ടാഗോറിന്റെ ശിവഗിരി സന്ദർശനം:നൂറാം വാർഷികംആഘോഷിക്കപ്പെടുമ്പോൾ
”നിങ്ങളുടെ ഗുരുദേവനും ഞങ്ങളുടെ ഗുരുദേവനും തമ്മിലുള്ള ഏറ്റവും പ്രധാന അന്തരം ഞങ്ങളുടേത് നാലു ബംഗാളികൾ ഒന്നുചേർന്ന ഗുരുദേവനാണ്. ശ്രീനാരായണഗുരുവിൽ കവിയായ ടാഗോറും അവധൂതഗുരുവായ ശ്രീരാമകൃഷ്ണനും കർമ്മഗുരുവായ വിവേകാനന്ദനും നവോത്ഥാന ഗുരുവായ രാജാറാം മോഹൻറായിയും ഒന്നുചേർന്നിരുന്നു” ഇങ്ങനെ ടാഗോറിനെ അതിശയിക്കുംവിധം ജീവിതത്തിന്റെ ബഹുമുഖ മണ്ഡലങ്ങളിൽ വ്യാപരിച്ച് കേരളത്തിന്റെ ജാതകത്തെ മാറ്റിക്കുറിച്ച ഒരു മഹാത്മാവിനെ സന്ദർശിച്ചതിന്റെ നൂറാം വർഷം ആഘോഷിക്കപ്പെടേണ്ടതിന്റെ ഔചിത്യവും യുക്തിയും എന്താണ്? നോബൽ സമ്മാനിതനായ ടാഗോറിനു ഗുരുവിനെക്കാൾ ലഭിച്ച ലോകപ്രശസ്തി തന്നെ. അത്തരമൊരു വ്യക്തിയുടെ സന്ദർശനത്തെ നിസ്സാരമായി ഗണിക്കാനാവില്ലല്ലോ.
വിശ്വകവി രവീന്ദ്രനാഥടാഗോർ വിശ്വഗുരു ശ്രീനാരായണനെ ദർശിച്ചതിന്റെ ശതാബ്ദിയെ അനുസ്മരിക്കുമ്പോൾ മനസ്സിലെത്തുന്നത് എസ്. ഗോപാലകൃഷ്ണൻ ടാഗോറിന്റെ 150-ാം ജന്മവർഷത്തിൽ എഴുതിയ ‘ഗുരുദേവനിൽ നിന്നും ഗുരുദേവനിലേക്കുള്ള ദൂരം’ എന്ന ലേഖനമാണ്. ടാഗോറിനെപ്പോലെ സാർവലൗകികനും അദ്ദേഹത്തെക്കാൾ എത്രയോ ഉന്നതശീർഷനായ ചിന്തകനും ഏത് അശാന്തരോഗിക്കും തെന്നലായി മാറുന്ന സാന്നിദ്ധ്യവും ഏതു നവോത്ഥാനശ്രമത്തിന്റെയും വിളക്കുമാടവുമായ നാരായണഗുരുവിനെ ബംഗാളികൾ ആബാലവൃദ്ധം ടാഗോറിനെ ആദരിക്കുന്നതുപോലെ മലയാളികൾ എന്തുകൊണ്ട് ആദരിക്കുകയോ കേരളത്തിന്റെ സാംസ്‌കാരിക ചിഹ്നമായി അടയാളപ്പെടുത്തുകയോ ചെയ്യുന്നില്ല” എന്ന് ഖേദപൂർവം അദ്ദേഹം ചോദിക്കുന്നുണ്ട്. അതിനുള്ള ഉത്തരവും ലേഖകൻ നൽകുന്നു. ”ബംഗാളിന്റെ ഗുരുദേവൻ അവിടത്തെ സർവചുവരിലും ആദരിക്കപ്പെടുമ്പോൾ കേരളത്തിന്റെ ഗുരുദേവൻ ചില ചുവരുകളിൽ മാത്രമാകുന്നത് നമ്മുടെ ചുവരുകൾ ഇടുങ്ങിയതും ഇരുട്ടിന്റെ ഇഷ്ടികകൾ കൊണ്ടുണ്ടാക്കിയതിനാലുമാണ്. ഏതെങ്കിലും ഒരു ചെറിയ സമുദായത്തിനു താങ്ങാവുന്നതല്ല ഒരു ലോകഗുരുവിന്റെയും കാലാതീതമായ അർത്ഥവിതാനങ്ങൾ” ഗോപാലകൃഷ്ണന്‍ തന്റെ ബംഗാളി സുഹൃത്തുക്കളോട് പറയാറുണ്ടത്രെ, ”നിങ്ങളുടെ ഗുരുദേവനും ഞങ്ങളുടെ ഗുരുദേവനും തമ്മിലുള്ള ഏറ്റവും പ്രധാന അന്തരം ഞങ്ങളുടേത് നാലു ബംഗാളികൾ ഒന്നുചേർന്ന ഗുരുദേവനാണ്. ശ്രീനാരായണഗുരുവിൽ കവിയായ ടാഗോറും അവധൂതഗുരുവായ ശ്രീരാമകൃഷ്ണനും കർമ്മഗുരുവായ വിവേകാനന്ദനും നവോത്ഥാന ഗുരുവായ രാജാറാം മോഹൻറായിയും ഒന്നുചേർന്നിരുന്നു” ഇങ്ങനെ ടാഗോറിനെ അതിശയിക്കുംവിധം ജീവിതത്തിന്റെ ബഹുമുഖ മണ്ഡലങ്ങളിൽ വ്യാപരിച്ച് കേരളത്തിന്റെ ജാതകത്തെ മാറ്റിക്കുറിച്ച ഒരു മഹാത്മാവിനെ സന്ദർശിച്ചതിന്റെ നൂറാം വർഷം ആഘോഷിക്കപ്പെടേണ്ടതിന്റെ ഔചിത്യവും യുക്തിയും എന്താണ്? നോബൽ സമ്മാനിതനായ ടാഗോറിനു ഗുരുവിനെക്കാൾ ലഭിച്ച ലോകപ്രശസ്തി തന്നെ. അത്തരമൊരു വ്യക്തിയുടെ സന്ദർശനത്തെ നിസ്സാരമായി ഗണിക്കാനാവില്ലല്ലോ.
