അധ:സ്ഥിത വിമോചനത്തിന്റെ വിപ്ലവരാഷ്‌ട്രീയം

യൂറോപ്യന്‍ മാനദണ്ഡങ്ങളിലൂടെ, യൂറോപ്പുകാര്‍ക്കു സ്വീകാര്യമായ വിധത്തില്‍, സ്വന്തം ഭൂതകാലത്തെ പുനര്‍ വ്യാഖ്യാനിക്കുന്ന പദ്ധതിയ്ക്ക് തുടക്കമിട്ട രാജാറാം മോഹന്‍ റായിയും പിന്‍ഗാമികളുമെല്ലാം നിര്‍വഹിച്ച പ്രത്യയശാസ്ത്ര ദൗത്യം, ജാതി-വംശീയതയെ ക്ഷമാപണരഹിതമായി ന്യായീകരിക്കുന്ന ധര്‍മശാസ്ത്രവ്യവഹാരത്തിന്റെ സ്ഥാനത്ത് അദ്വൈതത്തിന്റെ അതി ഭൗതിക വ്യവഹാരത്തെ പ്രതിഷ്ഠിക്കുകയും ഒരു ‘ക്ഷമാപണ ഹിന്ദുയിസ’ത്തെ സൃഷ്ടിക്കുകയുമെന്നതായിരുന്നു

19-ാം നൂറ്റാണ്ടോടെ സവര്‍ണരുടെ സാമൂഹ്യ – വിശ്വാസാചാര ജീവിതങ്ങള്‍ തലകീഴായിമറിയുകയാണുണ്ടായത്. യജമാനസ്ഥാനമലങ്കരിച്ചിരുന്ന സവര്‍ണര്‍ ബ്രിട്ടീഷുകാര്‍ക്കു മുമ്പില്‍ ‘ഭൃത്യ’രായിമാറി. മാത്രവുമല്ല, സഹസ്രാബ്ദങ്ങളായി പവിത്രമെന്നു കരുതിപ്പോന്ന വിശ്വാസ സംഹിതകളും ആചാരങ്ങളും മിഷണറിമാരുടെ രൂക്ഷമായ പരിഹാസത്തിനും വിമര്‍ശനത്തിനും വിധേയമായി.

ബ്രിട്ടീഷ് രാജിന്റെ ആദ്യകാല കേന്ദ്രമായിരുന്ന ബംഗാളിലെ ആധുനിക വിദ്യാഭ്യാസം ലഭിച്ച സവര്‍ണരെ, അരക്ഷിതത്വത്തിന്റെയും അപകര്‍ഷതയുടെയും വിഷാദത്തിന്റെയും അഗാധഗര്‍ത്തത്തിലേക്കാണ് ഇത് തള്ളിയിട്ടത്. മിഷണറിമാരുടെ കടുത്ത ആക്രമണത്തിനു വിധേയമായ സതി, ശൈശവ വിവാഹം, വിധവാ വിവാഹനിരോധനം, ശിശുഹത്യ തുടങ്ങിയ ആചാരങ്ങളോട് വിമര്‍ശനനയം സ്വീകരിക്കുകയും എന്നാല്‍, പാരമ്പര്യാഭിമാനം നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു ‘ക്ഷമാപണ ഹിന്ദുയിസ’ (Apologetic Hinduism)മാണ് പുതിയ സവര്‍ണ തലമുറ കണ്ടെത്തിയ രക്ഷാമാര്‍ഗം.

