ആര്‍. ശങ്കര്‍;ജ്ഞാനകര്‍മ്മിയുടെ ഏകാന്ത വഴികള്‍

ആര്‍.ശങ്കറിന്റെ പൈതൃകം ഇന്ന് ലോക വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. 20,000 വിദ്യാര്‍ത്ഥികള്‍ ജീവിതകാലത്തു തന്നെ പഠനം നടത്താനെത്തിയ ജറമി ബെന്‍താമിന്റെ ലണ്ടന്‍ സര്‍വ്വകലാശാലയെക്കാള്‍ വലിയ 12 കോളേജ് സമുച്ചയങ്ങള്‍ നാടെങ്ങും ഒരുക്കിയിട്ടും ശങ്കര്‍ ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ പിതാമഹനായിഇന്നും കാണപ്പെടുന്നില്ല.
ഭാരതീയ പാരമ്പര്യത്തിലെ ഒരു ജ്ഞാനകര്‍മ്മിയായിരുന്നു 1972 നവംബറില്‍ ദിവംഗതനായ ആര്‍.ശങ്കര്‍.ശങ്കറിന്റെ ചരിത്രപരമായ കര്‍മ്മയോഗം ജ്ഞാനാധിഷ്ഠിതവും പ്രയോഗക്ഷമവുമായിരുന്നു. വലിയ ആശയങ്ങളില്‍ പ്രചോദിതമായി ശാസ്ത്രീയവും സൗന്ദര്യാത്മകവുമായ കലാജീവിതം നേതൃശേഷിയോടും ദീര്‍ഘവീക്ഷണത്തോടും കൂട്ടിച്ചേര്‍ത്തപ്പോള്‍ ശങ്കറിന്റെ 64 വര്‍ഷങ്ങളുടെ ജ്ഞാനകര്‍മ്മത്വം ജനിച്ചനാടിന് നൂറുമേനി വിളവു നല്‍കി.
1856 ല്‍ ആരംഭിച്ച് 1888 ഓടെ പൂര്‍ണ്ണചന്ദ്രനെപ്പോലെ ഉദിച്ചുയര്‍ന്ന് 1928ല്‍ നിത്യത കൈവരിച്ച ശ്രീനാരായണഗുരുവിന്റെ ആത്മീയ – ദര്‍ശന ജീവിതത്തിന്റെ അര്‍ത്ഥസമ്പുഷ്ടമായ പ്രയോഗകാണ്ഡം വിജയകരമായി നിര്‍വ്വഹിച്ച് ആര്‍. ശങ്കര്‍ ഗുരു സന്ദേശങ്ങള്‍ക്കൊണ്ട് വലിയ സമൂഹങ്ങളെ വികസനത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വന്നു.

ജീവിതകാലത്തു വഹിച്ച അദ്ധ്യാപകന്‍, അഭിഭാഷകന്‍, പൊതു പ്രവര്‍ത്തകന്‍, നിയമസഭാംഗം, നിയമ നിര്‍മ്മാതാവ്, ഭരണകര്‍ത്താവ് (മുഖ്യമന്ത്രി വരെ), പതിമൂന്നു വര്‍ഷത്തെ യോഗനേതൃകാണ്ഡം. അതില്‍ പന്ത്രണ്ടു ഒന്നാം നിര കോളേജുകളടക്കം ശങ്കര്‍ രാഷ്ട്രീയാധികാരത്തോട് സമരം ചെയ്ത്’ഒപ്പിട്ടു’ വാങ്ങി കൊടുത്ത അവകാശങ്ങള്‍, കാവ്യാസ്വാദകന്‍, പത്രപ്രവര്‍ത്തകന്‍, യാത്രികന്‍, ശാസ്ത്രകാരന്‍, സ്‌നേഹനിധിയായ ഒരു വ്യക്തിജീവി എന്നിങ്ങനെ വിവിധആഖ്യാനങ്ങളില്‍ നിന്നും നമുക്കു പരിചിതനായ ആര്‍.ശങ്കറിന്റെ ആത്മാവിലെ സവിശേഷത, അത് 788 AD യില്‍ കാലടിയില്‍ നിന്നാരംഭിച്ച ആദിശങ്കരന്റെ ആദിമദൗത്യത്തിനും 1856 ല്‍ വയല്‍വാരത്താരംഭിച്ച ശ്രീനാരായണ ഗുരുവിന്റെ വഴിത്താരകളിലും പിന്നീടു നടന്ന് അവയിലെ മാനവിക ധര്‍മ്മത്തെ രാജ്യത്തോളം വലുതാക്കി, സ്വസമുദായത്തിനും നാടിനും രാജ്യത്തിനും തന്നെ മുതല്‍ക്കൂട്ടായി അനുഭവിക്കുമാറാക്കിത്തീര്‍ത്തു എന്നതാണ്.
