അദൃശ്യതയുടെ ചരിത്രം

1820ലെ കണക്ക് പ്രകാരം തിരുവിതാംകൂറിലെ മൊത്തം ജനസംഖ്യയുടെ എണ്‍പത്തിമൂന്ന് ശതമാനമായിരുന്ന ഹിന്ദുക്കള്‍ 1931- ആകുമ്പോള്‍ മൊത്തം ജനസംഖ്യയുടെ അറുപത്തിയൊന്ന് ശതമാനമായി കുറയുകയും അതേസമയം 1820-ല്‍ മൊത്തം ജനസംഖ്യയുടെ പന്ത്രണ്ട് ശതമാനം മാത്രമായിരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ മുപ്പത്തിയൊന്നായി ഉയരുകയും ചെയ്തു.സ്‌കൂളുകളുടെ അവസ്ഥയും ഇങ്ങനെ തന്നെയായിരുന്നു. മിഷനറി പ്രസ്ഥാനങ്ങള്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ ഉണ്ടായിരുന്നതെങ്കില്‍ ക്രമേണ മിഷനറി സ്‌കൂളുകളുടെ എണ്ണം കുറയുകയും ഇതര ക്രൈസ്തവ സഭകള്‍ ഈ മേഖലയിലേക്ക് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.

കേരളത്തിലെ ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ജാതികള്‍ ഏറ്റവുമധികം ചേര്‍ന്നത് കത്തോലിക്കാ, യാക്കോബായ, മാര്‍ത്തോമാ സഭകളിലേക്കായിരുന്നു. പോര്‍ച്ചുഗീസ്, ഡച്ച് കാലത്ത് നിരവധി പിന്നാക്ക വിഭാഗങ്ങള്‍ കത്തോലിക്കാ സഭയിലേക്ക് ചേരുകയുണ്ടായി അതോടൊപ്പം ബിഷപ്പ് അലക്സോ ഡി മെനെസെസിന്റെ നിര്‍ദ്ദേശപ്രകരം തൊടുപുഴയ്ക്കും ഈരാറ്റുപേട്ടയ്ക്കും ഇടയിലുളള മലഅരയ ആദിവാസി വിഭാഗം കത്തോലിക്കാ സഭയില്‍ കൂടിയെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗത്തോട് കൂടിയാണ് ഈഴവരും ദലിതരുമെല്ലാം വ്യാപകമായി കത്തോലിക്കാ സഭയിലേക്ക് എത്തുന്നത്.
മത്തായി മറിയം കത്തനാരുടെ (പാലക്കുന്നേല്‍ വല്യച്ചന്റെ) നാളാഗമത്തില്‍ ഈഴവരെയും മലഅരയരെയും കത്തോലിക്കാ സഭയിലേക്ക് ചേര്‍ക്കുന്നത് കാണാന്‍ കഴിയും. മുണ്ടക്കയത്തും അതിന്റെ കിഴക്കന്‍ മേഖലയിലും സി.എം.