“സനാതനധർമ്മം’

ജാതിവ്യവസ്ഥയും
കേരളനവോത്ഥാനവും -2

ക്ഷേത്രങ്ങള്‍ക്കും ബ്രാഹ്മണര്‍ കുടിയിരുത്തിയിരിക്കുന്ന അതിലെ ദൈവങ്ങള്‍ക്കും മന്ത്രതന്ത്രാദിവിധികള്‍ക്കും ആചാരവ്യവസ്ഥയ്ക്കും ഏല്‍പ്പിക്കുന്ന മാരകപ്രഹരത്തിലൂടെ മാത്രമേ ജാതിരക്ഷസിന്റെ ശിരച്ഛേദം നടത്താനാവുകയുള്ളൂവെന്ന് ഗുരു മനസ്സിലാക്കിയിരുന്നു. ശ്രീപത്മനാഭദാസന്മാര്‍ ഭരിക്കുന്ന തിരുവിതാംകൂറിലെ ഫ്യൂഡല്‍ മേധാവിത്ത ഹിന്ദുസാമൂഹ്യഘടനയെ തകര്‍ക്കാന്‍ ആദ്യം ചെയ്യേണ്ടത് സകല ജീര്‍ണ്ണതകളുടെയും മൂലസ്ഥാനമായ ക്ഷേത്രങ്ങളെയും ബ്രാഹ്മണവിധികളെയും മാനവികമായി പൊളിച്ചെഴുതുക എന്നതാണെന്ന് ഗുരു ഗ്രഹിച്ചിരുന്നു. അതിന്റെ പ്രഥമ പ്രതികരണമായിരുന്നു 1888 ലെ അരുവിപ്പുറം ശിവലിംഗപ്രതിഷ്ഠ. തുടര്‍ന്ന് ഒരു സമരപരമ്പര പോലെ, കേരളത്തിനകത്തും പുറത്തും ശൃംഖലിതമായി ക്ഷേത്രപ്രതിഷ്ഠകള്‍ അദ്ദേഹം നിര്‍വഹിച്ചു.

മനുഷ്യസമൂഹത്തിന് ഇന്നുവരെ അറിയുന്ന ഏറ്റവും നിഷ്ഠുരമായ സാമൂഹിക അധികാരശ്രേണികളില്‍ ഒന്നാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥ10. ഈ ബീഭത്സ സാമൂഹ്യഘടനയുടെ ഏറ്റവും ഭയാനകമുഖം പ്രദര്‍ശിപ്പിച്ച നാടായിരുന്നു കേരളം. അയിത്തം കുറിക്കുന്ന ഇന്ത്യന്‍ ഭൂപടത്തിലെ ഏറ്റവും ഇരുണ്ട പ്രദേശമെന്ന് ഗാന്ധിജിയും11 ഈ മലബാര്‍കാരെല്ലാം ഭ്രാന്തന്മാരും അവരുടെ വീടുകളത്രയും ഭ്രാന്താലയങ്ങളുമാണെന്ന് സ്വാമി വിവേകാനന്ദനും12 കേരളത്തെക്കുറിച്ച് പറയേണ്ടിവന്നത് അതുകൊണ്ടാണ്. പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായിരുന്ന ഡോ.എ.അയ്യപ്പന്‍ ഇപ്രകാരം എഴുതുന്നു: ‘പതിനാറാം നൂറ്റാണ്ടുമുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം വരെ – അതായത് ബ്രിട്ടീഷുകാര്‍ അതില്‍ ഇടപെടാന്‍ തുടങ്ങുന്നതുവരെ – കേരളത്തിലുണ്ടായിരുന്ന ജാതിവ്യവസ്ഥ, നമുക്ക് അറിയാവുന്നിടത്തോളം അത് ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡിന് തുല്യമാണെന്ന് പറയാം. തീര്‍ച്ചയായും ചില വ്യത്യാസങ്ങളെല്ലാമുണ്ടായിരുന്നു. ഒന്നാമതായി, കേരളത്തില്‍ തൊലിയുടെ നിറത്തില്‍ വ്യത്യാസത്തിന്റെ ചോദ്യമേ ഇല്ല. ദക്ഷിണാഫ്രിക്കയില്‍ ചില റിസര്‍വ്വ് പ്രദേശങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തുന്ന സ്ഥാനത്ത്, ഇവിടെ മേല്‍ജാതിക്കാരുടെ ഭവനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും എല്ലായിപ്പോഴും കുറേ വാര ദൂരം അകറ്റിനിര്‍ത്തുക എന്ന വിദ്രോഹകരമായ ആചാരനടപടിയാണ് പിന്തുടര്‍ന്ന് വന്നത്. കൂടാതെ, ഭൂമിയില്‍ സ്ഥിരമായ കൈവശാവകാശം നിഷേധിക്കുക എന്ന സാമ്പത്തിക മര്‍ദ്ദനരീതിയും സംസ്‌കൃതഭാഷയിലെഴുതിയിട്ടുള്ള എല്ലാവിധ ഉയര്‍ന്ന വിജ്ഞാനങ്ങളില്‍ നിന്നും ഒഴിച്ചുനിര്‍ത്തുക എന്ന ബുദ്ധിപരമായ മര്‍ദ്ദനരീതിയും ഇവിടെ ഉണ്ടായിരുന്നു. ഹിന്ദുക്കളുടെ കര്‍മ്മസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍, മതത്തിന്റെ അധികാരശക്തിയുടെ പിന്തുണയോടെ, ഹിന്ദുമതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ് ഇതെല്ലാം ചെയ്തിരുന്നത് എന്നതും അപ്പാര്‍ത്തീഡുമായുള്ള മറ്റൊരു വ്യത്യാസമാണ്. ഇതിന്റെ ഫലമായി, കേരളത്തിലെ മര്‍ദ്ദിതന്‍ താന്‍ മര്‍ദ്ദനത്തിന് വിധേയനാണെന്ന കാര്യത്തില്‍പോലും അനുഗ്രഹീതമായ അജ്ഞാനത്തിലാണ് കഴിഞ്ഞത്. മര്‍ദ്ദകനാകട്ടെ താനിതെല്ലാം ചെയ്യുന്നത് ഈശ്വരഹിതമനുസരിച്ചാണെന്നും കരുതിവന്നു’13.

