അവാര്‍ഡുകളുടെ സുവിശേഷം

വിലാസിനി ടീച്ചര്‍ സുകുമാര്‍ അഴീക്കോടിന് എഴുതിയ പ്രേമലേഖനങ്ങള്‍ ഒരു മാസികയിലൂടെ പുറത്തു വന്ന സമയത്ത് എം.കെ. സാനുവിനെ പരിഹസിച്ചും ഭംഗ്യന്തേരണ കുറ്റപ്പെടുത്തിയും ചെമ്മനം ചാക്കോ ‘കലാകൗമുദി’യില്‍ കവിത എഴുതി. ചെമ്മനം ചാക്കോയ്ക്ക് വയലാര്‍ അവാര്‍ഡില്‍ തീരെ താല്പര്യമില്ലെന്ന് തോന്നുന്നുവെന്ന് ഇന്ത്യാവിഷന്റെ വാരാന്ത്യം പരിപാടിയില്‍ ഞാന്‍ പറഞ്ഞു. ഇത് എങ്ങനെ മനസ്സിലായെന്ന് ചെമ്മനംചാക്കോ എന്നോട് ചോദിച്ചു. എം.കെ. സാനുവിനെ കളിയാക്കി കവിത എഴുതുന്നവര്‍ക്ക് ജ്ഞാനപീഠമോ സരസ്വതി സമ്മാനമോ കിട്ടും. പക്ഷേ വയലാര്‍ അവാര്‍ഡ് കിട്ടില്ല എന്ന് ഞാൻ മറുപടി പറഞ്ഞു.

കഴിഞ്ഞ ലക്കം യോഗനാദത്തില്‍ കെ. സജീവ്കുമാര്‍ എഴുതിയ ‘അവാര്‍ഡുകളുടെ കാളയോട്ടം’ എന്ന ലേഖനം സത്യത്തില്‍ വളരെ കാലികപ്രസക്തിയുള്ളതും ഇന്നത്തെ ദുഷിച്ചുനാറിയ സാംസ്‌കാരിക അന്തരീക്ഷത്തിലേക്ക് വിരല്‍ ചൂണ്ടുന്നതുമാണ്. പൊതുവെ എല്ലാവരും പറയാന്‍ ഇഷ്ടപ്പെടാതിരുന്ന, പറയാന്‍ മടിക്കുന്ന, പറഞ്ഞാലും പത്രാധിപന്‍മാര്‍ പ്രസിദ്ധീകരിക്കാന്‍ മടിക്കുന്ന കാര്യങ്ങളാണ് സജീവ്കുമാര്‍ ലോകസമക്ഷം അവതരിപ്പിക്കുന്നത്. ഇതിന് പല തലങ്ങളുണ്ട്. അദ്ദേഹം പറഞ്ഞതും പറഞ്ഞതിനപ്പുറവുമുള്ള കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ട്. ലോകത്ത് ഒരു പുരസ്‌കാര നിര്‍ണയവും നിഷ്പക്ഷമോ നീതിയുക്തമോയാണെന്ന് പറയാന്‍ പറ്റില്ല.
വിധികര്‍ത്താക്കളുടെ ജീവിത പശ്ചാത്തലം, അവരുടെ ലോക വീക്ഷണം, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയൊക്കെ ഏതു പുരസ്‌കാരത്തേയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ടോള്‍സ്റ്റോയിയെ കാണാതെ
നൊബേല്‍

1900 -ാമാണ്ടിലാണ് നൊബേല്‍ സമ്മാനം കൊടുക്കാന്‍ തുടങ്ങുന്നത്. 1911 വരെ ജീവിച്ചിരുന്ന സാഹിത്യ കാരനാണ് ലിയോടോള്‍സ്റ്റോയി. ടോള്‍സ്റ്റോയിക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കൊടുക്കാന്‍ അവാര്‍ഡ് കമ്മിറ്റിക്ക് കഴിഞ്ഞില്ല. 1900 മുതല്‍ 1910 വരെ ടോള്‍സ്റ്റോയിയേക്കാള്‍ യോഗ്യന്മാരായ പത്തുപേരെ കണ്ടുപിടിക്കാന്‍ അവാര്‍ഡ് കമ്മിറ്റിക്ക് കഴിഞ്ഞു. 11-ാമത് നൊബേല്‍ പുരസ്‌കാരം ടോള്‍സ്റ്റോയിക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല. കാരണം മരണാനന്തര ബഹുമതിയായി നൊബേല്‍ സമ്മാനം കൊടുക്കാന്‍ വകുപ്പില്ല.

സമാധാനവും
സമാധാന സമ്മാനവും

അതുപോലെ 1948-ാമാണ്ട് വരെ ജീവിച്ചിരുന്നുവെങ്കിലും മഹാത്മാഗാന്ധി സമാധാന പുരസ്‌കാരത്തിനുള്ള നൊബേല്‍ അവാര്‍ഡ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടില്ല. 1915 മുതല്‍ ഗാന്ധിജി ദേശീയ രാഷ്ട്രീയത്തിലുണ്ട്. അതിന് മുമ്പ് തന്നെ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങൾ അദ്ദേഹത്തെ പ്രസിദ്ധനാക്കിയിരുന്നു.പക്ഷേ സമാധാനപുരസ്‌കാരം കിട്ടാന്‍ യോഗ്യനായ വ്യക്തിയായി അവാര്‍ഡ് കമ്മിറ്റിക്ക് തോന്നിയില്ല.