ആര്‍. ശങ്കര്‍ അദ്വൈതശങ്കരത്വവും നാരായണന്റെ നരസേവയും ജനങ്ങള്‍ക്ക് അനുഭവിക്കുമാറാക്കി. 788 ല്‍ ആരംഭിച്ച ആദിശങ്കരന്റെ യാത്രകള്‍ ബൗദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ഒരു സൈദ്ധാന്തിക സനാതന ധര്‍മ്മത്തെ കുടിയിരുത്താനേ ഉപകരിച്ചുള്ളൂ. ശങ്കരന്‍ സ്ഥാപിച്ച ചതുര്‍ദ്ധാമങ്ങളിലെ ആചാര്യന്മാര്‍ക്ക് ജനസാമാന്യത്തിന്റെ ജീവിതരീതിയെ മാറ്റി മറിക്കുന്നതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വിചാരവിപ്ലവത്തിന്റെ വഴിയില്‍ ശങ്കറിന്റേത് പക്ഷേ ഒരു മഹാപ്രസ്ഥാനമായിരുന്നു.എന്നാല്‍ ചിന്താശിബിരത്തിനും താര്‍ക്കികത്വത്തിനുമപ്പുറം ശങ്കര കൃതികള്‍ ഓത്തു മഠങ്ങളില്‍ ഒതുങ്ങി.
ശ്രീനാരായണന്റെ പുന:ദൃഷ്ടിയാല്‍ ആലംകൃത ഘട്ടത്തില്‍ ശങ്കരദര്‍ശനമടക്കം പുനരവലോകനം ചെയ്യപ്പെട്ടു. ”നാം ശങ്കരന്‍ പറഞ്ഞതിനപ്പുറം ഒന്നും പറഞ്ഞില്ല” എന്നു നാരായണഗുരു പറയുന്നതില്‍ അതുണ്ട്. സൗന്ദര്യലഹരിയും ജനനീനവരത്‌നമഞ്ജരിയും ചേര്‍ത്തുവച്ചുവായിച്ചലറിയാം ആ താദാത്മ്യം, പാരസ്പര്യം.ശങ്കരധാമങ്ങളെപ്പോലെ ഗുരു താന്‍ സഞ്ചരിച്ചയിടത്തെല്ലാം ചിന്തയെ നവീകരിക്കുന്നതായ പ്രതിഷ്ഠകള്‍ നടത്തി. അവിടെ കൂട്ടിച്ചേര്‍ത്ത അറിവിന്റെ കൂട്ടുപള്ളികള്‍ അവിടെ വര്‍ണ്ണ ബാഹ്യനും തിരസ്‌കൃതനും വിദ്യ പകര്‍ന്നു നല്‍കി. മലയാളി മെമ്മോറിയലിലും ഈഴവ മെമ്മോറിയലിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപദമെത്തിയ മഹത്വ കാംക്ഷകള്‍ ഗുരു 1888 ല്‍ തുടക്കമിട്ട പള്ളിക്കൂടങ്ങളുടെ ആശയസന്തതിയാണ്.
അപ്പോള്‍ വലിയ രാജ്യം സ്വാതന്ത്ര്യത്തിനായി ത്രസിക്കുകയായിരുന്നു. ഉത്തരവാദിത്വഭരണത്തിന് സ്റ്റേറ്റ് കോണ്‍ഗ്രസ്സും സ്വാതന്ത്ര്യത്തിന്റെയമൃതം താഴേക്കിടയിലുള്ളവനും രുചിപ്പാനായി അവശജനവിഭാഗങ്ങളുടെ നേതാക്കളും ശക്തമായി രംഗത്ത്. വൈക്കം സത്യാഗ്രഹവും ആയതിന് ഗാന്ധിജി നല്‍കിയ പിന്തുണയും ആലയില്‍ പഴുപ്പിച്ചെടുത്ത 1940 കളിലെ രാഷ്ട്രീയഗോദയിലാണ് ആര്‍. ശങ്കറെന്ന ജ്ഞാനകര്‍മ്മിയുടെ പ്രയോഗം കേരളത്തിന്റെ നേതൃത്വസദസ്സില്‍ വിടര്‍ന്നു വിരിയുന്നത്.
