ടി. കെ. മാധവന്‍: വൈക്കം സഞ്ചാര സ്വാതന്ത്ര്യ സമരത്തിന്റെ നായകന്‍

പ്രജാസഭയില്‍ ടി.കെ. മാധവന്‍ ക്ഷേത്രപ്രവേശനപ്രമേയം അവതരിപ്പിച്ചപ്പോഴുളള സ്ഥിതിയും മറ്റൊന്നായിരുന്നില്ല. ഒരിക്കലും നടക്കാത്ത കാര്യം ഉന്നയിച്ച് സഭയുടെ വിലപ്പെട്ട സമയം കളയുന്നുവെന്ന പരിഹാസമായിരുന്നു സവര്‍ണ്ണ-യാഥാസ്ഥിതിക പക്ഷത്തുള്ള മെമ്പര്‍മാരില്‍ നിന്നു ലഭിച്ചത്. അവരുടെ പുച്ഛവും പരിഹാസവും സഹിക്കാന്‍ വയ്യാതെ പ്രമേയാനുകൂലിയായ മൂലൂര്‍ പദ് മനാഭപ്പണിക്കര്‍പോലും സഭയിലെ സ്വന്തം ഇരിപ്പിടം വിട്ട് പിന്‍നിരയിലേക്ക് മാറിക്കളഞ്ഞതായി ടി.കെ.മാധവന്‍തന്നെ പറഞ്ഞിട്ടുണ്ട്. മൂലൂരും അത് അംഗീകരിച്ചിട്ടുമുണ്ട്. ഗാന്ധിയെ സന്ദര്‍ശിക്കുന്നതിനു മുന്‍പ് ക്ഷേത്രപ്രവേശനവിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിന്‍തുണ ടി.കെ.മാധവന്‍ തേടിയിരുന്നെങ്കിലും സമീപനം അനുകൂലമായിരുന്നില്ല. അസാധ്യമെന്ന് സര്‍വരും കരുതിയിരുന്ന ഒരവാകാശവാദത്തിന് അതുന്നയിച്ച് മൂന്നുവര്‍ഷത്തിനകം ദേശീയതലത്തില്‍ത്തന്നെ പിന്‍ന്തുണ നേടിയെടുക്കാന്‍ മാധവനായി.

സഞ്ചാരസ്വാതന്ത്ര്യം എന്ന ആവശ്യമുന്നയിച്ചുകൊണ്ട്‌നടന്ന വൈക്കത്തെ പോരാട്ടത്തിന് സുദീര്‍ഘമായ ചരിത്രമുണ്ട്. 1924 മാര്‍ച്ച് 30 നാണ് (കൊല്ലവര്‍ഷം 1099 മീനം 17) വൈക്കം സത്യഗ്രഹം ആരംഭിക്കുന്നതെന്നുചരിത്രം. എന്നാല്‍ അതിനു മുന്‍പുതന്നെ വൈക്കത്തെ സഞ്ചാരവിലക്ക് ലംഘിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.

1096 വൃശ്ചികം 14ന് ടി.കെ. മാധവന്‍ വൈക്കം ബോട്ടുജെട്ടിയില്‍നിന്നും ക്ഷേത്രത്തിലേക്കു പോകുന്ന വഴിയില്‍ സ്ഥാപിച്ചിരുന്ന തീണ്ടല്‍പലക മറികടന്നു സഞ്ചരിക്കുകയും ആ വിവരം രേഖാമൂലം ഡിസ്ട്രിക്ട്മജിസ്‌ട്രേറ്റിനെ അറിയിക്കുകയും ചെയ്തിരുന്നു. (മാധവന്‍ പി.കെ., 1986:152). സഞ്ചാരസ്വാതന്ത്ര്യമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടു നടന്ന ആദ്യത്തെ നിയമലംഘനമായിരുന്നു ഇത്. ഇതിനെത്തുടര്‍ന്ന് 1097 മേടമാസത്തില്‍ വടയാര്‍ ഇളങ്കാവിനു തെക്കുവശത്തുള്ള മാറ്റപ്പാടത്തുവച്ച് കുമാരനാശാന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈക്കത്തെ തീണ്ടല്‍ബോര്‍ഡുകള്‍ എടുത്തുമാറ്റാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുന്ന ഒരു പ്രമേയം ചര്‍ച്ചയ്ക്കു വന്നു. വൈക്കം ക്ഷേത്ര റോഡിലെ തീണ്ടല്‍ പലകകള്‍ മാറ്റുവാന്‍ പ്രജാസഭ വഴിയും എസ്.എന്‍.ഡി.പി. യോഗം വഴിയും ധാരാളം ശ്രമങ്ങള്‍ നടത്തിയിട്ടും അതിനു ഗവണ്‍മെന്റ് സന്നദ്ധത കാണിക്കുന്നില്ലെന്നും താന്‍ ആ ബോര്‍ഡുകള്‍ ലംഘിച്ചു ഇന്നു വൈകുന്നേരം നടക്കാന്‍ പോകുന്നെന്നും പ്രഖ്യാപിച്ചുകൊണ്ട് സഹോദരന്‍ അയ്യപ്പന്‍ ആ പ്രമേയത്തെ എതിര്‍ക്കുകയാണുണ്ടായത്.(2018 :35). പ്രഖ്യാപിച്ചതുപോലെ യോഗത്തിനു ശേഷം ടി.കെ. മാധവന്‍, സഹോദരന്‍ അയ്യപ്പന്‍, സത്യവ്രതസ്വാമികള്‍, കെ.കെ മാധവന്‍ എന്നിവര്‍ വൈക്കംക്ഷേത്ര വഴിയിലൂടെ വിലക്കു ലംഘിച്ച് സഞ്ചരിച്ചു (ഇതേകൃതി: 35). ഈ രണ്ടു സംഭവങ്ങളും രേഖാമൂലം സര്‍ക്കാരിനെ അറിയിക്കുകയും പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും പോലീസും അധികാരികളും കണ്ണടയ്ക്കുകയാണുണ്ടായത്.

കാക്കിനട കോണ്‍ഗ്രസ്സ് പാസാക്കിയ അയിത്തോച്ചാടനപ്രമേയം നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുവേണ്ടി കോണ്‍ഗ്രസ്സിന്റെ കേരള പ്രൊവിന്‍ഷ്യല്‍ കമ്മറ്റി 1924 ജനുവരിയില്‍ (1099 മകരം) എറണാകുളത്ത് യോഗംചേരുകയും അയിത്തോച്ചാടന പ്രചരണത്തിനായി ഒരു പ്രത്യേക കമ്മറ്റി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. 1924 ഫെബ്രുവരി 29 ന് കോണ്‍ഗ്രസ്സിന്റെ അയിത്തോച്ചാടന പ്രചരണ ഡെപ്യൂട്ടേഷന്‍ വൈക്കത്ത് എത്തിച്ചേര്‍ന്നു. വക്കീലായ സി. എസ്. മാധവന്‍പിള്ളയുടെ വസതിയിലാണ് കമ്മിറ്റിയുടെ ആദ്യത്തെ യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ അയിത്തംമൂലം അവര്‍ണഹിന്ദുക്കള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ടി.കെ. മാധവന്‍ വിശദമായി പ്രസംഗിച്ചു. ഇതേതുടര്‍ന്ന് വൈക്കത്തെ വഴികളില്‍ സ്ഥാപിച്ചിരിക്കുന്ന തീണ്ടല്‍ ബോര്‍ഡുകളെ സംബന്ധിച്ച് അയിത്തോച്ചാടന കമ്മറ്റിയുടെ നിലപാടെന്താണെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളില്‍ ചിലര്‍ നല്‍കിയ കുറിപ്പിന് അധ്യക്ഷനായ കെ.പി. കേശവമേനോന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്:

