ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ശക്തിയും ഊര്‍ജ്ജവും

”ഓരോ ദേശത്തും സാഹിത്യസംഘടനകളും വായനശാലകളും സ്ഥാപിക്കുന്നതു മൂലം വിദ്യാഭ്യാസ വിഷയത്തില്‍ സമുദായത്തിനു വളരെ അഭിവൃദ്ധിയുണ്ടാവാന്‍ ഇടയുള്ളതാകുന്നു.” ഗ്രന്ഥശാലകളും സാഹിത്യ സംഘടനകളും കേരളത്തില്‍ നാമ്പിട്ടു തുടങ്ങുന്ന കാലത്താണ് വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും വ്യാപനത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള പ്രാമുഖ്യം തിരിച്ചറിഞ്ഞു മേലുദ്ധരിച്ച വിധം ഗുരു സമുദായത്തെ അനുശാസിച്ചത്. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ശക്തിയും ഊര്‍ജ്ജവും പകര്‍ന്ന അടിസ്ഥാന ചാലകശക്തിയായി ഗുരുവിന്റെ വചനങ്ങളും അനുയായികളുടെ പ്രവര്‍ത്തനങ്ങളും ഭവിച്ചുവെന്നത് ഒരു ചരിത്രവസ്തുതയാണ്.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, പ്രചാരം, ലക്ഷ്യം, വ്യാപ്തി, പരിവര്‍ത്തനം തുടങ്ങിയവയെ സംബന്ധിച്ച ഗുരുവിന്റെ കാഴ്ചപ്പാടുകള്‍ ഏറ്റവും അധികം പ്രതിഫലിച്ചു കാണുന്നത് 1910-ല്‍ ചെറായി വിജ്ഞാനവര്‍ദ്ധിനി സഭ സമര്‍പ്പിച്ച മംഗളപത്രത്തിനു നല്‍കിയ മറുപടിയിലാണ്.
അവ കാണുക.

1
”വിദ്യാഭ്യാസം ഏതു സമുദായത്തെയും ഉന്നതി മാര്‍ഗ്ഗങ്ങളിലേക്കു നയിക്കുന്ന ഒന്നാകയാല്‍ സമുദായ അഭിവൃദ്ധിയെ കാംക്ഷിക്കുന്നുണ്ടെങ്കില്‍ വിദ്യാഭ്യാസത്തിനു നമ്മുടെ ഇടയില്‍ ധാരാളം പ്രചാരം വേണം.” കേവലം ഈഴവ സമുദായത്തെ മാത്രം ലക്ഷ്യമാക്കിയല്ല ഗുരു ഇത്തരമൊരു ഉപദേശം നല്‍കിയതെന്നു പ്രത്യേകം ഓര്‍ക്കണം. നമ്പൂതിരി സമുദായത്തില്‍ പോലും സാക്ഷരര്‍ ഒരു ന്യൂനപക്ഷമായിരുന്ന കാലഘട്ടമായിരുന്നു അത്. സമുദായ പരിഷ്‌കര്‍ത്താവായിരുന്ന വി.ടി. ഭട്ടതിരിപ്പാട് അക്ഷരജ്ഞാനം നേടിയത് ഏറെ മുതിര്‍ന്ന ശേഷമാണല്ലൊ.
2

”പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉണ്ടായിരിക്കണം”. പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവുമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം 1906ല്‍ ബ റോഡ മഹാരാജാവ് നടത്തുന്ന കാലത്തു, തിരുവിതാംകൂറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭൂരിപക്ഷവും ഈഴവര്‍ക്കു മുന്നില്‍ അടഞ്ഞു കിടന്നിരുന്നു. ബ്രിട്ടീഷ്‌കാരനായ ഡോക്ടര്‍ മിച്ചല്‍ വിദ്യാഭ്യാസ ഡയറക്ടറായി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ പ്രാബല്യത്തില്‍ വന്ന (1910) വിദ്യാഭ്യാസ കോഡ് പ്രകാരമാണ് പുലയര്‍ ഉള്‍പ്പെടെ സര്‍വ്വജാതിക്കാര്‍ക്കും സര്‍ക്കാര്‍-സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കപ്പെട്ടത്. അതും പൂര്‍ണ്ണഫലപ്രാപ്തിയിലെത്താന്‍ ദശകങ്ങള്‍ വേണ്ടി വന്നു. 1945ല്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കിക്കൊണ്ടുള്ള ചട്ടം തിരുവിതാംകൂര്‍ നിയമസഭ പാസ്സാക്കുകയും സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്‌തെങ്കിലും ക്രൈസ്തവ സഭകളുടെ എതിര്‍പ്പിനെ തുടര്‍ന്നു നടപ്പിലാക്കാനാവാതെ പോയി. കേരളം പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും, ഗുരു ആഗ്രഹിച്ച വിധം എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഇപ്പോഴും സാദ്ധ്യമായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 2011ലെ സെന്‍സസ് പ്രകാരം എട്ടുകോടിയിലധികം കുട്ടികള്‍ പാഠശാലകള്‍ കാണാത്തവരായി ഇന്ത്യയിലുണ്ട്.

