വനമിറങ്ങുന്ന വന്യത കാടുകയറുന്ന ക്രൂരത

കാടിന്റെ മൂന്നിലൊന്നു ഭാഗത്തോളം നിബിഡ വനങ്ങള്‍ക്കു പകരം തോട്ടവനങ്ങളാക്കി മാറ്റിയിരിക്കുന്നു. അവിടെ കിളികള്‍ക്കോ അണ്ണാനോ ഉള്‍പ്പെടെ ഒരു ജീവിക്കുമുള്ള ഒരു ഭക്ഷണവുമില്ല. ഒരു പൂമ്പാറ്റയെപ്പോലും ചെന്നിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നുമില്ല. വയനാട്ടില്‍ വച്ചുപിടിപ്പിച്ച അധിനിവേശ സസ്യമായ മഞ്ഞകണിക്കൊന്ന പോലെയുള്ളവയാണ് നമ്മുടെ കാടുകളില്‍ കൂടുതലും. ഇത്തരം കാടുകളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം കിട്ടാന്‍ വളരെ പാടാണ്.കാടുകളോട് ചേര്‍ന്ന തേക്ക് പ്ലാന്റേഷന്‍ പരിസ്ഥിതിക്ക് യോജ്യമല്ല. യൂക്കാലിപ്റ്റസ് കാലക്രമേണ ഭൂമിയെ വരണ്ടതാക്കി മാറ്റുന്നവിധം ഭൂഗര്‍ഭജലം നഷ്ടപ്പെടുത്തുന്നതുപോലെയാണ് തേക്കും. ഇത് ശരിയായി തിരിച്ചറിയപ്പെടുന്നില്ല

”കാട് കറുത്ത കാട്
മനുഷ്യന്‍ ആദ്യം പിറന്ന വീട്’-‘

എന്ന നീലപൊന്‍മാനിലെ ഈ പാട്ട് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് എത്ര വലിയ ഹൈടക്ക് യുഗത്തില്‍ ജീവിച്ചാലും നമ്മള്‍ കാടിന്റെ മക്കളാണെന്ന സത്യം തന്നെയാണ്. സാങ്കേതികവിദ്യ മനുഷ്യനെ എത്ര പരിഷ്‌കൃതനാക്കിയാലും പ്രകൃതിയിലേക്ക് മടങ്ങാതെ തരമില്ല.

മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടര്‍ക്കഥയാകുന്ന വര്‍ത്തമാനകാലത്തെ അവസാന രക്തസാക്ഷിയാണ് രാജീവ്. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി തളി വിരുട്ടാണത്ത് കാട്ടുപന്നിയുടെ ആക്രമണത്തിലാണ് രാജീവ് കൊല്ലപ്പെടുന്നത്. സ്വന്തം പറമ്പില്‍ തേങ്ങ പെറുക്കുന്നതിനിടയില്‍ രാജീവനെ പന്നി ആക്രമിക്കുകയായിരുന്നു. രണ്ടാഴ്ച്ചക്കുള്ളില്‍ കേരളത്തില്‍ നാലുപേരാണ് വന്യമൃഗങ്ങള്‍ മൂലം കൊല്ലപ്പെടുന്നത്.

മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നത് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മാത്രമാണ്. ഒറ്റയടിക്കല്ല അത്തരമൊരു സ്ഥിതിയിലേക്ക് വനവും വന്യജീവികളും എത്തിയത്. കുടിയേറ്റകാലത്ത് വന്യമൃഗങ്ങളോടും, പ്രതികൂല കാലാവസ്ഥയോടും, മലമ്പനിയോടും മറ്റും പൊരുതിയാണ് കര്‍ഷകര്‍ മണ്ണില്‍ പൊന്ന് വിളയിച്ചത്. അന്നൊന്നും ഇല്ലാത്ത സംഘര്‍ഷമാണ് ഇന്ന് നമ്മുടെ കാടുകളില്‍ കാണാന്‍ കഴിയുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായാണ് വന്യജീവികളുടെ ആക്രമണം ഇത്ര രൂക്ഷമായതെന്ന് പഴയകാല കര്‍ഷകര്‍ പറയുന്നു.

വനത്തോട് ചേര്‍ന്ന കേരളത്തിന്റെ എല്ലാ ഭാഗത്തും മഴക്കാലമെന്നോ വേനല്‍ക്കാലമെന്നോ വ്യത്യാസമില്ലാതെ മൃഗങ്ങളുടെ കാടിറക്കം പതിവാണ്. ആന, കാട്ടുപന്നി, മുള്ളന്‍പന്നി, കാട്ടുപോത്ത്, മലയണ്ണാന്‍, മ്ലാവ്, കുരങ്ങ്, മയില്‍ തുടങ്ങിയ ജീവികളാണ് ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടാക്കുന്നത്. കാടിനോടു ചേര്‍ന്ന കൃഷി വന്യമൃഗങ്ങള്‍ക്ക് അനുഗ്രഹമാണ്. വലിയ ബുദ്ധിമുട്ടില്ലാതെ ആഹാരം ലഭിക്കുമെന്നത് കാടിറങ്ങാന്‍ ഇവയെ പ്രേരിപ്പിക്കുന്നു. ഒരു കാലത്ത് പരസ്പര സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞിരുന്ന മനുഷ്യനും വന്യമൃഗങ്ങളും തമ്മില്‍ എങ്ങനെ കലഹമുണ്ടായി. വര്‍ദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിനുള്ള കാരണമെന്ത്. കാട് കൈയേറിയ മനുഷ്യന്‍ തന്നെയാണോ ഇന്നത്തെ ഈ അവസ്ഥയ്ക്കും കാരണം, ഒരന്വേഷണം.