ഒരിക്കൽ മാത്രമേ ടാഗോർ കേരളം സന്ദർശിച്ചിട്ടുള്ളു – വിശ്വഭാരതി സർവകലാശാലയുടെ ധനശേഖരണാർത്ഥം. ദക്ഷിണേന്ത്യയിലെ പല പ്രധാനപട്ടണങ്ങളിലും സഞ്ചരിച്ചുകൊണ്ടിരുന്ന ടാഗോറും സംഘവും തിരുവിതാംകൂർ മഹാരാജാവിന്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്തു വരികയായിരുന്നുവെന്നാണു കെ.സി. പിള്ള രേഖപ്പെടുത്തുന്നത്. എന്നാൽ അതിനു മുമ്പ്, നാരായണഗുരുവുമായുള്ള ഒരഭിമുഖത്തിനുവേണ്ടി സി.എഫ്.ആൻഡ്രൂസ് മുഖേന നടരാജഗുരു ടാഗോറിനെ ആലുവ അദ്വൈതാശ്രമത്തിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹം ആത്മകഥയിൽ എഴുതുന്നതു കാണുക :
മഹാകവി രവീന്ദ്രനാഥടാഗോർ തെക്കേ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നതായി പത്രങ്ങളിൽ നിന്നറിഞ്ഞു. അപ്പോൾ തന്നെ എനിക്കു തോന്നിയത് മഹാകവിയെ ഗുരുവുമായി പരിചയപ്പെടുത്തണമെന്നാണ്. അവർ രണ്ടുപേരോടുമുള്ള ബഹുമാനമാണ് ഈ ഉദ്യമത്തിനെന്നെ പ്രേരിപ്പിച്ചത്. ഗുരുവിന് അന്തർദ്ദേശീയമായ പ്രഖ്യാതിയൊന്നും ഇല്ലായിരുന്നുവെന്നതു ശരി തന്നെ. എന്നാലും ഗുരുവിനുണ്ടായിരുന്ന കീർത്തി മാറ്റു കൂടിയതാണ്, എന്നുതന്നെയല്ല ഇന്ത്യയിൽ അന്ന് ജീവിച്ചിരുന്ന പ്രഖ്യാതരായ എല്ലാവരുടെയും കീർത്തിയെക്കാൾ വളരെയേറെ മൂല്യമുള്ളതുമായിരുന്നു. ആശാൻ ഏറെ സമാരാദ്ധ്യൻ എന്നത് എനിക്കുത്തരം പറയാൻ വയ്യാത്ത ഒരു ചോദ്യമായിരുന്നു. സി.എഫ്. ആൻഡ്രൂസിന് ഒരു കത്തെഴുതി. മറുപടിക്കമ്പി അയയ്ക്കാൻ വേണ്ടി തപാൽമുദ്‌രയും അതിലടക്കം ചെയ്തിരുന്നു. കമ്പിക്കു പകരം നീണ്ടൊരു കത്താണ് മറുപടിയായിക്കിട്ടിയത്. ടാഗോറിന് ഗുരുവിനെക്കാണാൻ സന്തോഷമാണ്. എന്നാൽ അവരുടെ സമാഗമ വേളയിൽ ഞാൻ തന്നെ ദ്വിഭാഷിയായി നിശ്ചയമായും ഉണ്ടാവണമെന്ന വ്യവസ്ഥയുമുണ്ടായിരുന്നു” യാത്രാമദ്ധ്യേ അസുഖബാധിതനായതിനാൽ ടാഗോറിന്റെ സന്ദർശനപരിപാടിയിൽ മാറ്റം വരുത്തേണ്ടി വരികയും തിരുവനന്തപുരത്തു വരുന്ന സന്ദർഭത്തിൽ ശിവഗിരിയിലെത്തി ഗുരുവിനെ കാണാമെന്ന് തീരുമാനിക്കുകയും ചെയ്തതായി നടരാജഗുരു സ്മരിക്കുന്നു. ഡോ. പല്പുവാണ് ടാഗോറിനെ ശിവഗിരിയിലേക്ക് ക്ഷണിച്ചതെന്ന് ‘മലയാള മനോരമ’യിലെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ജി. പ്രിയദർശനൻ അഭിപ്രായപ്പെടുന്നുണ്ട്.