വൈക്കത്തെ തീണ്ടല്‍ പലകകളുടെ കാര്യം ശ്രീ മാധവന്‍ വിവരിച്ചപ്പോള്‍ എനിക്കു ഹൃദയവേദനയുണ്ടാക്കി. ശ്രീനാരായണഗുരുവിനുപോലും ഈ വഴിയെ നടക്കുവാന്‍ സ്വാതന്ത്ര്യമില്ലെന്നറിയുന്നത് പരമസങ്കടമായിരിക്കുന്നു. ഈ അനീതി ഇനി രാജ്യത്തു നീണ്ടുനില്‍ക്കുവാന്‍ കാണ്‍ഗ്രസ്സ് സമ്മതിക്കുകയില്ല. നാളെ പുലര്‍ച്ചെ നാലുമണിക്ക് അയിത്തമുണ്ടെന്നു പറയുന്ന സമുദായത്തില്‍പ്പെട്ട കുറച്ചാളുകളോടുകൂടി തീണ്ടല്‍പ്പലക ലംഘിച്ച് ഒരു ഘോഷയാത്ര നടത്തുവാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു (quted in നാരായണന്‍ ടി.കെ., 1953:104)

അന്നേദിവസം വൈകീട്ട് വൈക്കം കായലോരത്ത്‌നടന്ന പൊതുയോഗത്തിലും അദ്ദേഹം സഞ്ചാരസ്വാതന്ത്ര്യമില്ലാത്ത വഴികളില്‍കൂടി നാളെ ഈഴവര്‍,പുലയര്‍ തുടങ്ങിയവരോടൊന്നിച്ച് ഘോഷയാത്രനടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് രാത്രിയില്‍ത്തന്നെ ജനങ്ങള്‍ വൈക്കം ടൗണില്‍ തടിച്ചു കൂടി. വിവരമറിഞ്ഞ് അന്നുരാത്രി സ്ഥലം മജിസ്‌ട്രേറ്റും സബ് ഇന്‍സ്‌പെക്ടറും തഹസീല്‍ദാരും നേതാക്കളെ സമീപിക്കുകയും നാളെ നടത്താനിരിക്കുന്ന സമരത്തില്‍ നിന്നും പിന്‍മാറണമെന്നഭ്യര്‍ത്ഥിക്കുകയും ചെയ്തു.

സഹോദരന്‍ അയ്യപ്പന്‍

പിറ്റേന്ന് 1924 മാര്‍ച്ച് 1 ന് രാവിലെ ടി.കെ. മാധവനും കെ.പി. കേശവമേനോനും വൈക്കം ബോട്ടുജെട്ടിയിലെത്തി. ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച കേശവമേനോന്‍ അന്നു നടത്തുവാന്‍ നിശ്ചയിച്ചിരുന്ന സമരം 1099 മീനം 17-ാം തിയതിയിലേക്ക് മാറ്റിവച്ചിരിക്കുന്നതായി അറിയിച്ചു. വൈക്കം തീണ്ടല്‍ പലക ലംഘിക്കാനുള്ള മൂന്നാമത്തെ ശ്രമമായിരുന്നു ഇത്. മുന്‍സംഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി തീണ്ടല്‍പലക മറികടന്ന് സഞ്ചരിക്കുവാന്‍ ഇത്തവണ പ്രതിഷേധക്കാര്‍ തുനിഞ്ഞില്ല. വരാന്‍ പോകുന്ന ഒരു വലിയ പോരാട്ടത്തിനായി താല്‍ക്കാലികമായി അവര്‍ പിന്‍വാങ്ങി. പ്രഖ്യാപിച്ചപോലെ 1099 മീനം പതിനേഴിന് (1924 മാര്‍ച്ച് 30 ) വൈക്കം സഞ്ചാരസ്വാതന്ത്ര്യ സമരചരിത്രത്തിലെ നാലാമത്തെ അധ്യായം ആരംഭിച്ചു. ആ സമരമാണ് ഇന്ന് വൈക്കം സത്യഗ്രഹം എന്ന പേരിലറിയപ്പെടുന്നത്. 603 ദിവസം നീണ്ടുനിന്ന ഐതിഹാസിക സമരമായിരുന്നു ഇത്. സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി വൈക്കത്തു നടന്ന നാലു സമരങ്ങളിലും ടി.കെ. മാധവന്‍ പങ്കാളിയായിരുന്നു. ഈ നാലുസമരങ്ങളിലും പങ്കെടുത്ത ഏകവ്യക്തിയും അദ്ദേഹമാണ്. വൈക്കം സത്യാഗ്രഹത്തിന്റെ ജീവനാഡി എന്നാണ് ടി.കെ. മാധവനെ പിന്നീട് കെ.പി. കേശവമേനോന്‍ വിശേഷിപ്പിച്ചത്. (കേശവമേനോന്‍ 1953:91).

ജാതീയമായ ശ്രേണീകരണത്തിനെതിരെയുള്ള നിലപാടുകളുണ്ടായിരുന്നെങ്കിലും വൈക്കം ക്ഷേത്രവഴികളില്‍ വച്ച് ശ്രീനാരായണഗുരുവിനേറ്റ അപമാനമാണ് ഗുരുവിന്റെ അനുയായികൂടിയായ ടി.കെ. മാധവനെ വൈക്കം സമരത്തിലെത്തിക്കുന്നത്.
ശ്രീനാരായണഗുരുവിനുപോലും വൈക്കത്തെ വഴിയിലൂടെ നടക്കാന്‍ സ്വാതന്ത്ര്യമില്ലെന്നറിയുന്നത് പരമസങ്കടകരമാണെന്ന് കെ.പി. കേശവമേനോന്‍ പറഞ്ഞ സാഹചര്യമിതാണ്. ‘ അദ്ദേഹത്തിനു (ശ്രീനാരായണഗുരു) പോലും വൈക്കത്തെ റോഡുകളില്‍ കൂടി സഞ്ചരിക്കുന്നതിനുളള സ്വാതന്ത്ര്യമില്ലെന്നോര്‍ത്തപ്പോള്‍ എനിക്കു ലജ്ജ തോന്നി’ എന്ന് പിന്നീട് ഗാന്ധി പ്രസംഗിച്ചിട്ടുണ്ട് (2012:219)

വൈക്ക ത്ത് അന്നോളം തീണ്ടല്‍പലകകള്‍ ഇല്ലാതിരുന്ന പൊതുവഴികളില്‍ക്കൂടി അവ സ്ഥാപിക്കുന്ന പ്രവണത അക്കാലത്ത് ശക്തിപ്പെട്ടിരുന്നു. തിരുനക്കരക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളില്‍ സ്ഥാപിച്ച ‘ഈഴവര്‍ മുതലായ താണജാതിക്കാര്‍ ഇതിലേ നടന്നുകൂടാ’ എന്നെഴുതിയ ബോര്‍ഡുകള്‍ ഇതിനുദാഹരണമാണ്. സ്ഥാപിച്ചതിന്റെ മൂന്നാംനാളില്‍തന്നെ ഈ ബോര്‍ഡുകള്‍ ഈഴവയുവാക്കള്‍ പിഴുതുമാറ്റിയിരുന്നു. ഇതിനെക്കുറിച്ച് മൂലൂര്‍ എഴുതിയ കവിതയില്‍ വൈക്കത്ത് അവര്‍ണ്ണര്‍ക്കുള്ള സഞ്ചാരവിലക്കിനെപ്പറ്റിയും സൂചിപ്പിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളുടെയെല്ലാം ഫലമായിട്ടാണ് കേരളമെമ്പാടും സഞ്ചാരസ്വാതന്ത്ര്യത്തിനായുളള പോരാട്ടങ്ങള്‍ ഉയര്‍ന്നുവന്നത്. അവയുടെയെല്ലാം പ്രഭവകേന്ദ്രമായിരുന്നു വൈക്കം സമരഭൂമി.

