സമാനതകളില്ലാത്ത ഡോ.പല്പു
ഡോ. പല്പുവിന്റെ 159-ാമത് ജന്മവാർഷിക ദിനമാണ് നവംബർ രണ്ട്. മഹത്തായ സംഭാവനകളെക്കുറിച്ച് ചില ചിന്തകള്‍…
തിരുവിതാംകൂര്‍ മഹാരാജാവിന് 1891-ല്‍ സമര്‍പ്പിച്ച മലയാളി മെമ്മോറിയല്‍ സാമൂഹിക നീതി ലഭ്യമാക്കുന്നതിനുള്ള സാമൂഹിക മുന്നേറ്റമായിരുന്നു. ഡോ.പല്പു മൂന്നാമനായി ഒപ്പുവെച്ച് സമര്‍പ്പിച്ച ഈ ഹര്‍ജ്ജി സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്ന ദിവാന്‍മാര്‍ അവരുടെ നാട്ടുകാര്‍ക്ക് എല്ലാ സര്‍ക്കാര്‍ ജോലികളും നീക്കിവെക്കുന്നത് ചൂണ്ടിക്കാട്ടി.ഇതിനു മറുപടിയായി 1891 ഏപ്രില്‍ 21-നു സര്‍ക്കാര്‍ പറഞ്ഞത് പൊതുവേ വിദ്യാഭ്യാസ നിലവാരം കുറഞ്ഞ ഈഴവര്‍ അവരുടെ പരമ്പരാഗത തൊഴിലുകളായ കൃഷി, കയര്‍ നിര്‍മ്മാണം, കള്ള് ചെത്തല്‍ എന്നിവ ചെയ്ത് തുടര്‍ന്ന് ജീവിച്ചാല്‍ മതി എന്നതായിരുന്നു.
കേരളീയ നവോത്ഥാനത്തിന്റെ ശില്‍പ്പികളില്‍ മുന്‍നിരയില്‍ സ്ഥാനം ലഭിച്ച അപൂര്‍വം ചിലരില്‍ ഒരാളാണ് ഡോ.പല്പു . പല തലങ്ങളിലേക്ക് വ്യാപരിക്കുന്ന പ്രവര്‍ത്തന മികവ് അദ്ദേഹത്തെ എക്കാലത്തും പ്രസക്തനാക്കുന്നു. പ്രതികൂലസാഹചര്യങ്ങളോട് പടവെട്ടി സമാനതകളില്ലാത്ത നേട്ടങ്ങളില്‍ എത്തിപ്പെട്ട പല്പു അഗ്നിപാതകള്‍ താണ്ടിയാണ് വിജയപഥത്തില്‍ എത്തിയത്.
ഇന്ത്യന്‍ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചിടത്തോളം അദ്ദേഹം വളര്‍ന്നു.
ഡോക്ടറും ബാക് ടീരിയോളജി വിദഗ്ദ്ധനും ആധുനിക കേരള ശില്പികളിലൊരാളുമായിരുന്നു പത്മനാഭന്‍ പല്പു. ഈഴവ സമുദായത്തില്‍ പെട്ടയാളായതിനാല്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം കേരളത്തിലെ സാമുദായിക പരിഷ്‌കരണത്തിന്റെ ആരാധ്യനേതാവായിത്തീര്‍ന്നത്.