1922 നവംബർ 9 ന് രാവിലെ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ എത്തിച്ചേർന്ന ടാഗോർ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലൂടെ സഞ്ചരിച്ച് 19 ന് ഷൊർണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് ബോംബെയിലേക്ക് തിരിക്കുകയായിരുന്നു. വിവിധ പരിപാടികളാലും ദേഹാസ്വാസ്ഥ്യത്താലും ഒരാഴ്ച തിരുവനന്തപുരത്ത് തങ്ങേണ്ടി വന്ന ടാഗോർ, നവംബര്‍ 15 നാണ് ശിവഗിരി സന്ദർശിച്ചത്.
നവംബർ 15 ന് രാവിലെ ടാഗോറും സംഘവും വർക്കലയിലേക്ക് തിരിച്ചു. യാത്രയ്ക്കിടെ ആറ്റിങ്ങൽ കൊട്ടാരത്തിൽ വിശ്രമിച്ച ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ സർക്കാർ ഗസ്റ്റ്ഹൗസായ വർക്കല മുസാവരി ബംഗ്ലാവിൽ എത്തിച്ചേർന്നു. ഇന്നത്തെ ഗവ. ആയുർവേദാശുപത്രി കെട്ടിടമായിരുന്നു അന്നത്തെ ഗസ്റ്റ്ഹൗസ്. അവിടെ വിശ്രമിച്ച ശേഷം രണ്ടര മണിയോടെ ശിവഗിരിയിലെത്തി. ടാഗോറിന്റെ ശിവഗിരി സന്ദർശനത്തെ മനോരമ ലേഖകൻ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്.
”തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് മടങ്ങുംവഴി മഹാകവി രവീന്ദ്രനാഥടാഗോർ തന്റെ പ്രൈവറ്റ് സെക്രട്ടറിയായ ആൻഡ്രൂസും ഒന്നിച്ച് ശിവഗിരി മഠത്തിലിറങ്ങി നാരായണഗുരു സ്വാമികളെ സന്ദർശിക്കുകയുണ്ടായി. പകൽ ഒന്നരമണിക്ക് മഹാകവി ആൻഡ്രൂസും സ്‌പെഷ്യലാഫീസർ സുബ്രഹ്മണ്യയ്യരും കാറിൽ മുസാവരി ബംഗ്ലാവിലെത്തി. ശിവഗിരിയിൽ നിന്നു വന്ന അലങ്കാരങ്ങളുടെയും മൂന്ന് ആനകളുടെയും അകമ്പടിയോടും കുട, കൊടി, പല്ലക്ക്, മേനാവ് മുതലായ അനേകം ആഢംബരങ്ങളോടും കൂടി ഡോ. പല്പു, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എൻ. കുമാരൻ മുതലായ ഈഴവ പ്രമാണികൾ മഹാകവിയെ എതിരേറ്റ് ഹാരം അണിയിച്ചു. ഇതിനുശേഷം ഡോ. പല്പു ഈഴവരുടെ അന്നത്തെ സ്ഥിതിയെപ്പറ്റിയും ഹിന്ദുക്കളായ ഈഴവർ ഹിന്ദു ഗവൺമെന്റിനു കീഴിൽ അനുഭവിക്കുന്ന കഷ്ടതകളെപ്പറ്റിയും എഴുതിയുണ്ടാക്കിയ പ്രബന്ധം സ്വകാര്യമായി മഹാകവിയെ വായിച്ചു കേൾപ്പിക്കുകയുണ്ടായി. ഇതിനുശേഷം മഹാകവിയെ ഒരു പല്ലക്കിൽ എടുത്തുകൊണ്ട് ശിവഗിരിയിലേക്ക് ഒരു ഘോഷയാത്ര പുറപ്പെട്ടു. വാളണ്ടിയർമാരുടെ വന്ദേമാതരവും, ടാഗോർ കീ ജയ് വിളികളും സന്ന്യാസിമാരുടെയും ഏതാനും