പൗരസമത്വം,
സഞ്ചാരസ്വാതന്ത്ര്യം,

ക്ഷേത്രപ്രവേശനം

പൊതുവഴിയിലെ അയിത്താചരണ പ്രശ്‌നം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ടി.കെ. മാധവന്‍ നന്നേ ചെറുപ്പത്തില്‍തന്നെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. തന്റെ അച്ഛന്റെ കുടുംബസ്വത്തായ കായംകുളം ചന്തയുടെ കിഴക്കേ കമ്പോളത്തിലൂടെ നടന്ന് സ്‌കൂളില്‍ പോകുന്ന സമയത്ത് താനും സഹപാഠികളും കൊട്ടി ചിലന്തി എന്നെല്ലാം ആക്ഷേപിക്കപ്പെട്ടിരുന്നതായും മെതിയടി ധരിച്ച് സഞ്ചരിച്ചതിന്റെ പേരില്‍ തടഞ്ഞു നിര്‍ത്തി അപമാനിക്കപ്പെട്ടതായും അദ്ദേഹം എഴുതി കാണുന്നു (മാധവന്‍ ടി.കെ.2010:33). മുട്ടത്തു പള്ളിക്കൂടത്തില്‍ വിദ്യാര്‍ത്ഥിയായിരിക്കേ അനന്തപുരത്തു രാജവര്‍മ്മ മൂത്തകോയിത്തമ്പുരാന്റെ യാത്രക്കായി അവര്‍ണ്ണരെ ഹോയി എന്നു വിളിച്ച് ആട്ടിയകറ്റുന്നതില്‍ പ്രതിഷേധിച്ച് തിരിച്ചും ശബദമുണ്ടാക്കിയതും അതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതും അദ്ദേഹത്തിന്റെ സ്മരണകളില്‍ കാണാം (1986:29-31). വിലക്കുകള്‍ക്കെതിരെ ശബ്ദിക്കുന്നതിനും സഞ്ചാരസ്വാതന്ത്യത്തിനു വേണ്ടി പോരാടുന്നതിനും ഇത്തരം ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിന് ഊര്‍ജ്ജം നല്‍കിയിരുന്നു.

പൗരസമത്വവാദപ്രക്ഷോഭങ്ങളിലേയ്ക്കും ക്ഷേത്രപ്രവേശനവാദത്തിലേയ്ക്കും ടി. കെ. മാധവന്‍ പ്രവേശിക്കുന്നത് ഇത്തരം അനുഭവങ്ങളുടെ ചുവടു പിടിച്ചാണ്.
1919ലും 1920ലും അദ്ദേഹം ശ്രീമൂലം പ്രജാസഭയയിലെ അംഗമായിരുന്നു. സഭയ്ക്കകത്തും പുറത്തും പൗരസമത്വപ്രക്ഷോഭത്തിന്റെ പ്രധാന മുഖമായി അദ്ദേഹം നിലകൊണ്ടു. ദേശാഭിമാനിയുടെ നാലാം പുസ്തകം മുപ്പത്തൊന്‍പതാം ലക്കത്തില്‍ എഴുതിയ മുഖപ്രസംഗത്തില്‍ പൗരസമത്വം സംബന്ധിച്ച തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അത് ഇപ്രകാരമാണ്:
”മഹാരാജാവു തിരുമനസ്സിലെ പ്രജകളില്‍ ഒരാള്‍ ഉയര്‍ന്ന ജാതി ഹിന്ദുവാണ്. അതുകൊണ്ട് അയാള്‍ക്കു എല്ലാ ഹിന്ദുദേവാലയങ്ങളിലും പ്രവേശിക്കാം. മറ്റൊരുത്തന്‍ ഉയര്‍ന്നജാതി ഹിന്ദുവല്ല. അയാള്‍ക്കു സര്‍ക്കാര്‍ വകയായ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല. ഒരാള്‍ ഉയര്‍ന്ന ജാതിക്കാരനെന്നു പറയപ്പെടുന്ന വര്‍ഗത്തില്‍പ്പെട്ടവനായതുകൊണ്ട് ആ വര്‍ഗത്തില്‍ പെടാത്ത മറ്റൊരു ഹിന്ദു അവനെ വഴിമദ്ധ്യേ കാണുമ്പോള്‍ ഇത്ര അടി അകലെ മാറിക്കൊടുക്കണം. ഉയര്‍ന്ന ജാതിക്കാരനെന്നു അഭിമാനിക്കുന്നവനും താഴ്ന്ന ജാതിക്കാരനാണെന്നു പറയപ്പെടുന്നവന്റെ സാമീപ്യം അശുദ്ധികരമാണ്. രാജ്യത്തെ ജനസമുദായങ്ങളുടെ യോഗക്ഷേമത്തെ നിയന്ത്രിക്കുന്ന ചില പ്രധാന ഡിപ്പാര്‍ട്ടുമെന്റുകളില്‍ ക്രിസ്ത്യാനികള്‍, അവര്‍ണഹിന്ദുക്കള്‍ ഇവര്‍ക്കു പ്രവേശനമനുവദിക്കാന്‍ പാടില്ല. ഇങ്ങനെയുളള വ്യത്യാസങ്ങളെ വെച്ചുകൊണ്ടിരിക്കാന്‍ പാടില്ല എന്നതാണു പൗരസമത്വവാദികള്‍ ആവശ്യപ്പെടുന്നത്” (quted in 1986: 70)
പൗരസമത്വവാദവും സഞ്ചാരസ്വാതന്ത്യസമരവും ക്ഷേത്രപ്രവേശനവാദവുമെല്ലാം ടി.കെ. ഉയര്‍ത്തിയിരുന്നത് ഈ വിശാലമായ കാഴ്ചപ്പാടിന്റേയും ബോധ്യത്തിന്റേയുമടിസ്ഥാനത്തിലായിരുന്നുവെന്നു കാണാം. ടി.കെ. തുറന്നുവച്ച ഏറ്റവും മൂര്‍ച്ചയേറിയ സമരമുഖമായിരുന്നു ക്ഷേത്രപ്രവേശനവാദം. അതിന്റെകൂടി പരിണിതിയിലാണ് വൈക്കം സത്യാഗ്രഹം സംഭവിക്കുന്നത്.

