അങ്ങനെ പത്താംക്ലാസ്കഴിഞ്ഞു…ഇനി?

പണ്ടൊക്കെ പത്താംക്ലാസ് വിജയം വിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉന്നതമായ ശ്രേണിയായിരുന്നെങ്കില്‍, ഇന്ന് പത്താംക്ലാസ് വിജയം ഉന്നതവിദ്യാഭ്യാസരംഗത്തെക്കുള്ള ആദ്യത്തെ ചവിട്ടുപടിയായി വിശേഷിപ്പിക്കാം. ഈ വര്‍ഷത്തെ പത്താംക്ലാസ് പരീക്ഷാഫലം വന്നുകഴിഞ്ഞു. 99.7 ശതമാനമെന്ന സ്വപ്‌നസമാനമായ വിജയവും നമ്മുടെ കുട്ടികള്‍ നേടിക്കഴിഞ്ഞു. സന്തോഷിക്കാനുള്ള വകയുണ്ടെങ്കിലും, മറുവശത്തു രക്ഷകര്‍ത്താക്കളുടെ മനസ്സില്‍ ഏറെ ആശങ്കയും നിറഞ്ഞുകഴിഞ്ഞു. ഇനിയെന്ത് എന്ന ചോദ്യം ഒരേപോലെ കുട്ടികളുടെയും, രക്ഷാകര്‍ത്താക്കളുടെയും ചിന്തകളെ അലട്ടുന്നുണ്ടാവും. കൃത്യമായ പഠനത്തിന്റെയും, ശരിയായ കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിന്റെയും ഫലമായി നമുക്ക് ഈ ടെന്‍ഷന്‍ അകറ്റാന്‍ കഴിയും.

പത്താംക്ലാസ് കഴിഞ്ഞുള്ള സമയം നമ്മുടെ കരിയറിനെ സംബന്ധിച്ച് ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട സമയം തന്നെയാണ്. ഒരു കരിയര്‍ തിരഞ്ഞെടുക്കുന്നത് ഒന്നോ, രണ്ടോ വര്‍ഷത്തേക്കുള്ള ജോലി മാത്രമല്ല. ഒരുപക്ഷേ, ഇനിയുള്ള നമ്മുടെ ജീവിതകാലം മുഴുവന്‍ ഈ കരിയറിലാവും നമ്മുടെ ജീവിതം പുലരാന്‍ പോകുന്നതെന്ന ഗൗരവകരമായ കാര്യം നാം അറിഞ്ഞിരിക്കണം. കുട്ടിയുടെ ഇഷ്ടങ്ങള്‍, അഭിരുചികള്‍, സര്‍ഗ്ഗാത്മകത, താല്‍പ്പര്യങ്ങള്‍, നൈപുണികള്‍ എന്നിങ്ങനെ പലവിധ അളവുകോലുകള്‍ നമുക്കിവിടെ ശ്രദ്ധിക്കേണ്ടതായി വരും. നാം ഒരു കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും പ്രധാനമായി പരിഗണിക്കേണ്ട നാലുകാര്യങ്ങള്‍ ഇവയാണ്.

അഭിരുചി, അഭിനിവേശം..

നമ്മുടെ അഭിനിവേശം (Passion) എന്തിലാണ് എന്ന് ആദ്യം നാം തിരിച്ചറിയണം. നമ്മുടെ കഴിവുകള്‍ തിരിച്ചറിയണം എന്നര്‍ത്ഥം. അത് പഠനമാകാം, എന്തെങ്കിലും കലയാകാം, കായികമായ എന്തെങ്കിലുമാകാം. ആ രംഗം ഏതാണെന്ന് നാം തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. പല കുട്ടികള്‍ക്കും പല അഭിരുചികള്‍ ആണുള്ളത്. അത് തിരിച്ചറിയുവാന്‍ അവര്‍ക്ക് കഴിഞ്ഞെന്നും വരില്ല. രക്ഷാകര്‍ത്താക്കള്‍ക്കും, അധ്യാപകര്‍ക്കും അക്കാര്യത്തില്‍ അവരെ സഹായിക്കുവാന്‍ കഴിയും. കുട്ടികള്‍ സ്വയം അവരുടെ അഭിരുചികള്‍ കണ്ടെത്തട്ടെ; അതനുസരിച്ചു അവര്‍ക്ക് ആവശ്യമായ കരിയര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ശ്രമിക്കാം.