രാജാറാം മോഹൻറായ്

യൂറോപ്യന്‍സിനു സ്വീകാര്യമായ ഒരു പാരമ്പര്യത്തെയും ഭൂതകാലത്തെയും നിര്‍മിക്കാനുള്ള അന്വേ ഷണമാരംഭിക്കുന്നത് ഈ ചരിത്ര പശ്ചാത്തലത്തിലാണ്. എന്നാല്‍, ഈ പാരമ്പര്യം എന്താണ് എന്നതിനെക്കുറിച്ച് ബംഗാളിലെ വിഭ്യാസമ്പന്നരായ സവര്‍ണര്‍ക്ക് വ്യക്തമായ ധാരണയുമുണ്ടായിരുന്നില്ല.
ബംഗാളി സവര്‍ണര്‍ നേരിട്ട ഈ പ്രതിസന്ധിയ്ക്കുത്തരം നല്‍കിയത് ബ്രിട്ടീഷ് ഓറിയന്റലിസ്റ്റുകളായിരുന്നു. വര്‍ത്തമാനത്തില്‍, അധഃപ്പതിച്ചുവെങ്കിലും സവര്‍ണര്‍ക്കു ‘മഹത്തായ ഭൂതകാല’മുണ്ടെന്നും അത് ഉപനിഷത്തുകളിലെ അദ്വൈതവേദാന്തമാണെന്നുമുള്ള ആശയത്തിന്റെ ഉപജ്ഞാതാക്കള്‍ ആദ്യകാല ബ്രിട്ടീഷ് ഓറിയന്റലിസ്റ്റുകളാണ്. റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകാംഗവും പ്രമുഖ സംസ്‌കൃതപണ്ഡിതനുമായിരുന്ന ഹെന്റി തോമസ് കോള്‍ ബ്രൂക്ക് (1765-1837) 1805-ല്‍ രചിച്ച ‘Essay on the Vedas’ എന്ന കൃതി അദ്വൈതവേദാന്തവ്യവഹാരത്തിന്റെ പുതിയൊരു അദ്ധ്യായം സൃഷ്ടിച്ചു. തുടര്‍ന്നുള്ള നാളുകളില്‍ അദ്വൈതവേദാന്തത്തെക്കുറിച്ച് അനവധി പ്രബന്ധങ്ങളും കൃതികളും രചിക്കപ്പെട്ടുവെന്നുമാത്രമല്ല, ഹിന്ദുയിസത്തിന്റെ ആധികാരിക പാരമ്പര്യം അദ്വൈതത്തിലാണെന്ന വാദവും ശക്തമായി.
ബ്രിട്ടീഷുകാര്‍ അദ്വൈതത്തിന് ഇത്രയേറെ പ്രാധാന്യം നല്‍കിയത് എന്തുകൊണ്ടാണ്? ഉത്തരം ലളിതമാണ്; ഫ്രഞ്ച് വിപ്ലവം. ‘കുലീന’ ബ്രിട്ടീഷുകാരില്‍ അതുണ്ടാക്കിയ നടുക്കവും ഭയവും അഗാധമായിരുന്നു.

ഇന്ത്യയിലെ ബ്രിട്ടീഷ് സിവില്‍ സര്‍വീസിലേക്കും ആധുനിക വിദ്യാഭ്യാസം നേടിയ സവര്‍ണരിലേക്കും ഫ്രഞ്ചു വിപ്ലവാശയങ്ങള്‍ പ്രചരിക്കുന്നത് എങ്ങനെ തടയാമെന്ന അന്വേഷണമാണ്, അദ്വൈതവേദാന്തത്തിലെത്തിച്ചത്. മനുഷ്യരെ നിഷ്‌ക്രിയരും നിസ്സംഗരും സമൂഹപരാങ്മുഖരുമാക്കുന്ന അദ്വൈതവേദാന്തത്തെ പൊടിതട്ടിയെടുത്ത ബ്രിട്ടീഷ് ഓറിയന്റലിസ്റ്റുകളും ഭരണാധികാരികളും അതിന് വലിയ പ്രചാരവും നല്‍കി. മനുഷ്യചരിത്രത്തിലാദ്യമായി, ‘സ്വാതന്ത്ര്യ’ത്തിന്റെയും ”സമത്വ’ത്തിന്റെയും ആശയങ്ങളാവിഷ്‌കരിച്ച ഫ്രഞ്ചുവിപ്ലവത്തിനെതിരായ കവചമെന്ന നിലയ്ക്കാണ് അദ്വൈതവേദാന്തം പ്രചരിപ്പിക്കപ്പെട്ടത്. ശങ്കരന്റെ വേദാന്തം അന്തസ്സത്തയില്‍ തന്നെ മനുഷ്യ സ്വാതന്ത്യ – സമത്വവിരുദ്ധമാണെന്നു തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റു – ഭരണാധികാരി സഖ്യം അതിന്റെ പ്രചാരത്തിലൂടെ ലക്ഷ്യമാക്കിയത് വലിയൊരു പ്രതിവിപ്ലവ ദൗത്യമാണ്. വാസ്തവത്തില്‍ മാനവികതയ്ക്കും ആധുനികതയ്ക്കുമെതിരായ പ്രത്യയശാസ്ത്രം ആയതുകൊണ്ടുമാത്രമാണ് ബ്രിട്ടീഷുകാര്‍ അദ്വൈതവേദാന്തത്തിന് ഇത്രയേറെ പ്രചാരം നല്‍കിയത്.

