ഏകമതത്തിന്റെ അര്‍ത്ഥം പഠിപ്പിച്ച ഗുരു

ചാതുര്‍വര്‍ണ്യം ഹിന്ദുമതത്തിലെ സ്വാഭാവിക പ്രതിഭാസമെന്ന് കരുതിയിരുന്ന ഗാന്ധിജിയുടെ ചിന്തകളെ അപ്പാടെ മാറ്റിമറിച്ചത് ഗുരുദേവന്റെ മഹത് ദര്‍ശനമാണ്. സമൂഹത്തിലെ പുഴുക്കുത്തായി നിലനിന്ന അയിത്തത്തിനെതിരായ പ്രചാരണം ഗാന്ധിജി തുടങ്ങിയത് തന്നെ അയിത്തവും ജാതീയമായ ഉച്ചനീചത്വങ്ങളെയും ശക്തമായി എതിര്‍ക്കുകയും തുടച്ചുമാറ്റേണ്ടതാണെന്നുമുള്ള ഗുരുവിന്റെ ദര്‍ശനത്തില്‍ നിന്ന്
പ്രചോദനം
ഉള്‍ക്കൊണ്ടാണ്.

യുഗപുരുഷന്മാരായ ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും കൂടിക്കാഴ്ച നടത്തിയ മഹാമുഹൂര്‍ത്തത്തിന് നൂറുവര്‍ഷം തികഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടില്‍ ഭാരതചരിത്രത്തിലെ തന്നെ ശ്രദ്ധേയമായൊരു സമാഗമത്തിന്റെ ഓര്‍മ്മകള്‍ കേരള നവോത്ഥാന മുന്നേറ്റ ചരിത്രത്തിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയാണ്. ഗുരുദേവനുമായുള്ള സമാഗമം ദേശീയതലത്തില്‍ തന്നെ ഏറെ ഖ്യാതി നേടിയതിനൊപ്പം ഗാന്ധിജിയുടെ മനസ്സില്‍ രൂഢമൂലമായിരുന്ന ചില കാഴ്ചപ്പാടുകളെ അപ്പാടെ മാറ്റിമറിക്കാനും പ്രേരകമായി മാറി. ചാതുര്‍വര്‍ണ്യം ഹിന്ദുമതത്തിലെ സ്വാഭാവിക പ്രതിഭാസമെന്ന് കരുതിയിരുന്ന ഗാന്ധിജിയുടെ ചിന്തകളെ അപ്പാടെ മാറ്റിമറിച്ചത് ഗുരുദേവന്റെ മഹത് ദര്‍ശനമാണ്. സമൂഹത്തിലെ പുഴുക്കുത്തായി നിലനിന്ന അയിത്തത്തിനെതിരായ പ്രചാരണം ഗാന്ധിജി തുടങ്ങിയത് തന്നെ അയിത്തവും ജാതീയമായ ഉച്ചനീചത്വങ്ങളെയും ശക്തമായി എതിര്‍ക്കുകയും തുടച്ചുമാറ്റേണ്ടതാണെന്നുമുള്ള ഗുരുവിന്റെ ദര്‍ശനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. സമാനതകള്‍ ഏറെയുണ്ടെങ്കിലും വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള രണ്ട് ചിന്താധാരകളുടെ സമാഗമത്തിനാണ് 1925 മാര്‍ച്ച് 12 ന് (കൊല്ലവര്‍ഷം 1100 കുംഭം 29) ശിവഗിരി സാക്ഷ്യം വഹിച്ചത്.
