ഗുരുവിന്റെ തീര്‍ത്ഥാടന സങ്കല്‍പ്പം

അവനവനെ അറിയാതിരിക്കുന്നതാണ് ആദ്ധ്യാത്മ ദൃഷ്ടിയില്‍ ഇരുട്ട്. ഈ ഇരുട്ടിനെ യഥാര്‍ത്ഥജ്ഞാനം കൊണ്ട് ഇല്ലാതാക്കുന്നവനാണ് ഗുരു. അകത്തെ വിളക്കാണ് തെളിയേണ്ടത്, തെളിക്കേണ്ടത്. വിഭാഗീയതയുടെ എല്ലാ മതിലുകളും പൊളിച്ചുകളഞ്ഞ് സ്വാതന്ത്ര്യത്തിന്റെ തിരി തെളിക്കണം. ബുദ്ധിയുടെ തെളിച്ചമോ സാങ്കേതിക ഭാഷാപരിജ്ഞാനമോ അല്ല തീര്‍ത്ഥാടനത്തിന്റെ പരമപ്രാധാനമായലക്ഷ്യം അകത്തെ വിളക്ക് തെളിക്കലാണ്. അതിനുള്ള വേദിയൊരുക്കലാണ് ശിവഗിരി തീര്‍ത്ഥാടനം.

കാര്യഗൗരവം ഏതുമില്ലാതെ വെറും ഉപരിപ്ലവ പ്രവര്‍ത്തനത്തില്‍ മാത്രം മുഴുകി നില്‍ക്കുന്ന മലയാളി തങ്ങള്‍ ലോക പുരോഗതിയ്‌ക്കൊപ്പമാണെന്ന് പുറംപൂച്ച് പറഞ്ഞ് മേനി നടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. വിദ്യാഭ്യാസവും പുരോഗമനവും നവോത്ഥാനവും ആധുനിക രീതിയില്‍ ചിന്തിച്ചും നടപ്പിലാക്കിയും ഭരിച്ചും ഭരിപ്പിച്ചും ഒക്കെ വിപ്ലവ വീരസ്യം പറയുമ്പോഴും തരം കിട്ടിയാല്‍ ജാതിഭേദവും മതദ്വേഷവും പട്ടാപ്പകല്‍ ചെരുവഴിയില്‍ നഗ്‌ന താണ്ഡവമാടുന്നു.
വിവേകാനന്ദന്റെ ഈ ഭ്രാന്താലയത്തെ ചികിത്സിച്ച് ഭേദമാക്കിയ മഹാഭിഷ്വഗ്വരനായ സാക്ഷാല്‍ ശ്രീനാരായണ ഗുരു പോലും നവോത്ഥാന നായകനും വിപ്ലവകാരിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായപ്പോള്‍ ഗുരു ഉയര്‍ത്തിപ്പിടിച്ച ആദ്ധ്യാത്മികത വെറും അന്ധവിശ്വാസമോ പരിഷ്‌കാരികള്‍ക്ക് ചേരാത്ത ആത്മീയതയോ ആയിപ്പോയി. ഇങ്ങനെ മലയാളിയെക്കൊണ്ട് ചിന്തിപ്പിക്കുവാനും മാത്രം അവനവനില്‍ നിന്ന് അവനവനെ അകറ്റി നിര്‍ത്താന്‍ പ്രത്യയ ശാസ്ത്രവാദികള്‍ക്ക് കഴിഞ്ഞുവല്ലോ. ഇനിയും ഗുരു ഇവിടെ വന്നാല്‍ ആള്‍ ദൈവമോ ഹിന്ദുവോ വിപ്ലവകാരിയോ ഒക്കെ ആക്കി മാറ്റാനും മാത്രം വിവേകശൂന്യരായ കൂലി എഴുത്തുകാരും വിരളമല്ല. എല്ലാ മതത്തിലും നിലനില്‍ക്കുന്ന പുരു ഷാധിപത്യം എല്ലാ രാഷ്ട്രീയത്തിലും സംഘടനകളിലുമൊക്കെ പുതിയ വേഷത്തിലും ഭാവത്തിലും പ്രത്യക്ഷമായി ജാതിമത ഭേദമന്യേ സ്വാധീനിക്കുകയാണല്ലോ.
