കൂടല്‍മാണിക്യത്തിലെ കഴകവിവാദം: തന്ത്രിമണ്ഡലം പറയുന്നത്നേരോ നുണയോ?

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവ സമുദായത്തില്‍പ്പെട്ട മാല കഴകക്കാരന് ജാതി അയിത്തം കല്പിച്ച് മാറ്റിനിര്‍ത്തിയ സംഭവത്തില്‍ വിശദീകരണവുമായി തന്ത്രിമണ്ഡലം നേരിട്ടു രംഗത്തെത്തിയിട്ടുണ്ട്. ‘തന്ത്രിമാര്‍ക്കും ചിലത് പറയാനുണ്ട്’ എന്ന തലക്കെട്ടില്‍ ‘കേരള കൗമുദി’യില്‍ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പ് തെളിയിക്കുന്നത് ആപത്ധര്‍മ്മം എന്ന നിലയില്‍ അസത്യം പറയാനും പ്രചരിപ്പിക്കാനും തന്ത്രിമാര്‍ സംഘടിതമായി തീരുമാനിച്ചിരിക്കുന്നു എന്ന വസ്തുത മാത്രമാണ്.ഓരോ ജാതി വിഭാഗങ്ങളും അവരവരുടെ ജാതി ധര്‍മ്മമനുസരിച്ചുള്ള പ്രവര്‍ത്തികളിലാണ് ഏര്‍പ്പെടേണ്ടത്, മാലക്കഴകം വാര്യരോ പിഷാരടിയോ നമ്പീശനോ ചെയ്യണം. ഈഴവരോ ദളിതരോ ചെയ്യരുത് എന്നു തന്നെയാണ് ഈ വളച്ചുകെട്ടിപറയുന്നതിന്റെ താല്പര്യം. അതിനുളള ഒരു മറ മാത്രമാണ് കാരാണ്മ അവകാശവും പാരമ്പര്യവുമെല്ലാം. അതുകൊണ്ടാണ് നാലുപതിറ്റാണ്ടുകാലം കാരാണ്മാവകാശമില്ലാത്ത അമ്പലവാസി സമുദായജാതര്‍ മാല കെട്ടിയപ്പോള്‍ ആചാര ലംഘനമായി തന്ത്രിമാര്‍ക്ക് തോന്നാതിരുന്നതും ഈഴവന്‍ മാല കെട്ടിയപ്പോള്‍ ആ ചാര ലംഘനമായി തോന്നിയതും.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവ സമുദായത്തില്‍പ്പെട്ട മാല കഴകക്കാരന് ജാതി അയിത്തം കല്പിച്ച് മാറ്റിനിര്‍ത്തിയ സംഭവത്തില്‍ വിശദീകരണവുമായി തന്ത്രിമണ്ഡലം നേരിട്ടു രംഗത്തെത്തിയിട്ടുണ്ട്. ‘തന്ത്രിമാര്‍ക്കും ചിലത് പറയാനുണ്ട്’ എന്ന തലക്കെട്ടില്‍ കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പ് തെളിയിക്കുന്നത് ആപത്ധര്‍മ്മം എന്ന നിലയില്‍ അസത്യം പറയാനും പ്രചരിപ്പിക്കാനും തന്ത്രിമാര്‍ സംഘടിതമായി തീരുമാനിച്ചിരിക്കുന്നു എന്ന വസ്തുത മാത്രമാണ്. ‘നൂറ്റാണ്ടുകളായി കാരായ്മയായി ചില കുടുംബങ്ങളില്‍ നിക്ഷിപ്തമായിരുന്ന മാലക്കഴകം തസ്തികയിലേക്ക് പുതിയ ഒരാളെ നിയമിച്ചത് ചട്ടവിരുദ്ധമാണ് എന്ന നിലപാട് മാത്രമാണ് തന്ത്രിമാര്‍ അവിടെ സ്വീകരിച്ചിട്ടുള്ളത്. അതിനപ്പുറമുള്ള ജാത്യാരോപണങ്ങള്‍ നിറം പിടിപ്പിച്ച ഏച്ചുകൂട്ടലുകള്‍ മാത്രമാണ്’ എന്ന് തന്ത്രി മണ്ഡലം ഭാരവാഹി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാടിന്റെലേഖനത്തില്‍ അവകാശപ്പെടുന്നു. സമാനമായ വാദഗതികളുമായി ക്ഷേത്രം തന്ത്രിയും യോഗക്ഷേമ സഭയും മുന്‍പേ രംഗത്തുണ്ട്.