‘ഗാന്ധിയാശ്രമം’ എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ശിവഗിരി തുരപ്പിനു മുകളിലെ എ.കെ ഗോവിന്ദദാസിന്റെ വക വനജാക്ഷി മന്ദിരത്തിലായിരുന്നു ആ ചരിത്ര സംഗമം നിശ്ചയിച്ചിരുന്നത്. ഗാന്ധിജിയുടെ സന്ദര്‍ശന വിവരം അറിഞ്ഞ് വന്‍ ജനക്കൂട്ടം അവിടെ എത്തി. മൂന്നരമണിയോടെ എത്തിയ ഗാന്ധിജിയെ സ്വീകരിക്കാന്‍ ഗുരു ആശ്രമത്തിന്റെ പൂമുഖം വരെയെത്തി. സി.രാജഗോപാലാചാരി, ഇ.വി രാമസ്വാമി നായ്ക്കര്‍, ഗാന്ധിജിയുടെ മകന്‍ രാംദാസ് ഗാന്ധി, പേഴ്‌സണല്‍ സെക്രട്ടറി മഹാദേവദേശായി എന്നിവരും ഗാന്ധിജിക്കൊപ്പം ഉണ്ടായിരുന്നു. മന്ദിര ഹാളില്‍ നിലത്ത് ഖദര്‍ വിരിച്ച പുല്‍പ്പായയിലിരുന്ന് ഗുരുദേവനും ഗാന്ധിജിയും നടത്തിയ സംഭാഷണത്തിന്റെ പരിഭാഷകന്‍ അഭിഭാഷകനും എസ്.എന്‍.ഡി.പി യോഗം സെക്രട്ടറിയുമായിരുന്ന എന്‍.കുമാരനായിരുന്നു. ജാതിവ്യവസ്ഥയും അയിത്തവും വര്‍ണവ്യവസ്ഥയും സംഭാഷണത്തില്‍ കടന്നു വന്നു. വൈക്കം സത്യാഗ്രഹം, അക്രമരാഹിത്യം, മതം, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍, തുടങ്ങിയവയെക്കുറിച്ചൊക്കെ സംഭാഷണം നീണ്ടു.

വിയോജിപ്പും വെളിപാടും
അയിത്തത്തിന് എതിരാണെങ്കിലും വര്‍ണവ്യവസ്ഥ നിലനില്‍ക്കേണ്ടതാണെന്ന കാഴ്ചപ്പാടായിരുന്നു ഗാന്ധിജിയുടേത്. ഗുരുവിന്റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ദര്‍ശനത്തില്‍ മനുഷ്യരെല്ലാം ഒരു ജാതിയിലും മതത്തിലും പെട്ടവരാണെന്ന വാദത്തോട് ഗാന്ധിജിക്ക് വിയോജിപ്പുണ്ടായിരുന്നു. എന്നാല്‍ ജാതിയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാക്കാന്‍ ജാതി ലക്ഷണങ്ങളെത്തന്നെ മായ്‌ച്ചു കളയുകയാണ് വേണ്ടതെന്ന് ഗുരു ഗാന്ധിജിയെ ബോദ്ധ്യപ്പെടുത്തി. ഒരു മതമേയുള്ളു എന്ന ഗുരുവിന്റെ വാദത്തോട് വിയോജിച്ച്, വിഭിന്ന മനുഷ്യര്‍ ഉള്ളകാലത്തോളം വിഭിന്ന മതങ്ങള്‍ ഉണ്ടാകുമെന്നും സഹിഷ്ണുതയാണ് വേണ്ടതെന്നുമായിരുന്നു ഗാന്ധിജിയുടെ വാദം. വനജാക്ഷി മന്ദിര മുറ്റത്തെ മാവിനെ ചൂണ്ടിക്കാട്ടിയാണ് ഗാന്ധിജി ഉദാഹരിച്ചത്. ‘നോക്കൂ, ഈ മാവിന്റെ ശാഖകളും ഇലകളും വിഭിന്നങ്ങളല്ലേ ? അതുപോലെ പ്രകൃതിയിലും വ്യത്യാസങ്ങളുണ്ട്. അതിനാല്‍ മനുഷ്യരെല്ലാം ഒരു ജാതിയാണെന്ന സിദ്ധാന്തം ശരിയല്ലെന്നായിരുന്നു ഗാന്ധിജി അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയായി ഗുരു പറഞ്ഞത് ‘ഇലകളും ശാഖകളും വ്യത്യസ്തമായിരിക്കാം, പക്ഷെ അവയിലെല്ലാമുള്ള സത്ത ഏകമതമായിരിക്കും. അതുപോലെ എല്ലാ മനുഷ്യരിലും ഉള്ള ഏകമതം മനുഷ്യത്വമാണ്. അതാണ് മനുഷ്യന്റെ ജാതിയെന്നും അത് ഏകമാണെന്നും ഗുരു സമര്‍ത്ഥിച്ചു. ഗാന്ധിജിക്ക് ആ യുക്തി അംഗീകരിക്കാതിരിക്കാനാവില്ലായിരുന്നു.
സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ ഇങ്ങനെയാണ്:
ഗാന്ധിജി: അധ:കൃത വര്‍ഗ്ഗക്കാരുടെ അവശതകള്‍ തീര്‍ക്കാന്‍ അയിത്തോച്ചാടനത്തിന് പുറമെ മറ്റെന്തെല്ലാം വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം ?
