കാരുണ്യത്തിന്റെ മഹാഗുരുവും നവോത്ഥാനത്തിന്റെ തുടര്‍ച്ചകളും

ഗുരു ചെയ്ത എറ്റവും പ്രധാനപ്പെട്ട കാര്യമായി ഇന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്നത് എല്ലാ അര്‍ഥത്തിലും ജാതി ശരീരങ്ങള്‍ ആയിരുന്ന, ജാതിയുടെ ഭാരം ചുമന്നിരുന്ന, ജാതിയുടെ ഭാരം ചുമന്ന് നട്ടെല്ല് കൂനി, മനുഷ്യരുടെയും മതങ്ങളുടെയും അമ്പലങ്ങളുടെയും മുന്നില്‍ തല കുനിച്ച് നില്‍ക്കേണ്ടി വന്ന ഒരു സമുദായത്തെ, ആ സമുദായത്തിലൂടെ മനുഷ്യരാശിയുടെ മുഴുവന്‍ വിമോചനവും സാധ്യമാക്കി എന്നുള്ളതാണ്. ഇതാണ് ഗുരുവിന്റെ എറ്റവും പ്രധാനപ്പെട്ട സാംസ്‌കാരികദൗത്യം

നിരന്തരമായ വായനയില്‍, നിരന്തരമായ അന്വേഷണത്തില്‍ പല മുഖങ്ങള്‍ ആര്‍ജ്ജിക്കാനുള്ള കെല്പുണ്ട് എന്നുള്ളതാണ് നാരായണഗുരുവിനെ ചരിത്രത്തിലെ അഗാധമാക്കിയ ഗുരുവാക്കി മാറ്റുന്നത്. മനുഷ്യന് ഒരു ആമുഖം എന്ന, ശ്രീ സുഭാഷ് ചന്ദ്രന്‍ എഴുതിയ, മലയാളികള്‍ ഉറപ്പായും വായിച്ചിരിക്കേണ്ട ഒരു നോവലില്‍ പറയുന്നുണ്ട്, ‘പത്തൊന്‍പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും മലയാളിയെ കൊണ്ട് ദാ പോകുന്നു എന്ന് അത്യത്ഭുതത്തോടെ പറയാന്‍ തോന്നിപ്പിച്ച ഏക മനുഷ്യന്റെ പേര് ശ്രീനാരായണഗുരു എന്നാണെന്ന്.”ഗുരുവിന്റെ ഓര്‍മകളെയും ജീവിതത്തെയും ഗുരു ജീവിച്ച വിവിധങ്ങളായ കര്‍തൃത്വങ്ങളെയും അടയാള പ്പെടുത്തി വേണം എങ്ങനെ ആണ് കേരള നവോത്ഥാനത്തിന്റെ തുടര്‍ച്ചകള്‍ സാധ്യമാകേണ്ടത് എന്ന ചോദ്യത്തെ അഭിസംബോധന ചെയ്യേണ്ടത്. ആത്യന്തികമായി കാരുണ്യത്തിന്റെ സചേതനമായ അനുഭവ സങ്കീര്‍ത്തനമായിരുന്നു കേരളീയ സാംസ്‌കാരിക ചരിത്രത്തെ സംബന്ധിച്ച് നാരായണ ഗുരു. ആത്മീയതയുടെയും മാനവികതയുടെയും ഭൂമികകളെ നാരായണ ഗുരു പുനര്‍നിര്‍മ്മിച്ചത് അത്യഗാധമായ കാരുണ്യബോധം കൊണ്ടായിരുന്നു.

കേരളീയ നവോത്ഥാനത്തിന്റെ
വര്‍ത്തമാനവും ഗുരുവും

കേരളീയ നവോത്ഥാനത്തിന്റെ വര്‍ത്തമാനം എന്താണ്? നമ്മള്‍ നവോത്ഥാനത്തിന്റെ കാലത്തിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുവന്ന ജനതയാണ് എന്ന് നിരന്തരം പറയാറുണ്ട്. നവോത്ഥാനത്തിന്റെ പ്രവാചകരായി ഗുരുവും അയ്യങ്കാളിയും വൈകുണ്ഠ സ്വാമികളുമടക്കം എത്രയോ മഹാരഥന്മാരെ നാം പ്രതിഷ്ഠിക്കുന്നുണ്ട്. പക്ഷേ നമ്മെ തുറിച്ചു നോക്കുന്ന ചോദ്യം നമ്മുടെ നവോത്ഥാനം തുടര്‍ച്ച ഉള്ള ഒന്നാണോ എന്നുള്ളതാണ്. നമ്മുടെ നവോത്ഥാനം,അതിന്റെ അനുഭവംഒരു ജനത എന്ന നിലയില്‍ നമ്മുടെ ജീവിതത്തിന്റെ ആഴങ്ങളെ തൊടുന്നുണ്ടോ എന്നുള്ളതാണ് ചോദ്യം. നവോത്ഥാനം മത ശരീരങ്ങളില്‍നിന്നും ജാതി ശരീരങ്ങളില്‍നിന്നും ലിംഗ ശരീരങ്ങളില്‍നിന്നും നമ്മളെ ആധുനിക മനുഷ്യ ശരീരങ്ങളിലേക്ക് ഉയര്‍ത്തി യിട്ടുണ്ടോ എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം. നാരായണഗുരു ചെയ്ത എറ്റവും പ്രധാനപ്പെട്ട കാര്യമായി നമുക്ക് ഇന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്നത് എല്ലാ അര്‍ഥത്തിലും ജാതി ശരീരങ്ങള്‍ ആയിരുന്ന, ജാതിയുടെ ഭാരം ചുമന്നിരുന്ന, ജാതിയുടെ ഭാരം ചുമന്ന് നട്ടെല്ല് കൂനി, മനുഷ്യരുടെയും മതങ്ങളുടെയും അമ്പലങ്ങളുടെയും മുന്നില്‍ തല കുനിച്ച് നില്‍ക്കേണ്ടി വന്ന ഒരു സമുദായത്തെ, ആ സമുദായത്തിലൂടെ മനുഷ്യരാശിയുടെ മുഴുവന്‍ വിമോചനവും സാധ്യമാക്കി എന്നുള്ളതാണ്. ഇതാണ് നാരായണഗുരുവിന്റെ എറ്റവും പ്രധാനപ്പെട്ട സാംസ്‌കാരികദൗത്യമായി നാമിന്നു മനസ്സിലാക്കുന്നത്.