എസ് മിഷനറിമാര്‍ പ്രവര്‍ത്തനം ആരംഭിക്കുകയും അവിടത്തെ ജനങ്ങളും ഭൂമിയും മിഷന്റേതായി മാറ്റുന്നുണ്ടെന്നും അതുകൊണ്ട് കത്തോലിക്കാ സഭയ്ക്ക് ഭൂമി കിട്ടണമെങ്കില്‍ ഈഴവരെയും പുലയരെയുമെല്ലാം കത്തോലിക്കാ വിശ്വാസികളാക്കി മാറ്റണമന്നും മത്തായി മറിയം തന്റെ മേലധികാരികളെ അറിയിക്കുകയുണ്ടായി. എന്തായാലും 1858- ധനുമാസം 24-നു കൊരട്ടിയിലുള്ള പതിനെട്ട് ഈഴവരെ കത്തോലിക്കാ സഭാ വിശ്വാസത്തിലേക്ക് മത്തായി മറിയം എത്തിക്കുകയുണ്ടായി. കൊരട്ടിയിലെ ഉണ്ടാന്‍ എന്നുപേരുള്ള ഈഴവന്‍ അവുസേപ്പ് ആയി മാറുകയും അതിനുശേഷം കൂത്രപ്പള്ളി, കറുകച്ചാല്‍, ചങ്ങനാശ്ശേരി, നെടുംകുന്നം, പുളിങ്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം ഈഴവര്‍ കത്തോലിക്കാ വിശ്വാസികളായി മാറി.ഇരുപതാംനൂറ്റാണ്ടിന്റ തുടക്കം മുതല്‍ യാക്കോബായ, മാര്‍ത്തോമാ, കത്തോലിക്കാ സഭകള്‍ ഈഴവര്‍, ആശാരി, വേട്ടുവര്‍, മണ്ണാന്‍ ജാതികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മാര്‍ത്തോമാ സഭയിലെ വേട്ടുവ ജാതിയില്‍പ്പെട്ട തോമസ് എന്ന പ്രവര്‍ത്തകന്‍ വഴിയാണ് 1892-ല്‍ തിരുവല്ലയ്ക്ക് സമീപമുള്ള ഓതറയില്‍ എണ്‍പത്തിയഞ്ച് പുലയര്‍ ക്രിസ്ത്യാനിയായി തീര്‍ന്നത്. അതേപോലെ ആഴ്ചപ്പതിപ്പുകളിലും പത്രങ്ങളിലും മതപരിവര്‍ത്തന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഉദാഹരണമായി പറഞ്ഞാല്‍, 1933- നവംബര്‍ 13-, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പ്രാദേശിക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു, തിരുവിതാംകൂറിലെ മേല്‍പ്പാടം എന്നസ്ഥലത്ത് വെച്ച് 33- ഈഴവരും 60-പുലയരും ക്രിസ്തുമതം സ്വീകരിച്ചു (പേജ് 15).പ്രൊട്ടസ്റ്റന്റ് മിഷനറി സംഘത്തിന്റെ പോലുള്ള കൃത്യമായ രേഖപ്പെടുത്തലുകള്‍ തദ്ദേശീയ ക്രിസ്ത്യന്‍ പ്രസ്ഥാനങ്ങള്‍ നടത്തിയിരുന്നില്ലഎന്നതാണ് ഈ മത പരിവര്‍ത്തന ചരിത്രം വെളിയില്‍ കൊണ്ടുവരുന്നതിനുള്ള ഒരു പരിമിതി. മാര്‍ത്തോമാ സഭയുടെ സുവിശേഷ പ്രസംഗ സംഘത്തിന്റെ ചില റിപ്പോര്‍ട്ടുകളും കൊച്ചി ഭാഗത്ത് പ്രവര്‍ത്തിച്ച ജെസ്യുട്ട് മിഷനറിമാരുടെ ചുരുക്കം ചില എഴുത്തുകളും മാത്രമാണ് ഇതുസംബന്ധമായ വിവരണങ്ങള്‍ ലഭിക്കുന്ന സ്രോതസ്സുകള്‍.
