സമൂഹവും സംസ്‌കാരവും പുതുക്കിപ്പണിയുക ലക്ഷ്യം

രാജികള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങി അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ പങ്കുപറ്റുകയായിരുന്നില്ല, മറിച്ച്‌ സമൂഹത്തേയും സംസ്‌കാരത്തേയും സമത്വം, സ്വാതന്ത്ര്യം, നീതി എന്നീ അടിസ്ഥാനമൂല്യങ്ങളിലൂന്നി പുതുക്കിപ്പണിയുകയായിരുന്നു അംബേദ്കറുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഈ അധീശ വരേണ്യധാരകളോടും ദമനാത്മകമായ സമ്മത അജ്ഞതയോടും വിമര്‍ശ ഗൗരവത്തോടെ വിച്ഛേദിക്കേണ്ടതായും വന്നു.

ഡോ.ബി.ആർ. അംബേദ്കർ

2018ലെ ശബരിമല ശൂദ്ര ലഹളയിലൂടെ ഇന്ത്യന്‍ ഭരണഘടനയെ ആത്യന്തികമായി അട്ടിമറിക്കുന്നതില്‍ ബ്രാഹ്മണികസഖ്യം വിജയിച്ചു. കേരള മുഖ്യമന്ത്രിയെ തന്നെ തെരുവില്‍ ജാതിത്തെറിവിളിച്ച മണിച്ചിപ്പിള്ള എന്ന ശൂദ്ര സ്ത്രീയെ മുന്‍നിര്‍ത്തിയായിരുന്നു ഈ തെരുവുതോറുമുള്ള തൊഴിലുറപ്പുകരസേവ പൂര്‍ത്തിയാക്കിയത്.1920 കളില്‍ സി. കേശവനും സി. വി.യും ജാതിത്തെറികേട്ടവരാണ്. പക്ഷേ അതവരുടെ പൊതുജീവിതത്തിന്റെ ആദ്യഘട്ടത്തിലായിരുന്നു.കേരളത്തെ ജാതി ഇരുട്ടില്‍ നിന്നും മോചിപ്പിച്ച ഗുരുവിനെക്കുറിച്ചും ജാതിത്തെറി അടക്കം പറയുന്ന ശൂദ്രവരേണ്യരെ നമുക്കിന്നും തെരുവിലും പരശുറാം എക്‌സ്പ്രസുകളിലും പൊതുസ്ഥാപനങ്ങളിലും കാണാം.

2018 ല്‍ പിണറായി തന്റെ വാര്‍ധക്യത്തിലാണ്‌ കേരളമുഖ്യമന്ത്രിയായിരുന്ന്‌ കേരളത്തിന്റെ അശോക സംസ്‌കാര ചരിത്രത്തെ മുഴുവന്‍ അവഹേളിക്കുന്ന (അ)ശോക മക്കളേയും അവരുടെ അമ്മമാരേയും അവരുടെ ജൈവശരീരങ്ങളേയും നിര്‍ലജ്ജം കുത്തുന്ന പഴയ പഴവങ്ങാടി, ചാത്തന്നൂര്‍ മാതൃകയിലുള്ള പന്നിപ്പേറു പരാമര്‍ശത്തെ പോലുള്ള ക്ഷുദ്രമായ ജാതിത്തെറികേള്‍ക്കേണ്ടി വന്നത്.

