സയന്‍സും ചരിത്രരചനയും
ഇന്ത്യയുടെയും കേരളത്തിന്റെയും ഭൂതകാല ചരിത്രരചനയ്ക്ക് ഒരേയൊരു ദൗത്യമേയുള്ളൂ. അവര്‍ണ ഭൂരിപക്ഷമുന്നേറ്റത്തിനുള്ള ബൗദ്ധികായുധമാവുകയെന്ന ദൗത്യം. ചരിത്ര സത്യംകണ്ടെത്തുകയെന്നതിനെക്കാള് പ്രധാനം വര്‍ത്തമാന രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദങ്ങളാണ്.
സയന്‍സിനു സമാനമായ ചില ഘടകങ്ങള്‍ ചരിത്രരചനയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യം imagination, intuition, hypothesis. ഇവ മൂന്നും ഇമ്മാനുവല്‍ കറന്റ് പറഞ്ഞതുപോലെ നിയമബദ്ധമാണ്. കേവലമായ ഭാവനയ്ക്ക് തത്വചിന്തയിലും സയന്‍സിലും സ്ഥാനമില്ല. പിന്നീട്, പരീക്ഷണ- നിരീക്ഷണം (Test). ഹൈപ്പോത്തീസിസ് സ്ഥിരീകരിക്കുകപ്പെടുകയോ ഫാള്‍സിഫൈ ചെയ്യപ്പെടുകയോ ആകും ഫലം. ഭൗതിക പ്രകൃതിയില്‍ കണ്ടെത്തി Regularities നെ Laws ആക്കി മാറ്റുകയും സിദ്ധാന്തവല്‍ക്കരിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇത്തരം ബാഹ്യമായ സമാനതകള്‍ക്കപ്പുറം Scientfic Method നും Historical method നുമിടയില്‍ കാതലായ ഭിന്നതകളുമുണ്ട്. ഭൗതികപ്രകൃതിയിലുള്ളതുപോലെ ആവര്‍ത്തനക്ഷമമായ Patterns, regularities, events, processes, symmetry തുടങ്ങിയവയൊന്നും ചരിത്രത്തിലില്ല. അതിനാല്‍, Natural Laws പോലെയുള്ള നിയമങ്ങളൊന്നും ചരിത്രത്തിലില്ല. Constitution of the Historical world-Â മനുഷ്യരുടെ ഇച്ഛ, താല്പര്യം, ഉദ്ദേശം, അധികാരം തുടങ്ങിയ പലഘടകങ്ങളും പ്രവര്‍ത്തിക്കുന്നു. അതിനാല്‍ സയന്‍സിന്റെ സയന്റിഫിസിറ്റി/ഒബ്ജക്റ്റിവിറ്റിയും ചരിത്രത്തിന്റെ സയന്റിഫിസിറ്റി/ഒബ്ജക്റ്റിവിറ്റിയും ഭിന്നമാണെന്നു മനസ്സിലാക്കണം.
”സാധ്യമായതില്‍ നിന്ന് അസാധ്യമായതിലേക്കുള്ള പരിവര്‍ത്തനമായി ചരിത്രത്തെ മനസിലാക്കാം… ഒരു ക്രമത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റത്തെയാണ് നാം ചരിത്രമായി അനുഭവിക്കുന്നത്… മാര്ക്സിനുശേഷം ചരിത്രത്തിന്റെ teleography എന്താണെന്ന് മനസ്സിലാക്കാതെ, ചരിത്രരചന അസാധ്യമായിത്തീര്‍ന്നു”39 സയന്റിഫിക് ഒബ്ജക്റ്റിവിറ്റിയെ നിര്‍ണയിക്കുന്ന മറ്റൊരു ഘടകം ‘കണ്ടുപിടുത്ത'(discovery)മാണ്. പ്രകൃതിലെ ഭൗതിക പ്രതിഭാസങ്ങള്‍ കണ്ടെത്തുകയും അവയെ മാത്തമാറ്റിക്കല്‍ നിയമങ്ങളുടെ രൂപത്തില്‍ ആവിഷ്ക്കരിക്കുന്നതുമാണ് സയന്‍സ്. എന്നാല്‍, ചരിത്രത്തില്‍ കണ്ടുപിടുത്തങ്ങളില്ല. അവിടെയുള്ളത് invention, destruction, de-construction, reconstruction എന്നീ പ്രവര്‍ത്തികളാണ്. ചില കാഴ്ചപ്പാടുകളും വീക്ഷണങ്ങളുംതാത്പര്യങ്ങളുമാണ് ഈ പ്രവര്‍ത്തികളെ നയിക്കുന്നത്. അതിനാല്‍, ചരിത്രത്തിന്റെ ഒബ്ജക്റ്റിയും സയന്‍സിന്റെ ഒബ്ജക്റ്റിവിറ്റിയും ഭിന്നമാണ്.