കേരളത്തിലെ സവര്‍ണ്ണക്ഷേത്രങ്ങളില്‍ അവര്‍ണ്ണര്‍ക്കും പ്രവേശ നമനുവദിക്കണമെന്നതായിരുന്നു ക്ഷേത്രപ്രവേശനവാദത്തിന്റെ താത്പര്യം. ആശയം എന്ന നിലയില്‍ ഇക്കാര്യം ആദ്യം മുന്നോട്ടുവച്ചത് കുന്നത്ത് ജനാര്‍ദ്ദനമേനോനാണെന്ന് സഹോദരന്‍ അയ്യപ്പന്‍ എഴുതിയിട്ടുണ്ട് (അയ്യപ്പന്‍.കെ., 1953:80). കൊല്ലം ടൗണില്‍ ശ്രീനാരായണഗുരുവിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ടി.കെ മാധവന്‍ സംഘടിപ്പിച്ച ഒരു മീറ്റിങ്ങില്‍ സി.വി.രാമന്‍ തമ്പി ഈഴവര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കേണ്ടതാണെന്നു പ്രസംഗിച്ചു. ഈ പ്രസംഗത്തിനെത്തുടര്‍ന്ന് സി.വി.കുഞ്ഞുരാമന്‍ എഴുതിയ ലേഖനം 1093 ധനു ഒന്നിന് പ്രസിദ്ധികരിച്ച ദേശാഭിമാനിയില്‍ അച്ചടിച്ചുവന്നു. കൊല്ലവര്‍ഷം 1090 മേടം 4 ന് പ്രസിദ്ധീകരണമാരംഭിച്ച ദേശാഭിമാനി പത്രം 1092 മകരം 14 മുതല്‍ ടി.കെ. മാധവന്റെ പത്രാധിപത്യത്തിലാണ് പുറത്തിറങ്ങിക്കൊണ്ടിരുന്നത്. ”ഇക്കൊല്ലം പ്രജാസഭാമെമ്പര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന (നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന) ഈഴവപ്രതിനിധികള്‍ ഈഴവര്‍ക്ക് സര്‍ക്കാര്‍ വകഹിന്ദു ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കേണമെന്നുള്ള ഒരു പ്രമേയം നിവേദനവിഷയമാക്കിയാല്‍ക്കൊള്ളാമെന്നു ഞങ്ങള്‍ അഭിപ്രായപ്പെടുന്നു. എല്ലാ ഈഴവപ്രതിനിധികളും അവര്‍ക്കുളള രണ്ടു വിഷയങ്ങളില്‍ ഒന്ന് ഇതാക്കണമെന്നാണ് ഞങ്ങളുടെ അപേക്ഷ”(2010:76) എന്ന് സി.വി എഴുതി. ഈ ലേഖനത്തിനെതിരെ കൊച്ചുകൃഷ്ണക്കുറുപ്പിന്റെ സ്വരാജ്യം പത്രത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണവും ഉടന്‍ വന്നിരുന്നു. ”ക്ഷേത്രപ്രവേശനം കൊടുക്കണം, ഉടന്‍കൊടുക്കണം, ഈഴവന്റെ മുതുകത്തുതന്നെകൊടുക്കണം” എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെന്നും ഈഴവരുടെ അരിശമിളക്കാന്‍ ഈ ലേഖനം അത്യന്തം ഉപകരിച്ചതായും സി.കേശവന്‍ ജീവിതസമരത്തില്‍ (2012: 224,25)എഴുതിയിരിക്കുന്നത് ശ്രദ്ധേയമാണ്.
കൊല്ലവര്‍ഷം 1094-ല്‍ പ്രജാസഭയില്‍ അംഗമായപ്പോള്‍ ടി.കെ മാധവന്‍ തീണ്ടല്‍ നിറുത്തലാക്കണമെന്നും സര്‍ക്കാര്‍വക ക്ഷേത്രങ്ങളില്‍ ജാതിവ്യത്യാസം കൂടാതെ ഏവര്‍ക്കും പ്രവേശനമനുവദിക്കണമെന്നും സഭയില്‍ ആവശ്യപ്പെട്ടു. 1095-ലെ സഭയിലും അദ്ദേഹം ഇതേ ആവശ്യമുയര്‍ത്തി. അക്കൊല്ലം ആലപ്പുഴ വച്ചുനടന്ന എസ്.എന്‍ ഡി .പി . യോഗത്തിന്റെ വാര്‍ഷിക സമ്മേളനത്തിലും ഇക്കാര്യം ആവശ്യപ്പെട്ടുക്കൊണ്ടുള്ള പ്രമേയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചുപാസാക്കി. സര്‍ക്കാര്‍ പ്രതികരണം അനുഭാവപൂര്‍വമല്ലെന്നുവന്നതോടെ 1096 ല്‍ എസ്.എന്‍.ഡി.പി.യോഗം സവര്‍ണ്ണക്ഷേത്രങ്ങളോട് നിസ്സഹകരണനയം പുലര്‍ത്താന്‍ എസ്.എന്‍.ഡി.പി.യോഗം ജനങ്ങളോടാഹ്വാനം ചെയ്തു. ഈ ‘ക്ഷേത്രത്യാഗനയ’ത്തെതുടര്‍ന്ന് പല സവര്‍ണക്ഷേത്രങ്ങളുടെയും വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാവുകയും ദൈനംദിന ചെലവുകള്‍പോലും നിര്‍വഹിക്കാനാകാത്ത സ്ഥിതിവരികയുംചെയ്തു. ശ്രീനാരായണഗുരു പ്രഖ്യാപിച്ച മദ്യവര്‍ജനനയത്തെ ഒരു സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭമായി വളര്‍ത്തിയെടുത്തതും ടി.കെ. മാധവനാണ്. ഇതും സര്‍ക്കാര്‍ വരുമാനത്തില്‍ വലിയതോതില്‍ കുറവുണ്ടാക്കി.

ഇതിനിടയില്‍ എം.കൃഷ്ണന്‍ നായര്‍ ദിവാന്‍ പദവിയില്‍ നിന്നും വിരമിക്കുകയും ടി. രാഘവയ്യ ദിവാനായി നിയമിതനാവുകയും ചെയ്തിരുന്നു. എല്ലാ പൊതുക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനമനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ടി.കെ. മാധവന്റെ പ്രമേയത്തിന് പുതിയ ദിവാന്‍ അനുമതി നിഷേധിച്ചു. പ്രജാസഭാ ചട്ടം 19 (ഡി) വകുപ്പു പ്രകാരം ഇത്തരം വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ചചെയ്യാനാവില്ലെന്നായിരുന്നു പുതിയ ദിവാന്റെ നിലപാട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാനമായ പ്രമേയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള മാധവനെ ഇത് സ്വാഭാവികമായും പ്രകോപിതനാക്കി. സഭക്ക് പുറത്ത് എസ്.എന്‍.ഡി.പി.യോഗം ഇതിനെതിരെ പ്രതിഷേധമുയര്‍ത്തി. തീരുമാനം പുന:പരിശോധിക്കണമെന്ന മാധവന്റെ അപേക്ഷ ദിവാന്‍ തള്ളി. ഇതിനെ തുടര്‍ന്ന് മഹാരാജാവിനെ നേരില്‍കാണ്ട് പരാതിനല്‍കാന്‍ അവസരമൊരുക്കണമെന്ന് മാധവന്‍ ദിവാനോടാവശ്യപ്പെട്ടെങ്കിലും അതും നിരസിക്കപ്പെടുകയാണുണ്ടായത്. ”അവര്‍ണ്ണരുടെ സുപ്രധാന വിഷയങ്ങള്‍ പ്രജാസഭയില്‍ അവതരിപ്പിക്കാനോ രാജാവിന്റെ മുന്‍പില്‍ അവതരിപ്പിക്കാനോ സമ്മതിക്കുന്നില്ല. ”ഇങ്ങനെയായാല്‍ ഞങ്ങളെന്തുചെയ്യും ? തിരുവിതാംകൂര്‍വിട്ടുപോകുകയേ നിവൃത്തിയുള്ളൂ എന്നുവരുമല്ലോ?” എന്ന മാധവന്റെ ചോദ്യത്തിന് അങ്ങനെ ചെയ്യാനായിരുന്നു ദിവാന്റെ മറുപടി. രാഘവയ്യയുടെ ഈ പരിഹാസമാണ് തിരുവിതാംകൂറിലെ പ്രശ്‌നങ്ങള്‍ തിരുവിതാംകൂറിനു പുറത്തുകൂടി ചര്‍ച്ചയാക്കേണ്ടതുണ്ടെന്ന ചിന്തയിലേക്ക് മാധവനെ എത്തിച്ചത്. മഹാത്മാഗാന്ധി തിരുനല്‍വേലി സന്ദര്‍ച്ച അവസരത്തില്‍ കൂടിക്കാഴ്ച്ചക്കുള്ള അവസരത്തിനായി ടി.കെ.ശ്രമിച്ചതിന്റെ പശ്ചാത്തലം ഇതാണ്.

