ചേരി നടത്തുന്നയാള്‍ ഞങ്ങളുടെ അനൗണ്‍സറാണ് .അപ്പോള്‍, ഭാസി അദ്ദേഹത്തോട് പറഞ്ഞു; ഒഹോ,അപ്പോള്‍ നിങ്ങളുടെ സ്റ്റേഷന്‍ ഡയറക്ടര്‍ ഇയാളെക്കാള്‍ നന്നായി നാഗസ്വരം വായിക്കുമായിരിക്കും;അല്ലേ!
നാഗസ്വരത്തിലെ മഹാപ്രതിഭയായ തിരുവിഴ ജയശങ്കര്‍ ഏഴു പതിറ്റാണ്ടിനിപ്പുറവും വേദികളില്‍ ഇന്നും സജീവം.ചേര്‍ത്തലയ്ക്കടുത്ത തിരുവിഴ ഗ്രാമത്തെ പേരിനൊപ്പം ചേര്‍ത്ത് പ്രശസ്തമാക്കിയ അദ്ദേഹം തന്റെ ജീവിതകഥയ്ക്ക് നല്‍കിയ പേര്‍ ‘നാഗസ്വരത്തിന്റെ ആത്മകഥ’എന്നാണ് .എണ്‍പത്തിഏഴാം വയസിലും അദ്ദേഹം സാധകം മുടക്കിയിട്ടില്ല.
റേഡിയോ ശ്രോതാക്കള്‍ക്ക് അദ്ദേഹം നാഗസ്വരവിദഗ്ദ്ധന്‍ മാത്രമല്ല,മൂന്ന് പതിറ്റാണ്ടിലേറെക്കാലം പ്രിയപ്പെട്ട പ്രക്ഷേപകനും കൂടിയായിരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിലുംവാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിലും സ്റ്റാഫ് അനൗണ്‍സറായിരുന്നു അദ്ദേഹം.
1937 ജനുവരി 31ന് ജനിച്ച ജയശങ്കര്‍, കുട്ടിക്കാലം മുതല്‍ നാഗസ്വരക്കച്ചേരികള്‍ കേട്ടാണ് വളര്‍ന്നത്. നാഗസ്വരവിദ്വാന്മാരുടെ കുടുംബം.ബാലപാഠങ്ങള്‍ പഠിപ്പിച്ചത് മുത്തച്ഛന്‍ ശങ്കരപ്പണിക്കരും അച്ഛന്‍ തിരുവിഴ രാഘവപ്പണിക്കരും.പതിനാലാം വയസില്‍ കായംകുളത്തിനടുത്ത പത്തിയൂര്‍ ദേവീക്ഷേത്രത്തിലായിരുന്നു,അരങ്ങേറ്റം.തിരുനക്കര ക്ഷേത്രത്തിലെ പള്ളിയുണര്‍ത്തലിന് അച്ഛനോടൊപ്പം നാഗസ്വരം വായിച്ച ആദ്യകാലം ഇപ്പോഴും ഓര്‍മ്മയുണ്ട്.പിന്നെ, തെക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ അച്ഛ നോടൊപ്പം കച്ചേരി വായിക്കാന്‍ പോയിത്തുടങ്ങി.പതിനെട്ടാം വയസ്സില്‍ ആകാശവാണിയുടെ അഖിലേന്ത്യാസംഗീതമത്സരത്തില്‍ സുഷിരവാദ്യത്തില്‍ ഒന്നാം സമ്മാനം നേടി,തിരുവിഴ ജയശങ്കര്‍ റേഡിയോയില്‍ കച്ചേരികള്‍ അവതരിപ്പിച്ചുതുടങ്ങി.അന്നത്തെ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദില്‍ നിന്നായിരുന്നു, ആ സമ്മാനം വാങ്ങിയത്.അന്ന് കോട്ടയം സി.എം.എസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുകയായിരുന്നു.
സംഗീതത്തില്‍ മാത്രമല്ല,ചിത്രകലയിലും താല്പര്യമുണ്ടായിരുന്നു,ജയശങ്കറിന് .രാഗങ്ങളെ ആസ്പദമാക്കി പെയിന്റിങ്ങ് ചെയ്തതോടെ ശ്രദ്ധ അതിലായി. ”സാധകം മുടങ്ങിയപ്പോള്‍ അച്ഛന്‍ ഉപദേശിച്ചു-ഒന്നില്‍ ഉറച്ചുനില്‍ക്കുക.പൂര്‍ണ്ണ സമര്‍പ്പണമുണ്ടെങ്കിലേ ഏതെങ്കിലുമൊന്നില്‍ മാസ്റ്ററാകാന്‍ കഴിയൂ”.അങ്ങനെ,തല്‍ക്കാലം ബ്രഷ് താഴെവച്ചു.
