വായനക്കാരന് കേൾക്കാം,ഹൃദയമിടിപ്പ്

പറയാനുള്ളത് സങ്കീര്‍ണ്ണതയില്ലാതെ തന്നെ പറയുന്ന എഴുത്തുകാരനാണ് പട്ടത്തുവിള കരുണാകരന്‍.ആശയത്തിന്റെ ഹൃദയമിടിപ്പ് വായനക്കാരന്‍ കേള്‍ക്കുംവിധം ഭാഷയുടെ തെരഞ്ഞെടുപ്പ് നടത്തുന്ന കഥാകാരന്‍ സംഭാഷണങ്ങളെ കഥയില്‍ ഏറ്റവും അനുയോജ്യമായ ഇടങ്ങളില്‍ (Apt Space) മാത്രം പ്രയോഗിക്കുകയും വിവരണങ്ങള്‍ വേണ്ടവിധം ഒതുക്കി ഒരുക്കുകയും ചെയ്യുന്നുണ്ട്.അന്തരീക്ഷത്തെ (Environment)കഥയ്ക്ക് കാലികമാക്കുന്നതില്‍ പുലര്‍ത്തുന്ന നിഷ്‌കര്‍ഷ ഓരോ കഥയും വായനക്കാരന് നല്‍കുന്നത് പുതിയൊരു ലോകമാണ്.

സഹോദരിയും
കാമുകിയും

മാഞ്ഞുപോയ കാല്പാടുകള്‍ മടങ്ങിവരവിന്റെ,അന്യനാക്കപ്പെടുന്നതിന്റെ കഥയാണ്. മൂന്നു സ്ത്രീ കഥാപാത്രങ്ങള്‍ – അമ്മ സഹോദരി കാമുകി(?)ഉണ്ടെങ്കിലും കഥയില്‍ സഹോദരിയും കാമുകിയും മാത്രമാണ് സജീവം.പ്രവാസത്തിന് ശേഷം പറയാന്‍ തക്ക ഈടുവയ്പുകള്‍ ഒന്നുമില്ലാതെ കടന്നുവരുന്ന കഥാനായകന്‍. ഇവിടുത്തെ സഹോദരി ജീവിതത്തെ തികച്ചും ലളിതമായി,തുച്ഛമായി സമീപിക്കുന്ന സ്ത്രീയാണ്. വിപ്ലവകാരിയുടെ ഭാര്യയായിരിക്കുമ്പോഴും അവള്‍ ഭര്‍ത്താവിന് ജന്മിത്തത്തിന്റെ ഉല്പന്നമാണ്.നിനക്കറിയണോ,എന്റെ ചേട്ടാ, ഞാനും നീയും അധികാരവര്‍ഗ്ഗത്തിന്റെ സന്തതികളാണ്.വര്‍ഗ്ഗസമരത്തില്‍ ഞാനും എന്റെ ഭര്‍ത്താവും രണ്ടു ചേരികളിലാണ് … സഹോദരിയും അയാളും തമ്മിലുള്ള സംഭാഷണം സഹോദരിയുടെ ജീവിതസമീപനം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.അവള്‍ക്ക് പൊതുബോധം ലക്ഷണയുക്തയായി കരുതുന്ന ഭാര്യയായിത്തീരാനോ ഭര്‍ത്താവെന്ന കൂടാരത്തെ ത്യാഗപൂര്‍ണ്ണമായി ചേര്‍ത്തു നിര്‍ത്തുന്നതിനോ ഒട്ടും തന്നെ താല്പര്യമില്ല.സ്‌നേഹത്തിന്റെ പിന്നാലെ കരഞ്ഞുവിളിച്ചലയാന്‍ അവള്‍ ഒരുക്കമല്ല.ആ കഥാപാത്രത്തിന്റെ പ്രകടനങ്ങളും പ്രതികരണങ്ങളും (manarism) എഴുത്തുകാരന്‍ ആ നിലയ്ക്കാണ് സൃഷ്ടിച്ചിരിക്കുന്നത്. പോരാട്ടവീര്യമല്ല മറിച്ച് ലാഘവത്വമാണ് (Lightness) അവളുടെ കൈക്കരുത്ത് അഥവാ ഏതിനെയും നിസ്സാരവല്‍ക്കരിക്കലാണ്(trivialisation). സഹോദരിയുടെ കഥാപാത്രസൃഷ്ടിയില്‍ കഥാകൃത്ത് എഴുതാതെ വായനക്കാരന് വായിക്കാനാകുന്ന ചിലതുണ്ട്.ഏറ്റവും പ്രധാനം അവള്‍ സ്‌നേഹം കൊതിക്കുന്നുവെന്നതാണ്,മറ്റൊന്ന് അവള്‍ നോവടക്കി വാഴുന്ന ഉടലാണ് എന്നതാണ്.അമ്മയോടുള്ള അവളുടെ സമീപനം,അഭിസംബോധന ഒക്കെത്തന്നെ തികച്ചും പരിചിത സ്വഭാവത്തിലുള്ളതല്ല.അവള്‍ സ്വയമേവ ഇത്തരത്തിലുള്ള പ്രകടനങ്ങളിലൂടെ ഒരു മറ തന്റെ സ്വത്വത്തിനുമേല്‍ വിരിച്ചിട്ടിരിക്കുന്നു.
സഹോദരനിലേയ്ക്ക് വരുമ്പോള്‍ അയാള്‍ ഉള്ളിലും പുറത്തും ഒരേ സ്വഭാവത്തെ അണിഞ്ഞു നടക്കുന്നവനാണ്.നിരാശയാണ് അയാളുടെ മുഖമുദ്ര. തിരിച്ചു വരവില്‍ അയാള്‍ ശരിക്കും തകര്‍ന്ന മട്ടിലാണ്. അയാളുടെ ആ അവസ്ഥയിലേയ്ക്കാണ് നിന്റെ പെണ്ണില്ലേ- പാലുകാരീടെ മോള് – അവളു പെറ്റു. കുട്ടി ഒന്ന്… എന്ന വാക്യം സഹോദരി കോരിച്ചൊരിയുന്നത്.ഭൂതകാല സ്ഥലിയിലേയ്ക്ക് കഥാകൃത്ത് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ തിരഞ്ഞെടുക്കുന്ന നിമിഷം.

