ചരിത്രകാരന്മാരുടെ ജാത്യസൂയ
തമ്മിലുണ്ണാത്തോരെപ്പറ്റി ആശാനും മിശ്രഭോജനത്തെപ്പറ്റി ഗാന്ധിജിയും എഴുതുന്നതിനും അഞ്ചുവര്‍ഷം മുമ്പാണ് (1917), ചരിത്രപ്രസിദ്ധമായ മിശ്രഭോജനം ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്‍ സംഘടിപ്പിക്കുന്നത്. അയിത്തോച്ഛാടനം കോണ്‍ഗ്രസ്സിന്റെ പതിമൂന്നിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിനും (1920) മുമ്പ് ജാതിയ്ക്കും അയിത്തത്തിനുമെതിരെ, ജനങ്ങളെ പരസ്യമായി അറിയിച്ചുകൊണ്ട് ഈഴവയുവാക്കള്‍ പുലയരോടുചേര്‍ന്നു കേരളത്തില്‍ നടത്തിയ ആദ്യത്തെ മിശ്രഭോജനസംരംഭമായിരുന്നു അത്.
ഇന്നും കേരളത്തിലെ വരേണ്യവര്‍ഗ്ഗത്തിലെ വലിയൊരു വിഭാഗത്തിന് മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മഹത്വമാണ് ശ്രീനാരായണഗുരുവിന്റേത്. ഈഴവരുടെഗുരുവായോ തീയസന്ന്യാസിയായോ ചെത്തുകാരുടെനേതാവായോ മാത്രമേ ഗുരുവിനെ കാണാന്‍ അവര്‍ക്കാവുന്നുള്ളൂ.
വിശ്വപൗരനും ജാതിമതരഹിതനുമായി പരിഗണിക്കപ്പെടുന്ന ശശി തരൂരിലും51 ദന്തസിംഹാസന (Ivory throne) ക്കാരനായ മനു എസ്. പിള്ളയി52ലും ഈ മനോഭാവം പ്രകടമാണ്. ഇതിനെ ജാത്യസൂയ അല്ലെങ്കില്‍ ജാതിക്കുശുമ്പ് എന്നാണ് വിളിക്കേണ്ടത്. കേരളത്തിലെ സവര്‍ണ്ണമാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരുടെ രചനകളില്‍ ഈ വികാരം ഏറെ പ്രതിഫലിച്ചുകാണാം53. ഗുരു ജീവിച്ചിരുന്നകാലത്തും ഇത്തരം അസഹിഷ്ണുതകള്‍ പലവേഷങ്ങളില്‍ നടമാടിയിരുന്നു. കരിവേഷംകെട്ടിയാടിയ അത്തരം ചില അഭ്യാസങ്ങളെ ആശാന്‍ കൈകാര്യം ചെയ്തതിനെപ്പറ്റിയാണ് ഇനി വിവരിക്കാനുള്ളത്.
‘മധ്യേന്ത്യയില്‍ സത്തനാമികള്‍ അഥവാ ചാമര്‍ എന്ന ജാതിക്കാരുടെ വിമോചകനായി എത്തിയ ഗാസ്സിദാസ് എന്ന മഹാന്‍ ആ സമുദായത്തെ ഉദ്ധരിച്ച് നന്നാക്കുകയും അവരുടെ ഗുരുസ്ഥാനം അലങ്കരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ പിന്തുടര്‍ന്ന മകന്‍, ഈശ്വരനാണ് താനെന്ന് അഭിമാനിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനാല്‍ മറ്റു ജാതിക്കാര്‍ ചാമര്‍ സമുദായത്തെ മുമ്പിലത്തെക്കാള്‍ ഉപദ്രവിക്കുകയും അയാളുടെ മരണത്തോടെ ആ സമുദായം അധഃപതിക്കുകയും ചെയ്തു. മതത്തെയും സമുദായത്തെയും പരിഷ്‌കരിപ്പാനായി ചിലരെ ഗുരുവായി വരിച്ച് ഏതാനും കാലമായി പുറപ്പെട്ടിരിക്കുന്ന കേരളീയര്‍ ഈ കഥയെ ഓര്‍മ്മിക്കണം’. ‘കേരളസഞ്ചാരി’യില്‍ ‘സഹൃദയന്‍’ എന്ന വ്യാജപ്പേരില്‍ എഴുതിയ ഒരു ലേഖകന്റെ ഭീഷണിയാണിത്. കൊച്ചിയിലും