‘എനിക്ക് പത്തൊന്‍പത് വയസ്സുള്ളപ്പോള്‍, കോട്ടയത്ത് ബ്രാഹ്മണ സമൂഹത്തിന്റെ പരിപാടിക്കായി ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ വന്നു.എന്‍.കെ സ്വാമി എന്ന നാണുക്കുട്ടി സ്വാമി എന്നെ ചെമ്പൈയ്ക്ക് മുന്‍പിലേക്ക് കൊണ്ടുപോയി, നാഗസ്വരം വായിപ്പിച്ചു. പരിപാടി കഴിഞ്ഞ് ചെമ്പൈ ആവശ്യപ്പെട്ടപ്രകാരം, കാണാന്‍ ചെന്നു. തൂക്കു മഞ്ചത്തില്‍ വിശ്രമിക്കുന്ന സ്വാമിയെ കണ്ട്, നമസ്‌കരിച്ചു. എന്നോട് വെള്ളം അടിക്കുമോ എന്ന് ആംഗ്യത്തില്‍ ചോദിച്ചു .ഇല്ല എന്ന് പറഞ്ഞു. കുഴപ്പങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ‘ഗുരുവായൂരപ്പാ, നീ നന്നായി വരും ‘എന്നു പറഞ്ഞ് അനുഗ്രഹിച്ചു.
”ഇരുപത്തി ഒന്നാം വയസിലാണ്‌കോട്ടയത്ത് കാരൈക്കുറിശ്ശി അരുണാചലത്തിന്റെ കച്ചേരി കേള്‍ക്കുന്നത്. ഒരു മണിക്കൂര്‍ ആഭേരിയില്‍ ‘നഗുമോ’എന്ന കീര്‍ത്തനം ആലപിച്ചത് കേട്ട് ഞാന്‍ അദ്ഭുതസ്തബ്ധനായി.എന്നെ ഏറെ സാധ്വീനിച്ചു,അദ്ദേഹം”. പില്‍ക്കാലത്ത്,’നഗുമോ..’കീര്‍ത്തനത്തിന്റെ ആഭേരി രാഗത്തിലുള്ള വികാരനിര്‍ഭരമായ നാഗസ്വരാവവതരണമാണ് തിരുവിഴയെഏറെ ശ്രദ്ധേയനാക്കിയത്.കര്‍ണ്ണാടകസംഗീതം പഠിച്ചതിന്റെ മെച്ചമാണത്.
‘രാഗാലാപനം ചെയ്യാന്‍പറ്റിയ ഒരു വാദ്യം നാഗസ്വരം പോലെ മറ്റൊന്നില്ല.മണിക്കൂര്‍ കണക്കിനാണ് അന്ന് സംഗീതജ്ഞര്‍ രാഗം വായിക്കുന്നത് .പണ്ട് ടി. എന്‍ രാജരത്‌നം പിള്ള നാലഞ്ചു മണിക്കൂര്‍വരെ തോടിവായിക്കും.അന്ന് അത് കേട്ടിരിക്കാന്‍ ആള്‍ക്കാരുണ്ടായിരുന്നു. ഒരുതവണ മദിരാശിയില്‍ അദ്ദേഹം വായിക്കുന്നതു കേട്ടു. ആദ്യം അഞ്ചുമിനുട്ടുള്ള ചെറിയ കീര്‍ത്തനം.’