ഗുരു: അവര്‍ക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രവിവാഹമോ മിശ്ര ഭോജനമോ വേണമെന്ന പക്ഷമില്ല. നന്നാവാനുള്ള സൗകര്യം എല്ലാവരെയും പോലെ അവര്‍ക്കും ഉണ്ടാകണം.
ഗാന്ധിജി: അക്രമരഹിതമായ സത്യാഗ്രഹം കൊണ്ട് ഉപയോഗമില്ലെന്നും അവകാശ സ്ഥാപനത്തിന് ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിയുടെ അഭിപ്രായം എന്താണ് ?
ഗുരു: ബലപ്രയോഗം നന്നാണെന്ന് തോന്നുന്നില്ല.
ഗാന്ധിജി: ആദ്ധ്യാത്മികമായ മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി കരുതുന്നുണ്ടോ ?
ഗുരു: അന്യമതങ്ങളിലും മോക്ഷമാര്‍ഗ്ഗമുണ്ടല്ലോ.
ഗാന്ധിജി: അന്യമതങ്ങളുടെ കാര്യം ഇരിക്കട്ടെ, ഹിന്ദുമതം മോക്ഷലാഭത്തിന് പര്യാപ്തമെന്നാണോ സ്വാമിജിയുടെ അഭിപ്രായം ?
ഗുരു: ആദ്ധ്യാത്മിക മോക്ഷലാഭത്തിന് പര്യാപ്തം തന്നെ, ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങള്‍ അധികവും ഇച്ഛിക്കുന്നത്.
ഗാന്ധിജി: അധ:കൃത വര്‍ഗ്ഗക്കാരില്‍ തന്നെ അയിത്താചാരവും ഉണ്ടല്ലോ. സ്വാമിജിയുടെ ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ ?
ഗുരു: എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. പുലയക്കുട്ടികളും പറയക്കുട്ടികളും ശിവഗിരിയില്‍ മറ്റുള്ളവരോടൊപ്പം ഊണുകഴിച്ച് താമസിച്ച് പഠിക്കുന്നുണ്ട്. ആരാധനകളില്‍ സംബന്ധിക്കുന്നുമുണ്ട്.
തുടര്‍ന്ന് ആചാരോപചാരങ്ങള്‍ക്ക് ശേഷം ഗാന്ധിജി ശിവഗിരിയിലേക്കാണ് പോയത്. അവിടെ വൈദികമഠത്തിലാണ് അദ്ദേഹത്തിന് വിശ്രമം ഏര്‍പ്പാടാക്കിയിരുന്നത്. ശാരദാമഠത്തിലെ സന്ധ്യാപൂജയ്ക്ക് ഗാന്ധിജിയും സംബന്ധിച്ചു. രാത്രിയോടെ വൈദികമഠത്തിലെത്തിയപ്പോള്‍ അവിടത്തെ അന്തേവാസികളായ പുലയക്കുട്ടികള്‍ ചൊല്ലിയ ‘ദൈവദശകം’ ഗുരു രചിച്ച പ്രാര്‍ത്ഥനാഗീതമാണെന്നറിഞ്ഞ ഗാന്ധിജി ഏറെ സന്തുഷ്ടനായി. എസ്.എന്‍.ഡി.പി.യോഗം നേതാക്കളായ സി.വി. കുഞ്ഞുരാമന്‍, എന്‍.കുമാരന്‍, കേശവപണിക്കര്‍, കെ.അയ്യപ്പന്‍, കെ.പി കയ്യാലയ്ക്കല്‍ തുടങ്ങിയവര്‍ ഗാന്ധിജിയെ സന്ദര്‍ശിച്ച് സംഭാഷണം നടത്തി. പിറ്റെ ദിവസം രാവിലെ ശാരദാമഠത്തോട് ചേര്‍ന്നുള്ള സ്വാമിമഠത്തിലെ ഗുരുദേവ ചിത്രത്തിനു മുന്നില്‍ നമസ്‌ക്കരിച്ച ഗാന്ധിജി അവിടെ നടന്ന സമ്മേളനത്തില്‍ പ്രസംഗിച്ചു. യോഗസ്ഥലത്ത് ഗുരുവിനും മഹാത്മജിക്കും പ്രത്യേകം ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരുന്നു. എസ്.എന്‍.ഡി.പി യോഗം ഗാന്ധിജിക്ക് സമര്‍പ്പിച്ച മംഗളപത്രത്തിന്റ തര്‍ജ്ജമ കെ. അയ്യപ്പന്‍ വായിച്ചു. സെക്രട്ടറി എന്‍.കുമാരനാണ് മംഗളപത്രം സമര്‍പ്പിച്ചത്. ഗുരുദേവന്‍ ഗാന്ധിജിയെ ഹാരമണിയിച്ച് മംഗളങ്ങള്‍ നേര്‍ന്നാണ് തിരുവനന്തപുരത്തേക്ക് യാത്രയാക്കിയത്.