ഡാഗറെടൈപിക് ചരിത്രം
ഭൂതകാല സംഭവങ്ങളെ കണ്ണാടിയിലെന്നപോലെ, ഫോട്ടോഗ്രഫിയിലെന്നപോലെ പകര്‍ത്തുക അസാധ്യമാണ് Leopold Rankeയുടെ ‘How things actually were” എന്ന ആപ്തവാക്യം ഒരു കാല്പനിക സ്വപ്നം മാത്രമാണ്. 1824 ലാണ് Ranke ഇങ്ങനെയെഴുതിയത്. 1839 ലാണ് Louis – Jacques Mannadi Daguerre എന്നയാള്‍ ഫോട്ടോഗ്രഫി invent ചെയ്തത്. റാങ്കെ മാതൃകയിലുള്ള ചരിത്രം അന്നറിയപ്പെട്ടിരുന്നത് ‘ഡാഗറെടൈപിക്’ ചരിത്രമെന്നാണ്. ക്യാമറ എന്ന രൂപകമാണ് ഇവര്‍ ഉപയോഗിച്ചത്. ചരിത്രത്തെ ഒരു ഫോട്ടോഗ്രഫിക്ക് ഇമേജ് ആക്കുന്നരീതിയാണിത്. ഫോട്ടോഗ്രാഫി ഒരു പകര്‍ത്തല്‍ സങ്കേതം മാത്രമാണ്. ഒരു ഫോട്ടോഗ്രാഫറുടെ നിഷ്പക്ഷ നിസ്സംഗതയോടെ, നമുക്കു മുമ്പു നടന്നതോ സമകാലികമായി നടക്കുന്നതോ ആയ സംഭവങ്ങളെ പകര്‍ത്തുന്ന ഒരു ടെക്നിക് ആണ് റാങ്കെയുടെ ചരിത്രം. താന്‍ പകര്‍ത്തുന്ന വസ്തുവുമായോ സംഭവുമായോ മനുഷ്യരുമായോ ഫോട്ടോഗ്രാഫര്‍ക്കുള്ള ബന്ധം നിര്‍വികാര- നിസ്സംഗതയുടേതാണ്.
കേരളത്തിലെ അവര്‍ണ ചരിത്രത്തോടും പോരാട്ടങ്ങളോടും പ്രതിബദ്ധതയുള്ള ഒരാള്‍ക്ക്, ദളവാക്കുളം കൂട്ടക്കൊലയെക്കുറിച്ചന്വേഷിക്കുമ്പോള് ഫോട്ടോഗ്രാഫറെപ്പോലെ നിസ്സംഗനാകാനാവില്ല. തന്റെ പൂര്‍വികരോട് സവര്‍ണര്‍ ചെയ്ത കൊടുംപാതകത്തെക്കുറിച്ചറിയുമ്പോള് അയാള്‍ക്ക് ക്രോധമുണ്ടാകും, അയാളുടെ ചോരതിളയ്ക്കും. ലൂവിസ് ബെണ്സ്റ്റൈന് നവിയര്‍ (Lewis Bernstein Namier) പറയുന്നു. ”ചരിത്രകാരന്റെ ജോലി ബന്ധപ്പെട്ടിരിക്കുന്നത് ഫോട്ടോഗ്രാഫിക് ക്യാമറയുമായിട്ടല്ല. മറിച്ച്, ഒരു പെയിന്ററുടെ പ്രവൃത്തിയുമായിട്ടാണ്. കണ്ണില്‍ പതിയുന്ന കാര്യങ്ങളെ വിവേചനരഹിതമായി ഒപ്പിയെടുത്തു പകര്‍ത്തലല്ല ചരിത്രരചന. വസ്തുതകളിലും സംഭവങ്ങളിലും ഉള്‍ചേര്‍ന്നു കിടക്കുന്ന അടരുകളെ വേര്‍തിരിച്ചെടുക്കുകയും കൂട്ടിയോജിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്നതാണ് ചരിത്രരചന”40 മനുഷ്യയാഥാര്‍ത്ഥ്യത്തിന്റെ ലളിതമായ ഫോട്ടോഗ്രഫിയെന്ന ആശയത്തെ ‘ചരിത്രകാരൻമാരുടെ ചരിത്രകാരന്’ എന്നറിയപ്പെടുന്ന മാക് ബ്ലോഷ് (Mark Bloch) പുച്ഛിച്ചുതള്ളി.41 ചരിത്രകാരനെ ഫാേട്ടോഗ്രഫറും ക്യാമറാമാനും പകര്‍ത്തല്‍ യന്ത്രവുമാക്കുന്ന ‘നിര്ഗുണയാഥാര്ത്ഥ്യവാദം’ റാങ്കെയുടെ കാലത്തുതന്നെ നിരാകരിക്കപ്പെട്ടിരുന്നു.
ക്യാമറ ഒരു കണ്ണാടിയല്ലെന്നു നമുക്കറിയാം. ക്യാമറയില്‍ കണ്ണാടിയില്ല. ഫോട്ടോഗ്രാഫിക് ചരിത്രപണ്ഡിതര്‍ കരുതിയതുപോലെ യഥാര്‍ത്ഥ ഫോട്ടോഗ്രഫി നിഷ്പക്ഷമോ നിര്‍വികാരമോ വസ്തുനിഷ്ഠമോ അല്ല. ഫോട്ടോഗ്രാഫറുടെ ഭാവുകത്വമനുസരിച്ചാണ് motif, frame, lens, filter, emulsion, grain എന്നിവ തിരഞ്ഞെടുക്കുന്നത്. ഫോട്ടോഗ്രാഫിയിലും ആത്മനിഷ്ഠമായ perspective പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം തന്നെ ഓരോ Discipline ന്റെയും രീതിയ്ക്ക് ചില സ്വയം നിയന്ത്രണങ്ങളുണ്ട്. ദളവാക്കുളം കൂട്ടക്കൊലയെക്കുറിച്ച് ഒരു ചിത്രം വരക്കുന്ന Painter ക്കും ~ഒരു നോവലെഴുതുന്ന നോവലിസ്റ്റിനുമുള്ള സ്വാതന്ത്ര്യം ചരിത്രകാരനില്ല.
ആള്‍ഫ്രഡ് സ്റ്റൈഗ്ലിറ്റ്സിന്റെ ‘കെട്ടിപ്പിണഞ്ഞു നില്ക്കുന്ന മരങ്ങളുടെ’ ഫോട്ടോ പ്രസിദ്ധമാണ്. ഈ ഫോട്ടോയെക്കുറിച്ച് സെയ്ഗ്ഫ്രെയ്ഡ് ക്രക്കാവൂര് പറയുന്നത് നോക്കുക ”ഈ ഫോട്ടോഗ്രാഫ് യാഥാര്ത്ഥമരങ്ങളുടെ ചിത്രമാണ്. അവിസ്മരണീയമായ ഒരു രൂപകത്തിന്റെ പ്രതീതി അത് സൃഷ്ടിക്കുന്നു. ഒരു ‘ശരത്കാലവിഷാദാ’നുഭവം പകരുന്ന ബിംബമെന്നു എനിക്കുപറയാമോ? (a memorable image of autumnal sadness)42 ”വര്‍ത്തമാന ജീവിതാവസ്ഥയെക്കുറിച്ചുള്ള തീവ്രാഭിനിവേശത്തിനു മാത്രമെ, ഭൂതകാലത്തെക്കുറിച്ചന്വേഷിക്കാന് ഒരാളെ പ്രേരിപ്പിക്കാനാവൂ” എന്ന ബനഡിറ്റോ ക്രോചെയുടെ പ്രസിദ്ധമായ ‘ശാസന’ ഇവിടെ പ്രസക്തമാകുന്നു.43 ചരിത്രരചയിതാവ് തന്റെ ‘കാലത്തിന്റെ സന്തതി’യാണെന്നു പറയുന്ന ആര്.