നിഴല്‍ യുദ്ധം

വിമര്‍ശന ബോധമുള്ള അവര്‍ണ വിദ്യാര്‍ത്ഥികളേയും ഗവേഷകരേയും തിരഞ്ഞുപിടിച്ചു പുറത്താക്കാനും അമര്‍ത്താനും ഒലിഗാര്‍ക്കിയുടെ പണ്ഡിതമന്യരും പട്ടത്താനികളും രംഗത്തുണ്ട്. കേരളത്തിന്റേയും ഇന്ത്യയുടേയും പ്രബുദ്ധമായ അശോകന്‍ പൈതൃകത്തെയും ബുദ്ധിസം സാധ്യമാക്കിയ തെന്നിന്ത്യന്‍ സംഘസാഹിത്യത്തേയും വെട്ടിമൂടി വ്യാജമായ ഹൈന്ദവ വൈദിക സനാതന സംസ്‌കാരത്തെ വിദ്യാഭ്യാസ മാധ്യമ രംഗത്തു അടിച്ചേല്‍പ്പിക്കുന്നു

ആംഗലവും ആധുനികതയും നീതിയും ജനായത്തവും ഇന്ന് ഒളിഗാര്‍ക്കിയുടെ കുത്തക പെരുക്കുന്ന സാമ്പത്തിക സവര്‍ണ സംവരണത്തിലൂടെ ഭീഷണിയിലാണ്. സവര്‍ണര്‍ക്കുള്ള സാമ്പത്തിക സംവരണത്തിനായി നടത്തിയ 103-ാമത് ഭരണഘടനാ ഭേദഗതി തിരുത്താതെ ഇന്ത്യ രക്ഷപ്പെടില്ല. ഇന്ത്യയുടെ ആധുനിക ഭരണഘടനയുടേ മേല്‍ ജാതിഹിന്ദു കുത്തക ശക്തികള്‍ കുത്തിച്ചെലുത്തിയ അര്‍ബുദമാണത്. അതിനു വേണ്ടിയാകട്ടെ ദലിതബഹുജനങ്ങളുടെ നിയമ പോരാട്ടവും വോട്ടും. നവദേശീയവിദ്യാനയവും തിരുത്തപ്പെടുകയും റദ്ദുചെയ്യപ്പെടുകയും വേണം.

കേരളത്തില്‍ ഷാ, മോദിമാരെ പോലും വെല്ലുവിളിച്ച് 2018 നവംബറിലെ ദേവസ്വം ബോർഡ് ഓഡിനന്‍സിലൂടെ ആണ് ഭരണഘടനയുടെ സാമൂഹ്യ നീതിയുടെ കഴുത്തില്‍ ഗുരു പറഞ്ഞപോലെ, രാമാദികളുടെ കാലത്തെ ശംബൂക ശൂദ്രാദികളുടെ ഗതി പോലെ കത്തിവയ്ക്കുന്ന സാമ്പത്തിക മാനദണ്ഡം കുത്തിച്ചെലുത്തുന്ന അട്ടിമറി നടന്നത്. 1958 ല്‍ തന്നെ ഈ സാമുഹ്യ ജനായത്ത പ്രാതിനിധ്യ വിരുദ്ധമായ സാമ്പത്തിക വാദം കേരളത്തില്‍ ഒന്നാം ഭരണപരിഷ്‌കാര കമ്മീഷനിലൂടെ ഗുമസ്തക്കുറിപ്പുകളായി രംഗത്തിറക്കി അംബേദ്കറുടെ ഭരണഘടനയ്ക്കു തുരങ്കം വയ്ക്കുന്ന പണി കുത്തക ശക്തികള്‍ തുടങ്ങിയിരുന്നു. 1986ല്‍ പള്ളിപൊളിച്ച് പ്രശ്‌നം പരിഹരിക്കണമെന്നുപറഞ്ഞ ഇം. എം. എസ്. ആണ് ഈ ജനായത്തഭരണഘടനാവിരുദ്ധമായ ആശയത്തെ ഇറക്കിവിട്ടത്. മന്നം അടുത്തദിവസം അതേറ്റെടുത്തു. സാമുദായിക സംവരണം സര്‍വീസിന്റെ കാര്യക്ഷമത തകര്‍ക്കും എന്നായിരുന്നു ജനായത്ത പ്രാതിനിധ്യത്തിനെതിരായ ബ്രാഹ്‌മണികമായ ക്ഷുദ്രവാദം. മണ്ഡലനന്തരം ബ്രാഹ്‌മണികമായ സുപ്രീംകോടതിയില്‍ നിന്നും പ്രാതിനിധ്യമില്ലാത്ത പിന്നാക്കജനതയെ വിഭജിപ്പിച്ചു വെട്ടിനീക്കുന്ന ക്രീമീലെയര്‍വാദം വന്നപ്പോള്‍ അതുതന്റെ ആശയമാണെന്നു നമ്പൂരിപ്പാട് വിളിച്ചുപറഞ്ഞു.