അമേരിക്കന്‍ പ്രസിഡന്റായ ആദ്യ കൊല്ലം തന്നെ ബരാക് ഒബാമയ്ക്ക് സമാധാന സമ്മാനം കിട്ടി. ഒബാമ സമാധാനത്തിന് വേണ്ടി എന്തെങ്കിലും പരിശ്രമം നടത്തിയതായി നമുക്ക് അറിവില്ല. കിട്ടിയതിന് ശേഷം ഒബാമ എന്തെങ്കിലും ചെയ്തതായും അറിയില്ല. അദ്ദേഹത്തിന്റെ ഭരണകാലത്ത് അമേരിക്ക പല രാജ്യങ്ങളി ലും ഇടപെടുകയും അവിടെയൊക്കെ യുദ്ധമുണ്ടാകുകയും ചെയ്തു. സമാധാനവും സമാധാന സമ്മാനവും തമ്മിലുള്ള ബന്ധം സംശയാസ്പദമാണ്.എന്നാല്‍ നൊബേല്‍ സമ്മാനം കിട്ടിയ എല്ലാവരും അനർഹരാണെന്ന് പറയാന്‍ പറ്റില്ല. സാഹിത്യത്തില്‍ ജോര്‍ജ്ജ് ബര്‍ണാഡ്ഷായ്ക്കും രബീന്ദ്രനാഥ ടാഗോറിനും നൊബേല്‍ സമ്മാനം ലഭിച്ചു. വലിയ സംഭാവനകള്‍ നല്‍കിയവരാണ് ഇരുവരും. കുറെ യോഗ്യന്‍മാര്‍ക്ക് കൊടുക്കുന്നു. അതിനേക്കാള്‍ യോഗ്യതയുള്ള മറ്റു പല ആളുകളും തഴയപ്പെടുന്നുവെന്നതാണ് നൊബേല്‍ സമ്മാനത്തിന്റെ വലിയ ദൗര്‍ഭാഗ്യം.

ജി. ശങ്കരക്കുറുപ്പ്

കുറുപ്പന്‍’മാരുടെ ജ്ഞാനപീഠം
ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ജ്ഞാനപീഠം തുടങ്ങിയ കൊല്ലം ജി. ശങ്കരക്കുറുപ്പിനാണ് ലഭിച്ചത്. അന്ന് ശങ്കരക്കുറുപ്പിനേക്കാള്‍ പ്രഗത്ഭന്മാരായ കവികള്‍ കേരളത്തിലുണ്ടായിരുന്നില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ടായിരുന്നു. ജി. ശങ്കരക്കുറുപ്പിന് കൊടുക്കാനാണ് കമ്മിറ്റിക്ക് തോന്നിയത്.ശങ്കരക്കുറുപ്പിന് ശേഷം കവികളില്‍ ജ്ഞാനപീഠ പുരസ്‌കാരം പിന്നീട് ലഭിച്ചത് ഒ.എന്‍.വി. കുറുപ്പിനാണ്. ഇടശ്ശേരി ഗോവിന്ദന്‍നായര്‍, പി. കുഞ്ഞിരാമന്‍നായര്‍, വൈലോപ്പിള്ളി ശ്രീധരമേനോന്‍ എന്നിവരൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഇവരാരും ജ്ഞാനപീഠം കമ്മിറ്റിയുടെ കണ്ണില്‍പ്പെട്ടില്ല.
ശങ്കരക്കുറുപ്പിന് ശേഷം ഒ.എന്‍.വി. കുറുപ്പിന് ജ്ഞാനപീഠം ലഭിക്കാന്‍ കാരണം മറ്റു കവികളൊന്നും ‘കുറുപ്പന്മാര’ല്ലാത്തതു കൊണ്ടാണെന്ന് ‘ഇന്ത്യാവിഷന്റെ’ വാരാന്ത്യം പരിപാടിയില്‍ ഞാന്‍ പറഞ്ഞിരുന്നു. ഈ നിലയ്ക്ക് അടുത്ത സമ്മാനം സി.പി.എം നേതാവ് സുരേഷ്‌കുറുപ്പിന് അല്ലെങ്കില്‍ മനോരമയിലെ കുഞ്ചുക്കുറുപ്പിനോ ആയിരിക്കുമെന്ന് തമാശയായാണ് ഞാന്‍ പറഞ്ഞതെങ്കിലും അതില്‍ യാഥാര്‍ത്ഥ്യമുണ്ട്.

എം.കെ.സാനു

ലോട്ടറി കിട്ടുന്നത് പോലെയാണ് അവാര്‍ഡുകള്‍ കിട്ടുന്നത്. പല ആളുകളും പിറകെ നടന്ന് ചരട് വലിച്ച് ഒരുപാട് ബദ്ധപ്പെട്ട് നടക്കുന്നു. ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും മതിയാകില്ല.
അവാര്‍ഡിന് പിന്നാലെ നടക്കുന്ന എഴുത്തുകാരുണ്ട്. ഏറ്റവും വലിയ ഉദാഹരണം പ്രഭാവര്‍മ്മയാണ്. പ്രഭാവര്‍മ്മയ്ക്ക് കിട്ടാത്ത ഒരു അവാര്‍ഡും ഭൂമി മലയാളത്തില്‍ ആര്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല. ആര് പുതിയ അവാര്‍ഡ് തുടങ്ങിയാലും ആദ്യത്തെ അവാര്‍ഡ് പ്രഭാവര്‍മ്മയ്ക്ക് കൊടുക്കണം.
യേശുദാസ് വലിയ കലാകാരനാണ്. അദ്ദേഹം തന്നെ കുറെക്കാലം കഴിഞ്ഞപ്പോള്‍ എഴുതിക്കൊടുത്തു- ‘എന്നെ അവാര്‍ഡിന് പരിഗണിക്കരുത്’. അതിനുള്ള വകതിരിവ് അദ്ദേഹത്തിനുണ്ടായി. യേശുദാസ് ജയചന്ദ്രനോടോ, ബ്രഹ്മാനന്ദനോടോ, എം.ജി. ശ്രീകുമാറിനോടോ മത്സരിച്ച് അവാര്‍ഡ് നേടുന്നതില്‍ ഒരു അന്തസുണ്ട്. അതില്‍ താഴെയുള്ള ആളുകളോട് മത്സരിച്ച് അവാര്‍ഡ് വാങ്ങുന്നത് അന്തസിന് കുറവാണ്.