1820-കളില്‍ തിരുവിതാംകൂറില്‍ ഒരു ലക്ഷം ക്രിസ്ത്യാനികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 1931-ലെ സെന്‍സസ് പ്രകാരം പതിനാറ് ലക്ഷം ക്രിസ്ത്യാനികള്‍ തിരുവിതാംകൂറിലുണ്ടായിരുന്നു. ഏതാണ്ട് 2326-പള്ളികളും തിരുവിതാംകൂറില്‍ ഈ കാലത്ത് സ്ഥാപിക്കപ്പെട്ടു. 21653-അമ്പലങ്ങളുണ്ടായിരുന്ന തിരുവിതാംകൂറില്‍ 1936-ല്‍ വെറും 9250- അമ്പലങ്ങള്‍ മാത്രമേയുള്ളു എന്ന് ആര്യസമാജം വാദിക്കുന്നു (Arya Samaj Statement1937: 395-396). 1820ലെ കണക്ക് പ്രകാരം തിരുവിതാംകൂറിലെ മൊത്തം ജനസംഖ്യയുടെ എണ്‍പത്തിമൂന്ന് ശതമാനമായിരുന്ന ഹിന്ദുക്കള്‍ 1931- ആകുമ്പോള്‍ മൊത്തം ജനസംഖ്യയുടെ അറുപത്തിയൊന്ന് ശതമാനമായി കുറയുകയും അതേസമയം 1820-ല്‍ മൊത്തം ജനസംഖ്യയുടെ പന്ത്രണ്ട് ശതമാനം മാത്രമായിരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ മുപ്പത്തിയൊന്നായി ഉയരുകയും ചെയ്തു.സ്‌കൂളുകളുടെ അവസ്ഥയും ഇങ്ങനെ തന്നെയായിരുന്നു. മിഷനറി പ്രസ്ഥാനങ്ങള്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ ഉണ്ടായിരുന്നതെങ്കില്‍ ക്രമേണ മിഷനറി സ്‌കൂളുകളുടെ എണ്ണം കുറയുകയും ഇതര ക്രൈസ്തവ സഭകള്‍ ഈ മേഖലയിലേക്ക് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. 1933-ലെ പ്രൈമറി, മിഡില്‍ സ്‌കൂളുകളുടെ എണ്ണം നോക്കിയാല്‍ ഇത് വ്യക്തമാകും. കത്തോലിക്കര്‍ക്ക് 425-സ്‌കൂളും, ലണ്ടന്‍ മിഷനറിമാര്‍ക്ക് 315 ഉം, ചര്‍ച് മിഷനറിമാര്‍ക്കു 250, മാര്‍ത്തോമാ സഭയ്ക്കു 159 സ്‌കുളുകളുമാണ് ഉണ്ടായിരുന്നത് (Kooiman1996:157).അതായത് തിരുവിതാംകൂറില്‍ ഏറ്റവുമധികം പള്ളികളും പള്ളിക്കൂടങ്ങളുമുണ്ടായിരുന്ന മിഷനറി പ്രവര്‍ത്തകരുടെ ആധിപത്യത്തിന് കോട്ടം ഉണ്ടാകുകയും കത്തോലിക്കാ സഭയും തദ്ദേശീയ ക്രിസ്ത്യന്‍ സഭകളും വളരെ വേഗത്തില്‍ വളരുന്ന കാഴ്ചയാണ് നാം കാണുന്നത്.ജനസംഖ്യയിലെ വളര്‍ച്ച നോക്കിയാല്‍ ഇത് കൂടുതല്‍ വ്യക്തമാകും.
വര്‍ഷംതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ ജനസംഖ്യ
1820 112158
1875 469023
1881 498542
1891 526911
1901 697387
1911 908868
1921 1172934
1931 1604475
1941 1963808
പട്ടിക 1
1820- മുതല്‍ 1941- വരെയുള്ള തിരുവിതാംകൂര്‍ സെന്‍സസ് പ്രകാരം ഹിന്ദു ജനസംഖ്യ എണ്‍പത്തിമൂന്നില്‍ നിന്ന് അറുപത്തിയൊന്നായി കുറയുകയും ക്രിസ്ത്യന്‍ ജനസംഖ്യ പന്ത്രണ്ടില്‍ നിന്ന് മുപ്പത്തിയൊന്നായി ഉയരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ക്രിസ്തുമത വിശ്വാസികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് വളരെ വ്യക്തമാണെങ്കിലും ഏത് സഭയിലാണ് കൂടുതല്‍ അംഗങ്ങള്‍ ഉള്ളത് എന്നത് കൂടി പരിശോധിക്കപ്പെടേണ്ടതാണ്.എങ്കില്‍ മാത്രമാണ് അദൃശ്യമായ ജാതി സംയോജനത്തിന്റെ ചരിത്രം വ്യക്തമാകു.അതോടൊപ്പം പിന്നാക്ക ജാതികളുടെ ജനസംഖ്യയും പരിഗണിക്കേണ്ടതാണ്.ബ്രിട്ടീഷ്‌കാരുടെ കാലത്ത് നടത്തപ്പെട്ട സെന്‍സസുകളില്‍ കൃത്യമായി അവര്‍ സഭാ വിഭാഗത്തിനെ അടയാളപ്പെടുത്തിയിരുന്നു. ഈ കാരണത്താല്‍ ഏത് സഭയിലാണ് ജനസംഖ്യ വര്‍ധിച്ചതെന്നു വളരെ വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ സ്വതന്ത്ര ഇന്ത്യയിലാകട്ടെ ക്രിസ്ത്യാനി എന്ന ഒറ്റ തലക്കെട്ട് മാത്രമാണ് സെന്‍സസുകളില്‍ ഉണ്ടായിരുന്നത്. 1931-ലെ സെന്‍സസ് ക്രിസ്തുമതത്തിനുള്ളിലെ ജാതി തിരിച്ചുള്ള സെന്‍സസ് കൂടിയായിരുന്നു. ചെറിയ സഭകള്‍ നിരവധി ഉണ്ടെങ്കിലും ഏറ്റവും പ്രബല സഭകളുടെ കണക്കുകള്‍ മാത്രമാണ് ഇനി വിശദീകരിക്കുന്നത്.
