കത്തിജ്വലിച്ച കറുത്ത സൂര്യന്‍

ജീവിത യാത്രയില്‍ നേരിടേണ്ടിവന്ന അപമാനത്തിനും അവഹേളനത്തിനുമെതിരെ കറുത്ത സൂര്യനായാണ് അദ്ദേഹം ജ്വലിച്ചത്. കീഴാളരെന്ന് പരിഹസിക്കപ്പെട്ട സഹജീവികള്‍ക്ക് വേണ്ടി നിലപാടുകളില്‍ ഉറച്ചു നിന്നുള്ള നിരന്തര പോരാട്ടത്തില്‍ അംഗീകാരത്തിലും കൂടുതല്‍ പുറംതള്ളലാണ് കൊച്ചിനു കിട്ടിയത്.

കടുത്തുരുത്തി കുഴിയംതടം കുഞ്ഞന്‍ കൊച്ചിന് (കെ.കെ.കൊച്ച്) ഏറെ യോജിക്കുക വിപ്ലവ സൂര്യനെന്നല്ല കറുത്ത സൂര്യനെന്ന വിശേഷണമാണ്. ജീവിത യാത്രയില്‍ നേരിടേണ്ടിവന്ന അപമാനത്തിനും അവഹേളനത്തിനുമെതിരെ കറുത്ത സൂര്യനായാണ് അദ്ദേഹം ജ്വലിച്ചത്. കീഴാളരെന്ന് പരിഹസിക്കപ്പെട്ട സഹജീവികള്‍ക്ക് വേണ്ടി നിലപാടുകളില്‍ ഉറച്ചു നിന്നുള്ള നിരന്തര പോരാട്ടത്തില്‍ അംഗീകാരത്തിലും കൂടുതല്‍ പുറംതള്ളലാണ് കൊച്ചിനു കിട്ടിയത്. കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച്, ഇടതുപക്ഷക്കാരനായി തുടങ്ങി കാര്‍ഷിക കലാപങ്ങളില്‍ ഇടപെട്ട്, ഒടുവില്‍ ഭൂപരിഷ്‌കരണത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടിയാണ് ആദിവാസി -ദളിത് എഴുത്തുകളില്‍ ശ്രദ്ധേയനായി ‘കൊച്ച്’ ‘വലുതായത്’.
നക്‌സലൈറ്റായി ചിത്രീകരിക്കപ്പെട്ട് ആവാസി -ദളിത് എഴുത്തുകളില്‍ സദാവ്യാപൃതനായി പുരോഗമന മുഖംമൂടിക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന വിവേചനങ്ങളെ തുറന്നുകാട്ടി അദ്ദേഹം കേരളത്തിലെ ദളിത്, ബൗദ്ധിക ജീവിതത്തിന്റെ ആള്‍ രൂപമായി .
ജന്‍മിയുടെ പണിക്കാരനായിരുന്നു അച്ഛന്‍. കുട്ടിക്കാലത്തു തന്നെ കൊച്ച് വായനയുടെ ലോകത്തേക്ക് തിരിഞ്ഞു. പഠനത്തിലും മിടുക്കന്‍. മാനസികവെല്ലുവിളി നേരിട്ട ചേട്ടന്റെ ചികിത്സയ്ക്ക് വേണ്ടി പാടവും പറമ്പും വിറ്റതോടെ കുടുംബം.സാമ്പത്തികമായി തകര്‍ന്നുവെങ്കിലും കൊച്ച് പഠനത്തില്‍ പിന്നോട്ടു പോയില്ല. കിടപ്പാടം നഷ്ടമായിട്ടും കൊച്ച് മുന്നോട്ടു തന്നെ നടന്നു . ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. മഹാരാജാസ് കോളേജില്‍ പ്രീഡിഗ്രിക്ക് സെക്കന്‍ഡ് ഗ്രൂപ്പില്‍ ചേര്‍ന്നു. അവിടം മുതലാണ് കൊച്ചേട്ടനിലെ പരിണാമത്തിന് തുടക്കമിടുന്നത്.പഠന ശേഷം പൊതു മരാമത്തു വകുപ്പില്‍ ക്ലര്‍ക്കായെങ്കിലും നക്‌സലൈറ്റ് പരിവേഷം മൂലം ജോലി രാജിവയ് ക്കേണ്ടി വന്നു . അടിയന്തിരാവസ്ഥക്കാലത്ത് ആറുമാസം ഒളിവിലായിരുന്നു, 1977ല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ക്ലര്‍ക്കായി .2001ല്‍ സീനിയര്‍ അസിസ്റ്റന്റായി വിരമിച്ചു .