3

”പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും വിദ്യാഭ്യാസം ഉണ്ടായിരിക്കണം” എന്നു ഗുരു നിഷ്‌കര്‍ഷിച്ചു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളിലെ സെന്‍സസ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ എല്ലാ ജാതി മത വിഭാഗങ്ങളിലെയും സ്ത്രീകളുടെ വിദ്യാഭ്യാസ ശതമാനം പൊതുവില്‍ വളരെ താണ നിലയിലായിരുന്നുവെന്നു കാണാം. 1901ലെ സെന്‍സസ് പ്രകാരം തിരുവിതാംകൂറിലെ ഈഴവ പുരുഷന്മാരുടെ സാക്ഷരത പത്തുശതമാനവും സ്ത്രീകളുടേത് ഒരു ശതമാനവുമായിരുന്നു. ഈഴവ ആണ്‍കുട്ടികളുടെ സ്‌കൂള്‍ പ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടിയ അനുഭാവം പെണ്‍കുട്ടികളുടെ പ്രവേശനത്തില്‍ പ്രകടിപ്പിക്കാതെ പോയതാണ് ഈ കുറവിനു കാരണം. ഈ സന്ദര്‍ഭത്തിലാണ് ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കണമെന്നു ഗുരു ആവശ്യപ്പെട്ടത്.

4

”ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ സമുദായത്തില്‍ വളരെ ചുരുക്കമാണ്. സാധുക്കളും വിദ്യാതല്‍പരരുമായ വിദ്യാര്‍ത്ഥികളെ ധനമുള്ളവര്‍ കഴിയുന്നത്ര സഹായിച്ച് ഇതരദേശങ്ങളിലയച്ചു വിദ്യ അഭ്യസിപ്പിക്കാന്‍ ഉത്സാഹിക്കണം”. കുമാരനാശാനെ ഡോക്ടര്‍ പല്‍പുവിന്റെ കൈയില്‍ ഏല്പിച്ചു മൈസൂരിലും ബംഗാളിലും വിട്ടു പഠിപ്പിച്ചതും നടരാജഗുരുവിനെ വിദേശത്ത് അയച്ച് പഠിപ്പിച്ചതും സഹോദരന്‍ അയ്യപ്പനെ തിരുവനന്തപുരത്തു കോളേജില്‍ ചേര്‍ത്തു പഠിപ്പിച്ചതും ഗുരുവായിരുന്നല്ലോ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയും വിദ്യാഭ്യാസനിധി രൂപീകരിച്ചും സഹായിക്കുന്ന പദ്ധതി എസ്.എന്‍.ഡി.പി യോഗം ആവിഷ്‌കരിച്ചതിനു പിന്നില്‍ ഗുരുവിന്റെ പ്രേരണയുണ്ടാവും. ഈഴവര്‍ക്കു മാത്രമല്ല, അധഃകൃതജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ധനസഹായം നല്‍കിയിരുന്നതായി യോഗത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ നിന്നും ഗ്രഹിക്കാനാവും.
5