നമുക്കതില്‍ തിളങ്ങാനാകുമോ?

അഭിരുചികള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ നാം ആ ലക്ഷ്യത്തിലേക്കെത്താന്‍ പ്രാപ്തനാണോ എന്നാണ് അറിയേണ്ടത്. ഏതു രംഗമായാലും ഒരൊറ്റ ദിവസംകൊണ്ട് നമുക്ക് ആയിത്തീരാനാവില്ല. നീണ്ടകാലത്തെ പഠനവും, വലിയ മുന്നൊരുക്കങ്ങളും ഒക്കെ വേണ്ടിവരും. അതിനൊക്കെയുള്ള മനസ്സ് നമുക്കുണ്ടോയെന്ന് സ്വയം തിരിച്ചറിയണം. നമ്മുടെ സ്വപ്‌നം അത്രയ്ക്ക് ശക്തമാണെങ്കില്‍ മാത്രമേ എല്ലാ പ്രതിബന്ധങ്ങളെയും കടന്ന് നമുക്ക് ആ ലക്ഷ്യത്തിലേക്ക് എത്താനാവുകയുള്ളൂ. അതിനാല്‍ അതിനുള്ള കഴിവ് നമുക്കുണ്ടോ എന്ന് നാം മനസ്സിലാക്കേണ്ടത് ഏറെ പ്രധാനമാണ്.

സമൂഹത്തിന് എന്തുഗുണം?

നാം തൊഴില്‍ നേടുന്നതും, സമ്പാദിക്കുന്നതും നമുക്കുവേണ്ടി മാത്രമാണോ? നമ്മുടെ കുടുംബത്തിനും കൂടിയാണെന്ന് പറയാം. എന്നാല്‍, അതിനൊപ്പം സമൂഹത്തിനും എന്തെങ്കിലുമൊക്കെ ഗുണഗണങ്ങള്‍ നമ്മുടെ കരിയര്‍ കൊണ്ട് ഉണ്ടാവണം. ഉദാഹരണത്തിന് ഒരു ഡോക്ടര്‍ എന്തൊക്കെ നിലയിലാണ് സമൂഹത്തെ സേവിക്കുന്നത്! ഒരു അധ്യാപകൻ സമൂഹത്തിന്റെകൂടി സ്വത്താണ്. അതുപോലെ ഓരോരുത്തരും സമൂഹത്തിനുവേണ്ടി കൂടി നിലകൊള്ളുമ്പോളാണ് നമ്മുടെ ജീവിതവും കരിയറും അര്‍ത്ഥവത്താകുന്നത്. നമ്മള്‍ തിരഞ്ഞെടുക്കുന്ന കരിയര്‍ സമൂഹത്തെക്കൂടി ഏതെങ്കിലുമൊക്കെതരത്തില്‍ സേവിക്കുന്നതാണെന്നുകൂടി നാം ഉറപ്പുവരുത്തണം.