എപ്പോഴാണ് യുവത്വം എത്തിയതറിയുന്നത്? ഒരു പ്രഭാതത്തില്‍?വളര്‍ച്ചയുടെ ഏതോ ഒരു ഘട്ടത്തില്‍; ഏതാണ്ട് പൊടുന്നനവേ ഒരു പുതിയ വെളിച്ചം മനസ്സില്‍ നുഴഞ്ഞുകയറുന്നു.സ്ത്രീകളെന്ന സാന്നിദ്ധ്യത്തിന്റെ ബാദ്ധ്യത.അവര്‍ എപ്പോഴും അമ്മയോ സഹോദരിയോ ആയിരിക്കണമെന്നില്ല എന്ന അറിവ് … പാലുകാരീടെ മകളിലേയ്ക്കുള്ള അഭിനിവേശം എത്ര സുന്ദരമായാണ് പട്ടത്തുവിള കോറിയിടുന്നത്.നായകന്റെ വികാരത്തള്ളിച്ച സൃഷ്ടിക്കുന്ന മാദക നിമിഷങ്ങള്‍.

ഇവിടെ കാമുകിയെന്ന് അവളെ വിളിക്കാമോ? വായനക്കാരന് തീര്‍ച്ചപ്പെടുത്താനാകാത്ത വിധമാണ് പാത്രനിര്‍മ്മിതി.അവള്‍ അയാളുടെ സമീപനത്തെ തികച്ചും അനുകൂലമായിട്ടാണ് സ്വീകരിക്കുന്നത്.അവരുടെ സംഗമവേളകളില്‍ അവള്‍ അയാളെക്കാള്‍ ധീരയാണ്.