കൂടല്‍ മാണിക്യം ദേവസ്വം ബോര്‍ഡിലെ തന്ത്രി പ്രതിനിധിയായ നെടുമ്പുള്ളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട് പറയുന്നത് ‘ക്ഷേത്രത്തില്‍ നിയമാനുസൃതം നിലനില്‍ക്കുന്ന കാരായ്മ വ്യവസ്ഥയെ ലംഘിച്ചുകൊണ്ടും അഞ്ചു വര്‍ഷമായി കഴക പ്രവര്‍ത്തി ചെയ്തിരുന്ന ആളെ നോട്ടീസ് കാലാവധി പോലും നല്‍കാതെ പിരിച്ചു വിട്ടുകൊണ്ടുമുള്ള കൂടല്‍ മാണിക്യം ക്ഷേത്രം ഭരണസമിതിയുടെ കുത്സിതനീക്കത്തെയാണ് ക്ഷേത്രം തന്ത്രിമാരും ഭക്തജനങ്ങളും എതിര്‍ത്തത്’ എന്നാണ് ‘ഈഴവ വിഭാഗത്തില്‍പ്പെട്ടയാളെ കഴകത്തിനു നിയോഗിച്ചതല്ല, മറിച്ച് കാരാണ്മഅവകാശമുള്ളവരെ നിയമവിരുദ്ധമായി നീക്കിയതാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിലെ യഥാര്‍ത്ഥ പ്രശ്‌നം’ എന്ന് യോഗക്ഷേമ സഭ അഭിപ്രായപ്പെടുന്നു
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ മാലകഴകത്തിന്റെ കാരാണ്മ അവകാശം തെക്കേ കൃഷ്ണപ്പിഷാരം, അറയ്ക്കല്‍ പിഷാരം, തെക്കേവാര്യം എന്നീ മൂന്ന് കുടുംബങ്ങള്‍ക്കായിരുന്നു. ഇതിലെ പിഷാരടി കുടുംബങ്ങള്‍ നാലു പതിറ്റാണ്ടു മുമ്പുതന്നെ കാരാണ്മ ഉപേക്ഷിക്കുകയും 1984 മുതല്‍ ഇവര്‍ ചെയ്തിരുന്ന മാലക്കഴകം പൊതു തസ്തികയായി മാറുകയും ചെയ്തു. 1984 ഏപ്രില്‍ 21ന് ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ വേളൂക്കരപ്പട്ടത്ത് രാമന്‍ നമ്പ്യാര്‍ മകന്‍ രാമചന്ദ്രന്‍ എന്നയാളെ താല്ക്കാലികമായി നിയമിച്ചു 1995 ല്‍ അദ്ദേഹത്തിന് സ്ഥിര നിയമനവും നല്‍കി. 2020ല്‍ രാമചന്ദ്രന്‍ വിരമിച്ചപ്പോള്‍ ഉണ്ടായ ഒഴിവിലേക്കാണ് ഇപ്പോള്‍ ബാലുവിനെ നിയമിച്ചിരിക്കുന്നത്. വസ്തുത ഇതായിരിക്കെയാണ് നൂറ്റാണ്ടുകളായി കാരാണ്മയായി ചില കുടുംബങ്ങളില്‍ നിക്ഷിപ്തമായിരുന്ന മാലക്കഴകം തസ്തികയിലേക്ക് പുതിയ ഒരാളെ നിയമിച്ചതാണ് കൂടല്‍മാണിക്യത്തിലെ പ്രശ്‌നമെന്ന തെറ്റായ പ്രചരണവുമായി തന്ത്രി മണ്ഡലം തന്നെ കളത്തിലിറങ്ങിയിരിക്കുന്നത് .

