അറിവൊളിയുടെ വേരുകളും ആഴങ്ങളും

തെന്നിന്ത്യയുടെ സംഘസംസ്‌കാരത്തേയും സാഹിത്യത്തേയും തിരിച്ചറിഞ്ഞു വീണ്ടെടുക്കുന്നതിലും ചരിത്രവല്‍ക്കരിക്കുന്നതിനും ചരിത്രനിരപേക്ഷമായ വായനകള്‍ക്കു കഴിയുന്നില്ല. ഗുരു പ്രതിനിധാനം ചെയ്യുന്ന അറിവൊളിക്ക് അംബേദ്കറുടെ ആധുനികയിന്ത്യന്‍ ജനായത്തഭരണഘടനയുടെ നിര്‍മിതി പോലെ തദ്ദേശീയമായ പ്രബുദ്ധതയുടെ ആധാരവുമുണ്ട്.

വൈക്കം പോരാട്ടത്തിന്റെ കപടമായകൊട്ടിക്കലാശം പോലെ നടന്ന രക്ഷാകര്‍തൃത്തവും ഉദ്ധാരകപിതൃത്തവുമേറ്റെടുത്ത സവര്‍ണജാഥയെന്ന പ്രഹസനത്തിലൂടെയാണിന്ന് പൊതുവവധിയും ക്ഷേത്രപ്രതിഷ്ഠയും നേടിയ മന്നത്തുപദ് മനാഭപിള്ളയെന്ന നവനവോത്ഥാന നല്ലനായകന്‍ ഉയര്‍ന്നുവന്നത്. 1940ല്‍ സവര്‍ക്കറെ അന്നത്തെ തമിഴകാതിര്‍ത്തിയായചെംകോട്ടയില്‍ നിന്നും വരവേറ്റാനയിച്ചുകൊണ്ടുവന്ന് ചങ്ങനാശേരിയിലെ പത്താം നായര്‍മഹാസമ്മേളനം നടത്തിയതും പഴവങ്ങാടി, മുതുകുളം, ശാസ്തമംഗലമടക്കമുളള ജാതിജന്യവംശീയവിദ്വേഷഭാഷണങ്ങള്‍ നടത്തിയ മന്നമാണ് ചാത്തന്‍പുലയന്‍ മന്ത്രിയായ നാട്ടില്‍ ജീവിക്കാനാവില്ലെന്നും ഈഴവര്‍ പന്നിപെറ്റുപെരുകിയ മന്ദബുദ്ധികളാണെന്നും നായന്‍മാര്‍ ജന്മനാവലിയവന്മാരാണെന്നും തങ്ങളുടെ സിരകളില്‍ വേലുത്തമ്പിയുടെ രക്തമാണെന്നുമുള്ള ജാതിമൗലികവാദവും കൊലവെറിയും വര്‍ണവെറിയും മുറ്റിയ വംശീയജാതിഭാഷണങ്ങളും നടത്തിയത്.
പത്രാധിപരായിരുന്ന കെ. സുകുമാരനേയും സഹോദരനയ്യപ്പനേയും കൊലവിളിയിലൂടെ ഭീഷണിപ്പെടുത്താനും ഇന്നു ക്ഷേത്രപ്രതിഷ്ഠയായിമാറിയ ഈ നവനവോത്ഥാനനായകനു കഴിഞ്ഞു. ഗുരുജിഗോള്‍വള്‍ക്കറേയും സ്വയംസേവകസംഘത്തേയും 1950കളില്‍ കേരളത്തില്‍ സ്ഥാപിച്ചതും ജാതിഹിന്ദുക്കളുടെ ഒരേയൊരാശാകേന്ദ്രം രാഷ്ട്രീയസ്വയംസേവകസംഘമാണെന്നു ഗോള്‍വള്‍ക്കറെ മാലയിട്ടുപാദപൂജചെയ്തു എറണാകുളത്തു പ്രഖ്യാപിച്ചതും കൂടി ഇവിടെയോര്‍ക്കാം. അപരോന്മൂലന വംശഹത്യാവംശാവലികളുള്ള ചിത്പവനബ്രാഹ്മണരെ കേരളത്തിലേക്കാനയിച്ച് പരശുരാമപൈതൃകത്തെ ഇന്നത്തെ കേരളഗാനത്തിനുമുമ്പുതന്നെ കോടാലിരാമസംസ്ഥാപനം നടത്തിയതും മറ്റാരുമല്ല.
