കവിതയുടെ പൂത്തേരിറക്കം
മലയാള ഭാഷയുടെ കാവ്യോദ്യാനത്തിൽ ഒരിക്കലും വാടാത്ത ഒന്ന് എന്നപോലെ വിടർന്നു വിലസി പരിമളം പരത്തി നിൽക്കുന്ന കവിതയാണ് ‘വീണപൂവ് ‘ . അഴകും ശുദ്ധിയും മൃദുത്വവും ആഭയും സാരള്യവും ഒത്തിണങ്ങിയ അനുപമമായ ഒരു പുഷ്പത്തിന്റെ ജീവിതത്തിലെ വിവിധഘട്ടങ്ങൾ ആവിഷ്കരിക്കുന്ന കവിത എന്ന് ലളിതമായി പറഞ്ഞു പോകേണ്ട ഒന്നല്ലല്ലോ ഇതിന്റെ പ്രമേയം. മലയാളകവിതാസാഹിത്യചരിത്രത്തിൽ കാല്പനികകവിതകളുടെ കാലഘട്ടത്തിന്റെ തുടക്കത്തിൽ എഴുതപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ എന്നുതന്നെ പറയാവുന്ന കവിത.
പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി,
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം;
വായ്ക്കുന്നു വേലിക്കു വർണ്ണങ്ങൾ , പൂവാൽ
ചോക്കുന്നു കാടന്തിമേഘങ്ങൾപോലെ .
( പൂക്കാലം, പുഷ്പവാടി)
സ്വന്തം കൃതികളിലൂടെ പൂക്കളെ ആവോളം കൊണ്ടാടിയ ഒരു കവിയായിരുന്നു മഹാകവി കുമാരനാശാൻ . കുമാരനാശാന്റെ കവിതക്കാലം എന്നത് മലയാളകാവ്യചരിത്രത്തിന്റെ പൂക്കാലവും ആയിരുന്നു
നല്ലോരിലഞ്ഞികൾ പൂത്തു മണംപേറി/മെല്ലെന്നു കാറ്റു ചരിച്ചിതു നീളവേ
ചട്ടറ്റചാരു പവിഴപ്രഭയാർന്നു/
മൊട്ടശോകങ്ങളിലെങ്ങും നിരന്നിതു
നല്ല തങ്കത്താലിമാലപോൽ തൂങ്ങീതു/
ഫുല്ലമാം പൂങ്കുല കൊന്നമരങ്ങളിൽ
മെത്തും മണമാർന്നു പുന്നയിൽ പൂന്നിര/
മുത്തുതൻ ഗുച്ഛങ്ങൾപോലെ ശോഭിച്ചിതു
(ശ്രീ ബുദ്ധചരിതം )
ജനിമൃതി സമസ്യകളുടെ കാരണവും പരിഹാരവും തേടി സിദ്ധാർത്ഥൻ കപിലവസ്തു വെടിഞ്ഞ സന്ദർഭം പറയുന്ന നാലാം കാണ്ഡത്തിലെ ചൈത്രമാസ വർണനയുടെ ഒരു ഭാഗമാണ് മുകളിൽ ഉദ്ധരിച്ചത് . വിയോഗങ്ങൾക്കും സുയോഗങ്ങൾക്കും ഒരു പോലെ സാക്ഷികളാകുന്ന പൂക്കൾ ഏകദേശം തന്റെ എല്ലാ കാവ്യങ്ങളിലും ആശാൻ നിർലോഭം ഉപയോഗിക്കുന്ന പ്രതീകമാണ്.
‘ഞങ്ങടെ സാക്ഷികളത്രെ പൂവുകൾ ‘
എന്ന് ‘ഓണപ്പാട്ടുകാരി’ൽ വൈലോപ്പിള്ളി പിന്നീട് ഉപയോഗിക്കുന്നുണ്ട്.
