അഞ്ചുതെങ്ങിലെ യുദ്ധവും ആശാന്റെ ബ്രിട്ടീഷ് ഭക്തിയും

ലോകഗതിയും ചരിത്രവും സൂക്ഷ്മമായി പിന്തുടരുകയും മനസ്സിലാക്കുകയും ചെയ്ത വിജ്ഞാനിയായിരുന്നു, പതിനാറുവര്‍ഷം ‘വിവേകോദയ’ത്തിന്റെ പത്രാധിപരും എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയും അതിലുപരി പ്രജാസഭമെമ്പറും നിയമനിര്‍മ്മാണ സഭ അംഗവുമായിരുന്ന ആശാന്‍. എന്നിട്ടും അഞ്ചുതെങ്ങ് കലാപത്തെക്കുറിച്ച് ഒരു സൂചനപോലും അദ്ദേഹത്തിന്റെ പക്ഷത്തുനിന്നുമുണ്ടാകാതെ പോയതിനു കാരണമെന്താകും?

ബ്രി ട്ടീഷ് ആധിപത്യശക്തിയോട് ഒരു നൂറ്റാണ്ടിലധികം (1694-1809) ജാതിമതഭേദമെന്യേ സംഘടിതമായി ഇടപെട്ട് പോരാടിയ ചരിത്രമാണ് ഇന്നത്തെ അഞ്ചുതെങ്ങ് പഞ്ചായത്തിലെ ജനതയുടെ പൂര്‍വീകര്‍ക്കുള്ളത്. 1810-ല്‍ കമ്പനിയും ആയുധശാലയും അടച്ചുപൂട്ടിയെങ്കിലും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെ നീതിന്യായ പരിപാലനത്തിനായി ഒരു പൊലീസ് സ്റ്റേഷനും മുന്‍സിഫ് കോടതിയും സ്വന്തം സെറ്റില്‍മെന്റ് പ്രദേശമെന്ന നിലയില്‍ ബ്രിട്ടീഷുകാര്‍ ഇവിടെ നിലനിര്‍ത്തിപ്പോന്നിരുന്നു. അക്കാലം വരെ അഞ്ചുതെങ്ങിലെ ‘റവന്യൂ’ അധികാരം തിരുവിതാംകൂര്‍ സര്‍ക്കാരിന്് ബ്രിട്ടീഷുകാര്‍ പാട്ടത്തിനു കൊടുത്തുവത്രെ!
ഹിന്ദുസവര്‍ണ വര്‍ഗ്ഗത്തിനു ബാലികേറാമല പോലെ കടന്നു കയറി വാസമുറപ്പിക്കാന്‍ അന്നോ ഇന്നോ കഴിയാത്ത, ഒരുപക്ഷെ കേരളത്തിലെ ഒരേയൊരു തുരുത്തായി അഞ്ചുതെങ്ങ് പഞ്ചായത്തു വര്‍ത്തിക്കുന്നുവെന്ന പ്രത്യേകത വിചിത്രമായി തോന്നാമെങ്കിലും യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ സവര്‍ണ ക്രിസ്ത്യാനികളും ഇവിടെയില്ല. ബ്രിട്ടീഷ്‌കാലത്തെന്ന പോലെ ഒരു ചെറുന്യൂനപക്ഷമാണ് മുസ്ലീങ്ങള്‍. ദളിത് വിഭാഗത്തില്‍പ്പെടുന്നവരായി തണ്ടാന്മാര്‍ മാത്രമേയുള്ളു. ലത്തീന്‍ കത്തോലിക്കരും ഈഴവരുമാണു ഭൂരിപക്ഷം. ബ്രിട്ടീഷ് മേധാവിത്വവിരുദ്ധവും ജാതിമത വിവേചന രഹിതവും സവര്‍ണ അസാന്നിദ്ധ്യം കൊണ്ടു അകലുഷവുമായ പാരമ്പര്യം പേറുന്ന ഒരു സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ പിറന്നു വളര്‍ന്ന കുമാരനാശാന്‍, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ആരാധകനും ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ നിശിത വിമര്‍ശകനും മറ്റുമായിട്ടാണു പൊതുജീവിതവും സാഹിത്യജീവിതവും നയിച്ചതെന്നത് നിഷേധിക്കാവുന്നതല്ല.