പറയ ബാലന്മാരുടെയും സ്വാഗത സംഗീതത്തിന്റെ മുഴക്കവും എല്ലായിടവും വ്യാപിച്ചു. അരമണിക്കൂർ കൊണ്ട് ഘോഷയാത്ര ശിവഗിരിയിൽ ഗുരുസ്വാമി ഇരിക്കുന്ന മഠത്തിൽ ചെന്നു ചേര്‍ന്നു. അവിടെവച്ച് രണ്ടുപേരുമായി അരമണിക്കൂർ നേരം സംഭാഷണം നടത്തി. അധഃകൃത വർഗ്ഗക്കാരെ ഉദ്ധരിക്കുന്നതിനു വേണ്ടി ഗുരുസ്വാമികൾ ചെയ്യുന്ന ശ്രമങ്ങളെപ്പറ്റി താൻ കേട്ടിട്ടുണ്ടെന്നും അത് വളരെ സന്തോഷകരമായിരിക്കുന്നുവെന്നും മഹാകവി പറയുകയുണ്ടായി. അതിനു മറുപടിയായി ”പറയത്തക്ക വിധത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും മനുഷ്യർ തമ്മിൽ പരസ്പരം സ്‌നേഹത്തോടെ വർത്തിക്കുന്നതു കാണുന്നതിൽ തനിക്ക് അതിയായ ആശയുണ്ടെന്നും” ഗുരുസ്വാമികൾ പറഞ്ഞു. ഒടുവിൽ യാത്ര പറഞ്ഞ് മഹാകവി വീണ്ടും പല്ലക്കിൽ കയറി കാപ്പി സൽക്കാരത്തിനു നിശ്ചയിച്ചിരുന്ന കെട്ടിടത്തിലേക്ക് പോയി. അവിടെ വിശേഷമായ പല സാധനങ്ങളും സംഭരിച്ചിരുന്നു. തെങ്ങിന്റെ മണ്ട, പൊങ്ങ്, കൊട്ടത്തേങ്ങ, പനംകരിക്ക്, വിവിധ തരത്തിലുള്ള തെങ്ങിൻ കരിക്കുകൾ, പഴം, കിഴങ്ങ് ഇങ്ങനെ അനവധി സാധനങ്ങൾ ശേഖരിച്ചിരുന്നു. മഹാകവിയും ആൻഡ്രൂസുമായി ചായ കുടി കഴിഞ്ഞു. പല്ലക്കിൽ തന്നെ ശിവഗിരിയിലെ മറ്റു പല സ്ഥലങ്ങളും സന്ദർശിച്ച ശേഷം യാത്ര പുറപ്പെട്ടു. പോകുന്നവഴിക്ക് തുരപ്പിന്റെ മുകളിൽ താമസിക്കുന്ന ഒരമേരിക്കൻ കമ്പനിയുടെ പ്രതിനിധിയായ രാമാനുജത്തിന്റെ ക്ഷണമനുസരിച്ച് അദ്ദേഹത്തിന്റെ വസതിയിൽ പോകയും അദ്ദേഹം 500 രൂപ അടങ്ങിയ ഒരു പണക്കിഴി സമ്മാനിക്കുകയും ഉണ്ടായി. ഇതിനും പുറമെ ആയിരം പവനോളം വിലപിടിച്ച ഒരു ലൈബ്രറിയും വിശ്വഭാരതിക്ക് സമ്മാനിക്കുമെന്ന് രാമാനുജം പ്രസ്താവിച്ചു. അവിടെ നിന്ന് കൊല്ലത്തേക്ക് യാത്ര പുറപ്പെട്ടു. മഹാത്മാവായ ശ്രീനാരായണഗുരുവിനെ സന്ദർശിക്കുന്നതിനിടയാക്കിയത് ഡോ. പല്പു ആണെന്നും അതിലേക്ക് താൻ വളരെ കടപ്പെട്ടിരിക്കുന്നുവെന്നും ഡോ. പല്പുവിന്റെ ഒരു പുത്രനെ വിശ്വഭാരതിയിൽ പഠിപ്പിക്കാൻ അയയ്ക്കണമെന്നും മറ്റും വളരെ സ്‌നേഹപൂർവം ഡോ. പല്പുവിനോട് മഹാകവി പ്രസ്താവിക്കുകയുണ്ടായി” സമാഗമത്തിന്റെ ചിത്രം സമ്പൂർണ്ണമായി ഗ്രഹിക്കണമെങ്കിൽ സ്വാമി ധർമ്മാനന്ദജിയുടെ ദൃക്‌സാക്ഷി വിവരണം കൂടി വായിക്കണം. പ്രസക്തഭാഗങ്ങൾ ഉദ്ധരിക്കട്ടെ.