മലയാള ഭാഷയുടെ കാവ്യോദ്യാനത്തിൽ ഒരിക്കലും വാടാത്ത ഒന്ന് എന്നപോലെ വിടർന്നു വിലസി പരിമളം പരത്തി നിൽക്കുന്ന കവിതയാണ് ‘വീണപൂവ് ‘ . അഴകും ശുദ്ധിയും മൃദുത്വവും ആഭയും സാരള്യവും ഒത്തിണങ്ങിയ അനുപമമായ ഒരു പുഷ്പത്തിന്റെ ജീവിതത്തിലെ വിവിധഘട്ടങ്ങൾ ആവിഷ്കരിക്കുന്ന കവിത എന്ന് ലളിതമായി പറഞ്ഞു പോകേണ്ട ഒന്നല്ലല്ലോ ഇതിന്റെ പ്രമേയം. മലയാളകവിതാസാഹിത്യചരിത്രത്തിൽ കാല്പനികകവിതകളുടെ കാലഘട്ടത്തിന്റെ തുടക്കത്തിൽ എഴുതപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട എന്നോ ആദ്യത്തെ എന്നുതന്നെ പറയാവുന്ന കവിത .
ആശാൻ തന്നെ പറയുന്നത് പ്രകാരം 1083 വൃശ്ചികത്തിൽ അതായത് 1907 ഡിസംബറിൽ പാലക്കാട്ടെ താമസത്തിനിടയിലാണ് ഈ കവിത അദ്ദേഹം എഴുതുന്നത്. ഇതിനെ ഒരു വിലാപകാവ്യമായി കരുതുന്നവരുണ്ട്. കാല്പനികപ്രണയത്തിന്റെ ആവിഷ്കാരമായി ഇതിനെ കണ്ട കവികളുണ്ട്. എഴുതിയ കാലം മുതൽ ഇങ്ങോട്ട് അനേകം വായനകളും വ്യാഖ്യാനങ്ങളും വിമർശനങ്ങളും ഈ കവിതയാൽ പ്രചോദിപ്പിക്കപ്പെട്ട് എഴുതിയ കവിതകളും ഉണ്ടായിട്ടുണ്ട് .കവിയായും, സൗന്ദര്യാരാധകനായും, ദാർശനികനായും ഒന്നല്ലി നാമായി സഹോദരരല്ലി പൂവേ എന്ന് സഹജാമലരാഗഭാവത്തോടെ പൂവിനെ സമീപിക്കുന്ന ഒരു സാധാരണ കാഴ്ചക്കാരനായുമൊക്കെ അത് പിരിഞ്ഞു നിൽക്കുമ്പോഴും ഒരൊറ്റച്ചരടിൽ കോർത്തെടുത്ത , ഒഴുക്കോടെ വായിക്കാവുന്ന ഒന്നാണ് നാൽപത്തൊന്നു ശ്ലോകങ്ങൾ കൊണ്ട് നിർമിച്ച വീണപൂവ് .ശബ്ദ -അർത്ഥ – ധ്വനി – ആശയ ഭംഗികൾ നോക്കിയാൽ മലയാള കവിതയിൽ അധികതുംഗപദത്തിൽ തന്നെയാണ് അതിന്റെ എന്നത്തേയും സ്ഥാനവും.
പൂവിനേയും പക്ഷികളെയും ഒക്കെ അഭിസംബോധനചെയ്തുള്ളവയും , ജീവിതത്തിന്റെ ക്ഷണികത, നശ്വരത എന്നിവ പ്രമേയമാകുന്നവയുമായ കാവ്യങ്ങൾ വീണ പൂവിനു മുൻപും ആശാൻ എഴുതിയിട്ടുണ്ട് .
ഇമ്പം തരുമീ മധുയൗവനവും/സമ്പത്തുമനിത്യമെടോ സകലം/ശംഭുസ്തുതി ചെയ്യുക ചൂതമര-/ക്കൊമ്പിൽക്കൂടിയാർന്ന കരുങ്കുയിലേ.
വാടുന്നിത, വീണഴിയുന്നു, മണം/തേടുമ്മലരിമ്മലർവാടികളിൽ,/വാടാതവയില്ല ശിവങ്കുഴലാ-
മേടാർമലരെന്നിയിളംകുയിലേ.
