ശ്രീനാരായണഗുരുവും അദ്വൈതവേദാന്തത്തിന്റെ ജീവിതനിഷേധവും

അദ്വൈതത്തിന് ഇന്നുള്ള പ്രാമുഖ്യം 19-ാം നൂറ്റാണ്ടിനുമുമ്പുണ്ടായിരുന്നെങ്കില്‍, ആയിരക്കണക്കിനു വ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും ഉണ്ടാകേണ്ടതായിരുന്നു. 16-ാം നൂറ്റാണ്ടില്‍ അപ്പയ ദീക്ഷിതരുടെ ‘സിദ്ധാന്തസംഗ്രഹ’വും മധുസൂദന സരസ്വതിയുടെ ‘അദ്വൈത സിദ്ധി’യും ഒഴിച്ചു നിര്‍ത്തിയാല്‍, ശങ്കര വേദാന്ത ത്തിന്റെ വ്യാഖ്യാന ചരിത്രം തികച്ചും ശുഷ്‌കമാണ്

മനുഷ്യനൊഴിച്ച്, മറ്റൊരു ജീവിയും ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. മനുഷ്യജീവിതത്തെ നിസ്തുലമാക്കുന്നത്, അത് പ്രധാനമായും Meaning Creation Process ആകുന്നുവെന്നതാണ്. ജീവിതത്തെ അര്‍ത്ഥസാന്ദ്രമാക്കുന്നത് മൂര്‍ത്തമായ ജീവിത ഭൂമികയില്‍ തന്നെയാകണം. കഴിഞ്ഞ 3000 കൊല്ലങ്ങളായി വേദാന്തം പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ജീവിതത്തിന്റെ അര്‍ത്ഥം ജീവിതത്തിനുവെളിയിലാണ്, സമൂഹത്തിനു പുറത്താണ്, മാനവികതയ്ക്കു പുറത്താകുന്നു എന്നാണ്.