കാരാണ്മാ കുടുംബത്തെ ഒഴിവാക്കി എന്ന വാദവും കളവാണ് . 1984 മുതല്‍ തെക്കേ വാര്യം കുടുംബത്തിന്റെ കാരാണ്മ മാത്രമേ അവിടെ നിലനില്‍ക്കുന്നുള്ളൂ. അതു തന്നെ കൃത്യമായി നിര്‍വഹിക്കപ്പെട്ടിരുന്നില്ല എന്നും പറയപ്പെടുന്നുണ്ട്. 12/12/2003 ല്‍ കേവലം മകരം ,ഇടവം എന്നീ രണ്ടു മാസങ്ങളിലെ കാരാണ്മ മാത്രമുള്ള തെക്കേവാര്യം കുടുംബാംഗങ്ങളായ കാവുക്കുട്ടിവാരസ്യാര്‍, മാധവവാരിയര്‍, ലക്ഷ്മിക്കുട്ടി വാരസ്യാര്‍ എന്നിവര്‍ വാര്‍ദ്ധക്യ സഹജമായ കാരണങ്ങളാല്‍ തങ്ങളെ കഴകത്തില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് അപേക്ഷയും സമര്‍പ്പിച്ചിരുന്നു. അതിനു ശേഷം തെക്കേ വാര്യം കുടുംബാംഗമെന്ന നിലയില്‍ ലക്ഷ്മിക്കുട്ടിവാരസ്യാരുടെ മകന്‍ ടി വി ഹരികൃഷ്ണന്‍ തങ്ങള്‍ക്ക് മുന്‍പ് ഉത്തരവാദിത്തമുണ്ടായിരുന്ന മാസങ്ങളിലെ കാരാണ്മാ ജോലി ചെയ്യാന്‍ തയ്യാറാണെന്നു സൂചിപ്പിച്ച് ദേവസ്വത്തിന് അപേക്ഷ സമര്‍പ്പിക്കുകയും 2005 ല്‍ അപേക്ഷ ദേവസ്വം അംഗീകരിക്കുകയുമുണ്ടായി. ഹരികൃഷ്ണന്റെ കാരാണ്മാവകാശം ദേവസ്വം ബോര്‍ഡ് റദ്ദാക്കുകയോ അദ്ദേഹത്തെ ഒഴിവാക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും കാരാണ്മാ കുടുംബത്തെ മാറ്റി എന്ന നുണപ്രചരണവുമായി തന്ത്രിമാര്‍ മുന്നോട്ടു പോകുന്നത് പരിഹാസ്യമാണ്.

തെക്കേ വാര്യം കുടുംബത്തിന് തിരിച്ചു നല്‍കിയ രണ്ടു മാസം ഒഴിവാക്കി ബാക്കി ‘പത്ത് മാസം കഴകവും രണ്ടു മാസം ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന ഇതര ജോലിയും’ എന്ന് കൃത്യമായി വിശദീകരിച്ചു കൊണ്ടാണ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് 17 / 2023 എന്ന കാറ്റഗറി നമ്പറിലുള്ള വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിട്ടുള്ളത്. ഇതില്‍ നിന്നുതന്നെ കാരാണ്മാ അവകാശികളെ പിരിച്ചുവിട്ട് ബാലുവിനെ നിയമിച്ചു എന്ന വാദം തീര്‍ത്തും തെറ്റാണെന്നു തെളിയുന്നു. ബാലു നിയമിതനായപ്പോള്‍ ആ തസ്തികയില്‍ താല്ക്കാലികമായി ജോലി ചെയ്തിരുന്ന കാരാണ്മ അവകാശിയല്ലാത്ത കെ വി രഞ്ജിത്തിനെ വിടുതല്‍ ചെയ്തു. സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്ന് ദേവസ്വം ഉത്തരവില്‍ നിന്നും വ്യക്തമാണ്. ഈ വസ്തുതകള്‍ തമസ്‌കരിച്ചാണ് കാരാണ്മ അവകാശിയെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടു എന്ന തരത്തില്‍ ഹിന്ദുത്വപക്ഷക്കാര്‍ ബഹളം വയ്ക്കുന്നത്.രണ്ടു മാസത്തെ കാരാണ്മയുള്ള തെക്കേ വാര്യം കുടുംബാംഗത്തെ ദേവസ്വം പിരിച്ചുവിട്ടിട്ടില്ല, വിടുതല്‍ ചെയ്ത കെ. വി രഞ്ജിത്തിന് കാരാണ്മ അവകാശവുമില്ല. ഇതാണ് വസ്തുത. സ്ഥിരം തസ്തികയില്‍ ജോലി ലഭിക്കുന്നവര്‍ നിയമന ഉത്തരവുമായി വരുമ്പോള്‍ താല്ക്കാലികമായി ആ തസ്തികയില്‍ പ്രവര്‍ത്തിക്കുന്നവരെ വിടുതല്‍ ചെയ്യുന്നത് സ്വഭാവിക നടപടി മാത്രമാണെന്നും അതിന് മുന്‍കൂര്‍ നോട്ടീസ് നല്‍കുന്ന പതിവില്ല എന്ന കാര്യവും തന്ത്രിക്ക് അറിയാത്തതാണ് എന്ന് കരുതാന്‍ ന്യായമില്ല.