1937ല്‍ ഗാന്ധി ക്ഷേത്രപ്രവേശനവിളംബരത്തെത്തുടര്‍ന്നു വെങ്ങാനൂരൂവന്നു മഹാത്മാ അയ്യങ്കാളിയെ വിളിച്ചത് പുലയരാജാവേ എന്നായിരുന്നു. തിരുവിതാംകൂര്‍ ദിവാന്‍മാരുടേയും ഭരണകൂടത്തിന്റേയും തികഞ്ഞ വിഭജനഭരണതന്ത്രമായിരുന്നു ഗാന്ധിയെ വെങ്ങാനൂരെത്തിച്ചതും അയ്യങ്കാളിയെ ഉപജാതിയുടെ രാജാവാക്കിയതും ഇതര സഹോദരസമുദായങ്ങളെ സാധുജനസംഘത്തില്‍നിന്നും പിരിച്ചതും.ഇതിനേക്കാള്‍ സാമൂഹ്യരാഷ്ട്രീയമായും സാംസ്‌കാരികമായും വിനാശകരവും ഛിദ്രവും മാരകവുമായിരുന്നു മന്നമഴിച്ചുവിട്ട ബ്രാഹ്മണികഭൃത്യജനസമാജമെന്ന തികഞ്ഞ മൃഗതുല്യദാസ്യമായ നായനിസം. മലയാളികുലീനതയുടെ അപമാനവീകരണത്തിന്‍ പരകോടിയും പരമപീഠവുമായി നായനിസത്തെ വിലയിരുത്താം. ഹിന്ദുമഹാമണ്ഡലത്തിലേക്കും വിമോചനസമരത്തിലേക്കും ഭരണഘടനയുടെ ആധാരമായ പ്രാതിനിധ്യജനായത്തത്തിനും സാമൂഹ്യനീതിക്കുമെതിരായ കുല്‍സിത വ്യവഹാരപരമ്പരകളിലേക്കും നീതിവിരുദ്ധകര്‍മപരിപാടികളിലേക്കും ജാത്യാധീശരാഷ്ട്രീയപരിണാമങ്ങളിലേക്കുമീ ഭൃത്യവ്യവഹാരം കൂപ്പുകുത്തി.
തേന്മാവിനിലകളും
തോട്ടിപ്പണിക്കാരനും പൂനാപ്പട്ടിണിയും
1925ലെ വര്‍ക്കല ശാരദാമഠത്തിനടുത്തു നടന്ന സംവാദത്തില്‍ ഗുരുവിന്റെ തേന്മാവിലകളുടെ അദ്വയവും അഭേദവുമായ സത്തയും രുചിയും തത്വവുമായ മനുഷ്യാണാം മനുഷ്യത്വം ജാതി പിടികിട്ടിയില്ലെന്നു നടിച്ച ഗാന്ധിയോട് സഹോദരന്‍ സംവാദത്തിലിടപെട്ടുചോദിക്കുന്നത് ഹിംസയില്ലാത്ത ഏതെങ്കിലും ഹൈന്ദവപാഠങ്ങളുണ്ടോയെന്നാണ്. മിസ്റ്റര്‍ ഗാന്ധി താങ്കളുടെ കൃഷ്ണന്‍ പരമ്പരക്കൊലകളും നടത്തിയില്ലേയെന്ന ചോദ്യത്തിനും ഗാന്ധിക്ക് വ്യക്തമായ ഉത്തരമില്ലായിരുന്നു. വൈക്കം പോരാട്ടത്തിലെ ബാരിക്കേഡിനെ കുറിച്ച് വേലികെട്ടിയാല്‍ അതിനുമീതേകൂടിക്കയറണം എന്നു താന്‍ പറഞ്ഞതിനെ വിശദീകരിച്ചുകൊണ്ട് ഗുരു അപ്പോള്‍പറഞ്ഞത് ജാതിവിരുദ്ധപ്പോരാട്ടത്തില്‍ പരിപൂര്‍ണമായ അഹിംസാമാര്‍ഗം പലപ്പോഴും സാധ്യമാകണമെന്നില്ലയെന്നാണ്. പ്രവേശനപ്രാതിനിധ്യവിഷയത്തില്‍ തന്റെ 1924ലെ അഭിമുഖത്തില്‍ ഗുരു ഉറച്ചുനില്‍ക്കുന്നു എന്നിതുവ്യക്തമാക്കുന്നു.