ഡോ. പത്മനാഭന്‍ പല്പു എന്ന ഡോ.പല്പു 1863 നവംബര്‍ 2-നു തിരുവനന്തപുരം ജില്ലയിലെ പേട്ടയില്‍ നെടുങ്ങോട് എന്ന ഈഴവ കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ ഭഗവതീ പത്മനാഭന്‍ തിരുവിതാംകൂറിലെ ഈഴവരില്‍ ആദ്യമായി ഇംഗ്ളീഷ് പഠിച്ച ഒരാളായിരുന്നു. വിദ്യാഭ്യാസത്തിലും സാമര്‍ത്ഥ്യത്തിലും മുന്‍പിലായിരുന്ന അദ്ദേഹം ഈഴവസമുദായത്തില്‍ ജനിച്ചു എന്ന ഏക കാരണത്താല്‍ ഉന്നതോദ്യോഗങ്ങളില്‍ നിന്നും വിലക്കപ്പെട്ടു. ശ്രീനാരായണഗുരു തിരുവനന്തപുരത്ത് സഞ്ചരിച്ചിരുന്ന കാലത്ത് പല്പുവിനേയും കുടുംബത്തേയും സന്ദര്‍ശിക്കാറുണ്ടായിരുന്നു.
അച്ഛന്‍ തന്നെയായിരുന്നു പല്പുവിന്റെ ആദ്യഗുരു. മണലില്‍ എഴുത്ത് പഠിച്ച ശേഷം അഞ്ചാമത്തെ വയസ്സില്‍ രാമന്‍പിള്ള ആശാന്റെ കീഴില്‍ എഴുത്തിനിരുന്നു. പഠനത്തില്‍ പല്പു സമര്‍ത്ഥനായിരുന്നു. ഇംഗ്ളീഷ് പഠിക്കുന്നതിനായി പല്പു എ.ജെ. ഫെര്‍ണാണ്ടസ് എന്ന സായിപ്പിന്റെ കീഴില്‍ വിദ്യാര്‍ത്ഥിയായി. എന്നാല്‍ കുടുംബം അക്കാലത്ത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ദാരിദ്ര്യവും നേരിടേണ്ടി വന്നു. ഈ പരിമിതികള്‍ക്കിടയിലും പല്‍പ്പു മൂന്നാം ഫോറത്തില്‍ പ്രവേശിക്കാനുള്ള പരീക്ഷ ജയിച്ചു. അതനുസരിച്ച് തിരുവനന്തപുരത്തെ ഇംഗ്ളീഷ് ഹൈസ്‌കൂളില്‍ പ്രവേശിച്ചു. ജ്യേഷ്ഠന്‍ വേലായുധനും അദ്ദേഹത്തോടൊപ്പം അവര്‍ണ്ണര്‍ക്കായി നീക്കിയിട്ടിരുന്ന ബെഞ്ചിലിരുന്ന് പഠിച്ചു. ഫെര്‍ണാണ്ടസ് സായിപ്പ് പല്പുവിന്റെ അവസ്ഥ കണ്ട് ഒരു നേരത്തെ ഭക്ഷണം നല്‍കി സഹായിച്ചു. മെട്രിക്കുലേഷന്‍ പരീക്ഷ പാസായെങ്കിലും ജ്യേഷ്ഠന്‍ വേലായുധന്‍ ഉപരിപഠനത്തിനായി എഫ്.എ.ക്ക് ചേര്‍ന്നതിനാലുണ്ടായ സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കാന്‍ പല്പു കോളേജില്‍ ചേര്‍ന്നില്ല. എന്നാല്‍, ഇംഗ്ളീഷ് അദ്ധ്യാപകനായി ഇടയ്ക്ക് ജോലി ചെയ്ത് പല്പു ചെലവിനുള്ള തുക കണ്ടെത്തുകയും അടുത്ത വര്‍ഷം കോളേജില്‍ ചേരുകയും ചെയ്തു. അങ്ങനെ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
വൈദ്യശാസ്ത്ര പരിശീലനത്തിനായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടത്തിയ പരീക്ഷയില്‍ നാലാം സ്ഥാനത്ത് എത്തിയെങ്കിലും ജാതി വ്യവസ്ഥയുടെ ഫലമായി അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. വയസ് അധികമായിരുന്നു എന്നാണ് അവര്‍ കാരണം കാണിച്ചത്. എന്നാല്‍ ഹതാശയനാകാതെ പല്പു മദ്രാസ് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ വേലായുധന്‍ മദ്രാസ് സര്‍ക്കാരിന്റെ കീഴില്‍ ക്ളാര്‍ക്കായി ജോലി നേടിയത് പല്പുവിന്റെ മദ്രാസ് വിദ്യാഭ്യാസത്തെ ഏറെ സഹായിച്ചു. സാമ്പത്തിക ഞെരുക്കത്തിനിടയിലും സമര്‍ത്ഥമായി പഠിച്ച് അദ്ദേഹം ഡോക്ടറായി.