2023 ല്‍ ഈ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ആദ്യറാങ്ക് ലിസ്റ്റില്‍ പതിനഞ്ചാം റാങ്കുകാരനായി ഉള്‍പ്പെടുയും ചെയ്ത വ്യകതിയാണ് വിടുതല്‍ ലഭിച്ച രഞ്ജിത്ത്. കഴകം തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു എന്ന കാര്യവും തന്ത്രി മിണ്ടുന്നേയില്ല. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ നൂറില്‍ 45.72 മാര്‍ക്ക് നേടിയാണ് ബാലു ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് പ്രകാരം ഒന്നാം റാങ്കിലെത്തിയത്. ഇവിടെ അഞ്ചാം സ്ഥാനത്താണ് രഞ്ജിത്ത് നില്‍ക്കുന്നത്. അദ്ദേഹത്തിനു ലഭിച്ചത് 28.14 മാര്‍ക്കാണ്. ഈഴവന് ലഭിച്ച 46മാര്‍ക്കിനേക്കാള്‍ വലുതാണ് വാര്യര്‍ സമുദായക്കാരന് ലഭിച്ച 28 മാര്‍ക്ക് എന്ന തോന്നല്‍ തന്ത്രിമാര്‍ക്കുണ്ടെങ്കില്‍ അവരത് തിരുത്തിയേ മതിയാകൂ. ഇപ്പോള്‍ നാം ജീവിക്കുന്നത് സ്വതന്ത്ര ഇന്ത്യയിലാണ് അല്ലാതെ സവര്‍ണ ഹിന്ദുരാജ്യങ്ങളായിരുന്നപഴയ തിരുവിതാംകൂറിലോ കൊച്ചിയിലോ അല്ല. ഇവിടെ നിങ്ങളുടെ ജന്മ മഹത്വത്തിന്റെ പേരില്‍ റാങ്കില്‍ മാറ്റം വരുത്താന്‍ സാധ്യവുമല്ല.

തന്ത്രിമാരുടെ മനസ്സിലെ
‘ഹിന്ദുഐക്യം’

തന്ത്രിമണ്ഡലം ഭാരവാഹിയുടെ ലേഖനത്തിലെ ഏറ്റവും കൗതുകരമായ കാര്യം അദ്ദേഹം ഹിന്ദു മതത്തെക്കുറിച്ച് നടത്തിയ നിരീക്ഷണവും അതിനു നല്‍കിയ നിര്‍വചനവുമാണ്.’ഹിന്ദുക്കളിലെ മുഴുവന്‍ ജാതിവിഭാഗങ്ങളും തികച്ചും വ്യത്യസ്തമായ ആചാരക്രമങ്ങള്‍ പാലിക്കുന്നവരും വ്യത്യസ്തമായ ആഹാര്യവും ആന്തരികമായ സാംസ്‌കാരിക ഘടനയുമുള്ളവരാണ്. ഒരര്‍ത്ഥത്തില്‍ ജാതികള്‍ ഓരോന്നും വ്യത്യസ്തമായ മതസംഘങ്ങള്‍ തന്നെ. നിരവധിയായ മതങ്ങളുടെ കണ്‍സോര്‍ഷ്യത്തിന്റെ പേരാണ് ഹിന്ദുമതം അഥവാ സനാതന ധര്‍മ്മം’ എന്ന് തന്ത്രി മണ്ഡലം പറയുന്നു.