തിരുവിഴ 1960ല്‍ തൃപ്പൂണിത്തുറ ആര്‍. എല്‍. വി കോളേജില്‍നിന്ന് ഗാനഭൂഷണം ഡിപ്‌ളോമ പാസായി.അവിടെ യേശുദാസിന്റെ സീനിയറായിരുന്നു.1962ല്‍ ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദവും നേടി.തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്ന് ഗാനപ്രവീണയും പാസായി.അവിടെ ശെമ്മങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായത് മറ്റൊരു അനുഗ്രഹം..”തുടര്‍ന്ന്,ശാസ്ത്രീയ സംഗീതത്തിന് പ്രാധാന്യമുള്ള ആകാശവാണിയില്‍ വന്ന ഒഴിവില്‍ അനൗണ്‍സറായി എന്നെ നിയമിക്കുകയായിരുന്നു”.1965ലായിരുന്നു,അത്.അന്ന് ജി.പി.എസ് നായരായിരുന്നു സ്റ്റേഷന്‍ ഡയറക്ടര്‍.പി.സോമശേഖരന്‍ നായര്‍,രാജകുമാരി വേണു,തുളസീഭായി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.അതേ ബാച്ചില്‍ തന്നെ ചേര്‍ന്ന രാധാലക്ഷ്മിയും പി.പത്മരാജനും തൃശൂര്‍ നിലയത്തില്‍ നിയമിക്കപ്പെട്ടു. ഡോ.കെ.ഓമനക്കുട്ടി ,വേണു നാഗവള്ളി,ജോണ്‍ സാമുവല്‍ എന്നിവരും പിന്നാലെ നിയമിതരായി.ആദ്യത്തെ പതിനഞ്ചുവര്‍ഷം തിരുവനന്തപുരം നിലയത്തിലും പിന്നെ വാണിജ്യപ്രക്ഷേപണനിലയത്തിലുമായിതന്നു. അതാണ് പില്‍ക്കാലത്ത് അനന്തപുരി എഫ്.എം ആയത്. തൃശൂരില്‍ നിന്ന് 1969ല്‍ പി.പത്മരാജന്‍ ഈ നിലയത്തിലാണ് ആദ്യം എത്തിയത്.പ്രൊഡക്ഷന്‍ അസിസ്റ്റന്റായി ശാന്ത പി നായരും അവിടെ ഉണ്ടായിരുന്നു.
ആകാശവാണിയില്‍ അന്ന് വളരെ നല്ല അന്തരീക്ഷമായിരുന്നു. സഹപ്രവര്‍ത്തകരായി സീനിയര്‍ അനൗണ്‍സര്‍മാരായ പറവൂര്‍ കെ. ശാരദാമണി,പറവൂര്‍ കെ. രാധാമണി, ഇന്ദിര പൊതുവാള്‍ തുടങ്ങിയവരുമുണ്ടായിരുന്നു. ടേപ്പ് ലോഡുചെയ്യുന്നതു മുതലുള്ള ജോലിയെല്ലാം അവര്‍ പഠിപ്പിച്ചു. എന്നാലും, സ്റ്റുഡിയോയിലെ ചുവന്ന ലൈറ്റ് കത്തുമ്പോള്‍ വലിയ പരിഭ്രമം ആയിരുന്നു, പിന്നീട് അത് മാറി. അരമണിക്കൂര്‍ പ്രോഗ്രാം രാവിലെ അവതരിപ്പിക്കും.”വലിയ തലക്കനം ആയിരുന്നു അന്ന് ;ലോകം മുഴുവന്‍ കേള്‍ക്കുന്നു എന്ന ഭാവം . ഒരിക്കല്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയി. തൊട്ടടുത്തിരുന്ന രണ്ട് ചെറുപ്പക്കാര്‍ രാവിലത്തെ പ്രക്ഷേപണത്തെപ്പറ്റി മോശം അഭിപ്രായം പറഞ്ഞതു കേട്ടപ്പോള്‍ ആ തലക്കനം പോയി. പിന്നെ വളരെ ശ്രദ്ധാലുവായി”.
ജോലിക്കിടയിലും സാധകം മുടക്കിയില്ല.”അയല്‍ക്കാര്‍ക്ക് അലോസരമില്ലാതെ അന്ന് നാഗസ്വരം പ്രാക്ടീസ് ചെയ്യാന്‍സ്ഥലം കണ്ടെത്തിയത് റേഡിയോ നിലയത്തിലാണ് . പില്‍ക്കാലത്ത് ഫ്‌ളാറ്റ് വാങ്ങിയപ്പോള്‍,ഒരു മുറി ഇതിനായി സൗണ്ട് പ്രൂഫാക്കി”.