” പ്രോഗ്രാം അനുസരിച്ച് അതിഥികൾ എത്തേണ്ട സമയവും ആസന്നമായി. എന്നിട്ടും ഇതൊന്നും അറിയുകയോ, കാണുകയോ ചെയ്യാത്തവിധം സാധാരണ രീതിയിലും വേഷത്തിലും ഗുരുദേവൻ ശാരദാമഠത്തിന്റെ തിണ്ണയിലിരുന്ന് അടുത്തുനിന്ന മഹാകവി കുമാരനാശാനുമായി സംസാരിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞ് അവിടെ നിന്ന് ഗുരുദേവൻ പെട്ടെന്ന് എണീറ്റുപോയി. പിന്നീട് വൈദികമഠത്തിലെ പടിഞ്ഞാറെ മുറിയിൽ കയറി വാതിലടച്ച് അതിൽ ഇരിപ്പായി. ഗുരുദേവൻ ഒരു മുറിയിലിരുന്നാൽ സ്വയമേവ പുറത്തുവരുമ്പോൾ കാണാമെന്നല്ലാതെ വാതിലിൽ മുട്ടി വിളിക്കയോ പുറത്തു നിന്നു സംസാരിക്കുകയോ ആരും ചെയ്യുന്നതല്ല. ഗുരുദേവൻ ആ മുറിയിൽ പ്രവേശിച്ച ശേഷം ഒരു മണിക്കൂർ കഴിഞ്ഞേ അതിഥികൾ എത്തുകയുള്ളു എന്ന് രണ്ടാമതൊരു കമ്പി വന്നു. വാതിലടച്ചിരുന്നതിനാൽ ഈ വിവരം ഗുരുദേവനെ അറിയിക്കാൻ കഴിഞ്ഞില്ല. അവർ എത്തിച്ചേർന്നാൽ ഗുരുദേവനെ കാണാൻ മാർഗ്ഗമില്ലാതെ പുറത്തിരിക്കേണ്ടി വരുമല്ലോ എന്നു കരുതി എല്ലാവരും വിഷമിച്ചു. ഒരു മണിക്കൂർ ചെന്നപ്പോൾ മാന്യാതിഥികൾ രണ്ടുപേരും എത്തി. ടാഗോർ പല്ലക്കിലും ആൻഡ്രൂസ് നടന്നും വന്നു. ടാഗോർ വലതുകാൽ വച്ച് വരാന്തയിലേക്ക് കയറി. അതേ സമയം ഗുരുദേവൻ വാതിൽ തുറന്ന് വലതുകാൽ വരാന്തയിലേക്ക് വച്ച് ടാഗോറിനഭിമുഖമായി ഇറങ്ങി. ഗുരുദേവൻ അസാധാരണ തേജസ്വിയായി കാണപ്പെട്ടു. കണ്ട മാത്രയിൽ ടാഗോർ ഗുരുദേവനെ നമസ്‌കരിച്ചു. മഹാകവി കുമാരനാശാൻ വാതിലിനു നേരെ മൂന്ന് മെത്തത്തടുക്കുകൾ കൊണ്ടിട്ടു. അവർ മൂന്നു പേരും അതിലിരുന്നു. സായിപ്പും നാടൻ രീതിയിൽ തന്നെ നമസ്‌കരിച്ചു. ‘അവിടുത്തെ ദർശിച്ച മാത്രയിൽ എന്റെ ഹൃദയത്തിനൊരു മാറ്റമുണ്ടായി” എന്നുള്ള ടാഗോറിന്റെ മുഖവുരയോടെയാണ് സംഭാഷണം തുടങ്ങിയത്. സംഭാഷണം കഴിഞ്ഞു പിരിയാറായപ്പോൾ മൂന്നു പേരും എണീറ്റു. ടാഗോർ യാത്ര ചോദിച്ചു കൊണ്ട് വീണ്ടും ഗുരുദേവനെ നമസ്‌കരിച്ചു. ഗുരുദേവൻ അദ്ദേഹത്തെ അനുഗ്രഹിക്കുന്ന മട്ടിൽ മുഖത്തു നോക്കി മന്ദസ്മിതം പൂണ്ടു നിന്നു എന്നല്ലാതെ കൈകൾ രണ്ടും ചലിപ്പിക്ക കൂടി ചെയ്തില്ല….
നമസ്‌കരിച്ചതുകൊണ്ടു മാത്രം തൃപ്തിയടയാഞ്ഞ് കൈപ്പത്തികൾക്കുള്ളിൽ ടാഗോർ കുനിഞ്ഞു ചുംബിച്ചു യാത്രയായി” സന്ദർശനാനന്തരം ഗുരുവിന്റെ ആത്മീയവും ഈശ്വരീയവും അപൂർവവുമായ മാഹാത്മ്യത്തെപ്പറ്റി ടാഗോറും സി.എഫ്. ആൻഡ്രൂസും രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ ഏറെ പ്രസിദ്ധമാണല്ലോ.