”വ്യവസായ പുരോഗതി കൈവരിക്കാന്‍ ശാസ്ത്ര-സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. അതിനായി കുട്ടികളെ വ്യവസായ ശാലകളില്‍ അയച്ചു പഠിപ്പിക്കണം.” ശിവഗിരി സംസ്‌കൃത പാഠശാലയിലെ പാഠ്യപദ്ധതിയില്‍ മെക്കാനിസവും കൃഷിശാസ്ത്രവും ഉള്‍പ്പെടുത്തിയതും സമീപത്ത് നെയ്ത്തുശാല സ്ഥാപിച്ചതും മേല്‍ സൂചിപ്പിച്ചിരുന്നല്ലോ. യഥാര്‍ത്ഥത്തില്‍ ഇവയൊക്കെ വ്യവസായ പുരോഗതി കൈവരിക്കാന്‍ വേണ്ട അവബോധവും അഭിരുചിയും വിദ്യാര്‍ത്ഥികളില്‍ സൃഷ്ടിക്കാനുള്ള പ്രാഥമിക കേന്ദ്രങ്ങളായിട്ടായിരിക്കണം ഗുരു ഗണിച്ചിട്ടുണ്ടാവുക. ചെറുകിട വ്യവസായ സംസ്‌കാരത്തില്‍ നിന്നും വന്‍കിട വ്യവസായ സംരംഭത്തിലേക്കുള്ള കുതിപ്പിനു വ്യവസായ ശാലകളിലെ ‘Apprentice ship’ (തൊഴില്‍പരിശീലനം) സഹായകമാകുമെന്നു ഗുരു അന്നേ മനസ്സിലാക്കിയിരുന്നു ഇതിലൂടെ ഗുരു സ്വപ്‌നം കണ്ടത്, ഒരു സമുദായത്തിന്റെയല്ല, കേരളത്തിന്റെ ആകമാനമുള്ള വ്യാവസായിക വളര്‍ച്ചയും സാമ്പത്തിക പുരോഗതിയുമായിരുന്നു. എന്നാല്‍ ഗുരുവിന്റെ പ്രതീക്ഷകള്‍ക്കു വിപരീതമായി, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഫലമായി വ്യവസായശാലകള്‍ അപ്രത്യക്ഷമാവുകയും വിദ്യാഭ്യാസം വ്യവസായമായി അധഃപതിക്കുകയും തൊഴിലിനും ഉന്നതവിദ്യാഭ്യാസത്തിനുമായി വിദ്യാര്‍ത്ഥികള്‍ വിദേശങ്ങളില്‍ കുടിയേറുകയും ചെയ്യുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
6