ഗുരുവിന്റെ ജീവിതത്തിന് പ്രഖ്യാപിതമായ ആത്മീയദൗത്യങ്ങളും സാമ്പത്തിക- സാമൂഹിക ദൗത്യങ്ങളുമുണ്ട്. പല മാനങ്ങളില്‍ നിരന്തരം പുനരാലോചനകളും പുനര്‍ വായനകളും കൂട്ടി ചേര്‍ക്കലുകളും സാധ്യമാക്കുന്ന ഒരു ജീവിതം നാരായണ ഗുരുവിനുണ്ട്.

ഗുരുവിന്റെ ജീവിതത്തിന് പ്രഖ്യാപിതമായ ആത്മീയദൗത്യങ്ങളും സാമ്പത്തിക- സാമൂഹിക ദൗത്യങ്ങളുമുണ്ട്. പല മാനങ്ങളില്‍ നിരന്തരം പുനരാലോചനകളും പുനര്‍ വായനകളും കൂട്ടി ചേര്‍ക്കലുകളും സാധ്യമാക്കുന്ന ഒരു ജീവിതം നാരായണ ഗുരുവിനുണ്ട്.

എന്തു കൊണ്ടാണ് നാരായണഗുരു പ്രസക്തനാകുന്നത്?നാരായണഗുരു അപരത്വനിഷേധത്തിന്റെ അനുഭവമായിരുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അപരത്വം എന്നത് ഹിംസാത്മകമായികാണേണ്ടതാണ് എന്ന് കരുതുന്ന വര്‍ത്തമാനകാല ജീവിതത്തെ ഗുരു റദ്ദ് ചെയ്യുന്നത് അപരത്വ നിഷേധത്തിന് പകരം കാരുണ്യ ബോധത്തോടെ അപരത്വത്തെ ആലിംഗനം ചെയ്തതിന്റെ ഓര്‍മ്മകള്‍ കൊണ്ടാണ്. ‘അപരത്വം’ അല്ലെങ്കില്‍ the other എന്ന തോന്നല്‍ തന്നെ ഇല്ലാതാകുന്ന ഒരു പാഠമാണ് നാരായണഗുരുവിന്റെ ജീവിതവും ദര്‍ശനവും നമ്മുടെ മുന്നിലേക്ക് വയ്ക്കുന്നത്. അപരത്വബോധം ഇല്ലാതാകുന്ന, അവനവനെ തന്നെ അപരത്വത്തിലേക്ക് അടുപ്പിക്കുന്ന ഒരുപക്ഷേ ആത്മീയമായ അലോചനകളെ എല്ലാം അതിന്റെ കേന്ദ്രങ്ങളില്‍ പ്രതിഷ്ഠിച്ചു കൊണ്ടു ഒരു നൂറ്റാണ്ടിനു മുന്‍പ് ശ്രീ ശങ്കരാചാര്യര്‍ വാഗ് ദാനം ചെയ്ത അദ്വൈത ദര്‍ശനത്തിന്റെ മാനവികമായ ഒരു ആലോചന നാരായണ ഗുരു സാധ്യമാക്കി. ശ്രീ ശങ്കരാചാര്യരുടെ അദ്വൈതം സവര്‍ണം ആണ് എന്ന് നാരായണഗുരു വിമര്‍ശിക്കുന്നുണ്ട്. അപരത്വ നിഷേധത്തിനു പകരം അദ്വൈതം എന്ന അനുഭവത്തെ,അതിന്റെ ആത്മീയമായസ്ഥൈര്യത്തെ മനുഷ്യസ്‌നേഹത്തിലേക്ക് പടര്‍ത്തുക, കാരുണ്യത്തിന്റെ ഉള്ളടക്കം ഉണ്ടാക്കുക എന്നുള്ളതായിരുന്നു നാരായണഗുരുവിന്റെ ദൗത്യം എന്ന് കാണാം. ആത്മീയതയുടെയും ഭൗതികതയുടെയും മുഴുവന്‍ ജീവിത വ്യവഹാരങ്ങളിലും നാരായണഗുരു നിരന്തരം പ്രയോഗിച്ചിരുന്ന ഉപകരണം (ടൂള്‍) കാരുണ്യമാണ്.

നവോത്ഥാനത്തിന്റെ കേന്ദ്രം ആയി ഗുരു വിഭാവനം ചെയ്തത് കാരുണ്യം ഉള്ളൊരു ജനതയെ പാകപ്പെടുത്തുക എന്നതാണ്. ആരോടാണ് കാരുണ്യം കാണിക്കേണ്ടത്? അത് പ്രധാനപ്പെട്ട ചോദ്യമാണ്. നാരായണഗുരു ജീവിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ സമുദായം, ഈഴവ സമുദായം, കീഴാള ജീവിതം നയിച്ചിരുന്ന മുഴുവന്‍ സമുദായങ്ങളും ഒരുതരം കാരുണ്യത്തിനും അര്‍ഹര്‍ അല്ലാത്ത വിധം ജീവിക്കുന്ന കാലത്താണ് നാരായണഗുരു അദ്ദേഹത്തിന്റെ എല്ലാ സമഗ്രവ്യവഹാരങ്ങളും തുടങ്ങുന്നത്.