ഇവിടെ കാമുകിയെന്ന് അവളെ വിളിക്കാമോ? വായനക്കാരന് തീര്‍ച്ചപ്പെടുത്താനാകാത്ത വിധമാണ് പാത്രനിര്‍മ്മിതി.അവള്‍ അയാളുടെ സമീപനത്തെ തികച്ചും അനുകൂലമായിട്ടാണ് സ്വീകരിക്കുന്നത്.അവരുടെ സംഗമവേളകളില്‍ അവള്‍ അയാളെക്കാള്‍ ധീരയാണ്.
സ്‌നേഹമായിരുന്നോ അവളുടെ ലക്ഷ്യം? അവളുടെ ശരീരത്തിനോട് അയാള്‍ക്ക് തോന്നിയ പ്രലോഭനത്തെ തൃപ്തിപ്പെടുത്താന്‍ മാത്രമാണോ അവള്‍ ഒരുമ്പെട്ടത്?
മാഞ്ഞുപോയ കാല്പാടുകള്‍ ഉദാത്ത സ്‌നേഹത്തെപ്പറ്റി വ്യാകുലപ്പെടാത്ത രണ്ട് പെണ്ണുങ്ങളുടെ കഥയാണ്.സാഹചര്യങ്ങളെ സ്വതസിദ്ധമായ രീതിയില്‍ നേരിടുന്ന സഹോദരിയും – കാമുകിയും.അവരുടെ ഇടയില്‍ പുരുഷന്‍ ഓര്‍മ്മകളുടെയും നിരാശയുടെയും നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്നു.
കഥാന്ത്യത്തില്‍ പാലുകാരീടെ മോളെ കാണാന്‍ പോകുന്ന അയാളെ അവള്‍ ഈര്‍ഷ്യയില്ലാതെ പ്രകാശിക്കുന്ന മുഖത്തോടെ സമീപിച്ചു.അവള്‍ ഒരു കുഞ്ഞിന്റെ അമ്മയാണ് – അവര്‍ക്ക് പരിഭവമോ വെറുപ്പോ ഇല്ല.
സുഖമാണോ? അയാളുടെ ചോദ്യം
ഓ പാവങ്ങള് അവളുടെ ഉത്തരം.അനന്തരം അയാള്‍ കണ്ടത് കള്ളം നിറഞ്ഞ അവളുടെ കണ്ണുകള്‍.

സ്‌നേഹത്തിന്റെ അനിശ്ചിതാവസ്ഥയിലും രണ്ട് സ്ത്രീകള്‍ രസകരമായി ജീവിക്കുന്ന ജീവിതം.കഥയില്‍ ചില ഘടകങ്ങള്‍(elements) സൂക്ഷ്മമായി ചേര്‍ന്നിട്ടുണ്ട്.തന്റെ സഹോദരനും പാലുകാരീടെ മോളും തമ്മിലുള്ള ബന്ധത്തെ ചൂണ്ടി സഹോദരി പറയുന്ന മഞ്ഞപ്പൂവിന്റെയും റിബണിന്റെയും കഥ. ഒരു പെണ്‍ മനസ്സ് നടത്തുന്ന അന്വേഷണത്വരയുടെ പ്രതിബിംബമാണ്.
കിണറ്റിന്‍കരയില്‍,വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ ഞാനവളുടെ കൈ പിടിച്ചമര്‍ത്തി. നീണ്ട മുടിയുടെ മാദകമായ മണം.മാര്‍ദ്ദവവില്ലാത്ത കൈ.
എന്തൊരു പരുപരുപ്പ്! ഞാന്‍ പറഞ്ഞു.
പണിയെടുക്കുന്ന കൈ അഭിമാനമുള്ള ശബ്ദം.അവളുടെ നിലത്തിന് കനവും ഉറപ്പും ഏറെയായിരുന്നു. പട്ടത്തുവിള ഈ കഥയില്‍ രൂപം കൊടുത്ത പെണ്ണിരുവരും പുരുഷനെക്കാള്‍ ഭംഗിയായി ജീവിതത്തെ വിടര്‍ന്ന കണ്ണുകൊണ്ട് കണ്ടു.