നൂറ് വര്‍ഷം മുമ്പ് സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ സമത്വവും സ്ത്രീ ശാക്തീകരണവും സ്ത്രീ സമ്മേളനങ്ങളും (ഇന്ന് ഇതിനെല്ലാം പേറ്റന്റ് എടുത്തവര്‍ വേറെയുണ്ട്) നടത്തിയ ഗുരുവിന് പുരുഷനില്‍ നിന്ന് സ്ത്രീയ്ക്ക് ജൈവീകമായി മാത്രമേ വ്യത്യാസമുള്ളൂ എന്ന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു. ഇന്ന് സ്ത്രീ വിവേചനത്തില്‍ വിശ്വസിക്കുന്നില്ല എന്ന് വീരവാദം മുഴക്കുമ്പോഴും സ്ത്രീ എങ്ങനെ ജീവിക്കണം എവിടെ പോകണം എപ്പോള്‍ പോകണം എന്ത് ചെയ്യണം എന്നൊക്കെ ഞങ്ങള്‍ മതജാതി രാഷ്ട്രീയ പുരുഷകേസരികള്‍ പറയും. അതങ്ങനുസരിച്ചാല്‍ മതി. ഏതാചാരാത്തേയും ഏത് ആശയത്തേയും പരിപാലിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സ്വയം ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യം കൂടി ഞങ്ങള്‍ തന്നില്ലേ. അണികളെ, വിശ്വാസികളെ പ്രത്യേകിച്ച് സ്ത്രീകളെ ചിന്താശക്തിയില്‍ നിന്നും അധികാരത്തില്‍ എത്തുന്നതില്‍ നിന്നും തടയാനാണ് മതരാഷ്ട്രീയ നേതൃസ്ഥാനത്തുള്ളവര്‍ എക്കാലത്തും പല വിദ്യകളും ഉപായങ്ങളും പയറ്റിയതും പയറ്റിക്കൊണ്ടിരിക്കുന്നതും. ഭഗവത് ഗീത പറയുന്നതുപോലെ ശൂദ്രനും സ്ത്രീയും പാപയോനികളായതുകൊണ്ട് എല്ലാ മതങ്ങളിലും മഹിളകള്‍ സ്വയം വീട്ടാചാരവും നാട്ടാചാരവും അവയവചേ്ഛദനം പോലുളള കൊടുംക്രൂരതകള്‍ പരിരക്ഷിക്കുന്നതില്‍ സ്വയം അഭിമാനത്തോടെ മുന്നില്‍ തന്നെ നില്‍ക്കുന്നു. അവരെക്കൊണ്ട് അത് ചെയ്യിപ്പിക്കുന്നതിലും അങ്ങനെ ചിന്തിപ്പിക്കുന്നതിലും പുരുഷ പൗരോഹിത്യ നേതൃത്വ നേതാക്കന്‍മാര്‍ വിജയിക്കുക തന്നെ ചെയ്യും. ഇതിനൊക്കെ ദൈവത്തിന്റെ അലംഘനീയമായ അനുമതി ഉണ്ടെന്ന് അവര്‍ എഴുതി വയ്ക്കുകയും ചെയ്തു.

തേച്ച് മിനുക്കിയാല്‍ തേജസ്സോടെ വെട്ടിത്തിളങ്ങുന്ന എത്ര സ്ത്രീരത്‌നങ്ങളും പുരുഷ കേസരികളും ഇവിടെ ക്ലാവ് പിടിച്ച് ശോഭ മങ്ങിപ്പോയി. ഒരു കാര്യം ഉറപ്പാണ് ഇംഗ്ലീഷ് വിദ്യാഭ്യാസവും, ബ്രിട്ടീഷ് ഭരണവും, ക്രിസ്തുമതവും, ഇസ്ലാം മതവും ഇവിടെയില്ലായിരുന്നെങ്കില്‍ ഒരു ഗുരുവിന് ഇവിടെ ജനിക്കാനാവില്ലായിരുന്നു. നമുക്ക് സംന്യാസം തന്നത് ഇംഗ്ലീഷ്‌കാരണല്ലോ എന്ന ഗുരുവചനം ഇവിടെ ഓര്‍ക്കുന്നത് നല്ലതാണ്.