കണ്ടോ കമനീയതയാർന്നു മദം/പണ്ടേറെയിയന്നൊരു പൂങ്കുഴലി/തെണ്ടുന്നിത നിന്ദിതയായ് ജരയാലുണ്ടോ നിലയൊന്നിനുമെൻകുയിലേ.(കളകണ്ഠ ഗീതം 1905 / വനമാല)
മുരളുവതിൽ മയങ്ങീടുള്ളുതന്നുള്ള പൂ നിൻ/പരസുമരതി കണ്ടാൽ വാടി വീഴുന്നു വണ്ടേ,
വിരവിലുഴറി നീയും നാളെ ഞാവൽപ്പഴംപോൽ/വിരസമിഹ ലയിക്കും വീണു ഹാ! മിഥ്യയെല്ലാം. (ലോകം – അപൂർണ്ണ കവിത/ വനമാല)
ജയമതിനു പകയ്ക്കുന്നിങ്ങു ജന്യത്തെ ജന്യം/സ്വയമനിലജലാദ്യം കാരണം കാരണത്തെ
ക്ഷയപദവിയുമോതുന്നാഗമത്തിങ്കലിത്ഥം/നിയതമഴിയുമെന്നെപ്പോലെ മാലാർന്നു നീയും.
(ലോകം)
പൂവേ സൗരഭമുള്ളനാൾ ഭുവനമാന്യം നീ, പുരാരാമമ-
ല്ലാവാസം, സ്വയമിന്നദിഷ്ടകൃതമായീടുന്ന കാടെങ്കിലും,
ഭൂവിൽത്താണറിയാത്ത ഗർഭമതിലുണ്ടാം ഹീരമേ, സ്വൈര്യമായ്
മേവാമത്രേ കരേറി നീ മഹിതമാം കോടീരകോടീതടം.
(ഒരു അനുമോദനം – 1906 / വനമാല) തുടങ്ങിയ വരികൾക്കു സമാനമായ വരികൾ വീണപൂവിലും തുടർന്നു വരുന്ന കവിതകളിലുമൊക്കെ വായിക്കാവുന്നതാണ്. അങ്ങേയറ്റം അർഹതയുള്ള ഒന്നായിട്ടു പോലും മിതവാദിയിൽ വന്ന് ഒരു വർഷം കഴിഞ്ഞ് ‘ഭാഷാപോഷിണി’ യിൽ അന്ന് സുബ്രഹ്മണ്യൻ പോറ്റിയെപ്പോലൊരു പ്രമുഖകവി ശുപാർശ ചെയ്തു പ്രസിദ്ധീകരിപ്പിച്ചത് കൊണ്ടു മാത്രമാവണം മലയാള കാവ്യ ചരിത്രത്തിൽ ഒരു സുപ്രധാന ഘട്ടത്തിന്റെ ആദ്യത്തെ കാവ്യമായി വീണപൂവ് അടയാളപ്പെടുന്നതും.
ധനം കൊണ്ടോ സ്ഥാനമഹിമകൊണ്ടോ സൗന്ദര്യം കൊണ്ടോ ഒക്കെ രാജ്ഞിമാർ തന്നെയാണ് ആശാന്റെ ഓരോ നായികയും .കവിതയിൽ അവരെക്കുറിച്ചുള്ള വർണ്ണനകളിലൊക്കെ പൂക്കൾ ഇടം പിടിക്കുന്നുണ്ട്.ഹിമവാന്റെ ഉന്നത തടങ്ങളിൽ നിന്ന് നിന്ന് താഴെയെത്തി ഭൂഭാഗഭംഗി കാണുന്ന ദിവാകരയോഗി. കാട്ടിലെ പൂത്തെഴും ഭൂരുഹങ്ങളും കാട്ടുപൊയ്കയിൽ തണ്ടുലഞ്ഞു വിടരുന്ന താരുകളും ചിത്രത്തിലെന്നപോലെ കാണുന്ന, സ്വന്തം പുരപുഷ്പവാടിയെ ഓർത്തുകൗതുകം കൊള്ളുന്ന അയാളെ അന്വേഷിച്ച് സധൈര്യം വീടുവിട്ടിറങ്ങിയ ബാല്യകാലസഖിയായ നളിനിയും അതേ കാട്ടിലാണ് എത്തുന്നത്. കർഷകൻ കിണറിനാൽ നനക്കിലും വര്‍ഷമറ്റ വരിനെല്ലുപോലെയാണവൾ. അത്രയ്ക്കുണ്ടായിരുന്നു ദിവാകരനോടുള്ള പ്രണയം. അതിന്റെ നന്മകളെക്കുറിച്ചു പറയുമ്പോഴും നേട്ടങ്ങളെയും നഷ്ടങ്ങളെയും കുറിച്ച് പറയുമ്പോഴും എല്ലാം ആശാൻ പൂക്കൾ പ്രതീകങ്ങളായി ഉപയോഗിക്കുന്നുണ്ട് കവികർതൃത്വത്തിനപ്പുറം നായികയുടെയോ നായകന്റെയോ ഭാഷണങ്ങളിൽ അവ ധ്വന്യാത്മകമായും പലവിധ അലങ്കാരങ്ങളായും കടന്നുവരുന്നു.