സാമ്പത്തികഭദ്രത

എന്തുതന്നെയായാലും ഏതു കരിയര്‍ തിരഞ്ഞെടുക്കുമ്പോഴും അതിലെ സാമ്പത്തികമായ ഭദ്രത ഏറെ പ്രധാനമാണ്. നാം കരിയര്‍ തിരഞ്ഞെടുക്കുമ്പോളും ഇക്കാര്യം കൂടി പരിഗണിക്കേണ്ടതായുണ്ട്. ഏറ്റവും നല്ല സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്ന കരിയര്‍ തന്നെ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം. നമ്മുടെ കഷ്ടപ്പാടിനനുസരിച്ചുള്ള വേതനം ആ തൊഴിലില്‍നിന്ന് ലഭിക്കുമോ എന്ന് ഉറപ്പിക്കണം. സര്‍ക്കാര്‍ ജോലികള്‍ക്ക് സ്വാഭാവികമായും സാമ്പത്തിക ഭദ്രത കൂടുതലാണെങ്കിലും മറ്റുജോലികള്‍ക്ക് അതില്ലെന്ന് പറയാനാവില്ല. മേല്‍ സൂചിപ്പിച്ച പല കാരണങ്ങള്‍ക്കൊപ്പം തന്നെ സാമ്പത്തികഭദ്രതയും ഉറപ്പുനല്‍കുന്ന കരിയര്‍ നാം തിരഞ്ഞെടുക്കേണ്ടതായിട്ടുണ്ട്.

പത്താം ക്‌ളാസ്സിനുശേഷം

പത്താംക്ളാസ്സില്‍ നിന്നും പതിനൊന്നാം ക്ളാസ്സിലേക്കെത്തുമ്പോള്‍ സ്ട്രീം തിരഞ്ഞെടുക്കല്‍ എന്ന വലിയൊരു കടമ്പ മുന്നിലുണ്ട്. അത് ഭംഗിയായി നിര്‍വ്വഹിക്കുക എന്നതാണ് പത്താംക്‌ളാസ് കഴിഞ്ഞവരെ സംബന്ധിച്ച് ആദ്യത്തെ കടമ്പ.

സ്ട്രീം തിരഞ്ഞെടുക്കുമ്പോള്‍ കുട്ടികളും, രക്ഷിതാക്കളും ആദ്യം തിരഞ്ഞെടുക്കുന്ന ഒന്നാണ് സയന്‍സ് സ്ട്രീം. സയന്‍സില്‍ തന്നെ വിവിധ വിഷയങ്ങള്‍ വേറെയുമുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, മാത് സ്, ബയോളജി, സൈക്കോളജി, കമ്പ്യുട്ടര്‍ സയന്‍സ്, ഹോം സയന്‍സ് എന്നിങ്ങനെ പോകുന്നു അത്.

സയന്‍സ് പഠിച്ചാല്‍ അതിനുശേഷം ഏത് വിഷയത്തിലേക്കുവേണമെങ്കിലും പോകാന്‍ കഴിയും എന്ന ഒരു മിഥ്യാധാരണയുമുണ്ട്. സയന്‍സ് ആയാലും, കൊമേഴ്സ് ആയാലും, ഹ്യുമാനിറ്റിസ് ആയാലും, കമ്പ്യൂട്ടര്‍ സയന്‍സ് ആയാലും നാം ഇതുവരെ പഠിച്ചതിന്റെ കുറച്ചുകൂടി ആഴത്തിലും വിശദമായും ഉള്ള കാര്യങ്ങളാണ് പ്ല സ് ടുവിന് പഠിക്കേണ്ടിവരുന്നത്. അതുകൊണ്ട് നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയവുമായി ബന്ധപ്പെട്ട സ്ട്രീം ആണ് ഈയവസരത്തില്‍ സെലക്റ്റ് ചെയ്യേണ്ടത്. സയന്‍സില്‍ താല്‍പ്പര്യം തീരെയില്ലാത്ത കുട്ടികളെ അതുതന്നെ പഠിക്കുവാന്‍ രക്ഷകര്‍ത്താക്കള്‍ നിര്‍ബന്ധിക്കരുത്. അവര്‍ക്കിഷ്ടമുള്ള വിഷയങ്ങള്‍ തന്നെ പഠിക്കട്ടെ.