എം.കെ. സാനുവും ചെമ്മനം ചാക്കോയും

വയലാര്‍ അവാര്‍ഡ് കമ്മിറ്റിയിലുണ്ടായിരുന്ന എം.കെ. സാനുവും തനിക്ക് താല്പര്യമില്ലാത്തവര്‍ക്ക് അവാര്‍ഡ് ലഭിക്കില്ലെന്ന് ഉറപ്പുവരുത്തി. കവി എന്ന നിലയില്‍ അംഗീകാരവും മേല്‍വിലാസവും ഉള്ളയാളായിരുന്നു ചെമ്മനം ചാക്കോ. സവര്‍ണ ക്രൈസ്തവനാണെന്ന യോഗ്യതയുമുണ്ടായിരുന്നു. അത്യാവശ്യം അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്.
വിലാസിനി ടീച്ചര്‍ സുകുമാര്‍ അഴീക്കോടിന് എഴുതിയ പ്രേമലേഖനങ്ങള്‍ ഒരു മാസികയിലൂടെ പുറത്തു വന്ന സമയത്ത് എം.കെ. സാനുവിനെ പരിഹസിച്ചും ഭംഗ്യന്തേരണ കുറ്റപ്പെടുത്തിയും ചെമ്മനം ചാക്കോ ‘കലാകൗമുദി’യില്‍ കവിത എഴുതി. ഇതിന് ശേഷവും എം.കെ. സാനുവിനെ കുറിച്ച് കലാകൗമുദിയില്‍ ചെമ്മനത്തിന്റെ കവിത വന്നു. ചെമ്മനം ചാക്കോയ്ക്ക് വയലാര്‍ അവാര്‍ഡില്‍ തീരെ താല്പര്യമില്ലെന്ന് തോന്നുന്നുവെന്ന് ഇന്ത്യാവിഷന്റെ വാരാന്ത്യം പരിപാടിയില്‍ ഞാന്‍ പറഞ്ഞു. ഇത് എങ്ങനെ മനസ്സിലായെന്ന് ചെമ്മനംചാക്കോ എന്നോട് ചോദിച്ചു. എം.കെ. സാനുവിനെ കളിയാക്കി കവിത എഴുതുന്നവര്‍ക്ക് ജ്ഞാനപീഠമോ സരസ്വതി സമ്മാനമോ കിട്ടും. പക്ഷേ വയലാര്‍ അവാര്‍ഡ് കിട്ടില്ല എന്ന് ഞാൻ മറുപടി പറഞ്ഞു. അതുകേട്ട് ചാക്കോ സാർ പൊട്ടിച്ചിരിച്ചു.
ജീവചരിത്ര രചന ഒരു വ്യവസായമായി വികസിപ്പിച്ച നിരൂപകനാണ് എം.കെ. സാനു. സമകാലികരായ നിരൂപകന്‍മാരോട് എം.കെ. സാനുവിനെ താരതമ്യം ചെയ്യാനാകില്ല. ആ രീതിയിലുള്ള വിമര്‍ശന പ്രതിഭയൊന്നുമല്ല എം.കെ. സാനു. സാഹിത്യത്തില്‍ വലിയ സംഭാവന നല്‍കി എന്നൊന്നും പറയാനാവില്ല. എം.കെ. സാനുവിന്റെ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം’ എന്ന ഗ്രന്ഥം ചങ്ങമ്പുഴയുടെ സമഗ്രമായ ജീവചരിത്രമോ, ചങ്ങമ്പുഴയുടെ ജീവിതത്തിലേക്കും സാഹിത്യത്തിലേക്കും കൃത്യമായ വെളിച്ചം വീശുന്ന കൃതിയുമല്ല. ജീവചരിത്ര ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ എണ്ണിപ്പറയുന്ന പുസ്തകവുമല്ല. അതിന് ശേഷം എം.കെ. സാനു എഴുതിയ പല ജീവചരിത്രങ്ങളും അത്രപോലും നിലവാരമില്ലാത്തതാണ്. വൈക്കം മുഹമ്മദ്ബഷീര്‍ ഉള്‍പ്പെടെയുള്ളവരെ കുറിച്ചെഴുതിയ ഗ്രന്ഥങ്ങള്‍ക്കും നിലവാരമില്ല. കാലം ചെല്ലുന്തോറും എം.കെ. സാനുവിന്റെ രചനകള്‍ക്ക് നിലവാരം കുറഞ്ഞുവന്നു.
ചെമ്മനം ചാക്കോ

