ഹിന്ദു എന്ന ആ ജന്തുനമുക്കാവശ്യമില്ല
നായരുടെ കൂട്ടുകെട്ടാണ് ഈഴവരുടെ അവകാശവാദങ്ങളുടെ മുന്നോട്ടുള്ള ഗതിക്കു വിഘ്നമായിത്തീര്‍ന്നിട്ടുള്ളത്. ആ വൈഷമ്യത്തെ ഇല്ലായ്മ ചെയ്യാൻ മി. നമ്പിയുടെ ചണ്ഡാലശാസ്ത്രം പ്രേരകമായിട്ടുണ്ടെന്നു പറയാം. ആ കാരണത്താല്‍ ഈ പ്രക്ഷോഭണത്തോടു ഈഴവ സമുദായത്തിന്റെ സമ്പൂര്‍ണ്ണമായ സഹകരണവും താല്പര്യവും ഉണ്ടായിത്തീര്‍ന്ന സംഗതിയും നമുക്ക് ആശ്വാസത്തിനു വക നല്‍കുന്നുണ്ട്. (കോഴഞ്ചേരി പ്രസംഗം 1935)
പ്രാതിനിധ്യത്തിനായുള്ള
സി. കേശവന്റെ സിംഹഗര്‍ജനം 1935
കേരളത്തില്‍ ഇരുപതാം നൂറ്റാണ്ടിനാദ്യ പകുതിയില്‍ അരങ്ങേറിയ ജനായത്തപരമായ പ്രാതിനിധ്യ സമരമായിരുന്ന നിവര്‍ത്തന പ്രക്ഷോഭത്തിന്റെ (1932-37) തീച്ചൂളയില്‍ സി. കേശവനെന്ന ഗുരുശിഷ്യന്‍ നടത്തിയ ചരിത്രഭാഷണം ഇന്ന് ഏറെ പ്രസക്തമാകുന്നു. രാഷ്ട്രീയ പ്രാതിനിധ്യം നിഷേധിക്കപ്പെട്ടിരുന്ന പിന്നാക്ക ജനവിഭാഗമായിരുന്ന ഈഴവരുടേയും ന്യൂനപക്ഷങ്ങളായ മുസ്ലീങ്ങളുടേയും ക്രൈസ്തവരുടേയും ജനായത്ത പ്രാതിനിധ്യത്തിനു വേണ്ടിയായിരുന്നു നിവര്‍ത്തന പ്രക്ഷോഭം.
വൈദികവര്‍ണാശ്രമധര്‍മത്തിന്‍ കീഴില്‍ ജാതിവ്യവസ്ഥയുടേയും തീണ്ടലിന്റേയും ഭാഗമായി പൊതുസേവനത്തില്‍ നിന്നും പൊതുവിദ്യാഭ്യാസത്തില്‍ നിന്നും നിയമസഭകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട പ്രവേശനവും പ്രാതിനിധ്യവും നിഷേധിക്കപ്പെട്ട് ജനായത്തപരമായ പ്രാതിനിധ്യത്തില്‍ പിന്നാക്കമായ സമുദായങ്ങളുടെ അധികാര പ്രവേശനം ഉറപ്പാക്കുന്ന സാമുദായിക സംവരണവും അതിനായുള്ള സെലക്ഷന്‍ നിയന്ത്രിക്കുന്ന പബ്ലിക് സര്‍വീസ് കമ്മീഷനും രൂപീകരിക്കപ്പെടുന്നത് കോഴഞ്ചേരി പ്രസംഗത്തിന്റെ സ ദ് ഫലമായിരുന്നു. ഇന്ത്യന്‍ ഭരണഘടനയിലൂടെ രാഷ്ട്രീയ പ്രാതിനിധ്യം അംബേദ്കര്‍ മൗലികാവകാശമായി നീതിനിയമ വിധേയമാക്കുന്നതിനും പന്ത്രണ്ടു വര്‍ഷം മുമ്പാണിതെന്നോര്‍ക്കണം.
വസ്തുകരം നോക്കിയല്ല ജനസംഖ്യാനുപാതികമാകണം പ്രാതിനിധ്യം എന്ന ലോകസമ്മതമായ ജനായത്തവാദം ഈഴവസമുദായം ഉന്നയിച്ചുവിജയിക്കുന്നതും കോഴഞ്ചേരി പ്രസംഗത്തെ തുടര്‍ന്നാണ്. പ്രായപൂര്‍ത്തി വോട്ടവകാശമെന്ന രാഷ്ട്രീയജനായത്ത പദ്ധതിയും വിജയം കണ്ടു. 1920കള്‍ മുതല്‍ അംബേദ്കറും 1940കളില്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ നാഗപ്പയും മുനിസാമിയും അംബേദ്കറോടൊത്തുയര്‍ത്തിയതുമായ പ്രാഥമിക ജനായത്ത തത്വമായിരുന്നു ഇത്. ജാതിഹിന്ദു കുലീന ഒളിഗാര്‍ക്കിയിലേക്കുള്ള ഭരണമാറ്റത്തെ സി. കേശവന്‍ ഭാവികേരളത്തിനായി ധീരമായി ഇടപെട്ടു സംസാരിച്ചു മാറ്റിയെടുത്തു.
ഇന്ന് തികഞ്ഞ സവര്‍ണ കുപ്രചരണങ്ങളിലൂടെ രാക്ഷസീകരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രാതിനിധ്യത്തിനും ഉത്തരവാദിത്ത ഭരണത്തിനുമായുള്ള മുറവിളി 1930കളില്‍ ഇന്ത്യയിലെമ്പാടും പ്രത്യേകിച്ചു കേരളത്തില്‍ സജീവമായിരുന്നു എന്ന ചരിത്രവും നാമോര്‍ക്കണം. കാരണം കുലീനരുടെ കുത്തകഭരണം എന്ന ഒളിഗാര്‍ക്കി പത്തൊമ്പതാം നൂറ്റാണ്ടിനന്ത്യത്തില്‍ തന്നെ കേരളത്തെ വിഴുങ്ങി. മലയാളി മെമ്മോറിയല്‍ (1891) മലയാളി കുലീനരുടെ അഥവാ മലയാളിശൂദ്രരുടെ പ്രാതിനിധ്യമാണ് കുത്തകയാക്കി അട്ടിപ്പേറാക്കിയെടുത്തത്. ഡോ. പല്‍പ്പുവിനെ പോലെ അതിനു സഹായവും പിന്തുണയും കൊടുത്ത അവര്‍ണര്‍ വഞ്ചിക്കപ്പെട്ടു. ഈഴവ മെമ്മോറിയലും (1896) നിവര്‍ത്തനവും പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി കിട്ടാത്ത സമുദായങ്ങളുടെ അവകാശസമരവുമുണ്ടായതങ്ങനെയാണ്.
മലയാളി മെമ്മോറിയല്‍ മുതല്‍ തിരുവിതാംകൂര്‍ സര്‍വീസും വിദ്യാഭ്യാസവും നിയമനിര്‍മാണസഭയും ഇന്നത്തെ ദേവസ്വം ബോർഡു പോലെ ഒറ്റ ജാതിഹിന്ദുക്കളുടെ കോട്ടയായിമാറിയിരുന്നു. സര്‍ സി. പി. രാമസാമി അയ്യര്‍ ദീവാനായി ഇരിക്കുന്ന ഈ വര്‍ണാശ്രമധര്‍മ ജാതിഹിന്ദു ഭരണകൂടത്തേയും അതിന്റെ സ്മൃതിശ്രുതിപുരാണപാഠ പട്ടത്താനങ്ങളിലൂന്നിയ ഹൈന്ദവസമവായത്തേയും അധീശ സാമാന്യബോധത്തേയും അനിഷേധ്യമായി വെല്ലുവിളിച്ചതും വിമര്‍ശിച്ചതും 1935ല്‍ സി. കേശവനാണ്. മെയ് 11ന് ക്രൈസ്തവ മഹാജനസഭയുടെ നേതൃത്വത്തില്‍ കൂടിയ പൗരസമത്വ യോഗത്തില്‍ ചെയ്ത പ്രസംഗത്തിലായിരുന്നു ചരിത്ര പ്രസ്താവം. നായന്മാരും കുറച്ചുപട്ടന്മാരും ചേര്‍ന്നാല്‍ സര്‍ക്കാറായി എന്ന് ഒളിഗാര്‍ക്കിയെ അദ്ദേഹം തുറന്നു കാട്ടി.