സ്വാമിയാം രവിയെ നോക്കിനിൽക്കുമെൻ/താമരേ തരളവായുവേറ്റു നീ
ആമയം തടവിടായ്ക തൽക്കര-
സ്തോമമുണ്ടു തിരിയുന്നദിക്കിലും
എന്നു തുടങ്ങിയ വരികളിൽ
അവനവനെത്തന്നെയും
ഭൂരിപൂക്കൾ വിടരുന്ന പൊയ്കയും/
തീരവും വഴികളും തരുക്കളും
ചാരുപുൽത്തറയുമോർത്തിടുന്നതിൻ-/
ചാരെ നാമെഴുമെഴുത്തുപള്ളിയും.
ഉച്ചയായ് തണലിലാഞ്ഞു പുസ്തകം/
വച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാർന്ന ചെറുമാലകെട്ടിയെൻ/
കൊച്ചു വാർമുടിയിലങ്ങണിഞ്ഞതും.
എന്ന് ഗതബാല്യത്തിന്റെ സുവർണ്ണ സ്മരണകളേയും പൂക്കളെച്ചേർത്തു തന്നെ കവി ആ വിഷ്കരിക്കുന്നു.നളിനിയിലെ പുഷ്പരൂപകം താമരയാണെങ്കിൽ ലീലയിൽ അത് ചെമ്പകമാണ്.
അയി സഖി, നവ ചമ്പകോത്സുകൻ മ-/
ദ്ദയിതനഹേതുകമായി, ഹേതുവോർത്തും
സ്വയമവനുമെനിക്കുമാളി, യേതൽ/
പ്രിയകരമഞ്ജരി മഞ്ജുദൂതിയായി
അനഘനവനു ഹേമമഞ്ജരീ, ഹാ!/
മനതളിരിൽ പ്രിയരിങ്ങു രണ്ടുപേർതാൻ;
അനിതരസമഭൂതി പൂവിൽ നീയും/
വനിതകളിൽബ്ബതഭാഗ്യഹീന ഞാനും
എന്നാണ് ലീല ചമ്പകപ്പൂവിനോട് താദാത്മ്യപ്പെടുന്നത്.ലീലയുടെ മരണം പോലും പരിഗതസുമകാലം എന്ന് ആശാൻ ധ്വനിപ്പിക്കുന്നുണ്ട് . നളിനിയും ദിവാകരനും കാട്ടിലാണ് കണ്ടുമുട്ടുന്നത് . പൂത്തേഴും ഭൂരുഹങ്ങൾ നിറയുന്ന കാട് . വിരഹകാലത്തിന ശേഷം ലീലയും മദനനും കാണുന്നതും കാട്ടിൽ തന്നെ .ഒരർത്ഥത്തിൽ മനുഷ്യനിർമിതമല്ലാത്ത വലിയൊരു ഉദ്യാനം തന്നെയാണ് വിപിനവും.. സദന സുമവനത്തിൽ മധുമാസരാത്രിയിൽ വീണ പൂങ്കുല പോലെ കിടക്കുന്ന പ്രണയവിവശയായ ലീലയുടെ രംഗപ്രവേശവും തികച്ചും നാടകീയമായി, വീണപൂവിലെന്നതുപോലെ മറ്റൊരു വീഴ്ചയായിത്തന്നെ ആശാൻ തുടങ്ങുന്നു. സംഘാരാമത്തിന്റെ അറിവിലേയ്ക്കും ഔന്നത്യത്തിലേയ്ക്കും ഉയർത്തപ്പെടുന്ന ചണ്ഡാലഭിക്ഷുകിയിൽ മാതംഗിയ്ക്കുമുണ്ട് പൂക്കളുടെ കൂട്ട് അന്തിവാനിന്റെ അകന്ന കോണുപോലെ പൂത്ത ചെറുവാകത്തണലിൽ ഒറ്റനോട്ടത്തിൽ ഹൃദയം കവർന്ന ആനന്ദഭിക്ഷുവിനായി കരുംതാരണിമാല വെറുതേ കോർത്തുനിൽക്കുന്ന മാരദൂതികപോലുള്ള മാതംഗിയുടെ മുഗ്‌ദ്ധരൂപം വർണ്ണിക്കുന്നിടത്താണത്.മക്കളെ കൊട്ടാരത്തിലേക്കയച്ചു വാത്മീകിയുടെ ആശ്രമവാടിയിൽ ഏകാന്തതയുടെ സന്ധ്യാമൗനങ്ങളിൽ പൂവാക തീർത്ത പന്തലിൽ കീഴിൽ പച്ചപ്പുല്ലിന്റെ പട്ടുവിരിപ്പിലാണ് അയോധ്യയുടെ പരിത്യക്തയായ മഹാറാണി സീതയുടെ അതിചിന്തവഹിച്ചുള്ള ഇരിപ്പ് ചിത്രത്തിലെന്നപോലെ ആശാൻ വരച്ചിടുന്നത്. കഞ്ചബാണന്റെ പട്ടം കെട്ടിയ രാജ്ഞിപോലൊരു മറ്റൊരു മഞ്ജുളാംഗിയായ ഉത്തരമഥുരാപുരിയിലെ ഗണികാസുന്ദരി വാസവദത്തയെ അടിമുടി പൂക്കളുടെ അണിയലങ്ങളോടെ ആശാൻ കുറേക്കൂടി വിശദമായി വർണ്ണിക്കുന്നു..
അധികതുംഗപദത്തിൽ ശോഭിച്ചിരുന്ന രാജ്ഞി പോലുള്ള പൂവിൽ നിന്നും രാജ്ഞിപോലുള്ള മറ്റൊരു പെണ്ണിലേയ്ക്ക് 1923 നവംബർ 29 നു പ്രസിദ്ധീകരിച്ച കരുണയിലേയ്ക്ക് എത്തുമ്പോഴും പൂവ് എന്ന പ്രതീകത്തെ ആശാൻ മുറുകെത്തന്നെ പിടിക്കുന്നുണ്ട് .
പക്ഷെ എന്തുകൊണ്ട് പൂവ് ?
ഈ ചോദ്യം നൂറുകണക്കിന് നിരൂപകർ ചോദിച്ചിട്ടുണ്ടാവണം . ഒരു സാധാരണ വായനക്കാരനെ സംബന്ധിച്ചിടത്തോളം അത്തരം ചോദ്യങ്ങൾക്കു വലിയ പ്രസക്തിയില്ലെങ്കിലും അതികഠിനമായി ആശാൻ ബാധിച്ച അനേക വായനക്കാരിൽ ഒരാൾ എന്ന നിലയിൽ ഏറ്റവും ലളിതമായ ഒരു ഉത്തരമാണ് എന്റെ മനസ്സിലുള്ളത് . ഒരു പക്ഷെ ഒരു പെൺനോട്ടത്തിൽ മാത്രം കാണുന്ന ഒന്ന്.