മമ്മൂട്ടിയോടും എനിക്ക് പറയാനുള്ളത് ഇതാണ്. മമ്മൂട്ടി സംസ്ഥാന അവാര്‍ഡിന് വേണ്ടി വീണ്ടും വീണ്ടും ശ്രമിക്കുന്നത് ശരിയല്ല. മമ്മൂട്ടി താരമാകുന്ന കാലത്ത് ജനിക്കാത്ത പിള്ളേരോടാണ് ഇപ്പോള്‍ മത്സരിക്കേണ്ടി വരുന്നത്. ടൊവിനോ തോമസ്, നിവിന്‍പോളി, ആസിഫ്അലി, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരോടൊക്കെ മത്സരിച്ച് അവാര്‍ഡ് വാങ്ങിച്ചാല്‍ ആര്‍ക്കാണ് ‘പോക്കണം കേട്’. മമ്മൂട്ടിക്ക് തന്നെ. അത് മമ്മൂട്ടി മനസ്സിലാക്കണം. ഒ.എന്‍.വി. കുറുപ്പും ഒരുഘട്ടം കഴിഞ്ഞപ്പോള്‍ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കരുതെന്ന് എഴുതി കൊടുത്തിരുന്നു. അതുപോലൊരു വകതിരിവ് പൊതുവേ ആളുകള്‍ കാണിക്കുന്നില്ല.

വയലാർ രാമവർമ്മ

മുസ്ലീങ്ങള്‍ക്ക് കിട്ടാത്ത
അവാര്‍ഡ്

1975ലാണ് വയലാര്‍ രാമവര്‍മ്മ മരിക്കുന്നത്. 1976ലാണ് അവാര്‍ഡ് കൊടുത്തു തുടങ്ങുന്നത്. ഏതാണ്ട് അമ്പത് കൊല്ലത്തോടടുക്കുന്നു. മറ്റ് അവാര്‍ഡുകള്‍ക്ക് കിട്ടാത്ത ഒരു മൂല്യം ഇതിന് കൈവന്നിട്ടുണ്ട്. ആദ്യം മുതലേ ലളിതാംബിക അന്തര്‍ജനം, പി.കെ. ബാലകൃഷ്ണന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, തകഴി ശിവശങ്കരപ്പിള്ള, വിലാസിനി എന്നീ പ്രഗത്ഭന്മാര്‍ക്ക് അവാര്‍ഡ് കിട്ടി. അപ്പോഴും കിട്ടാതെ പോയവരുണ്ട്. അയ്യപ്പപ്പണിക്കര്‍ക്ക് വളരെ വൈകിയാണ് കിട്ടിയത്. അദ്ദേഹം അവാര്‍ഡ് നിരസിച്ചില്ല. പക്ഷേ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഒരേ ഒരു അവാര്‍ഡ് മാത്രമേ അയ്യപ്പപ്പണിക്കര്‍ വേണ്ടെന്ന് പറഞ്ഞിട്ടുള്ളു. അത് വയലാര്‍ അവാര്‍ഡാണ്. വയലാര്‍ അവാര്‍ഡ് തുടങ്ങി 40 വര്‍ഷത്തിന് ശേഷമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ലഭിക്കുന്നത്. വയലാര്‍ അവാര്‍ഡ് കിട്ടാതെ മരിച്ചു പോയ സാഹിത്യകാരന്‍മാരുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന് ലഭിച്ചിട്ടില്ല. പുനത്തില്‍ കുഞ്ഞബ്ദുള്ള, എന്‍.പി. മുഹമ്മദ് എന്നിവര്‍ക്ക് കിട്ടിയില്ല. വര്‍ഗീയം പറയുകയാണെന്നു വിചാരിക്കരുത്. മുസ്ലീം സമുദായത്തിലെ ഒരാള്‍ക്ക് പോലും വയലാര്‍ അവാര്‍ഡ് കൊടുത്തിട്ടില്ല.

വയലാര്‍ അവാര്‍ഡ് തുടങ്ങിയ കാലത്ത് സി. അച്യുതമേനോന്‍ കമ്മിറ്റിയിലുണ്ടായിരുന്നു. ‘അച്യുതമേനോന്റെ ഡയറിക്കുറിപ്പു’കളില്‍ അവാര്‍ഡ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തതിന്റെ വിശദാംശങ്ങളുണ്ട്. ഇന്ന ആളിന് കൊടുക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും കറങ്ങിത്തിരിഞ്ഞ് മറ്റുള്ളവര്‍ക്ക് അവാര്‍ഡ് ലഭിച്ചെന്ന് ഡയറിക്കുറിപ്പുകളില്‍ പറയുന്നുണ്ട്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ ‘യന്ത്ര’ത്തിന് അവാര്‍ഡ് കൊടുക്കുന്നതില്‍ അച്യുതമേനോന് വിയോജിപ്പുണ്ടായിരുന്നു. അത് അവാര്‍ഡ് അര്‍ഹിക്കുന്ന കൃതിയാണോയെന്ന് അച്യുതമേനോന്‍ സ്വയം ചോദിക്കുന്നുണ്ട്. എന്നാല്‍ അവാര്‍ഡ് നിര്‍ണയത്തില്‍ അദ്ദേഹം ഇടപെട്ടിരുന്നില്ല.
വയലാര്‍ ട്രസ്റ്റില്‍ ഇടക്കാലത്ത് പി.കെ. വാസുദേവന്‍നായരും ഉണ്ടായിരുന്നു. സി.അച്യുതമേനോനെ പോലെ സാഹിത്യ പരിചയമുള്ള ആളല്ല പി.കെ.വി. മാന്യനായ അദ്ദേഹം ഒന്നിലും ഇടപെട്ടിരുന്നില്ല.
വയലാര്‍ അവാര്‍ഡ് നിര്‍ണയത്തിന്റെ നടപടിക്രമങ്ങളില്‍ 2006 മുല്‍ 2015 വരെ ഞാനും പങ്കെടുത്തിരുന്നു. 2013ല്‍ പ്രഭാവര്‍മ്മയ്ക്ക് പുരസ്‌കാരം കിട്ടിയതോടെ ഈ പരിപാടി നിര്‍ത്തി, ഇനി രക്ഷയില്ലെന്ന് ബോധ്യപ്പെട്ടു. പിന്നീട് വയലാര്‍ അവാര്‍ഡിന്റെ എന്‍ട്രി ഫോം വരുമ്പോള്‍ തുറന്നു നോക്കാതെ കുട്ടയിലിടുകയാണ് പതിവ്.