ജി. കോളിംഗ്വുഡ്, ”വര്‍ത്തമാനകാല രാഷ്ട്രീയത്തോടുളള പ്രതിബദ്ധതകാരണം ഭൂതകാലത്തെ പുനരാവിഷ്കരിക്കുന്നതാണ് ചരിത്ര”മെന്നുസിദ്ധാന്തിക്കുന്നു.44 വര്ത്തമാനകേരളത്തിലെയും ഇന്ത്യയിലെയും മര്‍ദ്ദിതജാതി രാഷ്ട്രീയത്തിന്റെ ആവശ്യമാണ് ദളവാക്കുളം കൂട്ടക്കൊലയെക്കുറിച്ചന്വേഷിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ഈ രാഷ്ട്രീയത്തെ തീപിടിപ്പിക്കുന്ന തരത്തില്‍ ആ സംഭവത്തെ’ re enact’ ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്.
ഇന്ത്യയിലെ അവര്‍ണജനതയുടെ വര്‍ത്തമാനത്തിലെ ഓരോ നിമിഷവും 3000 കൊല്ലത്തെ അപമാനത്തിന്റെയും അപമാനവീകരണത്തിന്റെയും പീഢാനുഭവത്തെയാണ് പേറുന്നത്. ഈ അനുഭവത്തോട് ചേര്ന്നുനില്ക്കുന്നവര്ക്കുമാത്രമേ ജാതിയടിമത്തചരിത്രത്തിന്റെ മര്‍മം ഭേദിച്ചുകടക്കാനാവൂ. വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ ചല രാശിയാണ് ചരിത്രസത്യം. (Historical truth is a variable of present politics). എഡ്വേര്‍ഡ് ഗിബണിന്റെ ‘Decline and fall of the Roman Empire’ എന്ന ക്ലാസ്സിക്കില്‍ നാം കൂടുതലും കാണുന്നത് യൂറോപ്യന്‍ ‘അറിവൊളിപ്രസ്ഥാന'(European Enlightenment)ത്തിന്റെ ആവശ്യങ്ങളാണ്. Theodor Mommsen-ന്റെ History of Rome-ല്‍ 1848-ലെ വിപ്ലവങ്ങള്‍ വായിക്കാം. ഭൂതകാലത്തിന് ഭൂതകാലമെന്ന നിലയ്ക്ക് യാതൊരു പ്രസക്തിയും മൂല്യവുമില്ല. വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ ആവശ്യങ്ങളെയും താല്പര്യങ്ങളെയും സഹായിക്കുക മാത്രമാണ് അതിന്റെ പ്രസക്തി. ഇന്ത്യയുടെയും കേരളത്തിന്റെയും ഭൂതകാല ചരിത്രരചനയ്ക്ക് ഒരേയൊരു ദൗത്യമേയുള്ളൂ. അവര്‍ണ ഭൂരിപക്ഷമുന്നേറ്റത്തിനുള്ള ബൗദ്ധികായുധമാവുകയെന്ന ദൗത്യം. ചരിത്ര സത്യംകണ്ടെത്തുകയെന്നതിനെക്കാള് പ്രധാനം വര്‍ത്തമാന രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദങ്ങളാണ്. ചരിത്രരചനയ്ക്ക് സയന്‍സിന്റെ ഗന്ധമുണ്ടാകണമെങ്കില് ചരിത്രകാരന് ”മുന്‍കൂര്‍ ഭാവന”(a priori imagination) ഉണ്ടാകണമെന്ന് മാക് ബ്ലോഷ് പറയുന്നു. ഭൂതകാലത്തെചോദ്യം ചെയ്യാനുള്ള വര്ത്തമാനബോധമാണ് ഈ മുന്കൂര്ഭാവന.45