വേശ്യയും
കൂട്ടുകാരനും

പട്ടത്തുവിള കരുണാകരന്‍ പറയാനുള്ളത് സങ്കീര്‍ണ്ണതയില്ലാതെ തന്നെ പറയുന്ന എഴുത്തുകാരനാണ്.ആശയത്തിന്റെ ഹൃദയമിടിപ്പ് വായനക്കാരന്‍ കേള്‍ക്കുംവിധം ഭാഷയുടെ തെരഞ്ഞെടുപ്പ് നടത്തുന്ന കഥാകാരന്‍ സംഭാഷണങ്ങളെ കഥയില്‍ ഏറ്റവും അനുയോജ്യമായ ഇടങ്ങളില്‍ (Apt Space) മാത്രം പ്രയോഗിക്കുകയും വിവരണങ്ങള്‍ വേണ്ടവിധം ഒതുക്കി ഒരുക്കുകയും ചെയ്യുന്നുണ്ട്.അന്തരീക്ഷത്തെ (Environment)കഥയ്ക്ക് കാലികമാക്കുന്നതില്‍ പുലര്‍ത്തുന്ന നിഷ്‌കര്‍ഷ ഓരോ കഥയും വായനക്കാരന് നല്‍കുന്നത് പുതിയൊരു ലോകമാണ്.

വൈദേശികമായ ചുറ്റുപാടില്‍ പറയുന്ന കഥയാണ് പട്ടത്തുവിള കരുണാകരന്റെ ന്യൂയോര്‍ക്കിലെ ഷീല.കഥയുടെ തുടക്കം തന്നെ പറയാന്‍ പോകുന്ന വിഷയത്തിന്റെ അവ്യക്ത സൂചനകള്‍ വിളംബരം ചെയ്യുന്നുണ്ട്.
സമയം രാത്രി രണ്ടു മണി കഴിഞ്ഞുകാണും. ഈ നേരത്തിന് ഒരു പ്രത്യേകതയുണ്ട്.അവ്യക്തമായ ഒരു മ്ലാനത, വിവരിക്കാനാകാത്ത ഒരു വിഷാദാത്മകത്വം- ശോകാത്മകമായ നാടകത്തിലെ അന്ത്യരംഗത്തിലെന്ന പോലെ അകലെ,കടല്‍ത്തീരത്തുനിന്നു കപ്പലിന്റെ കുഴല്‍വിളി വായുവില്‍ക്കൂടെ വരുമ്പോള്‍ അതിന് എന്തോ ഒരു ദയനീയത്വം അനുഭവപ്പെടുന്നു.

വായനക്കാരനെ ശോകാന്തരീക്ഷത്തിലേയ്ക്ക് വലിച്ചടുപ്പിക്കുന്ന വാക്യങ്ങള്‍.
ഈ കഥയുടെ ഉള്ളടക്കം ദയനീയതയുടെ അങ്ങേയറ്റമാണ്.ഷീലയെന്ന വേശ്യയുടെ ജീവിതം പറയുന്ന കഥ സ്‌നേഹരാഹിത്യത്തിന്റെയും നിര്‍ദയത്വത്തിന്റെയും തുറന്ന ആഖ്യാനമാണ്.ഷീലയും നരേറ്ററും നഗരത്തിലൂടെയുള്ള രാത്രിസഞ്ചാരവുമാണ് കഥയുടെ രചനാപരിസരം. ഷീല എന്ന നായിക, ആഗ്രഹങ്ങളുടെ മനസ്സാകുമ്പോഴും ഒന്നും നേടാനുള്ള കെല്പില്ലാത്ത അവസ്ഥ. ആഡംബര ഹോട്ടലും അതിനുള്ളിലെ നേര്‍ത്ത സംഗീതവും തെരുവിലെ സ്റ്റോറുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്ത്രങ്ങളും ഷീലയുടെ ഉള്ളിലെ പെണ്‍മനസ്സിനെ പ്രലോഭിപ്പിക്കുമ്പോഴും നിരാശയോടെ തിരിഞ്ഞു നടക്കാന്‍ വിധികിട്ടിയ പെണ്ണ്.

