ഗുരുദര്‍ശനത്തിന്റെ തനിമ
ഇപ്പോള്‍ സ്ഥിരമായി കേട്ടുപോരുന്ന ‘വികസനം’ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നതു തന്നെയാണല്ലൊ ‘അഭിവൃദ്ധി’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതും. അപ്പോള്‍ ആധുനിക ശൈലിയില്‍ പറയുന്ന വികസനമാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യമായി ഗുരു വിഭാവനം ചെയ്തത് എന്നു വ്യക്തം. ശിവഗിരി തീര്‍ത്ഥാടനത്തിന് ഗുരു കണ്ടത്, സാധാരണ പറഞ്ഞുപോരുന്നതുപോലെ, ‘അഷ്ടലക്ഷ്യ’ങ്ങളല്ല, വികസനം എന്ന ഒറ്റ ലക്ഷ്യമാണെന്നര്ത്ഥം. ഈ ലക്ഷ്യം കൈവരിക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങളായി വ്യത്യസ്ത വിഷയങ്ങളെയും കാണാം.
ഒരു രാജശില്പി തന്റെ ശില്പം ആദ്യം വിഭാവനം ചെയ്യുന്നത് തന്റെ ഉള്ളിലാണ്. എന്നിട്ട് ഭാവനയിലുള്ള ആ രൂപം വസ്തുനിഷ്ഠമായി ആവിഷ്ക്കരിക്കും. അതുപോലെ കേരള നവോത്ഥാനത്തിന്റെ രാജശില്പിക്കും മനുഷ്യ ജീവിതത്തെക്കുറിച്ചും ജീവിതത്തിന്റെ അഭിവൃദ്ധിയെക്കുറിച്ചും വ്യക്തമായ ഉള്‍ക്കാഴ്ചയും ധാരണയുമുണ്ടായിരുന്നു. ആ ഉള്‍ക്കാ ഴ്ചയാണ് ഗുരുദര്‍ശനം; ഗുരുവിന്റെ ജീവിതം ഈ ദര്‍ശനത്തിന്റെ സാക്ഷാത്ക്കാരവും. അപ്പോള്‍ കേരള നവോത്ഥാനത്തിന്റെ യുണീക് ഫാക്ടര്‍ ശ്രീനാരായണഗുരുവാണെന്നും ഗുരുദര്‍ശന മാണെന്നും ഒരേ സമയം പറയാം.
കേരള മാതൃകയുടെ യുണീക് ഫാക്ടര്‍ എന്താണെന്ന് അന്വേഷിക്കുമ്പോള്‍ ഇതുവരെ കണ്ടെത്തിയ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: 1. കേരള ‘മാതൃക’യുടെ അടിസ്ഥാനം കേരള ‘നവോത്ഥാനം’ എന്ന പ്രക്രിയയാണ്. 2. കേരള നവോത്ഥാനത്തിന്റെ പിന്നിലുള്ള യുണീക് ഫാക്ടര്‍, അതിന്റെ രാജശില്പി എന്ന നിലയില്‍ ശ്രീനാരായണഗുരുവാണ്. 3. അതുകൊണ്ട് കേരള മാതൃകയുടെ യുണീക് ഫാക്ടറും ശ്രീനാരായണഗുരു തന്നെയാണ്. 4. ആ അര്‍ത്ഥത്തില്‍, അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയാം കേരള മാതൃക എന്നാല്‍ ശ്രീനാരായണഗുരു മാതൃകയാണെന്ന്.
ഗുരു മാതൃകയുടെ തനിമ
ലോകശ്രദ്ധയാകര്‍ഷിച്ച കേരളത്തനിമയുടെ വേരുകള്‍ തേടി കേരളത്തിലെത്തിയ ബില്‍ മക്കിബ്ബര്, ഈ സവിശേഷതയുടെ പിന്നില്‍ ശ്രീനാരാണ ഗുരുവിന്റെ സ്വാധീനം കണ്ടെത്തി യത് തുടക്കത്തില്‍ കണ്ടു. കേരളത്തനിമയെ അദ്ദേഹം ഒരു പ്രഹേളികയായി കണ്ടതും കണ്ടു. നിലവിലുള്ള ധാരണകള്‍ വച്ചുകൊണ്ട് കേരളത്തിന്റെ പ്രത്യേകതകള്‍ വിശദീകരിക്കാന്‍ കഴിയാതെ വന്നതുകൊണ്ടാണല്ലൊ ‘പ്രഹേളിക’ എന്ന വിശേഷണം അദ്ദേഹം നല്‍കിയത്.