‘ഇട’-ത്തിനുവേണ്ടിയുള്ള
മത്സരം

പണ്ടു മുതല്‍ തന്നെ മനുഷ്യനും വന്യമൃഗങ്ങളും തമ്മില്‍ ഒരു സഹവര്‍ത്തിത്വമുണ്ടായിരുന്നതായി പ്രുമഖ പരിസ്ഥിതി ശാസ്ത്രഞ്ജന്‍ ഡോ:പി.എസ്.ഈസ പറയുന്നു. എന്നാല്‍ ആധുനിക കാലത്ത് ഈ സഹവര്‍ത്തിത്വം അവസാനിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സഹവര്‍ത്തിത്വം സംഘര്‍ഷമാകുന്ന കാലമാണ്. ഇതിന് പ്രധാന കാരണം ‘ഇട’-മാണ്. വന്യജീവികളും മനുഷ്യനും ഇടത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് . മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ കാടുകായറുന്നതായി അദ്ദേഹം പറയുന്നു. മനുഷ്യന്‍ കൂടുതല്‍ വന്യമായി ഇടങ്ങളിലേക്ക് കയറുമ്പോള്‍ നഷ്ടമാകുന്ന ‘ഇട’-മാണ് വന്യമൃഗങ്ങളെ കാടിറക്കാന്‍ പ്രേരിപ്പിക്കുന്ന കാരണങ്ങളിലൊന്ന്. വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന്റെ പ്രധാന കാരണമായി അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും പറയുന്നത്, ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റമാണ്. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തുണ്ടുകളായി, കഷ്ണങ്ങളായി മാറി. പണ്ട് കാലത്ത് അവ സ്വസ്ഥമായി കഴിഞ്ഞിരുന്ന പല സ്ഥലങ്ങളിലും ഇന്ന് റോഡ്, കെട്ടിടങ്ങള്‍, തോട്ടങ്ങള്‍, റെയില്‍ പാളങ്ങള്‍, ഡാമുകള്‍ തുടങ്ങി പല വിധത്തിലുള്ള നിര്‍മാണങ്ങള്‍ വന്നു. ഇതോടെ വന്യ മൃഗങ്ങള്‍ക്ക് സ്വസ്ഥമായി കാടിനകത്ത് നടക്കാനാകാതെ ആയി. മനുഷ്യ നിര്‍മിതിവും അല്ലാത്തതുമായ കാട്ടുതീയും പ്രശ്‌നത്തെ രൂക്ഷമാക്കുന്നു. ഇതിന്റെയെല്ലാം ഫലമായി കാടിറങ്ങിവരുന്ന ആനയും കടുവയുമൊക്കെ ആക്രമിച്ച് നിരവധി മരണങ്ങള്‍ കേരളത്തില്‍ നടക്കുന്നു. അതോടൊപ്പം കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും മൂലം പലപ്പോഴും വന്യമൃഗങ്ങള്‍ നമ്മള്‍ സൃഷ്ടിച്ച കാടിന്റെയതിര്‍ത്തി കടന്നു പുറത്തു വരുന്ന സന്ദര്‍ഭങ്ങള്‍ കൂടിവരുന്നു. കാടിനോടു ചേര്‍ന്നും കൈയേറിയുമൊക്കെ നമ്മള്‍ നടത്തുന്ന കൃഷിയെയും സ്വാഭാവികമായും അവ ആക്രമിക്കുന്നു.

കാടു നശിച്ചാല്‍
നാടു നശിച്ചു

ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ പറഞ്ഞ ഒരു കഥയുണ്ട്. കഥയല്ല, അദ്ദേഹത്തിന്റെ ജീവിതത്തില്‍ ശരിക്കും സംഭവിച്ചതാണ്. അദ്ദേഹം വയനാട്ടിലെ ഒരു സ്‌കൂളില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ക്ലാസെടുക്കാന്‍ പോയി. ക്ലാസിനുശേഷം അദ്ദേഹം കാട് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളുമായി സംസാരിക്കുകയാണ്. പെട്ടെന്ന് ഒരു പെണ്‍കുട്ടി അദ്ദേഹത്തോട് ചോദിച്ചു, ‘ സര്‍, കടുവയെ സംരക്ഷിക്കേണ്ടത് എന്തിനാണ്’ അതിനെ കൊന്നു കൂടെ’. ഡോ. അരുണ്‍ സക്കറിയ ആ കുട്ടിയോട് തിരിച്ച് ചോദിച്ചു. എന്തിനാണ് കാടുകളില്‍ കടുവയെ സംരക്ഷിക്കുന്നത് അറിയുമോ എന്ന്. ആര്‍ക്കും അതിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. അവസാനം അദ്ദേഹം തന്നെ ഉത്തരം നല്‍കി. കാട് സംരക്ഷിക്കാന്‍ മാത്രമല്ല, മഴക്കും വേണ്ടിയാണ് നാം കടുവയെ സംരക്ഷിക്കുന്നത്. കടുവ വനത്തിനകത്തെ ഉന്നത ഭക്ഷ്യശൃംഖലയില്‍പ്പെട്ട കണ്ണിയാണ്. കടുവ ഉള്ളതുകൊണ്ടാണ് കാടുകളില്‍ കുളമ്പു മൃഗങ്ങളായ കാട്ടുപോത്ത്, മാന്‍, മ്ലാവ് തുടങ്ങിയവ പെറ്റുപെരുകാതെ ഇരിക്കുന്നത്. ഇനി കടുവ ഇല്ലെങ്കില്‍ ഇവയെല്ലാം പെറ്റ് പെരുകി കാടിലെ സസ്യങ്ങളെയെല്ലാം തിന്ന് തീര്‍ക്കും. അവസാനം അവയ്ക്ക് ഭക്ഷണം കിട്ടാതെ അവയും ചാവും. കാട് എന്ന് പറഞ്ഞാല്‍ മൃഗങ്ങളും മരങ്ങളും മാത്രമല്ല. നിരവധി വള്ളികളും മറ്റുംനിറഞ്ഞതാണ്. ഈ വള്ളികള്‍ മരങ്ങളെ ആക്രമിക്കും. കാലക്രമേണ വള്ളികള്‍ മരത്തെ മൂടും. കാട് നശിക്കും. കാടില്ലാതെ ആയാല്‍ മഴയുടെ അളവ് കുറയും. നമുക്ക് വെള്ളം കിട്ടാതെ ആകും.