പഠനം പൂര്‍ത്തിയാക്കി തിരുവിതാംകൂര്‍ സംസ്ഥാനത്ത് ജോലിക്ക് അപേക്ഷിച്ചെങ്കിലും ജാതീയമായ കാരണങ്ങളാല്‍ നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് മൈസൂര്‍ സര്‍ക്കാരിന്റെ കീഴില്‍ സേവനം തുടങ്ങി. ഗോവസൂരി പ്രയോഗത്തിനുള്ള വാക്‌സിന്‍ നിര്‍മ്മിക്കാനായി ലിംഫ് ഉണ്ടാക്കുന്ന സ്‌പെഷ്യല്‍ വാക്‌സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അത്. എന്നാല്‍, വാക്‌സിന് ഗുണനിലവാരമില്ല എന്ന പേരില്‍ സര്‍ക്കാര്‍ സ്ഥാപനം അടച്ചു. തുടര്‍ന്ന്, ബാംഗ്ളൂരില്‍ മൈസൂര്‍ സര്‍ക്കാരിന്റെ കീഴീല്‍ ഒരു പുതിയ വാക്‌സിന്‍ നിര്‍മ്മാണശാല തുടങ്ങിയപ്പോള്‍ പല്പു അതിന്റെ മേല്‍നോട്ടക്കാരനായി നിയമിതനായി. എന്നാല്‍ മേലുദ്യോഗസ്ഥര്‍ തമ്മിലുള്ള കിടമത്സരം മൂലം ആ സ്ഥാപനത്തിനും പഴയ സ്ഥിതി വന്നു ചേര്‍ന്നു. മൈസൂര്‍ സര്‍ക്കാരിന്റെ കീഴില്‍ സീനിയര്‍ സര്‍ജനായി ജോലി ചെയ്തിരുന്ന ഡോ. ബെന്‍സന്റെ ആവശ്യപ്രകാരം വീണ്ടും ഒരു വാക്‌സിന്‍ നിര്‍മ്മാണശാല തുടങ്ങുകയും അതില്‍ പല്പുവിന്റെ സേവനം ലഭ്യമാക്കുകയും ചെയ്തു. കുറച്ചു കാലത്തിനുശേഷം ഡോ. ബെന്‍സന്‍ വിരമിച്ചപ്പോള്‍ പുതിയ ഉദ്യോഗസ്ഥന്‍ വരികയും അദ്ദേഹത്തിന് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ താല്പര്യം കുറയുകയും സ്ഥാപനം നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പല്പുവിനെ മറ്റു ജോലികളില്‍ നിയോഗിച്ചു.
എന്നാല്‍, തന്റെ സ്ഥിരോത്സാഹം മൂലം സര്‍ക്കാരിന് ലഭിച്ച വരുമാനത്തിന്റെ നീക്കിയിരിപ്പില്‍ 120 രൂപ ലിംഫ് ശേഖരണത്തിനായി ഡോ. പല്പു അനുവദിച്ചെടുത്തു. വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ചു. അതില്‍ നിന്ന് വരുമാനം വര്‍ദ്ധിച്ചു തുടങ്ങി. താമസിയാതെ സര്‍ക്കാരിന് അദ്ദേഹത്തിലുള്ള വിശ്വാസം വര്‍ദ്ധിക്കുകയും ലിംഫ് നിര്‍മ്മാണത്തിന് കൂടുതല്‍ തുക അനുവദിക്കുകയും ചെയ്തു. ലിംഫ് പുറം രാജ്യങ്ങളിലേക്കെല്ലാം കയറ്റി അയക്കപ്പെടാനും ഗുണനിലവാരം പുലര്‍ത്തുന്നതിനുള്ള വിജ്ഞാപനം ലഭിക്കാനും ഇടയായി.
താമസിയാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ ചുമതല പല്പുവിനെ ഏല്‍പ്പിച്ചു. അങ്ങനെ വിദേശരാജ്യത്ത് ഉപരിപഠനം നടത്താനുള്ള സാധ്യത തെളിഞ്ഞു. എന്നാല്‍ കുത്സിതബുദ്ധികളായ
ചില മേലുദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം അതെല്ലാം നഷ്ടമായി. ഡോ. പല്പുവിനെ ജോലിയില്‍ തരം താഴ്ത്തുകയും മറ്റു രീതിയില്‍ വാക്‌സിന്‍ ഉണ്ടാക്കാന്‍ അവര്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ആ രീതികള്‍ക്ക് പല അപാകതകളും ഉണ്ടായിരുന്നതിനാല്‍ ജനങ്ങളുടെ പരാതി വര്‍ദ്ധിച്ചു വന്നു. താമസിയാതെ സര്‍ക്കാര്‍ പല്പുവിനെ തിരിച്ചു വിളിച്ചു. പല്പു പുതിയ രീതി നിര്‍ത്തലാക്കി തനതായ രീതിയില്‍ വാക്‌സിന്‍ നിര്‍മ്മാണം പുനരാരംഭിച്ചു. ജനങ്ങളുടെ പരാതി കുറഞ്ഞു. എന്നാല്‍ വീണ്ടും മേലുദ്യോഗസ്ഥര്‍ പല്പുവിനെ പ്ലേഗ് ബാധയുടെ ചുമതലയേല്പിച്ചു. 1894 മുതല്‍ 98 വരെയുള്ള കാലയളവില്‍ ഭ്രാന്താശുപത്രി, കുഷ്ഠരോഗാശുപത്രി, മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയവയുടെ ചുമതലയും പല്പുവിന് ലഭിച്ചു.
ബാംഗ്ളൂര്‍ നഗരത്തെ വിറപ്പിച്ച പ്ലേഗുബാധ നിയന്ത്രിക്കാൻ സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ചുകൊണ്ട് പോരാടി. ശ്മശാനങ്ങളില്‍ വരെ അദ്ദേഹം ജോലിയെടുത്തു. പ്ലേഗ് ബാധ ആപത്കരമാം വിധം പടരാതെ നിയന്ത്രിക്കാന്‍ പല്പുവിനും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. പ്ലേഗ് ശമിച്ചപ്പോള്‍ ഇന്ത്യാ സര്‍ക്കാരിലെ സര്‍ജന്റ് ജനറലും സാനിട്ടറി കമ്മീഷണറും മൈസൂര്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ഡോ. പല്പുവിന്റെ ക്യാമ്പുകള്‍ മറ്റു ക്യാമ്പുകളെ അപേക്ഷിച്ച് മെച്ചപ്പെട്ടതും സുരക്ഷിതവുമാണെന്ന് കണ്ടെത്തി. അദ്ദേഹത്തിന്റെ സേവനത്തെ മാനിച്ച് എത്രയും പെട്ടെന്ന് ഉപരിപഠനത്തിന് വിദേശത്തേക്ക് അയക്കാന്‍ അവര്‍ ശുപാര്‍ശ ചെയ്തു. ഇംഗ്ളണ്ടിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും പാരീസ്, ജര്‍മ്മനി, ജനീവ, റോം തുടങ്ങിയ യുറോപ്യന്‍ രാജ്യങ്ങളിലും അദ്ദേഹം പഠനം നടത്തി. കേംബ്രിഡ്ജിലും, പാരീസിലെ പാസ് ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും പ്രവര്‍ത്തിച്ചു. കേംബ്രിഡ്ജില്‍ നിന്ന് ഡിപ്ലോമ ഇന്‍ പബ്ലിക് ഹെല്‍ത്തും, ലണ്ടനില്‍ നിന്ന് എഫ്.ആര്‍.പി.എച്ച്. ബിരുദവും നേടി. വിദേശത്ത് ലഭിച്ച ജോലി വാഗ്ദാനങ്ങള്‍ നിരസിച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. അന്ന് വിദേശത്ത് ഉപരിപഠനം കഴിഞ്ഞ തിരുവിതാംകൂറുകാരനായ രണ്ടാമത്തെ വൈദ്യനായിരുന്നു ഡോ. പല്പു.