ഹിന്ദുമതത്തിലെ ഓരോ ജാതി വിഭാഗങ്ങളും വ്യത്യസ്ത മതവിഭാഗക്കാരെപ്പോലെ ഭിന്നരാണ്, അതുകൊണ്ടുതന്നെ ഒരു ജാതിക്കാര്‍ ചെയ്യേണ്ട കര്‍മ്മം അവര്‍ക്കു പകരം മറ്റൊരു വിഭാഗക്കാര്‍ ചെയ്താല്‍ ശരിയാവുന്നതെങ്ങനെയെന്ന ചോദ്യമാണ് തന്ത്രി സമാജം ഉയര്‍ത്തുന്നത്.ക്ഷേത്രങ്ങളില്‍ ഓരോ ജാതി വിഭാഗങ്ങളും അവരവരുടെ ജാതി ധര്‍മ്മമനുസരിച്ചുള്ള പ്രവര്‍ത്തികളിലാണ് ഏര്‍പ്പെടേണ്ടത്, മാലക്കഴകം വാര്യരോ പിഷാരടിയോ നമ്പീശനോ ചെയ്യണം. ഈഴവരോ ദളിതരോ ചെയ്യരുത് എന്നു തന്നെയാണ് ഈ വളച്ചുകെട്ടിപറയുന്നതിന്റെ താല്പര്യം. അതിനുളള ഒരു മറ മാത്രമാണ് കാരാണ്മ അവകാശവും പാരമ്പര്യവുമെല്ലാം. അതുകൊണ്ടാണ് നാലുപതിറ്റാണ്ടുകാലം കാരാണ്മാവകാശമില്ലാത്ത അമ്പലവാസി സമുദായജാതര്‍ മാല കെട്ടിയപ്പോള്‍ ആചാര ലംഘനമായി തന്ത്രിമാര്‍ക്ക് തോന്നാതിരുന്നതും ഈഴവന്‍ മാല കെട്ടിയപ്പോള്‍ ആ ചാര ലംഘനമായി തോന്നിയതും. ബ്രാഹ്മണകുലജാതര്‍ മാത്രം പൂജ ചെയ്യണമെന്നും അമ്പലവാസികള്‍ മാത്രം കഴകം ചെയ്യണം എന്നും പറയുന്നതിന്റെ മറുപുറം ദളിതരും ഈഴവരും ധീവരരും വിശ്വകര്‍മ്മജരും മറ്റനേകം സമുദായങ്ങളുമെല്ലാം അവരവര്‍ക്ക് ബ്രാഹമണ്യം കല്പിച്ചുതന്നിട്ടുള്ള കര്‍മ്മങ്ങള്‍ മാത്രം ചെയ്തു ജീവിക്കണം എന്നാണ്. ഇങ്ങനെയുള്ള ലോകക്രമമാണ് തന്ത്രിമാര്‍ വിഭാവനം ചെയ്യുന്ന സനാതന ധര്‍മ്മവും ഹിന്ദുമതവും.
1932 നവംബര്‍ 25 നാണ് തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ക്ഷേത്ര പ്രവേശന അന്വേഷണ കമ്മിറ്റി (The Temple Entry Enquiry Committee) യെ നിയമിച്ചത്. അവര്‍ണ്ണരുടെ ക്ഷേത്ര പ്രവേശന വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ചുമതലപ്പെടുത്തപ്പെട്ട ഈ കമ്മറ്റിയില്‍ കൂടല്‍മാണിക്യം ക്ഷേത്രം തന്ത്രിമാരായ തരണനെല്ലൂര്‍ മനക്കാരുടെ പ്രതിനിധിയും ഉണ്ടായിരുന്നു.പട്ടാമ്പി സംസ്‌കൃത കോളേജിന്റെ പ്രിന്‍സിപ്പലും പ്രമുഖ സംസ്‌കൃത പണ്ഡിതനുമായ പുന്നശ്ശേരി നീലകണ്ഠശര്‍മ്മയാണ് അന്ന് തരണനെല്ലൂര്‍ നിയോഗിച്ച പ്രതിനിധിയായി കമ്മറ്റി അംഗമായത്.
അവര്‍ണ്ണര്‍ക്ക് ക്ഷേത്ര പ്രവേശനത്തിന് അവകാശമില്ലായെന്ന് വാദിച്ചു കൊണ്ട് പന്ത്രണ്ടധ്യായങ്ങളുള്ള ഒരു വിയോജനക്കുറിപ്പാണ് അദ്ദേഹം സമര്‍പ്പിച്ചത്. ഹിന്ദുമതത്തിലെ വിവിധ ‘പ്രാമാണിക ഗ്രന്ഥങ്ങളില്‍’ നിന്നും ഉദ്ധരണികള്‍ എടുത്തുകാണിച്ചു കൊണ്ട് അവര്‍ണരുടെ ക്ഷേത്ര പ്രവേശനം തടയാന്‍ ശ്രമിക്കുന്ന പുന്നശ്ശേരിയെ അവിടെ കാണാം. സംസ്‌കൃത ശ്ലോകങ്ങള്‍ പ്രമാണങ്ങളായി ഉദ്ധരിച്ചശേഷംബൗദ്ധര്‍ മുതലായ അന്യമതക്കാര്‍, പുലയര്‍ മുതലായ തീണ്ടലുകാര്‍, ഇവര്‍ ക്ഷേത്രമതില്‍ക്കകത്തു പ്രവേശിച്ചാല്‍ ക്ഷേത്രത്തിന് അശുദ്ധി തട്ടുമെന്നും ആശാരി മുതലായവര്‍ പുറത്തു ബലിവട്ടത്തിനുള്ളിലും രജകന്‍, ക്ഷുരകന്‍ ,ചാലിയന്‍ തുടങ്ങിയവര്‍ വിളക്കുമാടത്തിനുള്ളിലും പതിതന്‍ന്മാര്‍ ,ആശൗചികള്‍ ,പാഷണ്ഡികള്‍ ,ശവദാഹകന്മാര്‍ മുതലായവരും ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ള മറ്റാളുകളും പഞ്ചപ്രാസാദങ്ങളിലും പ്രവേശിക്കാന്‍ പാടുളളതല്ല എന്നദ്ദേഹം വിശദീകരിക്കുന്നുണ്ട്.