”സംസ്‌കൃത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുറഞ്ഞു കാണുന്നതിനാല്‍ ഇപ്പോള്‍ പ്രധാനമായി പ്രചാരത്തിലിരിക്കുന്ന ഇംഗ്ലീഷ് ഭാഷയില്‍ ശ്രദ്ധ പതിപ്പിക്കണം.” മലയാളികളില്‍ ഈഴവരെ പോലെ സംസ്‌കൃത വിദ്യാഭ്യാസം ഇപ്പോള്‍ ചെയ്തു വരുന്നവരുണ്ടോ എന്നു സംശയമാണെന്നു കെ.പി. പത്മനാഭമേനോന്‍ ‘കൊച്ചി രാജ്യ ചരിത്ര’ത്തില്‍ എഴുതുന്ന കാലത്താണ് (1910) നാരായണഗുരു ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയത്. 1891-ലെ തിരുവിതാംകൂര്‍ സെന്‍സസ് പ്രകാരം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഈഴവര്‍ 30 ആയിരുന്നു. 1911-ല്‍ അത് 1441 ആയി ഉയര്‍ന്നു. അതേ വര്‍ഷം ബ്രാഹ്മണരില്‍ 3007 പേരും (ഇതില്‍ എത്ര നമ്പൂതിരിമാര്‍ ഉണ്ടായിരുന്നുവെന്നു അറിയാന്‍ നിവൃത്തിയില്ല. 1916/1091 -ല്‍ യോഗക്ഷേമസഭയുടെ എട്ടാം വാര്‍ഷിക യോഗത്തിലാണല്ലോ ‘മ്ലേച്ഛഭാഷ’-യായ ഇംഗ്ലീഷ് നമ്പൂതിരിമാര്‍ പഠിക്കണമെന്ന ചരിത്രപ്രധാനമായ ഒരു തീരുമാനമുണ്ടാവുന്നത്) നായന്മാരില്‍ 5446 പേരും ക്രിസ്ത്യാനികളില്‍ 10129 പേരും ഇംഗ്ലീഷ് സാക്ഷരത നേടിയവരായിരുന്നു. ഇവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈഴവരുടെ നില ഏറെ പരിതാപകരമാണ്. മുസ്ലീങ്ങള്‍ 299 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നു ചിന്തിച്ചു ഈഴവര്‍ക്ക് ആശ്വസിക്കാം. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ 1441 ഈഴവരില്‍ 32 പേര്‍ സ്ത്രീകളായിരുന്നു. നമ്പൂതിരി സ്ത്രീകളില്‍ ഒരാള്‍ പോലും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവര്‍ ഉണ്ടാകാന്‍ ഇടയില്ലാത്ത സാഹചര്യത്തില്‍ ഇതൊരു വലിയ നേട്ടമാണ്. 1942-ല്‍ മാത്രമാണ് ഒരു നമ്പൂതിരി സ്ത്രീ കേരളത്തില്‍ ആദ്യമായി ബി.എ. ബിരുദം കരസ്ഥമാക്കുന്നത്. അതിനുമുമ്പ് 1917ല്‍ കെ. ഗൗരിയമ്മ എന്ന ഈഴവസ്ത്രീ ബി.എ. ബിരുദവും 1919-ല്‍ എം.എ. ബിരുദവും തിരുവിതാംകൂറില്‍ നിന്നു നേടിയിരുന്നു. എം.എ. ബിരുദം (ഇംഗ്ലീഷ് സാഹിത്യം) സമ്പാദിച്ച കേരളത്തിലെ ആദ്യ വനിത എന്ന സ്ഥാനവും അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ്. പുലയ സമുദായത്തില്‍പ്പെട്ട ദാക്ഷായണി വേലായുധന്‍ 1935ല്‍ ബിരുദമെടുത്തുവെന്ന വസ്തുതയും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ദളിത് ബിരുദധാരിണി ഇവരാണെന്നു പറയപ്പെടുന്നു. ഭാരതീയ സംസ്‌കൃതിയുടെയും ബ്രാഹ്മണിക അധീശവര്‍ഗ്ഗത്തിന്റെയും ആധാര-വിനിമയ-പണ്ഡിതഭാഷ എന്ന നിലയില്‍ പ്രഥമസ്ഥാനം കൈവരിച്ച സംസ്‌കൃതത്തില്‍ നൈപുണ്യം ആര്‍ജ്ജിക്കുന്നത്, വിജ്ഞാന സമ്പാദനത്തിനപ്പുറം സവര്‍ണജാതികളുമായി അവര്‍ണ വിഭാഗങ്ങള്‍ക്കുള്ള സാംസ്‌കാരികമായ അകല്‍ച്ച കുറയ്ക്കുന്നതിനു ഉപകരിക്കുമെന്നു കരുതിയിട്ടാവാം, ആദ്യ കാലങ്ങളില്‍ സംസ്‌കൃതപാഠശാലകള്‍ സ്ഥാപിക്കാന്‍ ഗുരു ഉത്സാഹിച്ചതും അനുയായികളെ പ്രേരിപ്പിച്ചതും. ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയുടെയും നവോത്ഥാന ആശയങ്ങളുടെയും ലോകവിജ്ഞാനത്തിന്റെ തന്നെയും വിശാല ലോകത്തിലേക്കു പ്രവേശിക്കാനുള്ള മുഖ്യകവാടമെന്ന നിലയിലും ബ്രിട്ടീഷ് മേധാവിത്വ ശക്തിയുടെ ഔദ്യോഗിക ഭാഷയെന്ന നിലയിലും ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കിയ ആഗോള പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടാണ് ആ ഭാഷയില്‍ ഇനിമേല്‍ ശ്രദ്ധപതിപ്പിക്കണമെന്നു ഗുരു ഉപദേശിച്ചത്.