ആശാന്റെ കവിതകളിലോ ഗദ്യരചനകളിലോ പ്രസംഗങ്ങളിലോ ഒരിടത്തും പൂന്തുറ, അഞ്ചുതെങ്ങ്, കായിക്കര, നെടുങ്ങണ്ട തുടങ്ങിയ പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന തന്റെ പൂര്‍വികര്‍, അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരേയോ അവര്‍ക്കു സര്‍വ പിന്തുണയും സഹായവും നല്‍കിയ ആറ്റിങ്ങല്‍-തിരുവിതാംകൂര്‍ ഭരണകൂടങ്ങള്‍ക്കെതിരെയോ നടത്തിയ സായുധസമരങ്ങളെപ്പറ്റി പരാമര്‍ശിച്ചു കാണുന്നില്ല. ലോകഗതിയും ചരിത്രവും സൂക്ഷ്മമായി പിന്തുടരുകയും മനസ്സിലാക്കുകയും ചെയ്ത വിജ്ഞാനിയായിരുന്നു, പതിനാറുവര്‍ഷം ‘വിവേകോദയ’ത്തിന്റെ പത്രാധിപരും എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയും അതിലുപരി പ്രജാസഭമെമ്പറും നിയമനിര്‍മ്മാണ സഭ അംഗവുമായിരുന്ന ആശാന്‍. എന്നിട്ടും അഞ്ചുതെങ്ങ് കലാപത്തെക്കുറിച്ച് ഒരു സൂചനപോലും അദ്ദേഹത്തിന്റെ പക്ഷത്തുനിന്നുമുണ്ടാകാതെ പോയതിനു കാരണമെന്താകും? അതിനെപ്പറ്റി ആശാന്‍ അജ്ഞനായിരുന്നുവെന്നു പറയുന്നതു വിവരക്കേടാവും. ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പുകള്‍ വളരെ മൂര്‍ത്തമായും പ്രത്യക്ഷമായും ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിന്റെ പിന്നിലെ ചരിത്രം, ഭൂതകാലവും പരോക്ഷതയുമാണു കാവ്യചിത്ര നിര്‍മ്മാണത്തിനു പറ്റിയ സ്‌പൃഹണീയമായഭിത്തികളെന്നു മനസ്സിലാക്കുകയും പ്രയോഗിക്കുകയും ചെയ്ത കവി കൂടിയായ ആശാന്‍, അന്വേഷിച്ചു കണ്ടെത്താതിരിക്കില്ല. ജാതിവ്യവസ്ഥയാല്‍ ജീര്‍ണിച്ചു അധോഗതി പ്രാപിച്ച ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഉദ്ധരിക്കാന്‍, വിശേഷിച്ച് നരകസമാനമായ ജീവിതം നയിക്കുന്ന അധഃകൃത പിന്നാക്ക വിഭാഗങ്ങളെ ത്രാണനം ചെയ്യാന്‍ ഈശ്വരനാല്‍ നിയോഗിക്കപ്പെട്ട അവതാരപുരുഷന്മാരാണു ബ്രിട്ടീഷുകാരെന്നു ദൃഢമായി വിശ്വസിച്ച ആശാന്, അഞ്ചുതെങ്ങിലെയും കായിക്കരയിലെയും തന്റെ പൂര്‍വസൂരികള്‍ ബ്രിട്ടീഷ് ശക്തിക്കെതിരെ നയിച്ച യുദ്ധത്തിന്റെ കഥകള്‍ അനുസ്മരണീയമായി ഒരു പക്ഷേ തോന്നിയിട്ടുണ്ടാവില്ല.