നവോത്ഥാനത്തിന്റെ കേന്ദ്രം ആയി ഗുരു വിഭാവനം ചെയ്തത് കാരുണ്യം ഉള്ളൊരു ജനതയെ പാകപ്പെടുത്തുക എന്നതാണ്. ആരോടാണ് കാരുണ്യം കാണിക്കേണ്ടത്? അത് പ്രധാനപ്പെട്ട ചോദ്യമാണ്. നാരായണഗുരു ജീവിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ സമുദായം, ഈഴവ സമുദായം, കീഴാള ജീവിതം നയിച്ചിരുന്ന മുഴുവന്‍ സമുദായങ്ങളും ഒരുതരം കാരുണ്യത്തിനും അര്‍ഹര്‍ അല്ലാത്ത വിധം ജീവിക്കുന്ന കാലത്താണ് നാരായണഗുരു അദ്ദേഹത്തിന്റെ എല്ലാ സമഗ്രവ്യവഹാരങ്ങളും തുടങ്ങുന്നത്.വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിളിക്കുന്നതിന്റെ അടിസ്ഥാനം ഇതാണ്. ഇന്ത്യയില്‍ എല്ലാ നാട്ടിലും ജാതി ഉണ്ട്. പക്ഷേ കേരളത്തെ വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിളിക്കുന്നത് എന്തു കൊണ്ടാണ്? മലബാറിലെ ജനങ്ങള്‍ ഭ്രാന്തന്മാര്‍ ആണ് എന്ന് പറഞ്ഞിട്ട് വിവേകാനന്ദന്‍ അതിന്റെ കൂടെ കൂട്ടി ചേര്‍ക്കുന്നത് ഇങ്ങനെ ആണ് ‘സവര്‍ണന്‍ നടക്കുന്ന വഴിയേ പുലയനു നടന്നു കൂടാ. ഈഴവനു നടന്നു കൂടാ. നടന്നാല്‍ അത് ശിക്ഷയ്ക്ക് അര്‍ഹമാണ്. പക്ഷേ ഒരു ബ്രിട്ടീഷ് നാമം സ്വീകരിച്ചാലോ ഒരു മുസ്ലിം നാമം സ്വീകരിച്ചാലോ ഉടന്‍ തന്നെ ആ അയിത്തം അപ്രത്യക്ഷമാകുകയും ചെയ്യും. ഈ മലബാറുകാരന്മാര്‍ ഭ്രാന്തന്മാര്‍ ആണ്. അവരുടെ വീടുകള്‍ ഭ്രാന്താലയങ്ങള്‍ ആണ്” എന്നാണ് വിവേകാനന്ദന്‍ പറഞ്ഞത്. ഒരു പലചരക്ക് കടയില്‍ ചെന്ന് ”ഉപ്പു താ” എന്നു പറഞ്ഞതിന്റെ പേരില്‍ പാലക്കാട് ഒറ്റപ്പാലത്ത് ശിവരാമന്‍ എന്ന ഈഴവ യുവാവ് സവര്‍ണരാല്‍ കൊല ചെയ്യപ്പെട്ട നാടാണ് നമ്മുടെത്. ഉപ്പ് എന്നല്ല പുളിക്കുന്നത് എന്നാണു ഈഴവന്‍ അന്ന് പറയേണ്ടത്. മനുഷ്യര്‍ സാമാന്യവ്യവഹാരങ്ങളില്‍ ഉപയോഗിക്കുന്ന കേവലമായ ചെറു പദങ്ങളില്‍ പോലും ജാതി അതിന്റെ ക്രൂരമായ ഹിംസ ഒളിപ്പിച്ച് വച്ചിരുന്ന കാലമായിരുന്നു കേരളത്തെ കടന്നു പോയത്. ഞാനെന്നു പറയാന്‍ മാത്രമല്ല,ഉപ്പ് എന്നു പറയാന്‍ മാത്രമല്ല, മീശ വയ്ക്കാന്‍ ആവില്ല എന്നു മാത്രമല്ല, മുടി വളര്‍ത്താന്‍ ആവില്ല എന്ന് മാത്രമല്ല,മുട്ടിനു താഴെ മുണ്ട് ഉടുക്കാന്‍ ആവില്ല എന്നത് മാത്രമല്ല, സ്ത്രീകള്‍ക്ക് സ്വര്‍ണ മാല അണിയാന്‍ ആവില്ല എന്നു മാത്രമല്ല, മുക്കുത്തി അണിയാന്‍ ആവില്ല എന്നത് മാത്രമല്ല, അന്തസ്സോടെ മനുഷ്യന് തെരുവിലൂടെ നടക്കാനുള്ള ആത്മവിശ്വാസം പോലും നിഷേധിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍ ആണ് ശ്രീ നാരായണഗുരു ചരിത്രത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും ഒരേ രീതിയില്‍ ജനാധിപത്യപരമായി അഭിസംബോധന ചെയ്യുന്നത്.

എന്തു കൊണ്ടായിരിക്കാം പ്രവാചകനായ, ആത്മീയവും ഭൗതികവുമായ മുഴുവന്‍ സംവേദനങ്ങളും മനുഷ്യര്‍ക്ക് സാധ്യമാക്കി കൊടുത്ത ഒരു മനുഷ്യന്‍, അകം പൊരുളിന്റെ ആഴം അറിഞ്ഞ ഒരു മനുഷ്യന്‍, കാലത്തിന്റെ പ്രഹര്‍ഷത്തെ തൊട്ട ഒരു മനുഷ്യന്‍ എന്തു കൊണ്ടായിരിക്കാം 1888 ല്‍ അരുവിപ്പുറത്തു പ്രതിഷ്ഠ നടത്തുന്നതിന് മുന്‍പ് കരഞ്ഞത് എന്നത് വലിയൊരു ചോദ്യമാണ്?

