ചൈതന്യാദാഗതം

പ്രപഞ്ചത്തിലെ ഓരോ വസ്തുവിന്റെയും ഉണ്‍മ ഓരോരുത്തര്‍ക്കും അനുഭവമായിത്തീരുന്നത് നാം അതിനെ അറിയുമ്പോഴാണ്. ആരും ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു വസ്തു ഉണ്ടെന്നു പറയുന്നതും ഇല്ലെന്നു പറയുന്നതും ഒരുപോലെയാണ്. വാസ്തവത്തില്‍, അങ്ങിനെയുള്ള ഒന്നിനെപ്പറ്റി ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവുകയുമില്ല. അതുകൊണ്ട് ഈ ലോകം ഉണ്ട് എന്നതിനോടൊപ്പം ചേര്‍ന്നു വരുന്നതാണ് അനുഭവം അഥവാ അറിവ്. അതിനെ സംബന്ധിച്ചുള്ള അറിവ് നമ്മുടെ ഉള്ളിലുണ്ട്. ‘അദ്വൈത ദീപിക’യില്‍ ഗുരു ഇതിനെ പ്രതിഭ എന്നു വിളിക്കുന്നു.
കഴിഞ്ഞ ഭാഗം ‘ചൈതന്യാദാഗതം സ്ഥൂല-സൂക്ഷ്മാത്മകമിദം ജഗത്…’ എന്ന അപവാദ ദര്‍ശനത്തിലെ ആദ്യശ്ലോകത്തെ സൂചിപ്പിച്ചുകൊണ്ടാണ് അവസാനിപ്പിച്ചത്. ദര്‍ശനമാലയിലെ ഓരോ അധ്യായത്തിലും ഗുരു അവതരിപ്പിച്ചിരിക്കുന്ന ഒരു സത്യദര്‍ശനമുണ്ട്. അത് എത്രത്തോളം ആധുനിക ശാസ്ത്രത്തിന് സമ്മതിയുള്ള തരത്തിലും പാശ്ചാത്യവും പൗരസ്ത്യവുമായ ദര്‍ശനിക ചിന്തയ്ക്ക് യോജിച്ച രീതിയിലും സുനിശ്ചിതത്വമുള്ളതാണെന്നും, അങ്ങനെ അത് സര്‍വവിദ്യാപ്രതിഷ്ഠയായ ഒരു ശാസ്ത്രത്തിന് അടിത്തറയായിരിക്കുന്നു എന്ന് വെളിപ്പെടുത്തുകയുമാണ്, ‘Integrated science of the absolute’ എന്ന ഗ്രന്ഥത്തിലൂടെ നടരാജഗുരു ചെയ്തിരിക്കുന്നത്. അപവാദ ദര്‍ശനത്തില്‍, അദ്വൈത ദര്‍ശനത്തിന് സ്വീകാര്യമായ സത്കാരണവാദം എന്ന ചിന്താപദ്ധതിയാണ് നാരായണഗുരു സ്വീകരിച്ചിരിക്കുന്നത്.
ഡക്കാര്‍ട്ടിന്റെ
ചിന്താരീതി
‘അപവാദദര്‍ശനം’ എന്ന രണ്ടാമദ്ധ്യായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ചിന്താപദ്ധതിയിലാണല്ലോ. അതിനോട് ചേര്‍ത്തുവച്ച് ഡക്കാര്‍ട്ടിന്റെ ചിന്തയെ പരിശോധിക്കാം. ചിട്ടയായ ക്രമമനുസരിച്ചും സത്യത്തെ സംബന്ധിക്കുന്ന സന്ദേഹമുന്നയിച്ചും (methodic doubt) അന്വേഷണം നടത്തി സുനിശ്ചിതത്തിലെത്താന്‍ വേണ്ടിയുള്ള ഒരു മാര്‍ഗമായാണ് അദ്ദേഹം തന്റെ ചിന്താരീതി അവതരിപ്പിച്ചത്.
ഇത് പരീക്ഷണശാലയിലെന്ന പോലെ പരീക്ഷിച്ചറിയാവുന്നതല്ലെങ്കിലും സകലതിനെയും സംശയദൃഷ്ടിയോടുകൂടി വീക്ഷിക്കുക എന്ന ശാസ്ത്രീയതയുടെ സഹജഭാവം അതിനുണ്ട്. മാത്രമല്ല സ്വീകാര്യമായ അന്വേഷണം വഴി ഉറപ്പു വന്ന കാര്യം മാത്രമേ ശാസ്ത്രം വിശ്വസിക്കുകയുള്ളൂ. മറ്റൊന്ന്, സത്യനിശ്ചയം ഉണ്ടാകേണ്ടത് ആന്തരികമാണെന്നാണ് ഡക്കാര്‍ട്ട് പറയുന്നത്. ഇന്ദ്രിയാനുഭവാധിഷ്ഠിതമായ ചിന്തയുടെയോ ഇന്ദ്രിയാനുഭവനിരപേക്ഷമായ ചിന്തയുടെയോ വശത്തു നിര്‍ത്തിക്കൊണ്ട് അതിനെ ഏകപക്ഷീയമാക്കാന്‍ പറ്റില്ല.

അദ്വൈതം,
സച്ചിദാനന്ദം
അപവാദദര്‍ശനത്തില്‍, മുകളില്‍പ്പറഞ്ഞ ചിന്താരീതിയും കാര്യ-കാരണ രീതി അനുവര്‍ത്തിച്ചും സത്യനിര്‍ണ്ണയം നടത്തി ഉറപ്പുവരുത്തുന്നതായും കാണാം. കഴിഞ്ഞ അധ്യായത്തില്‍ (അദ്ധ്യാരോപദര്‍ശനത്തില്‍) ലോകം ഉള്ളതായി കണക്കാക്കി, അതിന്റെ സ്രഷ്ടാവ് ആരെന്നും ഈ സൃഷ്ടിപ്രക്രിയ നടക്കുന്നതെങ്ങനെയെന്നും പരിശോധിച്ച്, അവസാനം അദ്വൈത ദര്‍ശനത്തിലാണ് നമ്മെക്കൊണ്ടെത്തിച്ചത്. അപവാദദര്‍ശനത്തില്‍ അദ്ധ്യാരോപിച്ചതിനെ അപവദിക്കുമ്പോള്‍ അവസാനം എത്തുന്നത് കേവലം സച്ചിദാനന്ദത്തിലാണ്.
ആ സച്ചിദാനന്ദം മാത്രമേയുള്ളു,ലോകം ഇല്ലാത്തതാണ് എന്നല്ല ;ആ ലോകവും സച്ചിദാനന്ദം തന്നെയാണ് എന്നാണ്.
അപവദിക്കുക എന്നാലെന്തെന്ന് വായനക്കാരില്‍ ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. അധ്യാരോപിച്ചതിനെ ചിന്തകൊണ്ട് ഒഴിവാക്കി നിര്‍ത്തിയിട്ട്, പരമാര്‍ത്ഥമായ സത്യമെന്ത് എന്ന് കാണാന്‍ ശ്രമിക്കണം. വേദാന്ത ചിന്താരീതിയുടെ പ്രത്യേകതയാണിത്. ഇല്ലാത്തതിനെ ചിന്തകൊണ്ട് ഒഴിവാക്കി കാണുന്നതിനെയാണ് അപവദിക്കുക എന്നു പറയുന്നത്. ‘വദിക്കുക’യെന്നാല്‍ പറയുക. ദൂരത്തേക്ക് ഒഴിവാക്കി നിര്‍ത്തിക്കൊണ്ട് എന്നര്‍ത്ഥം വരുന്ന ഉപവര്‍ഗമാണ് അപ:
സ്ഥൂലസൂക്ഷ്മാത്മകം
ഇനി നമുക്ക് ശ്ലോകത്തിലേക്ക് മടങ്ങാം. ഒന്നാമദ്ധ്യായത്തില്‍ക്കണ്ട പരമേശ്വരന്‍ ഇവിടെ ചൈതന്യമാണ്. ആത്മാവ്, പരമാത്മാവ്, പ്രഭു എന്നീ വാക്കുകളൊക്കെ ഓരോ തരത്തില്‍ വ്യഞ്ജിപ്പിക്കുന്നത് ഈ ചൈതന്യത്തെത്തന്നെയാണ്. ഈ ചൈതന്യത്തില്‍ നിന്നുണ്ടായ ജഗത്തിന് സ്ഥൂലം, സൂക്ഷ്മം എന്ന രണ്ടുവശങ്ങള്‍ ഉള്ളതായി ഈ ശ്ലോകത്തില്‍ കാണുന്നു. സാമ്പ്രദായിക വേദാന്തത്തില്‍പ്പറയുന്ന സ്ഥൂല ശരീരം, സൂക്ഷ്മശരീരം, കാരണശരീരം എന്ന രീതിയിലല്ല ഇതിനെ കാണേണ്ടത്. അധ്യാരോപദര്‍ശനം 7-ാം ശ്ലോകത്തില്‍, ലോകം നാമരൂപാത്മകമാണെന്ന് പറഞ്ഞല്ലോ .അതിലെ രൂപത്തോട് ഏറ്റവും അടുത്തു വരുന്നതാണ് ഇവിടെ സൂചിപ്പിച്ച സ്ഥൂലം. നാമത്തിനോട് അടുത്തു വരുന്നത് സൂക്ഷ്മവും. ഇന്ദ്രിയഗോചരമായതെല്ലാം സ്ഥൂലമാണ്. കാണാനും കേള്‍ക്കാനും, മണക്കാനും രൂചിക്കാനും തൊട്ടറിയാനും കഴിയുന്ന രൂപങ്ങളെല്ലാം അതില്‍പ്പെടും.