ബ്രിട്ടീഷിന്ത്യന്‍ ഭരണത്തില്‍ ഇന്ത്യയ്ക്കു പൊതുവെയും അയിത്ത ജാതിക്കാര്‍ക്കു പ്രത്യേകിച്ചുമുണ്ടായ നേട്ടങ്ങളെയും ഗുണങ്ങളെയുംപറ്റി ആശാന്‍ എഴുതിയതിനെ അവഗണിക്കാനോ വിസ്മരിക്കാനോആവില്ല. ഈസ്റ്റിന്ത്യാ കമ്പനിയില്‍ നിന്നു ബ്രിട്ടീഷ് ചക്രവര്‍ത്തിനി അധികാരം ഏറ്റെടുത്തു കൊണ്ടു നടത്തിയ രാജകീയ വിളംബരത്തിന്റെ സുവര്‍ണജൂബിലിയെ ആസ്പദമാക്കി ആശാന്‍ എഴുതിയ മുഖപ്രസംഗത്തിലെ പ്രസക്തഭാഗം കാണുക: ”നാമിപ്പോള്‍ അനുഭവിക്കുന്ന സമാധാനവും സ്വാതന്ത്ര്യവും മറ്റൊരു ഭരണത്തിന്‍ കീഴും നാം അറിഞ്ഞിട്ടുള്ളതല്ല…. അതിന്റെ അത്ഭുതകരമായ പ്രചാരം നമ്മുടെ രാജ്യത്തിന്റെ കോണുകളില്‍ ഒതുങ്ങിയ അന്ധകാരങ്ങളെക്കൂടി അതിവേഗത്തില്‍ അകറ്റുകയും അനേക കോടി മൃഗങ്ങളെ മനുഷ്യരാക്കുകയും ചെയ്തിരിക്കുന്നു. ബ്രിട്ടീഷ് ഭരണനയം നമ്മുടെ അത്യുല്‍കൃഷ്ടമായ മതത്തില്‍ നമുക്ക് അവ്യാഹതമായ സ്വാതന്ത്ര്യത്തെ അനുവദിക്കുകയും എന്നാല്‍ പൈശാചങ്ങളായ അനാചാരങ്ങളെയും അഴിമതികളെയും നിരോധിക്കുകയും ക്രൂരമായ ജാതിസര്‍പ്പത്തിന്റെ ഭയങ്കരങ്ങളായ വിഷപ്പല്ലുകളെ പറിച്ചുകളയുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍ വിനാശോന്മുഖമായിരുന്ന നമ്മുടെ പ്രിയമേറിയ ഇന്ത്യയെ ഉദ്ധരിപ്പാന്‍ കൃപാലുവായ ഈശ്വരനാല്‍ അയക്കപ്പെട്ടതാണു ബ്രിട്ടീഷ് ശക്തി എന്നു പറഞ്ഞാല്‍ അതിനെപ്പറ്റി ഞങ്ങള്‍ക്കുള്ള നിര്‍വ്യാജമായ ആദരവും ഭക്തിയും അനുമോദനവും ഏതാണ്ട് വര്‍ണ്ണിച്ചു കഴിഞ്ഞു”. പൊള്ളയായ കീര്‍ത്തിഘോഷണമോ സേവാപിടിത്തമോ ആയിരുന്നില്ല ഇത്. ക്രൂരമായ ജാതി വ്യവസ്ഥയാല്‍ ബന്ധനസ്ഥരായി അനേകം നൂറ്റാണ്ടുകള്‍ ജീവിക്കേണ്ടി വന്ന ബഹുകോടി ജനങ്ങള്‍ക്കു അറിവിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചം തെളിയിച്ചു കൊടുത്തതിനുള്ള ആദരപൂര്‍വമായ നന്ദിപ്രകടനമായിരുന്നു. മതേതരനും മനുഷ്യസ്‌നേഹിയും അനുകമ്പാമൂര്‍ത്തിയുമായ നാരായണഗുരു പോലും ബ്രിട്ടീഷ്ഭരണത്താല്‍ കീഴാളജാതികള്‍ക്കുണ്ടായ നേട്ടത്തെ വാഴ്ത്തുകയുണ്ടായി.
സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് ആചാര്യനുമായിരുന്ന ഇ.എം.എസ് പറഞ്ഞത്: ”ബ്രിട്ടീഷുകാരുടെ വരവ് കേരളത്തിന്റെ സമൂഹത്തിലും സംസ്‌കാരത്തിലും വലിയൊരു മാറ്റം വരുത്തി. നൂറ്റാണ്ടുകളോളം കാലമായി മുരടിച്ചു നില്‍ക്കുന്ന കേരളത്തിലെ ജാതി-ജന്മി-നാടുവാഴി മേധാവിത്വ സമൂഹത്തിനും അതിന്റെ സംസ്‌കാരത്തിനും കനത്ത ഒരു പ്രഹരമാണു ബ്രിട്ടീഷുകാര്‍ ഏല്പിച്ചത്” മാര്‍ക്‌സിസ്റ്റ് സഹയാത്രികനായ ചരിത്രകാരന്‍ രാജന്‍ഗുരുക്കള്‍ നിരീക്ഷിക്കുന്നതു നോക്കുക: ”കോളനി വാഴ്ചയ്‌ക്കൊപ്പം കടന്നുവന്ന ആധുനികചിന്തയാണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജാത്യാചാരങ്ങളുടെ ലംഘനത്തിനു പ്രേരണയായത്. കേരളത്തില്‍ ബ്രിട്ടീഷുകാരുടെ ഭരണകാലത്തു നടന്നുവന്നത് പുതിയൊരു ലോകബോധ സൃഷ്ടിയും മനോമണ്ഡലം ഉടച്ചുവാര്‍ക്കുന്ന പ്രക്രിയയുമായിരുന്നു”. മഹാത്മാ, ഫൂലേ തുടങ്ങിയ നവോത്ഥാന നായകര്‍ മുതല്‍ ആധുനിക ചരിത്രകാരനായ രാമചന്ദ്രഗുഹ വരെയുള്ളവര്‍ ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു ബ്രിട്ടീഷ് സാമ്രാജ്യശക്തി നല്‍കിയ സംഭാവനകളെ വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ അടരാടിയ അഞ്ചുതെങ്ങിലെ ജനസമൂഹത്തിന് അക്കാലത്ത് അക്കാര്യം ഗ്രഹിക്കാനാവുമായിരുന്നില്ല. പില്‍ക്കാലത്താണല്ലോ അതിന്റെ സത്ഫലങ്ങള്‍ പ്രകടമാകാനും തിരിച്ചറിയാനും സാധിച്ചത്. ജാതി ഭേദത്തിന്റെയോ മതദ്വേഷത്തിന്റെയോ ബ്രാഹ്മണ്യഹിന്ദുത്വ ദുരാചാരങ്ങളുടെയോ തിക്താനുഭവങ്ങള്‍ നേരിടാതെ സ്വസ്ഥമായി ജീവിച്ചിരുന്ന അഞ്ചുതെങ്ങിലെ മനുഷ്യരെ സംബന്ധിച്ചിടത്തോളം, ബ്രിട്ടീഷുകാരുടെ കടന്നുകയറ്റം, തങ്ങളുടെ സ്വാതന്ത്ര്യത്തിനും സമാധാന ജീവിതത്തിനും വ്യാപാര വാണിജ്യ ബന്ധങ്ങള്‍ക്കും ഭംഗം വരുത്തുന്നതായിരുന്നു. കാലവും തലമുറകളും മാറിമറിഞ്ഞപ്പോള്‍, അച്ചടിയും, പുസ്തകപ്രസാധനവും വാര്‍ത്താ വിനിമയബന്ധങ്ങളും വ്യാപകമായപ്പോള്‍, ഗതാഗത സൗകര്യങ്ങളും ദേശാന്തര സഞ്ചാരങ്ങളും വര്‍ദ്ധിച്ചപ്പോള്‍, കേരളീയവും ഭാരതീയവുമായ ജീവിതത്തില്‍ പുലരുന്നത് എന്താണെന്നും അതില്‍ ബ്രിട്ടീഷ് ആധിപത്യശക്തി വഹിച്ച പങ്കെന്താണെന്നും തിരിച്ചറിയാന്‍ മറ്റു ജനവിഭാഗങ്ങളെ പോലെ അഞ്ചുതെങ്ങുകാര്‍ക്കും കഴിഞ്ഞിരുന്നു. ആ തലമുറയിലെ സന്തതിയായിരുന്നു കുമാരനാശാന്‍.