നവഹിന്ദുത്തത്തിന്റെ വംഗകാമനകളും
ബ്രാഹ്മണീയതയുടെ ശൂദ്രിമയും
ഗുരുവിനെ കണ്ടെത്താന്‍ ഡോക്ടര്‍ പല്‍പ്പുവിലൂടെ വിവേകാനന്ദനാണ് കാരണമായതെന്നവാദവും ചട്ടമ്പിയെന്നകുഞ്ഞനെ നാണുവിന്റെ ഗുരുവാക്കുന്നതുമെല്ലാം തികച്ചും ബ്രാഹ്മണീയമായ ക്ഷുദ്രതയാണ്. ബിബേകാനന്ദോയുടെ ശബ്ദലേഖനമില്ലാതെ ഒരുനൂറ്റാണ്ടുകഴിഞ്ഞ് ആകാശവാണിയിലൂടെ ചമച്ചെടുത്ത ചിക്കാഗോ പ്രസംഗവും സംഘകാലംമുതല്‍ പെണ്‍കോമരമായ പുത്തബോധിനിയുടേയും പോതിയെന്ന മഹാമായയുടേയും പേരിലറിയപ്പെട്ട കൊമരിയെന്നുകേള്‍വികേട്ട ഇന്നത്തെ സംസ്‌കൃതീകരിച്ച കന്യാകുമാരിയിലെ പോതിപ്പാറയെന്ന ഭഗവതിപ്പാറയിലേക്കുള്ള സ്രാവുകളേയും തിരണ്ടികളേയും കടല്‍പ്പാമ്പുകളേയും വെട്ടിച്ചുള്ള നീന്തല്‍ധ്യാനവുമെല്ലാം സ്വയംസേവകസംഘവും ജാതിഹിന്ദുപരിവാരങ്ങളും സനാതനഹൈന്ദവപരിഷത്തുകളും കൂടി വ്യാജമായി പടച്ചുവിട്ടതാണെന്ന ചരിത്രയാഥാര്‍ഥ്യവും മോദിയുടെ 2024ലെ പരിഹാസ്യമായ മിമിക്രിയുടെ പ്രഹസനപരിസരത്ത് പുറത്തുവന്നിരിക്കുകയാണ്.
ജെ. രഘുവിന്റെയും മറ്റും പഠനങ്ങളുടെ ഒരഭാവം ഈഴവരുടേയും ദലിതരാക്കപ്പെട്ട ജനതകളുടേയും സാംസ്‌കാരികസാമൂഹ്യ ചരിത്രങ്ങളെക്കുറിച്ചുള്ള മൗനമാണ്. തൊട്ടുകൂടാത്തവരാരായിരുന്നു, അവരെങ്ങനെയങ്ങനെയായി എന്ന അംബേദ്കറുടെ പുസ്തകവും സഹോദരന്റെ ബുദ്ധകാണ്ഡവും മിതവാദിയുടെ നവബുദ്ധവാദവും ഇളംകുളവും പി. കെ. ഗോപാലകൃഷ്ണനും മുതല്‍ കെ. സുഗതനും ഈ ലേഖകനുമടങ്ങുന്ന ഇന്ത്യയുടേയും കേരളത്തിന്റേയും പ്രബുദ്ധതയെക്കുറിച്ചെഴുതിയിട്ടുള്ള എഴുത്തുകാരുടെരചനകള്‍ ഇവിടെ പാഠാന്തരപ്രസക്തമാകുന്നു.