സി. ഐ. എ. സാമ്പത്തിക സഹായത്തോടെ നടന്ന ഗോസായി ഗുരുജിമാരുടെ ആശീര്‍വാദമുണ്ടായിരുന്ന വിമോചന സമരക്കാലത്തുപോലും ഇത്രയും നടന്നിട്ടില്ല. ഹിന്ദുസ്വരാജ്യത്തിന്റെ ആദ്യകൊലവിളി വര്‍ത്തമാനത്തില്‍ മലയാളകുലീനയിലൂടെ കേരളത്തിലാണ് മുഴങ്ങിയത്. ഷായും മോദിയും മൂന്നുമാസം കഴിഞ്ഞാണ് സാമ്പത്തിക സംവരണം കേന്ദ്രത്തില്‍ പ്രഖ്യാപിച്ചത്. വ്യാജമായ ബ്രാഹ്മണ പിതൃപാരമ്പര്യത്തെ പിന്‍പറ്റുന്ന സവര്‍ണ-സിറിയന്‍ അച്ചുതണ്ടിലൂടെ ശബ്ദവും നിര്‍വാഹകത്വവുമുള്ള ബഹുജന കര്‍തൃത്വങ്ങളെ പൊതുസേവന രംഗത്തും വിദ്യാഭ്യാസരംഗത്തും വ്യക്തിഹത്യ വ്യവഹാരങ്ങളിലൂടെ അസുരവല്‍ക്കരിച്ചുവേര്‍തിരിച്ചു കുശുമ്പും കുന്നായ്മയും പെരുക്കി അല്‍പ്പരും അജ്ഞരുമായ ചില കീഴാളവ്യക്തികളെ കോമരങ്ങളും ഒടിയൻമാരുമായി ഉപയോഗിച്ചു വളഞ്ഞിട്ടു മര്‍ദിക്കുന്നതും പുറന്തള്ളുന്നതും ഈ അധീശ ആഗോള വലയുടെകണ്ണികളാണ്. ബ്രാഹ്മണ്യത്തിന്റെ പേടി സ്വപ്‌നമായ അശോകന്‍ പ്രബുദ്ധതയുടെ കേരളീയ പാരമ്പര്യങ്ങളുള്ളവരെ വിദ്യാഭ്യാസ ഘട്ടത്തില്‍തന്നെ അവര്‍ മാര്‍ക്കു ചെയ്യുന്നു. ഇഞ്ചത്തലയും സംഘത്തലയായ ഈഴത്തലയും ഒരു പോലെ ചതയ്ക്കണം എന്നാണ് മലയാളകുലീനമായ അധീശ ഹിംസാത്മക ആപ്തവാക്യം. ഇഴചേരുന്നതാണ്അഥവാ സംഘടിതമായതാണ്ഈഴം. പ്രാചീന തമിഴില്‍ അത്‌ സംഘസംസ്‌കാരം തന്നെ. സത്യനഭിനയിച്ച പഴയ കായംകുളംകൊച്ചുണ്ണിയിലെ ജാനകിപ്പിള്ളയെ പോലും നാണിപ്പിക്കുന്ന രീതിയില്‍ മണിച്ചിപ്പിള്ള തെരുവില്‍ നടത്തിയ ആ അഴുകിയശൂദ്ര വായ്ത്താരിയും, മാവാരത പട്ടത്താനികളും ഗീതാഗിരിക്കാരും ജനങ്ങളുടെ ചെലവില്‍ അക്കാദമികളിലും മാധ്യമങ്ങളിലും നടത്തുന്ന സനാതന വൈദിക ഗീര്‍വാണങ്ങളും പ്രബുദ്ധതയോടും സംഘടിതരായിരുന്ന ബഹുജനങ്ങളോടും ചെയ്യുന്ന നിരന്തര പ്രതീകഹിംസയുടെ ജുഗുപ്‌സാവഹമായ പ്രഖ്യാപനങ്ങളാണ്.