വൈരാഗ്യദശകവും ശിവശതകവും എഴുതിയ കവിഗുരുവിന്റെ അരുമശിഷ്യൻ , ആത്മീയതയിലൂടെ സന്യാസത്തിന്റെ ആ വഴിയിൽ തന്നെ തുടർന്നിരുന്നെങ്കിൽ ഗുരുവിന്റെ ആ പദവിയിലേക്ക് എത്തുവാൻ വേണ്ട പ്രതിഭയും സർഗാത്മകതയും ഉണ്ടായിരുന്ന പരിശ്രമിയായ ചിന്നസ്വാമി എന്ന ആശാൻ .,1891ൽ പത്തൊൻപതാം വയസ്സിൽ ഗുരുവിനെ കാണുമ്പോൾ കവികൾക്കിടയിൽ അദ്ദേഹം അറിയപ്പെട്ടു തുടങ്ങിയിരുന്നു. മറ്റാരോടും ഇല്ലാത്തവണ്ണം ഗുരുവിനോടുള്ള ശിഷ്യന്റെ വിധേയഭാവത്തെക്കുറിച്ച് വായിച്ചറിഞ്ഞതു വെച്ച് നോക്കുമ്പോൾ സ്തോത്ര കൃതികളിൽ ഗുരുവിനെ എങ്ങനെയാണ് അദ്ദേഹം പിന്തുടർന്നത് എന്ന് മനസ്സിലാക്കാനാവും. .
ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും-
പിണങ്ങളൊടു പേടി പെരുതായി വിളയുന്നു
മണം മുതലൊരഞ്ചിലുമണഞ്ഞു വിളയാടും-
പിണങ്ങളൊടു ഞാനൊരു കിനാവിലുമിണങ്ങാ!
( മനനാതീതം ശ്ലോകം 7 )
എന്നും
മിഴിമുനകൊണ്ടു മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാർ തൻ
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ!
( ശിവശതകം ശ്ലോകം 69)
എന്നും ശരീരകാമനകളെ ആട്ടിപ്പായിക്കാൻ ഈശ്വരസഹായം തേടുന്ന ഗുരുവിന്റെ ശിഷ്യൻ
ഒരു പടികൂടി കടന്നു കാമിനീഗർഹണം പോലൊന്ന് എഴുതിയില്ലെങ്കിലാണ് അതിശയം.
മണ്ണപ്പുമാരുതമിവറ്റിൽ മുളച്ചെഴുന്ന-
പിണ്ഡത്തിലും പെരുമയെന്തു നമുക്കു പാർത്താൽ
കണ്ണേറുകൊണ്ടു കലുഷക്കടലിൽക്കമഴ്ത്തും
പെണ്ണുങ്ങളും പുഴുവു തിന്നു പൊലിഞ്ഞുപോകും.
( കാമിനീഗർഹണം ശ്ലോകം 1)
‘ കണ്ണേ മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ ‘എന്ന് വെറുമൊരു കാഴ്ചക്കാരന്റെ എമ്പതി യായും ‘ഉല്പന്നമായതു നശിക്കും അണുക്കൾ നിൽക്കും ‘എന്നൊക്കെ ദാര്‍ശനികന്റെ തത്വചിന്തയായും ഈയൊരു വൈരാഗ്യം തന്നെയാണ് ഒട്ടും മറയില്ലാതെ സ്തോത്രകവിതകളിലും ഒട്ടു പ്രച്ഛന്നമായി വീണപൂവിലും തുടർന്നുള്ള പല കവിതകളിലും നമുക്ക് കാണാൻ കഴിയുക
പൂഞ്ചേല കൊണ്ടു പുതുമേനി പുതച്ചു പാരം
കൊഞ്ചിക്കുഴഞ്ഞു കുഴൽ കെട്ടി വരുന്ന പെണ്ണും
പഞ്ചത്വമായ് പെരിയ പേക്കഴുവിൻ മുഴുത്ത
ചഞ്ചുപുടത്തിനിരയായിചമയുന്നു കണ്ടോ?