ശങ്കറിന്റെ പാണ്ഡിത്യം-അതു സയന്‍സിലായാലും രാഷ്ട്രമീമാംസയിലായാലും – സംഗീതത്തിലായാലും – കവിതയിലായാലും സാമ്പത്തിക ശാസ്ത്രത്തിലായാലും – ആഴവും പരപ്പുമേറിയതായിരുന്നു. അദ്ധ്യാപന കലയ്ക്ക് ഐ.സി.എസ്സിന്റെ നഷ്ടം മുതല്‍ക്കൂട്ടാക്കി. അദ്ധ്യാപകനായിരിക്കെ തന്നെ തിരുവിതാംകൂറിന്റെയും ലോകരാജ്യങ്ങളുടെയും ഭൗമശാസ്ത്ര സാമ്പത്തികമായിരുന്നു ശങ്കറിന്റെ പ്രമുഖ സ്വതന്ത്ര രചന. അവയിലെ വിശദ വിശകലനവും പ്രതിപാദനവും ദീര്‍ഘ ദര്‍ശിയായ സംസ്ഥാനത്തിന്റെ ധനമന്ത്രിയായുള്ള 5 ബജറ്റുകളില്‍ പിന്നെ പടര്‍ന്നു കിടക്കുന്നു. പാണ്ഡിത്യം ശങ്കറിന് വിരാമങ്ങളില്ലാത്ത ഒരു തുടര്‍ക്കഥയാണ്; അവിടെ പദവി നല്‍കുന്ന അര്‍ദ്ധ വിരാമങ്ങളില്ല. ഇന്നും നമുക്ക് വഴികാട്ടികളായ എത്രെയെത്ര പദ്ധതികളാണ്, നയങ്ങളാണ് ശങ്കറിന്റെ ധീഷണയുടെ തൂലികയില്‍ നിന്നും കൈരളിയ്ക്കു ലഭിച്ചത്. പ്രത്യേകം ചിരപരിചിതമായതുകൊണ്ട് ഇവിടെഅവ പരത്തിപ്പറയേണ്ടതില്ല.
ചില ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ മികച്ച കാവ്യാസ്വാദകരുമാകാറുണ്ട്. കവിത ഭാഷയുടെ കാച്ചിക്കുറുക്കിയ ആത്മാവിലെ, കാമ്പിലെ പ്രയോഗമാണെന്നതാണ് അതിനു കാരണം. ഒരര്‍ത്ഥത്തില്‍ ശങ്കറിന്റെ മാതൃവിഷയത്തിലുള്ളതുപോലെയുള്ള സമവാക്യങ്ങളാണ് ശങ്കറിന് പ്രിയപ്പെട്ടമലയാള കവിതകള്‍. ‘ശ്രീഭൂവിലസ്ഥിരമെന്നും”ഉല്‍പ്പത്തി കര്‍മ്മഗതിപോലെ വരും ജഗത്തില്‍’ എന്നും കുറിയ്ക്കപ്പെടുന്നതു ശാസ്ത്രത്തിലുള്ളതു മാതിരി ദാര്‍ശനിക സമവാക്യങ്ങളാണ്; ആത്മാവിലെ ഫോര്‍മുലകളാണ്. ഇങ്ങനെ ശാസ്ത്രകാരന്റെ ഋജുവായ എഴുത്തുശൈലി സ്വന്തമായുള്ള ശങ്കര്‍, കുമാരനാശന്റെ മാത്രമല്ല ആധുനിക സമകാലിക മലയാള കവികളുടെയെല്ലാം വലിയ ആസ്വാദകനായിരന്നു. മുഴുനീളമുള്ള സാഹിത്യ പ്രഭാഷണങ്ങളുടെ തന്റെ സമയത്തെ രാജാവായിരുന്ന’ആശാനെക്കാള്‍ വള്ളത്തോള്‍’ എന്ന വിഷയത്തില്‍ പത്തു മണിക്കൂര്‍ പ്രഭാഷണം ചെയ്യാന്‍ കെല്‍പ്പും ശേഷിയും കൈവരിയ്ക്കുമാറ് ആ പാണ്ഡിത്യം യുവത്വത്തില്‍തന്നെ വളര്‍ന്നു.