തെന്നിന്ത്യയില്‍ ജസ്റ്റിസ് പാര്‍ട്ടിയും തന്റേട പ്രസ്ഥാനവുംആണ്അംബേദ്കറുടെ ആശയങ്ങള്‍ സ്വാംശീകരിച്ചത്. 1931-ല്‍ത്തന്നെ പെരിയോര്‍ പ്രസ്ഥാനത്തിന്റെ പത്രമായ കൂടിയരശില്‍ കമ്മ്യൂണല്‍ അവാർഡിനെ പിന്‍താങ്ങിക്കൊണ്ടുള്ള ഒരു മുഖപ്രസംഗം വരികയുണ്ടായി. ഗാന്ധിസത്തോടുളള രൂക്ഷവിമര്‍ശവും പെരിയോര്‍ പ്രസ്ഥാനത്തിലുണ്ടായിരുന്നു. 1940-ല്‍ പെരിയോര്‍ മുംബൈയിലെത്തി ധാരാവിയിലെ ഒരു തമിഴ്‌മൊഹല്ലയില്‍ വച്ച്ജിന്നയും അംബേദ്കറുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു (ഓംവെത് 88). 1944 ലും അവര്‍കൂടിക്കാഴ്ച നടത്തിയതായി വസന്ത്മൂണ്‍ രേഖപ്പെടുത്തുന്നു. 1944-ലെ കൂടിക്കാഴ്ചയുടെ മനോഹരമായഒരു പഴയകരിവെള്ള ഫോട്ടോഗ്രാഫ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍കൊടുത്തിട്ടുണ്ട് (മൂണ്‍ 62). അംബേദ്കറും പെരിയോറും ഉള്ളുതുറന്നു ചിരിച്ചു തമാശപറയുന്ന ഈ കരിവെള്ളഫോട്ടോതികച്ചും അപൂര്‍വ്വംതന്നെ. അംബേദ്കര്‍ക്കു അരനൂറ്റാണ്ടു മുമ്പുതന്നെ ഇന്ത്യയിലെആദ്യ നവബുദ്ധവാദ പ്രസ്ഥാനം തുടങ്ങുന്നത് 1890 കളില്‍ തമിഴകത്തെ നീലഗിരികളില്‍കേണല്‍ഓല്‍ക്കോട്ടിന്റേയും അനാഗരിക ധർമ്മപാലയുടേയുംസഹായത്തോടെ പണ്ഡിററ്അയ്യോതിതാസരാണ് (1845-1914). അംബേദ്കര്‍ നാരായണഗുരുവിനെ പോലെ പിന്നീട് രണ്ടു തവണ അശോകന്‍ കാലംമുതല്‍ പ്രബുദ്ധമായി തുടര്‍ന്ന സംഘത്തിന്റെ നാടായ ഈഴത്തുപോയതു പോലെഅയ്യന്റെഓതിയുടെദാസരായഅഥവാ ബുദ്ധവചനത്തിന്റെ അനുയായിയായ താസര്‍ ഈഴത്തു പോയാണ് ദീക്ഷ സ്വീകരിച്ചത്. ദ്രാവിഡ പാണ്ട്യന്‍ ജേണലിലൂടെ ദ്രവീഡിയന്‍ പ്രസ്ഥാനം തുടങ്ങിയത് ഈ ദലിത് നേതാവാണ്. ഇന്ത്യയിലെ രണ്ടാമത്തെ നവബുദ്ധവാദം കേരളത്തില്‍ഗുരുശിഷ്യരായസഹോദരനും മിതവാദിയും