മഹാരാജാസ് കോളേജിലെ പഠനകാലമാണ് ജാതീയ വേര്‍തിരിവുകളെക്കുറിച്ചുള്ള ബോധമുണ്ടാക്കിയത്. സര്‍ക്കാര്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പായ ലംപ് സം ഗ്രാന്‍ഡ് സവര്‍ണ വിഭാഗത്തിന്റെ ദാനമാണന്നുള്ള പരിഹാസവും ദളിത് വിഭാഗങ്ങളോടുള്ള മറ്റു വിദ്യാര്‍ത്ഥികളുടെ വേര്‍തിരിവുകളും വേദനിപ്പിച്ചു. അത് ചെന്നെത്തിച്ചത് ഇടത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യത്തിലായിരുന്നു. കുട്ടിക്കാലത്തെ തികഞ്ഞ ഈശ്വര ഭക്തനായ കൊച്ചേട്ടന്‍ പിന്നീട് യുക്തിവാദിയായി.
ഇടതുപക്ഷ ആശയങ്ങളോടും വിശ്വാസം നഷ്ടപ്പെട്ടു ദളിത് പ്രസ്ഥാനങ്ങളോട് അടുത്തു. തനിക്കൊപ്പമുള്ളവര്‍ അനുഭവിക്കുന്ന രാഷ്ട്രീയ, സാമൂഹിക ,സാമ്പത്തിക അടിമത്തമാണ് കൊച്ചിലെ പോരാളിയിലെ കനല്‍ ജ്വലിപ്പിച്ചത്.വ്യവസ്ഥാപിതമായ ഏതെങ്കിലും സംഘടനയുടെയൊ രാഷ് ട്രീയ പാര്‍ട്ടിയുടെയോ കീഴില്‍ നിലകൊള്ളാന്‍ തയ്യാറാകാതെ പൊതു സമൂഹത്തിലും സ്വസമുദായത്തിലും ഉള്ള വിയോജിപ്പുകള്‍ അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭൂപരിഷ്‌കരണത്തില്‍ ഊറ്റം കൊണ്ടപ്പോള്‍ ഭൂപരിഷ്‌കരണംകൊണ്ട് കുടികിടപ്പുകാരായ ദളിത് വിഭാഗക്കാര്‍ക്ക് യാതൊരു പ്രയോജനവും കിട്ടിയില്ലെന്നത് സ്വന്തമായി ലഘുലേഖ അച്ചടിച്ച് അദ്ദേഹം സമര്‍ത്ഥിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള ജീവിതം സാമൂഹ്യ സേവനത്തിനായി മാറ്റിവച്ചു. ദളിത് മുന്നേറ്റ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയായി . ജാതിക്കെതിരായ പോരാട്ടത്തിനൊപ്പം ദാരിദ്ര്യത്തിനെതിരെയും പോരാടണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത ദര്‍ശനം.ഭൂമി പ്രശ്‌നമാണ് കേരളത്തിലെ പ്രധാന പ്രശ്‌നമെന്നു കൊച്ചു വരച്ചുകാട്ടി .അദ്ദേഹത്തിന്റെ രചനകള്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളിലെ സിലബസുകളില്‍ ഇടം പിടിച്ചു . കേരളത്തിന്റെ പുരോഗമന മുഖംമൂടിക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ജാതീയവും പുരുഷ മേധാവിത്വപരവുമായ ശീലങ്ങളെ തുറന്നുകാട്ടാനായിരുന്നു കൊച്ചെന്ന എല്ലാവരുടെയും കൊച്ചേട്ടന്‍ ശ്രമിച്ചത്. ജാതീയ വേര്‍തിരിവിന് പുറമേ ആര്‍ക്കും കീഴ് പ്പെടില്ലെന്ന നിലപാടും കാരണം എഴുത്തിന്റെയും പ്രക്ഷോഭത്തിന്റെയും പാതയില്‍ തിളങ്ങിയിട്ടും അംഗീകരിക്കപ്പെട്ടില്ല .പൊതു സമൂഹത്തിലും സ്വന്തം സമുദായത്തിലും അദ്ദേഹം ഉന്നയിച്ച വിയോജിപ്പുകളില്‍ക്കൂടിയാണ് കെ.കെ.കൊച്ചിനെ ചരിത്രം ചേര്‍ത്തു പിടിക്കുക.ചരിത്രം, സാഹിത്യം, നിരൂപണം, ഭരണ ഘടന, ഫെമിനിസം, ന്യൂനപക്ഷം തുടങ്ങിയ വിഷയങ്ങളിലെ അഗാധ പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍.