തിരുവനന്തപുരത്ത് ചേര്‍ന്ന മഹായോഗത്തില്‍ ഗാന്ധിജി ഇങ്ങനെ പ്രസ്താവിച്ചു, ‘മനോഹരമായ തിരുവിതാംകൂര്‍ രാജ്യം സന്ദര്‍ശിക്കാനിടയായതും ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ചതും എന്റെ ജീവിതത്തിലെ പരമ ഭാഗ്യമായി ഞാന്‍ കരുതുന്നു.’ പുണ്യാത്മാവായ ഗുരുവിനെ കാണാന്‍ കഴിഞ്ഞതും ശിവഗിരി ആശ്രമത്തില്‍ ഒരു ദിവസം താമസിച്ചതും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നാണ് ഗാന്ധിജി പിന്നീട് സന്ദര്‍ശനത്തെക്കുറിച്ച് എഴുതിയത്.
1921 ല്‍ തിരുനല്‍വേലിയില്‍ വച്ച് ടി.കെ മാധവനില്‍ നിന്നാണ് ഗുരുവിന്റെ മഹത്വം ഗാന്ധിജി മനസ്സിലാക്കുന്നത്. തിയോസഫിക്കല്‍ സൊസൈറ്റി ഗുരുവിനെ അവതാരപുരുഷനായി കണ്ട് മംഗളപത്രം സമര്‍പ്പിച്ചതും നൂല്‍ നൂല്‍പ്, മദ്യവര്‍ജനം, എന്നിവ ഗാന്ധിജിക്ക് മുന്നേ തന്നെ ഗുരു ഉപദേശിച്ചതും ടി.കെ മാധവന്‍ ഗാന്ധിജിയെ ബോദ്ധ്യപ്പെടുത്തി. ഗുരുവിന്റെ മഹത്വം പൂര്‍ണമായി മനസ്സിലാക്കിയ ശേഷമാണ് ഗാന്ധിജി ശിവഗിരിയിലെത്തിയത്.
അഹിംസാസമരം എന്ന പരീക്ഷണം
1925 മാര്‍ച്ച് 9 ന് മഹാത്മാഗാന്ധി വൈക്കത്തെത്തിയതോടെ സമരം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. അഹിംസാ മാര്‍ഗ്ഗത്തിലൂടെ ഒരു പ്രക്ഷോഭം എങ്ങനെ വിജയിപ്പിക്കാമെന്ന ഗാന്ധിജിയുടെ ഒരു പരീക്ഷണം കൂടിയായിരുന്നു വൈക്കം സത്യാഗ്രഹം. വൈക്കത്തെത്തിയ ഗാന്ധിജി, സത്യാഗ്രഹികള്‍ക്കായി ശ്രീനാരായണ ഗുരു സ്ഥാപിച്ച സത്യാഗ്രഹ ആശ്രമത്തിലായിരുന്നു താമസിച്ചത്. 1924 സെപ്തംബര്‍ 27 ന് വൈക്കം സത്യാഗ്രഹ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഗുരു, ഗാന്ധിജിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. സത്യാഗ്രഹാശ്രമം ചുറ്റി നടന്ന് കണ്ട്, അവിടത്തെ ഖദര്‍ നൂല്‍പ്പിനെക്കുറിച്ച് സംതൃപ്തിയോടെ സംസാരിച്ചു. അടുത്തദിവസം ഗാന്ധിജിയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കാന്‍ കൂടിയ മഹാസമ്മേളനത്തിന്റെ അദ്ധ്യക്ഷനും ഗുരുവായിരുന്നു. പൊതു പ്രാര്‍ത്ഥനയിലും ഗുരു പങ്കെടുത്തു. നമുക്ക് ധ്യാനിക്കാന്‍ ശക്തിയില്ലെങ്കിലും കഴിയും വിധത്തില്‍ മഹാത്മജിയുടെ ശ്രമത്തിനായി പ്രാര്‍ത്ഥിക്കാം. എന്ന് പറഞ്ഞ് ഗുരു രണ്ട് മിനിറ്റ് നേരം പ്രാര്‍ത്ഥിച്ചു. പരസ്യമായ സ്ഥലത്ത് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് ഗുരു പ്രാര്‍ത്ഥിച്ചത് അപൂര്‍വമാണെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിക്ക് ശേഷം ഗാന്ധിജി രണ്ട് തവണ കൂടി ശിവഗിരി സന്ദര്‍ശിക്കാനെത്തി. 1934 ജനുവരി 20 നും 1937 ജനുവരി 16 നും.