ആകാശവാണി ജീവിതംകുഴപ്പങ്ങള്‍ ഇല്ലാതെ പോയെങ്കിലും,അവധി കിട്ടുക വലിയ പ്രശ്‌നമായി. നിരവധി കച്ചേരികള്‍ വന്നു തുടങ്ങിയ കാലം. തമിഴ്‌നാട്ടിലായിരുന്നു പരിപാടികള്‍ കൂടുതലും. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ട്രെയിനിലോ ബസിലോ കയറി പോകും. മിക്കപ്പോഴും അടുത്ത ദിവസം അവധി വേണ്ടിവരും. അല്ലെങ്കില്‍ വൈകും. അതിനാല്‍ പ്രശ്‌നങ്ങള്‍ കൂടിക്കൂടി വന്നു .കൂടെയുള്ളവര്‍ എല്ലാവരും ക്ഷമിക്കാന്‍ തയ്യാറായില്ല. പരാതികളുണ്ടായി.അങ്ങനെ അതൊരു വലിയ പ്രശ്‌നമായ പഴയ ഒരു സംഭവം അദ്ദേഹം ഓര്‍ത്തെടുത്തു.
”തിരുവനന്തപുരത്ത് മെരിലാന്‍ഡ് സുബ്രഹ്മണ്യത്തിന്റെ മകന്റെ കല്യാണത്തിന് നാഗസ്വരം വായിക്കാന്‍ പോയി .അതിന് രണ്ടു ദിവസം മുന്‍പ് പനി കാരണം ലീവ് കൊടുത്തിരുന്നു. കല്യാണത്തിന് പ്രേം നസീര്‍, ഷീല ,ശാരദ തുടങ്ങിയ പ്രശസ്തര്‍ പങ്കെടുത്തിരുന്നു. പത്രത്തില്‍ ഫോട്ടോ അച്ചടിച്ചു വന്നു-എന്റെ നാഗസ്വരം കേമമായി എന്ന വാര്‍ത്തയ്‌ക്കൊപ്പം. മുന്‍നിരയില്‍ അതിപ്രശസ്തര്‍ ഇരിക്കുന്നു. ലീവെടുത്ത്,മുന്‍കൂര്‍ അനുമതിയില്ലാതെ പരിപാടിയില്‍ പങ്കെടുത്തു എന്ന് ആരോപിച്ച് എനിക്കെതിരെ നടപടി എടുക്കാന്‍ നീക്കം തുടങ്ങി”. ഇന്‍ക്രിമെന്റ് റദ്ദാക്കാനായിരുന്നു, തീരുമാനം .എന്നാല്‍ പുതിയതായി ചാര്‍ജ് എടുത്ത സ്റ്റേഷന്‍ ഡയറക്ടര്‍വലിയ കലാസ്‌നേഹിയായിരുന്നു. നാഗസ്വരം വായനയില്‍ കേമനായ തിരുവിഴയോട് അപ്രകാരം ചെയ്യുന്നത് ശരിയല്ലെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
അടൂര്‍ ഭാസി മുന്‍പ് കുറച്ചുകാലം വാര്‍ത്താവിഭാഗത്തില്‍ ജോലിചെയ്തിരുന്നു. ഒരിക്കല്‍ തിരുവനന്തപുരത്ത് തിരുവിഴയുടെ നാഗസ്വരക്കച്ചേരി കേള്‍ക്കാന്‍ അടൂര്‍ ഭാസി എത്തി.സദസില്‍ തൊട്ടടുത്തിരുന്നത്,സംഗീതപരിപാടികളുടെ ചുമതല വഹിച്ചിരുന്ന പ്രോഗ്രാം എക്‌സിക്യൂട്ടീവ്.അദ്ദേഹം ഭാസിയോട് പറഞ്ഞു;ഈ കച്ചേരി നടത്തുന്നയാള്‍ ഞങ്ങളുടെ അനൗണ്‍സറാണ് .അപ്പോള്‍, ഭാസി അദ്ദേഹത്തോട് പറഞ്ഞു;ഒഹോ,അപ്പോള്‍ നിങ്ങളുടെ സ്റ്റേഷന്‍ ഡയറക്ടര്‍ ഇയാളെക്കാള്‍ നന്നായി നാഗസ്വരം വായിക്കുമായിരിക്കും;അല്ലേ!
വ്യത്യസ്തമായ റേഡിയോ പരിപാടികള്‍ തിരുവിഴ വാണിജ്യപ്രക്ഷേപണനിലയത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. സാധാരണരീതിയില്‍ നിന്ന് മാറി, രാഗവിസ്താരം നടത്തിക്കൊണ്ട് , ചലച്ചിത്രഗാനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ഒട്ടേറെപ്പേര്‍ അഭിനന്ദിച്ചു.സുഗതകുമാരിയുംഹൃദയ കുമാരിയും ഫോണില്‍ വിളിച്ചത് ഓര്‍മ്മയുണ്ട്.