രാഷ്ട്രീയ പ്രാതിനിധ്യത്തിലും പങ്കാളിത്തത്തിലും സാമ്പത്തികമായ ഒരു ഘടകവും ഇല്ല, അതു സാധുവേ അല്ല. ജനായത്ത ആധാരമായ സാമുഹ്യ പ്രാതിനിധ്യത്തിനുള്ള സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കുന്ന ഒരു ഉപാധിയാണ് സംവരണം. അതു സാമ്പത്തികമേ അല്ല, രാഷ്ട്രീയാവകാശവും പ്രാതിനിധ്യ ജനായത്ത മാര്‍ഗവുമാണ്. എല്ലാവരും കുബേരരായ സമുദായത്തിനും ജനായത്തത്തില്‍ സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കണം. പരമപുരോഹിതരും ക്ഷുദ്രരായ മക്കളും കൂടി അസ്മാദിക്കാരുടെ ജോലിക്കായി അട്ടിമറിച്ചത് ജനായത്ത കരാറാണ്. ഇതു തൊഴില്‍ദാനമായും സാമ്പത്തിക ഉന്നമന പരിപാടിയായുമാണ് സാമ്പത്തിക നിര്‍ണയവാദ പിതാക്കളും മക്കളും പ്രചരിപ്പിച്ചു പോന്നത്.

രാഷ്ട്രീയ സ്വയംസേവക സമാജക്കാര്‍ വോട്ടുചോര്‍ച്ച ഭയന്ന് മിണ്ടാന്‍ മടിച്ചതാണ് കേരളത്തിലൂടെ ഭൃത്യജനസമാജക്കാരും പാദജ പ്രഭൃതികളും കൂടി ഒറ്റയടിക്കു നടത്തിയെടുത്തത്. ഇന്ത്യന്‍ ജനായത്തവും റിപ്പബ്ലിക്കും തകര്‍ന്നാലെന്ത് തങ്ങളുടെ കുത്തകയും അട്ടിപ്പേറും പെരുക്കാനായല്ലോ. പഴവങ്ങാടിയിലെ പന്നിപ്പേറ് പ്രസംഗ പൈങ്കിളിയുടെ അപമാനവീകരണ വംശഹത്യാ ശ്രുതിസ്മൃതി ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്. തങ്ങളുടെ സിരകളിലോടുന്നത് വേലുദളവായുടെ ചോരയാണെന്ന പത്രാധിപര്‍സുകുമാരനോടു നടത്തിയ വംശഹത്യാപരമായ കൊലവിളിയും ഓര്‍ത്ത് നവനവോത്ഥാനനായകനു കൊടുത്ത അവധി പുനപ്പരിശോധിക്കേണ്ടതാണ്. സവര്‍ണജാഥയെന്നതും ഗാന്ധിയുടെ തന്ത്രവും ആശയവുമായിരുന്നു. ജാഥാ കമാണ്ടറായി ചുളുവില്‍ നവോത്ഥാനനായകനാകുന്ന സവര്‍ക്കര്‍ ഭക്തരുടെ ഭക്തിപാരവശ്യങ്ങളും വിശ്വാസങ്ങളും നമുക്കോര്‍ക്കാം.