സമാഗമത്തിന്റെ കാലികപ്രസക്തി
‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നും ‘പലമതസാരവുമേകം’ എന്നുമുള്ള ഗുരുദര്‍ശനവും ‘ഓരോ ഭാരതീയന്റെയും ഹൃദയത്തെ നയിക്കേണ്ടത് അഹിംസയാണ്’ എന്ന ഗാന്ധിജിയുടെ തത്വോപദേശവും ലോകത്തിനു മുന്നിലെത്തിയിട്ട് കാലങ്ങളായെങ്കിലും ആ യുഗപുരുഷന്മാര്‍ വിഭാവനം ചെയ്‌തൊരു ലോകക്രമം എത്രത്തോളം പ്രായോഗിക പഥത്തിലെത്തിയെന്നത് അപഗ്രഥന വിഷയമാക്കേണ്ട സന്ദര്‍ഭം കൂടിയാണിത്. കൂടിക്കാഴ്ചാ വേളയില്‍ ഗുരുവും ഗാന്ധിജിയും തമ്മില്‍ നടന്ന സംഭാഷണ വിഷയങ്ങള്‍ അന്നും ഇന്നും എന്നും പ്രസക്തമായതാണ്. ലോകമുള്ള കാലത്തോളം അതിന്റെ പ്രസക്തി മങ്ങലേല്‍ക്കാതെ നിലനില്‍ക്കുകയും ചെയ്യും. എന്നാല്‍ മതമോ ജാതിയോ വര്‍ണമോ പരിഗണിക്കാതെ എല്ലാ മനുഷ്യരെയും സമന്മാരായി കാണാനും പരിഗണിക്കാനും കഴിയുന്ന നിലയിലേക്ക് മനുഷ്യ സമൂഹം എത്താന്‍ ഇനിയും എത്രദൂരം സഞ്ചരിക്കേണ്ടി വരുമെന്നത് ആശങ്കയുണര്‍ത്തുന്നതാണ്. മനുഷ്യനിര്‍മ്മിതമായ മതില്‍ക്കെട്ടുകളാണിന്നും ഇതിന് തടസ്സം നില്‍ക്കുന്നതെന്ന് വര്‍ത്തമാനകാല സംഭവങ്ങള്‍ പോലും അടിവരയിടുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനുള്ളില്‍ തൂപ്പ് ജോലിക്ക് പോലും അബ്രാഹ്മണര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവം ഗുരു- ഗാന്ധിജി സമാഗമത്തിന്റെ നൂറാം വാര്‍ഷികത്തിലാണ് നടക്കുന്നതെന്നത് നവോത്ഥാന കേരളത്തിന് തെല്ലും ഭൂഷണമല്ല. ജാതിഭ്രഷ്ടിന്റെ പേരില്‍ ക്ഷേത്രത്തില്‍ നടക്കുന്നത് കേരളത്തിന് അപമാനമാണ്. രാജവാഴ്ച അവസാനിച്ചിട്ടും ജാതിവിവേചനത്തിന്റെ ദുഷ്ടതയുമായാണ് ഇപ്പോഴും ചിലര്‍ നടക്കുന്നത്. ശ്രീനാരായണ ഗുരുവും ഗാന്ധിജിയും 100 വര്‍ഷം മുമ്പ് നടത്തിയ ആശയവിനിമയത്തിലെ വാക്കുകളും പ്രവൃത്തിയും പാഴായിപ്പോകേണ്ടതല്ല. ചാന്ദ്രശോഭയാര്‍ന്ന ആശയങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസംരക്ഷിക്കുന്ന ജനലക്ഷങ്ങള്‍ ഇവിടെയുണ്ടെന്നതാണ് പ്രതീക്ഷ പകരുന്നത്.