”ദളിതനെന്ന’ ആത്മകഥയില്‍ . കമ്യൂണിസത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതും സ്വത്വവാദ തുടക്കവും വിശദമാക്കി. സംവരണ വിഷയത്തില്‍ ദളിത് പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടിനെ എതിര്‍ത്തു. ന്യൂനപക്ഷ വിഷയത്തില്‍ അംബേദ്കറിന്റെ ചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ദളിത് ക്രൈസ്തവരുടെ സംവരണ വിഷയത്തിലും സ്വന്തമായി നിലപാട് ഉന്നയിച്ച അദ്ദേഹം കമ്യൂണിസത്തോടും നക്‌സലിസത്തോടും ഒരുകാലത്ത് കലഹിച്ചു. മുത്തങ്ങ സമരത്തെ തള്ളിപ്പറഞ്ഞു, ചെങ്ങറ സമരത്തില്‍ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുകയും ചെയ്തു. ജാതിവേര്‍തിരിവിനൊപ്പം ദാരിദ്ര്യ മുക്തിയും സ്വപ്‌നം കണ്ടു. ജാതി വ്യവസ്ഥ തകര്‍ന്നാലും വ്യക്തികള്‍ക്ക് ആത്മാഭിമാനം നിലനിര്‍ത്തിബഹുമാനിതരാവാന്‍ ദാരിദ്ര്യവും ഇല്ലാതാവണമെന്ന് ‘ദളിതന്‍’ പറയുന്നു. കേരളസാഹിത്യഅക്കാദമിയുടെ സമഗ്ര സാഹിത്യ സംഭാവന പുരസ്‌ക്കാരം 2020ല്‍ ലഭിച്ചിട്ടും വലിയ എഴുത്തുകാരനായി അംഗീകരിക്കാതെ ദളിത് സാഹിത്യകാരനെന്ന പട്ടികയിലേക്ക് കൊച്ചിനെ തരം താഴ്ത്താനായിരുന്നു പൊതു സമൂഹം ശ്രമിച്ചത്. പ്രശസ്തരായ പലരും ആത്മകഥ പറഞ്ഞ് എഴുതിക്കുമ്പോള്‍ സ്വന്തമായി എഴുതിയ ഒരു ദളിതന്റെ ആദ്യത്തെ ആത്മകഥയെന്നായിരുന്നു കൊച്ചിന്റെ പ്രഖ്യാപനം .വ്യക്തിപരമായ ജീവിതാനുഭവങ്ങള്‍ക്ക് പകരം സാമൂഹിക അനുഭവങ്ങളായിരുന്നു കേരളീയ ദളിത് ജീവിതത്തിന്റെ അടയാളപ്പെടുത്തലെന്നു വിശേഷിപ്പിക്കാവുന്ന ആത്മകഥയില്‍ നിറഞ്ഞു നിന്നത്.
ഒരു വര്‍ഷത്തോളമായികാന്‍സര്‍ രോഗ ചികിത്സക്കിടയിലും തളരാത്ത മനസുമായി അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിലൂടെ സജീവമായ ഇടപെടല്‍ നടത്തി .
9447386209