ലഹള ഒരു വലിയ ‘സമുദായപരിഷ്‌കാരി’
ലഹളാനന്തരം സര്‍ക്കാര്‍ എടുത്ത നടപടികളെയും അതിലെ ന്യായാന്യായങ്ങളെയും ചൂണ്ടിക്കാട്ടി, നീതിയും സമാധാനവും ഉറപ്പുവരുത്തേണ്ട ആവശ്യകതയെ, ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും മുഖപ്രസംഗത്തിലൂടെ ആശാന്‍ ധരിപ്പിക്കാറുണ്ട്. ലഹളയുടെ ചരിത്രം ഉദ്യോഗസ്ഥരുടെ പക്ഷപാതം മൂലം കീഴ്‌മേല്‍ മറിയുന്ന ശോചനീയാവസ്ഥയെ ആശാന്‍ ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. ഈ നെറികേട് എക്കാലത്തും നടക്കാറുണ്ടല്ലോ – വാദി പ്രതിയാകുന്ന വൈപരീത്യം!
‘എത്രതന്നെ വിദ്യാഭ്യാസവും വിവേകവും വര്‍ദ്ധിച്ചിട്ടും നമ്മുടെ രാജ്യക്കാര്‍ സമസൃഷ്ടികളെ തിരിച്ചറിഞ്ഞ് സ്‌നേഹിപ്പാന്‍ പഠിച്ചിട്ടില്ലെന്നുള്ളതിന് ഒരു നല്ല ദൃഷ്ടാന്തമാണ് കേരളത്തിലെ പുലയരുടെ തത് ക്കാലസ്ഥിതി’ എന്ന് ആശാന്‍ എഴുതിയത് 1915 ലാണ്. പരിഷ്‌കൃതരീതിയിലുള്ള വിദ്യാഭ്യാസവും വിശാലമായ ലോകപരിജ്ഞാനവും ആര്‍ജ്ജിച്ച അപ്പന്‍തമ്പുരാനെപ്പോലുള്ള ചില മഹാമനസ്‌കര്‍ പുലയരുടെ ഉത്ഥാനത്തിനുവേണ്ട പ്രോത്സാഹനം നല്‍കി എന്നത് അപവാദം മാത്രമാണ്. അതേ വര്‍ഷം നെയ്യാറ്റിന്‍കര ഊരുട്ടമ്പലം എന്ന സ്ഥലത്തെ പെണ്‍പള്ളിക്കൂടത്തില്‍ പ്രവേശിപ്പിക്കുന്നതിനായി, ഡിപ്പാര്‍ട്ടുമെന്റിന്റെ അനുവാദത്തോടുകൂടി പെണ്‍കുട്ടികളുമായി ചെന്ന ഏതാനും പുലയരെ നായന്മാരില്‍ ചിലര്‍ ചേര്‍ന്നു തല്ലുകയുണ്ടായി. തല്ലു ഭയങ്കരമായി അടുത്ത താലൂക്കിലും വ്യാപിച്ചു. വര്‍ഗ്ഗസ്‌നേഹവും ജാത്യസൂയയുംമൂത്തു മജിസ്‌ട്രേട്ടും പോലീസും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പുലയര്‍ക്കു വിരോധമായി പ്രവര്‍ത്തിക്കുകയും ചെയ്തു.