ഇരഇരപിടിയന്‍
ക്രമം

എല്ലാ ജീവികളുടേയും എണ്ണം നിയന്ത്രിക്കാനും സന്തുലിതമായി നിലനിര്‍ത്താനും പ്രകൃതിതന്നെ നിശ്ചയിച്ച ഇരഇരപിടിയന്‍ ക്രമമുണ്ട്. കാട്ടുപന്നി തന്നെ ഉദാഹരണം. ഒറ്റ പ്രസവത്തില്‍ നിരവധി കുഞ്ഞുങ്ങള്‍ ഉണ്ടാകുന്ന ജീവിയാണ് പന്നി. ഇടയ്ക്കിടെ പ്രസവിക്കാനുള്ള ശേഷിയുമുണ്ട്. സ്വാഭാവികമായും എണ്ണം കൂടും. പന്നിക്കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്ന, ഭക്ഷണമാക്കേണ്ട ജീവികള്‍ പലതുമുണ്ട്, കാടിനകത്ത്. പ്രകൃതിയില്‍ത്തന്നെയുള്ള ആഹാരശൃംഖലയുടെ ഭാഗമാണ് ഇവ. പക്ഷേ, കാടു കുറഞ്ഞപ്പോള്‍ ഇത്തരം പല ജീവികളും ഇല്ലാതാവുകയോ കുറയുകയോ ചെയ്തു. ആഹാരശൃംഖലയിലെ കണ്ണികള്‍ മുറിയുമ്പോള്‍ ചില ജീവികള്‍ മാത്രം ക്രമരഹിതമായി വര്‍ദ്ധിക്കുന്നതു സ്വാഭാവികം മാത്രമാണ്.

കാടെവിടെ
മക്കളെ

വനം വകുപ്പിന്റെ രേഖയില്‍ കേരളത്തിലെ ആകെ വനം 11521.814 ചതുരശ്ര കിലോമീറ്റര്‍ ആണ്. സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ 29.1%. ഇതില്‍ റിസര്‍വ് വനം 9195.735 ചതുരശ്ര കിലോമീറ്ററും പ്രപ്പോസ് ഡ് റിസര്‍വ് 291.575 ചതുരശ്ര കിലോമീറ്ററും നിക്ഷിപ്ത വനങ്ങളും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളും 1905.476 കിലോമീറ്ററും. പക്ഷേ, യഥാര്‍ഥത്തില്‍ സ്വാഭാവിക നിബിഡ വനം വളരെക്കുറവാണ്. ആകെ വനത്തിന്റെ മൂന്നിലൊന്നോളം തോട്ട വനങ്ങളാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് തേക്കു വച്ചുതുടങ്ങിയ തോട്ടം മുതല്‍ ഏലം കൃഷിക്കു വേണ്ടി കൊടുത്തതും അക്കേഷ്യാ വനങ്ങളും മുളങ്കാടും ഉള്‍പ്പെടെ ഇതിലുണ്ട്. തോട്ടവനം വനമല്ല, ജൈവവൈവിധ്യം നിലനിര്‍ത്തുന്നുമില്ല.

കാടിന്റെ മൂന്നിലൊന്നു ഭാഗത്തോളം നിബിഡ വനങ്ങള്‍ക്കു പകരം തോട്ടവനങ്ങളാക്കി മാറ്റിയിരിക്കുന്നു. അവിടെ കിളികള്‍ക്കോ അണ്ണാനോ ഉള്‍പ്പെടെ ഒരു ജീവിക്കുമുള്ള ഒരു ഭക്ഷണവുമില്ല. ഒരു പൂമ്പാറ്റയെപ്പോലും ചെന്നിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നുമില്ല. വയനാട്ടില്‍ വച്ചുപിടിപ്പിച്ച അധിനിവേശ സസ്യമായ മഞ്ഞകണിക്കൊന്ന പോലെയുള്ളവയാണ് നമ്മുടെ കാടുകളില്‍ കൂടുതലും. ഇത്തരം കാടുകളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം കിട്ടാന്‍ വളരെ പാടാണ്.

കാടുകളോട് ചേര്‍ന്ന തേക്ക് പ്ലാന്റേഷന്‍ പരിസ്ഥിതിക്ക് യോജ്യമല്ല. യൂക്കാലിപ്റ്റസ് കാലക്രമേണ ഭൂമിയെ വരണ്ടതാക്കി മാറ്റുന്നവിധം ഭൂഗര്‍ഭജലം നഷ്ടപ്പെടുത്തുന്നതുപോലെയാണ് തേക്കും. ഇത് ശരിയായി തിരിച്ചറിയപ്പെടുന്നില്ല. തോട്ടവനങ്ങള്‍ മുഴുവന്‍ മുറിച്ചുനീക്കുകയാണ് സര്‍ക്കാര്‍ ആദ്യമായി ചെയ്യേണ്ടത്. പകരം അവിടെ സ്വാഭാവിക വനം വളരാന്‍ അനുവദിക്കണം. അങ്ങനെ സംഭവിച്ചാല്‍ കാട്ടുമൃഗങ്ങള്‍ക്ക് ആവശ്യമുള്ള ധാരാളം ഭക്ഷ്യവസ്തുക്കളും അവിടെ ഉണ്ടാകും. ജൈവവൈവിധ്യം പോഷിപ്പിക്കുന്ന നീര്‍മരങ്ങള്‍ തഴച്ചുവളരുമ്പോള്‍ മണ്ണില്‍ ജലവും ഉണ്ടാകും. വെള്ളം തേടിയും ഭക്ഷണം തേടിയും നാട്ടില്‍ മൃഗങ്ങള്‍ക്കു കാടുവിട്ട് ഇറങ്ങേണ്ടിവരില്ല.