ആകാശവാണിക്കാലത്ത് കലാപരമായി വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനായി . 1990ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചു. തമിഴ് മന്‍ട്രത്തിന്റെ ഇശൈപേരറിഞ്ഞര്‍ പുരസ്‌കാരം,കേന്ദ്ര,കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍,ഗുരുവായൂര്‍ പുരസ്‌കാരം,സംഗീത സമ്പൂര്‍ണ്ണ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. 2021ല്‍ ചെമ്പൈ സ്മാരക പുരസ്‌കാരവും കിട്ടി.തിരുവിഴ ജയശങ്കര്‍ ഫ്രാന്‍സ്,ജര്‍മനി,ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ ഒട്ടേറെ വിദേശരാജ്യങ്ങളില്‍ നാഗസ്വരക്കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ബര്‍ലിനില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ അവതരിപ്പിച്ച പരിപാടിക്ക് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുമോദനക്കത്തും കിട്ടി.
ഇശൈപേരറിഞ്ഞര്‍ പുരസ്‌കാരംസമര്‍പ്പിച്ച് അന്നത്തെ മുഖ്യമന്ത്രി എം.കരുണാനിധി സംസാരിച്ചത് വളരെ രസകരമായായിരുന്നു.”തിരുവിഴ ജയശങ്കര്‍ ഒരു ബ്രാഹ്മണനാണെന്നായിരുന്നു ഞാന്‍ ആദ്യംവിചാരിച്ചിരുന്നത്.ഒരു ബ്രാഹ്മണന് നാഗസ്വരം വായിക്കാന്‍ കഴിയില്ല,അത് വളരെ ‘ദം'(ശ്വാസം)പിടിച്ച് വായിക്കേണ്ട വാദ്യമാണ് . ശ്വാസം ശരിക്കും പിടിക്കണമെങ്കില്‍ നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കണം.സാത്വികാഹാരം പറ്റുകയില്ല.അങ്ങനെയാണ് തിരുവിഴ ബ്രാഹ്മണനല്ലെന്ന് എനിക്ക് മനസിലായത്”.കരുണാനിധിയുടെ അച്ഛന്‍ മുത്തുവേല്‍ ഒരു നാഗസ്വരവിദ്വാനായിരുന്നു.
ആകാശവാണിയിലുള്ളപ്പോള്‍ഗുരുവായൂരില്‍ കച്ചേരി നടത്താന്‍ പോയ അനുഭവവും അദ്ദേഹംവിവരിച്ചു. ”അന്ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയംഇല്ല. ടി.വി. രമണിയാണ് വയലിനില്‍ .മൂന്നു മണിയായി .മഴ ചാറുന്നുണ്ട്. തലയില്‍ ഒരു തോര്‍ത്തുമുണ്ടിട്ട് , ചെമ്പൈസ്വാമി കച്ചേരി കേള്‍ക്കാന്‍ വന്നു. ‘വാതാപി’യിലായിരുന്നു തുടക്കം. കച്ചേരി കഴിഞ്ഞ്,സ്വാമി ഒരു പരമേശ്വരനെ അന്വേഷിച്ചു.അദ്ദേഹം വന്നു .കച്ചേരി എങ്ങിനെയുണ്ടെന്നാരാഞ്ഞു. ‘ഗംഭീരം’ എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍, ബോംബെയില്‍ ഒരു കച്ചേരി വയ്ക്കണം എന്നാവശ്യപ്പെട്ടു. മാത്രമല്ല, ഒരു രൂപ എനിക്ക് അഡ്വാന്‍സ് നല്‍കണമെന്നും പറഞ്ഞു . അതും വാങ്ങിത്തന്നു.ചെമ്പൈ എന്ന അപൂര്‍വ്വ മനുഷ്യന്റെ അനുഗ്രഹം എനിക്ക് എന്നുമുണ്ട്”.1970ല്‍ ചെമ്പൈയില്‍ നിന്ന് ‘സുനാദഭൂഷണം’ബഹുമതി ഏറ്റുവാങ്ങാനുള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായി.