ഈഴവരുടെ ക്ഷേത്രപ്രവേശനവാദത്തിന് അനുകൂലമായി മഹാത്മാഗാന്ധിയുടെ പിന്തുണ നേടിയെടുക്കാന്‍ ആദ്യ സന്ദര്‍ശനത്തില്‍ത്തന്നെ ടി.കെ. മാധവന് സാധിച്ചു. ഇതു സംബന്ധിച്ചു ഗാന്ധിജി എഴുതിയിരിക്കുന്നത് നോക്കുക:
”മറ്റ് അബ്രാഹ്മണഹിന്ദുക്കളെപ്പോലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനും, അവര്‍ക്കു ക്ഷേത്രങ്ങളില്‍ എത്രമാത്രം സ്വാതന്ത്യമുണ്ടോ അത്രയും സ്വാതന്ത്യത്തോടുകൂടി ആരാധന നടത്തുന്നതിനും, ഈഴവര്‍ക്കും പൂര്‍ണമായ അവകാശമുണ്ടെന്ന് മിസ്റ്റര്‍ ഗാന്ധി പറഞ്ഞു. മത സംബന്ധമായ കാരണങ്ങളെ അടിസ്ഥാനമാക്കി അവരുടെ ക്ഷേത്രപ്രവേശനത്തെ തടയണമെന്നുള്ള അഭിപ്രായത്തെ അദ്ദേഹം എതിര്‍ത്തു.ഈ സമുദായക്കാര്‍ക്കു പള്ളിക്കൂടങ്ങളില്‍ പ്രവേശിക്കുന്നതിനു തടസ്സമില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ ഈ സമുദായക്കാര്‍ക്കു പൂര്‍ണമായ ആത്മ നിയന്ത്രണത്തോടുകൂടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ നിയമം അവരുടെ അവകാശത്തിനു വിപരീതമായി പ്രവര്‍ത്തിക്കുമ്പോള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിച്ചു തടവില്‍ പോകാന്‍ അവര്‍ സന്നദ്ധരായിരിക്കണം എന്നു മിസ്റ്റര്‍ ഗാന്ധി പറഞ്ഞു. സംഘം ചേര്‍ന്നു ക്ഷേത്രങ്ങളില്‍ പ്രവേശിക്കരുത്. ഓരോരുത്തരായി മാത്രമേ പ്രവേശിക്കാവൂ. അവകാശ ലാഭത്തിനായി കഷ്ടത അനുഭവിക്കാനുളള സന്നദ്ധതയിലാണ് ഈ പ്രവൃത്തിയുടെ ധര്‍മ്മം അന്തര്‍ഭവിച്ചിരിക്കുന്നത്. ഈഴവരുടേയും മറ്റും അവകാശം സംബന്ധിച്ച കാര്യങ്ങളില്‍ സ്ഥലം കോണ്‍ഗ്രസ്സുകമ്മറ്റിക്കാര്‍ സഹായിക്കേണ്ടതുണ്ടോ എന്നു ചോദിച്ചപ്പോള്‍ അങ്ങനെ ചെയ്യേണ്ടത് അവരുടെ ധര്‍മ്മമാണെന്നു മിസ്റ്റര്‍ ഗാന്ധി ശക്തിയായി അഭിപ്രായപ്പെട്ടു”
ടി.കെ. മാധവനുമായുളള സംഭാഷണത്തിനുശേഷം ഗാന്ധി സ്വന്തം കൈപ്പടയിലെഴുതിയ ഈ കുറിപ്പ് ടി.കെ. മാധവന് പ്രസിദ്ധീകരിക്കാനായി കൈമാറി. ഗാന്ധിയുടെ അനുകൂല നിലപാട് പുറത്തുവന്നതോടെ ക്ഷേത്രപ്രവേശനവാദത്തിനോടുള്ള അവര്‍ണ്ണരുടേയും സവര്‍ണ്ണരുടേയും സമീപനത്തില്‍ വലിയ മാറ്റം വന്നു. 1918ല്‍ ടി.കെ. ക്ഷേത്രപ്രവേശനത്തിനുള്ള ശ്രമങ്ങളാരംഭിക്കുമ്പോള്‍ വിജയിക്കാന്‍ വിദൂരസാധ്യതയെങ്കിലുമുള്ള ഒരാശയമാണതെന്ന് അതിന്റെ പ്രധാന വക്താക്കള്‍ പോലും കരുതിയിരുന്നില്ല. പില്‍ക്കാലത്ത് സി.വി.കുഞ്ഞുരാമന്‍ ദേശാഭിമാനിയില്‍ എഴുതിയ മുഖപ്രസംഗത്തെ സൂചിപ്പിച്ചുകൊണ്ട് പി.കെ. ബാലകൃഷ്ണന്‍ പറയുന്നത് ശ്രദ്ധേയമാണ്: ”എഴുതിയ സി.വി.ക്കു തന്നെ ഇതു നേടാവുന്ന ഒരവകാശവാദമാണെന്നു തോന്നിയിരുന്നതായി ലേഖനം വായിച്ചാല്‍ തോന്നുകയില്ല. സഹജമായ നിഷേധവും കുറുമ്പും യഥേഷ്ടം കലര്‍ത്തി പുള്ളിക്കാരന്‍ ഒന്നു തൊടുത്തുനോക്കി, അത്രതന്നെ” (ബാലകൃഷ്ണന്‍ പി.കെ.2010:76). പ്രജാസഭയില്‍ ടി.കെ. മാധവന്‍ ക്ഷേത്രപ്രവേശനപ്രമേയം അവതരിപ്പിച്ചപ്പോഴുളള സ്ഥിതിയും മറ്റൊന്നായിരുന്നില്ല. ഒരിക്കലും നടക്കാത്ത കാര്യം ഉന്നയിച്ച് സഭയുടെ വിലപ്പെട്ട സമയം കളയുന്നുവെന്ന പരിഹാസമായിരുന്നു സവര്‍ണ്ണ-യാഥാസ്ഥിതിക പക്ഷത്തുള്ള മെമ്പര്‍മാരില്‍ നിന്നു ലഭിച്ചത്. അവരുടെ പുച്ഛവും പരിഹാസവും സഹിക്കാന്‍ വയ്യാതെ പ്രമേയാനുകൂലിയായ മൂലൂര്‍ പദ് മനാഭപ്പണിക്കര്‍ പോലും സഭയിലെ സ്വന്തം ഇരിപ്പിടം വിട്ട് പിന്‍നിരയിലേക്ക് മാറിക്കളഞ്ഞതായി ടി.കെ.മാധവന്‍തന്നെ പറഞ്ഞിട്ടുണ്ട്. മൂലൂരും അത് അംഗീകരിച്ചിട്ടുമുണ്ട്. ഗാന്ധിയെ സന്ദര്‍ശിക്കുന്നതിനു മുന്‍പ് ക്ഷേത്രപ്രവേശനവിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിന്‍തുണ ടി.കെ. തേടിയിരുന്നെങ്കിലും സമീപനം അനുകൂലമായിരുന്നില്ല. അസാധ്യമെന്ന് സര്‍വരും കരുതിയിരുന്ന ഒരവാകാശവാദത്തിന് അതുന്നയിച്ച് മൂന്നുവര്‍ഷത്തിനകം ദേശീയതലത്തില്‍ത്തന്നെ പിന്‍ന്തുണ നേടിയെടുക്കാന്‍ മാധവനായി.
ഗാന്ധിയുടെ വ്യക്തിപരമായ പിന്‍ന്തുണക്കു പുറമേ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗികമായ അംഗീകാരം കൂടി നേടിയെടുക്കുന്നതിനായിരുന്നു മാധവന്റെ അടുത്ത പരിശ്രമം. കോണ്‍ഗ്രസ്സില്‍ അംഗംപോലുമല്ലാതിരുന്ന അദ്ദേഹം കാക്കിനടകോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ യാത്രതിരിക്കുന്നത് ഈ ലക്ഷ്യത്തിനു വേണ്ടിയാണ്. അതിനായി അദ്ദേഹം സര്‍ദാര്‍ കെ.എം. പണിക്കരുടെയും കെ.പി.കേശവമേനോന്റെയും സഹായം തേടി. ”ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിനോട് ഇന്ത്യയിലെ അയിത്തമുളള ജാതിക്കാര്‍ക്കുവേണ്ടി ചെയ്യുന്ന അപേക്ഷ” എന്ന തലക്കെട്ടില്‍ ടി.കെ. മാധവന്‍ എഴുതി തയ്യാറാക്കിയ അപേക്ഷയുടെ കോപ്പികള്‍ അദ്ദേഹത്തിനു വേണ്ടി നാനൂറോളം പ്രതിനിധികള്‍ക്ക് കെ.പി.കേശവമേനോന്‍ വിതരണം ചെയ്തു. കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായ മൗലാനാ മുഹമ്മദാലിക്ക് ടി.കെ. മാധവന്‍ നേരിട്ടു സമര്‍പ്പിക്കുകയും വിഷയം വിശദമായി ചര്‍ച്ചചെയ്യുകയും ചെയ്തു. കോണ്‍ഗ്രസ് അംഗമല്ലാതിരുന്നിട്ടുകൂടി പ്രമേയമവതരിപ്പിക്കാന്‍ അധ്യക്ഷന്റെ പ്രത്യേകാധികാരമുപയോഗിച്ച് മുഹമ്മദാലി മാധവന് അനുമതി നല്‍കി. ടി.കെ.യുടെ ലഘുലേഖയെ അടിസ്ഥാനപ്പെടുത്തി സി.പി. വൈദ്യയും എം. അബ്ദുള്‍ഹമീദ്ഖാനും പ്രമേയം നല്‍കിയിരുന്നു. പ്രസ്തുത പ്രമേയങ്ങള്‍ അംഗീകരിക്കപ്പെട്ടു. അയിത്തോച്ചാടനത്തിനു വേണ്ടിയുള്ള പ്രമേയം കാക്കിനടകോണ്‍ഗ്രസ് പാസാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കേരള പ്രൊവിഷ്യല്‍ കമ്മറ്റിയും ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചത്. എറണാംകുളത്ത് 1924 ജനുവരിയില്‍ ചേര്‍ന്ന യോഗവും കോണ്‍ഗ്രസ് ഡെപ്യൂട്ടേഷന്റെ വൈക്കം സന്ദര്‍ശനവുമെല്ലാം അതിന്റെ തുടര്‍ച്ചയായിരുന്നു.
മീനം 17 ഓര്‍ക്കണേ…!