അപ്പാര്‍ത്തീഡിനെക്കാളും പാശ്ചാത്യരാജ്യങ്ങളിലെ അടിമത്തത്തെക്കാളും തീക്ഷ്ണവും ക്രൂരവുമായ അനുഭവമായിരുന്നു ഇന്ത്യയിലെ അസ് പർശ്യർ നേരിട്ടത്. അതിലെ വൈജാത്യങ്ങള്‍ താരതമ്യം ചെയ്തു തുറന്നുകാട്ടുന്ന ഒരു ലേഖനം ‘വിവേകോദയ’-ത്തില്‍ ആശാന്‍ എഴുതിയിരുന്നു14. ‘ജാതിവ്യവസ്ഥയ്ക്ക് തുല്യമോ അതിനേക്കാള്‍ ഭീകരമോ ആയ അടിമത്വം തുടങ്ങിയ സ്ഥാപനങ്ങള്‍ എല്ലാ സമൂഹങ്ങളും പോറ്റിവന്നിരുന്നു’വെന്ന് പറഞ്ഞ് ഇന്ത്യയിലെ – കേരളത്തിലെ വരേണ്യവര്‍ഗ്ഗം നടത്തിയ ജാതിപീഡനത്തിന്റെ തീവ്രത കുറച്ചുകാട്ടാന്‍ ശ്രമിക്കുന്ന എം.ജി.എസ്സിനെയും നരേന്ദ്രപ്രസാദിനെയും 15 പോലുള്ളവര്‍ ആശാന്റെ ലേഖനം കാണാതെപോയതാണോ? പൂര്‍വ്വികര്‍ ചെയ്ത അപരാധത്തിന്റെ പാപഭാരം ലഘൂകരിക്കാന്‍ ഇവര്‍ നടത്തുന്ന യത്‌നങ്ങള്‍ ആശാന്റെ വാദമുഖങ്ങള്‍ക്ക് മുന്നില്‍ പളുങ്കുപാത്രം പോലെ തകര്‍ന്നുവീഴും.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയില്‍ പ്രവര്‍ത്തനം നടത്തിയ (1859 – 1891) മിഷണറിയാണ് സാമുവല്‍ മെറ്റീര്‍. കേരളത്തിലെ സാമൂഹികജീവിതത്തെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ അവതരിപ്പിച്ച ‘Native life in Travancore’ (ഞാന്‍ കണ്ട കേരളം – തര്‍ജ്ജമ) എന്ന ഗ്രന്ഥത്തില്‍ വിവിധ ജാതികള്‍ തമ്മിലുള്ള അന്തരത്തെപ്പറ്റി അദ്ദേഹം എഴുതുന്നത് ഇങ്ങനെയാണ്: ‘ജാതികളെ അന്യോന്യം വേര്‍തിരിക്കുന്ന വിടവ് വളരെ വ്യാപ്തിയേറിയതാണ്. ഏറെക്കുറെ രണ്ട് വ്യത്യസ്ത വര്‍ഗ്ഗങ്ങളില്‍പ്പെട്ട മൃഗങ്ങള്‍ക്കിടയിലുള്ള അത്രയും ആഴമേറിയ വിടവാണത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മനുഷ്യനും അവന്റെ കന്നുകാലികള്‍ക്കോ നായ്ക്കള്‍ക്കോ ഇടയിലുള്ള അന്തരത്തോട് അതിന് സമാനതയുണ്ട്. അസാധാരണമാം വിധം വിഭജനത്തിന്റെ നിര കാര്യക്ഷമവും അതിന്റെ പ്രയോഗം പരിപൂര്‍ണ്ണവുമാണ്’16. ഒരേ ജാതിയില്‍പ്പെടുന്ന മൃഗങ്ങള്‍ക്ക് തമ്മിലുള്ള പരസ്പരബന്ധം പോലും മനുഷ്യജാതികള്‍ക്ക് തമ്മിലില്ല എന്നര്‍ത്ഥം! മൃഗങ്ങള്‍ക്കുള്ള വിവേകം പോലും മനുഷ്യനില്ലല്ലോ എന്ന ദുഃഖസത്യം ദര്‍ശിച്ചിട്ടാവണം, ഇതേ ദേശകാലങ്ങളില്‍ ജീവിച്ചിരുന്ന നാരായണഗുരു:
‘മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവയാം യഥ
ന ബ്രാഹ്മണാദിരസൈൃവം
ഹ! തത്ത്വം വേത്തി കോഽപിന’
എന്ന ശ്ലോകം ഉള്‍ക്കൊള്ളുന്ന ‘ജാതിനിര്‍ണ്ണയം’ എന്ന കൃതി എഴുതാന്‍ പ്രേരിതനായതെന്ന് തോന്നുന്നു. പശുവിന് പശുത്വം പോലെയാണ് മനുഷ്യന് മനുഷ്യത്വം. ബ്രാഹ്മാണാദി തുടങ്ങിയ ഭേദങ്ങളില്ല. സ്മൃതികര്‍ത്താക്കളായ ബ്രാഹ്മണര്‍ക്ക് ബോധ്യം വരുന്ന സംസ്‌കൃതഭാഷയില്‍ യാഥാര്‍ത്ഥ്യമെന്തെന്ന് ആദ്യം വ്യക്തമാക്കിയശേഷം:
‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍.
ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയര്‍ താനുമെന്തുള്ളന്തരം നരജാതിയില്‍ ?”17

കുമാരനാശാന്‍

എന്നു നല്ല മലയാളത്തില്‍ ജീവശാസ്ത്രപരമായി വിശദമാക്കികൊടുക്കുകയും ചെയ്തു. ഗുരു പറഞ്ഞതാണ് സത്യമെന്ന് അറിയാമെങ്കിലും പരാന്നഭോജികളായ ബ്രാഹ്മണര്‍ക്കോ അവരുടെ പൃഷ്ടംതാങ്ങി സേവകവൃന്ദത്തിനോ അത് അംഗീകരിക്കാനാകില്ലായിരുന്നു. അത്രയ്ക്ക് സുദൃഢമായിരുന്നു അവരുടെ സ്വാര്‍ത്ഥതയും അന്ധവിശ്വാസവും.