തിരുവിതാംകൂര്‍
പട്ടിക 2
പട്ടിക രണ്ടില്‍ സൂചിപ്പിച്ചിരിക്കുന്ന സെന്‍സസ് ഡാറ്റയിലെ ആംഗ്ലിക്കന്‍ വിശ്വാസികള്‍ എന്നതില്‍ കൊച്ചി രാജ്യത്തെ ജനങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്.സെന്‍സസ് ഡാറ്റപ്രകാരം ലത്തീന്‍ കത്തോലിക്കാ സഭയില്‍ 1911-ല്‍ നിന്നും 1921-ല്‍ എത്തുമ്പോള്‍ 154185 വിശ്വാസികള്‍ വര്‍ധിക്കുകയും അതേപോലെ 1921-ല്‍ നിന്നും 1931-എത്തുമ്പോള്‍ 291762- എന്ന എണ്ണത്തിലേക്ക് ഉയരുകയും പിന്നീട് 1941- സെന്‍സസില്‍ എത്തുമ്പോള്‍ 93007- എന്ന വ്യതിയാനത്തിലും എത്തിനില്‍ക്കുന്നു. ഇനി റോമോ സിറിയന്‍സ് എന്ന് പറയുന്നവരുടെ എണ്ണമാകട്ടെ 1911-ല്‍ നിന്നും 1921-ലെത്തുമ്പോള്‍ 10074-ആളുകള്‍ കുറയുകയും എന്നാല്‍ അത് 1931-ലെത്തുമ്പോള്‍ 165840-ആയി ഉയരുകയും ചെയ്യുന്നു. പിന്നീട് 1931-ല്‍ നിന്ന് 1941-ലേക്കെത്തുമ്പോഴും 111661-എന്ന വര്‍ദ്ധനവ് തന്നെ നിലനിര്‍ത്തുവാനും സാധിക്കുന്നു. മാര്‍ത്തോമാ സഭയിലാകട്ടെ 1931-ല്‍ നിന്നും 1941-ലെത്തുമ്പോള്‍ 29476- ആണ് വര്‍ദ്ധനവ്. യാക്കോബായ സഭയെ കുറിച്ച് സെന്‍സസ് പറയുന്നത് 1931-ല്‍ നിന്നും 1941-ലെത്തിയപ്പോള്‍ 67235- ജനങ്ങളുടെ വര്‍ദ്ധനവ് കാണിക്കുന്നുണ്ട് എന്നതാണ്. അതായത് നാം മനസിലാക്കേണ്ട യാഥാര്‍ഥ്യം 1816-ല്‍ ആരംഭിച്ച സി.എം.എസ് മിഷന്‍ 1941-വരെയുള്ള 125-വര്‍ഷംകൊണ്ട് രണ്ട് നാട്ടുരാജ്യങ്ങളില്‍ നിന്നും നേടിയെടുത്ത ജനസംഖ്യയുടെ ഇരട്ടിയുടെ ഇരട്ടി ജനങ്ങളെയാണ് കത്തോലിക്കാ സഭയും തദ്ദേശീയ ക്രൈസ്തവ സഭകളും കേവലം പത്ത് വര്‍ഷം കൊണ്ട് നേടി എടുത്തത്. ഇനി 1931-ലെ ജാതി തിരിച്ചുള്ള തിരുവിതാംകൂറിലെ ക്രിസ്ത്യന്‍ സെന്‍സസ് പട്ടിക പരിശോധിക്കാം.