ഉപരിപഠനം കഴിഞ്ഞതോടെ ഡോ. പല്പുവിന് കൂടുതല്‍ ഉയര്‍ന്ന തസ്തികകളില്‍ നിയമനം ലഭിച്ചു.ആദ്യം മൈസൂർ സിറ്റി ഹെല്‍ത്ത് ഓഫീസര്‍ ആയി. പീന്നീട് മൈസൂര്‍ സര്‍ക്കാരിന്റെ സാനിട്ടറി കമ്മീഷണരുടെ പേഴ്സണല്‍ അസിസ്ന്റന്റായി നിയമിതനായി. തുടര്‍ന്ന് ഡെപ്യൂട്ടി സാനിറ്റേഷന്‍ കമ്മീഷണറായി. ഇക്കാലയളവില്‍ വിഷൂചിക എന്ന സാംക്രമിക രോഗം പൊട്ടിപ്പുറപ്പെട്ടു. കുടിവെള്ളത്തിലെ രോഗാണുബാധയാണ് കാരണമെന്ന് ഡോ. പല്പു കണ്ടെത്തി. എന്നാല്‍ കുടിവെള്ളവിതരണത്തിന്റെ ചുമതലക്കാരനായിരുന്ന ഒരാളുടെ ബന്ധുവായ ഉദ്യോഗസ്ഥന്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് ആ കണ്ടെത്തലിനെ എതിര്‍ത്തു. കുടിവെള്ള സാമ്പിളുകളിലെല്ലാം രോഗാണുബാധ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം മൂലം അതെല്ലാം മറച്ചു. സര്‍ക്കാര്‍ ഡോ. പല്പുവിനെ ഉദ്യോഗത്തില്‍ തരംതാഴ്ത്തി. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹം ജോലി രാജിവെക്കുകയും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു.
മൈസൂരില്‍ പ്ലേഗ് വീണ്ടും വിനാശം സൃഷ്ടിച്ചപ്പോള്‍ സര്‍ക്കാര്‍ ഡോ.പല്പുവിനെ മടക്കി വിളിച്ചു. ഇത്തവണ ജയില്‍ സൂപ്രണ്ടായി ഉദ്യോഗക്കയറ്റം നല്‍കി. പിന്നീട് അദ്ദേഹം മദ്രാസ് സര്‍ക്കാരിന്റെ കീഴിലും ബറോഡ സര്‍ക്കാരിന്റെ കീഴീലും ജോലി നോക്കി. ജോലിക്കിടയില്‍ ആരോഗ്യപ്രദര്‍ശനങ്ങളും ആരോഗ്യ വിവരദായിയായ നാടകങ്ങളും സംഘടിപ്പിച്ചു. അതെല്ലാം രാജാവിന്റേയും മറ്റും പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തു.