ആധുനിക – നവോത്ഥാന കേരളത്തിന്റെ പിതൃത്വവും യുഗപുരുഷപദവിയും നാരായണഗുരുവിന് അനേക കാരണങ്ങളാല്‍ ചരിത്രകാരന്മാര്‍ പതിച്ചുനല്‍കിയതാണ്. എന്നാല്‍ ചാവറയച്ചനും വൈകുണ്ഡസ്വാമിയ്ക്കും ആറാട്ടുപുഴ വേലായുധപണിക്കര്‍ക്കും മറ്റും പിതൃത്വം കല്‍പ്പിച്ചു നല്‍കുന്ന ആരാധകരും അനുയായികളും ഇന്നുണ്ട്. ഈ ചരിത്രപുരുഷന്മാരൊക്കെ പ്രാദേശികമായൊരു ചുറ്റുവട്ടത്തില്‍ മാത്രം അറിയപ്പെട്ട ‘കട്ടപ്പനയിലെ ഋത്വിക് റോഷന്മാ’രാണെന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ടോ അവര്‍ മറന്നുപോകുന്നു. ദശാബ്ദങ്ങളോളം കേരളത്തിന്റെ ചരിത്രഗ്രന്ഥങ്ങളിലോ ചരിത്രപഠിതാക്കളുടെ അന്വേഷണപരിധിയിലോ, ഭൂരിപക്ഷജനതയുടെ മനസ്സിലോ ഇടം പിടിക്കാന്‍ കഴിയാത്തവിധം പരിമിതവും അപ്രധാനവുമായിരുന്നു അവരുടെ കര്‍മ്മമണ്ഡലം. കേരളത്തിന്റെ തെക്കും വടക്കും അതിനപ്പുറവും നിരന്തരം സഞ്ചരിച്ച്, നവോത്ഥാനാശയങ്ങളുടെ ഉജ്ജ്വലകാന്തി എങ്ങും പരത്തി ദുഷ്‌കരമായ കര്‍മ്മപഥങ്ങളുടെ ദിശ സ്വന്തം പ്രവൃത്തികളിലൂടെ കാട്ടിക്കൊടുത്ത്, വിവിധ ജാതിമതസ്ഥരെ ഉണര്‍ത്തുകയും അവരുടെ ആരാധനയ്ക്ക് പാത്രീഭൂതനാവുകയും ചെയ്ത മറ്റൊരു മഹാനെ നവോത്ഥാന ഇന്ത്യയില്‍പ്പോലും ദര്‍ശിക്കാനാവില്ല. ‘ഒരു ഗുരു, ഒരു പരിഷ്‌കര്‍ത്താവ്, ഒരു സന്ന്യാസി, ഒരു രാഷ്ട്രനിര്‍മ്മാതാവ് എന്നീ നിലകളില്‍ കേരളത്തിലെ ശ്രീനാരായണഗുരുവിനേക്കാള്‍ ഉന്നതനായ ഒരു മഹാത്മാവ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ബുദ്ധമത കാലത്തിനുശേഷം ഹിന്ദുസമുദായത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് കവാടങ്ങള്‍ തുറക്കപ്പെട്ടത് ഗുരുവിന്റെ പ്രവര്‍ത്തനം മൂലമാണ്’18 എന്ന് സ്വാമി ധര്‍മ്മതീര്‍ത്ഥരും ഗാന്ധിജിയുടെ സമകാലികന്‍ എന്നുതന്നെയല്ല, സമശീര്‍ഷനും സമസ്‌കന്ദനും കൂടിയാണ് നാരായണഗുരു എന്ന് എം.ജി.എസ്. നാരായണനും എഴുതിയത് ഇന്ത്യാചരിത്രം മനസ്സിലാക്കാതെയല്ലല്ലോ. ഗാന്ധിജിയുടെ സ്വേച്ഛാപ്രമത്തതയോ രാഷ്ട്രീയകൗശലമോ സനാതനഹിന്ദുത്വബോധമോ ചാതുര്‍വര്‍ണ്ണ്യമനഃസ്ഥിതിയോ ഗുരുവിനില്ലായിരുന്നു.