എന്നിരുന്നാലും, സയന്‍സ് സ്ട്രീം നിര്‍ബന്ധമുള്ള ചില മത്സരപരീക്ഷകള്‍ നിങ്ങള്‍ പിന്നീട് അഭിമുഖീകരിക്കേണ്ട അവസ്ഥ മുന്നിൽ കാണേണ്ടതും ആവശ്യമാണ്. ഉദാഹരണത്തിന് നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പരീക്ഷയില്‍ നേവി, എയര്‍ഫോഴ്‌സ് എന്നിവയ്ക്ക് സയന്‍സ് സ്ട്രീം വേണമെന്ന് നിര്‍ബന്ധമുണ്ട്. എന്നാല്‍ ആര്‍മിയിലേക്ക് സയന്‍സ് സ്ട്രീം പഠിച്ചിരിക്കണമെന്നു നിര്‍ബന്ധമില്ല. എങ്കിലും ഗണിതം അതിലെ ഒരു പേപ്പറാണ്. ഹ്യുമാനിറ്റിസ് പഠിക്കുന്നവര്‍ക്ക് പരീക്ഷ എഴുതാം എങ്കിലും ഗണിതം പഠിക്കാത്തതിനാല്‍ പരീക്ഷയെഴുതുന്നത് പ്രയാസമേറിയ കാര്യമാണ്. അതായതു ഹ്യുമാനിറ്റിസ് ആണ് എടുത്തതെങ്കിലും ഗണിതം വേറെ പഠിച്ചെങ്കില്‍ മാത്രമേ എന്‍.ഡി.എ പരീക്ഷയില്‍ വിജയിക്കാനാകൂ.

എന്‍ജിനീയറിങ്, കൊമേഴ്സ്

പ്ലസ് ടു കഴിഞ്ഞു എന്‍ജിനീയറിങ് ആണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ പ്ലസ്‌ടുവിന് വിന് തീര്‍ച്ചയായും ഫിസിക്‌സ്, കെമിസ്ട്രി, മാത് സ് എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം. ബയോളജി നിര്‍ബന്ധമില്ല. നാലാമത്തെ വിഷയമായി കമ്പ്യുട്ടര്‍ സയന്‍സും തിരഞ്ഞെടുക്കാവുന്നതാണ്.

സാധാരണയായി കൊമേഴ്സ് ഇഷ്ടവിഷയമായി എടുക്കുന്നതിനുപകരം, സയന്‍സ് കിട്ടാതെവരുന്നവര്‍ കൊമേഴ്സ് തിരഞ്ഞെടുക്കുന്നതായി കാണാറുണ്ട്. എന്നാല്‍ കൊമേഴ്സ് ഇഷ്ടവിഷയമായി എടുക്കുന്നവരും കുറവല്ല. സി.എ, എ.സി.സി.എ എന്നീ രംഗങ്ങളിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്ക് കൊമേഴ്സ് തിരഞ്ഞെടുക്കുന്നത് നല്ലതാണ്. കൊമേഴ്സ് ഗണിതത്തോടെയും, ഗണിതം ഇല്ലാതെയും ഉള്ള കോഴ്സുകളുണ്ട്. കൂടെ ഗണിതം പഠിക്കുന്നതാണ് എപ്പോഴും നല്ലത്.

അധ്യാപകരുടെ
ഉത്തരവാദിത്തം

മറ്റേതൊരുജോലി പോലെയല്ല അധ്യാപകവൃത്തി. ഒരുപക്ഷേ മറ്റേതൊരു തൊഴില്‍രംഗത്തേക്കാളും ഉപരിയായി സാമൂഹിക ഉത്തരവാദിത്തം പേറേണ്ട ഒരു തൊഴില്‍മേഖല. കുട്ടികളെ, അവര്‍ അവരുടെ അഭിരുചിക്കനുസരിച്ചു ഏതുതൊഴില്‍ ചെയ്യണമെന്ന് തീരുമാനിക്കുവാന്‍ സജ്ജരാക്കുന്ന വിശാലമായ അര്‍ത്ഥതലങ്ങളാണ് ആ തൊഴിലിനുള്ളത്.