അറിവൊളിയുടെ ഓരങ്ങളും
ആഴങ്ങളും തായ് വേരുകളും
തെന്നിന്ത്യയുടെ സംഘസംസ്‌കാരത്തേയും സാഹിത്യത്തേയും തിരിച്ചറിഞ്ഞു വീണ്ടെടുക്കുന്നതിലും ചരിത്രവല്‍ക്കരിക്കുന്നതിനും ചരിത്രനിരപേക്ഷമായ വായനകള്‍ക്കു കഴിയുന്നില്ല. ഗുരു പ്രതിനിധാനം ചെയ്യുന്ന അറിവൊളിക്ക് അംബേദ്കറുടെ ആധുനികയിന്ത്യന്‍ ജനായത്തഭരണഘടനയുടെ നിര്‍മിതി പോലെ തദ്ദേശീയമായ പ്രബുദ്ധതയുടെ ആധാരവുമുണ്ട്. തമിഴകത്ത് കോതയെന്നോമനിച്ചു വിളിച്ച ഗോതമബുദ്ധരെയാണ് അംബേദ്കര്‍ തന്‍മാസ്റ്റര്‍ എന്നുവിളിച്ചത്. ഗുരുവിനെ നമ്മുടെ അറിവൊളിയുടേയും ആധുനികതയുടേയും മാസ്റ്റര്‍ എന്നു വിളിക്കുമ്പോള്‍ തെന്നിന്ത്യയിലെ അറിവൊളിയുടെ പെരിയ വംശാവലികളും ഇയക്കങ്ങളും നാം തിരിച്ചറിയേണ്ടതാണ്. തിരുവള്ളുവര്‍ മുതല്‍ തമിഴകത്തെ ചിത്തപാരമ്പര്യങ്ങളുടെ പ്രഛന്നമായ സാമൂഹ്യവിധ്വംസകത പാമ്പാട്ടിച്ചിന്തുപോലെ ഗുരുവില്‍ നിറയുന്നു. ചില്ലുവഴക്കില്‍ പങ്കെടുത്ത് മൂലൂരതെടുത്താവര്‍ത്തിക്കുന്നുണ്ട് പണ്ടത്തെ പാക്കനാരോടും പുലയനാരോടും അറിയണമെന്ന്. ഓണപ്പാട്ടിലൂടെ സഹോദരന്‍ പാടിയതുമതാണ്. ശ്രീബുദ്ധചരിതത്തിലൂടെ ആശാനുമാപ്രബുദ്ധമനുഷ്യകഥാനുഗായിയായി. ഗുരുവിന്റെ അനുകമ്പാപൂര്‍ണമായ അറിവൊളി അരുളിനെയാണ് പരമമായി കാണുന്നത്. ഇത് സംഘകാലത്തു തുടങ്ങിയ വെളിച്ചവുമാണ്. വള്ളുവരിലും ചാത്തനാരിലും പാക്കനാരിലും പാമ്പാട്ടിച്ചിത്തരിലുമതു നിറയുന്നു. അയ്യാവൈകുണ്ഠരിലും തൈക്കാടയ്യാവിലും ശൈവവൈഷ്ണവ പ്രഛന്നതയില്‍ ഇഴചേര്‍ന്നതും ഈ തമിളകചിത്തവഴക്കമാണ്.
ഫ്രഞ്ചുവിപ്ലവവുമായുള്ള താരതമ്യങ്ങള്‍ അറിവൊളിക്കു കൊടുക്കുന്നത് അതിന്റെ സാര്‍വത്രികവും ആധുനികവുമായ തലങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. ഗുരു സ്വീകരിച്ച പോലെ പാശ്ചാത്യ ആധുനികതയുടെ വിമോചനാംശങ്ങളെ വിമര്‍ശാത്മകമായി നമ്മുടെ ഗുരുക്കന്മാരായി സ്വീകരിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും ആധുനികത ഇന്ത്യയില്‍ വലിയഭീഷണികളും അപകടങ്ങളും നേരിടുമ്പോള്‍. എന്നാല്‍ ചരിത്രശൂന്യരും നിരപേക്ഷരുമായി അവര്‍ണരെന്ന യഥാര്‍ഥ ബൗദ്ധരെ അടയാളപ്പെടുത്താനാവില്ല. തദ്ദേശീയമായ പ്രബുദ്ധതയുടെ വ്യവഹാരങ്ങളും വീണ്ടെടുക്കേണ്ടതുണ്ട്. ഭൂതകാലനാഗരീകാധാരങ്ങളുമുള്ള ജനതയാണിന്നത്തെ അവര്‍ണര്‍. അവര്‍ വര്‍ണാശ്രമത്തിലോ ജാതിവ്യവസ്ഥിതിയിലോ പെടുന്നവരല്ല. വര്‍ണ, ജാതിബാഹ്യരും ബ്രാഹ്മണിക പൗരോഹിത്യ ആണ്‍കോയ്മയ്ക്കും അതിന്‍ ശൂദ്രാണത്തഹിംസയ്ക്കും വഴങ്ങാതെ കീഴടങ്ങാതെ ജാതിക്കും വര്‍ണാശ്രമധര്‍മത്തിനുമെതിരായി പോരാടിനിന്നവരാണ്. ഈ യാഥാര്‍ഥ്യമാണ് തിരുക്കുറലും സിലപ്പതികാരവും മണിമേഖലയും വളയാപ്പത്തിയും കുണ്ടലകേശിയും ജീവകചിന്താമണിയും അടങ്ങുന്ന പ്രാചീന തമിഴകത്തെ അയിംപെരുംകാപ്പിയങ്ങളും പതിനെട്ടുമേല്‍ക്കീഴ്ക്കണക്കുകളുള്ള പഴന്തമിഴിലെ സംഘസാഹിത്യപാഠങ്ങളും വ്യക്തമാക്കുന്നത്.