കൊയിലാണ്ടിയിലും ഒരേസമയം ഗുരുവിനെ ഭക്തര്‍ കാണുന്നതിലാണ് ‘സഹൃദയ’ന്റെ രോഷം മുഴുവന്‍ നിഴലിക്കുന്നത്. മനുഷ്യകൃമികള്‍ക്ക് വരാന്‍ പാടില്ലാത്ത ദിവ്യത്വങ്ങള്‍ ഈഴവര്‍ ഗുരുവില്‍ കല്‍പ്പിക്കുന്നത് ‘സഹൃദയ’നില്‍ അസ്വസ്ഥത ജനിപ്പിക്കുന്നുണ്ട്. ‘കുഹൃദയന്‍’ എന്നാണ് ഈ ലേഖകനെ ആശാന്‍ വിശേഷിപ്പിക്കുന്നത്. പാശ്ചാത്യവും പൗരസ്ത്യവുമായ ദേശങ്ങളില്‍ അതിമാനുഷന്മാരായി ജീവിച്ചവരെ ചൂണ്ടിക്കാണിച്ച് സഹൃദയന്റെ ഭീഷണിയെ അതിശക്തമായി ആശാന്‍ ഖണ്ഡിക്കുക മാത്രമല്ല, വിദ്വല്‍സമ്മതനായ ഗുരുവിന്റെ മഹത്വത്തെയും കേരളീയസമൂഹത്തില്‍ തീയര്‍ക്കുള്ള സ്ഥാനത്തെയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.
തുടര്‍ന്ന് ആശാന്‍ എഴുതുന്നത് കാണുക: ‘നമ്മുടെ സഹൃദയനെപ്പോലുള്ളവരുടെ ഉപദേശങ്ങള്‍ അവര്‍ക്ക് ഈ കാലത്തെങ്ങും ആവശ്യമില്ലെന്നും അദ്ദേഹത്തെപ്പോലുള്ള ആയിരംപേരുടെ അസൂയാജന്യങ്ങളായ ഭീഷണികളെ അവര്‍ പുല്ലോളം ബഹുമാനിക്കയില്ലെന്നും ഞങ്ങള്‍ നല്ലവണ്ണം ആ മാന്യനെ ധരിപ്പിക്കുന്നു’54. ‘സഹൃദയ’നെപ്പോലെ മനോവൈകൃതംബാധിച്ച ചില വരേണ്യപത്രാധിപന്മാരും അക്കാലത്തുണ്ടായിരുന്നു. കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ചക്രവര്‍ത്തി’ മാസികയുടെ പത്രാധിപര്‍ കെ. രാമന്‍മേനോന്‍ ആ ഗണത്തില്‍പ്പെട്ടതായിരുന്നു. ശ്രീനാരായണഗുരുവിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ദുഷ്ടലക്ഷ്യത്തോടെ ‘നായന്മാരും പട്ടന്മാരും’ എന്ന തലവാചകത്തില്‍ ഒരു പത്രാധിപോപന്യാസം അദ്ദേഹം എഴുതി: ‘ഈ നായന്മാരും പട്ടന്മാരും നമ്മുടെ ദ്വേഷികളാണ്. നായന്മാരും പട്ടന്മാരും തീയരെ ആട്ടിയോടിക്കുന്നു’- ഇങ്ങനെ കഠിനവാക്കുകള്‍ പറഞ്ഞ് സ്വാമി വര്‍ഗ്ഗങ്ങളെ തമ്മില്‍കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് അതിലാരോപിക്കുകയുണ്ടായി. ഇതിനെക്കാള്‍ വലിയ പാപകരമായകുറ്റം ഒരു യഥാര്‍ത്ഥ പരിശുദ്ധപുരുഷനില്‍ ആരോപിക്കാനുണ്ടോ എന്നു ചോദിച്ചുകൊണ്ട്, ഗുരുവിന്റെ മഹനീയാദര്‍ശങ്ങളെയും കര്‍മ്മപഥങ്ങളെയും വിശദമാക്കി; അതിനെതിരെ നിശിതഭാഷയില്‍ ഒരു മുഖപ്രസംഗം ആശാന്‍ എഴുതി. ഭിന്നജാതിമതസ്ഥര്‍ ഒരുപോലെ ആരാധനയോടെ ദര്‍ശിക്കുന്ന ഒരു മഹാത്മാവിനെ ജനമധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ കുടിലബുദ്ധിയോടെ ‘ചക്രവര്‍ത്തി’ നടത്തിയ കുപ്രചരണത്തിന്റെ കൊമ്പൊടിക്കുന്നതായിരുന്നു ‘ചക്രവര്‍ത്തിയുടെ ദുര്‍ദ്ധാരണ’ എന്ന ശീര്‍ഷകത്തിലെഴുതിയ മുഖപ്രസംഗം55.