ഈ പ്രഹേളികയുടെ കുരുക്കഴിച്ച് ഒരു യുക്തിസഹമായ വിശദീകരണം നല്കാന് എന്താണ് വഴി? വഴിയൊന്നേയുള്ളൂ. നിലവിലുള്ള ധാരണകള്‍ വച്ചുകൊണ്ട് കേരളത്തെ വിലയിരുത്തുന്നതിനു പകരം കേരളത്തിന്റെ തനതായ അവസ്ഥയ്ക്കു പിന്നിലുള്ള തനതായ ഘടകത്തിന്റെ തനിമ മനസ്സിലാക്കുക. ആ തനതായ ഘടകം ഗുരുദര്ശനമായതുകൊണ്ട് ഗുരുദര്‍ശനത്തിന്റെ തനിമ അറിഞ്ഞുകഴിയുമ്പോള്‍ പ്രഹേളിക എന്ന, അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നിന്ന് അര്‍ത്ഥം വ്യക്തമാകുന്ന അവസ്ഥയിലേക്കു മാറാന്‍ കഴിയും. തനിമയുള്ള ഗുരുദര്‍ശനത്തിന്റെ ആവിഷ്ക്കാരമായി ഒരു സാമൂഹ്യക്രമം ഉരുത്തിരിയുമ്പോള്‍ ആ സമൂഹത്തിലും തനിമയുണ്ടാകുമെന്ന് ബോദ്ധ്യപ്പെടും.
ഈ തനിമ ബോദ്ധ്യപ്പെടുന്നതിന് ഒരു പ്രധാന തടസ്സം അല്ലെങ്കില്‍ മറയുണ്ട്. പാശ്ചാത്യ വീക്ഷണത്തില്‍ക്കൂടി മാത്രം സാമ്പത്തിക ശാസ്ത്രത്തെയും വികസന സങ്കല്പത്തെയും വിലയിരുത്തുന്നതാണ് ഈ മറ. പാശ്ചാത്യവീക്ഷണപ്രകാരം രണ്ട് പ്രധാന സാമ്പത്തിക വ്യവസ്ഥകള്‍ മുതലാളിത്തവും കമ്മ്യൂണിസവുമാണ്. ഒന്നുകില്‍ മുതലാളിത്തം അല്ലെങ്കില്‍ കമ്മ്യൂണിസം, അഥവാ, മുതലാളിത്തതിനു ബദല്‍ കമ്മ്യൂണിസം എന്ന ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് സാമൂഹ്യവ്യവസ്ഥയെ വിലയിരുത്തുന്നതാണ് പതിവ് പാശ്ചാത്യ വീക്ഷണം.
ശ്രീനാരായണഗുരുവിന്റെ ജീവിതവീഷണം മുതലാളിത്തത്തിന്റേതുമല്ല, കമ്മ്യൂണിസ ത്തിന്റേതുമല്ല; അതൊരു ദര്ശനത്തനിമയാണ്. ആ ദര്ശനത്തനിമയുടെ സ്വാധീനത്തില്‍ ഒരു സാമൂഹ്യക്രമം ഉരുത്തിരിയുമ്പോള്‍ അതിലും ഈ തനിമയുടെ പ്രതിഫലനം കാണാം. ഈ തനിമയാകട്ടെ പാശ്ചാത്യവീക്ഷണത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ ഒതുങ്ങുന്നതുമല്ല. അതുകൊണ്ടു തന്നെ, ഈ ചട്ടക്കൂട്ടിനുള്ളില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ കേരള മാതൃകയുടെ യുണീക് ഫാക്ടറിന്റെ തനിമ ദൃശ്യമാവുകയുമില്ല, അതൊരു പ്രഹേളികയായി തോന്നുകയും ചെയ്യും. ഈ ചട്ടക്കൂടാണ് മറ; ഈ ചട്ടക്കൂടിന് പുറത്തുവരാതെ മറ മാറുകയില്ല.
ശിവഗിരി തീര്‍ത്ഥാടനം
എന്ന തനിമ
കേരള മാതൃകയുടെ തനിമയുള്ള ഘടനയുടെ പിന്നിലുള്ള ഗുരുദര്‍ശനത്തിന്റെ തനിമ എന്താണ്? ശിവഗിരി മഠം സ്ഥാപിച്ച കാലത്ത് ഗുരു ഒരു സന്ദേശം പുറപ്പെടുവിച്ചിരുന്നു. ‘അദ്വൈത ജീവിതം’ എന്ന പേരില്‍ കുമാരാനാശാന്‍ അത് പ്രസിദ്ധപ്പെടുത്തി. ശ്രീനാരായണ ഗുരുവിന്റെ വികസന സങ്കല്പത്തിന്റെ രൂപരേഖയായി ഈ സന്ദേശത്തെ കാണാം. അതിലെ ഒരു വചനം ഇതാണ്: ”ലൗകികവും ആത്മീയവും രണ്ടും രണ്ടല്ല.” ഗുരുദര്ശനത്തനിമയുടെ ഒരു തലമാണിത്. ഇത് മുതലാളിത്ത വീക്ഷണവുമല്ല, കമ്മ്യൂണിസ്റ്റ് വീക്ഷണവുമല്ല. ഇത് ഏകാത്മകതാ വീക്ഷണത്തിലുള്ള വികസന സങ്കല്പത്തിന്റെ ഒരടിസ്ഥാനശിലയാണ്.