സെന്‍സസ് 1931- തിരുവിതാംകൂറിലെ ക്രിസ്ത്യാനികളുടെ എണ്ണം16,04,475 .അതില്‍ പിന്നാക്ക ക്രിസ്ത്യാനികളുടെ ജാതി തിരിച്ചുള്ള കണക്ക്.

ജാതി ജനസംഖ്യ
നാടാര്‍ 1,68,573
പുലയര്‍ 157813
പറയര്‍ 71680
കുറവര്‍ 8158
ഐനവര്‍ 6414
മുക്കുവന്‍ 30539
ഭരതര്‍ 8669
അരയന്‍ 3620
ഈഴവ 2311
വണ്ണാന്‍ 2589
മരയ്ക്കാന്‍ 1301
വേട്ടുവര്‍ 2000
കാവതി 1403
വെള്ളാളന്‍ 1078
കാത്തോലിക് അരസര്‍ 22560
കരലമുതലി 1582
പള്ളന്‍ 2225
ചക്കറവര്‍ 2108
മറ്റുള്ളവ 8764
ആകെ 503387
പട്ടിക3
ക്രിസ്ത്യാനികളുടെ ഇടയില്‍ പിന്നാക്ക ജാതികള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഒരു സെന്‍സസായിരുന്നു 1931-ലേത്. എന്നാല്‍ ഇതില്‍ പ്രതിപാദിക്കുന്ന നാടാര്‍, പുലയ, പറയ, കുറവ, അയ്യനവ ക്രിസ്ത്യാനികളെ മാത്രമാണ് നാം ഇന്ന് കേരളത്തിലെ ക്രിസ്തുമതത്തിനുള്ളില്‍ കാണുന്നത്. ഈഴവ, വേട്ടുവ, വണ്ണാന്‍ തുടങ്ങിയ പേരിലുള്ള ക്രിസ്ത്യാനികളെ നാം കാണുന്നില്ല. ക്രിസ്ത്യാനികള്‍ക്കിടയിലെ ജാതി സംയോജനത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണ് ഈ പട്ടിക. അതേപോലെ 1931-ലെ സെന്‍സസ് പ്രകാരം കത്തോലിക്കാ സഭയിലെ രണ്ടു വിഭാഗങ്ങളില്‍ മാത്രം 457602- ആളുകളുടെ വര്‍ദ്ധനവുണ്ടായി, അതേവര്‍ഷം ആകെയുള്ള പിന്നാക്ക ക്രിസ്ത്യാനികളുടെ എണ്ണമാകട്ടെ 503387- ആയിരുന്നു.ഇന്നത്തെ തമിഴ് നാട് കൂടി ഉള്‍പ്പെട്ടിരിക്കുന്ന സെന്‍സസ് എന്ന ഒരു പരിമിതി തിരുവിതാംകൂറിലെ സെന്‍സസിന് ഉണ്ട്. മാത്രമല്ല തിരുവിതാംകൂറിലാണ് അയിത്ത ജാതികള്‍ വ്യാപകമായി ക്രിസ്തുമതത്തില്‍ ചേര്‍ന്നത് എന്നാണ് ഒരു പൊതുധാരണ. ഈ കാരണത്താല്‍ കൊച്ചിയിലെ ക്രിസ്തീയ വിശ്വാസികളുടെ എണ്ണം കൂടി പരിശോധിക്കേണ്ടതാണ്.