പുന്നശേരി നമ്പിയുടെ ചണ്ഡാളശാസ്ത്രവാദത്തേയും ഉദാരബ്രാഹ്മണ്യത്തേയും കേശവന്‍ നിശിതമായി വിമര്‍ശിച്ചു. അദ്ദേഹം തുറങ്കിലടയ്ക്കപ്പെട്ടു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിച്ച് 1938ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തും അദ്ദേഹം കാരാഗൃഹം വരിച്ചിട്ടുണ്ട്. ജയിലിലെ മര്‍ദ്ദനത്തിനെതിരേ ചട്ടിയുടയ്ക്കല്‍ സമരത്തിനും അദ്ദേഹം നേതൃത്വം കൊടുത്തു. നിര്‍ഭയവും നിസ്വാര്‍ഥവുമായ ആദര്‍ശരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ 1950-52 കാലത്ത് സി. കേശവന്‍ തിരുക്കൊച്ചി മുഖ്യമന്ത്രിയായി. വളരെക്കാലം ശ്രീനാരായണധർമ്മ പരിപാലനയോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഈഴവസമുദായവും പ്രാതിനിധ്യം നിഷേധിക്കപ്പെട്ട ഇതര പിന്നാക്ക സമുദായങ്ങളും ഹിന്ദുമതത്തിന്റെ ഭാഗമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. കേരള, ലോകചരിത്രങ്ങളുടെ ഭാഗമായ കോഴഞ്ചേരി പ്രസംഗത്തിലൂടെ ജനായത്ത സംസ്‌കാരത്തെ കേരളത്തില്‍ സ്ഥാപിക്കാനും രാജാധികാരത്തിനും സവര്‍ണസ്വരാജിനും വിമര്‍ശവീക്ഷണങ്ങളും നിയന്ത്രണങ്ങളും ഉണ്ടാക്കാനും കഴിഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ ഭരണഘടന വന്ന 1950 കളില്‍ തുടങ്ങിയ സാമൂഹ്യ നീതിക്കും സാമുദായിക പ്രാതിനിധ്യത്തിനും എതിരായ ഭരണഘടനാവിരുദ്ധവും ജനായത്ത പ്രാതിനിധ്യവിരുദ്ധവുമായ ബ്രാഹ്മണിക ക്ഷുദ്ര വ്യവഹാരമായ സാമ്പത്തികസംവരണവാദത്തിലൂടെ ഒന്നാം ഭരണപരിഷ്‌കാര കമ്മീഷനിലൂടെയും തുടര്‍ന്ന് ജോസഫ് കമ്മീഷനിലൂടെയും ഇ. എം. എസും അനുയായികളും നിരന്തര ആവര്‍ത്തനങ്ങളിലൂടെ ഒരധീശ സമവായം നടപ്പിലാക്കിയെടുത്തു. രാഷ്ട്രീയസ്വയംസേവക അജണ്ടയും കമ്യൂണിസ്റ്റ് അജണ്ടയും ക്രമേണ ഒന്നാക്കിമാറ്റി. മണ്ഡലാനന്തര കോടതിവ്യവഹാരങ്ങളിലൂടെ പിന്നാക്കവിഭാഗങ്ങളെ വെട്ടിമുറിച്ചു വിഭജിപ്പിക്കുന്ന വിചിത്രമായ വെണ്ണപ്പാളിവാദത്തിലൂടെ സാമുദായിക സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം കുത്തിച്ചെലുത്തുന്ന ജനായത്തഹത്യയും പ്രാതിനിധ്യ അട്ടിമറിയും നടത്തിയെടുത്തു.
അമിതപ്രാതിനിധ്യം മലയാളി കുലീനര്‍ക്കുണ്ടായിരുന്ന ദേവസ്വംബോഡില്‍ തന്നെ പത്തുശതമാനം ഭരണഘടനാവിരുദ്ധമായി കയ്യിട്ടുവാരി പന്ത്രണ്ടു ശതമാനം പോലും ജനസംഖ്യയില്ലാത്ത മലയാളി കുലീനരുടെ അമിതപ്രാതിനിധ്യക്കുത്തക നൂറുശതമാനത്തിലെത്തിച്ചു. ഇതുനടപ്പാക്കാന്‍ ധൈര്യമുണ്ടോ എന്നു കേന്ദ്രത്തെ പോലും സാമൂഹ്യമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചു. യൂണിയന്‍ ഭരണകൂടം തിരഞ്ഞെടുപ്പു തന്ത്രമായി ഈ സവര്‍ണ സാമ്പത്തിക സംവരണം നടപ്പാക്കിയത് 2019 ജനുവരിയില്‍ മൂന്നുമാസം കഴിഞ്ഞാണ്. വിശ്വാസി, തീണ്ടാരി ലഹള എന്നറിയെപ്പെട്ട ശൂദ്രലഹള നടത്തിയാണ് ഈ ഭരണഘടനാ അട്ടിമറി കേരളത്തില്‍ നടപ്പാക്കിയെടുത്തത്. അതിന്‍ മൂര്‍ദ്ധന്യത്തില്‍ കേരള മുഖ്യമന്ത്രിയായ അവര്‍ണനെ മണിപ്പിള്ള എന്ന മലയാളി കുലീന തെരുവില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ജാതിത്തെറി വിളിക്കുകയും ചെയ്തു.