കേരളനവോത്ഥാനത്തിന്റെ പിതൃത്വം ഗുരുവിനുനല്‍കുമ്പോള്‍, അദ്ദേഹത്തില്‍ നിന്നും നവോത്ഥാനം ആരംഭിക്കുന്നുവെന്ന് അര്‍ത്ഥമില്ല. അതിന് പശ്ചാത്തലമൊരുക്കിയ അനേകം ഘടകങ്ങളുണ്ട്. അതില്‍ പ്രധാനം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണസംവിധാനവും വിദേശമിഷണറി പ്രവര്‍ത്തനവുമാണ്. നമുക്ക് സന്ന്യാസം നല്‍കിയത് ഇംഗ്ലീഷുകാരാണെന്നും അവര്‍ നമ്മുടെ ഗുരുക്കന്മാരാണെന്നും ഒന്നാം ലോകമഹായുദ്ധത്തില്‍ അവരെ സഹായിക്കണമെന്നും ഗുരു പറഞ്ഞതില്‍തന്നെ ഈ ചരിത്രയാഥാര്‍ത്ഥ്യം തെളിഞ്ഞുകാണാം. ഗുരു കേരളത്തില്‍ നടത്തിയ ഒട്ടേറെ പോര്‍മുഖങ്ങളുള്ള യുദ്ധങ്ങളില്‍ മുഖ്യം ജാതിയ്‌ക്കെതിരെയുള്ളതായിരുന്നു. ജാതിരക്ഷസ്സിന്റെയും ബ്രാഹ്മണകോയ്മയുടെയും സര്‍വ്വാനാചാരങ്ങളുടെയും പ്രഭവസ്ഥാനം ക്ഷേത്രങ്ങളാണെന്ന കൃത്യമായ ധാരണ ഗുരുവിനുണ്ടായിരുന്നു. ക്ഷേത്രങ്ങള്‍ക്കും ബ്രാഹ്മണര്‍ കുടിയിരുത്തിയിരിക്കുന്ന അതിലെ ദൈവങ്ങള്‍ക്കും മന്ത്രതന്ത്രാദിവിധികള്‍ക്കും ആചാരവ്യവസ്ഥയ്ക്കും ഏല്‍പ്പിക്കുന്ന മാരകപ്രഹരത്തിലൂടെ മാത്രമേ ജാതിരക്ഷസ്സിന്റെ ശിരച്ഛേദം നടത്താനാവുകയുള്ളൂവെന്ന് ഗുരു മനസ്സിലാക്കിയിരുന്നു. ശ്രീപത്മനാഭദാസന്മാര്‍ ഭരിക്കുന്ന തിരുവിതാംകൂറിലെ ഫ്യൂഡല്‍ മേധാവിത്ത ഹിന്ദുസാമൂഹ്യഘടനയെ തകര്‍ക്കാന്‍ ആദ്യം ചെയ്യേണ്ടത് സകല ജീര്‍ണ്ണതകളുടെയും മൂലസ്ഥാനമായ ക്ഷേത്രങ്ങളെയും ബ്രാഹ്മണവിധികളെയും മാനവികമായി പൊളിച്ചെഴുതുക എന്നതാണെന്ന് ഗുരു ഗ്രഹിച്ചിരുന്നു. അതിന്റെ പ്രഥമ പ്രതികരണമായിരുന്നു 1888 ലെ അരുവിപ്പുറം ശിവലിംഗപ്രതിഷ്ഠ. തുടര്‍ന്ന് ഒരു സമരപരമ്പര പോലെ, കേരളത്തിനകത്തും പുറത്തും ശൃംഖലിതമായി ക്ഷേത്രപ്രതിഷ്ഠകള്‍ അദ്ദേഹം നിര്‍വഹിച്ചു. ബ്രാഹ്മണ പൗരോഹിത്യപ്രമാണങ്ങളെയും അവരുടെ ഏറാന്‍മൂളികളായ ഭരണകൂടത്തെയും ശാന്തമായി വെല്ലുവിളിച്ചും ലംഘിച്ചും നടത്തിയ പ്രതിഷ്ഠകളിലൂടെ അനുയായിവൃന്ദത്തെ വരേണ്യദേവീദേവന്മാരുടെ ഭക്തോത്തംസങ്ങളാക്കി തീര്‍ക്കുക എന്നതായിരുന്നില്ല ഗുരുവിന്റെ ലക്ഷ്യം. ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് തന്റെ പരമോദ്ദേശമെന്ന് ആദ്യ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ച അരുവിപ്പുറം ക്ഷേത്രചുമരില്‍ രേഖപ്പെടുത്തിയ പ്രശസ്ത സന്ദേശത്തിലൂടെ ഗുരു വിളംബരം ചെയ്തിരുന്നല്ലോ.

വി.ടി. ഭട്ടതിരിപ്പാട്

കേരളനവോത്ഥാനത്തിന്റെ പിതൃത്വം ഗുരുവിനുനല്‍കുമ്പോള്‍, അദ്ദേഹത്തില്‍ നിന്നും നവോത്ഥാനം ആരംഭിക്കുന്നുവെന്ന് അര്‍ത്ഥമില്ല. അതിന് പശ്ചാത്തലമൊരുക്കിയ അനേകം ഘടകങ്ങളുണ്ട്. അതില്‍ പ്രധാനം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണസംവിധാനവും വിദേശമിഷണറി പ്രവര്‍ത്തനവുമാണ്. നമുക്ക് സന്ന്യാസം നല്‍കിയത് ഇംഗ്ലീഷുകാരാണെന്നും അവര്‍ നമ്മുടെ ഗുരുക്കന്മാരാണെന്നും ഒന്നാം ലോകമഹായുദ്ധത്തില്‍ അവരെ സഹായിക്കണമെന്നും ഗുരു പറഞ്ഞതില്‍തന്നെ ഈ ചരിത്രയാഥാര്‍ത്ഥ്യം തെളിഞ്ഞുകാണാം.

