പല്ലനയാറിൽ അന്ന്….

പല്ലനയാറിന്റെ തീരത്ത് കൈതക്കാടുകളും ഈറ്റക്കാടുകളും പാഴ് മരങ്ങളും ഇടതൂര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്നു. തീരം വിജനമാണ്. ചീങ്കണ്ണികളും വിഷപ്പാമ്പുകളും നീര്‍നായ്ക്കളും ഏറെയുണ്ടിവിടെ. ഒരു കൊടുംവനത്തിന്റെ ഭീകരത. അന്ന് വെളുപ്പിന് അഞ്ച് മണിക്കാണ് പല്ലനയിലെ പുത്തന്‍കരി വളവില്‍ റെഡീമര്‍ ബോട്ട് എത്തിയത്. ഉറക്കത്തിന്റെ ആലസ്യം കണ്ണില്‍ തളം കെട്ടി നില്‍ക്കുന്നത് കൊണ്ടാവാം ബോട്ട് സ്രാങ്ക് സൈമണിന് പുത്തന്‍കരിയിലെ കൊടുംവളവ് ശ്രദ്ധയില്‍ പെട്ടില്ല. പൊന്തക്കാടുകള്‍ നിറഞ്ഞ കരയിലേക്ക് ബോട്ട് ഇടിച്ചു കയറുമെന്ന് ഒരു നിമിഷം സൈമണ് തോന്നി. പെട്ടെന്ന് തിരിക്കാന്‍ ശ്രമം. ………’മഹാകവിയുടെ അന്ത്യയാത്ര’ എന്ന പുസ്തകത്തിൽ ഗ്രന്ഥകർത്താവ് ഇടശേരി രവി ഹൃദയസ്പർശിയായി വിവരിക്കുന്നു.

മകര മാസത്തില്‍ അന്ന് മരം കോച്ചുന്ന തണുപ്പായിരുന്നു. കൊല്ലത്ത് നിന്ന് 35 മൈല്‍ സഞ്ചരിച്ചാല്‍ പല്ലനയായി. പല്ലനയാറിന്റെ തീരത്ത് കൈതക്കാടുകളും ഈറ്റക്കാടുകളും പാഴ് മരങ്ങളും ഇടതൂര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്നു. തീരം വിജനമാണ്.
ചീങ്കണ്ണികളും വിഷപ്പാമ്പുകളും നീര്‍നായ്ക്കളും ഏറെയുണ്ടിവിടെ. പല്ലനയാറിന്റെ പടിഞ്ഞാറേ തീരത്ത് അക്കാലത്ത് ചില വീടുകളുണ്ടായിരുന്നു. എന്നാല്‍ കിഴക്കേ തീരം നാലുവശവും ജലത്താല്‍ ചുറ്റപ്പെട്ടു കിടന്നു. ഒരു കൊടുംവനത്തിന്റെ ഭീകരത.
അന്ന് വെളുപ്പിന് അഞ്ച് മണിക്കാണ് പല്ലനയിലെ പുത്തന്‍കരി വളവില്‍ റെഡീമര്‍ ബോട്ട് എത്തിയത്. ഉറക്കത്തിന്റെ ആലസ്യം കണ്ണില്‍ തളം കെട്ടി നില്‍ക്കുന്നത് കൊണ്ടാവാം ബോട്ട് സ്രാങ്ക് സൈമണിന് പുത്തന്‍കരിയിലെ കൊടുംവളവ് ശ്രദ്ധയില്‍ പെട്ടില്ല. മണിക്കൂറില്‍ അഞ്ച് മൈല്‍ വേഗതയിലായിരുന്നു ബോട്ട്. പൊന്തക്കാടുകള്‍ നിറഞ്ഞ കരയിലേക്ക് ബോട്ട് ഇടിച്ചു കയറുമെന്ന് ഒരു നിമിഷം സൈമണ് തോന്നി. പെട്ടെന്ന് തിരിക്കാന്‍ ശ്രമം. ബോട്ട് കീഴ്‌മേല്‍ മറിഞ്ഞു.
ഒറ്റപ്പെട്ട വീടുകളില്‍ നിന്നാണ് ആദ്യം ആളുകള്‍ ഓടി എത്തിയത്. ബോട്ടില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം കൈകള്‍ ഉയര്‍ന്നു. നാട്ടുകാര്‍ കായലിലേക്ക് ചാടി. പലരെയും രക്ഷപ്പെടുത്തി.നേരം പരപരാ വെളുത്തപ്പോഴേക്കും വള്ളവും വലയുമായി രക്ഷാപ്രവര്‍ത്തനം തുടങ്ങി. 95 അടി വീതിയും 10 അടി ആഴവുമുണ്ട് പല്ലനയാറിന്.
അപകട സ്ഥലത്ത് നിന്ന് അഞ്ഞൂറടിയോളം ദൂരെ പടിഞ്ഞാറെ തീരത്ത് ആറ്റിലേക്ക് പരുത്തിച്ചെടികള്‍ പടര്‍ന്നു കിടക്കുന്നുണ്ടായിരുന്നു. അപ്പവും ചുക്കുകാപ്പിയും വില്‍ക്കുന്നതിനായി പുലര്‍ച്ച കൊച്ചുവള്ളം തുഴഞ്ഞു വന്ന കുട്ടിയാലിക്ക് പരുത്തി ചെടികള്‍ക്കിടയില്‍ ആരോ കുടുങ്ങി കിടക്കുന്നതായി സംശയം തോന്നി.
കുട്ടിയാലിയുടെ ഉച്ചത്തിലുള്ള വിളി കേട്ട് രക്ഷാപ്രവര്‍ത്തകര്‍ അവിടെ ഓടിയെത്തുകയായിരുന്നു. മലയാളികളുടെ മഹാകവി നിശ്ചേതനായി അവിടെ ഒരിക്കലും ഉണരാത്ത നിദ്രയിലാണ്ടു കിടന്നു.ബോട്ട് മുങ്ങിയിടത്ത് നിന്ന് അഞ്ഞൂറ് അടി തെക്കു മാറി.
ഷർട്ടും കോട്ടും ദേഹത്തുണ്ടായിരുന്നു. മുണ്ട് അഴിഞ്ഞ നിലയിൽ. ചൊക്കൻ ശങ്കരനും മാന്നാറനാചാരിയും ചെണ്ടപ്പരമുമൂപ്പരും ചേർന്നാണ് മൃതദേഹം പൊക്കിയെടുത്തത്. കായിക്കരയിലും തോന്നയ്‌ക്കലും നിന്നെത്തിയ ബന്ധുക്കൾ ആശാന്റെ മൃതദേഹം കൊണ്ടുപോകണമെന്ന് ആഗ്രഹിച്ചു.. പല്ലനയിൽ സംസ്‌കരിക്കണമെന്ന് നാട്ടുകാരും. പല്ലനയാറിന്റെ തീരത്ത് സംസ്കരിക്കണമെന്ന കലവറ കേശവപിള്ളയുടെ തീരുമാനത്തോട് ഉദ്യോഗസ്ഥർ ഉൾപ്പെടെ യോജിച്ചു. ആറിന്റെ പടിഞ്ഞാറെ തീരത്ത് ആശാന്റെയും മറ്റുള്ളവരുടേത് കിഴക്കേ കരയിലും സംസ്കരിച്ചു. അപകടം അന്വേഷിക്കാൻ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി പി.ചെറിയാൻ അദ്ധ്യക്ഷനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു…കൊല്ലത്ത് നിന്ന് ആലുവയ്ക്കുള്ള യാത്രയിലായിരുന്നു മഹാകവികുമാരനാശാൻ.മഹാകവി ഉള്‍പ്പെടെ പൊലിഞ്ഞത് 24 ജീവനുകള്‍.
പല്ലനയാറിന്റെ ആഴങ്ങളിലേക്കു പോകുമ്പോള്‍ ആശാന് 51 വയസ്സായിരുന്നു. മേഘജ്യോതിസ്സു പോലെ ക്ഷണികമായിരുന്നു ആ ജീവിതമെങ്കിലും അദ്ദേഹത്തിന്റെ കാവ്യതേജസ് സൂര്യനെപ്പോലെ ഇപ്പോഴും ഈ ലോകത്തിന് സ്‌നേഹത്തിന്റെയും സംസ്‌കാരത്തിന്റെയും വെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്നു.