മൈസൂരിലും ബംഗാളിലും മദ്രാസിലും വിദ്യാഭ്യാസം ചെയ്ത, എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കേരളത്തിലുടനീളം സഞ്ചരിച്ചു വിവിധ ജനവിഭാഗങ്ങളുമായി സംവദിച്ച, ഗ്രന്ഥപാരായണത്തിലൂടെയും പത്രമാധ്യമങ്ങളിലൂടെയും ലോകത്തിന്റെ ഗതിവിഗതികള്‍ സ്വാംശീകരിച്ച ആശാന്; ഇന്ത്യയിലെ ബ്രിട്ടീഷ്ഭരണം ഈശ്വരാനുഗ്രഹമായിട്ടെ കാണാനാവുമായിരുന്നുള്ളു. മറിച്ച് ചിന്തിക്കുന്നവരോട് ആശാന്‍ ചോദിക്കുന്നത് : ”ലോകത്തില്‍ വച്ച് ഏറ്റവും നീതിനിഷ്ഠവും ഉത്കര്‍ഷവുമുള്ള വര്‍ഗ്ഗക്കാരില്‍ ഒന്നായ ഇംഗ്ലീഷുകാര്‍ക്ക് ഈ മഹാരാജ്യത്തിന്റെ മേലുള്ള അകണ്ടകമായ ആധിപത്യം ഒരു മഹത്തായ ആവശ്യം അല്ലയോ? ഇത് ഉയര്‍ന്ന തരത്തിലുള്ള ഒരു അനുഗ്രഹത്തിനായി നാം ഒരു സമുദായത്തിന്റെ നിലയില്‍ ഈശ്വരനു നേരെ എത്ര തന്നെ കൃതജ്ഞത കാണിച്ചാലും അധികമാകുന്നതാണോ?” എന്നാണ്. ആശാന്റെ നിലപാടിനോട് വിയോജിക്കുന്നവര്‍, ”പടിഞ്ഞാറന്മാര്‍ ഇന്ത്യയിലേക്കു വന്നു എന്നത് ഈശ്വരാനുഗ്രഹം തന്നെയെന്ന് നാം അംഗീകരിക്കണം” എന്നു ടാഗൂറും, ”ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അധികാരം ഇന്ത്യയില്‍ നിലനിന്നു പോരുന്നത് അവരുടെ ആയുധബലം കൊണ്ടല്ല അവരുടെ അധികാരത്തിന്റെ അസ്ഥിവാരം ഉറപ്പിച്ചുവച്ചിരിക്കുന്നത് അവരുടെ സത്യസന്ധതയിലും നീതിന്യായവുമായ നടപടിയിലുമാണ്. ആള്‍ഭേദമോ ജാതിമത വ്യത്യാസമോ കൂടാതെ നീതിന്യായം നടത്തുക, ശിക്ഷാരക്ഷ ചെയ്യുക, വിദ്യാഭ്യാസം നല്‍കുക, ജനങ്ങളുടെ സുഖം ഐശ്വര്യം മുതലായതിനെ വര്‍ദ്ധിപ്പിക്കുക ഇതുകളാകുന്നു ബ്രിട്ടീഷ് രാജ്യഭരണത്തിന്റെ പ്രധാന ലക്ഷണങ്ങള്‍” എന്നു കേരള ചരിത്രകാരനായ കെ.പി. പത്മനാഭമേനോനും ”ലോകത്തില്‍ ദുര്‍ബ്ബലന്മാരായ ജാതിക്കാരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ബലവാന്മാരും അക്രമികളുമായവരുടെ കൈയില്‍ നിന്നു രക്ഷിച്ച് ദുര്‍ബ്ബലന്മാരെ പാലിക്കുന്നതിനായി ചെയ്യുന്ന ഈ യുദ്ധത്തില്‍ (ഒന്നാം ലോകമഹായുദ്ധം) ചക്രവര്‍ത്തി മഹാരാജാവ് തിരുമനസ്സിലെ ഗവണ്‍മെന്റിനെ ആള്‍ കൊണ്ടും അര്‍ത്ഥം കൊണ്ടും സഹായിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമായൊരു കര്‍മ്മം ഈഴവ സമുദായാംഗങ്ങള്‍ക്കു വിചാരിക്കാന്‍ കൂടി കഴിയുന്നതല്ല. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സാന്നിദ്ധ്യം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ താഴ്ത്തപ്പെട്ട വര്‍ഗ്ഗക്കാരുടെ അവസ്ഥ ഇന്ന് ഏതു നിലയിലായിരിക്കുമെന്നു ആലോചിച്ചു നോക്കുന്നത് ഈ കൃത്യനിര്‍വഹണത്തില്‍ ഒരു വലിയ പ്രേരണയായിരിക്കുന്നതാണ്” എന്നു ടി.കെ. മാധവനും പറഞ്ഞിട്ടുള്ളത് ഓര്‍ക്കേണ്ടതാണ്.
ബ്രിട്ടീഷ് ഗവണ്‍മെന്റിനെ കുറ്റം പറയുന്നവര്‍ക്കു ആശാന്‍ നല്‍കുന്ന മറുപടി കൂടി വായിക്കുക. ”ബ്രിട്ടീഷ് ഗവണ്‍മെന്റിനെ കുറ്റം പറയുന്നവര്‍ക്ക് അവര്‍ ആക്ഷേപിക്കുന്ന ആ ഗവണ്‍മെന്റ് ആകപ്പാടെ നോക്കിയാല്‍ ഈ നാട്ടില്‍ അശോകചക്രവര്‍ത്തിയുടെ കാലശേഷമുണ്ടായ സ്വദേശിയോ വിദേശിയോ ആയ മറ്റേതെങ്കിലും ഗവണ്‍മെന്റിനെക്കാള്‍ ന്യൂനഗുണമായിരിക്കുന്നു എന്നു നമ്മോട് ഉറപ്പായി പറവാന്‍ കഴിയുമോ? ഞങ്ങളുടെ അഭിപ്രായത്തില്‍ ഒരു ഗവണ്‍മെന്റ് നല്ലതാണെന്നു പറയപ്പെടുന്നത് അതു തന്റെ കീഴിലുള്ള പ്രജകളില്‍ ഏറ്റവും എളിയ വര്‍ഗ്ഗക്കാര്‍ക്കു പോലും എല്ലാ പ്രകാരത്തിലുമുള്ള അഭിവൃദ്ധിയുണ്ടാവാനും തങ്ങളുടെയും തങ്ങളുടെ രാജ്യത്തിന്റെയും രാജാവിന്റെയും ഈശ്വരന്റെയും നേരെ തങ്ങള്‍ക്കുള്ള കൃത്യങ്ങളെ ചെയ്‌വാനും നല്‍കുന്ന സൗകര്യങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും ഏറ്റക്കുറച്ചിലനുസരിച്ചായിരിക്കും. ഈ തോതനുസരിച്ച് നോക്കുകയാണെങ്കില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഈ രാജ്യത്തിനു പരോക്ഷമായും അപരോക്ഷമായും ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ അനവധി ഗുണങ്ങള്‍ക്കായി അതിനു വളരെ വന്ദനം പറയേണ്ടതാകുന്നു”.
(തുടരും)