കാടിറക്കിയത്
മനുഷ്യന്‍ തന്നെ

വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതും അവമൂലമുണ്ടാകുന്ന കാര്‍ഷിക നഷ്ടവും മനുഷ്യന്റെ മരണങ്ങളും ഇന്ന് നിത്യസംഭവമാണ്. വര്‍ഷങ്ങളോളം നാം നടത്തിയ വനനശീകരണത്തിന്റെ ഫലങ്ങള്‍ ഇപ്പോഴാണ് തിരിച്ചടിക്കുന്നത്. വന്യമൃഗങ്ങള്‍ക്കുള്ള സ്വാഭാവിക വാസസ്ഥാനങ്ങള്‍ കുറഞ്ഞുവന്നു. അവയുടെ സ്വാഭാവിക ആവാസസ്ഥലങ്ങള്‍ ഇന്ന് കൃഷിഭൂമികളോ റിസോര്‍ട്ടുകളോ റോഡുകളോ ആയി മാറി. ആനത്താരകളെ പറ്റി നാം കേട്ടിരിക്കും. ആനകള്‍ക്ക് കാട്ടിലുടെ സഞ്ചരിക്കാന്‍ കൃത്യമായ വഴികളുടെ തലമുറകളായി അവ സഞ്ചരിക്കുന്ന വഴി. ആ വഴിയില്‍ എന്തെങ്കിലും തടസമോ നിര്‍മിതിയോ വന്നാല്‍ മനുഷ്യനെപോലെ വഴിമാറി പോകാന്‍ അവര്‍ക്ക് അറിയില്ല. അവ കാലാകാലങ്ങളായി സഞ്ചരിച്ച വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. ആ വഴിയില്‍ കാണുന്ന കൃഷിയോ നിര്‍മിതികളോ അവ നശിപ്പിക്കുന്നത് സ്വാഭാവികമാണ്.

ടൂറിസവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും വന്യജീവികളുടെ ജീവിതത്തെ ബാധിക്കുന്നു. മനുഷ്യ നിര്‍മിതവും അല്ലാത്തതുമായ കാട്ടുതീയും പ്രശ്‌നത്തെ രൂക്ഷമാക്കുന്നു. ഇതിന്റെയെല്ലാം ഫലമായി കാടിറങ്ങിവരുന്ന ആനയും കടുവയുമൊക്കെ ആക്രമിച്ച് നിരവധി മരണങ്ങള്‍ കേരളത്തില്‍ നടക്കുന്നു. വയനാട്ടിലും ഇടുക്കിയിലും പാലക്കാട്ടും കണ്ണൂരും തൃശൂരിലെ മലക്കപ്പാറ വാല്‍പ്പറ മേഖലകളിലുമാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും നടക്കുന്നത്. ആറളം, അട്ടപ്പാടി, മണ്ണാര്‍ക്കാട്, മലക്കപ്പാറ, നിലമ്പൂര്‍, മറയൂര്‍, ചിന്നക്കനാല്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. സ്വാഭാവികമായും പലയിടത്തും വനം വകുപ്പിനും സര്‍ക്കാരിനുമെതിരേ ജനങ്ങള്‍ രംഗത്തിറങ്ങുന്നു.

കാലം തെറ്റി,
കാട് മാറി

വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന് ഏകദേശം 32 കാരണങ്ങള്‍ നമുക്ക് കണ്ടെത്താൻ കഴിയുമെന്ന് കെ.എഫ്.ആര്‍.ഐയിലെ ചീഫ് സയന്റിസ്റ്റ് ആയ ഡോ. സജീവന്‍. ഓരോ പ്രദേശങ്ങളിലും കാരണങ്ങള്‍ മാറും. ഉദാഹരണത്തിന് മൂന്നാറില്‍ ഉള്ള കാരണമായിരിക്കില്ല അട്ടപ്പാടിയില്‍. വയനാട്ടില്‍ ഉള്ള കാരണമായിരിക്കില്ല ആറളത്ത്. പ്രധാന കാരണം കാടിന്റെ സ്വഭാവത്തില്‍ വന്ന മാറ്റമാണ്. ഇതിന് കാരണം കാലാവസ്ഥാ മാറ്റമാണ്. മഴയുടെ സമയം മാറുമ്പോള്‍ സസ്യങ്ങള്‍ തളിരിടുന്നതും പൂവിടുന്നതും കായവരുന്നതും എല്ലാം മാറും. ചിത്രശലഭങ്ങള്‍ മുതല്‍ സസ്യങ്ങളെ ആശ്രയിക്കുന്ന നിരവധി ജീവികളുണ്ട്. ഇവയുടെ എല്ലാ ജീവിത ക്രമങ്ങളും ഇതോടെ തെറ്റും. ഇത്തരം ജീവികളെ ആഹരിക്കുന്ന ജീവികളേയും ഈ മാറ്റം ബാധിക്കും. തെറ്റാതെ പോയിക്കൊണ്ടിരുന്ന ഭക്ഷ്യശൃംഖലയിലെ ഇത്തരം കണ്ണികൾ മുറിയുന്നത് കാടിനെയും വന്യമൃഗങ്ങളേയും ബാധിക്കുന്നു. ആനകള്‍ ഏറ്റവും കൂടുതല്‍ പുറത്തിറങ്ങുന്നത് മഴക്കാലത്താണ്. വെള്ളത്തിന്റെ ദൗര്‍ഭല്യമുള്ളപ്പോള്‍ ആനകള്‍ ഒരു പ്രദേശത്തുതന്നെ കൂട്ടമായി കഴിയുമെന്ന് ഡോ. സജീവന്‍ പറയുന്നു. മറ്റൊരു കാരണം ടൂറിസമാണ്. ടൂറിസത്തിന്റെ അതിപ്രസരമാണ് പല മൃഗങ്ങളും കാടിറങ്ങാന്‍ കാരണം. കാടിനോട് ചേര്‍ന്ന റിസോര്‍ട്ടുകളില്‍ വന്യമൃഗങ്ങളെ പ്രത്യേകിച്ച് ആനകളെ ആകര്‍ഷിക്കാനായി ഉപ്പിടുന്ന പതിവുണ്ട്. ഇത് പ്രധാന കാരണമാണ്. ആനകള്‍ക്ക് ഉപ്പ് ഇഷ്ടമാണ്. കാട്ടില്‍ ഉപ്പ് കിട്ടാനുള്ള സാധ്യതയില്ല. ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉപ്പ് കിട്ടുന്നതോടെ ആനകള്‍ കാടിറങ്ങുന്നു. കാടിനകത്ത് ആനകളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായതായി ഡോ. സജീവന്‍ ചൂണ്ടിക്കാട്ടുന്നു. പണ്ടത്തെ പോലെയല്ല ഇപ്പോള്‍ ആനകള്‍, പണ്ട് കാടിനകത്ത് പോലും കാര്യമായി ഉപദ്രവിക്കാത്ത ആനകള്‍ ഇപ്പോള്‍ ഓടിച്ചിട്ട് ആക്രമിക്കുന്ന അനുഭവമുണ്ട്. പണ്ട് മനുഷ്യന്‍ ആനകളോട് ചെയ്തതിന്റെ പരിണിതഫലമാണ് ഇത്. ആനകളുടെ വഴിത്താരകള്‍ മുറഞ്ഞതാണ് മറ്റൊരു കാരണം. കേരളത്തില്‍ വനമുണ്ടെങ്കിലും അതിന്റെ നടുവില്‍ റോഡുകളാണ്. പല വഴികളും മുറിഞ്ഞു. ഇത് ആനകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതെല്ലാം ഇവ കാടിറങ്ങാനുള്ള കാരണമാണ്.
വനവിസ്തൃതിയില്‍ വന്ന കുറവും അതിര്‍ത്തി ഗ്രാമങ്ങളിലെ കൂടുന്ന ജനസാന്ദ്രതയും വന്യജീവികളുടെ സഞ്ചാരപാതകളിലുണ്ടായ വ്യതിയാനങ്ങളും മനുഷ്യ വന്യജീവി സംഘര്‍ഷം കൂട്ടുന്നതിന് കാരണമായി എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, വനാതിര്‍ത്തിയില്‍ ഭക്ഷണസസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നതാണ് കാടിറങ്ങുന്ന മൃഗങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നെന്ന് ഇതു സംബന്ധിച്ച് ഗവേഷണം നടത്തുന്നവര്‍ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏക സസ്യത്തോട്ടങ്ങളുടെ വര്‍ദ്ധനവ്, കാടിനകത്തുള്ള അനുചിതമായ വനവത്കരണം തുടങ്ങിയ നിരവധി കാരണങ്ങള്‍ ഒന്നൊന്നായി നിരന്നുവരും

കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും മൂലം പലപ്പോഴും വന്യമൃഗങ്ങള്‍ നമ്മള്‍ സൃഷ്ടിച്ച കാടിന്റെയതിര്‍ത്തി കടന്നു പുറത്തു വരുന്ന സന്ദര്‍ഭങ്ങള്‍ കൂടിവരുന്നു. കാടിനോടു ചേര്‍ന്നും കൈയേറിയുമൊക്കെ നമ്മള്‍ നടത്തുന്ന കൃഷിയെയും സ്വാഭാവികമായും അവ ആക്രമിക്കുന്നു. വനാതിര്‍ത്തിയില്‍ രുചികരമായ ഭക്ഷണസസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നതാണ് കാടിറങ്ങുന്ന മൃഗങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നെന്ന് ഇതു സംബന്ധിച്ച് ഗവേഷണം നടത്തുന്നവര്‍ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏക സസ്യത്തോട്ടങ്ങളുടെ വര്‍ദ്ധനവ്, കാടിനകത്തുള്ള അനുചിതമായ വനവത്കരണം തുടങ്ങിയ നിരവധി കാരണങ്ങള്‍ ഒന്നൊന്നായി നിരന്നുവരും.

തിരിച്ചടിക്കുന്ന ടൂറിസം

കാടിനുള്ളില്‍ നടക്കുന്ന ടൂറിസവും റിസോര്‍ട്ടുകളും മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് പ്രധാന കാരണമാണെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു ഉദാഹരണമായി അദ്ദേഹം പറഞ്ഞത്: ആനക്കൊമ്പന്റെ വിഹാരമേഖലയായ ചിന്നക്കന്നാലില്‍ ആന സ്ഥിരമായി പോകുന്ന വഴിയില്‍ ഒരു വന്‍കിട റിസോര്‍ട്ട് വന്നു. അതോടെ ആനയ്ക്ക് പോകാന്‍ വഴിയില്ലാതെ ആയി. ആന മറ്റ് വഴി കണ്ടെത്തി. ഈ വഴിയില്‍ കെട്ടിടങ്ങളും മറ്റുമുണ്ട്. സ്വാഭാവികമായും ആന പോകുമ്പോള്‍ അതെല്ലാം തകര്‍ക്കുന്നു. 1990 മുതല്‍ അരിക്കൊമ്പന്‍ എന്ന് വിളിക്കുന്ന ആന ചിന്നക്കന്നാല്‍ മേഖലയില്‍ ഉണ്ട്. അവിടത്തെ നാട്ടുകാര്‍ക്ക് അത്ര പ്രശ്‌നം അന്ന് ഉണ്ടായിരുന്നില്ല. ചുരം കയറി വന്ന മനുഷ്യനാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. ആനയടക്കമുള്ള വന്യജീവികളുടെ ആവാസ വ്യവസ്ഥയില്‍ കടന്നു കയറി കാട് കൈയേറി,
വനഭൂമിയെ നാടാക്കിയവര്‍, കൈയേറിയ ഭൂമിയുടെ ആധിപത്യം ഉറപ്പിക്കാന്‍ വേണ്ടി ഇപ്പോള്‍ ബാക്കിയുള്ള ആനകളേയും പിടികൂടാന്‍ മുറവിളി കൂട്ടുന്നു.

