വിഷം തുപ്പുന്ന പാഠപുസ്തകം; കണ്ടിട്ടും കണ്ണടച്ച് അക്കാഡമിക് പണ്ഡിതർ.
ഡോ.ബി.ആർ .അംബേദ്കർ ഉൾപ്പെടെയുള്ളഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്ത് നടപ്പാക്കിയ സാമുദായിക സംവരണം വർഗീയ വിപത്താണെന്നാണ് പ്ളസ് വൺ ഹ്യൂമാനിറ്റീസ് ഗ്രൂപ്പിലെ സോഷ്യൽ വർക്ക് എന്ന പുസ്തകത്തിൽ പറയുന്നത്. ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ സാമ്പത്തിക സംവരണമാണ് ഈ വിപത്തിന് പരിഹാരമെന്നും യാതൊരു ഉളുപ്പും കൂസലുമില്ലാതെ പാഠപുസ്തകത്തിൽ എഴുതി പിടിപ്പിച്ചിരിക്കുന്നു. .അക്കാഡമിക് കമ്മിറ്റി തയ്യാറാക്കിയ പാഠഭാഗം അദ്ധ്യാപക സംഘടനാ പ്രതിനിധികളും ഉൾപ്പെട്ട കരിക്കുലം കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ച ശേഷമാണ് എസ്.സി.ഇ.ആർ.ടി 2016ൽ തയ്യാറാക്കിയപാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്.
വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി)സവർണ ജാതിക്കോമരങ്ങളുടെ താവളമാണോ? സ്റ്റേറ്റ് സിലബസിൽ ഒന്ന് മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ളാസുകളിലെ പാഠപുസ്തകങ്ങൾ തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചുമതല സവർണ വിഷം കുത്തി വച്ച് യുവ തലമുറകളെ ബൗദ്ധികവും ആശയപരവുമായി വഴി തെറ്റിക്കലാണോ? നവോത്ഥാന കേരളത്തെ അനാചാരങ്ങളുടെയും അടിച്ചമർത്തലുകളുടെയും ഇരുണ്ട യുഗത്തിലേക്ക് നയിക്കലാണോ സംവരണ വിരുദ്ധ മാടമ്പികളുടെ നേതൃത്വത്തിൽ സമിതിയിൽ നടക്കുന്ന വിദ്യാഭ്യാസ ഗവേഷണ പരിശീലനങ്ങൾ.?.കാലം മാറിയതറിഞ്ഞിട്ടും സ്വയം മാറാൻ കൂട്ടാക്കാതെ ഇത്തരം സമിതികളിൽ പതുങ്ങി ഇരുന്ന് വിഷം തുപ്പുന്ന ജാതിപ്പിശാചുകളെ അവിടെ നിന്നും ആട്ടിപ്പുറത്താക്കി ചാണകം തളിക്കുകയല്ലേ ഒരു ജനാധിപത്യ സർക്കാരിന്റെ ബാദ്ധ്യത?
രാജ്യത്തെ പിന്നാക്ക-.പട്ടിക വിഭാഗങ്ങളെ കൈ പിടിച്ച് ഉയർത്തുന്നുതിന് ഡോ.ബി.ആർ .അംബേദ്കർ ഉൾപ്പെടെയുള്ളഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്ത് നടപ്പാക്കിയ സാമുദായിക സംവരണം വർഗീയ വിപത്താണെന്നാണ് പ്ളസ് വൺ ഹ്യൂമാനിറ്റീസ് ഗ്രൂപ്പിലെ സോഷ്യൽ വർക്ക് എന്ന പുസ്തകത്തിൽ പറയുന്നത്. ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ സാമ്പത്തിക സംവരണമാണ് ഈ വിപത്തിന് പരിഹാരമെന്നും യാതൊരു ഉളുപ്പും കൂസലുമില്ലാതെ പാഠപുസ്തകത്തിൽ എഴുതി പിടിപ്പിച്ചിരുക്കുന്നു. എസ്.സി.ഇ.ആർ.ടി 2016ൽ തയ്യാറാക്കിയ ഈ പാഠപുസ്തകം കഴിഞ്ഞ അഞ്ച് വർഷമായി കുട്ടികളെ പഠിപ്പിക്കുന്നു.ബന്ധപ്പെട്ട അധികാരികളും, ഉദ്യോഗസ്ഥന്മാരും,അക്കാഡമിക് പണ്ഡിതരുമൊന്നും ഇതു വരെ ഈ ‘യഥാർത്ഥ വിപത്ത്’ കാണാത്തതാണോ,അതോ കണ്ടിട്ടും കണ്ണടച്ചതാണോ?.