ഗാന്ധിജി
പത്രാധിപർ
കെ.സുകുമാരൻ
ഇളംകുളം
കുഞ്ഞൻ പിള്ള

ദേവസ്വം ബോർഡില്‍ 90 ശതമാനവും ഒറ്റ ജാതിയില്‍ പെട്ട സവര്‍ണ ഹിന്ദുക്കളായിരുന്നു. അവിടെ പത്തു ശതമാനവും കൂടി രാഷ്ട്രീയാവകാശവും പ്രാതിനിധ്യ വഴിയുമായ സാമുദായിക സംവരണത്തെ അട്ടിമറിച്ചു കിരാതമായി കവര്‍ന്നെടുത്ത് നൂറു ശതമാനം സവര്‍ണജാതിക്കാരുടെ പരിപൂര്‍ണ സംവരണം പൂര്‍ത്തിയാക്കി. ഇതെല്ലാ മേഖലകളിലും ആവര്‍ത്തിക്കുകയാണ്. ഇതവസാനിപ്പിക്കുന്നവരെ പിന്നാക്കരും ദലിതരും ന്യൂനപക്ഷത്തില്‍ പ്രാതിനിധ്യ ജനായത്ത ബോധമുള്ളവരും സമരം ചെയ്യട്ടെ. പ്രാതിനിധ്യം സമസ്തമേഖലകളിലും വ്യക്തമാക്കുന്ന കണക്കും ജാതിസെന്‍സസും കൂടി നടന്നാലേ അമിത പ്രാതിനിധ്യവും പ്രാതിനിധ്യമില്ലായ്മയും വ്യക്തമാകൂ. മുന്നാക്കം എന്നാല്‍ പ്രാതിനിധ്യത്തില്‍ മുന്നാക്കമെന്നാണ് ഭരണഘടനാ സൂചന. പിന്നാക്കമെന്നാല്‍ പ്രാതിനിധ്യത്തില്‍ പിന്നാക്കമെന്നും ചുരുക്കം. പ്രാതിനിധ്യമില്ലാത്ത പിന്നാക്ക ജനസമുദായങ്ങളും ന്യൂനപക്ഷങ്ങളും യാഥാര്‍ഥ്യം മനസ്സിലാക്കി അവകാശ പ്രക്ഷോഭത്തിലേക്കു വന്നാലേ രാഷ്ട്രീയകക്ഷികളുടെ നിലപാടു മാറൂ. ഇല്ലെങ്കില്‍ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്കു സംഭവിച്ചിരിക്കുന്ന പോലെ തികഞ്ഞ പ്രാതിനിധ്യമില്ലായ്മയിലേക്ക് ദലിതരും പിന്നാക്ക സമുദായങ്ങളും ഇതര ചെറു ന്യൂനപക്ഷങ്ങളും വീഴും.

ജനായത്ത കരാറിനെ അട്ടിമറിച്ച ശബരിമല ക്ഷുദ്ര ലഹളയുടെ അരങ്ങൊരുക്കിയത് 2000 തുടക്കം മുതല്‍ കേരളത്തില്‍ പൊതുപണവും ജനങ്ങളുടെ അക്കാദമികളും ദുരുപയോഗം ചെയ്തു നിരന്തരം കുലീനതയുടെ കാമുകര്‍ നടത്തിയ പുരാണ പട്ടത്താനങ്ങളിലൂടെയായിരുന്നു (ഇളംകുളം കുഞ്ഞന്‍പിള്ളയുടെ വിഖ്യാത പ്രയോഗം). മധ്യകാലത്ത് മാവാരത (മഹാഭാരതമെന്നു ചമക്രിതം) പട്ടന്മാരെ ഉപയോഗിച്ചു നടത്തിയ പട്ടത്താന പ്രഭാഷണ ലീലകളിലൂടെയാണ് ബൗദ്ധമായ കേരളത്തെ വൈഷ്ണവ ഹൈന്ദവമാക്കിയതെന്ന് ഇളംകുളം വിശദീകരിച്ചിട്ടുണ്ട്. ഹൈന്ദവമായ പൊതുബോധവും രണശൂരമായ ക്ഷുദ്രതയും ബ്രാഹ്‌മണരേയും വെല്ലുന്ന ഹൈന്ദവാഭിനിവേശവും ചരിത്രം പഠിക്കാത്ത സാധാരണക്കാരുടെ മേല്‍ കെട്ടിക്കേറ്റുന്നതില്‍ ഈ മാവാരത, രാമായണ ഗീതാഗിരികളും പട്ടത്താനങ്ങളും (ഭട്ടസ്ഥാനം എന്നു സംസ്‌കൃതം) നിര്‍ണായക പങ്കുവഹിച്ചു. ശൂദ്ര, ചണ്ഡാള കോമരങ്ങളെ രണ്ടുദിവസത്തെ ലൈസന്‍സു കൊടുത്തു നടത്തുന്ന കാവുതീണ്ടലു പോലെ ഒരു പള്ളിപൊളിക്കല്‍ കാര്യപരിപാടിയാണിത്. കാവ്യേതിഹാസ ലാവണ്യശാസ്ത്രികളായ പണ്ഡിതരും സാഹിത്യമായി ഗീര്‍വാണ ഗിരിപ്രഭാഷണം നടത്തുന്ന പുണ്യപുരാണ പട്ടത്താനികളും ഗിരിപ്രഭാഷകരും ചെയ്യുന്നത് എന്തെന്ന് ക്രിസ്തു കുരിശില്‍ പറഞ്ഞ പോലെ അവരറിയുന്നില്ല, അവരോടു ഇന്ത്യന്‍ ജനായത്തത്തിനു ക്ഷമിക്കാനാവുമോ എന്നു കണ്ടറിയണം. ജനായത്ത രാജ്യത്തെ അട്ടിമറിച്ചാല്‍ അവരും അവരുടെ വരും തലമുറകളും എന്തുനേടാനാണ് എന്നെങ്കിലും അവര്‍ക്ക് ഓര്‍ക്കാവുന്നതാണ്.