കവിതയിലും ശാസ്ത്രത്തിലും മാത്രമായി ഒതുങ്ങിയില്ല ശങ്കറിന്റെ മോഹവിളകള്‍. നട്ടെല്ലിന്റെ അടിയില്‍ നിന്നുള്ള വൈദ്യുതി സ്പര്‍ശം മാതിരിയുള്ള സാന്ദര്‍ഭികമായ ഒരു ധൈര്യം ശങ്കറിന്റെ വാഗ്‌ധോരണിക്ക് എപ്പോഴും മകുടം ചാര്‍ത്തി നിന്നു. ഉള്ളൂര്‍ എസ്. പരമേശ്വര അയ്യരുടെ കുമാരാനാശനെ പ്രായേണ അവഗണിച്ചുള്ള സാഹിത്യ സമ്മേളനത്തിലെ ഇടപെടലില്‍ എനിക്ക് ചിലത് കൂട്ടിച്ചേര്‍ക്കാനായി ‘അഞ്ചു മിനിട്ട് തരണം’എന്ന് എഴുന്നേറ്റ് നട്ടെല്ല്‌നിവര്‍ത്തി നിന്നു പറഞ്ഞ ഒരു പതിനേഴ് കാരനാണ് ശങ്കര്‍. കാമ്പുള്ള ആ വാഗ് വിലാസം അദ്ധ്യക്ഷന്‍ അര മണിക്കൂര്‍ തുടരാനനുവദിച്ചു. അകക്കാമ്പുള്ള വാദങ്ങള്‍ ആ വിദ്വല്‍ സദസ്സിനെ അത്ര കണ്ട് ആകര്‍ഷിച്ചു. നിരാകരിക്കാന്‍ കഴിയാത്ത ഒരു സാന്നിദ്ധ്യമാണ്, ഇരുട്ടിലെഒരു കൊള്ളിമീനാണ് തന്റെ യുവ മഹാപ്രതിഭഎന്ന് മഹാരാജാസ് കോളേജിലെ വിദ്വല്‍ സദസ്സിനു മുന്നില്‍ ശങ്കര്‍ അന്ന് പ്രകാശിപ്പിച്ചത് അറിവു നല്‍കിയ ബോധ്യത്തിലൂന്നിയ ധൈര്യം കൈമുതലാക്കിയാണ്. അറിവിനോട് മുഹൂര്‍ത്ത ധൈര്യം ഒത്തുചേര്‍ന്ന പ്രതിഭയായിരുന്നു ശങ്കര്‍.
ശങ്കറിന്റെ ജ്ഞാനബോധവും സദാ പ്രവര്‍ത്തനക്ഷമമായിരുന്നു. രസതന്ത്രം പഠിച്ച എത്ര വിദ്യാര്‍ത്ഥികള്‍ മുപ്പതുകളില്‍ മഹാരാജാസില്‍ നിന്നും പാസ്സായി, തന്റെ ഫൈനല്‍ പ്രാക്ടിക്കല്‍ പ്രോജക്ടിന് സാക്ഷാല്‍ കമ്പക്കെട്ട് ക്യാംപസ്സില്‍ പ്രകടിപ്പിച്ചു കൊണ്ട് ക്യാംപസ്സിന്റെ സ്റ്റേജ് പിടിച്ചെടുക്കുകയായിരുന്നു ശങ്കര്‍.