പ്രപഞ്ചത്തിലെ ഓരോ വസ്തുവിന്റെയും ഉണ്‍മ ഓരോരുത്തര്‍ക്കും അനുഭവമായിത്തീരുന്നത് നാം അതിനെ അറിയുമ്പോഴാണ്. ആരും ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു വസ്തു ഉണ്ടെന്നു പറയുന്നതും ഇല്ലെന്നു പറയുന്നതും ഒരുപോലെയാണ്. വാസ്തവത്തില്‍, അങ്ങിനെയുള്ള ഒന്നിനെപ്പറ്റി ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവുകയുമില്ല. അതുകൊണ്ട് ഈ ലോകം ഉണ്ട് എന്നതിനോടൊപ്പം ചേര്‍ന്നു വരുന്നതാണ് അനുഭവം അഥവാ അറിവ്. അതിനെ സംബന്ധിച്ചുള്ള അറിവ് നമ്മുടെ ഉള്ളിലുണ്ട്. ‘അദ്വൈത ദീപിക’യില്‍ ഗുരു ഇതിനെ പ്രതിഭ എന്നു വിളിക്കുന്നു.
വേദാന്തവും
ആധുനിക ശാസ്ത്രവും
ആധുനികശാസ്ത്രം മുകളില്‍പ്പറഞ്ഞ സ്ഥൂലമായ വശത്തെ മാത്രമേ കണക്കിലെടുക്കുന്നുള്ളു. ബോധത്തെയും അതിന്റെ വ്യാപാരങ്ങളെയും കണക്കിലെടുത്തിരുന്നില്ല. ഇന്ന് ക്വാണ്ടം മെക്കാനിക്‌സിന്റെ വളര്‍ച്ച, ശാസ്ത്രം ഈ മേഖലയിലേക്കും കടക്കും എന്ന പ്രതീക്ഷ നല്‍കുന്നു. ബാഹ്യമായ ലോകത്തെ മാത്രം കണക്കിലെടുക്കാന്‍ ശാസ്ത്രജ്ഞന്മാരെ പ്രേരിപ്പിച്ചത്, ഭൗതികദ്രവ്യം മാത്രമാണ് സത്യം എന്ന മുന്‍ധാരണ വച്ചുകൊണ്ടാണ് അവരുടെ അന്വേഷണം പുരോഗമിച്ചത്എന്നതിനാലാണ്. ഇത്തരത്തിലുള്ള ഒരു മുന്‍വിധിക്കും സ്ഥാനം നല്‍കാതെ, തുറന്ന മനസ്സോടുകൂടി അനുഭവത്തിന്റെ എല്ലാ മേഖലകളെയും കണക്കിലെടുത്തുകൊണ്ട് സത്യനിര്‍ണ്ണയം നടത്തുന്നതാണ് വേദാന്തത്തിന്റെ രീതി. ആന്തരികമായ ഈ അനുഭവത്തെയാണ് ഇവിടെ സൂക്ഷ്മം എന്ന് വിളിച്ചിരിക്കുന്നത്.