എട്ടു മുതല്‍ പതിനാറുവരെ നൂറ്റാണ്ടുകളില്‍ ചതിയിലും കൊടിയദണ്ഡനത്തിലും നടപ്പാക്കപ്പെട്ട ബ്രാഹ്മണിക സംസ്‌കൃതീകരണ വര്‍ണാശ്രമവ്യവസ്ഥ മനുസ്മൃതിയുടെ ദണ്ഡനീതിയിലൂടെ ഹിംസാത്മകമായി ചവിട്ടിയുറപ്പിച്ചപ്പോള്‍ തൊട്ടുകൂടാത്തവരാക്കി മാറ്റപ്പെട്ടവരാണ് ഇന്നത്തെ അവര്‍ണരെന്ന പ്രബുദ്ധരായ ബഹുജനങ്ങള്‍. ബഹുജനങ്ങളുടെ ബഹുസ്വരമായ ബഹുസംസ്‌കാരചരിത്രങ്ങളും കൂടി അനാവരണം ചെയ്യപ്പടുമ്പോളായിരിക്കും ഗുരുവിന്റെ അറിവൊളിയുടെ വെളിവും വെളിച്ചവുമേറുന്നത്. അറിവൊളിയുടെ വേരുകളും ആഴങ്ങളും കേരളമണ്ണിലും മനസ്സിലും ബോധാബോധങ്ങളിലും ഭാഷാവബോധങ്ങളിലും സംസ്‌കാരബഹുസ്വരാവിഷ്‌കാരങ്ങളിലും കൂടി വീണ്ടെടുത്തു വിമര്‍ശവിശകലനംചെയ്തുമാത്രമേ നമുക്കതിലേക്കു കടക്കാനാവൂ. വിപുലവും ബഹുവിഷയപരവും വിഷയാന്തരവും വിഭജനാന്തരവുമായ കേരളസംസ്‌കാരപഠനങ്ങളിലൂടെയും നൈതികചരിത്രണത്തിലൂടെയും ജാതിലിംഗവര്‍ണവ്യവസ്ഥകളെ പ്രാഥമികമായി വിമര്‍ശാത്മകമായി വിലയിരുത്തുന്ന പുതുസാമൂഹ്യശാസ്ത്രപഠനങ്ങളിലൂടെയും മാത്രമേ ഇത്തരം സമഗ്രപരിവര്‍ത്തനപരമായ വൈജ്ഞാനിക സംസ്‌കാരരാഷ്ട്രീയപ്പോരാട്ടങ്ങളിലേക്കു നീങ്ങാനാവൂ. ബ്രാഹ്മണികക്ഷുദ്രമൂല്യങ്ങളുടേയും പാഠ്യതയുടേയും വിമര്‍ശതിരസ്‌കാരം ഇവിടെയെല്ലാം പ്രാഥമികമാകുന്നു. മാനവികവും മതേതരവും ജനായത്ത പ്രാതിനിധ്യ പ്രതിനിധാനങ്ങളിലും സാമൂഹികനീതിയിലും ആധുനിക ബഹുജനകര്‍തൃത്വത്തിലും ശബ്ദനിര്‍വാഹകത്വത്തിലും അടിയുറച്ച ഭാവിയുടെ സമസമൂഹനിര്‍മിതിയില്‍ ജാതിഹിന്ദുത്തത്തിന്റെ വിമര്‍ശതിരസ്‌കാരം ഏറെ പ്രാഥമികമാണ്.
( അവസാനിച്ചു)
9895797798