തന്റെ വാഗ്‌ധോരണിയുടെയും ചിന്തയുടെയുംസൗന്ദര്യത്തിന്റെ അകക്കാഴ്ച്ച മൂലധനമാക്കി, ശങ്കര്‍ കേരളത്തിന്റെയും ഭാരതത്തിന്റെയും സദസ്സില്‍ ഉതിര്‍ത്ത പിന്നെയുള്ള നാല്‍പ്പതുവര്‍ഷം വര്‍ണ്ണ പ്രപഞ്ചം തീര്‍ത്ത വെടിക്കെട്ടിനുള്ള ആമുഖ സാമ്പിളായിരുന്നു പ്രഫ. മുദ്ഗലിന്റെയും സഹപാഠികളുടെയും വിസ്മയപാത്രമായിക്കൊണ്ട് അന്ന് ശങ്കര്‍ മഹാരാജാസില്‍ നടത്തിയത്.
ശങ്കറിന്റെ കര്‍മ്മം ശേഷിപ്പിച്ച വിചാര വിപ്ലവം കേരളത്തെ വീണ്ടും സമ്പുഷ്ടമാക്കി. അറിവില്ലായ്മയുടെ എതിര്‍പ്പും പ്രതിലോമകതയും അധികാരത്തില്‍ നിന്നുള്ള നിഷ്‌ക്കാസനമൊന്നും തന്നെ ശങ്കറിനെ ഒട്ടും നിര്‍വ്വീര്യനാക്കിയില്ല. കര്‍മ്മയോഗത്തിന്റെ ഉന്നതത്തിലെത്തിയ കാര്‍മ്മികനായിരുന്നു ശങ്കര്‍. പ്രതിയോഗികള്‍ എത്ര ശ്രമിച്ചിട്ടും ശങ്കറിന്റെ ശുഭ്രത്തില്‍ ഒരു പൊടി ചെളി സ്ഥായിയായി പറ്റിയില്ല. അന്നു ശങ്കറെ ക്രൂരമായി ക്രൂശിച്ചവരാകട്ടെ എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം ക്രമരാഹിത്യത്തിന്റെ ഫലമായ നടപടിയില്‍ ജയിലില്‍ വരെ ചരിത്രത്തിന്റെ ഭാഗമായി കിടന്നു. എത്രയോ പരസ്യ ഭർത്സനത്തിനിരയായി, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന ദുരവസ്ഥയിലെത്തി. ജീര്‍ണ്ണിച്ച് അധികാരത്തിന്റെ ഇടനാഴികളില്‍ അപ്രത്യക്ഷരായി. ശങ്കറിനുള്ള അംഗീകാരം മൃത്യുദേവതയെ വെല്ലുവിളിച്ചുകൊണ്ട് നാടാകെ ഇന്നും നടക്കുന്നു. സ്വന്തം നാട്ടുകാര്‍ പോലും ആര്‍.ശങ്കര്‍ വിരോധികളെ ഇന്ന് സ്മരിക്കുന്നതായി കാണുന്നില്ല.
ശങ്കറിന്റെ കര്‍മ്മ ജീവിതത്തിന്റെ ഒരു വിവാദപര്‍വ്വമാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് (1952-57) ഭരണകൂടത്തിനെതിരെ അദ്ദേഹമുള്‍പ്പെടെ സജീവമായി നടത്തിയ പ്രക്ഷോഭകാണ്ഡം. വിമോചന സമരം എന്ന പേരില്‍ നടന്ന പ്രസ്തുത സമരത്തിന്റെ മധ്യഘട്ടംവരെയും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കമ്മ്യൂണിസ്റ്റ് കര്‍മ്മപരിപാടിയോട് സഹാനുഭൂതിയോടെ വര്‍ത്തിച്ചു. വലിയ വിവാദമായ വിദ്യാഭ്യാസ – ഭൂ പരിഷ്‌ക്കരണങ്ങളിലൂടെയൊക്കെ സോഷ്യലിസ്റ്റ് ഗുണവശം നെഹ്‌റു അനുകൂലമായി നിരീക്ഷിച്ചിരുന്നു. എന്നാല്‍ അവയെ വിമര്‍ശിച്ചുകൊണ്ടും കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ തീസ്സിസുകളെ പാടെ നിരസ്സിച്ചുകൊണ്ടുമുള്ള ശങ്കറിന്റെ ആന്റീ തീസിസ് അദ്ദേഹം ഇക്കാര്യത്തില്‍ നെഹ്‌റുവിനും കോണ്‍ഗ്രസ് പ്രസിഡന്റിനും സ്റ്റേറ്റിനും എഴുതിയ കത്തുകളില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഇവയുടെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. ഇവിടെ ചര്‍ച്ചചെയ്യാന്‍ അതിനുള്ള സമയം കിട്ടില്ല. തീര്‍ത്തും വിതരണാത്മകമായ ഒരു സാമ്പത്തിക പ്രതിഭാസം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍വ്വര്‍ക്കും സ്പര്‍ശിയായസമഗ്ര വളര്‍ച്ച സൃഷ്ടിക്കില്ലെന്നും കാലാനുഗത സാങ്കേതിക വിദ്യയാല്‍ ത്വരിതമായ വളര്‍ച്ചയുടെ പടവുകള്‍ തടയുമെന്നും രാജ്യവും സംസ്ഥാനവും സാമ്പത്തികമായി ആത്യന്തികമായി മുരടിക്കുമെന്നുമുള്ള ശങ്കറിന്റെ പ്രവചനം 1989-99 ലെ പൂര്‍വ്വ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ പരിവര്‍ത്തനദശയില്‍ വീണ്ടും പ്രസക്തിയാര്‍ജ്ജിച്ചു. ഇന്ന് മിക്ക പൂര്‍വ്വ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും ചുവടുമാറ്റി വിപണിയും വളര്‍ച്ചയും ആഗ്രഹിക്കുന്ന മദ്ധ്യവര്‍ത്തി ഇന്നവേഷന്‍ ക്ലാസ്സിനും അര്‍ഹമായ പരിഗണനയും വളര്‍ച്ചയുടെ തോതും പരിഗണിക്കുന്ന ഘട്ടത്തില്‍ ശങ്കറിന്റെ പ്രവചന സ്വഭാവമുള്ള പഴയ കത്തുകള്‍വലിയ കൗതുകമുണര്‍ത്തുന്നു.
ശങ്കറിന്റെ പൈതൃകം ഇന്ന് ലോക വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. 20,000 വിദ്യാര്‍ത്ഥികള്‍ ജീവിതകാലത്തു തന്നെ പഠനം നടത്താനെത്തിയ ജറമി ബെന്‍താമിന്റെ ലണ്ടന്‍ സര്‍വ്വകലാശാലയെക്കാള്‍ വലിയ 12 കോളേജ് സമുച്ചയങ്ങള്‍ നാടെങ്ങും ഒരുക്കിയിട്ടും ശങ്കര്‍ ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ പിതാമഹനായിഇന്നും കാണപ്പെടുന്നില്ല. കൊച്ചു കേരളത്തില്‍വിശ്വ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗവും യശസ്തംഭവുമാണ് ശങ്കറിന്റെ കര്‍മ്മകുശലതയ്ക്കു പിന്നില്‍ ചെയ്തു തീര്‍ത്തതെന്ന് നമ്മളും കാണാറില്ല.
ഈ പാരമ്പര്യത്തില്‍ പിടിച്ചു കയറി ഒരു രണ്ടാം വിദ്യാഭ്യാസ വിപ്ലവം ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ രചിക്കേണ്ട ഒരു വഴിത്തിരിവിലാണിപ്പോള്‍ നമ്മള്‍. ആധുനിക നിര്‍മ്മിത ബുദ്ധിയുടെ കാലത്തെ വിദ്യാഭ്യാസ നേതൃത്വത്തിനാണ് ഇനി ശ്രീനാരായണ വിദ്യാഭ്യാസ പ്രസ്ഥാനം ഭാരതത്തില്‍ മുന്നിട്ടിറങ്ങേണ്ടത്. ശങ്കറിന്റെ ജ്ഞാനകര്‍മ്മ സുകൗശലസ്മരണ അതിനൊരു വലിയ ഉത്തേജകമാകട്ടെ എന്നും ഈ ഓര്‍മ്മദിനത്തില്‍ ഞാന്‍ വിനീതമായി ആശംസിക്കുന്നു. നന്ദി.
(കൊല്ലം ശ്രീനാരായണ കോളേജിൽ 2024 നവംബര്‍ 7ന് ശങ്കര്‍ അനുസ്മരണ ചടങ്ങില്‍ ചെയ്ത അനുസ്മരണ പ്രഭാഷണം)