സി. വിയുംകൂടിതുടങ്ങിയത് 1920 കളിലാണ്. മൂലൂരിന്റെധർമ്മപദവിവര്‍ത്തനം പാലിയില്‍ നിന്നു നേരിട്ടു പുറത്തുവന്നത് 1925 ലാണ്. ബുദ്ധകാണ്ഡം അടങ്ങിയസഹോദരന്റെ പദ്യകൃതികള്‍ 1934 ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായി. 1950 കളിലാണ് ബാബായുടെ നവയാനം വിജയകരമായി നടന്നത്.

ഏതായാലും അധ്വാനവര്‍ഗ്ഗപ്രശ്‌നത്തിലുംകര്‍ഷകതൊഴിലാളി പ്രശ്‌നത്തിലും പലപ്പോഴുംഒന്നിച്ചു പ്രവര്‍ത്തിച്ച ഇടതുപക്ഷം അതിന്റെ ജാതി ഹിന്ദു നേതൃത്വത്തിന്റെ ദമനാത്മകമായസാംസ്‌കാരിക അജ്ഞതയും സ്വാര്‍ഥമായ അമിതപ്രാതിനിധ്യദുരയും സങ്കുചിതമായ വര്‍ഗ്ഗമാത്രവാദവും മൂലം അംബേദ്കര്‍ പ്രസ്ഥാനവുമായി അകലുകയും ജാതിയെ രണ്ടാമതായി മാത്രം കാണുകയും വര്‍ഗ്ഗ സമരത്തിലൂന്നുകയും ചെയ്യുന്ന നിലപാടിലേക്കുമാറുകയുംചെയ്തു. ദേശീയവാദകോണ്‍ഗ്രസ് ധാരയുംഅതിലെസോഷ്യലിസത്തില്‍നിന്നുടലെടുത്ത കമ്മ്യൂണിസ്റ്റു ധാരയുംജാതിയേയുംഅടിത്തട്ടിലുളള തൊട്ടുകൂടാത്ത ജനവിഭാഗങ്ങളുടെ ജീവിതപ്രശ്‌നങ്ങളേയും പ്രാഥമികമായി അംഗീകരിക്കാതിരുന്ന സന്ദര്‍ഭത്തില്‍ അംബേദ്കര്‍ക്ക് ഏകനായിതന്റെ വിമോചന സിദ്ധാന്തവും പ്രയോഗവുംമുന്നോട്ടുകൊണ്ടുപോകേണ്ടതായി വന്നു. രാജികള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങി അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ പങ്കുപറ്റുകയായിരുന്നില്ല, മറിച്ച്‌ സമൂഹത്തേയും സംസ്‌കാരത്തേയും സമത്വം, സ്വാതന്ത്ര്യം, നീതി എന്നീ അടിസ്ഥാനമൂല്യങ്ങളിലൂന്നി പുതുക്കിപ്പണിയുകയായിരുന്നു അംബേദ്കറുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഈ അധീശ വരേണ്യധാരകളോടും ദമനാത്മകമായ സമ്മത അജ്ഞതയോടും വിമര്‍ശഗൗരവത്തോടെ വിച്ഛേദിക്കേണ്ടതായും വന്നു.