വിഭവത്തിൻ ചലത്വം, രതിസമാനരൂപത്തിൻ രിക്തത എന്നീ പ്രയോഗങ്ങളിലൂടെ ജീവിതത്തിന്റെ ക്ഷണികയും നശ്വരതയും ഏറ്റവും നന്നായി വെളിവാക്കാനായിരിക്കണം കരുണയുടെ രണ്ടാം ഖണ്ഡത്തിൽ ഇത്രായധികം വരികളിൽ ഒരു ശ്മാശാന വർണ്ണന ആശാൻ നടത്തുന്നത്
ചികഞ്ഞെടുത്തെന്തോ ചില ദിക്കിൽനിന്നു ശാപ്പിടുന്നു
പകലെന്നോർക്കാതെ കൂറ്റൻ കുറുനരികൾ.
കുറിയോരങ്കുശംപോലെ കൂർത്തുവളഞ്ഞുള്ള കൊക്കു
നിറയെക്കൊത്തിവലിച്ചും നഖമൂന്നിയും,
ഇരയെടുക്കുന്നു പെരുംകഴുകുകൾ ചില ദിക്കിൽ
പരിഭ്രമിയാതിരുന്നു ഭയങ്കരങ്ങൾ
കാമിനീഗർഹനത്തിലെ രണ്ടാംശ്ലോകത്തിലെ പേക്കഴുക്ക്കളെ ആശാൻ ഇങ്ങനെ കവിതയിൽ വീണ്ടും കൊണ്ടുവരുന്നു.
എന്തുകൊണ്ട് പൂവിനെ പ്രതീകവത്കരിച്ചതു എന്ന ചോദ്യത്തിന്റെ ഉത്തരം എനിക്ക് ലഭിച്ചത് ആശാന്റെ ഈ മട്ടിലുള്ള സ്തോത്ര കൃതികളിൽ നിന്ന് തന്നെയാണ്.
അണകവിയുന്നഴലാഴിയാഴുമെന്നിൽ
പ്രണയമുദിച്ചു കഴിഞ്ഞു പാരവശ്യാൽ
അണികരമേകിയണഞ്ഞിടുന്ന നാരാ-
യണഗുരുനായകനെന്റെ ദൈവമല്ലോ
എന്ന് ശ്രീനാരായണൻ തന്റെ ദൈവവുമാണെന്ന് നിശ്ശങ്കം പ്രസ്താവിക്കുന്ന കവിതയെഴുതുന്ന സ്വാമിഭക്തനായ ശിഷ്യന് അദ്ദേഹം കൊടുത്ത ഒരു നിർദ്ദേശത്തെക്കുറിച്ചു വായിച്ചു കേട്ടിട്ടുണ്ട്. അത് ശൃംഗാരശ്ലോകങ്ങൾ എഴുതരുത് എന്നായിരുന്നത്രേ . തുടക്കത്തിൽ ഉദ്ധരിച്ച പൂക്കാലം എന്ന കവിതയുടെ അവസാനം ആശാൻ പറയുന്നതിനെ ചേർത്തു വെച്ച് ഒന്ന് ചിന്തിക്കുക.
ചിന്തിച്ചിളങ്കാറ്റുതൻ നിസ്വനത്താ-
ലെന്തോന്നുരയ്ക്കുന്നു നീ?—ഞാനറിഞ്ഞു,
“എന്താതനാം ദേവനോതുന്നതേ ഞാ-
നെന്താകിലും ചെയ്യു”വെന്നല്ലയല്ലീ?
ആ വരികൾക്ക് കുറേക്കൂടി സൂക്ഷ്മതലത്തിൽ കുറേക്കൂടി ഇഴപിരിച്ചുള്ള വായന കൂടി ആവശ്യമാണ് എന്ന് തോന്നുന്നു.പൂക്കാലമാണ് .സന്തോഷമേറുന്ന കാലം . സ്വർഗത്തിൽ നിന്നും ഈശ്വരൻ അതിനെ അയക്കുന്നതുതന്നെ ഭൂമിയിൽ സന്തോഷം ഉണ്ടാക്കാനാണ് . പൂക്കൾ പൂക്കാലം വസന്തം ഒക്കെ പ്രണയപ്രതീകങ്ങളാണ് കാമത്തിന്റെയും ശൃംഗാരത്തിന്റെയും ബിംബങ്ങളാണ് ഒപ്പം തന്നെ പൂക്കൾ ഭാരതീയയോഗവിചാരധാരയിൽ മറ്റുചിലതിന്റെ കൂടി പ്രതീകങ്ങളാണ്. മൂലാധാരം ,സ്വാധിഷ്ഠാനം സഹസ്രാരപദ്‌മം തുടങ്ങിയ വിവിധ ആധാരസ്ഥാനങ്ങളെ പൂക്കളയാണ് രൂപകം ചെയ്തിരിക്കുന്നത്
സൂനവാടിയിലെഴുന്ന തെന്നലേ!