ബ്രിട്ടീഷ് സാമ്രാജ്യത്വഭരണവും നാരായണഗുരുവിന്റെ ഇടപെടലും കേരളീയ സാമൂഹ്യജീവിതത്തില്‍ വരുത്തിയ പരിണാമത്തെപ്പറ്റി പി.കെ.ബാലകൃഷ്ണന്‍ എഴുതുന്നത് വായിക്കുക: ‘ഇന്ത്യയിലെ ബ്രാഹ്മണതത്വചിന്തയുടെയും വര്‍ഗ്ഗതാല്‍പര്യത്തിന്റെയും അഭംഗുരമായ നെടുങ്കോട്ടയായിരുന്നു ഈ കേരളം. പരശുരാമന്‍ കോടാലി എറിഞ്ഞിട്ടു പിന്നെ ബ്രിട്ടീഷുകാരന്‍ തോക്ക് പൊട്ടിക്കുന്ന കാലം വരെ വര്‍ണ്ണമേധാവിത്വമാകുന്ന വര്‍ഗ്ഗമേധാവിത്വത്തിന് ഈ കേരളത്തില്‍ ഒരു ഉലച്ചിലും സംഭവിച്ചില്ല. കൊള്ളക്കാരനായ ബ്രിട്ടീഷുകാരന് ബ്രാഹ്മണനും പുലയനും മുസല്‍മാനും ഒരു പോലെ ഇരുകാലി മൃഗങ്ങളായിരുന്നു. സനാതനഹിന്ദുധര്‍മ്മമാകുന്ന മര്‍ദ്ദനോപാധിക്കെതിരെ അധഃകൃതരുടെ മനുഷ്യത്വത്തെ പതുക്കെ അവരൊന്ന് ഇക്കിളിയാക്കി. അത് ബ്രാഹ്മണനും പുലയനും മനുഷ്യനാണ് അഥവാ ഇരുകാലി പശുവാണെന്ന ബ്രിട്ടീഷുകാരന്റെ സമത്വബോധത്തിന്റെ ഫലമായിരുന്നു. ഇംഗ്ലീഷ് ഭാഷയുടെ പ്രചാരത്തോടെ, അറിവിന്റെയും ഗ്രന്ഥങ്ങളുടെയും മേലുള്ള സവര്‍ണ്ണകുത്തക തകര്‍ന്നു. സനാതന ഹിന്ദുധര്‍മ്മത്തില്‍ ബ്രിട്ടീഷുകാര്‍ അവരറിയാതെ വീഴ്ത്തിയ തുളകളാണവ. ദുഷ്ടമായ ഒരു സാമ്രാജ്യം വിപ്ലവകരമായ ഒരു സാമൂഹ്യചലനത്തിന് കാരണമായി. നൂറ്റാണ്ടുകളോളം സനാതനഹിന്ദുധര്‍മ്മത്തിനും ബ്രാഹ്മണസമൂഹത്തിനും ഒരു ഉലച്ചിലും പറ്റാത്ത കേരളത്തില്‍, അതിന്റെ പവിത്രത ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത കേരളത്തില്‍, യഥാര്‍ത്ഥ ജനാധിപത്യവിപ്ലവം തുടങ്ങേണ്ടിടത്ത് തുടങ്ങിയ സാമൂഹ്യവിപ്ലവകാരിയാണ് ശ്രീനാരായണഗുരു. സ്വാമികളുടെ ചരിത്രം കേരളത്തില്‍ ജനാധിപത്യപ്രസ്ഥാനം അരങ്ങേറിയതും ഒരു ഘട്ടം വരെ വളര്‍ന്നതുമായ ചരിത്രമാണ്. കാഷായ വേഷത്തിന്റെ ആമത്തൊണ്ടില്‍ ഭദ്രമായി നിലയുറപ്പിച്ചുകൊണ്ട് സനാതനഹിന്ദുമതത്തിന്റെ ‘എ’ തുടങ്ങി ‘ഇസഡ്’ വരെ അദ്ദേഹം ധിക്കരിച്ചു’20.

നാരായണഗുരു ധിക്കരിച്ച ‘സനാതനധര്‍മ്മം’, നാടിന്റെ ഭരണഘടനയായിരുന്ന ശങ്കരസ്മൃതിയിലെയും മനുസ്മൃതിയിലെയും ജാതിനിര്‍ണ്ണയത്തിലെയും വ്യവഹാരമാലയിലെയും നിയമസംഹിതകളായിരുന്നു. ബ്രാഹ്മണരെയും ഗോക്കളെയും രക്ഷിക്കുകയായിരുന്നു രാജാവിന്റെ പരമധര്‍മ്മം. രാജാവിനെ തൊട്ടാല്‍ നമ്പൂതിരി കുളിക്കണം. ഡോ. എ. അയ്യപ്പന്‍ രേഖപ്പെടുത്തുന്നതുപോലെ ഇന്ത്യയുടെ മറ്റൊരു ഭാഗത്തും കേരളത്തെപ്പോലെ ശക്തരും ധനാഢ്യരുമായ ഒരു ബ്രാഹ്മണജാതി ഉണ്ടായിരുന്നില്ല. രാജാക്കന്മാരെ അവര്‍ ചൊല്‍പ്പടിയ്ക്ക് നിര്‍ത്തിയിരുന്നു. ബ്രാഹ്മണര്‍ രാജാക്കന്മാര്‍ക്ക് പിഴ ചുമത്തിയിരുന്ന സംഭവങ്ങള്‍ പോലുമുണ്ട്. ബ്രാഹ്മണരുടെ മേല്‍ ഏതൊരു നീതിന്യായാധികാരവും രാജാവിനുണ്ടായിരുന്നില്ല21. കൊലപാതകം ഉള്‍പ്പെടെ ഏതുകുറ്റവും ബ്രാഹ്മണന്‍ ചെയ്താല്‍ പരമാവധി ശിക്ഷ നാടുകടത്തല്‍ മാത്രം, വധശിക്ഷ പാടില്ല. ഭൂനികുതിയില്‍ നിന്നും ബ്രാഹ്മണരെ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. ബ്രാഹ്മണര്‍ക്ക് മാത്രമേ സന്ന്യാസം പാടുള്ളൂ22. പി. ഭാസ്‌കരനുണ്ണി എഴുതുന്നതുകാണുക: ‘നമ്പൂതിരിയ്ക്ക് സംബന്ധവും നായര്‍ വരെയാകാം. ശാങ്കരസ്മൃതി പ്രകാരം ധര്‍മ്മാര്‍ത്ഥമായി ബ്രാഹ്മണകന്യകയെ വിവാഹം കഴിക്കാം. കാമാര്‍ത്ഥമായി ക്ഷത്രിയ കന്യകയെയോ വൈശ്യകന്യകയെയോ സ്വീകരിക്കാം. ശൂദ്രകന്യകയെ ഏതായാലും പാടില്ലെന്നാണ് വിധി. വിധിയെങ്കില്‍ വിധിയങ്ങനെ എന്നു സമ്മതിക്കുവാന്‍ കേരളബ്രാഹ്മണര്‍ തയ്യാറായില്ല. വൈശ്യകന്യകകളില്ലാത്തതുകൊണ്ടോ ശൂദ്രകന്യകകളോട് പ്രീതി മൂത്തതുകൊണ്ടോ ബ്രാഹ്മണസംബന്ധം ഏറിയ പങ്കും ശൂദ്രസ്ത്രീകളോടായിരുന്നു എന്നുള്ളതാണ് സത്യം’23.