മുതിര്‍ന്നക്ലാസ്സിലെ കുട്ടികള്‍ സ്‌കൂളിലേക്ക് വെക്കേഷന്‍ കഴിഞ്ഞു കടന്നുവരുമ്പോള്‍ അവര്‍ക്ക് വിദ്യയെ എങ്ങനെ നല്‍കണമെന്ന് അധ്യാപകര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അതിനായി അധ്യാപകര്‍ ആഴത്തില്‍ പഠനം നടത്തുകതന്നെ വേണം. കുട്ടികള്‍ക്ക് കളിയും ചിരിയുമായി പാഠങ്ങളെ അഭിമുഖീകരിക്കുവാന്‍ ഉള്ള അവസരം അധ്യാപകര്‍ സൃഷ്ടിക്കണം. മറ്റ് സ്‌കൂള്‍ അധികൃതരുമായും, പി.ടി.എ ഭാരവാഹികളുമായും ഇക്കാര്യം തുറന്ന് ചര്‍ച്ചചെയ്യുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. എങ്കില്‍മാത്രമേ സ്‌കൂളുകളെ കുട്ടികള്‍ ഇഷ്ടപ്പെടുകയുള്ളൂ. കുട്ടികള്‍ സ്‌കൂളുകളെ ഇഷ്ടപ്പെടാത്തപക്ഷം നമ്മുടെ വിദ്യാഭ്യാസത്തിന് പോലും അര്‍ഥമുണ്ടാവുകയില്ല.

സിവിൽ സർവീസ് : ലക്ഷ്യബോധം പ്രധാനം

ചില പ്രധാന
കരിയര്‍ ഓപ്ഷനുകള്‍

പൈലറ്റ്
പൈലറ്റ് ആകാന്‍ ആഗ്രഹിക്കുന്നവർ പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, മാത് സ് എന്നിവയോ കൊമേഴ്സോ പഠിച്ചിരിക്കണം. അവര്‍ക്ക് നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ (എന്‍.ഡി.എ) പരീക്ഷ എഴുതി എയര്‍ ഫോഴ്‌സില്‍ പൈലറ്റ് ആകുവാന്‍ കഴിയും. കൂടാതെ സിവില്‍ ഏവിയേഷന്‍ കോഴ്സുകളും പഠിക്കാന്‍ കഴിയും.

അഭിഭാഷകന്‍
അഭിഭാഷകനാകാന്‍ ആഗ്രഹിക്കുന്നവര്‍ പ്ലസ്ടുവിന് ഏതു സ്ട്രീം പഠിച്ചാലും മതിയാകും. അതിനുശേഷം വിവിധ ലോ കോളേജുകളില്‍ എല്‍.എല്‍.ബി കോഴ്സുകള്‍ ചെയ്യുവാന്‍ കഴിയും. ദേശീയതലത്തില്‍ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (CLAT) എഴുതി പാസ്സായാല്‍ ദേശീയതലത്തിലെ കോളേജുകളില്‍ അഡ് മിഷന്‍ കരസ്ഥമാക്കാം. എല്‍.എല്‍.ബിക്കുശേഷം എല്‍.എല്‍.എം കോഴ്‌സ് ചെയ്യുവാനും കഴിയും.

നഴ്‌സ്
നഴ്‌സ് ആകുവാന്‍ പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിക്കുന്നതാണ് ഉചിതം. നീറ്റ് പരീക്ഷയിലൂടെ വിവിധ കോളേജുകളില്‍ ബി.എസ്.സി നഴ്സിംഗിന് ചേരുവാനാകും. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയൊക്കെ ഈ രംഗത്തെ നല്ല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