ഇങ്ങനെ വിശ്വസിക്കുന്ന ഹിന്ദുമനുഷ്യര്‍ ഭൗതികമായ ജീവിതം സാധാരണപോലെ നിര്‍വ്വഹിക്കുകയും എന്നാല്‍, തങ്ങളുടെ ഭൗതികവും മൂര്‍ത്തവുമായ ജീവിതം ആധികാരികമല്ലെന്ന് ചിന്തിക്കുകയും ചെയ്യുന്നു. കാരണം തങ്ങള്‍ മനസ്സിലാക്കിയ വേദാന്തമനുസരിച്ച്, ആധികാരികവും നിര്‍വ്യാജവുമായ ജീവിതാര്‍ത്ഥം, മൂര്‍ത്തജീവിത മണ്ഡലത്തിനു പുറത്താണത്രെ! സാധാരണമനുഷ്യര്‍ക്ക്. പക്ഷെ, സന്യാസിമാരെപ്പോലെ മൂര്‍ത്തമായ സാമൂഹ്യജീവിതം ഉപേക്ഷിക്കാനും കഴിയില്ല. തങ്ങള്‍ യഥാര്‍ത്ഥമായി ജീവിച്ചുകൊണ്ടിരിക്കുന്ന സ്വന്തം ജീവിതം ഇവരില്‍ സൃഷ്ടിക്കുന്നത് ഒരു തരം ‘പശ്ചാത്താപ’ബോധമാണ്. സന്യാസിമാരും ആള്‍ദൈവങ്ങളും ‘പശ്ചാത്താപമുക്തി ‘യുടെ ഏജന്‍സികളായിട്ടാണ് ഇവര്‍ കാണുന്നത്.. ഭൗതികമായ അര്‍ത്ഥത്തില്‍ ഇവര്‍ ഇതരസംസ്‌കാരങ്ങളിലെ മനുഷ്യരെപ്പോലെ ജീവിക്കുന്നുവെങ്കിലും, Humanity യുടെ തലത്തിലേക്കു ഉയരുന്നില്ല എന്നതാണ് വസ്തുത. ‘സത്യതൃഷ്ണ’ വേദാന്തിയെ എത്തിക്കുന്നത് ‘അസത്യത്തിന്റെ ലോകത്തിലാണ്. വേദാന്തിയെ ഗ്രസിക്കുന്ന ഈ നിഷേധത്യഷ്ണ അഥവാ reactive force (പ്രതിലോമ ബാധ) അസത്യത്തിന്റെ ലോകത്തില്‍ വെച്ച് നിഷേധം നടത്താന്‍ വേദാന്തിയെ നിര്‍ബന്ധിതനാക്കുന്നു. ആത്മജ്ഞാനം, സത്യസാക്ഷാത്ക്കാരം, ആത്മബ്രഹ്മാനന്യത, മോക്ഷം, എന്നൊക്കെ പറയുന്നത് യഥാര്‍ത്ഥത്തില്‍ ഈ ‘നിഷേധതത്വത്തിന്റെ സ്ഥിതീകരണം’ (affirmation of the principle of negation)മാണ് വേദാന്തിയുടെ ‘നിവൃത്തി’യെന്നത് അസത്യത്തെ/ പ്രതിഭാസത്തെ സൃഷ്ടിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ്.
സന്യാസിയുടെ ദൈനംദിന ജീവിതം നിഷേധങ്ങളുടെ ജീവിതചര്യയായി മാറുന്നു. സഹസ്രാബ്ദങ്ങളായി ഉദ്‌ഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സന്യാസജീവിതം നിഷേധത്തിന്റെ ജീവിതമാണ്. സമൂര്‍ത്തമായ ജീവിതനിഷേധമാണ് എല്ലാത്തരം സന്യാസവും. ജീവിതനിഷേധത്തില്‍ അഭിരമിച്ചുണ്ടാകുന്ന അനുഭവമാണ് ബ്രഹ്മാനന്ദം അഥവാ സച്ചിദാനന്ദം.
ബ്രഹ്മം മാത്രമാണ് പരമവും ഏകവുമായ സത്യം എന്നറിയാനുള്ള മുന്നുപാധി, ബ്രഹ്മ മല്ലാത്ത ഒന്നിനെ പൂര്‍വകല്പന ചെയ്യുകയെന്നതാണ്. അതാണ് ജഗത്. പ്രതിഭാസികമായ ജഗത്തിന്റെ അസ്തിത്വം ആദ്യം സ്ഥാപിക്കുകയും പിന്നീട് നിഷേധിക്കുകയുമാണ് വേദാന്തി ചെയ്യുന്നത്. അതാണ് ‘ജഗത് മിഥ്യ’ എന്നു പറയുന്നത്. ജഗത് എന്നത്, മിഥ്യയാകുന്നതു കൊണ്ടാണ്, ജഗത് അല്ലാത്ത ഏതോ ഒന്നിന് സത്യത്തിന്റെ പദവി ആര്‍ജ്ജിക്കാന്‍ കഴിയുന്നത്. ജഗത് അല്ലാത്ത ഈ ഏതോ ഒന്നിന്റെ നാമകരണമാണ് ബ്രഹ്മം. ബ്രഹ്മത്തിന്റെ നില നില്‍പ്പിനുള്ള മുന്നുപാധി ഈ ജഗത്തിന്റെ തന്നെ മിഥ്യയുമാണ്. യാതൊരു ഉള്ളടക്കവും അര്‍ത്ഥവുമില്ലാത്ത ചില ധാരണകള്‍ മനുഷ്യന്റെ ബൗദ്ധിക ചരിത്രത്തിലുണ്ടായിട്ടുണ്ട്. അങ്ങനെയൊന്നാണ്, ‘ബ്രഹ്മം’ എന്ന സങ്കല്പം. അപ്പോള്‍ ‘ബ്രഹ്മവും ജഗത്തും’ പരികല്പന ‘ദ്വന്ദ്വങ്ങള്‍/ ഇരട്ടകള്‍’ (Conceptual pair/duality) മാത്രമാണ്. ഒന്നിന് മറ്റൊന്നില്ലാതെ നില നില്‍ക്കാനാവില്ല. ബ്രഹ്മം ഫലത്തില്‍ ജഗത് നിഷേധത്തിന്റെ ഉല്പന്നം മാത്രമാണ്. ബ്രഹ്മം അപ്പോള്‍, ഒരു നിഷേധം മാത്രമാകുന്നു. ആത്മ- ബ്രഹ്മാനന്യത സാക്ഷാത്കരിച്ച ജീവന്‍ മുകതന്മാരുടെ അവസ്ഥയെന്നത് അവര്‍ ജഗത്തിനെയും ജീവിതത്തെയും നിഷേധിക്കുക മാത്രമല്ല ഈ ജീവിത നിഷേധത്തെ ഒരു ‘തത്വ’മാക്കി മാറ്റുകയും അതിനെ സ്ഥിരീകരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നതാണ്.

മൂര്‍ത്തജീവിതത്തെയും യഥാര്‍ത്ഥമാനവികതയേയും ഉച്ഛാടനം ചെയ്യുന്ന സമ്പ്രദായമാണ് വേദാന്തവും സന്യാസവും. Hegel പറയുന്നതു നോക്കുക: ‘Concreate individual has never been posited in Indian thought’. ജീവിതത്തിന്റെ ആത്യന്തികമായ അര്‍ത്ഥം ജീവിതത്തിലല്ല, മറിച്ച്, ജീവിതത്തെ അതിവര്‍ത്തിക്കുന്നതിലാണത്രേ! ജീവിതത്തില്‍ നിന്നും, അതിനാല്‍ Humanity യില്‍ നിന്നുമുള്ള രക്ഷപ്പെടലാണ് പരമപുരഷാര്‍ത്ഥമായ മോക്ഷം.