‘തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍’
എന്നു ‘ദുരവസ്ഥ’യില്‍ കേരളീയജാതിവ്യവസ്ഥയുടെ ജീര്‍ണ്ണമുഖം 1922 – ല്‍ ആശാന്‍ അനാവരണം ചെയ്യുന്ന അതേകാലത്താണു, ‘നവജീവന്‍’ എന്ന ഗുജറാത്തി ആനുകാലികത്തില്‍ ഗാന്ധിജി, ‘ഭക്ഷണം കഴിക്കുന്നത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നതുപോലെ വൃത്തിശൂന്യമായ ഒരു പ്രവൃത്തിയാണ്. ഒരു വ്യത്യാസം മാത്രം. വിസര്‍ജ്ജനം കഴിയുമ്പോള്‍ നമുക്ക് ആശ്വാസം തോന്നും. ഭക്ഷണം കഴിക്കുമ്പോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടും. വിസര്‍ജ്ജനം നടത്തുന്നത് ഏകാന്തമായാണ്. ഭക്ഷണം കഴിക്കുന്നതും ഏകാന്തമായിത്തന്നെ വേണം’ എന്നെഴുതിയത്. ഡോ. അംബേദ്കര്‍ ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ‘ഇത്രമേല്‍ അസാധാരണമായ – ഞെട്ടിക്കുന്നതല്ലെങ്കില്‍ – ഒരു വാദഗതി ആദ്യമായാണ് കാണുന്നത്. യാഥാസ്ഥിതികര്‍ പോലും തലയില്‍ കൈവച്ചുപറഞ്ഞുപോകും ‘മി. ഗാന്ധിയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണേ’ എന്ന്. ഇത് കാണിച്ചുതരുന്നത് മി. ഗാന്ധി എത്രമാത്രം ഹീനനായ ഒരു ഹിന്ദുവാണെന്നാണ്. ഏറ്റവുംകടുത്ത യാഥാസ്ഥിതികരിലും യാഥാസ്ഥിതികനായഹിന്ദുവിനെയും കടത്തിവെട്ടിയിരിക്കുന്നു മി. ഗാന്ധി. അദ്ദേഹത്തിന്റെ വാദം ഒരു ഗുഹാമനുഷ്യന്റെ വാദമാണെന്നു പറഞ്ഞാലും പോരാ. അത് യഥാര്‍ത്ഥത്തില്‍ ഒരു ഭ്രാന്തന്റെ വാദമാണ്’56.
യാഥാസ്ഥിതികര്‍ പോലും തലയില്‍ കൈവച്ചുപറഞ്ഞുപോകും ‘മി. ഗാന്ധിയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണേ’ എന്ന്. ഇത് കാണിച്ചുതരുന്നത് മി. ഗാന്ധി എത്രമാത്രം ഹീനനായ ഒരു ഹിന്ദുവാണെന്നാണ്. ഏറ്റവുംകടുത്ത യാഥാസ്ഥിതികരിലും യാഥാസ്ഥിതികനായ ഹിന്ദുവിനെയും കടത്തിവെട്ടിയിരിക്കുന്നു മി. ഗാന്ധി. അദ്ദേഹത്തിന്റെ വാദം ഒരു ഗുഹാമനുഷ്യന്റെ വാദമാണെന്നു പറഞ്ഞാലും പോരാ. അത് യഥാര്‍ത്ഥത്തില്‍ ഒരു ഭ്രാന്തന്റെ വാദമാണ്’56.