പീനമാ മയിലിലേറുമോമലേ!
മാനമറ്റ മലമായ ചെയ്യുമീ
ദീനമെന്നു തുലയുന്നു ദൈവമേ! (8)
വാനലർക്കൊടി കുലച്ച കോരകം
തേനൊലിച്ചു വിരിയുന്ന വേളയിൽ
സ്വാനമിട്ടളി മുഴക്കി മൗനമായ്
ഞാനിരിപ്പതിനിയെന്നു ദൈവമേ( ഭക്ത വിലാപം 9 )
സുബ്രഹ്മണ്യ ശതകത്തിലും ഈ വരികൾ ഉണ്ട് . മനുഷ്യന്റെ ആത്മീയ ശരീരം തന്നെയാണ് ഇവിടെ പുഷ്പവാടി .
ആശാൻ കവിതയിൽ പൂക്കൾ അങ്ങനെ രണ്ടു തലങ്ങളിൽ പ്രതീകങ്ങൾ എന്ന നിലയിൽ സ്വീകാര്യമാവുന്നു. കവിതകളിലെ രൂപകങ്ങൾ ,കർതൃത്വം കവി കവിയായിത്തന്നെ ഇടപെടുന്ന സന്ദർഭങ്ങൾ , നായകന്മാരുടെ ഭാഷ എന്നിവടത്തിലെല്ലാം ചിന്നസ്വാമി എന്ന നാരായണഗുരുശിഷ്യൻ കൂടുവിട്ടുകൂടുമാറുകയായിരുന്നോ എന്ന തോന്നൽ സ്വാഭാവികമായിത്തന്നെ ഉണ്ടാക്കുന്നവയാണ് ഏകദേശം എല്ലാ കവിതകളും.. എന്താതനോതുന്നതേ ഞാൻ എന്താകിലും ചെയ്യൂ എന്ന് അവനവനെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഒരു വസന്തം . ദുരവസ്ഥയിലെ ചാത്തന്റെ പെരുമാറ്റത്തിൽ പോലും അതുണ്ട്. സത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും സാഹോദര്യത്തിന്റേയും പുഷ്പവാടീപാലകരെ മാനുഷിക മൂല്യങ്ങളെക്കുറിച്ച് നിരന്തരം ഉദ്ബോധിപ്പിക്കുന്ന സ്വയം ഉദ്യാനപാലകൻ തന്നെയാവുന്ന കവി കർതൃത്വമാണത്.
മലയാളകവിതാവാടികയുടെ കർത്തവ്യബോധമുള്ള ഉദ്യാനപാലകനായി അദ്ദേഹം ഇപ്പോഴും നമ്മുടെയൊക്കെ മനസ്സിൽ ജീവിക്കുന്നണ്ട്. മലയാളം ഉള്ളവരെയും വിടർന്നുപരിമളം നിൽക്കുന്ന ആദ്ദേഹത്തിന്റെ കാവ്യ തല്ലജങ്ങളും.
കുറിപ്പുകൾ
*മൊട്ടൊന്നിപ്പോൾ വിടർന്നപോൽ മുകുരമൊ
ന്നിപ്പോൾ തുടച്ചെന്നപോൽ,
ചട്ടറ്റോരു ശരൽഘനം വിഗതമായ്
ചന്ദ്രൻ തെളിഞ്ഞെന്നപോൽ,
പെട്ടെന്നിന്നൊരു പാവതന്നിലധുനാ
ചൈതന്യമർപ്പിച്ചപോൽ,
മട്ടാർ വാണി വിളങ്ങിടുന്ന ഹഹ
രാഗം തന്നെ രൂപാസ്പദം!
( വിചിത്രവിജയം. )