ബ്രാഹ്മണ്യത്തെയും ബ്രാഹ്മണസമുദായത്തിന്റെ നിലയെയും ദുരാചാരങ്ങളെയും പറ്റി വി.ടി.ഭട്ടതിരിപ്പാട് എഴുതിയതുകൂടി വായിക്കുക: ‘ഒരു നമ്പൂതിരി സഭ്യേതരമായി എന്തുചെയ്താലും രാജാവോ ഉദ്യോഗസ്ഥരോ ഇടപെടാറില്ല. അത്രയ്ക്ക് ആദരപൂര്‍വ്വമാണ് അവിടെ (തിരുവനന്തപുരം) ബ്രാഹ്മണാരാധനയുടെ സംവിധാനം ക്രമപ്പെടുത്തിയിരുന്നത്. വൈദികന്മാരും ഓത്തന്മാരും പറയുന്നതെല്ലാം രാജാക്കന്മാര്‍ പ്രമാണമായി കരുതിവന്നു. നൂറുനൂറുദുരാചാരങ്ങളുടെയും ദുരന്തദുരിതങ്ങളുടെയും ഈറ്റില്ലമായിരുന്നു നമ്പൂതിരി ഇല്ലങ്ങള്‍. കേരളത്തിലെ പൈശാചികങ്ങളായ അസമത്വങ്ങളും ജാതിശല്യങ്ങളും അകറ്റണമെങ്കില്‍ ജാതിവൃക്ഷത്തിന്റെ ഉയര്‍ന്ന കൊമ്പത്തിരിക്കുന്ന നമ്പൂതിരി തന്നെ താഴേക്കിറങ്ങേണ്ടിവരും. ഈ നമ്പൂതിരി തിരുമേനിമാര്‍ക്കൊക്കെ എന്താ പ്രവൃത്തി ? ഉണ്ണുക, ഉറങ്ങുക, ഗര്‍ഭം ഉണ്ടാക്കുക. എന്നാല്‍ നമ്പൂതിരി സ്ത്രീകള്‍ക്കോ ? വയ്ക്കുക, വിളമ്പുക, പ്രസവിക്കുക. സയന്‍സിന്റെ കിരണങ്ങള്‍ കിഴക്കുദിച്ചിട്ടും നമ്പൂതിരി കണ്‍മിഴിച്ചില്ല. ആത്മീയ മെത്തമേല്‍ അമര്‍ന്നിരുന്ന് ഉറക്കം തൂങ്ങിപ്പോയി. അന്തര്‍ജ്ജനങ്ങളില്‍ നല്ലൊരു വിഭാഗത്തിന് എഴുത്തോ വായനയോ നിശ്ചയമില്ലായിരുന്നു. നിശ്ചയമുള്ളവര്‍ക്ക് തന്നെ അതിനുള്ള അവസരവും കുറവായിരുന്നു. സ്വന്തം അനുഭവം പറയുകയാണെങ്കില്‍ നമ്പൂതിരിമാരുടെ എല്ലാവിധ അധഃപതനങ്ങള്‍ക്കും ആദികാരണം നിരര്‍ത്ഥകമായ വേദാഭ്യാസത്തില്‍ കാണിച്ചിരുന്ന അതിരറ്റ ശുഷ്‌കാന്തിയും നിഷ്‌കര്‍ഷയുമാണ്. കന്യാകുമാരി മുതല്‍ കാഞ്ഞിരോട് പുഴ വരെയുള്ള ഈ കേരളത്തിലെ കുബേരന്‍മാരായ നമ്മുടെ വകയായി, അതായത് 35000 നമ്പൂതിരിമാര്‍ക്കൊട്ടാകെ ഇന്ന് മൂന്ന് വിദ്യാലയങ്ങളേയുള്ളൂ. അവയിലെല്ലാം കൂടി നോക്കിയാല്‍ 35 വിദ്യാര്‍ത്ഥികള്‍ പോലും ഇല്ലത്രെ. അസമത്വത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ശവക്കല്ലറകളെ നമുക്ക് പൊളിച്ച് കളയണം. അതെ, അമ്പലങ്ങളുടെ മോന്തായങ്ങള്‍ക്ക് തീവെയ്ക്കണം. നമുക്ക് അനാചാരങ്ങളെ കെട്ടുകെട്ടായി നശിപ്പിച്ചുകളയുവാന്‍ ഒരു എളുപ്പമാര്‍ഗ്ഗമുണ്ട് അതാണ് ‘അമ്പലങ്ങള്‍ക്ക് തീ വയ്ക്കുക’. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ നമ്പൂതിരി സമുദായത്തിന്റെ അവസ്ഥയെപ്പറ്റിയാണ് വി.ടി. ഇങ്ങനെ പറയുന്നത്. പ്രക്ഷുബ്ധമായ ഈ ചരിത്രസന്ദര്‍ഭത്തില്‍ നാരായണഗുരുവിനെക്കുറിച്ചും ഈഴവരെക്കുറിച്ചും അദ്ദേഹം പ്രസ്താവിച്ച ചില വസ്തുതകള്‍ കൂടി ശ്രദ്ധിക്കുക:

പി.കെ.ബാലകൃഷ്ണൻ

ബ്രാഹ്മണര്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ സമുദായശ്രേണിയില്‍ രണ്ടാമത്തെ ഉയര്‍ന്നജാതി, ആദിവാസികളായി എം.ജി.എസ്സിനെപ്പോലുള്ള ചരിത്രകാരന്മാര്‍ കരുതുന്ന – ബ്രാഹ്മണരാല്‍ ശൂദ്രരാക്കപ്പെട്ട നായന്മാര്‍ ആയിരുന്നു. ഭവഗവദ്ഗീതയിലും മനുസ്മൃതിയിലും ശാങ്കരസ്മൃതിയിലും മറ്റും പറയുന്ന ചാതുര്‍വര്‍ണ്ണ്യവിഭാഗത്തില്‍പ്പെട്ട ക്ഷത്രിയരും വൈശ്യരും ഇവിടെ ഉണ്ടായിരുന്നില്ല. ‘ജാതിനിര്‍ണ്ണയ’പ്രകാരം കേരളത്തിലെ അറുപത്തിനാല് ജാതികളില്‍ ക്ഷത്രിയരും വൈശ്യരും ഉള്‍പ്പെടുന്നില്ലെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