ദൃശ്യമായ-ബാഹ്യമായ ഈ ലോകവും ആന്തരികമായ ഈ അനുഭവവും ഒരു ബോധസത്തയില്‍ തന്നെയാണ് ഉണ്ടാകുന്നത്. ആ ബോധത്തെയാണ് ഇവിടെ ചൈതന്യം എന്നു വിളിക്കുന്നത്. ആ ചൈതന്യത്തിലാണ് സ്ഥൂല ലോകാനുഭവവും അതിനെ അറിയുന്നുവെന്ന സൂക്ഷ്മലോകാനുഭവവും ഉണ്ടായത്. അതുകൊണ്ട് ഗുരു പറയുന്നു. ”ചൈതന്യാദാഗതം സ്ഥൂലസൂക്ഷ്മാത്മകമിദം ജഗത്”. ജഗത് എന്ന വാക്കിനര്‍ത്ഥം ഗമനസ്വഭാവമുള്ളത് അഥവാ മാറിക്കൊണ്ടിരിക്കുന്നത് എന്നാണ്. ലോകം മാറിക്കൊണ്ടിരിക്കുന്നതിനോടൊപ്പം അതിനെ സംബന്ധിച്ച അനുഭവവും മാറിക്കൊണ്ടിരിക്കുന്നു. വെളിയിലിരിക്കുന്ന വസ്തുലോകവും ഉള്ളിലിരിക്കുന്ന അനുഭവലോകവും ഒന്നായിട്ടാണിരിക്കുന്നത്. ഈ ലോകത്തെയാണ് വേദാന്തി കാണുന്നത്. ഭൗതിക ശാസ്ത്രജ്ഞന്മാര്‍ കാണുന്ന ലോകത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണിത്. ഇന്ദ്രിയഗോചരമായ ലോകം ഉള്ളതാണെന്നു കരുതുന്ന ഭൗതികവാദികൾ (Materialists), കാണപ്പെടുന്നത് സത്യമല്ല, സത്യമായി തോന്നുന്നതെല്ലാം അറിവില്‍ രൂപം കൊള്ളുന്ന ആശയങ്ങളും സങ്കല്പങ്ങളും മാത്രം എന്ന് വാദിക്കുന്ന ആശയവാദികൾ(idealists),എന്നാല്‍ ഒരേ സമയം ബാഹ്യവിഷയങ്ങളായും ആന്തരികമായ അനുഭവമായും വിരിഞ്ഞു വിലസുന്ന ഒരു സത്യമുണ്ട് എന്നാണ് വേദാന്തികള്‍ സിദ്ധാന്തിക്കുന്നത്.
ആത്മോപദേശ ശതകം എന്ന കൃതി ആരംഭിക്കുന്നതു തന്നെ ഈ സത്യത്തെ വെളിപ്പെടുത്തിക്കൊണ്ടാണ്.
”അറിവിലുമേറി അറിഞ്ഞിടുന്നവന്‍ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരു”വിനെ ഭജിക്കണം എന്നു പറഞ്ഞു കൊണ്ടാണ് സത്യാന്വേഷണം തുടങ്ങുന്നത്.
സത്തും ചിത്തും
ഇക്കാണുന്ന ലോകവും നമ്മുടെ അനുഭവവും ഉള്ളതാണെന്ന് കരുതാമെങ്കില്‍ രണ്ടിലും പൊതുവായിരിക്കുന്ന ഉണ്മയെ കണ്ടെത്തുവാനുള്ള ശ്രമമാണ് വേദാന്തി നടത്തുന്നത്. അത് മുകളില്‍പ്പറഞ്ഞ ചൈതന്യത്തിന്റെ ഉണ്മതന്നെയാണ്. ആ ഉണ്മയെ നിഷേധിക്കാനാകില്ല. നിഷേധിക്കാനാകാത്ത ആ ഉണ്മയെ വേദാന്തത്തില്‍ ‘സത്’ എന്നും ഇനി ഈ ലോകം ഇല്ലാത്തതാണെന്ന് വാദിക്കുമ്പോഴും, ഇല്ലാത്തത് എന്ന് അറിയുന്ന അറിവ് ഉണ്ടല്ലോ. അതിനെ ‘ചിത്’ എന്നും വിളിക്കുന്നു. അപ്പോള്‍ ലോകം ഉള്ളതാണെങ്കില്‍ അത് ‘സത്’ എന്നും ഇനി ഈ ലോകം ഇല്ലാത്തതാണെന്ന് വാദിക്കുമ്പോഴും, ഇല്ലാത്തത് എന്ന് അറിയുന്ന അറിവ് ഉണ്ടല്ലോ അതിനെ ‘ചിത്’ എന്നും വിളിക്കുന്നു. അപ്പോള്‍ ലോകം ഉള്ളതാണെങ്കില്‍ അത് ‘സത്ഘന’മായിരിക്കും ഇല്ലാത്തതാണെങ്കില്‍ ചിദ്ഘനമായിരിക്കും. ഇങ്ങനെ ഒരേ സമയം സത്തും ചിത്തും ആയിരിക്കുന്ന പൊരുളാണ് ഉണ്ടെന്നോ ഇല്ലെന്നോ വാദിക്കാവുന്ന ലോകത്തിന്റെ പ്രതീതിക്കു കാരണം.