ഗൃഹസ്ഥരും ഉദ്യോഗസ്ഥരുമായി സ്ഥലത്തുള്ള നായന്മാരുടെ പ്രേരണയാല്‍ അവരുടെ പ്രീതിയ്ക്കുവേണ്ടി ചില വിവരമില്ലാത്ത ഈഴവരും മുഹമ്മദീയര്‍ മുതലായ വര്‍ഗ്ഗക്കാരും പുലയരെ ആക്രമിക്കുന്നതില്‍ ഏര്‍പ്പെട്ടു. പുലയരുടെ നീതിയ്ക്കായുള്ള നിലവിളി വനരോദനമായി മാറുന്നതുകണ്ട ആശാന്‍, ആ അവസ്ഥയെ അരാജകത്വമെന്നാണു വിശേഷിപ്പിച്ചത്. മുമ്പ് നായര്‍ – ഈഴവലഹള നടന്ന ഘട്ടത്തിലും രാജ്യത്തെ അരാജകാവസ്ഥയെപ്പറ്റി ക്ഷോഭിച്ച് ആശാന്‍ എഴുതിയിരുന്നു. വിവിധ വര്‍ഗ്ഗക്കാരുടെ ഒന്നിച്ചുള്ള കോപത്തിനും ക്രൂരതയ്ക്കും ലാക്കാകത്തക്കവണ്ണം എന്തൊരു മഹാപാപമാണു സാധുക്കളായ പുലയര്‍ പ്രവര്‍ത്തിച്ചതെന്നു ആശാന്‍ ചോദിക്കുന്നുണ്ട്. സമാധാനപാലനം ചെയ്യേണ്ട ഉദ്യോഗസ്ഥന്മാര്‍ തന്നെ ശത്രുക്കളായി മാറിയാല്‍, ഗവണ്‍മെന്റിന്റെ കീഴില്‍ നാനാജാതിമതസ്ഥരായ പ്രജകള്‍ക്ക് എങ്ങനെ ക്ഷേമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. ഇക്കാര്യത്തില്‍, മേല്‍നോട്ടക്കാരായ – നാട്ടുരാജ്യത്തില്‍ നിഷ്പക്ഷമായി ന്യായം നടത്താന്‍ ബാദ്ധ്യതപ്പെട്ട – ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പ്രതിഷ്ഠയെപോലും ആശാന്‍ ചോദ്യം ചെയ്തു. ഈ ലഹളയുടെ അടിസ്ഥാനഹേതു എം. കൃഷ്ണന്‍നായര്‍ ദിവാനായതോടുകൂടി ഗവണ്‍മെന്റ് മുഴുവന്‍ തങ്ങളുടെ അധീനതയിലാണെന്ന ചില നായന്മാരുടെ വിചാരമാണെന്നു പറയാന്‍ പോലും ആശാന്‍ സന്ദേഹിച്ചില്ല. ഈ ധാരണയെ തിരുത്താന്‍വേണ്ടനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, സംഗതികള്‍ പരിതാപകരമായ പതനങ്ങളില്‍ ചെന്നുചാടുമെന്നു ഗവണ്‍മെന്റിനെ ആശാന്‍ ഓര്‍മ്മിപ്പിച്ചു38.
കേരളചരിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പെരിനാടുലഹളയിലെകക്ഷികളും നായരും പുലയരുമായിരുന്നു. അയ്യന്‍കാളിയുടെ കീഴില്‍ സമുദായപരിഷ്‌കരണസംബന്ധമായ വേലകള്‍ചെയ്തു കൊല്ലത്തും മറ്റും സഞ്ചരിച്ചിരുന്ന ഗോപാലദാസനും കൂട്ടരും, പെരിനാട് ചെറുമൂട് എന്ന സ്ഥലത്ത് രണ്ടായിരത്തില്‍പരം പുലയരെ സംഘടിപ്പിച്ച് ഒരു മഹാസഭ നടത്തുമ്പോള്‍, ചില നായര്‍ യുവാക്കന്മാര്‍ അതില്‍ കുപിതരായി കടന്നാക്രമിക്കുകയുണ്ടായി. അടിയ്ക്കു തിരിച്ചടിയും വീടുകള്‍ കത്തിക്കലും നടന്നു. ചില നായര്‍ ഗൃഹങ്ങളും പുലയരുടെ വസതികളാകമാനവും അഗ്നിക്കിരയായി. ലഹളാനന്തരം പ്രാണരക്ഷാര്‍ത്ഥം പുലയര്‍ പെരിനാടുവിട്ടു ദൂരദേശങ്ങളിലേക്കുപാഞ്ഞു. മുമ്പ് നായന്മാരുടെ അടികള്‍ നിശബ്ദം സഹിച്ചിരുന്ന പുലയര്‍ തിരിച്ചടിച്ചതിനെ, ‘ചവിട്ടിയാല്‍ കടിക്കാത്ത പാമ്പില്ലല്ലോ, വിഷമില്ലാത്ത പാമ്പുകള്‍ കൂടിയും ചവിട്ടുന്ന കുതികാലില്‍ പല്ലേള്‍പ്പിപ്പാന്‍ നോക്കുന്നത് സ്വാഭാവികമത്രെ’ എന്നു പറഞ്ഞു പുലയരുടെ പ്രത്യാക്രമണത്തെ ആശാന്‍ സാധൂകരിക്കുന്നുണ്ടെങ്കിലും, അവിവേകങ്ങള്‍ പ്രവര്‍ത്തിച്ചതിനെ വിമര്‍ശിക്കാതിരുന്നില്ല.