ഗുരു ഇവിടെ വീണ്ടും വന്നാല്‍ അസ്വസ്ഥരാകുന്നവരെക്കുറിച്ച് ആലോചിച്ച് നോക്കു. ആരൊക്കെയായിരിക്കും. ഗുരുവിനെ അറിയുന്നു ആരാധിക്കുന്നു വിശ്വസിക്കുന്നു. എന്ന് പറയുന്നവര്‍ ലക്ഷക്കണക്കിനുണ്ട്. സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു അന്നും ഇന്നും ഗുരുഭക്തരില്‍ ഏറെയും ഗുരുവിനെ സമീപിച്ചത്. ആ വിളക്കില്‍ നിന്ന് തിരി കൊളുത്തിയവര്‍ ഇല്ലെന്നല്ല പറയുന്നത്. ഗുരുവിശ്വാസിയും അവിശ്വാസിയും ഒരേപോലെ ഊര്‍ജ്ജം എടുക്കുന്നത് ഗുരുവില്‍ നിന്നാണല്ലോ. എങ്ങനെയും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ഇക്കൂട്ടര്‍ക്കാവും. നിരീശ്വരവാദി എന്ന ബൗദ്ധിക അടിമയ്ക്ക് പോലും ഗുരു ഊര്‍ജ്ജ ദാതാവാകുന്നത് രസാവഹമാണ്.
ആത്മസുഖമാണ് മതമെന്ന് ആത്മാര്‍ത്ഥമായി അരുളിയ ഗുരു ഈശ്വരനല്ലാതെ മറ്റൊന്നും സത്യമല്ലെന്ന് പറഞ്ഞഗുരു. ജാതിമത മനുഷ്യഭേദങ്ങള്‍ അദ്വൈതത്തിന് എതിരായതുകൊണ്ട് എതിര്‍ത്ത ഗുരു, ദൈവദശകവും ആത്മോപദേശ ശതകവും എഴുതിയ ആസ്തികനായ ഗുരു. ബാലബുദ്ധികള്‍ക്ക് അത്യാവശ്യമാണെന്നറിഞ്ഞുകൊണ്ട് വിഗ്രഹപ്രതിഷ്ഠ നടത്തിയ ഗുരുവിനെ ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത സങ്കീര്‍ണ്ണമായ സമസ്യയാക്കി മാറ്റുന്നവര്‍ക്കും അത്ഭുതങ്ങളുടെ പെരുമഴ പെയ്യിക്കുന്ന ഈശ്വരനാകയാല്‍ ഗുരുവിലെ ഗുരുത്വത്തിനു പകരം ഈശ്വരീയതയ്ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്കും ഒരേ പോലെ ആത്മവെളിച്ചം പകര്‍ന്നുകൊടുക്കുന്നുണ്ട്. ഈ വെളിച്ചത്തില്‍ അണഞ്ഞുപോയ അകത്തെ വിളക്ക് തെളിച്ചെടുക്കാനും മാത്രം ആലോചനാശേഷി ഭൗതിവാദിയ്‌ക്കോ വിശ്വാസിയ്‌ക്കോ ഇല്ലാത്തതിനാല്‍ ഗുരു എന്നും പൂരിപ്പിക്കാനാവാത്ത ഒരു സമസ്യ തന്നെയാണ്.