1905-ല്‍, സമൂഹത്തില്‍ ഉണര്‍വുണ്ടാക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ എസ്.എൻ.ഡി.പി യോഗത്തിന് ഗുരു നല്കി. നിര്‍ദ്ദേശങ്ങള്‍ എങ്ങനെ നടപ്പാക്കണം എന്നുള്ളതിന് ചില നിബന്ധനകളും വച്ചു. മതം, സദാചാരം, വിദ്യാഭ്യാസം, വ്യവസായം, എന്നീ നാല് മേഖലകളെ കേന്ദ്രീകരിച്ചുള്ള സമഗ്രമായ ഒരു വികസന പദ്ധതിയായി ഈ നിര്‍ദ്ദേശങ്ങളേയും നിബന്ധനകളേയും കാണാം. ഈ നാലു മേഖലകളില്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങളെ വിടര്‍ത്തി, അതിന്റെ കൂടെ ശാസ്ത്ര- സാങ്കേതിക മേഖല കൂടി ഉള്‍പ്പെടുത്തി വികസിപ്പിച്ചതാണ് ശിവഗിരി തീര്‍ത്ഥാടനത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി ഗുരു നിര്‍ദ്ദേശിച്ച എട്ടു വിഷയങ്ങള്‍ എന്ന് ഗുരുവിന്റെ വാക്കുകളെ സൂക്ഷ്മ മായി വിശകലനം ചെയ്താല്‍ കാണാന്‍ കഴിയും. ഈ മേഖലകളുടെ പുഷ്ടിയിലൂടെ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാവുക എന്നതായിരിക്കണം ശിവഗിരി തീര്ത്ഥാ ടനത്തിന്റെ പ്രധാന ഉദ്ദേശ്യം എന്നും ഗുരു നിര്‍ദ്ദേശിച്ചതായി റ്റി.കെ. കിട്ടന് റൈറ്റര്‍ എഴുതിയ ”ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദയം” എന്ന പുസ്തകത്തില്‍ കാണാം.
ഇപ്പോള്‍ സ്ഥിരമായി കേട്ടുപോരുന്ന ‘വികസനം’ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നതു തന്നെയാണല്ലൊ ‘അഭിവൃദ്ധി’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതും. അപ്പോള്‍ ആധുനിക ശൈലിയില്‍ പറയുന്ന വികസനമാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യമായി ഗുരു വിഭാവനം ചെയ്തത് എന്നു വ്യക്തം. ശിവഗിരി തീര്‍ത്ഥാടനത്തിന് ഗുരു കണ്ടത്, സാധാരണ പറഞ്ഞുപോരുന്നതുപോലെ, ‘അഷ്ടലക്ഷ്യ’ങ്ങളല്ല, വികസനം എന്ന ഒറ്റ ലക്ഷ്യമാണെന്നര്ത്ഥം. ഈ ലക്ഷ്യം കൈവരിക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങളായി വ്യത്യസ്ത വിഷയങ്ങളെയും കാണാം.
വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതികശാസ്ത്ര പരിശീലനങ്ങള്‍ ഇവയാണല്ലൊ ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ സ്വാംശീ കരിക്കുകയും വൈദഗ്ധ്യം സമ്പാദിക്കുകയും ചെയ്യാന്‍ ഗുരുനിര്ദ്ദേശിച്ച വിഷയങ്ങള്‍. ”ലൗകികവും ആത്മീയവും രണ്ടല്ല” എന്ന ഗുരുദര്ശനത്തനിമയുടെ പ്രതിഫലനമാണ് ഈ വിഷയങ്ങള്‍. ആദ്യത്തെ നാല് വിഷയങ്ങള്‍ സാമ്പത്തികേതരമായ അഭിവൃദ്ധിക്ക് ആവശ്യമായ നാല് മേഖലകളാണ്. ഇവ എല്ലാവര്ക്കും ബാധകമായ പൊതുവായ മണ്ഡലങ്ങളാണ്. മറ്റ് നാലെണ്ണം സാമ്പത്തിക അഭിവൃദ്ധിക്കായി അവരവരുടെ താത്പര്യവും അഭിരുചിയും സാഹച ര്യവും അനുസരിച്ച് ഓരോരുത്തര്‍ക്കും തിരഞ്ഞെടുക്കാവുന്ന മേഖലകളും.
