വിമര്‍ശനത്തിലെ താരസ്വരം
പ്രഭാഷണമില്ലാത്ത ഒരു ജീവിതം നിഷ്പ്രയോജനമാണെന്നും രോഗങ്ങളില്ലാതെ ഓടി നടന്ന് പ്രസംഗിക്കാനും വായിക്കാനും എഴുതാനും കഴിയണമെന്നാണ് ആഗ്രഹമെന്നും ബാലചന്ദ്രന്‍ വടക്കേടത്ത് തുറന്നു പറഞ്ഞിരുന്നു. കലഹിക്കാന്‍ കഴിയുന്ന സര്‍ഗാത്മക മനസ്സാണ് എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും വിളനിലമെന്നും അതു ജീവിതാവസാനം വരെ നിലനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
മലയാളവിമര്‍ശനം അനേകശാഖകളായി പടര്‍ന്നു വളര്‍ന്നത് ആധുനികതയിലാണ്. വിവിധ സിദ്ധാന്തങ്ങളുടെ പിന്‍ബലത്തോടെ നിരൂപണ സാഹിത്യം ആസ്വാദനത്തിന്റെ അരങ്ങൊരുക്കി. കെ പി അപ്പന്‍ മുതല്‍ പി.കെ രാജശേഖരന്‍വരെ നീളുന്ന വിമര്‍ശകനിര വളര്‍ന്നത് ആധുനികതയുടെ വളക്കൂറുള്ള മണ്ണിലാണ്. ഇതേ കാലമാണ് ബാലചന്ദ്രന്‍ വടക്കേടത്ത് എന്ന നിരൂപകനെയും രൂപപ്പെടുത്തിയതും പാകപ്പെടുത്തിയതും. ആധുനികതയില്‍ തുടങ്ങിയ വിമര്‍ശകദൗത്യം ഉത്തരാധുനികതയുടെ കയറ്റിറക്കങ്ങളിലൂടെ നിര്‍ഭയം തുടര്‍ന്നു അദ്ദേഹം. വിമര്‍ശനത്തിലെ തനിമ നിറഞ്ഞ താരസ്വരമായി മാറുകയും ചെയ്തു. സമകാലിക വിമര്‍ശകരില്‍ ഏറ്റവും നിര്‍ഭയനായ ഏകാന്തസഞ്ചാരി കൂടിയായിരുന്നു അദ്ദേഹം.
വാക്കിന്റെ സൗന്ദര്യശാസ്ത്രം, നിഷേധത്തിന്റെ കല, മരണവും സൗന്ദര്യവും, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്, പുതിയ ഇടതുപക്ഷം, പുരോഗമനപാഠങ്ങള്‍, രമണന്‍ എങ്ങനെ വായിക്കരുത്, ആനന്ദമീമാംസ, നോവല്‍ സന്ദര്‍ശനങ്ങള്‍, പ്രത്യവമര്‍ശം, ജന്മശ്രാദ്ധം, ഒരു ചോദ്യം രണ്ടുത്തരം, വിമര്‍ശകന്റെ കാഴ്ചകള്‍, കൂട്ടിവായന, ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ഇടയില്‍, സച്ചിന്‍ അടിച്ച പന്ത്, ആശയം സമൂഹം ഇടതുപക്ഷം, അര്‍ത്ഥങ്ങളുടെ കലഹം, ചെറുത്തുനില്‍പ്പിന്റെ ദേശങ്ങള്‍ , തിരഞ്ഞെടുത്ത ചെറുകഥാ പ്രബന്ധങ്ങള്‍, വാക്യoരസാത്മകം, വാക്കും വാഴ്ചയും, ഒഴിഞ്ഞ കസേരയില്‍ കയറി ഇരിക്കരുത്, ചെറുത്തു നില്പിന്റെ ദേശങ്ങള്‍, അന്ത്യ സന്ദേശം ആരെഴുതി, വിമര്‍ശകന്റെ കാഴ്ചകള്‍, ഒരു ചോദ്യം രണ്ടുത്തരം, വിമര്‍ശനവും അപസര്‍പ്പകതയും, തിരിഞ്ഞു നടപ്പ്, അപവായനകള്‍, അപഹരിക്കപ്പെടുന്ന ബുദ്ധി എന്നിവ പ്രധാന കൃതികളാണ്.അഴീക്കോടിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍,സാഹിത്യവും രാഷ്ട്രീയവും (അഴീക്കോട്) എന്നിവ സമാഹരണ കൃതികളാണ്.
കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ മൂല്യച്യുതിയെ പറ്റിയും എഴുത്തുകാര്‍ വെറും സ്തുതിപാഠകരാകുന്നതിനെ പറ്റിയും നിരന്തരം ആകുലത പുലര്‍ത്തിയ എഴുത്തുകാരനാണ് ബാലചന്ദ്രന്‍ വടക്കേടത്ത്. എഴുത്തുകാരുടെ ഒത്തു തീര്‍പ്പുകളെ അദ്ദേഹം തുറന്നെതിര്‍ത്തു.
അധികാരക്കസേരകളോടുള്ള ആസക്തി എഴുത്തുകാരന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്നുവെന്ന് സമീപകാല പ്രസംഗങ്ങളില്‍ അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എഴുത്തുകാരുടെ ചിന്തകളും പ്രതികരണങ്ങളും തങ്ങള്‍ക്ക് ആഭിമുഖ്യമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്ന വിധത്തിലാണെന്നും പുരോഗമന പക്ഷമെന്നു മേനി നടിക്കുന്നവരില്‍ ഈ പ്രവണത വളരെ കൂടുതലാണെന്നും വടക്കേടത്ത് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സഹയാത്രികനായിരിക്കുമ്പോള്‍ തന്നെ നേതാക്കളുടെ പടലപ്പിണക്കങ്ങളെ തുറന്നുവിമര്‍ശിക്കാനുള്ള ആര്‍ജ്ജവം അദ്ദേഹം പുലര്‍ത്തിയിരുന്നു.
രോഗം മൂര്‍ച്ഛിച്ചപ്പോഴും വായനയ്ക്ക് അവധി കൊടുക്കാത്തയാളായിരുന്നു വടക്കേടത്ത്. ഏറ്റവും പുതിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വരെ മുന്‍ വിധിയില്ലാതെ വായിച്ച് വിലയിരുത്തുമായിരുന്നു. ചുമ കൊണ്ട് അവശനായപ്പോള്‍ ഏറ്റവും ഖേദിച്ചത് പ്രസംഗിക്കാനാവാത്തതിലായിരുന്നു. എഴുത്തും വായനയും പോലെ പ്രസംഗവും വടക്കേടത്തിന് ആവേശമായിരുന്നു.
വായിച്ചു തീര്‍ത്ത പുസ്തകങ്ങളും സമകാലിക രാഷ്ട്രീയ വിഷയങ്ങളും എല്ലാം ആ വാക്കുകളില്‍ പ്രതിഫലിക്കുമായിരുന്നു. പ്രഭാഷണമില്ലാത്ത ഒരു ജീവീതം നിഷ്‌പ്രയോജനമാണെന്നും രോഗങ്ങളില്ലാതെ ഓടി നടന്ന് പ്രസംഗിക്കാനും വായിക്കാനും എഴുതാനും കഴിയണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. കലഹിക്കാന്‍ കഴിയുന്ന സര്‍ഗാത്മക മനസ്സാണ് എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും വിളനിലമെന്നും അതു ജീവിതാവസാനം വരെ നിലനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ‘കലഹിക്കാത്ത മനുഷ്യന്‍ ലോകത്തെ അറിയുന്നില്ല എന്ന് എല്ലാ തത്ത്വ ചിന്തകളും എന്നെ ഓര്‍മ്മപ്പെടുത്തുന്നു’ എന്നാണ് അദ്ദേഹം ഇക്കാര്യത്തെ വിശദീകരിച്ചത്.
സമസ്ത കേരള സാഹിത്യ പരിഷത്ത് ഉപാദ്ധ്യക്ഷനായിരുന്നു. സാഹിത്യ നിരൂപകൻ, പ്രഭാഷകൻ, രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവ സാന്നിധ്യം,കേരള കലാമണ്ഡലം മുൻ സെക്രട്ടറി, സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. എ.ആർ. രാജരാജവർമ്മ പുരസ്‌കാരം, കുറ്റിപ്പുഴ അവാർഡ്, ഫാ. അബ്രഹാം വടക്കേൽ അവാർഡ്, കാവ്യമണ്ഡലം അവാര്‍ഡ് ഗുരുദർശന അവാർഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി.പി. മേനോന് അവാർഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം ഇവ ലഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം നിരവധി സാംസ്‌കാരിക സംഘടനകളുടെ അമരക്കാരനായിരുന്നു. അകം’ സാംസ്‌കാരികവേദി ചെയര്‍മാന്‍, അങ്കണം സാംസ്‌കാരികവേദിയുടെ സ്ഥാപകരില്‍ ഒരാള്‍, എംപ്ലോയീസ് കോണ്‍കോഡ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ്, എന്‍. ജി.ഒ. അസോസിയേഷന്‍ തൃശ്ശൂര്‍ താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സജീവവും നിര്‍ഭയവുമായിരുന്ന ആ സര്‍ഗ്ഗാത്മക ജീവിതത്തിനു സാദരപ്രണാമം.