മഹാകവിയുടെ ‘ദുരവസ്ഥ’യില്‍ ആരും മുങ്ങി മരിക്കുന്നില്ല. എന്നിട്ടും കവി കുറിച്ചു.
എന്ത് ചെയ്യേണ്ടതെങ്ങോട്ടു പോകേണ്ടതി-
അന്ത കൂപത്തിലടഞ്ഞഹോ ഞാന്‍
ഹന്ത! താഴുന്നു. താഴുന്നു കഷ്ടം!
ശ്രീനാരായണ ഗുരുവിന്റെ പല്ലനയിലേക്കുള്ള യാത്ര ഏതാനും ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു. ആശാന്റെ അന്ത്യവിശ്രമസ്ഥലമായ കുമാരകോടിയില്‍ നിശബ്ദനായി ഗുരു നിന്നു. പതഞ്ഞൊഴുകുന്ന പല്ലനയാറും അതിന്റെ തീരത്ത് അന്തിയുറങ്ങുന്ന ആശാന്റെ കുടീരവും. കുടീരത്തിന്റെ മീതെ പടര്‍ന്നു കയറിയ കാട്ടുചെത്തിയില്‍ നിറയെ പൂക്കള്‍. കായലില്‍ നിന്ന് കിഴക്കന്‍ കാറ്റ് വീശിയടിക്കുന്നു.
തൃക്കുന്നപ്പുഴയില്‍ നിന്ന് വള്ളത്തിലാണ് ഗുരു എത്തിയത്. തന്റെ വീടിന് മുന്നിലെ കടവിലെത്തിയ ഗുരുവിനെ ആഞ്ഞിലിപലക പാലം പോലെ വള്ളത്തില്‍ ബന്ധിപ്പിച്ച് കൈയില്‍ പിടിച്ച് കൊച്ചുപപ്പു വള്ളത്തില്‍ നിന്ന് ഇറക്കി. നാട്ടുപ്രമാണിമാര്‍ ആശാന്റെ കുടീരത്തിനരികില്‍ നിന്ന ഗുരുവിനെ വന്ദിച്ചു. മറ്റു ചിലര്‍ ഗുരുപാദങ്ങളില്‍ വീണു നമസ്‌കരിച്ചു. ഗുരു ഒന്നും പറഞ്ഞില്ല. ആശാന്‍ എന്നന്നേക്കുമായി ഉറങ്ങിയ പല്ലനയാറിന്റെ തീരത്തെ കുമാരകോടിയില്‍ മൗനത്തിന്റെ തീരങ്ങളില്‍ തന്നെയായിരുന്നു മഹാഗുരു.

Author

Scroll to top
Close
Browse Categories