ഷീലയെ പട്ടത്തുവിള ഭയത്തിന്റെ ആള്‍രൂപമായാണ് ഉരുവം കൊള്ളിച്ചിരിക്കുന്നത്. നിയമത്തെ,പോലീസിനെ,അവളെത്തേടി വരുന്നവരെ ഒക്കെ ഷീലയ്ക്ക് ഭയമാണ്. അനുഭവങ്ങള്‍ എല്ലാറ്റിനെയും ഭയക്കാനാണ് അവളെ പഠിപ്പിച്ചത്.പട്ടത്തുവിളയുടെ സൂക്ഷ്മക്കാഴ്ച ഇവിടെ നായികയുടെ സ്വഭാവത്തെ (characterisation) കഥാരംഭത്തില്‍ തന്നെ ഉദ്ദേശിച്ച വിധം സുദൃഢമാക്കി മാറ്റുന്നുണ്ട്.കുറഞ്ഞ വാക്യങ്ങളിലൂടെ സാധ്യമാക്കുന്ന ആ പ്രക്രിയ എഴുത്തുകാരന്റെ വിരുത് തന്നെയാണ്.പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ നീണ്ടനിരയ്ക്കായി കഥാകാരന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ലളിതസുന്ദരങ്ങളല്ല (Rough).അവ അങ്ങനെയായതില്‍ അദ്ഭുതത്തിന് വകയില്ല,നരേറ്റര്‍ ഒപ്പം നടന്നുകാണുന്ന, അനുഭവിക്കുന്ന സംഭവങ്ങള്‍ രുചിയൊത്തവയുമല്ല. അവള്‍ പറയുന്ന വാക്കുകളില്‍ നിറയെ അവള്‍ കുടിച്ചു തീര്‍ത്ത തിക്താനുഭവങ്ങളുടെ കയ്പുനീരാണ്. ഷീലയെ അയാള്‍ മിക്കപ്പോഴും സന്ധിച്ചത് ഒരു ബാറില്‍ വച്ചായിരുന്നു .അതിന് എതിര്‍വശത്തായി ഒരു യഹൂദദേവാലയം സ്ഥിതിചെയ്തിരുന്നു.ഈശ്വരന്‍ കാവല്‍ നില്‍ക്കുന്നിടത്തുപോലും പെണ്ണ് എത്ര മാത്രം അരക്ഷിതയാണ്! കഥയിലെ ധ്വനികള്‍ വായനയെ കൂടുതല്‍ ഊഷരമാക്കുന്നുണ്ട്.

അവള്‍ക്കും ചില നല്ല കാലങ്ങള്‍ ഉണ്ടായിരുന്നു.ചിത്രകാരന്റെ മോഡലായിരുന്ന കാലം,കുറഞ്ഞ വരുമാനത്തിനെങ്കിലും തീപ്പെട്ടിക്കമ്പനിയില്‍ പണിയെടുത്തിരുന്ന കാലം.അവയൊന്നും ശാശ്വതമായില്ല,തെരുവിലേയ്ക്ക് തന്നെ അവള്‍ വലിച്ചെറിയപ്പെട്ടു.

ഷീല പെട്ടെന്നു പറഞ്ഞു ഇതു നല്ല സുഖമുള്ള ഒരു ജീവിതമാണ്… പരഗതിയില്ലാത്തവളുടെ പതം പറച്ചില്‍.കഥയില്‍ അവളുടെ ആത്മഭാഷണമുണ്ട്.പെണ്‍വേട്ടകള്‍ എല്ലാക്കാലത്തും എല്ലാദേശത്തും സമാന സ്വഭാവം പ്രകടമാക്കുന്നുവെന്ന് വായനക്കാരനെ ആശ്ചര്യപ്പെടുത്തുന്ന കഥാകഥനം. അവളുടെ ശരീരം വിളമ്പുന്ന സുഖാലസ്യം തേടി വരുന്നവര്‍ അനുരാഗികളല്ല .ആയതിനാല്‍ത്തന്നെ അവളുടെ ശാരീരികസ്ഥിതിയൊന്നും അവര്‍ക്ക് പരിഗണനാവിഷയങ്ങളല്ല,പെണ്ണ് … വെറും പെണ്ണെന്ന തുച്ഛചിന്ത.