ഇക്കഥയോര്‍ക്കുന്നവര്‍ക്കെന്തിനീ ഹിന്ദുമതം?

വൈക്കം ബോട്ടുജെട്ടിയിലിറങ്ങി റിക്ഷാവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീനാരായണഗുരുവിനെ സവര്‍ണ മാടമ്പികള്‍ തടയുകയും സഞ്ചാരവിലക്കേര്‍പ്പെടുത്തി അപമാനിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെക്കുറിച്ചു മൂലൂര്‍ പദ് മനാഭ പണിക്കർ ‘ചിദംബരം പിള്ളയുടെ കത്തും അതിനുളള മറുപടിയും’ എന്ന കവിതയില്‍ പരാമര്‍ശിക്കുന്നുണ്ട് :
”…വൈക്കത്തുവച്ചു മുന്നം റിക്ഷാവണ്ടിയില്‍ മുനി-
മുഖ്യനാം നാരായണസ്വാമികള്‍ പോയീടവേ
മുഷ്‌ക്കെഴുമൊരു മഹീദേവത നേരെവന്നു
ചക്രവാഹകനോടു മാറുകയെന്നു ചൊല്ലി.
തൃക്കഴലപ്പോള്‍ താഴെവച്ചുതാന്‍ സഞ്ചരിച്ചാന്‍
മുഖ്യര്‍ഷിയിരുപതു ലക്ഷത്തിന്‍ മഹാ ദീപം.
രക്തനാഡികളെല്ലാമൂഷ്മളമാക്കിത്തീര്‍ക്കു –
മിക്കഥയോര്‍ക്കുന്നവര്‍ക്കെന്തിനീ ഹിന്ദുമതം?” (പദ് മനാഭ പണിക്കർ; 199 3:83)

കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌ക്കാരിക ഭൂമികകളില്‍ വൈക്കത്തെ സമരം സമൂലമായ പരിവര്‍ത്തനം സൃഷ്ടിച്ചു. ജാതികളും ഉപജാതികളും വ്യത്യസ്ത മതവിഭാഗങ്ങളുമൊക്കെയായി തമ്മില്‍ തമ്മില്‍ കൂടിക്കലരാതെ നിന്നിരുന്ന സാമൂഹ്യഘടനയുടെ അടിക്കല്ലിളകി തകര്‍ന്നുപോയത് മീനം പതിനേഴിനായിരുന്നു. പൗരസമത്വപ്രക്ഷോഭത്തില്‍ അവര്‍ണ്ണ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീംകളും അണിനിരന്നിരുന്നുവെങ്കില്‍ വൈക്കത്തെത്തുമ്പോള്‍ സവര്‍ണ്ണ-അവര്‍ണ്ണ ഭേദമോ മതഭേദമോ ദേശഭേദമോ സമ്പന്ന-ദരിദ്ര വ്യത്യാസമോ ലിംഗഭേദമോ ഇല്ലാതെ സ്വാതന്ത്യത്തിനുവേണ്ടി പൊരുതുന്ന മനുഷ്യരുടെ സംഗമഭൂമിയായി മാറി. ചാത്തന്‍ കുഞ്ഞാപ്പിയും ഗോവിന്ദപ്പണിക്കരും ബാഹുലേയനും മുതല്‍ ജോര്‍ജ്ജ് ജോസഫും ഇ.വി.രാമസ്വാമി നായ്ക്കരും അബ്ദുള്‍ റഹിമുംവരെ എത്രയോ പേര്‍ വൈക്കത്തു നിന്നും ജയിലിലെത്തി. ചിറ്റേടത്തു ശങ്കുപ്പിളള രക്തസാക്ഷിയായി. മാര്‍ത്താണ്ഡനെ മര്‍ദ്ദിച്ചവശനാക്കി. ജന്മിയായിരുന്ന രാമന്‍ ഇളയതിന്റെയും പുലയ നേതാവായിരുന്ന ആമച്ചാടി തേവരുടെയും കണ്ണില്‍ ചുണ്ണാമ്പുതേച്ച വാര്‍ത്തയറിഞ്ഞ ശ്രീനാരായണ ഗുരു പറഞ്ഞത് ”വെടിവെക്കും, പറന്നുപോകരുത്”(2015:267) എന്നാണ്. പ്രകൃതിയും എതിരാളികളും ക്രൂരമായി പീഡിപ്പിച്ചിട്ടും സമരക്കാര്‍ പിരിഞ്ഞു പോയില്ല. പഞ്ചാബിലെ സിഖുകാര്‍ സമരത്തിന് സഹായവുമായെത്തി. അഖിലേന്ത്യാ തലത്തിലേക്ക് പ്രക്ഷോഭം വളര്‍ന്നു. അപ്രതീക്ഷിതമായി ഗാന്ധി നിലപാടു മാറ്റുന്നതുവരെ തികച്ചും മതേതരമായ പോരാട്ടമായിരുന്നു വൈക്കത്തേത് . ക്ഷേത്രപ്രവേശനവാദത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെയും കുറിച്ചുളള ടി.കെ. മാധവന്റെ നിലപാടിനോടു തികച്ചും വിപരീത ദശയിലുളള പിന്‍നടത്തമാണ് ഗാന്ധി നടത്തിയതെന്നു സൂഷ്മനിരീക്ഷണത്തില്‍ ബോധ്യപ്പെടും. എങ്കിലും അവസാനനിമിഷംവരെ ടി.കെ.മാധവന്‍ ഗാന്ധിയുടെ നേതൃത്വമംഗീകരിച്ചു നിലകൊണ്ടു. ഗാന്ധിയുമായുളള ആദ്യ കൂടിക്കാഴ്ച്ചക്കു ശേഷംതന്നെ ഗാന്ധിദര്‍ശനത്തോട് തനിക്കുളള യോജിപ്പും വിയോജിപ്പും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഗാന്ധിയുടെ സാമീപ്യം ശ്രീനാരായണഗുരുവിന്റെ സാമീപ്യംപോലെ പവിത്രമാണെന്ന് അദ്ദേഹം കരുതിയിരുന്നു. ”മഹാത്മജിയുടെ അഭിപ്രായങ്ങളില്‍ പലതിലും ഒരാള്‍ക്കു യോജിക്കാന്‍ നിവൃത്തിയില്ലായിരിക്കാം. ഞാന്‍ തന്നെ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളിലും യോജിക്കുന്നില്ല. ഉദാഹരണത്തിന് ജാതി, മിശ്രവിവാഹം ഇവയെ സംബന്ധിച്ചുള്ള മഹാത്മജിയുടെ അഭിപ്രായത്തില്‍ ഞാന്‍ യോജിക്കുന്നില്ല. എങ്കിലും അദ്ദേഹത്തെ ബഹുമാനിക്കാതിരിക്കാന്‍ പ്രയാസം” (1986:114) എന്നതായിരുന്നു ഗാന്ധിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ നിലപാട്. പറയത്തക്ക ജനപിന്‍ന്തുണയൊന്നുമില്ലാതിരുന്ന തന്റെ പോരാട്ടങ്ങളെ ദേശീയ ശ്രദ്ധയിലേക്കുയര്‍ത്താനും ഒരളവോളം വിജയിപ്പിക്കാനും അദേഹത്തിനു സാധിച്ചത് ഗാന്ധിയുടെ പിന്‍തുണയുടെ ബലത്തിലായിരുന്നുവെന്നത് നിസ്തര്‍ക്കമാണ്.

അതേസമയം ഇതിനൊരു മറുവശംകൂടിയുണ്ട്. ടി.കെ.മാധവന്‍ കോണ്‍ഗ്രസ്സില്‍ ചേരുന്നതോടുകൂടി മാത്രമാണ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന് കേരളത്തിലെ അവര്‍ണ്ണ ജനതയിലേക്ക് പ്രവേശനം നേടാനായത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തോട് പറയത്തക്ക അനുഭാവമൊന്നും പിന്നാക്കജനവിഭാഗങ്ങള്‍ അതിനു മുന്‍പു പുലര്‍ത്തിയിരുന്നില്ല. ‘സ്വരാജ് വഴക്ക്’ എന്ന കുമാരനാശാന്റെ പ്രയോഗം തന്നെ ഉദാഹരണം. സഹോദരന്‍ അയ്യപ്പന്‍ ഉള്‍പ്പെടെയുളളവര്‍ ഗാന്ധിമാര്‍ഗത്തിന്റെ നിരന്തരവിമര്‍ശകര്‍ കൂടിയായിരുന്നു. ഈ ഘട്ടത്തിലാണ് ഈഴവ-തിയ്യസമുദായത്തില്‍നിന്നുള്ള ആദ്യത്തെ ദേശീയനേതാവായി ടി.കെ. മാധവന്‍ കോണ്‍ഗ്രസ്സിലേക്കു കടന്നുവരുന്നത്. വൈക്കം സമരത്തെതുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ടി.കെ യെ പൂത്തോട്ട ക്ഷേത്രപ്രവേശനക്കേസില്‍ കോട്ടയം കോടതയില്‍ ഹാജരാക്കാന്‍ തീവണ്ടിയില്‍ കൊണ്ടുപോകുന്ന വാര്‍ത്തയറിഞ്ഞ് റെയില്‍വേ സ്റ്റേഷനില്‍ തടിച്ചു കൂടിയ ജനങ്ങള്‍ മഹാത്മാഗാന്ധിക്ക് ജയ് വിളിച്ചതിനെക്കുറിച്ച് അദ്ദേഹം അന്നേദിവസം നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട് : ”ഈഴവര്‍ സാധാരണയായി ഗാന്ധിമതത്തിനും കോണ്‍ഗ്രസ്സിനും വിരോധികളായിട്ടാണ് വൈക്കം സത്യാഗ്രഹത്തിനു മുന്‍പു കണ്ടിട്ടുള്ളത്. അതിനുമുന്‍പ് അവര്‍ ഇങ്ങനെ വിളിക്കുമായിരുന്നില്ല”(1986, 184: 85) .

മൂലംതിരുനാള്‍ രാജാവിന്റെ മരണത്തെ തുടര്‍ന്ന് വൈക്കം രാഷ്ട്രീയതടവുകാരെല്ലാം മോചിപ്പിക്കപ്പെട്ടു. ജയിലില്‍ നിന്നിറങ്ങിയ ടി.കെ. മാധവന്‍ ജോര്‍ജ് ജോസഫുമൊന്നിച്ച് ഡല്‍ഹിയിലെത്തി ഗാന്ധിയെക്കണ്ട് വൈക്കത്തു തിരിച്ചെത്തി. കോണ്‍ഗ്രസ് കേരള പ്രൊവിഷ്യല്‍ കമ്മറ്റിയെ പ്രതിനിധീകരിച്ച് കെ. മാധവന്‍ നായര്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ബോംബെയിലെത്തി ഗാന്ധിയെ കണ്ടിരുന്നു.