തന്റെ ജനത ചരിത്രത്തിലും വര്‍ത്തമാനത്തിലും കടന്നു പോകുന്ന ദുസ്സഹമായ കാരുണ്യമില്ലായ്മയെ കുറിച്ചുള്ള ഓര്‍മയോ സങ്കടമോ ആകാം നാരായണഗുരുവിനെ കരയിപ്പിച്ചത് എന്ന് അറിയുന്നയിടത്താണ് നവോത്ഥാനം പ്രവര്‍ത്തിച്ചു തുടങ്ങേണ്ടത്. തെരുവിലൂടെ നടക്കാനും വ്യവസായം തുടങ്ങാനും നല്ല പേരിടാനും ഈഴവര്‍ക്ക് അവകാശം ഉണ്ടായിരുന്നില്ല. ഇഷ്ടമുള്ളൊരു ദൈവത്തെ, കാളിയും കൂളനും ചാത്തനും അല്ലാതെ ഒരു ദൈവത്തെ ആരാധിക്കാന്‍ സമുദായത്തിന് അവകാശം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ആണ് കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെആത്മീയ സ്‌ഫോടനം ആയി 1888 ല്‍ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തുന്നത്. ഒരു ക്ഷേത്രമായി പിന്നീട് അരുവിപ്പുറം പ്രതിഷ്ഠ മാറുമ്പോള്‍ ആരെയാണ് അവിടുത്തെ പോറ്റി ആയി നിയമിക്കുന്നത് എന്നത് വലിയൊരു ചോദ്യമാണ്. അവിടുത്തെ പോറ്റിയായി നിയമിക്കുന്നത് മുരുക്കുംപുഴയിലുള്ള കൂലിപണി ചെയ്തു കൊണ്ടിരുന്ന ഒരാളെയാണ് നാരായണഗുരു അവിടെ പോറ്റിയായി വിളിക്കുന്നത്. ”ഗുരുവേ എനിക്ക് സംസ്‌കൃതം അറിയില്ല,ഞാന്‍ സവര്‍ണന്‍ അല്ല,എനിക്ക് ക്ഷേത്ര ആരാധന വശമില്ല. ദേവതയെ പറ്റി ധാരണ ഇല്ല” എന്നദേഹം പറയുമ്പോള്‍ നാരായണഗുരു അദ്ദേഹത്തോട് പറയുന്ന മറുപടിയില്‍ നാരായണഗുരുവിന്റെ ജനാധിപത്യബോധവും ആത്മീയതയെ കുറിച്ചിട്ടുള്ള ജ്ഞാനഭാരവും ഉണ്ട്.ഗുരുപറയുന്നത് ഇങ്ങനെയാണ് ‘ഒരു പോറ്റിയാവാന്‍,ദൈവ സന്നിധിയില്‍ പ്രവര്‍ത്തിക്കാന്‍, ഒരു മനുഷ്യന് ആവിശ്യം മൂന്ന് കാര്യങ്ങളാണ്. സത്യം, ദയ,ഭക്തി. ഈ മൂന്ന് കാര്യങ്ങളും നിനക്ക് ഉണ്ടെങ്കില്‍ നിനക്ക് ഇവിടെ പോറ്റി ആയി ജോലി എടുക്കാം.’

ക്ഷേത്ര പ്രതിഷ്ഠകളെ മനുഷ്യരുടെ രാഷ്ട്രീയ വിമോചനതിനും സാമുഹിക വിമോചനത്തിനും ഉള്ള ആയുധമാക്കി മാറ്റിയ ഒരു ഗുരുവിനെയും നമുക്ക് കണ്ടെത്താന്‍ പറ്റില്ല. ഫ്രാന്‍സീസ് പറയുന്നുണ്ട്:”വിപ്ളവങ്ങളുടെ എല്ലാം അടിസ്ഥാനം അപ്പത്തിന് വേണ്ടിയുള്ള മനുഷ്യന്റെ ആവശ്യമല്ല. അപ്പത്തിന് പകരം അന്തസ്സിന് വേണ്ടിയുള്ള മനുഷ്യന്റെ ആഗ്രഹമാണ്’എന്ന്. ഏററവും ബേസിക് ആയി വിശ്വസിക്കാനുള്ള, ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാത്ത ജനതയ്ക്ക് ആദ്യം ആരാധിക്കാന്‍ ഒരു ഇടം കൊടുക്കുക. അവര്‍ തല ഉയര്‍ത്തി ആരാധിക്കട്ടെ എന്നതായിരുന്നു ഗുരുവിന്റെ ബോധ്യം, ഇക്വാളിറ്റി അഥവാ തുല്യത എന്നഫ്രഞ്ച് വിപ്ലവം കൊണ്ടുവന്ന ആശയത്തെ നാരായണഗുരു പ്രതിഷ്ഠകളിലൂടെ, ആ പ്രതിഷ്ഠകള്‍ തുറന്നുകൊടുക്കുന്ന ആത്മീയ അനുഭവത്തിലൂടെ, അതിന്റെ ഭാഗമായി പിറക്കുന്ന സഞ്ചാര സ്വാതന്ത്ര്യത്തിലൂടെ, അതിലൂടെ ഉണ്ടാകേണ്ടുന്ന ആത്മവിശ്വാസത്തിലൂടെ നാരായണഗുരു ഒരു ജനതയെ പഠിപ്പിച്ചു. നാരായണഗുരുവിന്റെ പ്രതിഷ്ഠകള്‍ സഞ്ചരിക്കുന്നത് എങ്ങനെയാണ്? മുരുക്കുമ്പുഴയില്‍ എത്തുമ്പോള്‍ സത്യം, ദയ,സ്‌നേഹം, കാരുണ്യം എന്ന രേഖപ്പെടുത്തലാണ് ഗുരു പ്രതിഷ്ഠയാക്കുന്നത്. കണ്ണാടി പ്രതിഷ്ഠ, എന്നു ഇന്ന് നാം പറയുന്ന കളവങ്കോടം കണ്ണാടി പ്രതിഷ്ഠയാവട്ടെ, അതിന്റെ ആഴങ്ങളിലേക്ക് എത്തുമ്പോള്‍ കേവലം കണ്ണാടിപ്രതിഷ്ഠ അല്ലെന്നും ആ കണ്ണാടിയില്‍ എഴുതിയ ‘ഓം’എന്ന മഹാവചനത്തില്‍ നാരായണഗുരുവിന്റെ ലോകബോധം അന്തര്‍ലീനമാണ് എന്നും ഇന്ന് നാം മനസിലാക്കുന്നു. ‘ഓം’ എന്നത് എന്താണ് വേദങ്ങള്‍ പ്രകാരം ബ്രഹ്മത്തെ അറിയാനുള്ള മനുഷ്യനെ ഉണര്‍ത്താനുള്ള എറ്റവും വലിയ ഓംകാര ശബ്ദങ്ങളില്‍ ഒന്നാണ് ഓം. ബ്രഹ്മം മുഴുവന്‍ മനുഷ്യന്റെ പൊരുളിലേക്ക് ലയിക്കുന്നതിന്റെ സാകല്യത ഓം എന്ന പ്രാര്‍ത്ഥനയിലുണ്ട്. അങ്ങനെ വരുമ്പോള്‍ കണ്ണാടി പ്രതിഷ്ഠ പ്രണവ പ്രതിഷ്ഠയായി മാറുന്നു.