10 വര്‍ഷം;
52 മനുഷ്യജീവന്‍

കേരളത്തില്‍ വയനാട്ടിലാണ് വന്യജീവി ആക്രമണം ഏറ്റവും കൂടുതല്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വയനാട്ടില്‍മാത്രം ഏകദേശം 52 മനുഷ്യര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണു കണക്ക്. ഇതില്‍ 41 പേര്‍ കാട്ടാനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ആറുപേര്‍ കടുവയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ 2018ലെ കണക്കനുസരിച്ചാണെങ്കില്‍ വയനാട്ടില്‍ എകദേശം 159 കടുവകളുണ്ട്. വയനാട് ഉള്‍പ്പെട്ട നീലഗിരി ജൈവമണ്ഡലത്തില്‍ കടുവയുടെ എണ്ണം കൂടിവരുന്നതായും കടുവ സംരക്ഷണ അതോറിറ്റിയുടെ കണ്ടെത്തല്‍. ഇത്രയും കടുവകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി 344 ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള വന്യജീവി സങ്കേതത്തിനില്ല.
ജീവികളുടെ ആഹാരശൃംഖലയിലെ ഏറ്റവും ഉയര്‍ന്ന അംഗമാണ് കടുവ. കാട് അടക്കിവാഴും വിധം വാസസ്ഥലങ്ങളില്‍ അധീനപ്രദേശപരിധി നിലനിര്‍ത്തി റോന്തു ചുറ്റുന്ന സ്വഭാവം കടുവക്കുണ്ട്. ആണ്‍കടുവകളുടെ അധീനപ്രദേശം 70 മുതല്‍ 100 ചതുരശ്രകിലോമീറ്റര്‍ വരെ വരും. പെണ്‍കടുവകള്‍ 25 ചതുരശ്രകിലോമീറ്ററാണ് അടക്കി വാഴുക. ഒരു ആണ്‍കടുവയുടെ പരിധിയില്‍ പല പെണ്‍കടുവകള്‍ കാണുമെങ്കിലും, മറ്റൊരു ആണ്‍കടുവയെ സ്വന്തം പരിധിയില്‍ കാണുന്നത് അവ തമ്മിലുള്ള പോരാട്ടത്തിലും മിക്കവാറും ഒരു കടുവയുടെ അന്ത്യത്തിലുമായിരിക്കും അവസാനിക്കുക. ഒരു കടുവയ്ക്കു തന്നെ ഇത്ര വലിയ ഒരു പരിധി ആവശ്യമുള്ളതിനാല്‍ വനനശീകരണം ഈ മൃഗങ്ങളെ വളരെ ഗുരുതരമായി ബാധിക്കുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ ഒരു കടുവയ്ക്കു വിഹരിക്കാന്‍ കിട്ടുന്നതു പരമാവധി രണ്ടു ചതുരശ്ര കിലോമീറ്റര്‍ സ്ഥലം മാത്രമാണ്.
കടുവകളുടേതു മാത്രമല്ല, ആനകളുടെ എണ്ണവും നമ്മുടെ കാടിന് ഉള്‍ക്കൊള്ളാനാകുന്നതിലും അപ്പുറമായിരിക്കുന്നു. 2005ല്‍ വയനാട്ടില്‍ ആകെ 882 കാട്ടാനകള്‍ ഉണ്ടായിരുന്നത് 2007ല്‍ 1240 ആയും 2012ല്‍ 1155 ആയും ഉയര്‍ന്നു. 2017ല്‍ കേരളത്തിലെ ആനകളുടെ കണക്കെടുപ്പ് നടന്നെങ്കിലും ജില്ലതിരിച്ചുള്ള എണ്ണം കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ലഭ്യമാക്കിയിട്ടുമില്ല. കുറഞ്ഞത് 1500 ആനകളെങ്കിലും ഇപ്പോള്‍ വയനാട്ടിലുണ്ടാകുമെന്നു കണക്കാക്കിയാലും അവയുടെ പകുതിപോലും ഉള്‍ക്കൊള്ളാനുള്ള വലിപ്പം വയനാടന്‍ കാടിനില്ല. ഒരുദിവസം കുറഞ്ഞത് 200 കിലോ ഭക്ഷണം ആനയ്ക്കു വേണം. എത്ര നടന്നാലും തീറ്റയില്ലെന്നാകുമ്പോള്‍ നേരെ നാട്ടിലെ വാഴത്തോട്ടത്തിലേക്കിറങ്ങുകയാണ്. കേരളത്തിലെ വനങ്ങളിലാകെ 1000 ആനകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയേ ഉള്ളൂവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സംഘര്‍ഷം ‘പുതിയതല്ല’

വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ‘അടി’ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാടിനോട് ചേര്‍ന്ന പ്രദേശത്ത് മനുഷ്യവാസത്തിന്റെ അത്രതന്നെ പഴക്കം മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷത്തിനുമുണ്ടാകും. കൃഷി നശിപ്പിക്കാന്‍ വരുന്ന കാട്ടുമൃഗങ്ങളെ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും പരമ്പരാഗത രീതിയില്‍ കാട്ടിലേക്ക് തിരികെ ഓടിച്ചു വിട്ട ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നിര്‍ഭാഗ്യവശാല്‍ അതെല്ലാം മാറി. കാടിനകത്ത് മൃഗങ്ങളും നാട്ടില്‍ മനുഷ്യന്റേയും സ്വഭാവം മാറി എന്നുവേണം കരുതാന്‍. തൊണ്ണൂറുകളുടെ അവസാനം വരെ വയനാട്ടില്‍ കാടിനോട് ചേര്‍ന്ന കൃഷി ഭൂമികളില്‍ ഏറുമാടം കെട്ടി കര്‍ഷകര്‍ കാവലിരിക്കുമായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെ കാവലിരിക്കുന്ന കര്‍ഷകരുടെ എണ്ണം കുറഞ്ഞതായി ഡോ: ഇൗസ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍നിന്നുതന്നെ പഴയ കാലത്തില്‍ നിന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിപ്പുറം എന്ത് വ്യത്യാസമാണ് മനുഷ്യ വന്യജീവി സംഘര്‍ഷം അധികരിക്കാനിടയാകുന്നതെന്ന് വ്യക്തമാകാന്‍ അധികം ചിന്തിക്കേണ്ടി വരില്ല.