ആഭരണം വിറ്റും മക്കളെ പഠിപ്പിക്കണം

ശാരദാ പ്രതിഷ്ഠയോടനുബന്ധിച്ച്, ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം എസ്.എന്‍.ഡി.പി യോഗത്തിന്റെ ഒമ്പതാം വാര്‍ഷിക സമ്മേളനവും ശിവഗിരിയില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരുന്നു. സമ്മേളനത്തിന്റെ രണ്ടാം ദിവസം മേയ് ഒന്നിനു രാവിലെ, ഒരു വിദ്യാര്‍ത്ഥി സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. കേരള ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും, നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമായി ഒരു സമുദായസംഘടന വിദ്യാര്‍ത്ഥി സമ്മേളനം വിളിച്ചുകൂട്ടുന്നത്. ബോംബെ സെക്രട്ടറിയേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന പി.സി. ഗോവിന്ദനായിരുന്നു സമ്മേളന അദ്ധ്യക്ഷന്‍. ആണ്ടുതോറും നടത്തുന്ന യോഗത്തിന്റെ സമ്മേളനങ്ങളില്‍ വിദ്യാര്‍ത്ഥി സമ്മേളനം കൂടി ഉള്‍പ്പെടുത്തണമെന്ന തീരുമാനവും ഈ വാര്‍ഷിക യോഗത്തിലുണ്ടായി.
സ്ത്രീകളെ പ്രബുദ്ധരും സ്വതന്ത്രചിന്താഗതിക്കാരും സംഘടിതരുമാക്കാന്‍ വേണ്ടി, അരുവിപ്പുറത്തു ചേര്‍ന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ ഒന്നാം വാര്‍ഷികം (1904) മുതല്‍ സ്ത്രീ സമാജത്തിന്റെ നേതൃത്വത്തില്‍ വനിതാ സമ്മേളനവും നടത്തിയിരുന്നു. ഡോ. പല്പുവിന്റെ അമ്മയായിരുന്നു സമ്മേളന അദ്ധ്യക്ഷ. സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിരാഭരണയായിരുന്നു ആ അമ്മ. ആഭരണവിഭൂഷിതരായി സദസ്സിലിരുന്ന ഈഴവ പ്രമാണികളുടെ ഭാര്യമാരോടായി അവര്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി: ”നിങ്ങള്‍ എന്നെ നോക്കൂ. എന്റെ ശരീരത്തില്‍ ഒരു ആഭരണവുമില്ല. എന്റെ ആഭരണങ്ങള്‍ വിറ്റാണ് ഞാന്‍ മക്കളെ പഠിപ്പിച്ചത്. അവരാണ് എന്റെ ആഭരണങ്ങള്‍. നിങ്ങളുടെ ആഭരണം വിറ്റു മക്കളെ പഠിപ്പിക്കണം അവര്‍ നിങ്ങള്‍ക്കും സമുദായത്തിനും ആഭരണമാകട്ടെ.” തിരുവിതാംകൂറിലെ ആദ്യ ഈഴവ ബിരുദധാരിയുടെയും തിരുവിതാംകൂറിലെ ഹിന്ദുക്കളുടെ ഇടയിലെ ആദ്യ എല്‍.എം.എസ് (Licensee of Medical Science) ബിരുദധാരിയുടേയും അമ്മയായിരുന്നു അവര്‍ എന്നുഓര്‍ക്കുക. കേരള ചരിത്രത്തിലെ ഒന്നാമത്തെ വനിതാ സമ്മേളനമായിരുന്നു അത്.