നാരായണഗുരുവിന്റെ ജീവിതവും ആ ജീവിതത്തിന്റെ സഞ്ചാരവും ആത്യന്തികമായി രണ്ട് മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു. ഒന്ന് സ്വാതന്ത്ര്യം ആണ്.ചരിത്രത്തിന്റെ ഭാരങ്ങളില്‍ നിന്നു നാരായണഗുരു ഒരു ജനതയ്ക് സ്വാതന്ത്ര്യം കൊടുത്തു. അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയും വിളക്കും കൊടുത്തു. അതുകൊണ്ടാണ് ആദ്യം ക്ഷേത്രങ്ങളെന്നും പിന്നീട് ആ ക്ഷേത്രങ്ങള്‍ വിദ്യാലയങ്ങള്‍ ആയി പടരട്ടെ എന്നും ഗുരു തീരുമാനിച്ചത്

നാരായണഗുരുവിന്റെ ജീവിതവും ആ ജീവിതത്തിന്റെ സഞ്ചാരവും ആത്യന്തികമായി രണ്ട് മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു. ഒന്ന് സ്വാതന്ത്ര്യം ആണ്.ചരിത്രത്തിന്റെ ഭാരങ്ങളില്‍ നിന്നു നാരായണഗുരു ഒരു ജനതയ്ക് സ്വാതന്ത്ര്യം കൊടുത്തു. അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയും വിളക്കും കൊടുത്തു. അതുകൊണ്ടാണ് ആദ്യം ക്ഷേത്രങ്ങളെന്നും പിന്നീട് ആ ക്ഷേത്രങ്ങള്‍ വിദ്യാലയങ്ങള്‍ ആയി പടരട്ടെ എന്നും ഗുരു തീരുമാനിച്ചത്. ഒരു ആധുനിക മനുഷ്യന് മാത്രം സാധ്യമാവുന്ന ദീര്‍ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ആദ്യം ക്ഷേത്രങ്ങള്‍ എന്ന ദര്‍ശനം ഗുരു മുന്നോട്ട് വച്ചത്. ക്ഷേത്രങ്ങളോട് ചേര്‍ന്ന് പുസ്തകശേഖരങ്ങള്‍ സൂക്ഷിക്കാന്‍ അഹ്വാനം ചെയ്തത് പോലെ, വിദ്യാലയങ്ങള്‍ പണിയാന്‍ ആഹ്വാനം ചെയ്തത് പോലെ, നാരായണ ഗുരു ആണ് കേരളത്തിലെ ആദ്യത്തെ വ്യവസായ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് മുന്‍കൈ എടുത്തത് എന്നറിയുമ്പോള്‍ ആണ് ഒരു ജനതയുടെ സാമുഹിക ജീവിതത്തിനും ആത്മീയ ജീവിതത്തിനും സാമ്പത്തിക ജീവിതത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന സര്‍വ്വതലസ്പര്‍ശിയായ ഒരു ഗുരുവിനെ നമ്മള്‍ അറിയുന്നത്.

നാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനഷ്യന് എന്നു പറയുമ്പോള്‍ ഒരു എന്ന വാക്ക് എങ്ങനെയാണ് മഹാ ശബ്ദമായി മാറുന്നത് എന്ന് കെ പി അപ്പന്‍ എഴുതുന്നുണ്ട്. ചരിത്രത്തില്‍,കേരളത്തിന്റെ ഓര്‍മയില്‍ നവോത്ഥാനത്തിന് മുന്‍പുള്ള കേരളത്തിന്റെ ഓര്‍മയില്‍ ഒരു എന്ന വാക്ക് ഇല്ല. പക്ഷേ നാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറയുമ്പോള്‍ ആ മഹാവാക്യത്തിലെ ഏറ്റവും മുഴക്കമുള്ള, ഏറ്റവും ചരിത്രബോധമുള്ള വാക്കായി ഒരു മാറുന്നു.

നാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനഷ്യന് എന്നു പറയുമ്പോള്‍ ഒരു എന്ന വാക്ക് എങ്ങനെയാണ് മഹാ ശബ്ദമായി മാറുന്നത് എന്ന് കെ പി അപ്പന്‍ എഴുതുന്നുണ്ട്. ചരിത്രത്തില്‍,കേരളത്തിന്റെ ഓര്‍മയില്‍ നവോത്ഥാനത്തിന് മുന്‍പുള്ള കേരളത്തിന്റെ ഓര്‍മയില്‍ ഒരു എന്ന വാക്ക് ഇല്ല. പക്ഷേ നാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറയുമ്പോള്‍ ആ മഹാവാക്യത്തിലെ ഏറ്റവും മുഴക്കമുള്ള, ഏറ്റവും ചരിത്രബോധമുള്ള വാക്കായി ഒരു മാറുന്നു. ഗുരുവിന്റെ ഒരുവില്‍ എല്ലാം ഉണ്ട്. എല്ലാത്തിനെയും ചേര്‍ത്ത് പിടിക്കുന്ന,കലരലിന്റെ ‘ഒരു’വാണ് ഗുരുവിന്റെത്. എല്ലാ വൈവിധ്യങ്ങളുടെ അടരുകളെയും ഉള്‍കൊള്ളല്‍ ക്ഷമതയോടെ ചേര്‍ത്ത് പിടിക്കുന്ന ഒരു എന്ന അനുഭവം ആണ് ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തിന്റെ മുഴുവന്‍ സത്താപരമായ ധീരതയെയും നിര്‍വ്വചിക്കുന്നത് .

ദൈവ ദശകം തുടങ്ങുന്നത് ദൈവമേ കാത്തു കൊള്‍കങ്ങ് എന്ന വരിയിലുടെ ആണ്. നമ്മള്‍ നിരന്തരം കേള്‍ക്കുന്ന വരിയാണ് ആ വരി. ദൈവമേ എന്നു വിളിച്ചു കൊണ്ടു ചരിത്രത്തില്‍ ഒരു ഗുരുക്കളും ഒരു പ്രവാചകരും പ്രാര്‍ഥിച്ചിട്ടില്ല. എല്ലാവരുടെതുമായ ഒരു ദൈവം ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. എല്ലാവര്‍ക്കുംപ്രാപ്യനായ, എല്ലാവര്‍ക്കും ചേര്‍ത്ത് പിടിക്കാനാവുന്ന, എല്ലാവരുടെതുമായ ഒരു ദൈവത്തെ ഇന്ന് വരെ ചരിത്രത്തില്‍ ആരും അഭിസംബോധന ചെയ്തിട്ടില്ല. തങ്ങളുടെ സമുദായത്തിലെ ദൈവത്തെ,തങ്ങള്‍ക്ക് പ്രിയപ്പെട്ട വിഷ്ണുവിനെയോ ബ്രഹ്മാവിനെയോ ശിവനെയോ ഒക്കെയാണ് അക്കാലം വരെ പ്രാര്‍ഥനകളില്‍ അഭിസംബോധന ചെയ്തിരുന്നത്. ഭാഷയ്ക്ക് അധീതമായ, വിവര്‍ത്തനതിന് അതീതമായ, ജാതി,മത,വര്‍ഗ,ലിംഗ, വര്‍ണ വിവേചനങ്ങള്‍ക്ക് അതീതമായ, എല്ലാ മനുഷ്യര്‍ക്കും അഭയം കൊടുക്കുന്ന എല്ലാ മനുഷ്യര്‍ക്കും പ്രവേശനമുള്ള ഒരു ദൈവത്തെ ചരിത്രത്തില്‍ ആദ്യമായി മലയാളിയുടെ സാംസ്‌കാരിക സ്മൃതിയിലേക്കും മലയാളിയുടെ ആത്മീയമായ അനുഭവത്തിന്റെ നേരുകളിലേക്കും നാരായണഗുരു പ്രതിഷ്ഠിച്ചു എന്നുള്ളതാണ് നാരായണഗുരുവിന്റെ ജീവിതത്തിന്റെ സാഫല്യം. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞതിന് ശേഷം നാരായണഗുരുവിന്റെ ജീവിതത്തിന്റെ മുഴുവന്‍ മൂല്യബോധത്തെയും നിര്‍ണയിക്കുന്ന വരികള്‍ ”വാദിക്കാനും ജയിക്കാനും അല്ല അറിയാനും അറിയിക്കാനും ആണ്’ എന്ന വരികളാണ്. 1924 ല്‍ സര്‍വ്വമതസമ്മേളനം ആലുവയില്‍ വിളിച്ചു കൂട്ടിയതിന്റെ ചരിത്ര രേഖകള്‍ പരിശോധിക്കുമ്പോള്‍ നമ്മള്‍ ഞെട്ടി പോകും. ലോകത്തില്‍ ആദ്യമായി അറിയാനും അറിയിക്കാനും വേണ്ടി വിവിധ മതങ്ങളുടെ ഏററവും ആഴമുള്ള ജീവിത സത്യങ്ങള്‍ പറയാനും സംവാദം സാധ്യമാക്കാനും മനുഷ്യരെ നാരായണഗുരു ആലുവയിലേക്ക് കൊണ്ടുവരുന്നു. നാരായണഗുരു ആ മുഴുവന്‍ സംസാരങ്ങളും കേള്‍ക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ നാരായണഗുരു പറയുന്ന കാര്യമുണ്ട്, ഈ മതങ്ങളെ പറ്റിയിട്ടുള്ള മുഴുവന്‍ പ്രഭാഷണങ്ങളും കേള്‍ക്കുമ്പോള്‍ ഇതിന്റെ സത്യവാങ്മൂലം നമ്മള്‍ അറിയുമ്പോള്‍ മനസിലാകുന്നത് എല്ലാ മതത്തിന്റെയും ഉള്ള് ഒന്ന് തന്നെ എന്നതാണ്. അതുകൊണ്ട് ഈ മതങ്ങളെ പറ്റി പഠിപ്പിക്കാന്‍ ശിവഗിരിയില്‍ സംവിധാനം ഒരുക്കും എന്ന് പറഞ്ഞിട്ടാണ് നാരായണഗുരു ഒരു നൂറ്റാണ്ട് മുന്‍പ് സര്‍വമതസമ്മേളനം അവസാനിപ്പിക്കുന്നത്. മതങ്ങള്‍ വെറുപ്പിന്റെ വിളനിലങ്ങള്‍ ആകുന്ന ഒരു കാലത്തില്‍ ആണ് വര്‍ത്തമാന കേരളം കടന്നു പോകുന്നത്. മതത്തിന്റെ പേരില്‍,ജാതിയുടെ പേരില്‍, മനുഷ്യന്‍ മനുഷ്യനെ വെറുക്കുകയും കാരുണ്യത്തിന്റെ അനുഭവം പൂര്‍ണമായും ഇല്ലാതാകുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ ആണ് നമ്മള്‍ നാരായണ ഗുരുവിന്റെ
ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളില്‍ നിന്‍
തിരുമെയ് വിട്ടകലാതെ ചിന്തയും
എന്ന വരികള്‍ ആയിരം ആവര്‍ത്തി വായിക്കേണ്ടത് ഒരു വേദന എറുമ്പിനു പോലും വരുത്തരുത് എന്ന തോന്നലില്‍അഗാധമായ കാരുണ്യവും സ്‌നേഹവും ഉണ്ട്. ജൈനമതത്തിയും ബുദ്ധമതത്തിന്റെയും സ്വാധീനം നാരായണ ഗുരുവില്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് ആണ് ഒരു പീഡ എറുമ്പിനും വരുത്തരുത് എന്ന വാക്യം. ബുദ്ധമതക്കാരും ജൈനമതക്കാരും ഒരു എറുമ്പിനെ പോലും ഹിംസിക്കുന്നതിന് എതിരായിരുന്നു. ഒരു പ്രാണിയെ നോവിക്കുന്നത് പോലും ദൈവത്തെ, അകം പൊരുളിനെ വേദനിപ്പിക്കുന്നതിന് തുല്യമാണ് എന്ന ഉന്നതമായ മാനവികബോധ്യം, ഉന്നതമായ പ്രപഞ്ചബോധം ബുദ്ധമതത്തിന്റെ യും ജൈനമതത്തിന്റെയും പ്രവാചകന്മാര്‍ക്ക് ഉണ്ടായിരുന്നു, നാരായണ ഗുരുവിനും ആ തിരിച്ചറിവുണ്ടായിരുന്നു. ആ ബോധ്യത്തില്‍ നിന്നാണ് നാരായണ ഗുരു ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും എന്നെഴുതുന്നത്. ഈ വരികളിലൂടെ അനുകമ്പയുടെ ഒരു ആകാശം കേരളത്തിന്റെ ഓര്‍മയ്ക്ക് മുന്നില്‍ തുറക്കുക എന്ന രാഷ്ട്രിയ- സാമുഹിക പ്രവര്‍ത്തനം ആണ് നാരായണഗുരു നടത്തിയിട്ടുള്ളത്.