നാരായണഗുരുവിനോട് ടാഗോറിന് വലിയ ബഹുമാനമായിരുന്നുവെന്നും കേരളത്തിൽ നിന്ന് ശാന്തിനികേതനം സന്ദർശിക്കാനെത്തിയിരുന്ന പല അതിഥികളോടും, പ്രത്യേകിച്ച് സാമൂഹ്യപ്രവർത്തകരോട് അദ്ദേഹം സ്വാമിജിയുടെ ഗുണഗണങ്ങളെയും ജനസ്വാധീനത്തെയും പറ്റി പ്രശംസിച്ചു സംസാരിക്കുന്നതു പലപ്പോഴും കേട്ടിട്ടുണ്ടെന്നും കെ.സി. പിള്ളയും ജി. രാമചന്ദ്രനും അഭിപ്രായപ്പെട്ടിട്ടുണ്ട്. ടാഗോറും ഗുരുവും തമ്മിലുള്ള സംഭാഷണം പരിഭാഷപ്പെടുത്തിയത് ഡോ. പല്പുവായിരുന്നുവെന്നും അദ്വൈതാശ്രമത്തിലെ സ്വീകരണത്തിനു വേണ്ടി കുമാരനാശാൻ ആലുവയിലേക്ക് പോയെന്നും കെ.സി. പിള്ള പറയുന്നത് വസ്തുതാവിരുദ്ധമാണെന്ന് ധർമ്മാനന്ദജിയുടെ ദൃക്‌സാക്ഷി വിവരണത്തിൽ നിന്ന് മനസ്സിലാക്കാനാവും. നവംബർ 17നാണ് ടാഗോർ ആലുവ അദ്വൈതാശ്രമം സന്ദർശിക്കുന്നത്. ആ സന്ദർഭത്തിലും ആശാൻ സന്നിഹിതനായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. അദ്വൈതാശ്രമത്തിൽ എത്തുന്ന ടാഗോറിനെ സ്വാഗതം ചെയ്യാൻ ആശാനെഴുതിയ കൃതിയാണല്ലോ ‘സ്വാഗതപഞ്ചകം’. അന്ന് സംസ്‌കൃതപാഠശാലയിലെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള ‘കുമാരനാശാന്റെ സ്വാഗതപഞ്ചകം’ എന്ന ശീർഷകത്തിൽ ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതിലെ ഒരു ഭാഗം ശ്രദ്ധിക്കുക.
”സംസ്‌കൃതത്തിൽ ആശാനുണ്ടായിരുന്ന കവനപാടവത്തിന് ഈ കൃതി ഒരൊന്നാന്തരം ഉദാഹരണമാകുന്നു. ശബ്ദസൗകുമാര്യം, അർത്ഥചമൽകൃതി, പ്രതിപാദനവൈചിത്ര്യം, പ്രകൃതിസൗന്ദര്യനിരീക്ഷണം, സർവോപരി സമുചിതമായ ഭാവനാ വിലാസം എന്നീ ഗുണവിശേഷങ്ങൾ കൊണ്ട് ആപാദചൂഡം രസാത്മകമായിത്തീർന്നിട്ടുള്ള ഒരു കവിതയാണിത്. ശ്രവണമധുരമായ രീതിയിൽ അതുവായിച്ചുകേട്ടപ്പോൾ അതിഥിയായ ടാഗോർ ആനന്ദനിമഗ്നനായി സശിര:കമ്പം രസിച്ചുകൊണ്ടിരുന്ന കാഴ്ച ഇപ്പോഴും ഈ ലേഖകന്റെ ഓർമ്മയിൽ സജീവമായി നിലകൊള്ളുന്നു. ആശാന്റെ കവിഹൃദയം തരളീകൃതമാകുന്നതിന് ഏറ്റവും പറ്റിയ ഒരവസരമായിരുന്നു അന്നത്തേത്. ആരാണ് അതിഥി ? മഹർഷിതുല്യനായ രവീന്ദ്രനാഥടാഗോർ. വരുന്നതോ മഹർഷി പുംഗവനായ ശ്രീനാരായണഗുരുവിന്റെ ആശ്രമത്തിലേക്ക്. ഉത്തമശിഷ്യനായ മറ്റൊരു മഹാകവി സ്വാഗതം പറയാനും” അന്ന് നാരായണഗുരു ശിവഗിരിയിൽവിശ്രമിക്കുകയായിരുന്നു.
ആലുവ അദ്വൈതാശ്രമത്തിലേക്ക് ടാഗോറിനെ ആദ്യം ക്ഷണിച്ച നടരാജഗുരുവിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ധർമ്മാനന്ദജിയുടെയോ മറ്റുള്ളവരുടെയോ വിവരണങ്ങളിൽ കാണുന്നില്ല. എന്നാൽ നടരാജഗുരുവിന്റെ ആത്മകഥയിൽ, ടാഗോറിന്റെ ശിവഗിരി സന്ദർശനവേളയിൽ ദ്വിഭാഷിയുടെ കർമ്മം നിർവഹിക്കാൻ തയ്യാറായി നിന്ന നടരാജഗുരുവിനെ നമുക്കു കാണാം. അദ്ദേഹം എഴുതുന്നതു നോക്കുക: ”നേരത്തേ സമ്മതിച്ചിരുന്നതു പോലെ ദ്വിഭാഷിയായി ഗുരുവിന്റെ അടുത്തു തന്നെ നിൽക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ ആളുകളുടെ തിക്കും തിരക്കും, ഇത്തരം അപൂർവ സന്ദർഭങ്ങളിൽ ദ്വിഭാഷിയായിരിക്കാനുള്ള വിശേഷാധികാരത്തിന്റെ അവകാശികളും കൂടി എന്നെ തള്ളിമാറ്റിക്കളഞ്ഞു. അത്തരം വിശിഷ്ടസ്ഥാനം കൊണ്ട് പൊതുജനങ്ങളുടെ ദൃഷ്ടിയിൽ എനിക്കു ലഭിക്കാവുന്ന ആദരത്തെ ഞാൻ കാര്യമായെടുത്തിരുന്നില്ലെങ്കിലും എന്റെ വാക്കുപാലിക്കാൻ സാധിക്കാതെ പോയതിൽ ഖേദം തോന്നി”. കുമാരനാശാനു നേരെയാണ് നടരാജഗുരു വിരൽ ചൂണ്ടുന്നത്. പൂർവനിശ്ചിതമായ ഒരു തീരുമാനം, ജനസഞ്ചയത്തിന്റെ തള്ളിലും ചിലരുടെ വിശേഷാധികാരത്തിലും പെട്ടു നിഷ്‌കാസിതമാകാവുന്നതല്ലല്ലോ. ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിലെ ഏറ്റവും ദൗർഭാഗ്യകരമായ ഒന്ന്, അരമണിക്കൂറോളം നീണ്ടുനിന്ന ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണം കൃത്യമായി രേഖപ്പെടുത്താതെ പോയി എന്നതാണ്.
ശിവഗിരിയിൽ എത്തുന്ന ടാഗോറിനു നൽകേണ്ട ലഘുഭക്ഷണത്തെപ്പറ്റിയുള്ള ഒരു ചർച്ച കെ.സി.പിള്ളയുടെ ലേഖനത്തിലുണ്ട്. നാരായണഗുരുവിന്റെ ഔചിത്യബോധത്തിനും കല്പനാശക്തിക്കും മകുടം ചാർത്തുന്ന വിധത്തിലായിരുന്നു ലഘുഭക്ഷണത്തിന്റെ വിഭവങ്ങളെന്ന് ആമുഖമായി പ്രസ്താവിച്ച ശേഷം അദ്ദേഹം ഇങ്ങനെ എഴുതുന്നു: ”ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിനുള്ള ദിവസവും സമയവും തീർച്ചപ്പെടുത്തിയതു മുതൽ ലഘുഭക്ഷണത്തിന്റെ വിഭവങ്ങളെപ്പറ്റിയുള്ള ആലോചനകൾ നടക്കുകയായിരുന്നു. ലണ്ടനിൽ പോയി മടങ്ങി വന്ന ഡോ.പല്പുവിന്റെ അഭിപ്രായം സസ്യഭക്ഷണമാണെങ്കിലും ‘കത്തിയും മുള്ളും’ ഉപയോഗിക്കുന്ന പാശ്ചാത്യ സമ്പ്രദായത്തിലായിരിക്കണം വിഭവങ്ങൾ വിളമ്പേണ്ടതെന്നായിരുന്നു. അതിനായി വിദഗ്ദ്ധനായ ഒരു ബട്‌ലറെയും അദ്ദേഹം തിരുവനന്തപുരത്ത് ഏർപ്പാട് ചെയ്തു. യാഥാസ്ഥിതികനായ കുമാരന്റെ അഭിപ്രായം നാടൻ വിഭവങ്ങൾ മതിയെന്നാണ്. മധുര വിഭവങ്ങൾ ഭംഗിയായി തയ്യാറാക്കാൻ വൈദഗ്ദ്ധ്യമുള്ള ഒരു തുളുനാടൻ പോറ്റിയുമായി അതിനെപ്പറ്റി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്വാമിജി ആ അഭിപ്രായങ്ങളോടൊന്നും യോജിച്ചില്ല. ”ശിവഗിരി ഒരാശ്രമ സങ്കേതമാണ് ആശ്രമ ജീവിതത്തിനു പറ്റിയ ലഘുഭക്ഷണമാണ് മഹർഷിപുത്രനായ രവീന്ദ്രനാഥന് നാം നൽകേണ്ടത്.” അതായിരുന്നു സ്വാമിയുടെ അഭിപ്രായം. അതിനുള്ള വിഭവങ്ങളും അദ്ദേഹം നിർദ്ദേശിച്ചു. തെങ്ങിന്റെ മണ്ട, അണ്ടിപ്പരിപ്പ്, ഇളംകരിക്ക്, പുത്തിച്ചക്ക തുടങ്ങിയ വിവിധ ഫലവർഗ്ഗങ്ങൾ. ഇതാണ് സ്വാമി നിർദ്ദേശിച്ച മെനു. കുടിക്കാൻ കാപ്പിയുമല്ല, ചായയുമല്ല, മധുരമുള്ള കരിയ്ക്കിൻവെള്ളം മാത്രം… ആ നിർദ്ദേശം എല്ലാവരും അംഗീകരിച്ചു. ലഘുഭക്ഷണം കഴിഞ്ഞു സംതൃപ്തനായ മഹാകവി സ്വാമിജിയോട് പറഞ്ഞു. ”എന്റെ നീണ്ട ജീവിതത്തിനിടയിൽ ഇത്ര ആസ്വാദ്യകരമായ ഒരു ലഘുഭക്ഷണം ഇതേവരെ ഞാൻ കഴിച്ചിട്ടില്ല”.