ആന
സാമൂഹിക ജീവി

ഇന്ത്യയില്‍ 1971 മുതല്‍ ആനപിടുത്തം നിയമം മൂലം നിരോധിച്ചതാണ്. 1984 ന് ശേഷം മെരുക്കി വില്‍ക്കാന്‍ വനംവകുപ്പ് ആനയെ പിടികൂടിയിട്ടില്ല. എന്നാല്‍ ഇന്ന് നാട്ടിലിറങ്ങുന്ന പല കാട്ടാനകളേയും മയക്കുവെടിവച്ച് പിടികൂടി കുങ്കിയാനകളാക്കി മാറ്റുന്നുണ്ട്. 2006 ല്‍ തിരുവനന്തപുരം ജില്ലയില്‍ അഗസ്ത്യ വനം ഡിവിഷന്റെ പരിധിയില്‍നിന്നു ‘-‘-കൊലകൊല്ലി’ എന്ന കാട്ടാനയെ വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലടച്ചിരുന്നു. എന്നാല്‍ പരിശീലന കൂട്ടില്‍ വച്ചു തന്നെ ആ ആന ചരിഞ്ഞു. അവസനമായി വനംവകുപ്പ് പിടികൂടി കുങ്കിയാക്കിയത് പലാക്കാട് ധോണിയില്‍ ഇറങ്ങിയ കാട്ടനയെ ആയിരുന്നു. ചിന്നക്കനാലിലെ ആനയെ പിടികൂടി കുങ്കിയാക്കാന്‍ തീരുമാനം ഉണ്ടായിരുന്നെങ്കിലും ഹൈക്കോടതി ഇടപെട്ടതോടെ ആ ആനയെ നാടുകടത്തി.
ആനകള്‍ മനുഷ്യരെപ്പോലെ തന്നെ ഒരു സാമൂഹ്യ ജീവിയാണ്. കാടുകളില്‍നിന്ന് നാം പിടികൂടിയ കൊമ്പന്‍മാര്‍ അവ ജീവിച്ചിരുന്ന ജൈവ മേഖലകളിലെ ലക്ഷണമൊത്ത ആണാനകളായിരുന്നു. ഇവയെ പിടികൂടി മെരുക്കാനുള്ള തീരുമാനത്തിലൂടെ കേരള വനം വകുപ്പ് ഭീമാബദ്ധമാണ് കാണിച്ചിരിക്കുന്നത്. കാരണം ആരോഗ്യകരമായ ഒരു തലമുറയെ നിലനിര്‍ത്തുന്നതിന് ഇത്തരം കൊമ്പന്‍മാര്‍ നമ്മുടെ വനത്തില്‍ അനിവാര്യമാണ്. പ്രത്യേകിച്ചും ലക്ഷണമൊത്ത മുതിര്‍ന്ന ആണാനകളുടെ ജീവന്‍ പല കാരണങ്ങളാല്‍ അപകടത്തിലായിരിക്കുന്ന സ്ഥിതിയുള്ളപ്പോള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ കാടുകളില്‍ ചരിഞ്ഞ ആണാനകള്‍ അമ്പതില്‍ പുറത്താണ് എന്ന കണക്ക് അതി ഭീകരമാണ്. നമ്മുടെ കാട്ടിലെ ആനകളുടെ വംശമറ്റു തുടങ്ങുന്നു എന്ന സൂചന ഇവ നല്‍കുന്നു.
ഡോ. പി.എസ്. ഈസ

എന്റെ നാട് എനിക്ക്
നിന്റെ കാട് നിനക്ക്

കൃഷി നശിപ്പിക്കാന്‍ വരുന്ന കാട്ടുമൃഗങ്ങളെ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും പരമ്പരാഗത രീതിയില്‍ കാട്ടിലേക്ക് തിരികെ ഓടിച്ചു വിട്ട പഴയ കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്വന്തം കൃഷിഭൂമി സംരക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. പണ്ടൊക്കെ വയനാട് മേഖലയില്‍ കാടിനോട് ചേര്‍ന്ന് കൃഷിയിറക്കുമ്പോള്‍ 25 ശതമാനം വന്യമൃഗങ്ങള്‍ക്ക് എന്ന് കണക്കാക്കിയാണ് കര്‍ഷകര്‍ കൃഷിചെയതിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിപ്പുറം എന്ത് വ്യത്യാസമാണ് മനുഷ്യ-വന്യജീവി സംഘര്‍ഷം അധികരിക്കാനിടയാകുന്നതെന്ന് വ്യക്തമാകാന്‍ അധികം ചികയേണ്ടി വരില്ല. ഇന്ന് മൃഗങ്ങള്‍ കാടിറങ്ങുന്നത് തടയേണ്ടത് വനംവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമായി മാറി. എന്റെ നാട് എനിക്കും നിന്റെ കാട് നിനക്കും എന്ന നിലപാടിലായി ആധുനിക മനുഷ്യന്‍. വന്യജീവികളുടെ ആവാസ വ്യവസ്ഥക്ക് ഭംഗം വരുമ്പോഴാണ് അവ നാട്ടിന്‍പുറങ്ങളിലിറങ്ങി നാശം വിതക്കുന്നതെന്ന പതിവ് വാദത്തെ മാറ്റിനിര്‍ത്തിയാല്‍ തന്നെ വന്യജീവി സംഘര്‍ഷത്തിന്റെ കാരണങ്ങളെ ഒന്നൊന്നായി വായിച്ചെടുക്കാനാകും.

നാട്ടില്‍ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുവാദം കൊടുക്കണം എന്ന ആവശ്യം മുന്‍പേയുണ്ട്. വനങ്ങളുടെ പരിസരത്തു ജീവിക്കുന്നവര്‍ക്ക് അതിനു പരിശീലനവും ആയുധവും വനംവകുപ്പുതന്നെ നല്‍കുക, വന്യമൃഗങ്ങളില്‍നിന്നു മനുഷ്യരേയും മനുഷ്യരുടെ കൃഷിയിടങ്ങളേയും സംരക്ഷിക്കാനും കാടിനെ സംരക്ഷിക്കാനും നാട്ടുകാരില്‍നിന്നു സന്നദ്ധ പ്രവര്‍ത്തരെ തെരഞ്ഞെടുക്കുക എന്നീ ആവശ്യങ്ങള്‍ ഇതിന്റെ ഭാഗമാണ്. ‘മനുഷ്യരുടെ നിലനില്‍പ്പുകൂടി പരിഗണിച്ചുകൊണ്ടുവേണം, വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ എന്ന് തൃശൂരിലെ മലയോരമേഖലയിലെ കര്‍ഷകനായ സണ്ണി പറയുന്നു.
വന്യജീവികള്‍ കൊല്ലുന്ന മനുഷ്യരുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുത്ത് പ്രതിഷേധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് വനംവകുപ്പ് ചെയ്യുന്നത്. കൃഷി നശിപ്പിക്കുന്ന മൃഗങ്ങള്‍ക്കെതിരേ യാതൊന്നും ചെയ്യുന്നില്ല. നശിച്ച കൃഷിക്ക് ന്യായമായ നഷ്ടപരിഹാരവും കിട്ടുന്നില്ലെന്ന് സണ്ണി പറയുന്നു. എന്നാല്‍ കൃത്യമായ നഷ്ടപരിഹാരം നല്‍കുന്നു എന്നാണ് വനംവകുപ്പിന്റെ പക്ഷം. വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ അവയുടെ വില കണക്കാക്കി നഷ്ടപരിഹാരം നല്‍കുന്നുണ്ട്. എന്നാല്‍ പല വളര്‍ത്തുമൃഗങ്ങളേയും വന്യമൃഗങ്ങള്‍ പിടിക്കുന്നത് തൊഴുത്തില്‍വച്ചല്ല, കാട്ടില്‍ മേയാന്‍ വിടുമ്പോഴാണ്. കര്‍ഷകര്‍ ഇത് ശ്രദ്ധിച്ചാല്‍ ഇത്തരം ആക്രമണങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിയുമെന്ന് വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡോ.അരുൺ സക്കറിയ