ആധുനിക വികസന സങ്കല്പത്തിന്റെ പദാവലി ഉപയോഗിച്ചു പറഞ്ഞാല്‍ അവയെല്ലാം വ്യത്യസ്ത മൂലധനങ്ങളാണ്. ആദ്ധ്യാത്മിക മൂലധനം, സാംസ്കാരിക മൂലധനം, സാമൂഹ്യ മൂലധനം, സാമ്പത്തിക മൂലധനം തുടങ്ങി ലൗകികവും ആത്മീയവുമായ വ്യത്യസ്ത മൂലധന ങ്ങളെ സംയോജിപ്പിച്ച് ജീവിതത്തിന് സന്തുലനം നല്കുന്ന ഒരു വികസനമാതൃകയാണിത്. മുതലാളിത്തത്തില്‍ നിന്നും കമ്മ്യൂണിസത്തില്‍ നിന്നും വ്യത്യസ്തമായ, ഏകാത്മകതാബോധ ത്തില്‍ അധിഷ്ഠിതമായ ശ്രീനാരായണഗുരു മാതൃകയുടെ ഒരു തനിമയാണ് ഈ സന്തുലിത വീക്ഷണം.
ഒരു പുതിയ ലോകക്രമം
ഗുരുവിന്റെ സ്വാധീനത്താല്‍ ഉണ്ടായ സാമൂഹ്യ മാറ്റങ്ങളെക്കുറിച്ചുള്ള അക്കാദമിക് ഗവേഷണങ്ങളിലും ‘ശ്രീനാരായണഗുരു മാതൃക’യുടെ തനിമയുടെ ചില കണ്ടെത്തലുകള്‍ കാണാം. മാര്‍ത്തോമാ സഭയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷനായ ഡോ. ഗീവറുഗീസ് മാര്‍ തിയഡോഷ്യസ് കാനഡയിലെ മാക് മാസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടര്‍ ബിരുദം നേടിയത് അത്തരമൊരു പഠനത്തിനാണ്. ഈ ഗവേഷണത്തിന്റെ കണ്ടെത്തലുകള്‍ ”നവീകരണവും പാരമ്പര്യങ്ങളുടെ പരിരക്ഷയും ശ്രീനാരായണഗുരു ദര്‍ശനങ്ങളില്‍” എന്ന പേരില്‍ മലയാള പുസ്തകമായി ഡി.സി. ബുക്സ് 1994-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവിതാംകൂറിലെ സാമൂഹ്യ രാഷ്ട്രീയ പ്രതിരോധങ്ങളില്‍ എസ്.എൻ.ഡി.പി യോഗം വഹിച്ച പങ്കിനെക്കുറിച്ച് പി. ചന്ദ്രമോഹന് നടത്തിയ ഗവേഷണവും ഈ വിഷയത്തില്‍ വെളിച്ചം വീശുന്നതാണ്. 1982-ല്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ (JNU) സമര്‍പ്പിച്ച പ്രബന്ധം വിപുലീകരിച്ച് ‘Developmental Modernity in Kerala: Narayana Guru, SNDP Yogam and Social Reform’ എന്ന പുസ്തകമായി 2016-ല്‍ തൂലികാ ബുക്സ് പ്രസിദ്ധീകരിച്ചു.
”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ ഏകലോകം സൃഷ്ടിക്കാന്‍ ആവശ്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും വികസിപ്പിക്കാന്‍ വേണ്ട മാര്‍ഗ്ഗരേഖകള്‍ക്ക് നടരാജഗുരു രൂപം നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗ രേഖകള്‍ ന്യൂഡല്‍ഹിയിലെ ഡി.കെ. പ്രിന്റ്വേള്ഡ് എന്ന പ്രസാധകര് ”എക്സ്പീരിയന്‍സിംഗ് വണ്‍ വേള്‍ഡ്” (Experiencing One World) എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. ലോകം മുഴുവന്‍ ശ്രദ്ധിച്ച കേരള മാതൃകയുടെ ‘യുണീക് ഫാക്ടറായ’ ശ്രീനാരായണഗുരു മാതൃകയെ അടിസ്ഥാനമാക്കി, അരുവിപ്പുറത്തിന്റെ സ്വപ്നമായ മാതൃകാ ലോകം സൃഷ്ടിക്കാന്‍ ഉതകുന്ന ഈ മാര്‍ഗ്ഗരേഖ ഇന്ന് ലോകം നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനുള്ള ഒറ്റമൂലിയായ ഗുരുദര്‍ശനത്തിന്റെ പല പ്രായോഗിക തലങ്ങളും കാട്ടിത്തരികയും ചെയ്യുന്നു.
(ലേഖകന്റെ മൊബൈല്‍ നമ്പര്‍ : 9447863335)