പ്രാതിനിധ്യ കണക്കിനും യാഥാര്‍ഥ്യത്തിനും നീതിനിയമങ്ങള്‍ക്കും ഭരണഘടനയ്ക്കും നിരക്കാത്ത ഈ സാമ്പത്തിക സംവരണവാദത്തെ തുറന്നെതിര്‍ത്ത ലേഖകനെ പോലുള്ളവരെ ചെറുമനസ്സുകളായ സഹോദര ജനതകളെ ഉപയോഗിച്ച് വ്യക്തിഹത്യകളും തേജോവധങ്ങളും നടത്തി കുട്ടിക്കുരങ്ങരാക്കപ്പെട്ട വിദ്യാര്‍ഥികളെ പോലും ദുരുപയോഗം ചെയ്ത് ജോലിസ്ഥലങ്ങളില്‍ നിന്നും വെട്ടിയോടിക്കുകയും നാവടക്കി നാടുകടത്തുകയുമായിരുന്നു. നിഴല്‍ നാടകത്തിലൂടെയാണീ കാര്യപരിപാടികള്‍. നേരിട്ടല്ല വെട്ടും കുത്തും ചവിട്ടിമൂടലും. കുപ്പിണികളും കൂലിത്തല്ലുകാരും സ്വന്തം തല്‍ക്കാല നേട്ടത്തിനായി കൊലയ്ക്കു കൂട്ടുനില്‍ക്കുന്നു. ചൂത്തിരരുടെ നല്ലപിളള ചമഞ്ഞ് പലരും ചാത്തിരാങ്കം നടത്തി. സവര്‍ണ സംവരണം സായൂജ്യമായി. അമിത പ്രാതിനിധ്യക്കാര്‍ക്കു വീണ്ടും സമഗ്രാധിപത്യ കുത്തക വികസിപ്പിക്കാനായി പാദസേവകര്‍ കിണഞ്ഞു പണിതു, ചാരിതാർത്ഥ്യരായി. കഴിഞ്ഞ എഴുപതു വര്‍ഷമായി ഭരണഘടനയുടെ സാമൂഹ്യ ജനായത്ത നീതി ദര്‍ശനത്തിനും സാമുദായിക പ്രാതിനിധ്യത്തിനുമെതിരായി ഒളിഞ്ഞും തെളിഞ്ഞും ഒലിഗാര്‍ക്കിയുടെ ഏജന്റുമാര്‍ നിഴല്‍യുദ്ധം നടത്തുകയായിരുന്നല്ലോ.

ഈ സത്യങ്ങള്‍ തിരിച്ചറിഞ്ഞ് ഇനിയെങ്കിലും സാഹോദര്യത്തോടെ ഒന്നിച്ചു നിന്ന് പ്രാതിനിധ്യത്തിനും നീതിക്കുമായി പോരാടിയാല്‍ ഇന്ത്യയെ ജനായത്തപരമായി നിലനിര്‍ത്താം എന്നു ബഹുജനങ്ങള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു. പുരാണ പട്ടത്താനങ്ങളിലൂടെ ചരിത്ര യാഥാര്‍ഥ്യ ബോധം ഇല്ലാതായതാണ് ഇതിനെല്ലാം കാരണം. വിദ്യാഭ്യാസത്തിലൂടെയാണീ ജനായത്ത വിരുദ്ധമായ ലാവണ്യ, മികവുവാദ, കാവ്യേതിഹാസ, സാഹിത്യ ലീലാവിലാസങ്ങളെല്ലാം അവര്‍ണ വിദ്യാര്‍ഥികളിലും അടിച്ചുറപ്പിക്കുന്നത്. വിമര്‍ശന ബോധമുള്ള അവര്‍ണ വിദ്യാര്‍ഥികളേയും ഗവേഷകരേയും തിരഞ്ഞുപിടിച്ചു പുറത്താക്കാനും അമര്‍ത്താനും ഒലിഗാര്‍ക്കിയുടെ പണ്ഡിതമന്യരും പട്ടത്താനികളും രംഗത്തുണ്ട്. കേരളത്തിന്റേയും ഇന്ത്യയുടേയും പ്രബുദ്ധമായ അശോകന്‍ പൈതൃകത്തെയും ബുദ്ധിസം സാധ്യമാക്കിയ തെന്നിന്ത്യന്‍ സംഘസാഹിത്യത്തേയും വെട്ടിമൂടി വ്യാജമായ ഹൈന്ദവ വൈദിക സനാതന സംസ്‌കാരത്തെ വിദ്യാഭ്യാസ മാധ്യമ രംഗത്തു അടിച്ചേല്‍പ്പിക്കുന്നു . നവദേശീയവിദ്യാഭ്യാസനയം ഇതിനെല്ലാമിടയാക്കുന്നു. അതടിയന്തിരമായി കര്‍ണാടകയെ പോലെ റദ്ദുചെയ്യേണ്ടതാണ്.
(തുടരും)
9895797798

Author

Scroll to top
Close
Browse Categories