ബറോഡയില്‍ നിന്ന് മൈസൂരില്‍ തിരിച്ചെത്തിയ ഡോ. പല്പു താന്‍ പണ്ട് ജോലി ചെയ്ത ലിംഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററായി ജോലി നോക്കി. നീണ്ട 35 വര്‍ഷത്തെ പൊതുജനസേവത്തിനുശേഷം വിരമിച്ചു.ആരോഗ്യരംഗത്ത് സജീവമായി നില്‍ക്കുമ്പോഴും പിന്നാക്ക സമുദായത്തില്‍ പിറന്നു എന്ന ഏകകാരണത്താല്‍ ജന്മനാട്ടില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പല്പുവിനെ ആഴത്തില്‍ വേദനിപ്പിച്ചിരുന്നു.
തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോലിയില്‍ അധഃകൃതര്‍ക്ക് പ്രവേശനമില്ലായിരുന്നു. അഞ്ചുരൂപയില്‍ മേലെ ശമ്പളമുള്ള ഒരു ജോലിയും ഈഴവര്‍ക്ക് ലഭിക്കുമായിരുന്നില്ല. ഡോ. പല്പുവിന്റെ ജോലി സാധ്യത അന്നത്തെ ദിവാന്‍ തള്ളിക്കളഞ്ഞിരുന്നു.
സാമൂഹികനീതി ലഭ്യമാക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് 1903-ലെ എസ്.എന്‍.ഡി.പി യോഗത്തിന്റെ രൂപവത്കരണം.
കഷ്ടതയനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ അനുകമ്പ തന്റെ ജാതീയരില്‍ മാത്രം ഒതുങ്ങിയില്ല. മൈസൂരിലെ തെരുവുകളില്‍ അന്തിയുറങ്ങിയ അസംഖ്യം പാവങ്ങള്‍ക്ക് തണുപ്പില്‍ നിന്നു രക്ഷപ്പെടാനായി തന്റെ ചിലവില്‍ അദ്ദേഹം കമ്പിളിപ്പുതപ്പുകള്‍ വാങ്ങി നല്‍കി. മൈസൂരിലായിരുന്നപ്പോള്‍ അദ്ദേഹം വാലിഗാര്‍ സമുദായത്തിന് ജന്മാവകാശങ്ങള്‍ നേടിയെടുക്കുവാനായി ഒരു സംഘടന രൂപവത്കരിച്ചു.
കേരളത്തിലെ ഈഴവരുടെ ജീവിതം ദുസ്സഹമാക്കുന്ന സാമൂഹിക ദുരാചാരങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം ഇന്ത്യയിലെ ഇംഗ് ളീഷ് ദിനപ്പത്രങ്ങളില്‍ പല ലേഖനങ്ങളും എഴുതി. തന്റെ സ്വന്തം ചെലവില്‍ ഈഴവരുടെ അധഃസ്ഥിതിയെ ചൂണ്ടിക്കാണിച്ച് താന്‍ അയച്ച പരാതികളും പത്രങ്ങളില്‍ താന്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ക്രോഡീകരിച്ച് അദ്ദേഹം കേരളത്തിലെ തിയ്യന്മാരോടുള്ള പെരുമാറ്റം എന്ന പേരില്‍ ഒരു പുസ്തകം എഴുതി. ഈ പുസ്തകവും അതിന്റെ മലയാളം പരിഭാഷയും കേരളത്തിലെ അന്നു നിലനിന്ന താഴ്ന്ന ജാതിക്കാരുടെ ദുരവസ്ഥയ്ക്ക് ഒരു ലിഖിത രേഖയായി.