ജാതിയുടെ മതധാര്‍മികാടിസ്ഥാനം.
ജാതിയുടെ യഥാര്‍ത്ഥമായ സാധൂകരണ ഭൂമിക അതിഭൗതികവും ധര്‍മപരവുമായ ഹൈന്ദവസിദ്ധാന്തങ്ങളാണ്. ജാതിയെ പരിഷ്‌കരിക്കാന്‍ ശ്രമിച്ച പ്രസ്ഥാനങ്ങളെല്ലാം അതിനെ ഒരു Social System മായിട്ടാണ് വീക്ഷിച്ചത്. അതിനാല്‍ നിയോ വേദാന്തത്തിന്റെ സമത്വ സങ്കല്പം കപടമാണ്.

‘നമ്മളെല്ലാം തുല്യരാണ്. കാരണം നമ്മള്‍ ഏകവും അദ്വൈതവുമാണ്’. സാമൂഹ്യ യാഥാര്‍ത്ഥ്യവുമായി ഇതിനു യാതൊരു ബന്ധവുമില്ല. മനുഷ്യര്‍ സമാനരോ സദൃശ്യരോ അല്ല. മൂര്‍ത്ത വ്യക്തികള്‍ ‘ഏക’രല്ല. ഭിന്നതാല്പര്യങ്ങളും ഭിന്നരുചികളും പുലര്‍ത്തുന്ന വ്യക്തികള്‍ക്കിടയിലെ സമത്വമാണ് സമൂഹത്തിനാവശ്യം. നിയോവേദാന്തം പറയുന്ന ‘ഏകത്വം’ മനുഷ്യേതരവും ചരിത്രനിരപേക്ഷവുമായ ഒരു അതീത ലോകത്തിനു മാത്രം ബാധകമാണ്. ഭിന്നതകള്‍ നമ്മിലുള്ള സമത്വം, വിഭിന്നരുടെ സമത്വം. വ്യത്യസ്തതകളുടെ സമത്വം എന്ന സാമൂഹ്യ സങ്കല്പത്തെ സംബോധന ചെയ്യാന്‍ നിയോ വേദാന്തത്തിനാവില്ല. ഭിന്ന ഭാഷകള്‍ സംസാരിക്കാത്ത ഭിന്നലിംഗങ്ങളില്ലാത്ത, ഭിന്നമതങ്ങളില്ലാത്ത, ‘ഏക മനുഷ്യന്‍’ യഥാര്‍ത്ഥലോകത്ത് നിലനില്‍ക്കുന്നില്ല. ‘ഏകമനുഷ്യന്‍’ വെറുമൊരു ‘മിഥ്യാമനുഷ്യ’നാണ്. മിഥ്യാമനുഷ്യന്റെ സമത്വത്തെക്കുറിച്ചുള്ള ആശയം യുക്തി വൈപരീത്യമാണ്.

ഹെഗൽ

മൂര്‍ത്തമായ ‘എനിക്കു പുറമെ, മൂര്‍ത്തമായ അപരനുണ്ടായിരിക്കുകയും ചെയ്യുമ്പോഴാണ് സമത്വത്തെക്കുറിച്ച് ചിന്തിക്കേണ്ടിവരുന്നത് എന്നതിന്നെ ‘We are all equal because we are all one and the same’ എന്നതിനു പകരം ‘we are all equal, because we are all different’ എന്നാണ് ഉന്നയിക്കേണ്ടത്.

ഇന്ത്യന്‍ ഭരണഘടന നിയമപരമായി ജാതിയെ അസാധുവാക്കിയിട്ടുണ്ട്. എന്നാല്‍, ഈ നിരോധനത്തിന് ജാതിയെ കൃത്യമായി സ്പര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം, ജാതിയുടെ അടിത്തറ നിയമവ്യവസ്ഥയോ രാഷ്ട്രീയാധികാരമോ അല്ല. ജാതിയ്‌ക്കെതിരായ നിയ മങ്ങള്‍ക്കും നയങ്ങള്‍ക്കും ജാതിയുടെ Social temporality-യെ ചിലപ്പോള്‍ ദുര്‍ബലമാക്കാന്‍ കഴിഞ്ഞേക്കാം. ജാതിയുടെ ആധാരശില, ഹിന്ദുയിസത്തിന്റെ അതീതമണ്ഡലമാണ്. അതിന്റെ ഏറ്റവും ലക്ഷണമൊത്ത പ്രകാശനമാണ് അദ്വൈതം. ജാതിയെ സൈദ്ധാന്തികമായും ധാര്‍മ്മികമായും സാധൂകരിക്കുന്ന അദ്വൈതത്തെ സാമൂഹ്യമണ്ഡലത്തിലേയ്ക്ക് കൊണ്ടുവരാനാവില്ല.