ഹെന്റി തോമസ് കോള്‍ ബ്രൂക്ക്

ഒരു ‘ആധികാരികപാരമ്പര്യ’ത്തെക്കുറിച്ചുള്ള അന്വേഷണത്തിലേര്‍പ്പെട്ടിരുന്ന ബംഗാളിലെ വിദ്യാസമ്പന്ന സവര്‍ണര്‍ക്കു ഇത് വലിയ ആത്മവിശ്വാസം നല്‍കി. സതിപോലെയുള്ള സമകാലികാചാരങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കു അഭിമതനായ രാജാറാം മോഹന്‍ റായ് എന്ന വിദ്യാസമ്പന്ന ബ്രാഹ്മണന്‍, ‘ഹിന്ദുയിസത്തിന്റെ മര്‍മം’ വേദാന്തത്തിലാണെന്ന് വാദിച്ചു. വര്‍ണ വ്യവസ്ഥയുടെ മര്‍മം ധര്‍മശാസ്ത്രമീമാംസകളി ലാണെന്ന പരമ്പരാഗത ബ്രാഹ്മണ വ്യാഖ്യാനത്തില്‍ നിന്നു വ്യത്യസ്തമാണ് രാജാറാം മോഹന്‍ റായിയുടെ സിദ്ധാന്തം. ബനാറസിലെ പരമ്പരാഗത സംസ്‌കൃത പാഠശാലകളില്‍ പഠിച്ച റായിയ്ക്ക് ഇങ്ങനെയൊരു ആശയം ലഭിച്ചത് ബ്രിട്ടീഷുകാരില്‍ നിന്നാണ്. ‘ഹിന്ദുയിസം’ എന്ന സംജ്ഞ ആദ്യമായി ഉപയോഗിക്കുന്നതും രാജാറാം മോഹൻറായ് ആണ്. യൂറോപ്യന്‍ മാനദണ്ഡങ്ങളിലൂടെ, യൂറോപ്പുകാര്‍ക്കു സ്വീകാര്യമായ വിധത്തില്‍, സ്വന്തം ഭൂതകാലത്തെ പുനര്‍ വ്യാഖ്യാനിക്കുന്ന പദ്ധതിയ്ക്ക് തുടക്കമിട്ട രാജാറാം മോഹന്‍ റായിയും പിന്‍ഗാമികളുമെല്ലാം നിര്‍വഹിച്ച പ്രത്യയശാസ്ത്ര ദൗത്യം, ജാതി-വംശീയതയെ ക്ഷമാപണരഹിതമായി ന്യായീകരിക്കുന്ന ധര്‍മശാസ്ത്രവ്യവഹാരത്തിന്റെ സ്ഥാനത്ത് അദ്വൈതത്തിന്റെ അതി ഭൗതിക വ്യവഹാരത്തെ പ്രതിഷ്ഠിക്കുകയും ഒരു ‘ക്ഷമാപണ ഹിന്ദുയിസ’ത്തെ സൃഷ്ടിക്കുകയുമെന്നതായിരുന്നു.

അരുവിപ്പുറം

നാരായണഗുരുവിനെ അദ്വൈതിയും വേദാന്തിയുമായി വ്യാഖ്യാനിക്കുന്നവര്‍, അദ്ദേഹത്തെ ക്ഷമാപണഹിന്ദുയിസത്തിന്റെ ഒരു ചാവേറാക്കി അധപ്പതിപ്പിക്കുകയാണ് ചെയ്യുന്നത്. ‘ഹിന്ദുയിസം എന്നൊരുമതം തന്നെയില്ലെ’ന്നും ‘നാം (ഹിന്ദു)മതം ഉപേക്ഷിച്ചിരി ക്കുന്നു’ എന്നും പ്രഖ്യാപിച്ച നാരായണഗുരുവിനോട് ചെയ്യാവുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിത്. ഈ അദ്വൈതകുറ്റവാളികളുടെ വലിയൊരു ചങ്ങലതന്നെയുണ്ട്. അതിന്റെ ആദ്യകണ്ണിയാണ് നടരാജഗുരു. ഈ അദ്വൈതചങ്ങലയില്‍ നിന്നും നാരായണഗുരുവിനെ മോചിപ്പിക്കാനുള്ള ധൈഷണികയുദ്ധമുഖം തുറന്നത് സഹോദരന്‍ അയ്യപ്പനാണ്. പൂര്‍ത്തീക രിക്കപ്പെടാത്ത ആ യുദ്ധത്തിലെ മുന്നണിപ്പോരാളികളാവുകയെന്നതാണ്, കാലഘട്ടം നമ്മോട് ഓരോരുത്തരോടും ആവശ്യപ്പെടുന്നത്.