പൊതുവില്‍ ഫലിതം പറയുന്ന പ്രകൃതക്കാരനല്ല ആശാന്‍. അപൂര്‍വ്വമായി പുറത്തുവരുന്ന ഫലിതം പലതും ‘ബ്ലാക് ഹ്യൂമ റാ’യിരിക്കും. പെരിനാട്ടെ ലഹളയെപ്പറ്റി എഴുതുമ്പോള്‍ അതുപുറത്തുചാടുന്നത് കാണാം. മുമ്പ് ഒരു മുഖപ്രസംഗത്തില്‍ അങ്ങാടിയെയും തീബോട്ടിനെയും കച്ചേരികളെയും തീവണ്ടിയെയും അയിത്തംതീണ്ടാത്ത ജാതിപരിഷ്‌കാരകന്മാരായി ആശാന്‍ വിശേഷിപ്പിച്ചിരുന്നു39. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ്. അദ്ദേഹം എഴുതുന്നതുകാണുക:
‘ഒന്നുവിചാരിച്ചാല്‍ ലഹള ഒരു വലിയ ‘സമുദായപരിഷ്‌കാരി’യാണ്. ലഹളകൊണ്ട് ചിലപ്പോള്‍ ചില ഗുണങ്ങളും ചില അറിവുകളും ലോകത്തിന് സിദ്ധിക്കാറുണ്ട്. ഏതാണ്ട് ഒരു പത്ത് കൊല്ലങ്ങള്‍ക്കുമുമ്പ് ഈ നാടുകളില്‍ ഒരു ഉയര്‍ന്ന ജാതിക്കാരന്‍ എന്നു പറയുന്നവനെ താഴ്ന്ന ജാതിക്കാരന്‍ എന്നുപറയുന്നവന്‍ തല്ലിയാല്‍ ജാതിഭ്രഷ്ടായി. അതുപ്രായശ്ചിത്തമില്ലാത്ത ഒരു ഭ്രഷ്ടുകൂടിയുമായിരുന്നു. ഈഴവര്‍ തന്നെ ഈ ഭ്രഷ്ടു വലിയ കാര്യമായി ഗണിച്ചുവന്നിരുന്നതായി ഞങ്ങള്‍ക്കറിയാം. ഇപ്പോഴും കുഗ്രാമങ്ങളില്‍ ഈ ഭ്രഷ്ട് നടപ്പില്ലെയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ പുതിയ പരിഷ്‌കാരത്തിന്റെ പ്രവേശനത്തോടുകൂടി ജാതിവഴക്കുമൂത്തു തമ്മില്‍തല്ലാരംഭിച്ചു നടപ്പായതിനുശേഷം ഇപ്പോള്‍ ഏതു ഉയര്‍ന്നജാതിക്കാരനെയും എത്ര താഴ്ന്നജാതിക്കാരന്‍തന്നെ തല്ലിയാലും – എത്ര എല്ലുനുറുങ്ങത്തക്കവണ്ണം തല്ലിയാലും – അതുകൊണ്ട് ഭ്രഷ്ട് ഇല്ലെന്നു തീര്‍ച്ചയായി കഴിഞ്ഞിരിക്കുന്നു. ജാതിമര്യാദ സംബന്ധിച്ച് നടപ്പിലിരിക്കുന്ന കോഡുകള്‍ എത്ര അയഞ്ഞവയാണെന്നും വേണമെങ്കില്‍ അവയെ ഇനിയും എത്രതന്നെ അയക്കുന്നതിനും വിരോധമില്ലെന്നും ഈ വസ്തുത നമ്മെ നല്ലവണ്ണം പഠിപ്പിക്കുന്നില്ലയോ? ‘ലഹള’ ദൂരെ നില്‍ക്കേണ്ടവരെ തമ്മില്‍ കൂട്ടിമുട്ടിക്കുന്നു, തൊടാന്‍ പാടില്ലാത്തവരെ തൊടുവിക്കുന്നു, അവരുടെ അംഗങ്ങളെ തമ്മില്‍ മര്‍ദ്ദിപ്പിക്കുന്നു, എന്നുവേണ്ടാ, കൂസല്‍ കൂടാതെ പരസ്പരം മാംസരക്തങ്ങളില്‍ക്കൂടി കടന്നുപെരുമാറിപ്പിക്കുന്നു. ഹ! ലഹളേ! മനുഷ്യജാതിയില്‍പ്പെട്ട ഏതുവര്‍ഗ്ഗക്കാരോടും പരസ്യമായി പന്തിഭോജനംചെയ്യുന്ന മഹായോഗ്യന്മാരായ സര്‍ സി. ശങ്കരന്‍നായര്‍, ജസ്റ്റിസ് സദാശിവഅയ്യര്‍ തുടങ്ങിയുള്ളവരെക്കൂടി ലജ്ജിപ്പിക്കുന്ന പുതിയ സമുദായപരിഷ്‌കാരിയാണുനീ.പക്ഷെ ആ മഹാന്മാരുടെ നേര്‍ക്കുള്ള സ്‌നേഹബഹുമാനങ്ങള്‍ ഞങ്ങള്‍ക്ക് നിന്നില്‍ തോന്നാറില്ല’40.