മറ്റൊരു കൂട്ടരാവട്ടെ ഗുരുദര്‍ശനത്തില്‍ നിന്ന് ഒരിക്കലും മനസ്സിലാക്കാനാവാത്ത വിധം അകന്നുപോയി. സരളമധുരമായ ആത്മഭാവത്തെ പാശ്ചാത്യ ചിന്തകൊണ്ട് കൂട്ടികെട്ടി അഴിയാക്കുരുക്കാക്കി വിയര്‍ത്ത് വിഷമിക്കുന്നു. എല്ലാം പാശ്ചാത്യ ചിന്തയുടെ തീയില്‍ ചുട്ടെടുത്താല്‍ മാത്രമേ വെന്തു കിട്ടുകയുള്ളൂ എന്ന് വിചാരിക്കുന്നു. വേദാന്ത വിചാരശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സംസ്‌കൃതം പഠിക്കുന്നതിന് പകരം ഇംഗ്ലീഷും സയന്‍സും പഠിക്കുന്നു. ഇതും രണ്ടും ഭൗതികജീവിത വിജയത്തിന് അത്യാവശ്യമാണ്. മൂലൂരിന്റെ വീട്ടിലെ പട്ടിയ്ക്ക് പോലും സംസ്‌കൃതം കേട്ടതുകൊണ്ട് സംസ്‌കാരം ഉണ്ടായി എന്ന് പറഞ്ഞ ഗുരുവിന്റെ ദര്‍ശനം ശ്രവിക്കാനും മനനം ചെയ്യാനും സംസ്‌കൃതം അവശ്യം വേണ്ടത് തന്നെ. എന്നിട്ടും ചിലര്‍ ഗുരുദര്‍ശനത്തിന്റ അന്ത:സത്ത മനസ്സി ലാക്കാനാവാതെ ഭക്തന്‍മാരെയും അനുയായികളേയും ചിന്താക്കുഴപ്പത്തിലാക്കുന്നു.

ആധുനിക വിദ്യാഭ്യസം ഉണ്ടാക്കി തന്ന അപക്വത മാത്രമാണ് ആത്മജ്ഞാനത്തില്‍ നിന്ന് നമ്മെ അകറ്റിയത്. തീര്‍ത്ഥാടന ലക്ഷ്യങ്ങള്‍ മുഴുവനും കാലത്തിനൊപ്പം വളരാനും വികസിക്കുവാനുമുള്ള ആഹ്വാനമാണ്. എന്നാല്‍ അകമുഖമായി അറിയായ്കില്‍ മായയാം വന്‍പക ഉണ്ടാക്കുന്ന പക്വതയില്ലായ്മ നമ്മെ സ്വാഭാവികമായ ചിന്താശീലം പോലും ഇല്ലാത്ത, വളരാത്ത മൂര്‍ഖന്‍മാരോ പണ്ഡിതന്‍ മന്യന്‍മാരോ ആക്കുന്നു. ഗുരുദര്‍ശനത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ അല്പംസംസ്‌കൃത പഠനം ആവശ്യമാണ്. ഹൃദയത്തെ സംസ്‌കരിക്കാന്‍ അത് സഹായിക്കുന്നു. പ്രളയം നമ്മെ പഠിപ്പിച്ച പ്രയോഗിക പാഠം പോലും മതങ്ങള്‍ക്കും മറ്റ് സംഘടകള്‍ക്കും പകര്‍ന്ന് തരാനാകാതെ വരുന്നത് മതത്തിന്റേയും നവോത്ഥാന സംഘടനകളുടേയും പരിതാപകരമായ ദാരിദ്രമല്ലേ. മധുവും കെവിനും എന്ന് വേണ്ട ലോക്കപ്പ് മര്‍ദ്ദനമുള്‍പ്പെടെ പരിഷ്‌കൃത കേരളത്തിന്റെ അപമാനകരമായ ആധുനിക മുഖം വേറെ.