ഒ. എൻ.വി കുറുപ്പ്

അക്കിത്തത്തിന്റെ
കാത്തിരിപ്പ്

ഒ.എന്‍.വി. കുറുപ്പിന് കിട്ടി മുപ്പതു കൊല്ലത്തിന് ശേഷമാണ് അക്കിത്തത്തിന് വയലാര്‍ അവാര്‍ഡ് കിട്ടുന്നത്. അടുത്ത കൊല്ലം പ്രഭാവര്‍മ്മയ്ക്ക് കിട്ടി. ഒ.എന്‍.വി. കുറുപ്പായിരുന്നു ഏറെക്കാലം വയലാര്‍ ട്രസ്റ്റിന്റെ നടത്തിപ്പുകാരന്‍. ഒ.എന്‍.വി.ക്ക് താല്പര്യമില്ലാത്തവര്‍ക്ക് അവാര്‍ഡ് കിട്ടില്ല. അതുകൊണ്ടാണ് പുതുശ്ശേരി രാമചന്ദ്രന് വയലാര്‍ അവാര്‍ഡ് കിട്ടാതെ പോയത്. വയലാര്‍ അവാര്‍ഡ് കിട്ടുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു പുതുശ്ശേരി. ആ ഒരു ദുഃഖത്തോട് കൂടിയാണ് പുതുശ്ശേരി മരണമടഞ്ഞത്.
പുനത്തില്‍ കുഞ്ഞബ്ദുള്ളയും എന്‍.പി. മുഹമ്മദും അവാര്‍ഡിന് പിറകേ നടക്കുന്നവരായിരുന്നില്ല. എന്‍.പി. മുഹമ്മദിന്റെ ‘ദൈവത്തിന്റെ കണ്ണ്’ ഗംഭീര സൃഷ്ടിയായിരുന്നു. സക്കറിയക്കും എന്‍.എസ്. മാധവനും വയലാര്‍ അവാര്‍ഡ് കിട്ടിയിട്ടില്ല

വേതാളങ്ങളാല്‍ ചുറ്റപ്പെട്ട സാഹിത്യകാരന്‍

എം.കെ. സാനുവിന് ചുറ്റും ഒരുപാട് ഉപഗ്രഹങ്ങളും വേതാളങ്ങളും കറങ്ങി നടക്കുന്നുണ്ട്. ഈ വേതാളങ്ങളാണ് അവരുടെ താല്പര്യമനുസരിച്ച് എം.കെ. സാനുവിനെ കൊണ്ടുനടക്കുന്നത്.
എം.കെ. സാനുവിന്റെ സാഹിത്യ ജീവിതത്തിന് പല ഘട്ടങ്ങളുണ്ട്. വിമോചനസമരത്തെ അനുകൂലിച്ച സാഹിത്യകാരന്‍മാരില്‍ പ്രമുഖനായിരുന്നു എം.കെ. സാനു. സർക്കാർ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ശേഷം സി.പി.എമ്മുമായി താരതമ്യേന അടുപ്പത്തിലായി. മോശമല്ലാത്ത ബന്ധം സ്ഥാപിച്ചു. 1987ല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എറണാകുളത്ത് മയിലടയാളത്തിൽ മത്സരിച്ച് ജയിച്ചു . അതിന് ശേഷം സി.പി.എമ്മുമായി അകന്ന് ബിജെപിയുമായി ചെറിയൊരു ‘മുഹബത്ത്’ ഉണ്ടാക്കി. എന്നാല്‍ സി.പി.എം. മുന്‍കൈയെടുത്ത് എറണാകുളം ടൗൺ ഹാളിൽ 80-ാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചതിന് ശേഷം വീണ്ടും ചായ്‌വ് ആ ഭാഗത്തേക്കായി.
തങ്ങളുടെ താല്പര്യങ്ങള്‍ക്ക് നിരക്കുന്ന രീതിയില്‍ കൊണ്ടുനടക്കാനും അതനുസരിച്ച് പ്രസ്താവനകള്‍ എഴുതി വാങ്ങാനും എം.കെ. സാനുവിന്റെ ചുറ്റും കൂടി നില്‍ക്കുന്നവര്‍ക്ക് സാധിക്കുന്നുണ്ട്.