അധ്യാപകര്‍
അധ്യാപകനാവണമെങ്കില്‍ ആദ്യം പ്ലസ്ടുവിന് അതെ വിഷയം പഠിക്കുവാന്‍ തന്നെ ശ്രമിക്കുക. ഡിഗ്രിയും അതേവിഷയം പഠി ച്ചുകഴിഞ്ഞാല്‍ ബി.എഡ് ഡിഗ്രിയ്ക്കായി അപേക്ഷിക്കാം. ഒപ്പം കെ.ടെറ്റ് പരീക്ഷകൂടി ജയിക്കേണ്ടതുണ്ട്. ഹൈസ്‌കൂള്‍ വരെയുള്ള കുട്ടികളെ പഠിപ്പിക്കാന്‍ ഇത് മതിയെങ്കിലും ഹയര്‍ സെക്കന്‍ഡറിയില്‍ പഠിപ്പിക്കണമെങ്കില്‍ എം.എസ്.സി ഡിഗ്രിയും, ബി.എഡും, സെറ്റ് പരീക്ഷയും ജയിച്ചിരിക്കണം. കോളേജുകളിലും, സര്‍വകലാശാലകളിലും പഠിപ്പിക്കാന്‍ പി.എച്ച്.ഡിയും നെറ്റ് പരീക്ഷയിലെ വിജയവും ആവശ്യമാണ്.

ശാസ്ത്രജ്ഞര്‍
ശാസ്ത്രജ്ഞന്‍ ആവാനും പ്ലസ്ടുവിനും, ഡിഗ്രിയ്ക്കും, പിജിയ്ക്കും ഒക്കെ അതേവിഷയം തന്നെ പഠിക്കേണ്ടതുണ്ട്. കൂടാതെ പി.എച്ച്.ഡി കൂടെയുണ്ടെങ്കില്‍ മാത്രമേ അറിയപ്പെടുന്ന ഗവേഷണസ്ഥാപനങ്ങളില്‍ ശാസ്ത്രജ്ഞനായി ജോലി ചെയ്യാനാവൂ.

സിവില്‍ സര്‍വീസ്
വിവിധ ഭരണതസ്തികകളിലേക്ക് രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയാണ് സിവില്‍ സര്‍വീസ് പരീക്ഷ. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, ഐ.ആര്‍.എസ് എന്നിങ്ങനെ ഏതാണ്ട് ഇരുപത്തിമൂന്നോളം വിവിധ തസ്തികകളിലേക്ക് ആണ് ഈ പരീക്ഷ നടത്തുന്നത്. പരീക്ഷയില്‍ ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് വിവിധ ജോലികള്‍ ലഭിക്കുന്നത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) ആണ് ഇത് സംഘടിപ്പിക്കുന്നത്.
അടിസ്ഥാനയോഗ്യത ഡിഗ്രി ആണ്. ഒരു അംഗീകൃത സര്‍വ്വകലാശാലയിലെ ഏതെങ്കിലും വിഷയത്തില്‍ ഉള്ള ഡിഗ്രി മതിയാകും. (വിദൂരവിദ്യാഭ്യാസവും സ്വീകാര്യമാണ്). ജനറല്‍ വിഭാഗത്തില്‍ 21 വയസ്സുമുതല്‍ 32 വയസ്സുവരെയുള്ളവര്‍ക്ക് എഴുതാം. (സംവരണം ഉള്ളവര്‍ക്ക് വ്യത്യാസപ്പെടാം). അതിനോട് ചേര്‍ക്കേണ്ട ചിലതുകൂടെയുണ്ട്. അതില്‍ പ്രധാനമാണ് ലക്ഷ്യബോധം. ഞാന്‍ ഒരു സിവില്‍ സര്‍വന്റ് ആകും എന്ന ദൃഢനിശ്ചയവും, അതിനോടുള്ള അഭിനിവേശവും ഉണ്ടായിരിക്കണം.

മൂന്ന് ഘട്ടങ്ങളായാണ്
പരീക്ഷ സംഘടിപ്പിക്കുന്നത്.

  1. പ്രാഥമിക പരീക്ഷ (Preliminary Exam)
  2. പ്രധാന പരീക്ഷ (Main Exam)
  3. വ്യക്തിഗത അഭിമുഖം (Perosnal Interview)

Author

Scroll to top
Close
Browse Categories