സാമുദായിക സംവരണം
വർഗീയത?
പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി എസ്.സി.ഇ.ആർ.ടി 2019ൽ തയ്യാറാക്കിയ ഈ പാഠഭാഗം സോഷ്യൽ വർക്ക് വിഷയം ഓപ്ഷനായി എടുത്ത പ്ലസ് വൺ കുട്ടികൾ നിർബന്ധമായും പഠിക്കേണ്ടതാണ്. ഇംഗ്ലീഷ്, മലയാളം മീഡിയം കുട്ടികളെ ഇത് പഠിപ്പിക്കുന്നു.വർഗീയതയുടെ പരിണിത ഫലങ്ങളെക്കുറിച്ചാണ് പാഠഭാഗത്തിൽ ആദ്യം വിവരിക്കുന്നത്. വർഗീയത മൂലം സാമൂഹ്യ ഐക്യം തകരാറിലായേക്കാമെന്നും, സാമുദായിക സംഘടനകൾ സാമൂഹ്യ, സാംസ്കാരിക വികസനത്തിന് ഭീഷണിയാകുമെന്നും പറയുന്നു. അക്രമവും,സാമൂഹ്യ അരാജകത്വവും സമൂഹത്തിൽ മുന്നിട്ട് നിൽക്കും. ലഹളകൾ സ്ത്രീകളെയും കുട്ടികളെയുമാണ് കൂടുതൽ ബാധിക്കുന്നത്. ഇത് ജനങ്ങൾക്കിടയിൽ ഭയവും ഇച്ഛാഭംഗവും സൃഷ്ടിക്കും. വർഗീയ സംഘർഷങ്ങളുടെ മറവിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടമാടുമെന്നും പുസ്തകത്തിൽ മുന്നറിയിപ്പ് നൽകുന്നു. വർഗീയ വിപത്ത് നിയന്ത്രിക്കുന്നതിനുള്ള ഒമ്പത് പരിഹാര മാർഗങ്ങളും പുസ്തകത്തിൽ നിർദ്ദേശിക്കുന്നു. ഇതിൽ അഞ്ചാമത്തേതാണ് സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തുകയെന്നത്. രാഷ്ട്രീയത്തിൽ നിന്ന് മതവിശ്വാസത്തെ ഒഴിവാക്കുക, സാമുദായിക തീവ്ര വികാരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുക തുടങ്ങിയവയാണ് മറ്റ് പരിഹാരങ്ങളായി പറയുന്നത്.
സംവരണ വിരുദ്ധ പാഠഭാഗം നീക്കും:
മന്ത്രി വി.ശിവൻകുട്ടി
സാമുദായിക സംവരണം വർഗീയ വിപത്താണെന്നും പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്നുമുള്ള പ്ളസ് വൺ ഹ്യൂമാനിറ്റീസ് പാഠപുസ്തകത്തിലെ വിവാദ പരാമർശം തിരുത്താൻ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എസ്.സി.ഇ.ആർ.ടിക്ക് കർശന നിർദേശം നൽകി. അടുത്ത അദ്ധ്യയന വർഷത്തെ പുസ്തകത്തിൽ ഈ തെറ്റ് തിരുത്തുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.പ്ളസ് വൺ പുസ്തകത്തിൽ നിയമ വിരുദ്ധ പരാർമശം’ എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച മുഖ്യവാർത്തയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടൽ. പാഠഭാഗത്തിലുള്ള അഭിപ്രായം സർക്കാരിന്റെ നിലപാടല്ലെന്നും,. അതിനോട് യോജിക്കുന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. പിശക് സംഭവിച്ചിട്ടുണ്ട്. അത് തിരുത്തും.