‘ആരാധനാസ്വാതന്ത്ര്യം ജനങ്ങളുടെ ജന്മാവകാശമാണെന്ന് അരുവിപ്പുറത്തുള്ള ശിവക്ഷേത്രത്തിന്റെ സ്ഥാപനത്തോടെ ക്രിയാത്മകമായി അദ്ദേഹം പ്രഖ്യാപിച്ചു. അങ്ങനെ ക്ഷേത്രാരാധനയ്ക്ക് അബ്രാഹ്മണര്‍ക്കുള്ള അവകാശം ഉറപ്പിക്കുന്നതിന് തുടക്കം കുറിച്ചത് ശ്രീനാരായണനാണ്. പില്‍ക്കാലത്ത് ബ്രാഹ്മണമേധാവിത്വത്തിനെതിരായി ഉല്‍പതിഷ്ണുക്കളും വിപ്ലകാരികളുമായ നമ്പൂതിരിയുവാക്കള്‍ പോരാട്ടം നടത്തിയപ്പോള്‍ അവര്‍ക്ക് ആവേശമേകിയത് ശ്രീനാരായണഗുരുവിന്റെ തത്വശാസ്ത്രവും ജീവിതവുമായിരുന്നുവെന്ന് തുറന്നുപറയട്ടെ. ജാതിയ്ക്കും മതത്തിനും എതിരായി പോരാടാന്‍ ആഗ്രഹിക്കുന്ന ജനവിഭാഗത്തിന് ശ്രീനാരായണന്‍ മഹാബലിയാണ്. മാനുഷരെല്ലാവരും ഒന്നുപോലെ എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചിട്ടുള്ളത് ശ്രീനാരായണഗുരുവാണ്.

‘നമ്പൂതിരിയെ വേഷത്തിലും നാട്യത്തിലും ഭാവത്തിലും ഭാഷയിലും അനുകരിക്കാന്‍ മറ്റു സമുദായക്കാര്‍ ആത്മാഭിമാനലേശമില്ലാതെ തയ്യാറായി. നമ്പീശനും ഇളയതും തട്ടാന്മാര്‍പോലും നമ്പൂതിരിയെ അനുകരിക്കാന്‍ തുടങ്ങി. എന്നാല്‍ ഈഴവര്‍ മാത്രമാണ് നമ്പൂതിരിയ്ക്ക് വഴങ്ങാതെ മാറിനിന്നത്. ബ്രാഹ്മണാധിപത്യത്തോട് ചരിത്രപരമായ കാരണങ്ങളാല്‍ത്തന്നെ അവര്‍ പൊരുതാന്‍ ധൈര്യം പ്രകടിപ്പിച്ചു. നമ്പൂതിരിമാര്‍ ഇവിടെ വരുമ്പോള്‍ സാമൂഹ്യരംഗത്ത് മേല്‍ക്കോയ്മ ഈഴവര്‍ക്കായിരുന്നു. ഈഴവരല്ലാത്ത മറ്റു സമുദായക്കാര്‍ നമ്പൂതിരിയ്ക്ക് അടിയറവ് പറഞ്ഞു. അങ്ങനെ ബ്രാഹ്മണാധീശത്വം സ്ഥാപിക്കാന്‍ തുടങ്ങിയതോടെ ഈഴവരുടെ മേധാവിത്വം നശിച്ചുതുടങ്ങി. നൂറ്റാണ്ടുകളോളം അവര്‍ ഒറ്റയ്ക്ക് നിന്ന് വിദേശീയരായ ബ്രാഹ്മണരുടെ മേധാവിത്വത്തോട് പൊരുതി. ഈഴവസമുദായത്തിന്റെ മഹത്തായ പാരമ്പര്യമാണത്’24.

ബ്രാഹ്മണര്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ സമുദായശ്രേണിയില്‍ രണ്ടാമത്തെ ഉയര്‍ന്നജാതി, ആദിവാസികളായി എം.ജി.എസ്സിനെപ്പോലുള്ള ചരിത്രകാരന്മാര്‍ കരുതുന്ന – ബ്രാഹ്മണരാല്‍ ശൂദ്രരാക്കപ്പെട്ട നായന്മാര്‍ ആയിരുന്നു. ഭവഗവദ്ഗീതയിലും മനുസ്മൃതിയിലും ശാങ്കരസ്മൃതിയിലും മറ്റും പറയുന്ന ചാതുര്‍വര്‍ണ്ണ്യവിഭാഗത്തില്‍പ്പെട്ട ക്ഷത്രിയരും വൈശ്യരും ഇവിടെ ഉണ്ടായിരുന്നില്ല. ‘ജാതിനിര്‍ണ്ണയ’പ്രകാരം കേരളത്തിലെ അറുപത്തിനാല് ജാതികളില്‍ ക്ഷത്രിയരും വൈശ്യരും ഉള്‍പ്പെടുന്നില്ലെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബ്രാഹ്മണരുടെ ഭൃത്യന്മാരും അവര്‍ സൃഷ്ടിച്ച ആചാരങ്ങളുടെയും നിയമങ്ങളുടെയും സംരക്ഷകരും സംബന്ധക്കാരും നാട്ടിലെ പടയാളികളും പടനായകന്മാരും ക്രമേണ നാടുവാഴികളുമായി വര്‍ത്തിച്ച അവരില്‍ ഒരു ന്യൂനപക്ഷത്തെ ക്ഷത്രിയവല്‍ക്കരിച്ച് രാജാക്കന്മാരാക്കി അഭിഷേകം ചെയ്തതില്‍ നിന്നുണ്ടായ ഒരു ക്ഷത്രിയവര്‍ഗ്ഗം കേരളത്തിലുണ്ട്. ഇന്ത്യയില്‍ പരക്കെ അറിയപ്പെടുന്ന ചാതുര്‍വര്‍ണ്ണ്യവിഭാഗത്തിലെ അംഗീകൃത ക്ഷത്രിയവംശത്തില്‍പ്പെടാത്തവരും കേവലം ബ്രാഹ്മണരുടെ കാരുണ്യത്താല്‍ മാത്രം പ്രമോട്ട് ചെയ്യപ്പെട്ടവരുമായതുകൊണ്ടാണ്, കേരളത്തിലെ ബ്രാഹ്മണര്‍ക്കുമേല്‍ അധികാരവും ആജ്ഞാശക്തിയും ചെലുത്താന്‍ കഴിയാത്ത ദുര്‍ബ്ബല ഭരണാധികാരികളായി ഇവിടുത്തെ രാജാക്കന്മാര്‍ അധഃപതിച്ചത്. അഹൈന്ദവരായ ക്രിസ്ത്യാനികളും മുസ്ലീങ്ങളും അവര്‍ണ്ണരായി മുദ്രകുത്തപ്പെട്ട ഈഴവരുമായിരുന്നു വാസ്തവത്തില്‍ വൈശികവൃത്തിയായ കൃഷിയും കച്ചവടവും നടത്തിയിരുന്നത്. ‘ഏറ്റവും ദരിദ്രനായ നായര്‍പോലും തൊഴിലിലും വ്യാപാരത്തിലും ഏര്‍പ്പെടുകയില്ല. അതിനോടവര്‍ക്ക് അവജ്ഞയാണ്’ എന്ന് ഡച്ച് കമാന്‍ഡറായിരുന്ന ന്യൂഹാഫ് പറഞ്ഞിട്ടുള്ളത് ഓര്‍ക്കുക. കേരളത്തിലേക്കുള്ള ആര്യാധിനിവേശകാലംമുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭദശകങ്ങള്‍വരെ ഭൂവുടമസ്ഥന്മാരും ജന്മികളും വിശിഷ്യാ പണ്ഡിതന്മാരുമായ നമ്പൂതിരി ബ്രാഹ്മണരുമായി നായന്മാര്‍ പുലര്‍ത്തിയ അകൈതവമായ ബന്ധമായിരുന്നു അവരുടെ എല്ലാ അഭിവൃദ്ധിയ്ക്കും ഹേതുവായി ഭവിച്ചത്25.