ഡോ.പല്പുവുമായുള്ള സംഭാഷണത്തിൽ അദ്ദേഹത്തിന്റെ ഒരു പുത്രനെ വിശ്വഭാരതിയിൽ അയച്ചു പഠിപ്പിക്കണമെന്നു ടാഗോർ ആവശ്യപ്പെട്ടിരുന്നല്ലോ. അപ്രകാരം പല്പുവിന്റെ ഇളയമകൻ ഹരിഹരനെ വിശ്വഭാരതിയിൽ അയച്ചു പഠിപ്പിച്ചത് പ്രത്യേകം സ്മാർത്തവ്യമാണ്. ടാഗോറിന്റെ കേരള സന്ദർശനത്തിൽ മൂന്നു സന്ദർഭങ്ങളിലായി ടാഗോറിനെ നേരിൽ കാണാനും അതിൽ രണ്ടുതവണ അഭിമുഖം നിന്നു സംസാരിക്കാനും അവസരം ലഭിച്ച ഏക വ്യക്തി കുമാരനാശാനായിരുന്നു. തിരുവനന്തപുരം പട്ടണവാസികൾ സംഘടിപ്പിച്ച പൗരസ്വീകരണത്തിൽ (നവംബർ -9) വച്ചായിരുന്നു ആദ്യദർശനം. ടാഗോറിനെ സ്വാഗതം ചെയ്യുന്ന ആശാന്റെ ‘ദിവ്യകോകിലം’ സി. കേശവൻ മന്ത്രമധുരമായി ആലപിച്ചത് ആ യോഗവേദിയിൽ വച്ചായിരുന്നു. ടാഗോറും ആശാനുമുൾപ്പെടെയുള്ള ശ്രോതാക്കളെ അത്ഭതസ്തബ്ധവും ആനന്ദഭരിതവുമാക്കിയ ആലാപനത്തെപ്പറ്റി സി. കേശവനും കെ.സി. പിള്ളയും എഴുതിയിട്ടുണ്ട്.
ടാഗോറിന്റെ ശിവഗിരി സന്ദർശനത്തെപ്പറ്റി നാം സ്മരിക്കുകയും അഭിമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോൾ, ലോകത്തിന്റെ നാനാഭാഗങ്ങളിലും ഞാൻ സഞ്ചരിച്ചിട്ടുണ്ട്. ഈ യാത്രയ്ക്കിടയിൽ, ധാരാളം മഹർഷിമാരെയും പുണ്യാത്മാക്കളെയും കണ്ടുമുട്ടാനുള്ള സൗഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ ഒരു കാര്യം എനിക്കു തുറന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. മലയാളത്തിൽ സ്വാമി ശ്രീനാരായണഗുരുവനെക്കാൾ ആദ്ധ്യാത്മികമായി ഉയർന്ന മറ്റൊരാളെ എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല, അദ്ദേഹത്തിനു തുല്യനായ ഒരാളെയും ഞാൻ കണ്ടിട്ടില്ല” എന്നു രേഖപ്പെടുത്തിയ ടാഗോറിന്റെ വചനങ്ങളോ നാരായണഗുരുവിനെ തന്നെയോ ബംഗാളികളിൽ എത്ര പേർ മനസ്സിലാക്കിയിട്ടുണ്ടാവും? ടാഗോറിന്റെ ആത്മകഥയിലോ, സ്മൃതി ചിത്രങ്ങളിലോ ജീവചരിത്രങ്ങളിലോ, ശിലാലിഖിതം പോലെ ആലേഖനം ചെയ്യപ്പെടേണ്ട പ്രാധാന്യം ആ വാക്കുകൾക്കുണ്ട്.