നാരായണഗുരു മാരുത്വാമലയില്‍ നിന്നും തിരിച്ചു വന്ന് കോവളത്ത് ,ആ പ്രദേശത്തുള്ള ക്രൈസ്തവന്മാരായ മുക്കുവന്മാരുടെ കുടിലില്‍ ആണ് ആദ്യ കാലം ചിലവഴിച്ചത് എന്ന് നാരായണഗുരുവിന്റെ ജീവചരിത്രം വായിച്ചാല്‍ നമുക്ക് മനസ്സിലാകും. ക്രൈസ്തവരായ മനുഷ്യരുടെ കൂടെ, മുക്കുവന്മാരുടെ കൂടെ കിടന്നുറങ്ങിയ നാരായണഗുരു അതില്‍ തന്നെ മേരി എന്ന ഒരു സ്ത്രീയ്ക്ക് അവര്‍ പട്ടിണി കിടക്കുമ്പോള്‍ കൈത്തൊഴില്‍ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്.നാരായണഗുരു ആദ്യമായി കൈത്തൊഴില്‍ പഠിപ്പിക്കുന്നത് മേരിയെയാണ്. അപ്പോള്‍ നാരായണഗുരു ആരെയാണ് അഭിസംബോധന ചെയ്യുന്നത് എന്നുള്ള ചോദ്യം പ്രധാനമാണ്. ജാതിയെ പറ്റി രൂഢമൂലമായ ബോധ്യങ്ങള്‍ വച്ചു പുലര്‍ത്തിയിരുന്ന സാക്ഷാല്‍ ഗാന്ധിയെ തിരുത്തുന്ന നാരായണ ഗുരു ചരിത്രത്തിന്റെ സത്യമാണ്.

ഗാന്ധി അയിത്തത്തിന് എതിരായിരുന്നു. എന്നാല്‍ ജാതിയെ ഒഴിവാക്കാന്‍ ഗാന്ധി ഒരിക്കലും തയ്യാറായിരുന്നില്ല. ഗാന്ധി വര്‍ണത്തില്‍ വിശ്വസിച്ചിരുന്ന ഒരാളാണ്, ഒരേ സമയം അയിത്തത്തെ എതിര്‍ക്കുകയും വര്‍ണതില്‍ വിശ്വസിക്കുകയും എന്ന വളരെ വിരുദ്ധം ആയിട്ടുള്ള ഗാന്ധിയുടെ നിലപാടിനെ നാരായണഗുരു ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്യുന്നുണ്ട്. ജാതിയെ സംബന്ധിച്ച ബോധ്യങ്ങളില്‍ ഗാന്ധിയുടെ ജീവിതത്തില്‍ ഒരു പരിണാമം ഉണ്ട്. നാരായണ ഗുരുവില്‍ ആ പരിണാമത്തിന്റെ ആവശ്യം പോലും ഇല്ലായിരുന്നു. ജീവിതത്തിന്റെ മുഴുവന്‍ കാലവും വളരെ പുരോഗനാത്മകം ആയ ഒരിടത്തില്‍ ആണ് ഗുരു തന്റെ കാലുകള്‍ പ്രതിഷ്ഠിച്ച് ഇരുന്നത് എന്ന് കാണാന്‍ പറ്റും.