യാഥാസ്ഥിതിക മാര്‍ക്‌സിസവുമായി അദ്ദേഹത്തിന്റെ സാമൂഹ്യ ജനായത്ത വിമോചന ചിന്തയ്ക്കുചേര്‍ന്നു പോകാനുള്ള പല പ്രശ്‌നങ്ങളും അദ്ദേഹം വ്യക്തമായി ചൂണ്ടിക്കാട്ടുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സഹോദരന്‍ തന്നെ കേരളത്തില്‍ പരിചയപ്പെടുത്തിയ ലോകത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ പ്രചോദിപ്പിച്ച റഷ്യന്‍ വിപ്ലവവും കമ്മ്യൂണിസവും രണ്ടു ദശകങ്ങളോടെതന്നെ പലതരം സമഗ്രാധിപത്യസ്വഭാവങ്ങളിലേക്കുവഴിമാറി. ഇന്ത്യയില്‍ സംഭവിച്ചതു പോലെ തല്‍സ്ഥിതി (സ്റ്റാറ്റസ്‌കോ) സഖ്യങ്ങളുംവരേണ്യരുംഅതിനെ എല്ലായിടത്തും സ്വാംശീകരിച്ചെടുത്തു സ്വന്തംവര്‍ഗ്ഗ, വംശ താല്‍പര്യങ്ങളിലേക്കു ദുരുപയോഗംചെയ്തു. ദേശീയവാദങ്ങളും പ്രാദേശികവാദങ്ങളും സംസ്‌കാരദേശീയവാദവും തന്നെയാണ് 1930-കളോടെ യൂറോപ്പിലെങ്ങുംരണ്ടാം ലോകമഹായുദ്ധത്തിലേക്കുള്ള യൂറോപ്യന്‍ നാഗരികതയുടെ പതനത്തിന് ആക്കംകൂട്ടിയത്. ഭാഷാദേശീയവാദങ്ങളും വംശീയതയും മതസംഘര്‍ഷങ്ങളും യൂറോപ്പിനെ നരമേധപരമായഹോളോകോസ്റ്റ്ദുരിതത്തിലേക്കു നയിച്ചു. നാസിസവും ഫാഷിസവും കൂട്ടക്കൊലകളും അപരഹിംസയും നഗ്നമായി നടമാടി. ഇന്ത്യയില്‍ 1905-ലെ ബംഗാള്‍വിഭജനം മുതലെങ്കിലും വലിയതോതിലുള്ള ഹിന്ദു-മുസ്ലീം ധ്രുവീകരണവുംസംഘര്‍ഷങ്ങളും ഉണ്ടായി. ഇസ്ലാമിക രാഷ്ട്രവാദവുംവിഭജനവാദവും ശക്തമായി മുന്നോട്ടുവന്നു. പാക്കിസ്ഥാനെക്കുറിച്ചുള്ള വ്യവഹാരം ഈ സന്ദര്‍ഭത്തിലുണ്ടായതാണ്. ബ്രിട്ടന്റെ നിസ്സഹായതയെ മുതലെടുക്കാം എന്നാണ്‌ കോണ്‍ഗ്രസിലെ പല മുതല്‍പിടികളും കരുതിയത്. ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ തത്വാധിഷ്ഠിത പിന്തുണ നല്‍കാംഎന്നായിരുന്നു നെഹ്‌റുവിന്റെ നിലപാട്. സുഭാഷ്‌ബോസിനെപ്പോലുള്ളവര്‍ ജപ്പാന്റേയും ജര്‍മ്മനിയുടേയും പക്ഷം ചേര്‍ന്നുകൊണ്ട് ബ്രിട്ടീഷ്‌രാജിനെതിരായ സൈനിക നീക്കംതന്നെ നടത്തി. സോവിയറ്റ്‌യൂണിയന്റെ നിലപാടുകളുമായി ബന്ധപ്പെട്ട്‌സ്വന്തം നില പലപ്രാവശ്യംമാറ്റേണ്ടിവന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍മുഖം നഷ്ടമാവുകയാണുണ്ടായത്. സ്വന്തം സമരത്തില്‍മാത്രം തല്‍പരനായിരുന്ന ഗാന്ധിജിയും മറ്റുംഇത്തരുണത്തില്‍ കൂടുതല്‍ സ്വീകാര്യത നേടുകയുണ്ടായി. 1939-ല്‍ യുദ്ധപ്രഖ്യാപനം നടന്നപ്പോള്‍ കോണ്‍ഗ്രസ്‌ സാമാജികര്‍ രാജിവച്ചു. ഇതിനെ മുക്തിദിവസമായി മുസ്ലീംലീഗും ജിന്നയും വാഴ്ത്തി. അംബേദ്കറും ഐ.എല്‍.പി.യും ലീഗിനൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. ഫാഷിസത്തിനെതിരായ യുദ്ധം ഒരു ജീവൻമരണ ജനായത്ത സമരമായി കണ്ട അംബേദ്കര്‍സര്‍വാത്മനാ ബ്രിട്ടന്റെ യുദ്ധത്തിനു പിന്തുണകൊടുത്തു (ഓംവെത് 94). ഫാഷിസ്റ്റുകളുടെവിജയത്തിലൂടെകൈവരുന്ന സ്വാതന്ത്ര്യം നരകമായിരിക്കും എന്നദ്ദേഹത്തിനു വ്യക്തമായിരുന്നു. സാമൂഹ്യശാസ്ത്രങ്ങളും സംസ്‌കാരചരിത്രവും പഠിച്ച ഒരാധുനികരാഷ്ട്രമീമാംസകന്‍ എന്ന നിലയില്‍തികച്ചും യുക്തിഭദ്രവും ഭാവിയേക്കരുതുന്നതുമായിരുന്നു അംബേദ്കറുടെ നിലപാട് എന്നുകാണാം. ദേശീയതയുടെപ്രശ്‌നത്തിലും ചരിത്ര സാമൂഹ്യയാഥാര്‍ഥ്യങ്ങളേയും ജനങ്ങളുടെ ഇച്ഛയേയും പ്രാഥമികമായികാണുന്ന പ്രായോഗിക നിലപാടാണദ്ദേഹം സ്വീകരിച്ചത്.