ലഹളാനന്തരം സര്‍ക്കാര്‍ എടുത്ത നടപടികളെയും അതിലെ ന്യായാന്യായങ്ങളെയും ചൂണ്ടിക്കാട്ടി, നീതിയും സമാധാനവും ഉറപ്പുവരുത്തേണ്ട ആവശ്യകതയെ, ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും മുഖപ്രസംഗത്തിലൂടെ ആശാന്‍ ധരിപ്പിക്കാറുണ്ട്. ലഹളയുടെ ചരിത്രം ഉദ്യോഗസ്ഥരുടെ പക്ഷപാതം മൂലം കീഴ്‌മേല്‍ മറിയുന്ന ശോചനീയാവസ്ഥയെ ആശാന്‍ ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. ഈ നെറികേട് എക്കാലത്തും നടക്കാറുണ്ടല്ലോ – വാദി പ്രതിയാകുന്ന വൈപരീത്യം!
സര്‍ക്കാരിന്റെ സര്‍വ്വമേഖലകളിലും സവര്‍ണ്ണാധിപത്യം കൊടികുത്തിവാണിരുന്ന തിരുവിതാംകൂറിലെ രാജഭരണകാലത്തെ അവര്‍ണ്ണന്റെ – നിസ്വനും ദുര്‍ബ്ബലനുമായ അധഃകൃതന്റെ – സ്ഥിതി എന്തായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ബ്രഹ്മവിദ്യയെ ‘ബ്രാഹ്മണവിദ്യ’യും പിന്നീട് ‘ബ്രാഹ്മണമത’വുമാക്കി അധഃപതിപ്പിച്ച ആര്യബ്രാഹ്മണരെ, വിശേഷിച്ചും കേരളത്തെ ഇന്ത്യയിലെ അയിത്താചാരത്തിന്റെ ഇരുണ്ടതലസ്ഥാനമാക്കി പരിവര്‍ത്തിപ്പിച്ച നമ്പൂതിരിബ്രാഹ്മണരോട് ആശാന് അത്ര പ്രതിപത്തിയുണ്ടായിരുന്നില്ല. ‘ദുരവസ്ഥ’യിലെ ആദ്യത്തെ ഈരടികള്‍ അതു വ്യക്തമാക്കും. ആശാന്റെ ബ്രാഹ്മണസൗഹൃദങ്ങള്‍ അധികവും തമിഴ് ബ്രാഹ്മണരുമായിട്ടായിരുന്നു. ഉള്ളൂര്‍ പരമേശ്വരഅയ്യര്‍, മഞ്ചേരി രാമയ്യര്‍, ജസ്റ്റിസ് സദാശിവഅയ്യര്‍, പി.രാമസ്വാമിഅയ്യര്‍, പി.രാജഗോപാലാചാരി തുടങ്ങിയവര്‍ ഉദാഹരണം. തിരുവിതാംകൂര്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന രാമസ്വാമി അയ്യരുമായി, അയാളുടെ സമുദായവിരുദ്ധനിലപാടുകള്‍ മൂലം ആദ്യം ഇടഞ്ഞുനിന്നെങ്കിലും പിന്നീട് നിലപാടുമാറ്റത്തോടെ ആശാന്‍ ഉറ്റ സൗഹൃദത്തിലായി. തോന്നയ്ക്കലെ വസ്തു ആശാന്‍ വിലക്കുവാങ്ങിയത് അദ്ദേഹത്തില്‍ നിന്നായിരുന്നു. ദിവാന്‍ രാജഗോപാലാചാരിയുമായും ഗാഢമായൊരു ബന്ധം ആശാന്‍ സ്ഥാപിക്കുകയുണ്ടായി. ഒരേയൊരു നമ്പൂതിരിബ്രാഹ്മണനോട് മാത്രമേ അദ്ദേഹത്തിനു അങ്ങേയറ്റത്തെ ബഹുമാനമുണ്ടായിരുന്നുള്ളൂ. അതു കാലടി ശങ്കരാചാര്യരായിരുന്നു. ശ്രീനാരായണഗുരു ശങ്കരന്റെ ജാതിബോധത്തെ തുറന്നുകാട്ടി പലതവണ വിമര്‍ശിച്ചപ്പോഴും, ശിഷ്യനായ ആശാന്‍ അക്കാര്യത്തില്‍ ആദ്യന്തം നിശബ്ദതപാലിച്ചത് അത്ഭുതമായിത്തോന്നും. മറിച്ച് വാഴ്ത്തിപ്പറയാന്‍ അദ്ദേഹത്തിന്റെ തൂലികയ്ക്ക് നല്ല വിരുതായിരുന്നു: ‘ജഗത്ഗുരുക്കന്മാരെന്ന് അഭിമാനിക്കുവാന്‍ ഹിന്ദുക്കളുടെ മഹാചാര്യന്മാരില്‍ പലരുണ്ടെങ്കിലും അത്ഭുതകരമായ അദ്വൈതസിദ്ധാന്തത്തെ വിജയപൂര്‍വ്വം സ്ഥാപിച്ചുപ്രചാരപ്പെടുത്തി അന്നും ഇന്നും ലോകം മുഴുവനുമുള്ള പണ്ഡിതന്മാരുടെ ഭക്തിബഹുമാനങ്ങള്‍ക്കുപാത്രമായിത്തീര്‍ന്നിട്ടുള്ള സാക്ഷാല്‍ ശങ്കരാചാര്യര്‍ ഒരാള്‍ തന്നെ ആകുന്നു. കേരളത്തിന് അദ്ദേഹത്തിന്റെ ജന്മഭൂമി എന്നുള്ളതിനെക്കാള്‍ അഭിമാനജനകമായ ഒരു മാഹാത്മ്യം ഉണ്ടായിട്ടില്ലെന്നു തീര്‍ച്ച തന്നെ’41 എന്ന പ്രസ്താവത്തില്‍ നിന്നും ആശാനു ആചാര്യരോടുണ്ടായിരുന്ന ബഹുമാനത്തിന്റെ വലുപ്പം മനസ്സിലാക്കാം. ‘ശങ്കരാചാര്യരെയാണ് ഏറ്റവും വലിയ ബഹുമാനം. ‘വത്സേ! കൈരളി ആശ്വസിക്ക…’ എന്ന പ്രരോദനത്തിലെ പദ്യം തന്നെ ഇതിനു ദൃഷ്ടാന്തമാണല്ലോ’ എന്നു ആശാന്റെ സഹധര്‍മ്മിണി ഭാനുമതിയമ്മ പറഞ്ഞിട്ടുള്ളതും ഓര്‍ക്കുക42.
കുറിപ്പുകൾ
- അതേപുസ്തകം, 1090 വൃശ്ചികം.
അയ്യന്‍കാളി ദളിതര്‍ക്കായി വെങ്ങാന്നൂര്‍ സ്ഥാപിച്ച ‘പുതുവല്‍വിളാകം എല്‍.പി.സ്‌കൂളില്‍ പഠിപ്പിക്കാന്‍ അധ്യാപകരാരും തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ (1913) ചില പ്രലോഭനങ്ങളുടെയും കുമാരനാശാന്റെയും പ്രോത്സാഹനഫലമായി’ കൈതമുക്കിലുള്ള പരമേശ്വരന്‍പിള്ള എന്നൊരു സാഹസികന്‍ സന്നദ്ധനായതിനെപ്പറ്റി ചെറായി രാമദാസ് എഴുതുന്നുണ്ട്. (അയ്യന്‍കാളിയ്ക്ക് ആദരത്തോടെ, പുറം. 67). - വിവേകോദയം, 1086 ചിങ്ങം, കന്നി.
സ്വകാര്യസംഭാഷണങ്ങളില്‍ ഫലിതം പൊട്ടിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നതായി ഭാനുമതിയമ്മയും മറവൂര്‍ ഭാസ്‌കരന്‍നായരും പ്രസ്താവിച്ചു കാണുന്നു. (ഓര്‍മ്മകളിലെ ആശാന്‍, പുറം.) - വിവേകോദയം 1091 തുലാം.
- വിവേകോദയം, 1087 മകരം, കുംഭം, മീനം.
- കുമാരനാശാന്‍, എം.കെ.കുമാരന്‍ & കെ. ശ്രീനിവാസന്‍, പുറം. 211.