മൂലംതിരുനാള്‍ രാജാവിന്റെ മരണത്തെ തുടര്‍ന്ന് വൈക്കം രാഷ്ട്രീയതടവുകാരെല്ലാം മോചിപ്പിക്കപ്പെട്ടു. ജയിലില്‍ നിന്നിറങ്ങിയ ടി.കെ. മാധവന്‍ ജോര്‍ജ് ജോസഫുമൊന്നിച്ച് ഡല്‍ഹിയിലെത്തി ഗാന്ധിയെക്കണ്ട് വൈക്കത്തു തിരിച്ചെത്തി. കോണ്‍ഗ്രസ് കേരള പ്രൊവിഷ്യല്‍ കമ്മറ്റിയെ പ്രതിനിധീകരിച്ച് കെ. മാധവന്‍ നായര്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ബോംബെയിലെത്തി ഗാന്ധിയെ കണ്ടിരുന്നു. 500 പേരുടെ ഒരു സവര്‍ണജാഥ നടത്താനും ഒരു ലക്ഷം പേര്‍ ഒപ്പിട്ട ഒരു ഭീമഹര്‍ജി റീജന്റ് റാണിക്കു നല്‍കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. നൂറിലധികംപേര്‍ പങ്കെടുത്ത വടക്കന്‍ജാഥ മന്നത്തു പത്മനാഭനും എഴുപതിലധികം പേര്‍ പങ്കെടുത്ത തെക്കന്‍ജാഥ ഡോ. എമ്പെരുമാള്‍ നായിഡുവും നയിച്ചു. ഇരുജാഥകളും തിരുവനന്തപുരം സ്റ്റാച്യു ജംങ്ഷനില്‍ സംഗമിക്കുകയും 25000 സവര്‍ണ സമുദായാംഗങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജി രാജ്ഞിക്കു സമര്‍പ്പിക്കുകയും ചെയ്തു. സവര്‍ണജാഥയുടെ നടത്തിപ്പിനും ചിലവുകള്‍ക്കുളള പണം കണ്ടെത്തുന്നതിനും മാധവന്‍ മുന്നിട്ടിറങ്ങി. 1924 ഡിസംബറില്‍ ബല്‍ഗാം കോണ്‍ഗ്രസ്സില്‍ കേരളത്തില്‍ നിന്നും ടി.കെ.മാധവന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, സത്യവ്രതസ്വാമികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈക്കം സത്യാഗ്രഹത്തിനനുകൂലമായ ഒരു പ്രമേയം പാസാക്കാന്‍ വേണ്ട ശ്രമങ്ങള്‍ ടി.കെ. മാധവന്‍ ആരംഭിക്കുകയും ഗാന്ധിജി നേരിട്ട് തയ്യാറാക്കിയ പ്രമേയം ബല്‍ഗാംകോണ്‍ഗ്രസ് പാസാക്കുകയും ചെയ്തു. മാധവനുള്‍പ്പെടെയുള്ള പ്രതിനിധിസംഘം ഗാന്ധിയെ വൈക്കത്തേക്കു ക്ഷണിച്ചത് ബല്‍ഗാംകോണ്‍ഗ്രസില്‍ വച്ചായിരുന്നു. എന്‍.കുമാരന്‍ 1925 ഫെബ്രുവരി 5 ന് പ്രജാസഭയില്‍ സഞ്ചാരസ്വാതന്ത്യപ്രമേയം അവതരിപ്പിച്ചു. 23,24,25 തിയതികളില്‍ പ്രമേയത്തിന്‍ മേല്‍ചര്‍ച്ച നടക്കുകയും വോട്ടെടുപ്പില്‍ ഒരു വോട്ടിന് പ്രമേയം പരാജയപ്പെടുകയും ചെയ്തു. പ്രമേയത്തിന്റെ പരാജയം സകലേയും ദു:ഖിതരാക്കി. ”അവസാനം പരാജയപ്പെട്ടുവെങ്കിലും അനുകൂലമായി അത്രവളരെ വോട്ടു സമ്പാദിക്കാന്‍ എത്രമാത്രം ശ്രമപ്പെട്ടിരിക്കുമെന്ന് നിങ്ങള്‍ക്ക് ഏകദേശം ഊഹിക്കാമല്ലോ?” ( 2009 : 243) എന്നായിരുന്നു ടി.കെ. മാധവന്റെ പ്രതികരണം. സഞ്ചാരസ്വാതന്ത്ര്യപ്രമേയം നിയമസഭയില്‍ പരാജയപ്പെട്ടെങ്കിലും വൈക്കത്തെ പോരാട്ടം ഒടുവില്‍ വിജയിക്കുകതന്നെ ചെയ്തു. 1925 നവംബര്‍ 23 (1101 വൃശ്ചികം 8) ന് സത്യാഗ്രഹം പിന്‍വലിക്കുന്ന വിവരം അറിയിച്ചുകൊണ്ട് ടി.കെ. മാധവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ കാണുന്നുണ്ട്: ‘…അയിത്തോച്ചാടനക്കമ്മറ്റി ആശ്രമത്തില്‍ കൂടി, വൃശ്ചികം 12-നു സത്യഗ്രഹം പിന്‍വലിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. അന്ന് ഗവര്‍മ്മെണ്ടില്‍ നിന്ന് കിഴക്കേ റോഡും തുറക്കുന്നതാണ്. എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം ലഭിക്കുന്നതിനു വേണ്ട പ്രക്ഷോഭണം ഇപ്പോള്‍ മുതല്‍ ആരംഭിക്കുന്നതിനും കമ്മറ്റിക്കാര്‍ തീരുമാനിച്ചിരിക്കുന്നു” (2009:346,47). സമരത്തിന്റെ അവസാനദിനവും സംഭവബഹുലവും ഉദ്യോഗഭരിതവുമായിരുന്നു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി കിഴക്കേ നടയില്‍ ഇരുവശവും ബ്രാഹ്മണര്‍ വേലികെട്ടിയടച്ചു. ഇതറിഞ്ഞ മാധവന്‍ പുതിയ വഴിയിലേക്കു കയറിച്ചെന്ന് ആ വേലിക്കെട്ടുകള്‍ സ്വന്തം കൈകൊണ്ടു പിഴുതുമാറ്റി.വൈക്കത്തെതുടര്‍ന്ന് അമ്പലപ്പുഴയിലും പറവൂര്‍ കണ്ണങ്കുളങ്ങര അഗ്രഹാരവഴിയിലും തിരുവാര്‍പ്പിലും ശുചീന്ദ്രത്തും കല്പാത്തിയിലുമെല്ലാം നടന്ന സഞ്ചാരസ്വാതന്ത്ര്യപോരാട്ടങ്ങളില്‍ മാധവനുണ്ടായിരുന്നു. സി.കേശവന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ ‘1099 മീനത്തില്‍ ഒരു സത്യാഗ്രഹബോംബ് വൈക്കത്തു പൊട്ടി. കേരളത്തില്‍ അതിരൂക്ഷമായിരുന്ന അയിത്താചാരത്തിന്റെ ഉച്ചിക്കുതന്നെ അതുപൊട്ടി. ഭാരതഖണ്ഡത്തെ ഒട്ടാകെത്തന്നെ ആ സ്‌ഫോടനം വല്ലാതെ കുലുക്കി. ആ തീക്കുടുക്ക എറിഞ്ഞത് നിശ്ച്ചയമായും ടി.കെ. മാധവന്‍തന്നെ !.”

(കേരള സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടിന്റേയും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടേയും ആഭിമുഖ്യത്തിൽ ജൂലൈ 21 22 തിയതികളിൽ കാലടി സംസ്കൃത സർവകലാശാലയിൽ വച്ചു നടന്ന ‘ വൈക്കം സത്യാഗ്രഹവും കേരള നവോത്ഥാനവും’ എന്ന ദേശീയ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം )

Author

Scroll to top
Close
Browse Categories