യാഥാസ്ഥിതിക മാര്‍ക്‌സിസവുമായി അദ്ദേഹത്തിന്റെസാമൂഹ്യ ജനായത്ത വിമോചന ചിന്തയ്ക്കുചേര്‍ന്നു പോകാനുള്ള പല പ്രശ്‌നങ്ങളും അദ്ദേഹം വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. ഒരു പക്ഷേ പുത്തന്‍ ഇടതിന്റെ ആധാരമായ സാംസ്‌കാരിക നൈതികമായ ജനപക്ഷ ഇടതുചിന്തയ്ക്കും അതിന്റെ അടിത്തറയായ ഗ്രാംചിയുടെകീഴാളം, അധീശത്തം, കീഴാളത്തിന്റെഉയിര്‍പ്പ്, അതില്‍ ജൈവബുദ്ധിജീവികള്‍ക്കുള്ള പങ്ക് എന്നീ പുതുരാഷ്ട്രീയ വ്യവഹാരങ്ങളില്‍ അംബേദ്കറുടെ ജനായത്ത ദര്‍ശനവും ഗ്രാംചിയുടെ സംസ്‌കാരസാമൂഹ്യ ഘടനകളെ പ്രാഥമികമാക്കുന്ന അധീശ വിമര്‍ശചിന്തയും തികച്ചും സമാനമായി വരുന്നു. തൊട്ടുകൂടാത്ത വരുംശൂദ്രരും ആരായിരുന്നു എന്നും എങ്ങനെ അവര്‍ അപമാനവീകരിക്കപ്പെട്ടു എന്നുമുള്ള ഇന്ത്യയുടെ നവബുദ്ധന്റെ സാമൂഹ്യചരിത്ര വിചാരങ്ങള്‍ ഗ്രാംചി ഇറ്റാലിയന്‍ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഫാഷിസം എങ്ങനെ കീഴള ജനതയെ തന്നെ കരുവാക്കി സമ്മത ഭരണത്തിലേക്കുവരുന്നു എന്ന ഏറെ കാലിക പ്രസക്തമായ അന്വേഷണവുമായി തികച്ചും അടുത്തു നില്‍ക്കുന്നു. രണ്ടിലും സാമ്പത്തികമല്ല, സാംസ്‌കാരിക ഘടനകളാണ് പ്രസക്തം. ഇടതില്‍ സാംസ്‌കാരികധാര ഗ്രാംചി വെട്ടിത്തുറന്നതിങ്ങനെയാണ്. പഴകിയ അടിത്തറ-മേല്‍പ്പുരമാതൃകയുടെ ആത്മവിമര്‍ശവുമാണത്. ബുദ്ധിജീവിയുടെ രാഷ്ട്രീയ നിലയേയും ധര്‍മത്തേയും കുറിച്ചുള്ള രണ്ടുപേരുടേയും ഭാവനകളുംസമാനമാണ്. പരമ്പരാഗത ബുദ്ധിജീവിയേയും ജൈവബുദ്ധിജീവിയേയും ഗ്രാംചി നീതിയുടെ തലത്തില്‍ വേര്‍തിരിച്ചപ്പോള്‍, തികച്ചും സമാനമായി പണ്ഡിതനേയും ബുദ്ധിജീവിയേയും കുറിച്ച്അംബേദ്കര്‍ നൈതികവിചാരം ചെയ്യുന്നു. സാമ്പത്തിക ഘടകങ്ങളേക്കാള്‍ നിര്‍ണായകമായ ചരിത്ര സംസ്‌കാരസാമൂഹ്യ ഘടകങ്ങളും ഘടനകളും കര്‍തൃത്വത്തേയും ചരിത്രത്തേയും രാഷ്ട്രീയത്തേയും നിര്‍ണയിക്കുന്നതെങ്ങനെ എന്നു വ്യക്തമാക്കിയത് ഇറ്റാലിയന്‍ ചരിത്ര പശ്ചാത്തലത്തില്‍ ഗ്രാംചിയുംഇന്ത്യയിൽ അംബേദ്കറുമാണ്. കീഴാളത്തിന്റെ ചരിത്രപരമായ ഏജന്‍സിയെ കുറിച്ച് ഗ്രാംചിഎഴുതിയപ്പോള്‍ ബഹിഷ്‌കൃതരുടെ ജനായത്തപരമായ നിര്‍വാഹകത്വത്തെ കുറിച്ചും രാഷ്ട്രീയ അധികാരത്തിന്റെ പ്രാധാന്യത്തേക്കുറിച്ചും ബാബ എഴുതി. പ്രാതിനിധ്യത്തിന്റേയും സാധ്യതയുടേയും കലയായി അദ്ദേഹം ജനായത്ത രാഷ്ട്രീയത്തെ നവീകരിച്ചു. സാമൂഹ്യ അസമത്വം നിര്‍മിക്കുന്നതില്‍ സാംസ്‌കാരിക ഘടനകളും മത പ്രത്യയശാസ്ത്ര സ്ഥാപനങ്ങളും വഹിക്കുന്ന പങ്കും പുത്തന്‍ ഇടതുചിന്തയേയും അംബേദ്കറിസത്തേയും കൂടുതല്‍ സമാനമാക്കുന്നതാണ്. ഓരോവിഭാഗങ്ങളെ വേര്‍തിരിച്ച് മനുഷ്യപദവിക്കും പൗരത്വത്തിനും പുറത്താക്കി പരസ്പരം തലതല്ലിച്ചു കൊല്ലിച്ചുചോരകുടിക്കുന്ന, കൊല്ലുന്ന ഹിന്ദുത്വ ഫാഷിസത്തോടുള്ള നിര്‍ണായകമായചെറുത്തു നില്‍പ്പില്‍ സത്യത്തിലും നീതിയിലും ജനായത്തത്തിലും വിശ്വസിക്കുന്ന എല്ലാരാഷ്ട്രീയ ധാരകളും ഒരുമിച്ചു വന്നുകൊണ്ട്‌ കേരളത്തില്‍ പോലും പെരുകുന്ന അപരഭീതിയേയും അപരവല്‍ക്കരണത്തേയും വംശഹത്യാവ്യവഹാരങ്ങളേയും ചെറുക്കട്ടെ എന്നു പ്രതീക്ഷിക്കാം. ഇത്തരം താത്വികവിചാരങ്ങള്‍ ഏറെവൈകിയെങ്കിലും ഒരു ജനകീയമായ സംവാദത്തിനും തെറ്റുതിരുത്താനും പ്രതിരോധത്തിനും അതിജീവനത്തിനും വഴിതുറക്കുമെന്നും കരുതാം.

Author

Scroll to top
Close
Browse Categories