സംവരണം സംബന്ധിച്ച് ഭരണഘടന അനുശാസിക്കുന്ന നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക.പ്ലസ് വൺ സ്റ്റേറ്റ് സിലബസ് ഹ്യൂമാനിറ്റീസ് കോഴ്സിന് വേണ്ടി 2016ൽ തയ്യാറാക്കിയ ‘സോഷ്യൽവർക്ക്’ പാഠപുസ്തകമാണ് സ്കൂളുകളിൽ പഠിപ്പിക്കുന്നത്. പുസ്തകത്തിലെ പിശക് കേരളകൗമുദി ചൂണ്ടിക്കാട്ടിയപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ആവശ്യമായ തിരുത്തലുകൾക്ക് നിർദ്ദേശിച്ചു. കേരളത്തിലെ ഹയർ സെക്കൻഡറി മേഖലയിൽ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. കുട്ടികൾക്ക് മാതൃഭാഷയിൽ പഠിക്കാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് 2016ൽ ഇംഗ്ലീഷിൽ തയ്യാറാക്കിയ പാഠപുസ്തകങ്ങൾ യാതൊരു മാറ്റവും വരുത്താതെ പിന്നീട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇത്തരത്തിൽ തയ്യാറാക്കിയ മലയാളം പാഠപുസ്തകങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിലാണ് നൽകിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ മന്ത്രി വി.ശിവൻകുട്ടി സർക്കാരിലെ ഉന്നതരുമായി ബന്ധപ്പെട്ടു. എസ്.സി.ഇ.ആർ.ടി വെബ്സൈറ്റ് നോക്കി വിഷയം ബോദ്ധ്യപ്പെടുകയും ചെയ്തു .തുടർന്നാണ് തെറ്റ് ഉടനെ തിരുത്താൻ എസ്.സി.ഈ.ആർ.ടി അധികൃതർക്ക് നിർദ്ദേശം നൽകയത്.
ഉത്തരവാദികളെ വെറുതെ വിടരുത്
കുട്ടികളുടെ പാഠപുസ്തകത്തിൽ ഗുരുതരമായ തെറ്റ് തിരുത്തുമെന്ന് മാത്രം വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ടു കാര്യമില്ല.അത്ര ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല ഇത്.യാദൃശ്ചികമായി സംഭവിച്ച പിഴവല്ല.കരുതിക്കൂട്ടി എഴുതി ചേർത്തതാണ്.അക്കാഡമിക് കമ്മിറ്റി തയ്യാറാക്കിയ പാഠഭാഗം അദ്ധ്യാപക സംഘടനാ പ്രതിനിധികളും ഉൾപ്പെട്ട കരിക്കുലം കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ച ശേഷമാണ് എസ്.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്.അത് കൊണ്ട് തന്നെ,ഒന്നോ,രണ്ടോ പേരിൽ ഒതുങ്ങുന്നതല്ല കുറ്റം. കുറ്റക്കാരായ സവർണ മൂരാച്ചികളെ എത്രയും വേഗം കണ്ടെത്തി ശക്തമായി ശിക്ഷാ നടപടികൾ കൈക്കൊളളുകയും വേണം. എങ്കിലേ, ഭരണഘടന വ്യവസ്ഥ ചെയ്യുന്ന സാമൂഹ്യ നീതിയുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന ഇത്തരം കുതന്ത്രങ്ങൾ അവർത്തിക്കപ്പെടാതിരിക്കൂ.