ഇന്ത്യയില്‍ എന്നെപ്പോലെയുള്ളവര്‍ ഉണ്ടോ ? ഇന്ത്യക്കാരനായ നരേറ്ററോടുള്ള അവളുടെ ചോദ്യമാണ്.കഥയില്‍ ഈ ചോദ്യത്തിലേയ്ക്കുള്ള ദൂരം ദീര്‍ഘമല്ല. കണ്ണുനനയ്ക്കുന്ന കാഴ്ചകളിലൂടെ കഥ സഞ്ചരിച്ചെത്തുന്ന അനിവാര്യത.

ഇന്ത്യയില്‍ എന്നെപ്പോലെയുള്ളവര്‍ ഉണ്ടോ ? ഇന്ത്യക്കാരനായ നരേറ്ററോടുള്ള അവളുടെ ചോദ്യമാണ്.കഥയില്‍ ഈ ചോദ്യത്തിലേയ്ക്കുള്ള ദൂരം ദീര്‍ഘമല്ല. കണ്ണുനനയ്ക്കുന്ന കാഴ്ചകളിലൂടെ കഥ സഞ്ചരിച്ചെത്തുന്ന അനിവാര്യത.
ഓരോ നഗരത്തിലും തെരുവുകള്‍ നിറയെ.പട്ടിണി കിടക്കുന്നവര്‍ക്ക് പാതിവ്രത്യത്തെ കാക്കാനുള്ള കരുത്തില്ല … നരേറ്റര്‍ക്ക് ഇനിയും ധാരാളം പറയാനുണ്ട്.ഷീല നയിക്കുന്ന ജീവിതത്തെക്കാള്‍ അഭിശപ്തമായ ജീവിതം നയിക്കുന്നവരെക്കുറിച്ച്,ജീവിതമെന്നുപോലും വിളിക്കാനാകാത്ത ജീവിതങ്ങളെക്കുറിച്ച്.ന്യൂയോര്‍ക്കിലെ ഷീല യില്‍ കഥാകാരന്‍ വരച്ചിടുന്ന സ്‌നേഹമെന്താണ്?ഒരു സാധാരണക്കാരന് ഒരു സ്ത്രീ കടന്നുപോകുന്ന ഭയാനകമായ ചുറ്റുപാടില്‍ തോന്നുന്ന അനുകമ്പാധിഷ്ഠിതമായ സ്‌നേഹം. ഇവിടത്തെ കഥാനായികയ്ക്ക് സ്‌നേഹമെന്നത് തികച്ചും അപരിചിതമായ പദമാണ്. ഇന്നുവരെ എന്താണെന്ന് അറിഞ്ഞിട്ടില്ലാത്ത ഒന്ന്,ഉണ്ടോ എന്നു തന്നെ സംശയമുള്ള ഒന്ന്.അവളുടെ ചോദ്യത്തില്‍ അടങ്ങിയിരിക്കുന്നതാകട്ടെ അവളെപ്പോലെ ലോകത്ത് ആരെങ്കിലുമുണ്ടോ എന്നറിയാനുള്ള ആകാംക്ഷയാണ്. അതിന്റെ ഉത്തരം തീര്‍ച്ചയായും അവളെ വേദനിപ്പിക്കുമെന്നതിനാല്‍ത്തന്നെ അയാള്‍ പറയുന്നില്ല.ന്യൂയോര്‍ക്കിലെ ഷീല യുടെ വായന സ്‌നേഹം എന്ന വികാരത്തിന്റെ അപരിചിതത്വത്തില്‍ കഴിയുന്നവളുടെ ചരിത്രവായനയാണ്.സ്‌നേഹം എത്ര മാത്രം സ്‌നേഹരഹിതമാണെന്ന് നിര്‍ദാക്ഷിണ്യം ബോധ്യപ്പെടുത്തുന്ന കഥ. സകലതിനും നേര്‍സാക്ഷിയായ യഹൂദ ദേവാലയത്തിലെ ദൈവം പോലും ആ സ്‌നേഹരഹിതാന്തരീക്ഷത്തില്‍ നിശ്ചേതനാകുന്നു.
8281971573

Author

Scroll to top
Close
Browse Categories