മനുഷ്യര്‍ക്ക് ഉറച്ചു നില്ക്കാന്‍ കാലുകള്‍ കൊടുക്കുന്നത് പോലെ, മനുഷ്യര്‍ക്ക് അന്തസോടെ എഴുന്നേറ്റു നടക്കാന്‍ നട്ടെല്ല് കൊടുക്കുന്നത് പോലെ ചിന്തിക്കാനുള്ള ആശയപരിസരം കൊടുക്കുകയും ചെയ്തു എന്നുള്ളതാണ് നാരായണഗുരുവിന്റെ മഹത്വം. നാരായണഗുരുവിന്റെ മഹത്വം കിടക്കുന്നത് നാരായണഗുരു ഒരു ജനതയ്ക്ക് ആത്മീയമായ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി നല്‍കി എന്നതിലോ സാമ്പത്തികമായ പുതിയ വഴികള്‍ തുറന്നു കൊടുത്തു എന്നതിലോ, സാമൂഹിക ജീവിതത്തില്‍ അവരെ അന്തസ്സുള്ളവരാക്കി എന്നതിലോ മാത്രമല്ല. മറിച്ച് നാരായണഗുരു ഐക്യപ്പെട്ട സമരങ്ങളുടെ കൂടി പേരിലാണ്. വൈക്കം സത്യഗ്രഹം ഒരിക്കലും ഈഴവരെ തൊടുന്ന ഒരു അനുഭവം ആയിരുന്നില്ല. പക്ഷേ നാരായണഗുരു വൈക്കം സത്യഗ്രഹ സദസ്സില്‍ എത്തുകയും അവരെ അഭിസംബോധന ചെയ്യുകയും അന്നത്തെ കാലത്തെ വലിയൊരു തുക വൈക്കം സത്യാഗ്രഹ പോരാളികള്‍ക്ക് സംഭാവനയായി നല്‍കുകയും ചെയ്തു. നാരായണഗുരു താന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ ദളിതരായ മനുഷ്യര്‍ക്ക് ഉറപ്പായും പ്രവേശനം വേണമെന്ന് വാദിക്കുകയും പ്രവേശനം കൊടുക്കാത്ത ഇടങ്ങളില്‍ നേരിട്ട് ചെന്ന് പ്രവേശനം ഉറപ്പാക്കുകയും ചെയ്തു എന്നയിടത്താണ്, ഒരുനൂറ്റാണ്ട് മുന്‍പ് നാരായണഗുരു ജീവിച്ച ജീവിതത്തിന്റെ ജനാധിപത്യവെളിച്ചം നമ്മള്‍ അറിയുന്നത്. മനുഷ്യര്‍ക്ക് മനുഷ്യരോട് അനുതാപപൂര്‍വ്വം ഇടപെടാനുള്ള അനുഭവങ്ങള്‍ റദ്ദ് ചെയ്യപ്പെടുന്ന, വെറുപ്പ് ഒരു തെരുവില്‍ നിന്ന് മറുതെരുവിലേക്ക് പടര്‍ന്ന് പന്തലിച്ച് ഒരു അഴിമുഖമായി മാറുന്ന ഒരു വര്‍ത്തമാന കാലത്താണ് നാരായണ ഗുരുവിനെ നമ്മള്‍ ഓര്‍ക്കുന്നത്. നാരായണഗുരുവിനെ വായിക്കുക എന്നാല്‍,നാരായണഗുരുവിനെ അറിയുക എന്നാല്‍ ബ്രഹ്മത്തെ അറിയുക എന്ന് മാത്രമല്ല നമ്മുടെ ചരിത്രത്തെ അറിയുക എന്നുകൂടിയാണ്.

നാരായണഗുരുവിനെ അറിയുക എന്നാല്‍ വിസ്‌ഫോടനാത്മകമാം വിധം ഏകാന്തമായ ജീവിതം ജീവിക്കുമ്പോഴും ഒരു സന്യാസിക്ക് എത്ര സാമൂഹികമാനമുണ്ടാകാം ഒരു സന്യാസിയുടെ ജീവിതത്തിന് എത്ര തുറവികള്‍ ഉണ്ടാകാം എന്ന് തിരിച്ചറിയലാണ്. ഒരു സന്യാസിയുടെ ജീവിതത്തിനു സമത്വത്തെ പറ്റിയും സാമൂഹിക നീതിയെ പറ്റിയുള്ള വലിയ ആലോചനകളുടെ ആകാശം തുറക്കാനാവും എന്ന വാഗ്ദാനം കൂടി നാരായണഗുരുവിന്റെ ജീവിതത്തിലുണ്ട്.

നാരായണഗുരുവിനെ അറിയുക എന്നാല്‍ വിസ്‌ഫോടനാത്മകമാം വിധം ഏകാന്തമായ ജീവിതം ജീവിക്കുമ്പോഴും ഒരു സന്യാസിക്ക് എത്ര സാമൂഹികമാനമുണ്ടാകാം ഒരു സന്യാസിയുടെ ജീവിതത്തിന് എത്ര തുറവികള്‍ ഉണ്ടാകാം എന്ന് തിരിച്ചറിയലാണ്. ഒരു സന്യാസിയുടെ ജീവിതത്തിനു സമത്വത്തെ പറ്റിയും സാമൂഹിക നീതിയെ പറ്റിയുള്ള വലിയ ആലോചനകളുടെ ആകാശം തുറക്കാനാവും എന്ന വാഗ്ദാനം കൂടി നാരായണഗുരുവിന്റെ ജീവിതത്തിലുണ്ട്. അത് നാം തിരിച്ചറിയാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ് ആധുനിക മനുഷ്യ ശരീരങ്ങളായി നമുക്ക് നമ്മെ വിഭാവനം ചെയ്യാന്‍ സാധിക്കുക.

Author

Scroll to top
Close
Browse Categories