നാരായണഗുരുവിന്റെ Social situatedness അദ്ദേഹത്തില്‍ നിന്നും ആവശ്യപ്പെട്ടത് അധ:സ്ഥിത വിമോചനത്തിന്റെ വിപ്ലവരാഷ്ട്രീയമായിരുന്നു. എന്നാല്‍, അരുവിപ്പുറം സംഭവത്തിനുമുമ്പുള്ള, അലച്ചില്‍ഘട്ടം, ഗുരുവില്‍ മുദ്രണം ചെയ്ത epistemic location അദ്ദേ ഹത്തിന്റെ Social location ന് ചേരുന്നതായിരുന്നില്ല. ‘സന്യാസ വ്യക്തിത്വ’ത്തിന്റെ epistemic location നില്‍ നിന്നും പുറത്തുകടക്കാനുള്ള ശ്രമമായിരുന്നു അരുവിപ്പുറത്തെ ഈഴവ ശിവ പ്രതിഷ്ഠ. ഒരു വ്യക്തിയുടെ Social location -നും epistemic location ഉം എപ്പോഴും പര സ്പരപൂരകമായി കൊള്ളണമെന്നില്ല. സ്വയം ചിന്തിക്കാന്‍ കഴിവുണ്ടായിരുന്ന നാരായണഗുരു ഈ വൈരുദ്ധ്യം തിരിച്ചറിയുകയും അത് പൊട്ടിച്ചെറിയുകയും ചെയ്തു. അതേസമയം സന്യാസത്തിന്റെ ബാഹ്യപ്രതിച്ഛായ നിലനിര്‍ത്തുകയും ചെയ്തു. തന്റെ സമകാലിക ഈഴവ ജനതയോട് സംവദിക്കാനുള്ള പ്രയോജനപരമായ സാധ്യതയുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. തുടര്‍ന്ന് എസ്. എന്‍. ഡി. പി. യോഗത്തിന്റെ പ്രസിഡന്റ് ആകുന്നതോടെ നാരായണഗുരുവിലെ സന്യാസി മരിക്കുകയും വിപ്ലവകാരിയായ ഒരു നാരായണഗുരു ഉയിര്‍ത്തെഴുന്നേല്‍ക്കുകയുമാണുണ്ടായത്. തന്റെ വ്യക്തിത്വത്തിലുണ്ടായ ഈ മാറ്റങ്ങള്‍ അദ്ദേഹം തുറന്നു പറഞ്ഞില്ലെന്നു മാത്രമെയുള്ളൂ. പക്ഷെ, തുടര്‍ന്നുള്ള കാല്‍ നൂറ്റാണ്ടുകാലത്തെ ഗുരുവിന്റെ ചിന്തയും പ്രവൃത്തിയും ഇതിന്റെ വിളംബരങ്ങളാണ്. ഇതൊന്നും തിരിച്ചറിയാന്‍ ത്രാണിയില്ലാത്തവര്‍ നാരായണഗുരുവിനെ സന്യാസിയും മിസ്റ്റിക്കും ജ്ഞാനിയും ദൈവവുമായി ചുരുക്കുന്നു. ഗുരു ഏതൊക്കെ കാര്യങ്ങളെ തള്ളി പറഞ്ഞുവോ അതൊക്കെ അദ്ദേഹത്തിനുമേല്‍ കെട്ടിവയ്ക്കുന്നു. ഈ പ്രതിച്ഛായകള്‍ സവര്‍ണ ഹിന്ദുയിസത്തെയാണ് സഹായിക്കുന്നത്. കാരണം, ഹിന്ദുയിസത്തിനെതിരായ വര്‍ത്തമാനകാല മുന്നേറ്റങ്ങളെ പ്രചോദിപ്പിക്കാന്‍ ഈ പ്രതിച്ഛായകള്‍ക്കു കഴിയില്ല. വിപ്ലവകാരിയും തത്വചിന്തകനുമായ നാരായണഗുരു എന്നത് ഹിന്ദുയിസത്തിനെതിരായ വെടിമരുന്നാണ്. ഹിന്ദുയിസത്തെ ഭസ്മമാക്കാന്‍ പോന്ന മഹാസ്‌ഫോടനത്തിന്റെ മുഖ്യ അസംസ്‌കൃത പദാര്‍ത്ഥമാണ് നാരായണഗുരു.

Author

Scroll to top
Close
Browse Categories