ഭരണഘടനാപരമായി നോക്കുമ്പോള്‍ ഏറ്റവും മാരകമായ ഇത്തരം ജാതിക്കുറ്റകൃത്യങ്ങള്‍ എഴുതിത്തള്ളപ്പെടുകയും പശ്ചാത്തലത്തില്‍ ദേവസ്വത്തിലെ പരിപൂര്‍ണ സവര്‍ണ സാമ്പത്തിക സംവരണം പൂര്‍ത്തീകരിക്കുകയും സ്വയംസേവക അജണ്ടയ്ക്കു പോലും വെല്ലുവിളിയും മാതൃകയും ഒരുക്കുകയും ചെയ്തു. ഈ കുല്‍സിത ജാതിഹിന്ദു ഹിംസയിലേക്കും സമവായത്തിലേക്കും സാധാരണക്കാരായ ശൂദ്രരേയും അവര്‍ണകോടികളേയും നയിച്ചത് രണ്ടു ദശകങ്ങളായി കേരളത്തില്‍ പൊതുപണം ഉപയോഗിച്ച് അക്കാദമികളെ ദുരുപയോഗം ചെയ്തു നടത്തിയ നിരന്തര രാമായണ, മാവാരത പട്ടത്താനങ്ങളും ഗീതാഗിരികളുമാണ്. ഗാന്ധിയുടെ സത്യബോധമായി പോലും രാമനെ കേരളത്തില്‍ പ്രസംഗപൈങ്കിളികളിലൂടെയും സാമൂഹ്യ മാധ്യമ വീഡിയോകളിലൂടെയും സ്ഥാപിച്ചാണ് ഈ വമ്പിച്ച ഭരണഘടനാ അട്ടിമറിയും ജനായത്തധ്വംസനവും അമിതപ്രാതിനിധ്യ കുത്തക പെരുക്കുന്ന ഒളിഗാര്‍ക്കിയുടെ ഒളിവെടിയും ഒളിവെട്ടും അരങ്ങേറിയത്.
ഇത്തരം വലിയ പിഴകള്‍ തിരുത്തി ഇന്ത്യന്‍ ഭരണഘടനയെ വീണ്ടെടുത്താലേ ജനായത്തവും സാമൂഹ്യ നീതിയും പുലരൂ. അഭിപ്രായരൂപീകരണവും നിയമപ്പോരാട്ടവും സമ്മതിദാനവും ഇന്ത്യന്‍ ജനായത്ത ഭരണഘടനയെ വീണ്ടെടുക്കാനായി ബഹുജനങ്ങള്‍ പ്രയോഗിച്ചേതീരൂ.
പ്രാതിനിധ്യവാദം കേരളത്തില്‍ അനിഷേധ്യമായി ഉയര്‍ത്തിയുറപ്പിച്ചത് വൈക്കം പോരാട്ടഭൂമിയില്‍ 1924ല്‍ ശ്രീനാരായണഗുരുവാണ്. പ്രവേശനം നിഷേധിക്കപ്പെടുന്നിടത്തെല്ലാം മനുഷ്യര്‍ എന്ന നിലയില്‍ കടന്നുകയറണം എന്നും ഏതുപന്തിയിലും കടന്നിരിക്കണമെന്നും വിലക്കപ്പെട്ട മൂടിവച്ചിരിക്കുന്ന പാല്‍പായസമെന്ന രാഷ്ട്രീയ പ്രാതിനിധ്യാധികാരം എടുത്തുകുടിക്കണമെന്നും വേലികെട്ടിയാല്‍ അതിനും മീതേ കടന്നുകയറണമെന്നും അടിച്ചാല്‍ തിരിച്ചടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അധികാര പ്രാതിനിധ്യത്തേയാണ് പ്രവേശനവും പായസവുമായി ഗുരു ജനമനസ്സുകളിലേക്കു കടത്തിവിട്ടത്. 1888ല്‍ തന്നെ ബ്രാഹ്മണികകുത്തക തകര്‍ക്കുന്ന പ്രതിഷ്ഠാപനകലയിലേക്ക് ഗുരു കടന്നിരുന്നു. വൈക്കം പോരാട്ടത്തിന്റെ നൂറാം വാര്‍ഷികത്തിലും, കാരണം അത് 1806 ലെ ദളവാക്കുളം പോരാട്ടത്തിലൂടെ തുടങ്ങുന്നതാണ്, മാറുമറയ്ക്കല്‍ പോരാട്ടത്തിന്റെ ഇരുനൂറാം വാര്‍ഷികത്തിലും ഈ പ്രാതിനിധ്യ ജനായത്ത പ്രക്ഷോഭം നിവര്‍ത്തനം പോലെ സജീവമാക്കേണ്ട കാലമായി.