‘അവര്‍ണര്‍ സവര്‍ണ ക്ഷേത്രങ്ങളില്‍ വന്നു ക്ഷേത്രവും സ്തൂപികയും മാത്രം ദര്‍ശനം ചെയ്തു വഴിപാടുകളും പ്രാര്‍ത്ഥനകളും നടത്തിക്കൊള്ളണം’ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അവര്‍ണ്ണര്‍ മതില്‍ കെട്ടിനു പുറത്തു നിന്ന് ക്ഷേത്രവും കൊടിമരവും കണ്ട് പുറത്തു നിന്ന് വഴിപാടു സമര്‍പ്പിച്ച് മടങ്ങിക്കൊള്ളണം എന്നു പ്രഖ്യാപിക്കാന്‍ യാതൊരു മടിയും അന്ന് തന്ത്രി പ്രതിനിധിക്കുണ്ടായിരുന്നില്ല. ബ്രാഹ്മണ്യം ഓരോരുത്തര്‍ക്കും കല്പിച്ചു നല്‍കിയിട്ടുള്ള കുലധര്‍മ്മം ചെയ്തു ജീവിക്കാനുള്ള അവകാശം മാത്രമേ ഹിന്ദു മതത്തിലെ ഓരോ ജാതിക്കാര്‍ക്കുമുള്ളൂ എന്ന ബ്രാഹ്മണ്യത്തിന്റെ പ്രഖ്യാപനമാണ് തന്ത്രി മണ്ഡലത്തിന്റെ ലേഖനത്തില്‍ മുഴച്ചു നില്ക്കുന്നത്. അങ്ങനെയൊരു കാലം മടങ്ങിവരുമെന്ന് തന്ത്രിമാര്‍ ഇനിയും സ്വപ്‌നം കാണരുത്. നിങ്ങളുടെ ബ്രാഹ്മണരാജ്യം 1888 ലെ ശിവരാത്രി ദിവസം ശ്രീനാരായണഗുരു നടത്തിയ ശിവ പ്രതിഷ്ഠയോടെ അവസാനിച്ചതാണ്. അന്നുമുതല്‍ കേരളത്തില്‍ ദൈവം ബ്രാഹ്മണന്റെ കുത്തകയല്ല.ഇക്കാര്യം തന്ത്രിമാര്‍ ഉള്‍ക്കൊള്ളാത്തിടത്തോളം കാലം കൂടല്‍മാണിക്യം പോലുള്ള വിവാദങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.

Author

Scroll to top
Close
Browse Categories