സവര്‍ണ്ണഹിന്ദുക്കള്‍, സവര്‍ണക്രിസ്ത്യാനികള്‍, ഈഴവ ബ്രാഹ്മണര്‍ എന്നീ മൂന്നു കൂട്ടര്‍ക്ക് മാത്രമേ ഇതുവരെ വയലാര്‍ അവാര്‍ഡ് കിട്ടിയിട്ടുള്ളു. നമ്പൂതിരി, നായര്‍, സവര്‍ണക്രിസ്ത്യാനി, അഥവാ സുറിയാനി, ഈഴവ ബ്രാഹ്മണര്‍ എന്നീ നാലു വിഭാഗങ്ങള്‍ക്ക് മാത്രമേ വയലാര്‍ അവാര്‍ഡ് ലഭിക്കൂ. ലത്തീന്‍കാര്‍ക്കും പെന്തക്കോസ്തുകാര്‍ക്കും അവാര്‍ഡ് കിട്ടുകയേയില്ല. കേന്ദ്രസാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യഅക്കാദമിയുടെയും മറ്റും കാര്യം ദയനീയമാണ്. അതാത് കാലത്തെ രാഷ്ട്രീയ സംവിധാനത്തിന് സ്തുതിപാടുന്നവരെ സന്തോഷിപ്പിക്കാനാണ് സാഹിത്യ അക്കാഡമി അവാര്‍ഡ് നല്‍കുന്നത്. ഇതൊക്കെ ഒരുതരം കറക്ക് കമ്പനിയാണ്.
അവാര്‍ഡ് കിട്ടുന്നതില്‍ ഹരം കൊള്ളുന്നവരുണ്ട്. സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ക്ക് ഒരു കുഴപ്പമുണ്ട്. ഒരുതവണ കിട്ടിയവര്‍ക്ക് വീണ്ടും അവാര്‍ഡ് കൊടുക്കാന്‍ പാടില്ല. അതുകൊണ്ട് കുറെ കഴിയുമ്പോള്‍ കൊള്ളാവുന്ന ആര്‍ക്കും അവാര്‍ഡ് കിട്ടാത്ത അവസ്ഥ വരും. എന്നാല്‍ ഓടക്കുഴല്‍ അവാര്‍ഡ് ഒരുവിധം മൂല്യബോധം നിലനിര്‍ത്തി മുന്നോട്ടു പോകുന്നുണ്ട്. ‘ഓടക്കുഴല്‍’ കിട്ടി എന്ന് പറയുന്നത് തന്നെ ഒരു അന്തസ്സാണ്.

വില്‍പത്രത്തിന്
വില കല്‍പ്പിക്കാത്തവര്‍

ഒരാള്‍ മരിക്കാന്‍ നോക്കി നില്‍ക്കുകയാണ് അയാളുടെ പേരില്‍ അവാര്‍ഡ് ഉണ്ടാക്കാന്‍. ഇതാണ് വലിയ ദുരന്തം. മരിച്ചയാളുടെ പ്രസിദ്ധിയാണ് വില്‍ക്കുന്നത്. ചോദിക്കാനും പറയാനും ആരുണ്ട്? കേസരി ബാലകൃഷ്ണപിള്ളയ്ക്ക് കുഴിമാടത്തില്‍ നിന്ന് എഴുന്നേറ്റ് വന്ന് തന്റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയവരുടെ കഴുത്ത് പിടിക്കാനാകുമോ? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പേരിലാണ് മറ്റൊരു അവാര്‍ഡ്. ഇതുപോലെയൊരു തട്ടിപ്പ് വേറെയില്ല. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജീവിച്ചിരുന്നെങ്കില്‍ തലയ്ക്കിട്ട് അടികൊടുക്കുമായിരുന്ന പലര്‍ക്കും സ്വദേശാഭിമാനി പുരസ്‌കാരം കിട്ടിയിട്ടുണ്ട്
സമൂഹത്തിലെ എല്ലാത്തരം അനീതികള്‍ക്കുമെതിരെ പടവെട്ടിയ ആളാണ് നവാബ് രാജേന്ദ്രന്‍. നാവാബ് മരിച്ച ഉടനെ അദ്ദേഹത്തിന്റെ പേരിലും അവാര്‍ഡ് വന്നു. നവാബ് ജീവിച്ചിരുന്നെങ്കില്‍ അവരുടെ പേരില്‍ കേസ് കൊടുത്തേനെ!
ജനപ്രിയ നോവലിസ്റ്റായിരുന്നു പി.അയ്യനേത്ത്. അയ്യനേത്തിന്റെ നോവലുകള്‍ കൊണ്ടാണ് ഒരു കാലത്ത് കേരളശബ്ദം വാരിക നടന്നു പോയിരുന്നത്. ‘ ദ്രോഹികളുടെ ലോകം’ തുടങ്ങിയ നോവലുകളിലൂടെ വലിയ സാമൂഹ്യ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നടത്തിയ എഴുത്തുകാരനായിരുന്നു അയ്യനേത്ത്.
അയ്യനേത്ത് മരണപത്രത്തില്‍ എഴുതിവച്ചിരുന്നു. ‘ഞാന്‍ മരിച്ചാല്‍ എന്റെ പേരില്‍ ഒരു അവാര്‍ഡും പാടില്ല’. മക്കള്‍ അതു പാലിച്ചു. പക്ഷേ പത്തനംതിട്ടയില്‍ അയ്യനേത്തിന്റെ നാട്ടിലുള്ള ചില ആളുകള്‍ ചേര്‍ന്ന് ഒരു ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അയ്യനേത്തിന്റെ പേരില്‍ അവാര്‍ഡ് ഉണ്ടാക്കി.
മരിച്ചു പോയ അപ്പന്റെ പേരില്‍ അവാര്‍ഡ് കൊടുക്കുന്നത് തെറ്റാണെന്ന് പറഞ്ഞ് മക്കള്‍ വക്കീല്‍ നോട്ടീസ് അയച്ചു. അവാര്‍ഡ് കമ്മിറ്റിക്കാര്‍ മറുപടി അയച്ചു. ‘നിങ്ങളുടെ അപ്പനായ അയ്യനേത്തിന്റെ പേരിലല്ല, മലയാള സാഹിത്യത്തിന് വലിയ സംഭാവന ചെയ്ത അയ്യനേത്തിന്റെ പേരിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ അയ്യനേത്ത് നിങ്ങളുടെ അപ്പനായിരുന്നുവെന്നത് ശരി. പക്ഷേ മരിച്ച ശേഷം ഒരാളുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതില്‍ രാജ്യത്ത് ഭരണഘടനാപരമോ നിയമപരമോ ആയ വിലക്കില്ല’. മരിക്കുന്നതിനു മുമ്പ് മാന്യന്മാര്‍ക്ക് ശാശ്വത നിരോധന കല്പനവാങ്ങി വയ്‌ക്കേണ്ട അവസ്ഥ.