തമ്മിലുണ്ണാത്തോരെപ്പറ്റി ആശാനും മിശ്രഭോജനത്തെപ്പറ്റി ഗാന്ധിജിയും എഴുതുന്നതിനും അഞ്ചുവര്‍ഷം മുമ്പാണ് (1917), ചരിത്രപ്രസിദ്ധമായ മിശ്രഭോജനം ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്‍ സംഘടിപ്പിക്കുന്നത്. അയിത്തോച്ഛാടനം കോണ്‍ഗ്രസ്സിന്റെ പതിമൂന്നിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിനും (1920) മുമ്പ് ജാതിയ്ക്കും അയിത്തത്തിനുമെതിരെ, ജനങ്ങളെ പരസ്യമായി അറിയിച്ചുകൊണ്ട് ഈഴവയുവാക്കള്‍ പുലയരോടുചേര്‍ന്നു കേരളത്തില്‍ നടത്തിയ ആദ്യത്തെ മിശ്രഭോജനസംരംഭമായിരുന്നു അത്. ഈഴവസമുദായത്തിലെ യാഥാസ്ഥിതിക പ്രമാണിമാരെ ഞെട്ടിച്ച ഈ നടപടിയെ, എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന ആശാന്‍ എങ്ങനെ നോക്കിക്കണ്ടു എന്നത് പ്രധാനമാണ്. ‘വിവേകോദയ’ത്തിന്റെ 1092 ഇടവം, മിഥുനം ലക്കത്തില്‍ ‘മിശ്രഭോജന ബഹളം’, ‘സമുദായപരിഷ്‌കാരതല്‍പരരായ യുവാക്കന്മാര്‍ ശ്രദ്ധിപ്പാന്‍’ എന്നീ ശീര്‍ഷകങ്ങളില്‍ രണ്ടുലേഖനങ്ങള്‍ ആശാന്‍ എഴുതിയതായി കാണുന്നു.
ഇന്ത്യയില്‍ ബോംബേ, മദ്രാസ് മുതലായ നഗരങ്ങളില്‍ മുഹമ്മദീയര്‍, ക്രിസ്ത്യാനികള്‍, ബ്രാഹ്മണര്‍, ശൂദ്രര്‍, പറയര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട യോഗ്യന്മാര്‍ ജാതിമതഭേദംകൂടാതെ ഒരു സംഘമായിരുന്ന് ഉണ്ണുന്നതിനെയും, അതുപോലെ കുറേ ദിവസങ്ങള്‍ക്കുമുമ്പ് കോഴിക്കോട്ടുള്ള ബ്രാഹ്മണ – തീയ – നായര്‍വിഭാഗങ്ങളില്‍പ്പെട്ട കുറേപ്പേര്‍ ചേര്‍ന്ന് മിശ്രഭോജനം നടത്തിയതിനെയും പരാമര്‍ശിച്ചുകൊണ്ടാണ്; കൊച്ചി പള്ളിപ്പുറത്തുള്ള ചില ഈഴവയുവാക്കന്മാര്‍ സംഘം ചേര്‍ന്ന് ചില പുലയരോടൊന്നിച്ച് സദ്യയുണ്ടതിന്റെ കഥ ആശാന്‍ വിവരിക്കുന്നത്. അദ്ദേഹം എഴുതുന്നത് കാണുക: ‘ജാതി ഈശ്വരന്‍ സൃഷ്ടിച്ചതല്ലെന്നും ഈശ്വരദൃഷ്ടിയില്‍ എല്ലാ മനുഷ്യരും ഒരുപോലെയാണെന്നും അതുകൊണ്ട് പുലയരുമായി നമ്മുടെ ചില യുവാക്കന്മാര്‍ പന്തിഭോജനം ചെയ്തുവെങ്കില്‍ അതുനിശ്ചയമായും ഒരു പാപമല്ലെന്നും മിശ്രഭോജന വിരോധികളായ കാരണവന്മാര്‍ ഓര്‍ത്തു സമാധാനപ്പെടേണ്ടതാണ്. തീണ്ടിയാല്‍ കുളിക്കേണ്ടവര്‍ തമ്മില്‍ പന്തിഭോജനം കഴിക്കുക എന്നത് കുറേ സാഹസമായ പരിഷ്‌കാരശ്രമമാണെന്ന് കാരണവന്മാര്‍ക്ക് തോന്നാം. എന്നാല്‍ അതിനായി സന്നദ്ധരായ അനന്തരവന്മാര്‍ ഉല്‍കൃഷ്ടവിദ്യാഭ്യാസവും ഹൃദയവികാസവും സിദ്ധിച്ചിട്ടുള്ളവരും സമുദായത്തിന്റെ ഭാവിനേതാക്കന്മാരുമാണെന്ന വസ്തുത ഓര്‍ക്കേണ്ടതാണ്. അവരെ എല്ലാം ബഹിഷ്‌കരിച്ച് സമുദായത്തെ വച്ചുകൊണ്ടിരുന്നിട്ട് എന്തുപ്രയോജനം ? കാലഗതിയ്ക്കനുസരിച്ച് വര്‍ത്തിക്കുക; അല്ലെങ്കില്‍ വെറുതെ ക്ലേശിക്കേണ്ടിവരും’.