തിരുവിതാംകൂര്‍ മഹാരാജാവിന് 1891-ല്‍ സമര്‍പ്പിച്ച മലയാളി മെമ്മോറിയല്‍ സാമൂഹിക നീതി ലഭ്യമാക്കുന്നതിനുള്ള സാമൂഹിക മുന്നേറ്റമായിരുന്നു. ഡോ.പല്പു മൂന്നാമനായി ഒപ്പുവെച്ച് സമര്‍പ്പിച്ച ഈ ഹര്‍ജ്ജി സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്ന ദിവാന്‍മാര്‍ അവരുടെ നാട്ടുകാര്‍ക്ക് എല്ലാ സര്‍ക്കാര്‍ ജോലികളും നീക്കിവെക്കുന്നത് ചൂണ്ടിക്കാട്ടി.ഇതിനു മറുപടിയായി 1891 ഏപ്രില്‍ 21-നു സര്‍ക്കാര്‍ പറഞ്ഞത് പൊതുവേ വിദ്യാഭ്യാസ നിലവാരം കുറഞ്ഞ ഈഴവര്‍ അവരുടെ പരമ്പരാഗത തൊഴിലുകളായ കൃഷി, കയര്‍ നിര്‍മ്മാണം, കള്ള് ചെത്തല്‍ എന്നിവ ചെയ്ത് തുടര്‍ന്ന് ജീവിച്ചാല്‍ മതി എന്നതായിരുന്നു.
ഈ മറുപടിയില്‍ ക്ഷുഭിതനായ ഡോ.പല്പു ജനങ്ങളെ അധികാരികളുടെ മനോഭാവത്തിനെതിരെ ഒരുമിപ്പിച്ചു. സര്‍ക്കാരിന്റെ ഭൂരിപക്ഷം ജനങ്ങളോടുമുള്ള മനുഷ്യത്വമില്ലാത്ത പെരുമാറ്റം ഒഴിവാക്കുവാനുള്ള ഏക വഴി ഒത്തൊരുമിച്ചുളള പ്രതിഷേധമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒരു ഭീമഹര്‍ജ്ജി സര്‍ക്കാരിനു സമര്‍പ്പിക്കുവാന്‍ ഈ സമ്മേളനത്തില്‍ തീരുമാനമായി. ഡോ. പല്പു ഒപ്പുകള്‍ ശേഖരിക്കുവാനായി മുന്നിട്ടിറങ്ങി. 1896 സെപ്റ്റംബര്‍ 3 നു സമര്‍പ്പിച്ച ഈ ഭീമഹര്‍ജ്ജിയാണ് ഈഴവ മെമ്മോറിയല്‍ എന്ന് അറിയപ്പെടുന്നത്.
അദ്ദേഹത്തിന്റെ അടുത്ത നീക്കം ബ്രിട്ടീഷ് നിയമസഭയുടെ ശ്രദ്ധ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അനീതികളുടെ നേരെ കൊണ്ടുവരിക എന്നതായിരുന്നു. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റര്‍ നിവേദിതയുടെ ഒരു കത്തുമായി ഡോ. പല്‍പ്പു ബാരിസ്റ്റര്‍ പിള്ളയെ ലണ്ടനിലേക്ക് അയച്ചു. ഇംഗ്ളണ്ടിലെത്തിയ അദ്ദേഹം ബ്രിട്ടീഷ് നിയമസഭാ സാമാജികരിലൂടെ ഈ പ്രശ്‌നം ബ്രിട്ടീഷ് നിയമസഭയില്‍ അവതരിപ്പിച്ചു. ഉപരിപഠനത്തിനായി ലണ്ടനില്‍ എത്തിയപ്പോള്‍ ഡോ.പല്പു ബ്രിട്ടീഷ് നിയമസഭാംഗമായിരുന്ന ദാദാഭായി നവറോജിയിലൂടെ ബ്രിട്ടീഷ് നിയമസഭയില്‍ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് ചോദ്യം ഉന്നയിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ ഇന്ത്യാ സെക്രട്ടറിക്ക് ഒരു നിവേദനം സമര്‍പ്പിക്കപ്പെട്ടു. ഇതിന്റെ ഫലമായി ബ്രിട്ടീഷ് ഭരണകൂടം തിരുവിതാംകൂറിലെ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി.
ഡോ.പല്പുവിന്റെ സാമൂഹ്യസംഭാവനകള്‍ ജനഹൃദയങ്ങളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു . അതിന്റെ ഉള്‍ക്കരുത്ത് നാം ഇനിയും അറിയാനിരിക്കുന്നതേയുളളു.