മുട്ടത്തുവര്‍ക്കി

‘ജനപ്രിയ’മായ
മുട്ടത്തുവര്‍ക്കി അവാര്‍ഡ്

മുട്ടത്ത് വര്‍ക്കി ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ പുച്ഛിച്ചിരുന്ന മുഖ്യധാര സാഹിത്യകാരന്‍മാരെല്ലാം പിന്നീട് അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിച്ചു. മുട്ടത്തുവര്‍ക്കിയുടെ ജനപ്രിയ സാഹിത്യത്തിന് മൂല്യമില്ല, ചമത്കാരമില്ല, അലങ്കാരമില്ല… കനപ്പെട്ട തുകയുള്ള അവാര്‍ഡാണ് മക്കള്‍ ഏര്‍പ്പെടുത്തിയത്. 1992ല്‍ മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കി തുടങ്ങി. ശരിക്കും പകരം വീട്ടല്‍ എന്നു പറഞ്ഞാല്‍ ഇതാണ്. ഒ.വി. വിജയന്‍, വൈക്കംമുഹമ്മദ് ബഷീര്‍, എം.ടി. വാസുദേവന്‍നായര്‍, കോവിലന്‍, കാക്കനാടന്‍, വി.കെ.എന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, ആനന്ദ്, എന്‍.പി. മുഹമ്മദ്, പൊന്‍കുന്നം വര്‍ക്കി, സേതു, സി.രാധാകൃഷ്ണന്‍, സക്കറിയ, കമലസുരയ്യ, ടി. പത്മനാഭന്‍, എം.സുകുമാരന്‍, എന്‍.എസ്. മാധവന്‍, പി. വത്സല, സാറാജോസഫ്, സച്ചിദാനന്ദന്‍, കെ.ആര്‍. മീര, ബെന്യാമിന്‍ തുടങ്ങിയവരെല്ലാം അവാര്‍ഡ് മേടിച്ചു. എന്നാല്‍ കാനത്തിനോ മാത്യുമറ്റത്തിനോ, ബാറ്റണ്‍ബോസിനോ, ജനപ്രിയ നോവലിസ്റ്റ് ജോയ്‌സിക്കോ, മുട്ടത്തുവര്‍ക്കി അവാര്‍ഡ് കൊടുത്തില്ല. ജനപ്രിയ സാഹിത്യത്തില്‍ നിന്ന് മുട്ടത്തുവര്‍ക്കി സമ്പാദിച്ച പണം കൊണ്ട് മക്കള്‍ വരേണ്യസാഹിത്യത്തിന് അവാര്‍ഡ് കൊടുക്കുകയായിരുന്നു.
ജനപ്രിയ സാഹിത്യകാരന്‍മാര്‍ക്ക് വിലയില്ല. കെ.കെ. സുധാകരന്‍, സുധാകരന്‍ മംഗളോദയം ഇങ്ങനെയുള്ള പാവങ്ങള്‍ക്ക് ഒരു അവാര്‍ഡും കൊടുത്തില്ല. അവാര്‍ഡ് ഉദ്ദേശിച്ചല്ല ഇവര്‍ എഴുതുന്നതെന്നത് വേറൊരു കാര്യം. പൈങ്കിളി സാഹിത്യമെന്ന് പറഞ്ഞ് പുച്ഛിച്ചവരൊക്കെ ഈ അവാര്‍ഡ് ഏറ്റുവാങ്ങി. ആനന്ദ് ഉള്‍പ്പെടെ ഒരു സാഹിത്യകാരനും ഈ അവാര്‍ഡ് മോടിക്കില്ല എന്ന് പറയാന്‍ തോന്നിയില്ല.
രാഷ്ട്രീയ സമുദായ നേതാക്കളെയും മതമേലദ്ധ്യക്ഷന്‍മാരേയും പലതും പറഞ്ഞ് പരിഹസിക്കാറുണ്ട് .സത്യം പറഞ്ഞാല്‍ സാഹിത്യകാരന്മാരുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ ഇവര്‍ ഒന്നുമല്ല.