അദ്വൈത വേദാന്തത്തിന്റെ ബഹുജനപ്രതീതിയ്ക്കും പ്രാമാണികതയ്ക്കും രണ്ടു നൂറ്റാണ്ടിന്റെ ചരിത്രമേയുള്ളു. എഡി. 8-ാം നൂറ്റാണ്ടില്‍ ചില ഉപനിഷത്തുക്കള്‍ക്കു ഭാഷ്യം രചിച്ച ശങ്കരന്‍, ‘അദ്വൈതവേദാന്തം’ എന്ന പേരില്‍ ഒരു വ്യാഖ്യാനപദ്ധതി ആവിഷ്‌കരിച്ചെങ്കിലും അതിന് പണ്ഡിത ബ്രാഹ്മണ മുഖ്യധാരയില്‍ ഗൗരവമായ അംഗീകാരം ലഭിച്ചിരുന്നില്ല. മുഖ്യധാരാ ബ്രാഹ്മണ സമൂഹത്തിന്റെ ലോക ബോധത്തെയും വിശ്വാസാചാരസമ്പ്രദായങ്ങളെയും നിര്‍ണയിച്ചിരുന്നത് ധര്‍മശാസ്ത്രവ്യവഹാരമായിരുന്നു. ജാതി നിയമപരി പാലനത്തെയും ബ്രാഹ്മണമേധാവിത്വത്തെയും യാതൊരുമറയുമില്ലാതെ ന്യായീകരിക്കുന്ന കര്‍മ – ധര്‍മ പെരുമാറ്റ സംഹിതയാണ് ധര്‍മശാസ്ത്രമീമാംസ. ഇന്ത്യയിലെ മഹാഭൂരിപക്ഷം അവര്‍ണജനതയെ കന്നുകാലികളെപ്പോലെ കണക്കാക്കുന്നതിനും അവരുടെ മനുഷ്യത്വം അപഹരിക്കുന്നതിനും സവര്‍ണര്‍ക്ക് ഒരു തരത്തിലുള്ള ക്ഷമാപണ സ്വരത്തിന്റെയും ആവശ്യമുണ്ടായിരുന്നില്ല. ഹിന്ദുയിസത്തിന്റെ ജാതി-വംശീയതയെ നിരാകരിക്കുന്നതും ഏക മാനവികതയെ സ്ഥിരീകരിക്കുന്നതുമായ ആശയങ്ങളോ മൂല്യങ്ങളോ ഇന്ത്യയില്‍ ആവിര്‍ഭവിച്ചിരുന്നില്ല. ഹിന്ദു അപ്പാര്‍ത്തീഡിന്റെ ചോരപൊടിയുന്ന ദംഷ്ട്രകളെ മറച്ചുവെയ്ക്കേണ്ട സമ്മര്‍ദ്ദങ്ങളൊന്നും അവര്‍ണര്‍ക്കു നേരിടേണ്ടി വന്നിട്ടില്ല. അതിനാല്‍, ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ കല്ലേ പിളര്‍ക്കുന്ന വ്യവഹാരശാഠ്യത്തെ, അദ്വൈതവേദാന്തത്തിന്റെ അതിഭൗതികമായ ആത്മ – ബ്രഹ്മവ്യവഹാരത്തിന് ഗൗരവകരമായി സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. ശങ്കരനുശേഷമുള്ള 11 നൂറ്റാണ്ടുകള്‍ക്കിടയില്‍, അദ്വൈതവേദാന്തത്തിന് കാര്യമായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകാത്തതിനു കാരണവും അതാണ്. അദ്വൈതത്തിന് ഇന്നുള്ള പ്രാമുഖ്യം 19-ാം നൂറ്റാണ്ടിനുമുമ്പുണ്ടായിരുന്നെങ്കില്‍, ആയിരക്കണക്കിനു വ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും ഉണ്ടാകേണ്ടതായിരുന്നു. 16-ാം നൂറ്റാണ്ടില്‍ അപ്പയ ദീക്ഷിതരുടെ ‘സിദ്ധാന്തസംഗ്രഹ’വും മധുസൂദന സരസ്വതിയുടെ ‘അദ്വൈത സിദ്ധി’യും ഒഴിച്ചു നിര്‍ത്തിയാല്‍, ശങ്കര വേദാന്ത ത്തിന്റെ വ്യാഖ്യാന ചരിത്രം തികച്ചും ശുഷ്‌കമാണ് .

(തുടരും)

Author

Scroll to top
Close
Browse Categories