ആദ്യ ലേഖനത്തില്‍ മാമൂല്‍പ്രിയന്മാരായ സമുദായപ്രമാണിമാരുടെ പിന്തിരിപ്പന്‍നയത്തെ വിമര്‍ശിച്ചും യുവാക്കന്മാരുടെ പ്രവൃത്തിയെ ശ്ലാഘിച്ചും എഴുതിയ ആശാന്‍, രണ്ടാമത്തെ ലേഖനത്തില്‍ തിരിഞ്ഞുമാറി എഴുതുന്നതുകാണാം. ചെറുപ്പക്കാരുടെ പ്രവൃത്തിയെ ഒരു സാഹസമായിട്ടാണ് അതില്‍ വീക്ഷിക്കുന്നത്. നമ്മുടെ കാരണവന്മാര്‍ അത്ര വലിയ ശാഠ്യക്കാരല്ലെന്നും അവര്‍ക്ക് വേദനയുണ്ടാക്കാത്തവിധം സംഗതികള്‍ സാധിപ്പാന്‍ കഴിയണമെന്നും പറയുന്നു. ഏതുപരിഷ്‌കാരവും ക്രമാനുഗതമായ പദവിന്യാസത്തോടെയും അക്രമരഹിതമാര്‍ഗ്ഗത്തിലൂടെയും നിര്‍വ്വഹിക്കണമെന്ന് ആഗ്രഹിച്ച സാമൂഹികപ്രവര്‍ത്തകനായിരുന്നു ആശാന്‍. രക്തച്ചൊരിച്ചിലും അക്രമവുംകൊണ്ടുനേടുന്ന വിജയത്തിന് പ്രതിഷ്ഠയും ദീര്‍ഘായുസ്സും ഉണ്ടാവില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. മാത്രമല്ല, തറയില്‍ ഉറച്ചുനില്‍ക്കാന്‍ ഉറപ്പുള്ള ഒരു അടിത്തറ സ്വയംനിര്‍മ്മിച്ചിട്ടുമതി മറ്റുള്ളവരെ സഹായിക്കാനുള്ള ഉദ്യമം എന്ന ചിന്താഗതിക്കാരനുമായിരുന്നു ആശാന്‍. അദ്ദേഹം എഴുതുന്നതുനോക്കുക: ‘പുലയരോടോ പറയരോടോ ഒന്നിച്ചിരുന്നതുകൊണ്ട് നമുക്കിപ്പോള്‍ അവരെയോ നമ്മെയോ ഉദ്ധരിപ്പാന്‍ കഴിയുന്നതല്ല. നാം ഉയരുകയും നമ്മുടെ കീഴിലുള്ളവരെ ഉയര്‍ത്തുവാന്‍ വേണ്ടത്ര ശക്തി നമുക്കുണ്ടാകയും വേണം.
വിദ്യകൊണ്ടും ധനംകൊണ്ടും നമ്മുടെ സ്ഥാനത്തെ ഉയര്‍ത്തുകയും മുന്നണിയില്‍ നില്‍ക്കുന്ന വര്‍ഗ്ഗക്കാര്‍ എത്ര ഊക്കോടെ തള്ളിയാലും ഒരു ഇഞ്ച് പിന്നോക്കം പോകാത്തവിധം നാം നമ്മുടെ നില ഉറപ്പിക്കുകയും വേണം. അതിനുമുമ്പ് പരിഷ്‌കാരസംബന്ധമായ ഉയര്‍ന്ന അഭിപ്രായങ്ങളുടെ കൊടുമുടിയില്‍ കയറിനിന്ന് താഴെയുള്ള പ്രവൃത്തിലോകത്തിലേക്ക് കിഴുക്കാംതൂക്കായിചാടി നാം ആത്മനാശം ചെയ്യരുത്’. എസ്.എന്‍.ഡി.പി.യോഗത്തിന്റെ ഉദ്ദേശവും നയവും ഇതാകുന്നു. കാരണവന്മാരെയും അനന്തരവന്മാരെയും ഇണക്കിനിര്‍ത്തി, സമുദായത്തിന്റെ അസ്തിവാരം ഉറപ്പിച്ച് സമൂഹത്തെ ഒന്നടങ്കം പരിഷ്‌കാരത്തിലേക്ക് നയിക്കുക എന്നതായിരുന്നു ആശാന്റെ പരമലക്ഷ്യം.
(തുടരും)