നിയമങ്ങള്‍ കര്‍ശനമായി

വനങ്ങളേയും വന്യമൃഗങ്ങളേയും സംരക്ഷിക്കാനായി നിരവധി നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഈ നിയമങ്ങള്‍ കര്‍ശനമായതോടെ കാടിനകത്തു കയറിയുള്ള വേട്ടയാടല്‍ ഒരു പരിധിവരെ കുറഞ്ഞു. നിരവധി പോരാട്ടങ്ങളുടെ ഫലമായാണ് ഇത്തരം നിയമങ്ങള്‍ കര്‍ശനമായത് എന്നതുകൂടി ഓര്‍മ്മിക്കണം.
ഇതോടെ വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. വേട്ട അനുവദിച്ചിരുന്ന കാലത്ത് കാട്ടില്‍ കയറി ആളുകള്‍ മൃഗങ്ങളെ കൊല്ലുമായിരുന്നു. പക്ഷേ, ഇപ്പോള്‍ അതിന് അനുവാദമില്ല. ഇതോടെ കാട്ടുപന്നിയടക്കമുള്ളവ പെറ്റുപെരുകി.

കുറുക്കന്‍ കാടിറങ്ങി,
പന്നി പെറ്റു പെരുകി

കാട്ടില്‍നിന്നും കുറുക്കന്‍ ഇല്ലാതായതോടെയാണ് പന്നികള്‍ പെറ്റുപെരുകിയതെന്ന് ഡോ: പി.എസ്. ഈസ പറയുന്നു. അതിരപ്പള്ളി മേഖലയിലെ പഴയ കുടിയേറ്റ കര്‍ഷകരോട് സംസാരിച്ചപ്പോഴും ഇതുതന്നെയാണ് പറഞ്ഞത്. അതിരപ്പള്ളി മേഖലയിലെ പഴയകാല കര്‍ഷകരുടെ ഓര്‍മ്മകളില്‍ കാട്ടില്‍നിന്നു കൃഷിയിടങ്ങളില്‍ ഇറങ്ങിയിരുന്നത് കാട്ടുപന്നിയായിരുന്നില്ല, കുറുക്കന്‍ ആയിരുന്നു. കുറുക്കനെ കാട്ടുപന്നിക്കു പേടിയായതുകൊണ്ട് കുറുക്കനുള്ളിടത്തേക്കു പന്നി വരില്ല.

കാട്ടില്‍ കാട്ടുപന്നിയുടെ കുട്ടികളായിരുന്നു കുറുക്കന്റെ പ്രധാന ഭക്ഷണം. കാടിന് കാടിന്റേതായ ഒരു ഭക്ഷ്യശൃംഖലയുണ്ടെന്ന് ഡോ: ഈസ പറഞ്ഞു. കുറുക്കന്മാര്‍ കാട്ടുപന്നികളുടെ വര്‍ദ്ധനവ് തടയാന്‍ പ്രകൃതി ഒരുക്കിയഭക്ഷ്യശൃംഖലയിലെ ഒരു പ്രധാന കണ്ണിയായിരുന്നു. എന്നാല്‍ കാടിനോടു ചേര്‍ന്ന കൃഷി ഭൂമികളില്‍ കൃഷിരീതികള്‍ മാറിയത് കുറുക്കന് വിനയായി എന്ന് ഡോ: ഈസ ചൂണ്ടികാണിക്കുന്നു. പണ്ട് കാലത്ത് വനത്തോട് ചേര്‍ന്ന് വയലുകളായിരുന്നു കൂടുതലും. ഇത്തരം വയലുകളില്‍ ഞണ്ടിനെ തിന്നാന്‍ കുറുക്കന്‍മാര്‍ കാടിറങ്ങുമായിരുന്നു. എന്നാല്‍ വയലുകള്‍ വാഴത്തോട്ടങ്ങള്‍ക്ക് വഴിമാറി. ഇതോടെ ഈ തോട്ടങ്ങളില്‍ വ്യാപകമായി ഫ്യൂരിഡാന്‍ പോലുള്ള കീടനാശിനി ഉപയോഗം രൂക്ഷമായി. ഇത് തിന്ന് ചത്ത ഞണ്ടിനെ ഭക്ഷിച്ച കുറുക്കനും കാലക്രമേണ വംശമറ്റു. വയനാട്ടിലെ ഒരു കര്‍ഷകന്‍ ഒരേ സമയം 14 കുറുക്കന്‍മാര്‍ ഇത്തരം വയലുകളില്‍ ചത്തുകിടക്കുന്നത് കണ്ടിട്ടുണ്ടെന്ന് പറയുന്നു. കുറുക്കന്‍മാര്‍ ‘കാടി’-റങ്ങിയതോടെ കാടിനകത്ത് പന്നികള്‍ പെറ്റുപെരുകി. ഇതോടെയാണ് കൃഷിഭൂമികളിലേക്ക് പതിയെപ്പതിയെ പന്നികള്‍ വന്നുതുടങ്ങിയത്.

Author

Scroll to top
Close
Browse Categories