പ്രശസ്ത തവില്‍ കലാകാരന്‍ വളയപ്പെട്ടി സുബ്രഹ്മണ്യവുമൊത്ത് മൂന്നര പതിറ്റാണ്ടോളം തിരുവിഴ ജയശങ്കര്‍ നടത്തിയ കച്ചേരികള്‍ക്ക് വലിയ ജനപ്രീതി കിട്ടിയത് തമിഴ്‌നാട്ടില്‍.തമിഴ് ജനത തിരുവിഴയെ തോളിലേറ്റി നടന്നു.ഇന്നും അദ്ദേഹത്തിന് അവിടെ വലിയ ആരാധകവൃന്ദമുണ്ട്. ”തിരുപ്പതി ബ്രഹ്മോല്‍സവത്തിനായിരുന്നു വളയംപട്ടിയുമായി ഒന്നിച്ച് അവസാനമായി കച്ചേരി നടത്തിയത്.നാലു മണിക്കൂര്‍ നീണ്ടുനിന്നു,അത്”.
ധന്യമായ ഒട്ടേറെ അനുഭവങ്ങളുണ്ട്, തിരുവിഴയ്ക്ക്.നാഗസ്വരത്തിന്റെ ഹിന്ദുസ്ഥാനി രൂപമാണ് ഷെഹ്നായി.പണ്ഡിറ്റ് ബിസ്‌മില്ലാഖാന്റെ വാദനം മണിക്കൂറുകളോളം കേട്ടിട്ടുണ്ട്.ഒരിക്കല്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍, അദ്ദേഹത്തെ കാണാൻ പൊന്നാടയുമായി പോയി. ”വാരണാസിയില്‍ നടന്ന അദ്ദേഹത്തിന്റെ ജന്മശതാബ്ദിആഘോഷത്തിന് ദക്ഷിണേന്ത്യയില്‍ നിന്ന്എന്നെ മാത്രമാണ് ക്ഷണിച്ചത്. ഗംഗാതീരത്തെ മണ്ഡപത്തില്‍ മുക്കാല്‍ മണിക്കൂര്‍ നാഗസ്വരം വായിക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായി കരുതുന്നു’.
1995 ല്‍ സീനിയര്‍ അനൗണ്‍സറായി തിരുവിഴ ജയശങ്കര്‍ ആകാശവാണിയില്‍ നിന്ന് വിരമിക്കുമ്പോള്‍ നാഗസ്വരത്തില്‍ ടോപ്പ്‌ഗ്രേഡ് കലാകാരനായിരുന്നു.ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം ഇടയ്ക്ക് പിന്നെയും ബ്രഷ് കൈയിലെടുത്തു.ഭൂപാളം മുതല്‍ നീലാംബരി വരെയുള്ള ഏഴുരാഗങ്ങളെക്കുറിച്ച്,അവയുണ്ടാക്കുന്ന ഭാവങ്ങളും മാനസികാവസ്ഥകളും ചിത്രീകരിക്കുന്ന, പെയിന്റിങ്ങുകള്‍ അദ്ദേഹം ചെയ്തു.2012ല്‍ എറണാകുളത്തപ്പന്‍ ഹാളില്‍ താളവാദ്യവിദഗ്ദ്ധന്‍ സദനം ദിവാകരമാരാര്‍ക്ക് വീരശൃംഖല സമര്‍പ്പിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് ഈ പെയിന്റിങ്ങുകളുടെ പ്രദര്‍ശനം നടത്തി.
അനാരോഗ്യം വകവയ്ക്കാതെ തിരുവിഴ ഈ പ്രായത്തിലും നാഗസ്വരക്കച്ചേരികള്‍ നടത്തുന്നുണ്ട് .തോള്‍വേദന കാരണം നിന്ന് വായിക്കാന്‍ വയ്യ.തമിഴ്നാട്ടില്‍ ഇപ്പോഴും ഇരുന്ന് വായിക്കുന്ന നാഗസ്വരക്കച്ചേരികള്‍ക്ക് പോകാറുണ്ട്. ഏറ്റവുമൊടുവില്‍, തെങ്കാശിയിലും തിരുച്ചന്തൂര്‍ മുരുകന്‍ കോവിലിലും കച്ചേരികള്‍ നടത്തി.
രണ്ടു വര്‍ഷം മുന്‍പ് തിരുവിഴയുടെ ഭാര്യ സീത അന്തരിച്ചു.അജിത് ശങ്കര്‍,ആനന്ദ് ശങ്കര്‍ എന്നിവരാണ് മക്കള്‍.താമസം കോട്ടയം ജില്ലയിലെ കുമാരനെല്ലൂരില്‍.
9447181006