അവനവനെ അറിയാതിരിക്കുന്നതാണ് ആദ്ധ്യാത്മ ദൃഷ്ടിയില്‍ ഇരുട്ട്. ഈ ഇരുട്ടിനെ യഥാര്‍ത്ഥജ്ഞാനം കൊണ്ട് ഇല്ലാതാക്കുന്നവനാണ് ഗുരു. അകത്തെ വിളക്കാണ് തെളിയേണ്ടത് തെളിക്കേണ്ടത്. വിഭാഗീയതയുടെ എല്ലാ മതിലുകളും പൊളിച്ചുകളഞ്ഞ് സ്വാതന്ത്ര്യത്തിന്റെ തിരി തെളിക്കണം. ബുദ്ധിയുടെ തെളിച്ചമോ സാങ്കേതിക ഭാഷാപരിജ്ഞാനമോ അല്ല തീര്‍ത്ഥാടനത്തിന്റെ പരമപ്രാധാനമായലക്ഷ്യം അകത്തെ വിളക്ക് തെളിക്കലാണ്. അതിനുള്ള വേദിയൊരുക്കലാണ് ശിവഗിരി തീര്‍ത്ഥാടനം. ശിവഗിരിയില്‍ വരുന്നവരെല്ലാം ഗുരുവിന്റെ ഏകജാതിമത ദൈവചിന്തയുടെ യുക്തി ഭദ്രത അറിയുക തന്നെ വേണം.
ഏതൊരു കാലഘട്ടത്തിലേയും അനാചാരങ്ങളെ പിഴുതു മാറ്റി സത്യത്തെ പുനഃപ്രതിഷ്ഠിക്കുവാന്‍ അതാത് കാലഘട്ടത്തിലെ മഹാത്മാക്കള്‍ ശ്രമിച്ചിട്ടുണ്ട്. ഗുരുവും അത് തന്നെയാണ് ചെയ്തത്. ബുദ്ധിയും മനസ്സും അഹം തന്നെയും മാറി നില്‍ക്കുന്ന അവസ്ഥയിലും ആത്മാവ് നിലനില്‍ക്കുന്നു എന്ന് പറയുന്ന ഗുരുവിന്റെ യുക്തി മനസ്സിലാക്കുവാന്‍ ധ്യാനം കൊണ്ട് മൂര്‍ച്ച കൂട്ടിയ ബുദ്ധിയും നന്‍മയും കരുണയും കൊണ്ട് മയപ്പെടുത്തിയ ഹൃദയവും ആവശ്യമാണ്. ഈ രണ്ടിന്റേയും സമ്മേളനമാണ് ഗുരുദര്‍ശനത്തിലയ്ക്ക് പ്രവേശിക്കാനുള്ള ഒരേ ഒരു യോഗ്യത. ഇന്ന് ലോകം നേരിടുന്ന അനേകം പ്രതിസന്ധികള്‍ക്ക് ഇത് പരിഹാരമാണ്. ആത്മ ജ്ഞാനം മാത്രമേ മനുഷ്യനെ സൃഷ്ടിക്കുകയുള്ളൂ. മനുഷ്യനെ സൃഷ്ടിക്കുന്ന ശിവഗിരി തീര്‍ത്ഥാടനത്തിലേയ്ക്ക് നമുക്ക് മനുഷ്യരായി കടന്നു ചെല്ലാം. മാനുഷ്‌കതയെപ്പറ്റി ചിന്തിക്കാം സംസാരിക്കാം മറ്റെല്ലാം ഒഴിവാക്കാം. കാലം ഒഴുകി മറയും. നാം വെളിച്ചമെന്ന് ധരിക്കുന്നത് മിന്നാമിനുങ്ങിന്റേതാവരുത്. ഗുരു എന്ന ജീവിത സ്രോതസ്സിലേയ്ക്ക്, ആത്മ വെളിച്ചത്തിലേയ്ക്ക് അന്തസ്സോടെ വിശ്വാസമില്ലെങ്കിലും കടന്നുചെല്ലാം. അതിനുള്ള സ്വാതന്ത്ര്യവും യുക്തിയുമാണ് ഗുരുനമുക്ക് പകര്‍ന്നുതന്നത്.