കുറിപ്പുകൾ

  1. വിവേകാനന്ദസാഹിത്യസര്‍വ്വസ്വം, മൂന്നാം ഭാഗം. പുറം. 186 – 187.
  2. Social Revalution in a kerala village P. 123.
  3. വിവേകോദയം, 1092 മകരം – കുംഭം.
    ‘ബ്രിട്ടീഷുകാര്‍ : ജാതിസര്‍പ്പത്തിന്റെ വിഷപ്പല്ലുകള്‍ പറിച്ചവര്‍’ എന്ന അദ്ധ്യായത്തില്‍ ആ ഭാഗം ഉദ്ധരിച്ചിട്ടുണ്ട്. ‘ആഫ്രിക്കയിലേക്കാള്‍ കഷ്ടം കേരളം’ എന്ന ശീര്‍ഷകത്തില്‍ സി.കൃഷ്ണന്‍ ഒരു മുഖപ്രസംഗം എഴുതിയിട്ടുണ്ട്. (മിതവാദി, 1915 ഫെബ്രുവരി/ കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, പി. ഭാസ്‌കരനുണ്ണി, പുറം. 325 – 326).
  4. ദേശീയതയുടെ സാംസ്‌കാരികമാനങ്ങള്‍, എം.ജി.എസ്.നാരായണന്‍, പുറം. 44.
    ജാതി പറഞ്ഞാലെന്ത് ? നരേന്ദ്രപ്രസാദ്, പുറം. 14.
  5. ഞാന്‍ കണ്ട കേരളം, പുറം. 416 – 417.
  6. ശ്രീനാരായണഗുരുദേവകൃതികള്‍, സമാഹരണവും എഡിറ്റിംഗും – ജി. പ്രിയദര്‍ശനന്‍, 1996, പുറം.176.
  7. ഹൈന്ദവദുഷ്പ്രഭുത്വചരിത്രം, പുറം. 267 – 270. (Menace of Hindu Imperialisam എന്ന ഗ്രന്ഥത്തിന്റെ (1941) പരിഭാഷ, മൂന്നാം പതിപ്പ് (1969).
  8. കേരളം : ചരിത്രവഴികളിലെ വെളിച്ചങ്ങള്‍, പുറം. 51.
  9. ഒരു വീരപുളകത്തിന്റെ കഥ, സമ്പാദനം – ഡോ.എസ്. ഷാജി, കലാപൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, വര്‍ക്കല, 2015, പുറം. 27 – 38.
  10. Social Revolution in a Kerala village P. 127.
    ‘രാജാക്കന്മാര്‍ ബ്രാഹ്മണപുരോഹിതര്‍ക്ക് സ്വയം അടിയറവ് വെച്ചു’ (ഞാന്‍ കണ്ട കേരളം സാമുവല്‍ മെറ്റീര്‍, പുറം. 365).
  11. ശാംകരസ്മൃതി, ടി.സി. പരമേശ്വരന്‍ മൂസ്സത്, പുറം. 172.
  12. പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളം, പുറ. 185 – 186.
  13. വി.ടി.യുടെ സമ്പൂര്‍ണ്ണകൃതികള്‍, പുറം. 24, 148 – 150, 245, 257, 522 – 523, 593, 618, 621, 665.
  14. ‘കേരളത്തില്‍ നമ്പൂതിരിമാരുടെ ആഗമനം രാജ്യചരിത്രത്തിലും സാമൂഹ്യഘടനയിലും ദൂരവ്യാപകമായ ഫലങ്ങളുളവാക്കി. നായന്മാരെ അത് ബഹുധാ സ്പര്‍ശിച്ചു. അവരുടെ സാമൂഹ്യജീവിതത്തെ മാറ്റിമറിച്ചതായി ഇതിനേക്കാള്‍ പ്രാധാന്യമുള്ള മറ്റൊരു സംഭവം ഉണ്ടായിരുന്നെന്ന് തോന്നുന്നില്ല’ എന്ന് പി.കെ. പരമേശ്വരന്‍ നായര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (നായര്‍ സര്‍വ്വീസ്‌സൊസൈറ്റി ചരിത്രം, പുറം.280)

Author

Scroll to top
Close
Browse Categories