ക്രമാതീതമായി വര്‍ധിക്കുന്ന ക്രിസ്ത്യന്‍ ജനസംഖ്യ തന്നെയാണ് കൊച്ചിയിലെ സെന്‍സസിലും നാം കാണുന്നത്. തിരുവിതാംകൂറിലും കൊച്ചിയിലുമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലിക്കന്‍ മിഷനില്‍ 1921-നും 1931-നുമിടയില്‍ ഉണ്ടായ വര്‍ദ്ധനവ് 20147- ആണെങ്കില്‍ കൊച്ചി രാജ്യത്ത് മാത്രമായി കത്തോലിക്കാ സഭയിലുണ്ടായ വര്‍ദ്ധനവ് 30956- ആയിരുന്നു. യാക്കോബായ, മാര്‍ത്തോമാ, കത്തോലിക്കാ സഭകളില്‍ മാത്രമായി 38352- എണ്ണം വര്‍ദ്ധിക്കുകയുണ്ടായി.
കേരളത്തിലെ ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ ജാതി ഒരു പ്രത്യേക രീതിയിലാണ് ശ്രേണീകരിക്കപ്പെട്ടത്. പിന്നാക്ക ജാതികളില്‍ നിന്നും നിരവധി ജാതികള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ഇടയില്‍ ക്രിസ്തുമതം സ്വീകരിച്ചെങ്കിലും പുലയര്‍, പറയര്‍, കുറവര്‍, ഐനവര്‍ എന്നീ ജാതികള്‍ക്ക് ജാതി സംയോജനം സാധ്യമായില്ല. നൂറ്റാണ്ടുകളായി അവര്‍ ക്രിസ്തുമതത്തിനുള്ളില്‍ ഏറ്റവും താഴെ തട്ടില്‍ നില്‍ക്കുന്നു.എന്നാല്‍ ഈഴവര്‍, ആശാരി, കണിയാന്‍, വേട്ടുവ, വേലന്‍, നായര്‍, നമ്പൂതിരി,മണ്ണാന്‍, പരവര്‍ തുടങ്ങി ഏതൊരു മുന്നാക്ക പിന്നാക്ക ജാതിക്കും ക്രിസ്തുമതത്തിനുള്ളില്‍ സംയോജനം സാധ്യമായിരുന്നു. ഇവരാകട്ടെ പ്രബല ക്രൈസ്തവരുടെ ഭാഗമായി തീര്‍ന്നു. എന്നാല്‍ നാടാര്‍ ജാതിയാകട്ടെ അവര്‍ തിരുവനന്തപുരം പ്രദേശത്ത് മാത്രമുള്ള ജാതി ആയതിനാല്‍ കൂടുതല്‍ ആളുകള്‍ ലണ്ടന്‍ മിഷന്‍ സംഘത്തില്‍ ചേര്‍ന്നതിനാലും അവരിലും സംയോജനം സാധ്യമായിരുന്നില്ല.കേരളത്തിന്റ ചരിത്രം പരിശോധിക്കുമ്പോള്‍ ദൃശ്യതയുടെയും അദൃശ്യതയുടെയും ചരിത്രമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കേരളത്തിലെ ക്രിസ്തുമതം ഒരേസമയം ജാതി സംയോജനം നടത്തുകയും അതോടൊപ്പം മറ്റൊരു വിഭാഗത്തെ പുറന്തള്ളിക്കൊണ്ടു ജാതി ശ്രേണി നിലനിര്‍ത്തുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതാണ് കേരളത്തിലെ ക്രിസ്തുമതത്തിന്റെ സങ്കീര്‍ണ്ണത. ഇത്തരം ഒരു സങ്കീര്‍ണ്ണതയെ മനസിലാക്കാന്‍ സാധിക്കുന്നയിടത്തില്‍ മാത്രമേ കേരളത്തിലെ ക്രൈസ്തവ ചരിത്രവും ക്രിസ്ത്യാനികളും ആധുനികമായി തീരുകയുള്ളു. ഗവേഷക വിദ്യാര്‍ത്ഥികളായ സുല്‍ത്താന നസ്‌റിനും, കിഷോര്‍ കുമാറിനും അതോടൊപ്പം ബാന്‍ശ്രീ കുമ്പളത്തിനും പ്രത്യേകം നന്ദി.
(അവസാനിച്ചു)