വിലാസിനി

വിലാസിനിയുടെ
വില്‍പത്രം

വിലാസിനി സാഹിത്യകാരന്‍ എന്നതിലുപരി പ്രസിദ്ധനായ ഒരു പത്രപ്രവര്‍ത്തകനായിരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായ എ.എഫ്.പി. ന്യൂസ് ഏജന്‍സിയുടെ തലവനായിരുന്ന അദ്ദേഹം ജോലി രാജിവെച്ചാണ് സാഹിത്യരചനയില്‍ മുഴുകിയത്. മലയാളത്തിലെ ഏറ്റവും വലിയ നോവലായിരുന്നു അവകാശികള്‍. തന്റെ പേരില്‍ യാതൊരു അവാര്‍ഡും ഏര്‍പ്പെടുത്തരുതെന്നു മരണപത്രത്തില്‍ അദ്ദേഹം എഴുതിവച്ചിരുന്നു. താന്‍ മാറ്റിവെച്ച സംഖ്യ ഉപയോഗിച്ച് മലയാള നോവലിലെ കുലപതിയായ ഒ. ചന്തുമേനോന്റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തണം. അത് നോവലിനല്ല, നോവലിസ്റ്റിനെ കുറിച്ചുള്ള സമഗ്രമായ പഠനത്തിനാണ് കൊടുക്കേണ്ടത്. കഴിഞ്ഞ അഞ്ചവര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ചതായിരിക്കണം. ഒരു കാരണവശാലും ലേഖന സമാഹാരത്തിന് കൊടുക്കരുത്. അവാര്‍ഡ് നടത്തിപ്പ് ഒരു കാരണവശാലും സാഹിത്യഅക്കാഡമിയെ ഏല്‍പ്പിക്കരുത്.
സംഭവിച്ചത് മറ്റൊന്നായിരുന്നു. അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ അദ്ദേഹം സ്വരുക്കൂട്ടി വെച്ച പണം ബന്ധുക്കള്‍ സാഹിത്യ അക്കാഡമിയെ ഏല്‍പ്പിച്ചു. സാഹിത്യഅക്കാഡമിയാകട്ടെ അവാര്‍ഡ് വിലാസിനിയുടെ പേരില്‍ ഏര്‍പ്പെടുത്തി. സാഹിത്യ അക്കാഡമി ചെയര്‍മാന്‍ കെ.എം.തരകന്‍ തന്നെ അവാര്‍ഡ് വാങ്ങിക്കുകയും ചെയ്തു. ഉറൂബിനെ കുറിച്ചുള്ള വിശകലനത്തിനായിരുന്നു അവാര്‍ഡ്. എന്നാല്‍ വിലാസിനി നിര്‍ദ്ദേശിച്ച സമയത്തിന് മുമ്പ് എഴുതിയ കൃതിയായിരുന്നു അത്. ഇതിനിടെ വിലാസിനിയുടെ പേരില്‍ തിരുവനന്തപുരത്തുള്ള കുറെ സാഹിത്യ അഭ്യുദയകാംക്ഷികള്‍ വിലാസിനി സാംസ്‌കാരിക സമിതി ഉണ്ടാക്കുകയും നമ്മളാരും ഇന്നേവരെ കേള്‍ക്കാത്ത ഷാനവാസ് പോങ്ങനാടിന് അവാര്‍ഡ് നല്‍കുകയും ചെയ്തു. ഇതിന് ശേഷമാണ് വിലാസിനിയുടെ പണം കൊണ്ടുണ്ടാക്കിയ വിലാസിനി അവാര്‍ഡ് വന്നത്.
പി.കെ. പോക്കറിന്റെ സര്‍ഗാത്മകതയുടെ നീലവെളിച്ചം എന്ന ലേഖന സമാഹാരത്തിനാണ് ഇത്തവണ അവാര്‍ഡ്. പോക്കര്‍ ഭരണകക്ഷിയുടെ ഒരു സാഹിത്യനായകനാണ്. ലേഖന സമാഹാരത്തിന് അവാര്‍ഡ് നല്‍കരുതെന്ന വിലാസിനിയുടെ നിര്‍ദ്ദേശവും വകവയ്ക്കാതെയായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.

‘ക്ഷോഭിക്കുന്നവരുടെ സുവിശേഷം’
ഒരു അവാര്‍ഡും വാങ്ങിക്കാത്ത ആളാണ് കെ.പി. അപ്പന്‍ വളരെ ഉള്‍വലിഞ്ഞ മനുഷ്യനാണ് അപ്പന്‍സാര്‍. യാതൊരുവിധ വിവാദങ്ങളിലും ഉള്‍പ്പെടാറില്ല. പൊതുയോഗങ്ങളിലോ സാഹിത്യസമ്മേളനങ്ങളിലോ പ്രസംഗിക്കാന്‍ പോകാറില്ല. കോളേജ് വിട്ടാല്‍ വീട്, വീട് വിട്ടാല്‍ കോളേജ്. ബാക്കി സമയത്ത് എഴുത്തും വായനയും. ഏതെങ്കിലും അവാര്‍ഡ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുകയോ, അവാര്‍ഡ് മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയോ ചെയ്ത ആളല്ല. 1972ലാണ് കെ.പി. അപ്പന്റെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കുന്നത്. കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് മരണാനന്തര ബഹുമതിയായി കൊടുക്കുകയായിരുന്നു. ഭാര്യ അത് സ്വീകരിച്ചു. അവാര്‍ഡ് വാങ്ങിച്ചത് ശരിയോ തെറ്റോ എന്നല്ല. വിധി കല്പന ശരിയല്ല.

‘ക്ഷോഭിക്കുന്നവരുടെ സുവിശേഷം’ എഴുതിയ അപ്പന്‍സാര്‍ ഇതുകണ്ട് പരലോകത്തിരുന്ന് ക്ഷോഭിച്ചിട്ടുണ്ടാകുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
മാനംമര്യാദയുള്ള ആളുകള്‍ ജീവിച്ചിരിക്കുമ്പോൾ കോടതിയെ സമീപിച്ച് എന്തെങ്കിലും ശാശ്വത നിരോധന കല്പന വാങ്ങി വെച്ചില്ലെങ്കിൽ , അവാര്‍ഡിന്റെ പേരില്‍ നടക്കുന്നഈ ക്രൂരത സര്‍ക്കാര്‍ നിയമംമൂലം നിരോധിച്ചില്ലെങ്കില്‍ മന:സമാധാനത്തോടെ മരിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥ വരും.

Author

Scroll to top
Close
Browse Categories