7

”ഓരോ ദേശത്തും സാഹിത്യസംഘടനകളും വായനശാലകളും സ്ഥാപിക്കുന്നതു മൂലം വിദ്യാഭ്യാസ വിഷയത്തില്‍ സമുദായത്തിനു വളരെ അഭിവൃദ്ധിയുണ്ടാവാന്‍ ഇടയുള്ളതാകുന്നു.” ഗ്രന്ഥശാലകളും സാഹിത്യ സംഘടനകളും കേരളത്തില്‍ നാമ്പിട്ടു തുടങ്ങുന്ന കാലത്താണ് വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും വ്യാപനത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള പ്രാമുഖ്യം തിരിച്ചറിഞ്ഞു മേലുദ്ധരിച്ച വിധം ഗുരു സമുദായത്തെ അനുശാസിച്ചത്. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ശക്തിയും ഊര്‍ജ്ജവും പകര്‍ന്ന അടിസ്ഥാന ചാലകശക്തിയായി ഗുരുവിന്റെ വചനങ്ങളും അനുയായികളുടെ പ്രവര്‍ത്തനങ്ങളും ഭവിച്ചുവെന്നത് ഒരു ചരിത്രവസ്തുതയാണ്. വിശാല അര്‍ത്ഥത്തില്‍ നവീന വിദ്യാഭ്യാസത്തെ സംബന്ധിച്ച ഗുരുവിന്റെ ഒരു ‘മാനിഫെസ്റ്റോ ആയിരുന്നു’. ചെറായിയില്‍ നടത്തിയ പ്രസംഗം.
ക്ഷേത്രങ്ങളുടെ സ്ഥാനത്തു സരസ്വതീ ക്ഷേത്രങ്ങളാണ് ഇനി വേണ്ടതെന്നു ഗുരു പ്രസ്താവിച്ചത് 1917ലാണ്. ക്ഷേത്ര കേന്ദ്രീകൃതവും ബ്രാഹ്മണമേധാവിത്വപരവും ജാത്യാധിഷ്ഠിതവുമായ കേരളത്തിലെ ജീര്‍ണ്ണിച്ച സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥയെ ഉടച്ചു വാര്‍ക്കുക, സര്‍ക്കാര്‍-സവര്‍ണ ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഭക്തരായ അവര്‍ണഹിന്ദുക്കളുടെ ആരാധന ക്രമങ്ങളെയും വിശ്വാസ സ്വാതന്ത്ര്യത്തെയും സംസ്‌കരിച്ചു തൃപ്തിപ്പെടുത്തുക, മനശ്ശാന്തിയും ശുദ്ധിയും വിജ്ഞാനവും ജാതിമതാതീതമായ ജനകൂട്ടായ്മയും സാദ്ധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു ക്ഷേത്ര പ്രതിഷ്ഠകള്‍ നിര്‍വഹിക്കുമ്പോള്‍ മുഖ്യമായും ഗുരുവിനുണ്ടായിരുന്നത്. തന്റെ ലക്ഷ്യങ്ങള്‍ വേണ്ടത്ര ഫലിക്കുന്നില്ലെന്നു കണ്ടപ്പോഴാണ് ക്ഷേത്രങ്ങളുടെ സ്ഥാനത്തു സരസ്വതീ ക്ഷേത്രങ്ങളാണ് ഇനി വേണ്ടതെന്നു ഗുരു പറഞ്ഞത്. ശിവഗിരിയില്‍ 1912-ല്‍ വിദ്യാദേവതയായ സരസ്വതീദേവിയെ പ്രതിഷ്ഠിച്ചുകൊണ്ട് ഈ സന്ദേശം പ്രതീകാത്മകമായി ജനങ്ങള്‍ക്കിടയില്‍ പകരാന്‍ ഗുരു ശ്രമിച്ചെങ്കിലും അതു തിരിച്ചറിയാനുള്ള വിവേകം പലര്‍ക്കുമില്ലാതെ പോയി. പ്രതിഷ്ഠാ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന കാലത്തു തന്നെ അതിന്റെ ലക്ഷ്യത്തെപ്പറ്റി കുമാരനാശാന്‍ ‘വിവേകോദയ’ത്തില്‍ ഇങ്ങനെ എഴുതിയിരുന്നു; ”ശിവഗിരിയില്‍ ഇപ്പോള്‍ നടത്താന്‍ വിചാരിക്കുന്ന ശാരദാപ്രതിഷ്ഠ നമ്മുടെ ഇടയില്‍ വിദ്യാഭ്യാസത്തെ-മേല്‍ പറഞ്ഞ പ്രകാരമുള്ള വിദ്യാഭ്യാസത്തെ (രാജ്യത്തിനും ജനങ്ങള്‍ക്കും അനുരൂപമായ വിദ്യാഭ്യാസം. മതം, കലകള്‍, വ്യവസായങ്ങള്‍ ഈ വിഷയത്തില്‍ രാജ്യത്തിനു പറ്റിയതും പൂര്‍വ്വചരിത്രത്തിനു അനുരൂപവും ആയ വിദ്യാഭ്യാസം ഈ മാതിരി വിദ്യാഭ്യാസം നമ്മുടെ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണു നല്‍കപ്പെടേണ്ടത്) വര്‍ദ്ധിപ്പിക്കാനുള്ള സൂചനയാകുന്നു. വിദ്യയുടെ അധിദേവതയായ ശാരദാദേവി നമ്മുടെ അമ്മൂമ്മയാണ്. നമ്മുടെ അമ്മൂമ്മമാര്‍ക്കു നമ്മെ പഠിപ്പിക്കാന്‍ കഴിയുമെങ്കില്‍ അപ്പോള്‍ നാം ഏതു ജനസമുദായത്തെക്കാളും നല്ല ജനസമുദായമായിത്തീരുന്നതാണ്. നമ്മുടെ ശാരദാമഠവും ക്ഷേത്രങ്ങളും നമ്മെ ആ വഴിക്കു നയിക്കുമാറാകട്ടെ.”

Author

Scroll to top
Close
Browse Categories